Wednesday, July 26, 2017

ദേശാഭിമാനിയുടെ അത്ഭുത കണ്ടെത്തൽ :: 823 വർഷത്തിലൊരിക്കലെ അപൂർവത

2017 ജൂലൈ 24 തിങ്കൾ ദേശാഭിമാനിയുടെ കോട്ടയം എഡീഷനിലെ അവസാന പേജിലെ ഒരു ബോക്സ് വാർത്തയാണ് താഴെ. ജൂലൈ മാസത്തെക്കുറിച്ചുള്ള ഒരു കണ്ടെത്തലാണത്. 

ഒരു മാസത്തിലെ ദിവസങ്ങളുടെ സമാനതകൊണ്ട് ജൂലൈ ശ്രദ്ധേയം. ശനിയും, ഞായറും , തിങ്കളും അഞ്ച് ദിവസങ്ങൾ വീതമുണ്ട് ഈ മാസം. 
   823 വർഷം കൂടുമ്പോഴാണ് കലണ്ടറിൽ ഈ ഒരത്ഭുതം കാണാനാവുക. ഇതിനുമുമ്പ് 1194 ലാണ് ഇങ്ങനെ അടുത്തടുത്തുള്ള ഈ മൂന്നു ദിവസങ്ങളും അഞ്ചുവീതം രേഖപ്പെടൂത്തിയിട്ടുള്ളത്. അതായത് ക്രിസ്തുവർഷാരംഭം മുതൽ ഇതുവരെ രണ്ടുതവണയേ ഇങ്ങനെ കലണ്ടറിൽ കാണാൻ കഴിഞ്ഞിട്ടുള്ളു. ഇനി ഇങ്ങനെ വരുന്നത് 2840 ൽ. 

ഏതോ വാട്സാപ്പ് മെസേജ് ഒന്നു നോക്കുകപോലും ചെയ്യാതെ വാർത്തയായി പത്രത്തിൽ കയറിക്കൂടിയതാവാനാണ് സാധ്യത. വാട്സാപ്പ് വ്യാജമെസേജുകൾ ഇനി നമുക്ക് അത്ഭുതകണ്ടെത്തലുകളായി പത്രങ്ങൾ വഴി ആധികാരിക കണ്ടെത്തലുകളായി നമ്മുടെ മുന്നിൽ എത്തുമെന്ന് ഉറപ്പാണ്. 

ഇനി നമുക്ക് ഈ അത്ഭുത വാർത്തയിലെ ഓരോ വാചകങ്ങളിലേയും ( 6 വാചകങ്ങളേ ഉള്ളൂ) സത്യം എന്തെന്ന് നോക്കാം.

ഒന്നും രണ്ടും വാചകങ്ങളുടെ ചുരുക്കം ഇതാണ്; 2017 ജൂലൈയിൽ ശനി , ഞായർ , തിങ്കൾ അഞ്ച് ദിവസങ്ങൾ വീതം ഉണ്ട്. ഇതാണ് അത്ഭുതം.  ശനി , ഞായർ , തിങ്കൾ അഞ്ച് ദിവസങ്ങൾ വീതം വരുന്നതാണോ അത്ഭുതം? 2016 ഒക്ടോബറിനും 2018 ഡിസംബറിനും ശനി, ഞായർ , തിങ്കൾ ദിവസങ്ങൾ 5 വീതം ഉണ്ട്.

ജൂലൈ മാസത്തിന്റെ കാര്യം മാത്രമാണ് ദേശാഭിമാനി പറയുന്നതെന്ന് കരുതുക. ഇതിനുമുമ്പ് 1194 ലാണ് ഇങ്ങനെ അടുത്തടുത്തുള്ള ഈ മൂന്നു ദിവസങ്ങളും അഞ്ചുവീതം രേഖപ്പെടൂത്തിയിട്ടുള്ളത്  എന്ന് കണ്ടെത്തൽ പറയുന്നു. 

2006 ലെ ജൂലൈമാസം നോക്കുക.... 2006 ജൂലൈയ്ക്കും ശനി , ഞായർ , തിങ്കൾ അഞ്ച് വീതം ഉണ്ട്

ഇനി ഇങ്ങനെ വരുന്നത് (ശനി , ഞായർ, തിങ്കൾ അഞ്ച് ദിവസങ്ങൾ വീതം വരുന്നത്) ഇനി 2840 ൽ ആണന്നാണ് ദേശാഭിമാനി പറയുന്നത്.....

2023 ലെ ജൂലൈ മാസം നോക്കുക.  2023 ജൂലൈയ്ക്കും ശനി , ഞായർ , തിങ്കൾ അഞ്ച് വീതം ഉണ്ട്

ശനി , ഞായർ, തിങ്കൾ അഞ്ച് ദിവസങ്ങൾ വീതം വരുന്നത് 2017 നു മുമ്പ് 1194 ൽ ആയിരുന്നു എന്നാണ് പറയുന്നത്. നമുക്കിനി 1194 ലെ ജൂലൈമാസം ഒന്ന് നോക്കാം....
1194 ലെ ജൂലൈ മാസത്തിൽ വെള്ളി , ശനി , ഞായർ ദിവസങ്ങളാണ് അഞ്ച് വീതം ഉള്ളത്. 

ശനി , ഞായർ, തിങ്കൾ അഞ്ച് ദിവസങ്ങൾ വീതം വരുന്നത് 2017 നു ശേഷം 2840 ൽ ആണന്നാണ് വാർത്തയിൽ പറയുന്നത്. നമുക്കിനി 2840 ലെ ജൂലൈ കൂടി നോക്കാം


ക്രിസ്തുവർഷാരംഭത്തിനു ശേഷം ഇതുവരെ രണ്ട് തവണമാത്രം സംഭവിച്ച ; 823 വർഷത്തിലെ അപൂർവത നമുക്കൊന്ന് കൂടി നോക്കാം.... 
ചുരുക്കിപ്പറഞ്ഞാൽ ദേശാഭിമാനിയിലെ ആ വാർത്തയിലെ അപൂർവതയും അത്ഭുതവും 'വാട്സാപ്പ് ഫോർവേഡ്' അത്ഭുതവും അപൂർവതയും മാത്രമാണ്.