Tuesday, August 12, 2008

നമ്മുടെ സ്കൂളുകളില്‍ ആര്‍ക്കും എന്തും ആകാമോ?

‘മതം ഇല്ലാത്ത ജീവന്‍ ‘ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.മാനസിക പക്വതവരാത്തകുട്ടികളെ മതമില്ലാത്ത ജീവന്‍ പഠിപ്പിക്കുന്നതിനു മുമ്പ് മതം എന്താണന്ന് അവരെ പഠിപ്പിക്കണമെന്ന്ഒരാള്‍ പ്രസംഗിക്കുന്നത് കേള്‍ക്കുകയും ചെയ്തു.ഗവണ്മെന്റ് തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിന് ബദലായി മറ്റ് പലപുസ്തകങ്ങളും ഇറങ്ങിക്കഴിഞ്ഞു.കെ.എസ്.യു.അവര്‍ തയ്യാറാക്കിയപുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യുകയും ചെയ്തു.ഇപ്പോഴും അവര്‍ ,അവര്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍സ്കൂളുകളില്‍ വിതരണം ചെയ്യുകയാണ്.

ഇങ്ങനെ ഒരു സംഘടനയ്ക്ക് സ്കൂളുകളില്‍ കയറി പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ എങ്ങനെയാണ് അവകാശംലഭിച്ചത് ??എന്തുകൊണ്ട് ഗവണ്‍‌മെന്റ് അവരെ തടയുന്നില്ല.ഗവണ്മെന്റ് സിലബസില്‍ പഠിക്കുന്ന കുട്ടികള്‍എന്താണ് പഠിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് അല്ലേ ?ഗവണ്‍‌മെന്റ് തയ്യാറാക്കിയപുസ്തകങ്ങളില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടങ്കില്‍ അത് തിരുത്തിക്കാന്‍ വ്യവസ്ഥാപിതമായ ഒരു മാര്‍ഗ്ഗംഇവിടെ ഉള്ളപ്പോള്‍ ബദലായി പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലേ?അതോ തങ്ങള്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ അബദ്ധമാണന്ന് മനസിലാക്കി ബദല്‍ പുസ്തകങ്ങള്‍ വിതരണംചെയ്യുന്നതിന് ഗവണ്‍‌മെന്റ് മൌനാനുവാദം നല്‍കുകയാണോ ?

കെ.എസ്.യു മാത്രമല്ല ചിലക്രിസ്ത്യന്‍സഭകളും ബദല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.അതെല്ലാംവിതരണം ചെയ്യുന്നത് ഒരേകുട്ടികള്‍ക്കുതന്നെയാണ് !!.ഇത്തരം ബദല്‍ പാഠപുസ്തകങ്ങള്‍ വിതരണംചെയ്യാനായി ക്ലാസ് മുറികളില്‍ ‘അതിക്രമിച്ച് ‘ കടന്ന ആരെയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ?പുസ്തകങ്ങള്‍ വിതരണം ചെയ്യുകമാത്രമല്ല തങ്ങള്‍ ഏതോ ധീരപ്രവൃത്തി ചെയ്തന്ന മട്ടില്‍ ഖദര്‍ധാരികള്‍ചാനല്‍ ക്യാമറകളില്‍ നോക്കി വായിട്ടലയ്ക്കുന്നത് എന്തിനാണ് ?ഇത്തരം ബദല്‍ പുസ്തകങ്ങള്‍ മുളയിലേനുള്ളിക്കളഞ്ഞില്ലങ്കില്‍ ഗുരുതരമായ സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം....

കൌമാര വിദ്യാഭ്യാസ പദ്ധതിയില്‍ എതിര്‍പ്പുള്ളവര്‍ അവരവരുടേതായ രീതിയില്‍ പുസ്തകങ്ങള്‍ അച്ചടിച്ച്വിതരണം ചെയ്താല്‍ ഗവണ്‍‌മെന്റ് മിണ്ടാതിരിക്കുമോ ?വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറാ നയം സ്വീകരിക്കുമോ?നമ്മുടെ സ്കൂളുകളില്‍ ആര്‍ക്കും എന്തും കാണിക്കാം എന്ന് നിലയിലേക്ക് നമ്മള്‍ അധപതിച്ചുവെങ്കില്‍അതിന് ആരാണ് ഉത്തരവാദി ?ഇതിനെയാണോ നമ്മള്‍ വിദ്യാഭ്യാസ വിപ്ലവം എന്ന് പറയുന്നത് ????

4 comments:

Areekkodan | അരീക്കോടന്‍ said...

ഇതിനാണ്‌ വിദ്യാഭാസ വിപ്ലവം എന്ന് പറയുന്നത്‌.(കലാലയം എന്നോ കൊലാലയമായി മാറിയില്ലേ?)

ശ്രീഹരി said...

എന്റെ മകനോ മകളോ അവിടെ പഠിക്കുന്നില്ല. നിന്റെയും മകനോ മകളോ അവിടെ പഠിക്കുന്നില്ല, പിന്നെ നമുക്കൊരു പാഠപുസ്തകം ഇറക്കിയാല്‍ എന്താ??!!

കാട്ടിലേ തടി, തേവരുടെ ആന. വലിയെടാ വലി !!!
അതു തന്നെ

അനില്‍@ബ്ലോഗ് said...

ശ്രീഹരി പറഞ്ഞതിനു ഒരു ഒപ്പ്.

റഫീക്ക് കിഴാറ്റൂര്‍ said...

കെ.എസ്.യു ക്കാര്‍ സ്കൂളിനകത്ത് കയറി പുസ്തകം വിതരണം നടത്തുന്നുണ്ടോ?
അങ്ങിനെ ആര് ചെയ്യുകയാണെങ്കിലും അത് തടയേണ്ടതാണ്.
പൊന്നാനി എ.വി ഹൈസ്‌കൂളില്‍ ഏഴാംക്ലാസ്‌ പാഠപുസ്‌തകം വിതരണംചെയ്‌തു എന്ന് വാര്‍ത്ത വന്നിരുന്നു. അതിന് സ്‌കൂള്‍ അധികൃതരുടെ വക തിരുത്തുണ്ട് ഇന്നത്തെ പത്രത്തില്‍.

ഇതാ-

പ്രചാരണം അടിസ്ഥാനരഹിതം

പൊന്നാനി: കെ.എസ്‌.യുവിന്റെ നേതൃത്വത്തില്‍ എ.വി ഹൈസ്‌കൂളില്‍ ഏഴാംക്ലാസ്‌ പാഠപുസ്‌തകം വിതരണംചെയ്‌തു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ പ്രധാനാധ്യാപിക അറിയിച്ചു. സ്‌കൂളിന്‌ വെളിയില്‍ റോഡില്‍നടന്ന പാഠപുസ്‌തകവിതരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക്‌ യാതൊരുബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.