Thursday, April 25, 2013

കിളിത്തട്ടും പൂച്ചക്കണ്ണവും :: നാടൻ കളികൾ -1

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലും അവധിക്കാലത്തും  പലപലകളികൾ കളിച്ചിരുന്നു. അവയിൽ ചിലതൊക്കെ ഓർമ്മയിൽ നിന്ന് എഴുതുകയാണ്.

കിളിത്തട്ട് ,അണ്ടർ ഓവർ , അണ്ടിയേറ് (പറങ്കാണ്ടി ഏറ്) , സാറ്റ് , പൂച്ചക്കണ്ണം , കുട്ടിയും കോലും , കബിടി , കുക്കുടു , ഏറുപന്ത് , കുഴിപ്പന്ത് , സെവന്റീസ് , അടിച്ചോചാട്ടം , പോച്ചേ ചവിട്ട് , പുളിങ്കുരു ഞൊട്ട് , ഈർക്കിലു കളി , പാറകൊത്ത്(കല്ലുകൊത്ത്) , വട്ട്(ഗോലി) കളി , അക്ക് കളി , സെറ്റ്(വളപ്പൊട്ട് കൊണ്ട്) ....... ഇതൊക്കെയായിരുന്നു ആ കളികൾ

1. പൂച്ചക്കണ്ണം
 കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള സ്ഥലമാണ് പൂച്ചക്കണ്ണത്തിനുപയോഗി ക്കുന്നത്. ചതുരം വരച്ച് കോണോടു കോൺ ബന്ധിപ്പിക്കുന്നു. ഇതിന്റെ നാലു കൊണിലും നടുക്കും ഒരു വട്ടം വരയ്ക്കുന്നു. ഈ വട്ടം വരയ്ക്കുന്നത് ഉപ്പൂറ്റി ചതുരത്തിന്റെ കോണിൽ ഉറപ്പിച്ച് കാലിന്റെ പൊത്ത കറക്കിയാണ്. (തള്ളവിരൽ മണ്ണിൽ അമർത്തുകയും ചെയ്യും). ചതുരത്തിന്റെ നടുക്കും ഇങ്ങനെ വരയ്ക്കും. അഞ്ച് പേർക്കാണ് കളിക്കാവുന്നത്. നാലാള്‍ ചതുരത്തിന്റെ കോണിലും(A,B,C,D) ഒരാൾ (E) നടുക്കും നിൽക്കും. നടുക്ക് നിൽക്കുന്ന ആൾ പൂച്ച.(ഇങ്ങനെയാണ് ഓർമ്മ)

കളി
ചതുരത്തിന്റെ വശങ്ങളിൽ നിൽക്കുന്ന ആൾക്കാർ പരസ്പരം കൈ പിടിച്ച് കണ്ണം ചാടി മാറും. ഇങനെ ചാടി മാറുമ്പോൾ  നടുക്ക് നിൽക്കുന്ന ആൾക്ക് പെട്ടന്ന് ഒഴിവായി കിടക്കുന്ന വട്ടത്തിൽ കയറി നിൽക്കാം. നടുക്ക് നിൽക്കൂന്ന ആൾ കയറി നിന്ന കണ്ണത്തിലെ(ചിത്രത്തിലെ പച്ചവട്ടത്തിലെ) ആൾ നടുക്കത്തെ കണ്ണത്തിലേക്ക് മാറും.

A യും B യും കൈപിടിച്ച് കണ്ണം ചാടുമ്പോൾ നടുക്ക് നിൽക്കുന്ന E യ്ക്ക് A യുടയോ B യുടയോ കണ്ണത്തിൽ (പച്ച വട്ടത്തിൽ) ചാടിക്കയറി നിൽക്കാം. കണ്ണത്തിൽ A യുടയോ B യുടയോ കാൽ എത്തുന്നതിനു മുമ്പ് E അവിടെ നിൽക്കണം. നടുക്ക് നിൽക്കുന്ന ആൾക്ക് കോണോടു കോൺ വഴിയുള്ള ചാട്ടങ്ങൾ (ചുവന്ന വരയിൽ കൂടിയുള്ളത്) മാത്രമേ പാടുള്ളൂ. വശങ്ങളിൽ നിൽക്കുന്നവർക്ക് (പച്ചവട്ടത്തിൽ) വശങ്ങളിൽ കൂടിയും (നീല വര) കോണൊടു കോണും(ചുവന്ന വര)ചാടാം.

(ചതുരത്തിന്റെ കുറുകയും നെടുകയും വരവരച്ച്(മങ്ങിയ ചുവന്ന വര) അവിടെ കണ്ണം വരച്ച് കളിക്കാരുടെ എണ്ണം 7,9 എന്നിങ്ങനെ ആക്കാം. അങ്ങനെയാകുമ്പോൾ ചതുരത്തിന്റെ അകത്തെ വരകളിലൂടെ(ചുമപ്പും, മങ്ങിയ ചുമപ്പും വരകളിലൂടെ) നടുക്ക് നിൽക്കുന്ന ആൾക്ക് കണ്ണത്തിൽ കയറാം.)


2. അണ്ടിയേറ്(പറങ്ങാണ്ടിയേറ്)
കളി
മണ്ണിൽ വച്ചിരിക്കുന്ന പറങ്ങാണ്ടി കല്ലുകൊണ്ട് എറിഞ്ഞ്പരന്ന പാറക്കല്ലായിരിക്കും എറിയാനായി ഉപയോഗിക്കുന്നത് വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്ന കളിയാണ് പറങ്ങാണ്ടിയേറ്. എറിഞ്ഞ് എത്ര പറങ്ങാണ്ടി വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്നോ അത്രയും പറങ്ങാണ്ടി എറിയുന്ന ആൾക്കെടുക്കാം.

കളിയ്ക്കുന്നരീതി
കളിയിൽ പങ്കെടുക്കുന്നവർ ഓരോ പറങ്ങാണ്ടി(ഒന്നിൽ കൂടുതലും വയ്ക്കാം) മണ്ണൽപ്പം ഉയർത്തി അതിൽ താഴെ വീഴാത്ത പോലെ ഉറപ്പിച്ച് വയ്ക്കുന്നു. എറിയാനുള്ളവരുടെ ഊഴം (കളിക്കുന്നവരുടെ ക്രമം) ആദ്യം നിശ്ചയിക്കുന്നു. അതിനു ആദ്യം കളിക്കാൻ ഉപയോഗിക്കുന്ന കല്ല് (പറങ്ങാണ്ടി എറിയാനുള്ള കല്ല്) പറങ്ങാണ്ടി വെച്ചിരിക്കുന്നതിന്റെ മുന്നിലുള്ള വരയുടെ (ചിത്രത്തിലെ ചുവന്ന വര) അപ്പുറത്തേക്ക് എറുയുന്ന. വരയോട് അടുത്ത്(ചിത്രത്തിൽ കൈചൂണ്ടിയിരിക്കുന്ന ഭാഗം) കല്ല് വീഴ്ത്തുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. വരയിൽ/വരയുടെ ഇപ്പുറത്ത കല്ല് വീഴുത്തുന്ന ആൾക്കാരുടെ ക്രമം(കല്ലെറിയാനുള്ള ക്രമം) അവസാനം ആയിരിക്കും.  ചുവന്ന വരയുടെ അപ്പുറത്ത് ആദ്യം കല്ല് എറുയുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. കല്ലിന്റെ സ്ഥാനം പുറകോട്ട് മാറുന്തോറും പറങ്ങാണ്ടിയിൽ എറീയാനുള്ള ക്രമവും പുറകോട്ട് മാറും. അവർക്ക് ശേഷമാണ് വരയ്ക്ക് ഇപ്പുറം കല്ലിട്ടവർക്ക് പറങ്ങാണ്ടി എറിയാനുള്ള അവസരം.

ഓരോരുത്തർക്ക് ഓരോ അവസരമേ പറങ്ങാണ്ടി എറിയാൻ കിട്ടൂ. കല്ലെറിഞ്ഞ് മണ്ണിൽ വെച്ചിരിക്കുന്ന പറങ്ങാണ്ടി അതിനു പുറകിലുള്ള വരയുടെ (ചിത്രത്തിലെ നീലവര) പുറകിൽ എത്തിക്കണം. വരയ്ക്ക് അപ്പുറം പോകുന്ന പറങ്ങാണ്ടി എറിയുന്ന ആൾക്ക് കിട്ടൂം. വരയ്ക്ക് ഇപ്പുറം വീഴുന്ന പറങ്ങാണ്ടി വീണ്ടൂം മണ്ണിൽ വെക്കും. ഇങ്ങനെ എല്ലാ പറങ്ങാണ്ടിയും എറിഞ്ഞ് വരയ്ക്ക് അപ്പുറത്ത് എത്തിക്കുമ്പോൾ കളി അവസാനിക്കുന്നു. ചിലപ്പോൾ ആദ്യം എറിയുന്ന രണ്ടോ മൂന്നോ പേരോടെ കളി അവസാനിക്കും.(പിന്നാലെ ഉള്ളവർക്ക് എറിഞ്ഞു വീഴ്ത്താൻ പറങ്ങാണ്ടി ഉണ്ടാവില്ല)


3. കിളിത്തട്ട്

കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള ചതുരക്കളമാണ് 'കിളിക്കണ്ണ'ത്തിനുപയോഗിക്കുന്നത്. ചതുരത്തിന്റെ നടുക്കൂടെ ഒരു വര വരച്ച് അതിനെ രണ്ട് ഭാഗമാക്കുന്നു.(രണ്ട് കൊളം).പിന്നെ കളിക്കാരുടെ എണ്ണത്തിനു അനുസരിച്ച് കളം/തട്ട്(റോ) തിരിക്കുന്നു.(ചിത്രത്തിലെ നീലവരകൾ).ഇതിൽ ആദ്യത്തെ തട്ട്(റോ, ചിത്രത്തിൽ തട്ട് A) മറ്റുള്ള തട്ടിനെക്കാൾ വലുതായിരിക്കും.
കളി
കളിക്കുന്നവരെ തുല്യ അംഗങ്ങളുള്ള രണ്ട് ടീമായി തിരിക്കുന്നു.(ടീം X , Y). കളിക്കാരുടെ എണ്ണത്തിനൂ അനുസരിച്ച് തട്ട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തട്ട് താക്കുന്നവരുടെ(തട്ടിൽ നിൽക്കുന്നവരുടെ) ടീമും , ഉപ്പ് ചാടൂന്നവരുടെ ടീമും എന്നിങ്ങനെ രണ്ട് ടീം ആയിരിക്കും.

കളിതുടങ്ങുമ്പോൾ തട്ട് താക്കുന്നവരുടെ ടീം തട്ടിൽ നിൽക്കും. (നീല വരയും നീല മനുഷ്യരും). ആദ്യത്തെ വരയിൽ നിൽക്കുന്ന ആളെ കിളി എന്നാണ് പറയുന്നത്. മറ്റുള്ളവർ തട്ടിൽ നിൽക്കുന്നവർ. ആ വരകളിൽ കൂടി ചലിക്കാൻ മാത്രമേ വരകളിൽ നിൽക്കുന്നവർക്ക് അവകാശം ഉള്ളൂ. ടീം X ആണ് തട്ട് താക്കുന്നതെങ്കിൽ(നീല വരയിൽ നിൽക്കൂന്നത്) ആടീമിന്റെ കിളി(ചുവന്ന കളർ) 'തട്ട് റെഡിയാണോ' എന്ന് വിളിച്ചു ചോദിക്കും. മറ്റുള്ളവർ വരയിൽ തയ്യാറായി നിൽക്കുകയാണങ്കിൽ 'റെഡി' എന്ന് വിളിച്ചു പറയും. ഈ സമയം ടീം Y യിൽ ഉള്ളവർ ചതുരത്തിന്റെ അകത്ത് കയറാതെ പുറത്ത് കിളിയുടെ മുന്നിൽ വരയ്ക്കു മുന്നിലായി നിൽക്കും. 'തട്ട് റെഡിയെങ്കിൽ പാസ്' എന്ന് കൈ അടിച്ചു കൊണ്ട് കിളി വിളിച്ചു പറയും. ഉടൻ തന്നെ ടീം Y യിൽ ഉള്ളവർ കിളിയുടെ അടികൊള്ളാതെ ആദ്യ കളം ചാടി ചാടി ഓരോ കളത്തിൽ തട്ട് താഴ്ത്തി നിൽക്കുന്നവരുടെ കൈയ്യിൽ നിന്ന് അടി വാന്ങതെ അവരെ വെട്ടിച്ച് അടുത്ത കളത്തിൽ ചാടി അവസാന കളവും കഴിഞ്ഞ് പുറത്ത് 'കിളിക്കണ്ണം' ചാടും. കിളിക്കണ്ണം ചാടാൻ തയ്യാറായി നിൽക്കുന്നവരെ ചപ്പ് എന്നാണ് പറയുന്നത്. കിളിക്കണ്ണം ചാടൂന്ന 'ചപ്പ്' തിരിച്ചു കയറുമ്പോൾ 'ഉപ്പ്' എന്നാണ് വിളിക്കപ്പെടൂന്നത്.
വിശദമായി
തട്ട് റെഡിയാണങ്കിൽ പാസ്' എന്ന് കിളി പറയുന്നടനെ എതിർ ടീമിലുള്ളവർ കളം എറങ്ങാൻ തുടങ്ങും. തട്ട് ഇറക്കുമ്പോൾ തന്നെ തങ്ങൾ ആരെയാണ് പിടിക്കുന്നതന്ന്/നോക്കുന്നതെന്ന് തട്ടിൽ നിൽക്കുന്നവർ പരസ്പരം ഒരു ധാരണയിൽ എത്തിയിരിക്കും. കളം ഇറങ്ങി വരുന്നവരെ അതിനനുസരിച്ച് തട്ടിൽ നിൽക്കുന്നവർ നോക്കും. തട്ടിൽ നിൽക്കുന്നവർക്ക് തങ്ങൾ നിൽക്കുന്ന വരയിൽ (നീല) കൂടി മാത്രമേ ചലിക്കാൻ സാധിക്കൂ. ചപ്പുകൾക്കും(കിളിക്കണ്ണം ചാടാൻ വരുന്നവർക്ക്) ഉപ്പുകൾക്കും(ഉപ്പ് ചാടാൻ വരുന്നവർക്കും) വരയിൽ ചവിട്ടാൻ അവകാശം ഇല്ല. മുന്നിലേക്ക് പോയ കളത്തിൽ നിന്ന് പുറകിലേക്കൂള്ള കളത്തിലേക്കൂം വരാൻ പറ്റില്ല.

കിളിക്കണ്ണം ചാടാൻ പോകുന്ന 'ചപ്പു'കൾക്ക് A,B,C,D,E,.. എന്ന ക്രമത്തിലുള്ള തട്ടും , ഉപ്പ് ചാടാൻ പോകുന്ന 'ഉപ്പു'കൾക്ക് ...,E,D,C,B,A എന്ന ക്രമത്തിലുള്ള തട്ടിലുള്ള കയറ്റവുമോ സാധിക്കൂ.

കിളിയുടെ അടി കിട്ടാതെ വേണം 'ചപ്പു'കൾ തട്ട് ഇറങ്ങേണ്ടത്. കളിക്കളത്തിന്റെ വശങ്ങളിലൂടയും നടുഭാഗത്തൂടയും(ചിത്രത്തിലെ ചുവന്ന വരഭാഗങ്ങൾ) കിളിക്ക് സഞ്ചരിക്കാം. മാത്രമല്ല ഈ ചുവന്ന വരയിൽ നിന്ന് എത്തി മറ്റ് തട്ടുകളിൽ നിൽക്കുന്ന എതിർ ഭാഗത്തെ കളിക്കാരെ(ചപ്പ്/ഉപ്പ്) അടിക്കാൻ കിളിക്ക് അവകാശം ഉണ്ട്. ഇങ്ങനെ അടിച്ചാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം.
കിളിക്കണ്ണം ചാടൽ
ഇങ്ങനെ കിളിയുടെ അടി കിട്ടാതെയും തട്ടിൽ നിൽക്കുന്നവരുടെ(നീല വരയിൽ) അടി കിട്ടാതയും വേണം 'ചപ്പു'കൾ (ഉപ്പുകളും) കളം ചാടാൻ. താൻ പിടിച്ചിരിക്കുന്ന(തന്റെ കളത്തിൽ നിൽക്കുന്ന) ആൾ താൻ നിൽക്കുന്ന വരചാടി അപ്പുറത്തെ കളത്തിലേക്ക് പോകുമ്പോൾ മാത്രമേ വരയിൽ നിൽക്കുന്ന ആൾക്ക് എതിർ ടീമിലെ കളിക്കാരനെ അടിക്കാൻ പറ്റൂ.വര ചാടികഴിഞ്ഞിട്ട് അടിക്കാൻ പറ്റില്ല.
അതായത് B തട്ടിൽ നിൽക്കുന്ന ആൾക്ക് താൻ പിടിച്ചിരിക്കുന്ന ആൾ C തട്ടിലെക്ക് ചാടുന്നടനെ അടിക്കാനെ സാധിക്കൂ. അടികിട്ടിയാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം. വര ക്രോസ് ചെയ്യുമ്പോൾ മാത്രമേ അടിക്കാൻ പാടുള്ളൂ. തട്ടിന്റെ വരയിൽ നിൽക്കുന്ന കളിക്കാരനെ വെട്ടിക്കാൻ തട്ടിൽ നിൽക്കുന്ന 'ചപ്പിനു' ആ തട്ടിൽ ചാടാൻ പൂർണ്ണ അവകാശം ഉണ്ട്. പക്ഷേ ചാട്ടത്തിൽ പുറകിലെ തട്ടിൽ ചവിട്ടിയാൽ ഫൗൾ ആകും. തട്ടിൽ ചാടൂമ്പോൾ കിളി കളത്തിന്റെ വശങ്ങളിലൂടയും നടുവിലൂടയും വന്ന് അടിക്കാതിരിക്കാൻ നോക്കുകയും വേണം.

ഇങ്ങനെ കിളിയുടയും തട്ടിൽ നിൽക്കുന്നവരുടയും അടി കിട്ടാതെ 'ചപ്പ്' 'കിളിക്കണ്ണം' ചാടിയാൽ ആ സമയം കിളി ആരെയെങ്കിലും തട്ടിൽ ഇറക്കാതെ പിടിച്ചു വെച്ചിട്ടൂണ്ടങ്കിൽ  ആളെ തട്ടിലേക്ക് ഇറക്കി വിടണം. (ചപ്പ് അവസാന തട്ടിൽ നിൽക്കുന്ന ആളെയും വെട്ടിച്ച് വെളിയിൽ വരുന്നതാണ് കിളിക്കണ്ണം ചാടൽ. ചപ്പ് കിളിക്കൺനം ചാടിയാൽ ഉടൻ 'കിളിക്കണ്ണം' എന്ന് വിളിച്ചു പറയണം).

ഉപ്പ് ചാടൽ
കിളിക്കണ്ണം ചാടിയ ചപ്പിനെ 'ഉപ്പ്' എന്നാണ് പറയുന്നത്. കിളിക്കണം ചാടിയ ചപ്പ് ഉപ്പായി കളത്തിൽ തിരിച്ചു കയറി ഓരോരോ തട്ടിറക്കി നിൽക്കുന്നവരെയും(നീല ആളുകൾ) വെട്ടിച്ച് അടികിട്ടാതെ കിളിയെയും വെട്ടീച്ച് പുറത്ത് വന്നാൽ ആ ടീം വിജയിക്കും.വെളിയിൽ വരുമ്പോൾ "ഉപ്പേ" എന്ന് വിളിച്ചു പറയണം. തട്ടിറക്കി നിൽക്കുന്ന ടീമിനു ഒരു 'ഉപ്പ്' കടം ആയി. തോൽക്കുന്ന ടിം വിജയിക്കുന്ന ടീമിനു വീണ്ടൂം തട്ടിറക്കി നൽകണം.

ഉപ്പ് ചാടൂമ്പോൾ ഉപ്പും ചപ്പും ഒരു കളത്തിൽ വന്നാൽ ആ ടീം ഫൗളായി പുറത്താകും.(ഫൗളാകുന്നവർ തട്ടിറക്കി  നൽകണം). അതായത് ഉപ്പോ ചപ്പോ ഒരേ കളത്തിൽ (ഒരേ റോ ഒരേ കോളം) വരാൻ പാടില്ല. ചിത്രത്തിൽ ഉപ്പ് ചാടാൻ കിളിക്കണ്ണത്തിൽ നിൽക്കുന്ന ആൾക്ക് E തട്ടിൽ ചപ്പ് നിൽക്കുന്നിടത്തേക്ക്(ചുവന്ന വരയ്ക്ക് അപ്പുറത്തേക്ക്) ചെല്ലാൻ പാടില്ല. D തട്ടിൽ നിൽക്കുന്ന ആൾ തിരിഞ്ഞ് ഉപ്പിനെ പിടിക്കും. ഇയാളെ വെട്ടിച്ച് അടികിട്ടാതെ ഉപ്പ് E തട്ടിൽ നിന്ന് D തട്ടിൽ ചെന്നാൽ ആ തട്ടിലെ രണ്ട് ഭാഗത്തേക്കും ഉപ്പിനു ചലിക്കാം. D യിൽ നിന്ന് ഉപ്പിനു ചപ്പ് നിൽക്കാത്ത ഭാഗത്തേക്ക് കയറാം. C യിൽ നിന്ന് B യിലെക്ക് കയറണമെങ്കിൽ,(ഉപ്പും ചപ്പും ഒരുമിച്ച് വരാതിരിക്കാൻ) മൂലയോട് മൂല ചാടിക്കയറണം. (ചിത്രത്തിലെ മഞ്ഞ ആരോ നോക്കുക)
ഉപ്പും ചപ്പും ഒരുമിച്ച് ഒരു തട്ടിലെ ഒരേ ഭാഗത്ത് വരികയാണങ്കിൽ തട്ടിൽ നിൽക്കുന്ന ആൾക്ക്(തട്ടിറക്കീ നിൽക്കുന്ന ടീമിനു) 'ഉപ്പും ചപ്പും'(ഫൗൾ) വിളിക്കാം.ഫൗൾ ആകുന്ന ടീം എതിർ ടീമിനു തട്ടിറക്കി നൽകണം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
ചുവന്ന വരയിൽ കൂടി വരുന്ന 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടി ഒഴിവാക്കി തട്ട് ചാടി ചാടി 'ചപ്പ്' കിളിക്കണ്ണം ചാടണം.(ചിത്രത്തിലെ കിളിക്കണ്ണം ഭാഗം നോക്കുക) കിളിക്കണ്ണം ചാടുന്ന 'ചപ്പ്/ചപ്പുകൾ' തിരിച്ച് ഉപ്പ് ചാടാനായി കളത്തിൽ കയറുമ്പോൾ ഉപ്പാകും. 'ഉപ്പും ചപ്പും' ഫൗൾ ആകാതെ 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടിയും ഒഴിവാക്കി തട്ട് ചാടി ചാടി കളി തുടങ്ങിയ ഭാഗത്തേക്കൂ തന്നെഇറങ്ങി(ചിത്രത്തിലെ 'ഉപ്പ്'ഭാഗം-മഞ്ഞവര നോക്കുക) തട്ടിൽ നിൽക്കുന്ന ടീമിനു 'ഉപ്പ്' കയറ്റണം.
(ചപ്പിന്റെയും ഉപ്പിന്റെയും സഞ്ചാര പഥമാണ് ചിത്രത്തിന്റെ വശത്ത് അമ്പടയാളം ഇട്ട് കാണീച്ചിരിക്കുന്നത്)

'ഉപ്പും ചപ്പും' ഫൗൾ , കയറിയ തട്ടിൽ നിന്നുള്ള പുറകോട്ടിറക്കം ഫൗൾ, കിളി/തട്ടിൽ നിൽക്കുന്നവരുടെ അടി എന്നിവ സംഭവിച്ചാൽ ഫൗൾ സംഭവിച്ച ടീം ഇപ്പോൾ തട്ടിറക്കിയ ടീമിനു തട്ടിറക്കി നൽകണം. ഈ പറഞ്ഞിരിക്കുന്ന മൂന്നും സംഭവിക്കാതെ 'ഉപ്പ്' ചാടുന്ന ടീം വിജയിക്കും.

4. സാറ്റ്
എത്രപേർക്ക് വേണമെങ്കിലും കളിക്കാവുന്ന കളിയാണിത്. ഒരാൾ ഒരു മരത്തിന്റെയോ ഭിത്തിയുടയോ അടുത്ത്(ചാരി നിന്ന്) നിന്ന് കണ്ണടച്ച് ഒന്നു മുതൽ അമ്പത് / നൂറ് വരെ എണ്ണൂന്നു. എണ്ണൂന്ന ആൾ എണ്ണി തീരുന്നതിനു മുമ്പ് മറ്റുള്ളവർ ഒളിക്കുന്നു. എണ്ണുന്ന ആൾ ഒളിച്ചിരിക്കൂന്ന ആളെ കണ്ടു പിടിക്കുന്നതാണ് സാ കളി.

എണ്ണൂന്ന സ്ഥലത്തിന് (സാറ്റുകുറ്റി) തൊട്ടടൂത്ത് പാത്തിരിക്കാൻ പാടില്ല. എണ്ണുന്ന ആൾ എണ്ണിക്കഴിഞ്ഞാലുടനെ "സാറ്റേ' എന്ന് വിളിച്ചു പറയണം.(അമ്പതുവരെയാണ് എണ്ണൂന്നതെങ്കിൽ 1,2,3....... 47,48,49,50. "സാറ്റേ"). അതിനു ശേഷം ഒളിച്ചിരിക്കൂന്നവരെ കണ്ടുപിടിക്കണം. കണ്ടു പിടിച്ചാലുടനെ അയാളുടെ പേരു വിളിച്ചു പറഞ്ഞ് "സാറ്റേ" എന്നു പറഞ്ഞു കൊണ്ട് സാറ്റുകുറ്റിയിൽ തൊടണം. ഇങ്ങനെ എല്ലാവരയും കണ്ടു പിടിച്ച് കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപ്പെട്ടയാൾ എണ്ണണം.

എണ്ണിയ ആൾ ആളെ കണ്ടു പിടിക്കുമ്പോൾ ആളെ തെറ്റി പറഞ്ഞ് സാറ്റ് അടിച്ചാൽ ഒരു തെറ്റി പറച്ചിലിനു ശിക്ഷയായി 'ഇരുപത്തഞ്ച്' വരെ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം വീണ്ടും എണ്ണണം. ആ സമയത്ത് മറ്റുള്ളവർക്ക് വീണ്ടും പാത്തിരിക്കാം. എണ്ണുന്ന ആൾ വീണ്ടും പാത്തിരിക്കൂന്നവരെ കണ്ടു പിടിക്കണം.

എണ്ണുന്ന ആൾ ആളെ കണ്ടു പിടിക്കുന്ന സമയത്ത് ഒളിച്ചിരുന്ന ആൾ എണ്ണുന്ന ആൾ കാണാതെ വന്ന് 'സാറ്റ്' അടിച്ചാൽ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം ഇരുപത്തഞ്ച് വരെ എണ്ണണ്ണം. ഒന്നിൽ കൂടുതൽ ആളുകൾ വന്ന് സാറ്റ് അടിച്ചാൽ ആളൊന്നിനു ഇരുപത്തഞ്ച് വീത് എണ്ണണം.(രണ്ടാളുകൾ സാറ്റ് എണ്ണിയ ആളിനെ വെട്ടിച്ച് വന്ന് സാറ്റ് അടിച്ചാൽ അമ്പത് വരെ എണ്ണണം. കളി തുടങ്ങുമ്പോൾ എണ്ണിയത് അമ്പതുവരെയാണങ്കിൽ ഇങ്ങനെ രണ്ടാമത് എണ്ണൂന്നത് അമ്പതുവരെ മതി.(മൂന്നു പേർ സാറ്റ് അടിച്ചാലും അമ്പതുവരെ എണ്ണിയാൽ മതി). ഒരാളെ കണ്ടുപിടിച്ചിട്ട് ആളുടെ പേര് പറഞ്ഞ് എണ്ണിയ ആൾ സാറ്റ് അടിക്കുന്നതിനു മുമ്പ് കണ്ടുപിടിക്കപ്പെട്ട ആൾ വന്ന് സാറ്റ് അടിച്ചാലും 'സാറ്റ് എണ്ണിയ ആൾ' വീണ്ടൂം ഇരുപത്തഞ്ച് വരെ എല്ലാവരയും കണ്ടുപിടിച്ചതിനു ശേഷം എണ്ണണം.

ആദ്യം സാറ്റ് എണ്ണുന്ന ആൾ എല്ലാവരയും തെറ്റാതെ കണ്ടുപിടിച്ചാൽ(ആരും വന്ന് സാറ്റ് അടിക്കാതിരുന്നാൽ) ആദ്യം കണ്ടുപിടിക്കപ്പെട്ട ആൾ സാറ്റ് എണ്ണണം. ആരെങ്കിലും വന്ന് സാറ്റ് അടിച്ചാൽ/ സാറ്റ് എണ്ണുന്ന ആൾ തെറ്റായ ആളിന്റെ പേരു പറഞ്ഞ്  'സാറ്റ്' അടിച്ചാൽ ആളൊന്നിന് ഇരുപത്തഞ്ചുവരെ വീണ്ടു എണ്ണണം.

5. അണ്ടർ ഓവർ

കളിക്കളം
ഒരു വട്ടവും അതിനു മുമ്പിൽ കുറച്ച് അകലത്തിൽ ഒരു വരയും വരച്ചാൽ 'അണ്ടർ ഓവർ' കളിക്കാനുള്ള സ്ഥലം തയ്യാറായി.(ചിത്രം നോക്കുക)

കളി
ഈ വട്ടത്തിൽ പുറതിരിഞ്ഞ് നിന്ന് ഒരാൾ ഒരു ചെറിയ കമ്പ് പുറകോട്ട് എറിയുകയും ആ കമ്പ് ഒറ്റക്കാലിൽ ചാടി ചെന്ന് തട്ടി തട്ടി തിരിച്ച് വട്ടത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് 'അണ്ടർ ഓവർ'

കളിയ്ക്കുന്നരീതി
കളിക്കുന്നവർ ആദ്യം കമ്പ് എറിയാനുള്ള ക്രമം നിശ്ചയിക്കുന്നു. കമ്പ് എറിയുന്ന ആൾ കമ്പുമായി വട്ടത്തിൽ മറ്റുള്ളവർക്ക് പുറം തിരിഞ്ഞ് നിൽക്കുന്നു. മറ്റുള്ളവർ വര്യ്ക്ക് പുറകിലായി നിൽക്കുന്നു. വട്ടത്തിൽ നിൽക്കുന്ന ആൾ "അണ്ടർ" എന്ന് പറയുമ്പോൾ മറ്റുള്ളവർ "ഓവർ"എന്ന് പറയും.ഇത് പറഞ്ഞ് കഴിയുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ തന്റെ കൈയ്യിലെ ചെറിയ കമ്പ് പുറകോട്ട് പൊക്കി എറിയുന്നു. എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം പോകണം. അപ്പുറം പോയില്ലങ്കിൽ എറിയുന്ന ആൾ ഔവ്ട്ടാവുകയും അടുത്ത ആൾക്ക് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

വട്ടത്തിൽ നിൽക്കുന്ന ആൾ കമ്പ് പുറകോട്ട് എറിയുമ്പോൾ വരയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് ആ കമ്പ് പിടിക്കാം. ഇങ്ങനെ കമ്പ് വരയ്ക്ക് പിന്നിൽ നിൽക്കൂന്നവർ പിടിച്ചാൽ കമ്പ് എറിയുന്ന ആൾ ഔവ്ട്ടാവുകയും കമ്പ് പിടിച്ച ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും.(ഇങ്ങനെ കമ്പ് പിടിച്ചാൽ, നേരത്തെ നിശ്ചയിച്ച കമ്പ് എറുയാനുള്ള ക്രമം നോക്കാതെ കമ്പ് പിടിച്ച ആൾക്കായിരിക്കും അവസരം). ഔട്ടായ ആൾ വരയ്ക്ക് പിന്നിൽ മറ്റുള്ളവരുടെ കൂടെ കമ്പ് പിടിക്കാനായി നിൽക്കണം.

വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് കമ്പ് എറിയുമ്പോൾ ആരും പിടിക്കാതയും വരയ്ക്ക് അപ്പുറത്തുമാണ് പോയതെങ്കിൽ കമ്പ് എറിഞ്ഞ ആൾ ഒറ്റക്കാലിൽ(ഒരു കാൽ മുട്ടിന്റെ അവിടെവെച്ച് മടക്കി പിടിക്കണം) ചാടി ചാടി ഈ കമ്പിന്റെ അടുത്ത് എത്തണം. എന്നിട്ട് കാലുകൊണ്ട് കമ്പിന്റെ പുറത്ത് ചവിട്ടണം. എന്നിട്ട് ഒറ്റക്കാലുകൊണ്ട് ആ കമ്പ് തട്ടി തട്ടി വട്ടത്തിന്റെകത്ത് എത്തിക്കണം.  കമ്പിൽ ചവിട്ടാൻ വരുമ്പോഴും കമ്പ് തട്ടിക്കൊണ്ട് പോകുമ്പോഴും മടക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ടാകും. അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

കമ്പ് തട്ടി വട്ടത്തിന്റെകത്തേക്ക് കൊണ്ടൂപോകുമ്പോൾ കമ്പ് തട്ടി വീഴ്ത്തുന്നത് വട്ടത്തിന്റെ വരയിൽ ആണങ്കിലും ആൾ ഔട്ടാകും. കമ്പ് വട്ടത്തിന്റെ വരയിൽ വീഴാതെ വേണം വട്ടത്തിന്റെകത്ത് എത്താൻ.

വട്ടത്തിന്റെ വെളിയിൽ നിന്ന് എവിടെ നിന്നാണോ അവസാനം കമ്പ് തട്ടി വട്ടത്തിനകത്തേക്ക് ഇട്ടത്, അവിടെ നിന്ന് വട്ടത്തിന്റെകത്ത് വീണ കമ്പിൽ ഒറ്റക്കാലിൽ തന്നെ ചാടി ചവിട്ടുകയും ചെയ്യണം. ഇങ്ങനെ ചെയ്താലേ പോയിന്റ് (പണം) കിട്ടൂ. ഇങ്ങനെ ചാടി ചവിട്ടാൻ കഴിഞ്ഞില്ലങ്കിലും ആൾക്ക് പോയിന്റൊന്നും കിട്ടാതെ ഔട്ടാവുകയും അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും. പോയിന്റ് നേടികഴിഞ്ഞാൽ അയാൾക്ക് തന്നെ കളി തുടരാം. എന്നുവെച്ചാൽ ഈ ആൾക്ക് തന്നെയാണ് പിന്നയും(ഔട്ട് ആകുന്നതുവരെ) വട്ടത്തില്‍ നിന്ന് കമ്പ് എറിയാനുള്ള അവസരം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറത്ത് ചെന്ന് വീഴുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ ഒറ്റക്കാലിൽ ചാടി വന്ന് ആ കമ്പിൽ ചവിട്ടണം. മറ്റേകാൽ കുത്താതെ തന്നെ കമ്പ് തിരിച്ച് തട്ടി തട്ടി വട്ടത്തിനകത്തെക്ക് കൊണ്ടു പോകണം. വട്ടത്തിനകത്ത് വീഴ്ത്തുന്ന കമ്പിൽ ചാടി ചവിട്ടിക്കഴിയുമ്പോൾ ആൾക്ക് ഒരു പോയിന്റ് കിട്ടും.

കളിയിലെ ഔട്ട്
:: വട്ടത്തിൽ നിന്ന് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം വീണീല്ലങ്കിൽ ഔട്ട്
:: വര്യ്ക്ക് അപ്പുറുത്ത് നിന്ന് കമ്പ് ആരെങ്കിലും പിടിച്ചാൽ ഔട്ട് (കമ്പ് എറിയാനുള്ള അടുത്ത അവസരം കമ്പ് പിടിക്കുന്ന ആൾക്ക്)
:: ഒറ്റക്കാലിൽ ചാടി കമ്പ് തിരികെ വട്ടത്തിൽ എത്തിക്കുന്നതിനു മുമ്പ് മുട്ടുവെച്ച് പൊക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ എത്തിക്കുമ്പോൽ വട്ടത്തിന്റെ വരയിലാണ് വീഴുന്നതെങ്കിൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ വീഴുമ്പോൾ അവസാനം തട്ടിയ സ്ഥലത്ത് നിന്ന് ഒറ്റക്കാലിൽ തന്നെ ചാടി വട്ടത്തിനകത്ത് കിടക്കുന്ന കമ്പിൽ ചവിട്ടാൻ പറ്റിയില്ലങ്കിൽ ഔട്ട്.

കളിയിലെ അപകട സാധ്യത
 കമ്പ് എറിയുമ്പോളും പിടിക്കുമ്പോഴും കണ്ണിൽ കൊള്ളാനുള്ള സാധ്യത.

Sunday, April 21, 2013

ദിൽദാർ ഡൽഹിയിലെ പെൺ വേട്ടകൾ

ഇനി ലോകം പറയും, 'ദിൽദാർ ഡൽഹി'
ന്യൂഡൽഹി : ദൈവത്തിന്റെ സ്വന്തം നാട് - ഈയൊരു വാചകം കേട്ടാൽ പച്ചവിരിച്ച കേരളം നമ്മുടെ മനസിൽ തെളിയും. ഡൽഹിക്കും കിട്ടിയിരിക്കുന്നു ഇങ്ങനെയൊരു ഓമനപ്പേര് - മഹാമനസ്കം ഡൽഹി (ദിൽദാർ ഡൽഹി). സംസ്ഥാനസർക്കാരും ഡൽഹി ടൂറിസവും ചേർന്നു സംഘടിപ്പിച്ച മൽസരത്തിൽ ലഭിച്ച 12,000 തലവാചകങ്ങളിൽ നിന്നു വിദഗ്ദ സമിതിയാണു മഹാമൻസ്കം ഡൽഹി എന്നവാചകം തിരഞ്ഞെടുത്തത്. പരസ്യവാചകങ്ങളിലും മറ്റും ഇനി ഡൽഹി ഇങ്ങനെയാകും അറിയപ്പെടുക.ഡൽഹി സ്വദേശിയായ അമിത് ആനന്ദാണു പേര് നിർദേശിച്ചത്.
വന്നണഞ്ഞവരെയെല്ലാം പൂർണ മനസോടെ സ്വീകരിച്ച ചരിത്രമാണു ഡൽഹിക്കുള്ളതെന്നു പുതിയ തലവാചകം പ്രഖ്യാപിച്ചുകൊണ്ടു മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ..... . ഡൽഹിയെപോലെ വന്നണഞ്ഞവരെയെല്ലാം സന്തോഷിപ്പിച്ച മറ്റൊരു നഗരം രാജ്യത്തുണ്ടാകില്ലെന്നു ഷീല ദീക്ഷിത് പറഞ്ഞു.

(മലയാള മനോരമ : പേജ് 3 - ഡൽഹി എഡീഷൻ - 2013 ഏപ്രിൽ 19 വെള്ളി)

ഈ വാർത്ത വന്ന ദിവസം തന്നെയാണ് ഡൽഹിയിൽ നിന്ന് അഞ്ചുവയസുള്ള കുഞ്ഞിനെ ക്രൂരമായി പീഢിപ്പിച്ച വാർത്തകൾ വന്നത്. ഡിസംബറിലെ 'നിർഭയ' കേസിനു പിന്നാലെ അനേകം ലൈംഗിക പീഡനവാർത്തകൾ ഡൽഹിയിൽ നിന്ന് പുറത്തുവന്നു കൊണ്ടിരുന്നു. ഡിസംബർ ജനുവരി മാസങ്ങളിലെ കൊടും തണൂപ്പിൽ അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഡൽഹിയിൽ ഉണ്ടായി. ലൈംഗീക അതിക്രമങ്ങൾക്കുള്ള ശിക്ഷകളെകുറിച്ച് രാജവ്യാപകമായി ചർച്ചകളും മറ്റും നടക്കുകയും നിയമ നിർമ്മാണം ഉണ്ടാവുകയും ചെയ്തു.

പക്ഷേ നിയമങ്ങൾ 'നിയമത്തിന്റെ വഴിക്കു' പോകുമ്പോൾ ഡൽഹിയിലും രാജ്യത്തിന്റെ മറ്റ്ഭാഗങ്ങളിലും പെൺവേട്ടകൾക്ക് ശമനം ഉണ്ടാകുന്നില്ല. സ്ത്രികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കാരണം വസ്ത്രധാരണം ആണന്ന് പറയുമ്പോൾ ഒരഞ്ചുവയസുകാരിയുടെ വസ്ത്രധാരണം എന്ത് പ്രകോപനം ആണ് സൃഷ്ടിച്ചത്?? അവളുടെ യോനിയിൽ 200 മില്ലീലിറ്റരിന്റെ ഹെയർ ഓയിലിന്റെ കുപ്പിയും മൂന്നു മെഴുകുതിരികളും കുത്തിക്കയറ്റാൻ തക്കവണ്ണം എന്ത് തെറ്റാണവൾ ചെയതത്??? അവളുടെ ചുണ്ടുകളിലും കഴുത്തുകളിലും പല്ലുകൾ ആഴ്ത്തി ഇറക്കി തന്റെ ലൈംഗിക അരാജകത്വം അവളിൽ തീർക്കുമ്പോൾ പിടിഞ്ഞ അവളുടെ കഴുത്തിൽ രക്തച്ചാലുകൾ കീറി ഓടുമ്പോൾ അവനു കിട്ടിയത് എന്ത് ലൈംഗിക സംതൃപ്തി ആണ്?? തങ്ങളുടെ മകളെ കാണാനില്ലന്ന് പറഞ്ഞ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ആ പരാതി സ്വീകരിക്കാതെ അവരെ മടക്കിയ നീതിപാലകർ ആർക്കാണ് നീതി നൽകുന്നത്? അടുത്ത ഫ്ലാറ്റിൽ നിന്ന് മൃതതുല്യമായി അവളെ കിട്ടുമ്പോൾ 2000 രൂപയുമായി വന്ന് ഉപദേശം നൽകിയ നിയമപാലകർ എന്ത് നിയമമാണ് നടത്തിയത്? അതെ ഇതാണ് ഡൽഹി പോലീസിന്റെ മഹാമനസ്കത.. കുഞ്ഞിനെ അന്വേഷിച്ചില്ലങ്കിലും വീട്ടുകാർക്ക് അവളെ  കിട്ടിയപ്പോൾ 'കുഞ്ഞിനെ ജീവനോടെ കിട്ടിയതിൽ ദൈവത്തിനു നന്ദിപറയാനും,കുഞ്ഞിന്റെ ഭാവിയെ ഓർത്ത് കേസ് പിൻവലിക്കാനും ഉപദേശിച്ച്' അവളുടെ കുഞ്ഞ് ശരീരത്തിനേറ്റ മൃഗീയ പീഡനങ്ങൾക്ക് വിലയിട്ട് 2000രൂപ നീട്ടിയ മഹാമനസ്കത...
അതെ
ദിൽദാർ ഡൽഹി...
മഹാമനസ്കം ഡൽഹി !!!

ഡൽഹി !!
ഇന്ത്യയെന്ന രാജ്യത്തിന്റെ തലസ്ഥാനം. അതോടൊപ്പം ഒരു സംസ്ഥാനവും. ഈ സംസ്ഥാനത്തിന്റെ ആഭ്യന്തര സംരക്ഷണം കേന്ദ്രം നേരിട്ട് നടത്തുന്നു. എന്നിട്ടോ? ഏറ്റവും കൂടുതൽ അതിക്രമങ്ങൾ ഉണ്ടാകുന്നു. ഓരോ ദിവസവും പുലരുന്നത് മിക്കപ്പോഴും ഒന്നിൽക്കൂടുതൽ കൊലപാതക വാർത്തകളുമായിരിക്കും. ഓരോ വർഷവും തട്ടികൊണ്ട്/കാണാതെ പോകുന്ന കുട്ടികളുടെ എണ്ണം അയ്യായിരത്തിൽ(5000 ല്) അധികം. മിക്കകുട്ടികളെയും തിരികെ കിട്ടൂന്നു എങ്കിലും കാണാതെ പോകുന്നവർ എവിടെക്ക് മറയുന്നു?? ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള മൂന്നു മാസങ്ങളിൽ രജിസറ്റ്‌ര്‍ ചെയ്യപ്പെട്ട ബലാത്സംഗകേസുകളുടെ എണ്ണം 393. (കഴിഞ്ഞ വർഷം 152 ആയിരുന്നു.). എന്നു പറഞ്ഞാൽ ദിവസവും നാലിൽ അധികം ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു!!!. കേന്ദ്രസർക്കാർ നേരിട്ട് സുരക്ഷ ഒരിക്കിയിരിക്കുന്ന രാജ്യ തലസ്ഥാനത്തു നിന്നാണ് ഈ കേസുകൾ. നിയമത്തിന്റെ കുഴപ്പമല്ല ഇത്. നിയമനടത്തിപ്പിന്റെ കുഴപ്പം തന്നെയാണ് മിക്കപ്പോഴും. ഡൽഹിയിൽ 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിന്റെ' പിന്നാലെ നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് ബലാത്സംഗകേസിലെ പ്രതികൾക്ക് വധശിക്ഷ വേണം എന്ന് പറഞ്ഞ രാഷ്ട്രീയക്കാർ പിന്നോക്കം പോകുന്നത് നമ്മൾ കണ്ടൂ. അവർ വീണ്ടും ബലാത്സംഗ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ചാനൽക്യാമറകൾക്ക് മുന്നിൽ നിന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. 'നിയമം നിയമത്തിന്റെ വഴിയിലൂടെ പോകുമ്പോൾ' എവിടെയാണ് വഴി തെറ്റുന്നത്??  അധികം ചിന്തിക്കേണ്ട , 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിന്റെ' വിചാരണ തന്നെ ശ്രദ്ധിച്ചാൽ മതി.... 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിലെ' പ്രതികളിൽ ഒരാൾ ആവശ്യപ്പെടുന്നത് പോഷകാഹാരവും ആർമിയിലേക്കുള്ള പരീക്ഷ എഴുതാൻ ആവശ്യമായ പരിശീലനവും ആണ്. പിന്നെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ടൈംടേബിൾ ഒക്കെ... പ്രതിയാണങ്കിലും അയാൾക്ക് മനുഷ്യാവകാശം ഉണ്ടങ്കിലും അയാളുടേ ഈ ആവശ്യങ്ങളെല്ലാം അനാവശ്യങ്ങൾ ആണ്. ഈ കേസിന്റെ ഇടയ്ക്ക് പ്രതിഭാഗം വക്കീലിൽ ഒരാൾ വാദിച്ചത് സിംഗപ്പൂരിൽ നിന്ന് 'നിർഭയ' യുടേ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു... ഇപ്പോൾ പ്രതികളുടെ വക്കീലിൽ ഒരാൾ കേസിൽ സമയത്ത് ഹാജരാകാത്തതുമൂലം കോടതിക്ക് അമിക്കസ് ക്യൂറിയെ നിയോഗിക്കേണ്ടിവരികയും ചെയ്തു.

ഈ അടൂത്ത സമയങ്ങളിൽ തലസ്ഥാന നഗരിയിൽ നടന്ന സ്ത്രികൾക്കെതിരെയുള്ള ചില  അതിക്രമങ്ങളിൽ പ്രതിസ്ഥാനത്ത് ഉള്ളത് പീഡനത്തിന് ഇരയായ സ്ത്രികളുടെ ബന്ധുക്കൾ/പരിചയക്കാർ ആയിരുന്നു. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ളയാത്രയിൽ കാറിൽ പീഡിപ്പിക്കപെട്ട യുവതിയെ പീഡിപ്പിച്ചത് സുഹൃത്ത്, വിവാഹം രജിസ്റ്റർ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചതിനു ശേഷം യുവതിയെ പീഡിപ്പച്ചത് ഭർത്താവും(?) അയാളുടെ സുഹൃത്തുക്കളും,  യുവതിയെ വാഹനത്തിൽ വെച്ച് പീഡിപ്പിച്ച സഹപ്രവർത്തകന്‍.... ഈ പട്ടിക ഇങ്ങനെ നീളുകയാണ്. കൊച്ചുകുട്ടികൾക്കും ഡൽഹിയിലെ പീഡനത്തിൽ നിന്ന് രക്ഷയില്ല. സ്കൂളിൽ വെച്ച് പീഡനത്തിന് ഇരയായി എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്ന സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പച്ചത് ആരാണന്ന് കണ്ടത്താൻ പോലീസിനു ഇതുവരയും കഴിഞ്ഞിട്ടില്ല. ഈ മാസം തന്നെ പത്തുവയസിൽ താഴെയുള്ള പെണ്‍കുട്ടികളുടേ നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടൂണ്ട്. എട്ടൂവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയൽക്കാരൻ , നിർത്തിയിട്ടിരുന്ന ബസിൽ കളിച്ചൂ കൊണ്ടീരുന്ന പത്തുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചത് ആ ബസിലെ ഡ്രൈവർ , മൂന്നുവയസുകാരിയെ പീഡിപ്പിച്ചത് അയൽക്കാരൻ, ഈ പട്ടികയിലെ അവസാനത്തെ ആയിരുന്നു അഞ്ചുവയസുകാരിക്കുനേറെയുള്ള അതിക്രൂരമായ ലൈംഗീക ആക്രമണം. മാർച്ച് 15 നു ഈസ്റ്റ് ഡൽഹിയിൽ നിന്ന് 13 വയസുള്ള പെൺകുട്ടിയെയും 10 വയസുള്ള അവളുടെ സഹോദരനെയും തട്ടിക്കൊണ്ട് പോവുകയും, സഹോദരന്റെ മുന്നിൽ വെച്ച് ആ പെൺകുട്ടിയെ എട്ടുപേർ ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസിലും പോലീസ് കേസ് രജിസറ്റർ ചെയ്യാൻ ആദ്യം വിസമ്മതിച്ചന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ പെൺകുട്ടി ഇപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. കുട്ടികൾക്കും യുവതികൾക്കും നേരെമാത്രമാണ് പീഡനം/പീഡന ശ്രമങ്ങൾ എന്നു കരുതേണ്ട. 80 വയസുള്ള വൃദ്ധയെ പീഡിപ്പിച്ചത് 27 വയസുകാരൻ പീഡിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്.

ഡൽഹിയുടെ ഭാഗമായി തന്നെ കരുതുന്ന ഗാസിയാബാദിൽ ട്യൂഷനുപോയ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത് കഴിഞ്ഞമാസമാണ്. പീഡനത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതശീരം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. ഡൽഹിയുടെ ഭാഗമായി തന്നെ കരുതുന്ന നോയിഡയിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടത്തെകയും യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബലാത്സംഗങ്ങളും, തട്ടിക്കൊണ്ടു പോകലും, കൊലപാതകവും ഒക്കെ കേന്ദ്ര സർക്കാർ നേരിട്ട് 'ക്രമസമാധാനം പരിപാലിക്കുന്ന' ഡൽഹിയിൽ നിത്യസംഭവം തന്നെ ആയിരിക്കുന്നു. ഡിസംബർ പതിനാറിനു ശേഷം ധാരാളം സ്ത്രിപീഡന/അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായെങ്കിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുന്നത് ഡിസംബറിനു ശേഷം ഇപ്പോൾ ആണ്.ഗാസിയാബാദിലും നോയിഡയിലും ജനങ്ങൾ റോഡ് ഉപരോധിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നെങ്കിലും അധികം മാധ്യമ ശ്രദ്ധ കിട്ടിയിരുന്നില്ല. ഡൽഹിയിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്കും മറ്റും പലകാരണങ്ങൾ ഉണ്ടാവുമെങ്കിലും 'പെൺ വേട്ടകൾ'ക്ക് എതിരെയുള്ള പ്രക്ഷോഭം എന്നുള്ള നിലയിൽ മറ്റുള്ള കാരണങ്ങളെ കണ്ടില്ലന്ന് നടിക്കാം.

ഡിസംബറിലെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലീസ് ശ്രമിച്ചു എങ്കിലും അതിനു കഴിഞ്ഞിരുന്നില്ല.അന്ന് ഇന്ത്യാഗേറ്റിൽ പ്രഖ്യാപിച്ച നിരോധനനാഞ്ജയെ കോടതിപോലും വിമർശിക്കുകയും ചെയ്തു. അന്ന് സമരം ജന്തർമന്ദറിലേക്കും രാഷ്ടപതിയുടെ വസതി സ്ഥിതി ചെയ്യുന്ന റയ്സാൻ കുന്നിലേക്കും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ പ്രക്ഷോഭത്തെ തടയാനായി പോലീസ് ഇന്ത്യാഗേറ്റിൽ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടൂത്തിയിട്ടൂണ്ട്. നിയമം പാലിക്കേണ്ട പോലീസ് നിയമം ലംഘിക്കുന്നത് കാണാൻ ഇടയാവുകയും ചെയ്തു. സ്ത്രികൾക്ക് എതിരെയുള്ള അതിക്രമം തടയാൻ പോലീസ് ശ്രമിക്കുന്നു എന്ന് പറയുമ്പോഴാണ്  സമരത്തിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസുകാരി ബീനു റാവിത്തിനെ ദയാനന്ദ് ആശുപത്രിയുടെ മുന്നിൽ വെച്ച്  അസി.കമ്മീഷ്ണർ ബി.എസ്.അഹ്‌ലാവത് നാലുപ്രാവിശ്യം മുഖത്ത് അടിക്കുകയും തെള്ളിമാറ്റുകയും ചെയ്തത്. ചോര ഒലിക്കുന്ന ചെവിയുആയി ആ പെൺകുട്ടി തുടർന്നും സമരത്തിൽ പങ്കെടൂത്തു. ആ പോലീസുകാരനെ  സസ്പൻഡ് ചെയ്തു എങ്കിലും ആ പെൺകുട്ടിയുടേ മുഖത്തടിക്കുകയും  തെള്ളിമാറ്റുകയും ചെയ്ത ആ നിയമപാലകൻ ആരെയാണ് തൃപ്തിപ്പെടുത്തിയത്???

പീഡനങ്ങൾ ഡൽഹിയിൽ മാത്രമല്ല
രണ്ട് ദിവസത്തിനു മുമ്പ് ഡൽഹിയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള അലിഘട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത കേട്ടു. രാവിലെ കാണാതെപോയ പെൺകുട്ടിയുടേ മൃതശരീരം പിറ്റേന്ന് ചവറ്റുകൂനയിൽ നിന്ന് ലഭിച്ചു. ജനങ്ങൾ അലിഘട്ട്-ഡൽഹി പാത ഉപരോധിക്കുകയും പോലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. സമരക്കാരിൽ ഉള്‍പ്പെട്ട വൃദ്ധയായ സ്ത്രിയെ മർദ്ദിച്ച ഇൻസ്പകടറെ സസ്പെൻഡു ചെയ്യുകയും ചെയ്തു. മധ്യപ്രദേശിൽ, മുപ്പത്തഞ്ചുകാരന്റെ ക്രൂരമായ ബലാത്സംഗത്തിനു ഇരയായ ഒരു അഞ്ചുവയസുകാരിയെ വിദഗ്ദ്ധചികിത്സയ്ക്ക് നാഗ്പൂരിലേക്ക് കൊണ്ടുപോയത് കഴിഞ്ഞ ദിവസമാണ്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ സഹോദരന്മാർ ബലാത്സംഗം ചെയ്ത വാർത്തയും പുറത്ത് വന്നിട്ട് അധിക കാലമായില്ല. ആഗ്രയിലെ ഹോട്ടല്മുറിയിൽ പീഡനശ്രമത്തെ ചെറുക്കാൻ ഹോട്ടല്മുറിയിൽ നിന്ന് ചാടിയ വിദേശ വനിതയുടെ കാലൊടിഞ്ഞതും പ്രതിയായ ഹോട്ടൽ ഉടമസ്ഥനെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ മാസമാണ്.ഭർത്താവിനോടൊപ്പം ഇന്ത്യകാണാൻവന്ന വിദേശവനിതയെ, രാത്രിയിൽ ഭർത്താവിനോടൊപ്പം ടെന്റ് അടിച്ച് വിശ്രമിക്കുമ്പോൾ ഭർത്താവിനെ ആക്രമിച്ചതിനുശേഷം  ബലാത്സംഗം ചെയ്തതും കഴിഞ്ഞമാസമാണ്. ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ രാജ്യത്തുള്ള സ്ത്രികൾക്ക് വിദേശരാജ്യങ്ങൾ സുരക്ഷാമുന്നറിയിപ്പ് വരെ നൽകി എന്നുള്ളത് ഇന്ത്യാ രാജ്യത്തിന്റെ പ്രതിച്ഛായ എത്രമാത്രം മറ്റ് രാജ്യങ്ങളിൽ ഉണ്ടാവും എന്ന് കരുതുക.(ഇന്ത്യയ്ക്ക് എന്ത് പ്രതിച്ഛായ എന്നും , സ്വന്തം രാജ്യത്തെ സ്ത്രികളെ സംരക്ഷിക്കാൻ പറ്റുന്നില്ല, പിന്നല്ലേ വിദേശ സ്ത്രികളുടെ സുരക്ഷ എന്നും നമുക്ക് മനസിൽ പറയാം) . മഹാരാഷ്‌ട്രയിൽ മൂന്നു സഹോദരിമാരെ കൊല്ലപ്പെട്ടനിലയിൽ കിണറ്റിൽ നിന്ന് കിട്ടിയ 'ദുരന്തം' ഇപ്പോൾ നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു. ആ കേസ് അന്വേഷ്ണത്തിന്റെ പുരോഗതി എന്താണ്?

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രികളുടെ സുരക്ഷ ഒരു പ്രശ്നം തന്നെയായി മാറുകയാണ്.കുട്ടികൾക്കെതിരെ പത്തുവർഷത്തിനുള്ളിൽ നടന്ന ബലാത്സംഗശ്രമത്തിനെടുത്ത് കേസുകളുടെ താഴെയുള്ള ലിസ്റ്റ് നോക്കുക. എത്രമാത്രം ഭീകരമാണ് അവസ്ഥ എന്ന് മനസിലാക്കാൻ പറ്റും.
 (പട്ടിക ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന്) 
കേസ് രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ ഇത്രയുമോ ഇതിൽ അധികമോ വരും എന്നും കൂടി ചിന്തിക്കുക. ഡൽഹിക്കും രാജസ്ഥാനം തൊട്ടുപുറകിൽ എട്ടാം സ്ഥാനത്ത് നമ്മുടെ കേരളവും ഉണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് പത്തുവർഷത്തിനുള്ളിൽ 2,101 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

ഇരകള്‍ എല്ലാം തുല്യരല്ല ???
മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ 'ഉൾപ്പെടുന്ന' ഇരകൾക്ക് മാത്രം നഷ്ടപരിഹാരവും നീതിയും കിട്ടിയാൽ മതിയോ?? ഡിസംബറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. അവളുടെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങാനും,ട്രെയിനിനു ആ പെൺകുട്ടിയുടെ പേര് നൽകാനും രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ആ കുട്ടിയുടെ ബന്ധുക്കൾ നഷ്ടപരിഹാരവും സഹോദരനു തൊഴിൽ വാഗദാനവും നൽകി. ഡൽഹിയിൽ തന്നെ ഫ്ലാറ്റും നൽകാമെന്ന് സർക്കാർ പറഞ്ഞു.വിദേശരാജ്യത്തിൽ നിന്നുപോലും ആളുകൾ ആ പെൺകുട്ടിയുടെ ബന്ധുക്കളെ സഹായിക്കാനായി ഇന്ത്യയിലേക്ക് വന്നു .നഷ്ടപ്പെട്ട ആളിനു പകരം ഇതൊന്നും ആകില്ലങ്കിലും ഇതൊക്കെ നൽകുന്നത് നല്ലതു തന്നെ. പക്ഷേ അതൊടൊപ്പം തന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട മറ്റ് 'ഇരകൾക്കായി' സർക്കാരും സംഘടനകളും എന്ത് ചെയ്തു??? മാധ്യമങ്ങളിലെ പ്രാദേശിക കോളത്തിൽ മാത്രം ഒതുങ്ങിപ്പോയ ആ ഇരകൾക്കും നഷ്ടപരിഹാരം കിട്ടേണ്ടതല്ലേ.?? മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട മൂന്നു കുഞ്ഞുങ്ങളുടെ അമ്മ സർക്കാർ നൽകാമെന്ന് പറഞ്ഞ ധനസഹായം നിരസിച്ചുകൊണ്ട് പറഞ്ഞത് ഓർക്കുക, "എന്റെ കുഞ്ഞുങ്ങൾക്ക് പകരം കുറേ പണം തന്നതുകൊണ്ട് എന്ത് പ്രയോജനം. നിങ്ങൾ ആ പണം കൊണ്ട് എന്റെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവരെ പിടികൂടുക. മറ്റൊരു അമ്മയ്ക്കും ഇങ്ങനെയൊരു ദുർവിധി ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക".
ഡൽഹിയിൽ ഉണ്ടാകുന്ന ചില 'ബലാത്സംഗശ്രമത്തിനെതിരെ' വൻ ജനരോഷം ഉണ്ടാവുകയും ചിലത് കണ്ടില്ലന്ന് നടിക്കുന്നതിനും,ചില വാർത്തകൾ കൂടുതൽ മാധ്യമപ്രാധാന്യം ലഭിക്കുന്നതിനും ഒക്കെ പലപലകാരണങ്ങൾ ഉണ്ടാവും. അരുന്ധതി റോയ് ചൂണ്ടികാണിച്ച കാരണങ്ങൾ ഒക്കെ ഇതിലുണ്ടാവാം.

മാറേണ്ടത് പോലീസ്
സ്ത്രികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടാനും കുറ്റവാളികൾ രക്ഷപെടാനും കാരണമാകുന്നത് പോലീസിന്റെ അലംഭാവവും നിസംഗതയും ആണ്. പരാതിനൽകാനായി വരുന്നവരോട് കേസ് ഒഴിവാക്കാനും നിർദ്ദേശിക്കുന്ന പലസംഭവങ്ങളും തുടർച്ചയായി ഉണ്ടാകുന്നു. പരാതിപോലും വാന്ങാൻ പലപ്പോഴും പോലീസ് തയ്യാറാവുന്നില്ല.

ഇപ്പോൾ ഡൽഹിയിൽ ഉണ്ടായതും അതുതന്നെയാണ്. കുഞ്ഞിനെ കാണാനില്ലന്ന് പരാതി നൽകാൻ ബന്ധുക്കൾ എത്തിയപ്പോൾ അത് വാന്ങാൻ പോലീസ് തയാറയില്ലത്രെ. ബന്ധുക്കൾ തന്നെ കുഞ്ഞിനെ കണ്ടെത്തിയപ്പോൾ കുഞ്ഞിന്റെ ഭാവിയെ ഓർത്ത് കേസ് ഒഴിവാക്കാൻ പോലീസ് ഉപദേശിക്കുകയും 2000 രൂപ നൽകാൻ ശ്രമിക്കുകയും ചെയ്തു. നിയമപാലകർ തന്നെ നിയമലംഘകർക്ക് കൂട്ടൂനിൽക്കുന്നു. അന്വേഷ്ണം നടത്തി എന്തിനു സമയം മിനക്കെടുത്തണമെന്നുള്ള ചിന്തയായിരിക്കും പോലിസിനു. പോലീസിന്റെ ഈ മനോഭാവം ആണ് മാറേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ കോൺസറ്റബിൾ വരെയുള്ളവർക്ക് തങ്ങൾ ജനങ്ങളുടെ സേവകർ ആണന്നും അവർക്കു നീതി നടത്തികൊടുക്കേണ്ടിയവർ തങ്ങളാണനും നിയമം നടത്തേണ്ടവരാണ് തങ്ങൾ എന്നും ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഡൽഹിയിലെ പോലീസിനുമാത്രമല്ല എല്ലായിടത്തെ പോലീസിനും ഈ ബോധം ഉണ്ടാകണം. ഡൽഹിയിലെ പോലീസ് കേന്ദ്രസർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് അവർക്കു സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമില്ല. ഡൽഹി പോലീസിന് പാവങ്ങളുടെ ജീവന്റെ സംരക്ഷണത്തെക്കാൾ വലുത് വി.ഐ.പി കളുടെ സംരക്ഷണമാണ്.

കുറ്റവാളികളെ സംരക്ഷിക്കുന്ന, അവരെ രക്ഷപെടാൻ സഹായിക്കുന്ന, നിയമം നടത്താൻ കൂട്ടാക്കാത്ത പോലീസുകാർക്ക് സ്ഥലമാറ്റമോ സസ്പനഷനോ നൽകി ജനങ്ങളുടെ പ്രതിഷേധം കുറയ്ക്കും. കുറേ നാളുകൾക്ക് ശേഷം അവർ വീണ്ടും ഇത് ആവർത്തിക്കും. സ്ഥലമാറ്റമോ സസ്‌പൻഷനോ നൽകാതെ ഇത്തരം പോലീസുകാരെ ഡിപ്പാർട്ടിമെന്റിൽ നിന്നു തന്നെ പുറത്താക്കുകയാണ് വേണ്ടത്. പോലീസിലുള്ള ക്രിമനലുകളെ പുറത്താക്കിയാൽ മാത്രമേ ജനങ്ങൾക്ക് നീതി ലഭ്യമാകൂ.

Thursday, April 18, 2013

നമുക്കിനി മഴവെള്ളം മണ്ണിൽ ശേഖരിച്ച് തുടങ്ങാം

കഴിഞ്ഞ വർഷം കാലവർഷം ചതിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കുകയാണ്. വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന നമ്മുടെ കേരളത്തിൽ മഴവെള്ളം ശേഖരിക്കൂന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ നമുക്കിനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു....

ഈ വർഷം കാലവർഷം നേരത്ത എത്തുമന്നും കൂടുതൽ മഴ ലഭിക്കുമെന്നും പറയപ്പെടുന്നു. എത്ര മഴ ലഭിച്ചാലും നമ്മൾ മാറി ചിന്തിച്ചില്ലങ്കിൽ ആ വെള്ളം വെറുതെ ഒഴുകി കടലിൽ പോവുകയേ ഉള്ളൂ....

കടുത്ത വേനലിൽ നമ്മുടെ ജലസ്രോതസുകൾ വരളുന്നതിനു നമ്മുടെ പങ്ക് കുറവല്ല. മഴവെള്ളം താഴാനും മണ്ണിന്റെ ജലാശം നിലനിർത്താനുമൊക്കെ ചെറിയ ചെടികൾക്കും പങ്കുണ്ട്. ഈ വർഷം വേനലിലെ വരൾച്ചയ്ക്ക് 'തൊഴിലുറപ്പ് പദ്ധതി'ക്കും പങ്കുണ്ടന്ന് ഞാൻ കരുതുന്നു. നമ്മുടെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രധാന തൊഴിൽ വർഷത്തിൽ രണ്ടു പ്രാവിശ്യം എങ്കിൽ വഴിവക്കിലെ സസ്യങ്ങൾ ചെത്തിമാറ്റുന്നതും കാന കോരുന്നതും ആണ്. മഴക്കാലത്തിനു മുമ്പ് സസ്യങ്ങൾ നശിപ്പിക്കുന്നതുകൊണ്ട് വെള്ളത്തെ തടഞ്ഞു നിർത്താനാവാതെ വരികയും മേല്മണ്ണ് ഇളകി ഒലിക്കുകയും വെള്ളം അധികം മണ്ണിൽ താഴാതെ കാനകളിൽ കൂടി ഒഴുകിപ്പോവുകയും ചെയ്തോളും. വെള്ളക്കെട്ടുകൾ ഉണ്ടായി സഞ്ചരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ കാന ഉണ്ടാക്കുന്നത് അംഗീകരിക്കാൻ പറ്റുമെങ്കിലും വെള്ളം താണാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത സ്ഥലങ്ങളിൽ കാന കോരുന്നത് 'തൊഴിൽ ദിനങ്ങൾ' സൃഷ്ടിക്കുന്നതിനു വേണ്ടിമാത്രം ആയിരിക്കും.

നമ്മൾ നമ്മുടെ മുറ്റത്ത് അല്പം പോലും മഴവെള്ളം താഴാൻ സമ്മതിക്കാതെ വീണാലുടനെ പുറത്ത് പോകാൻ മാർഗ്ഗം ഉണ്ടാക്കി നൽകും. മുറ്റത്ത് ടൈലുകൾ പാകുന്നത് കാഴ്ചയ്ക്ക് ഭംഗിയാണങ്കിൽ മഴവെള്ളം ഒരുതുള്ളി പോലും ഇറങ്ങാത്ത രീതിയിൽ ഇന്റർലോക്ക് ടൈൽ പാകിയാൽ വെള്ളം നമുക്ക് അന്യമാകുന്നതിൽ അത്ഭുതപ്പെടെണ്ട കാര്യമില്ല. നമ്മുടെ ആരാധനാലയങ്ങളുടെ വിശാലമായ മുറ്റങ്ങൾ പോലും തറയോട് പാകി മനോഹരമാക്കുന്നത് പുതുക്കാഴ്ചയാണ്. മണ്ണിലേക്ക് വെള്ളം താഴാനുള്ള മാർഗ്ഗങ്ങൾ അടച്ചാണ് ദൈവത്തിന് കാഴ്ച ഭംഗിക്കൂട്ടാന്‍ മനുഷ്യൻ ഓരോന്ന് ചെയ്യുന്നത്. ദൈവത്തിനു വെള്ളത്തിന്റെ ആവശ്യം ഇല്ലങ്കിലും മനുഷ്യന് തൊണ്ട നനയ്ക്കാനെങ്കിലും വെള്ളം വേണമല്ലോ?  

എന്റെ അഭിപ്രായത്തിൽ മഴ സംഭരണത്തിന്റെ പേരിൽ വീടിന്റെയും കിണറിന്റെയും അടുത്ത് നിന്ന് മീറ്ററുകൾ മാറി പറമ്പിൽ മഴസംഭരണ കിണർ എന്ന പേരിൽ ഉണ്ടാക്കുന്ന 'കിണറി'ലേക്ക് പുരമുകളിൽ നിന്ന് വെള്ളം നേരിട്ട് പി.വി.സി പൈപ്പുകളിലൂടെ ഒഴുക്കുന്നതിലും നല്ലത് സ്വാഭാവികരീതിയിൽ വെള്ളം താഴാനുള്ള ക്രമീകരണങ്ങൾ (കൂടി) ചെയ്യുന്നതാണ്. വലിയ പറമ്പുകളിൽ ഇടയ്ക്കിടെ കയ്യാലകൾ കെട്ടി വെള്ളം താഴാനുള്ള ക്രമികരണങ്ങൾ കൂടി ചെയ്യാം.(വാഴപ്പിണ്ടി നിരത്തിയെങ്കിലും വെള്ളം തടയാം.). ഇങ്ങനെ ചെയ്താൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മേല്മണ്ണ് ലിച്ചു പോകുന്നതും തടയാം.

നമ്മൾ  നമ്മുടെ പ്രകൃതിയൊടും സസ്യങ്ങളൊടും മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്. മഴപെയ്ത് പറമ്പിലോ റോഡിലോ പോച്ച കിളിച്ചാൽ ഉടൻ മരുന്ന് തളിച്ച് അതിനെ കരിച്ചു കളയും. സസ്യത്തെ കരിച്ചു കളയാൻ തക്ക പ്രഹരശേഷിയുള്ള വിഷം അടൂത്ത മഴയിൽ വെള്ളത്തിലൂടെ നമ്മുടെ ജലസ്രോതസുകളിൽ കലരുകയും ചെയ്യും. വെള്ളം ഭൂമിയിലെക്ക് ഇറങ്ങാനും മണ്ണ് ഒലിച്ച് പോകാതിരിക്കാനും ഒക്കെ ഈ ചെറിയ സസ്യങ്ങൾ നമുക്ക് എന്തുമാത്രം സഹായങ്ങൾ ചെയ്ത് തന്നിരുന്നു എന്ന് ഈ കടുത്ത വേനലിൽ എങ്കിലും നമുക്ക് മനസിലാക്കാൻ സാധിക്കുമെങ്കിൽ നന്ന്. പ്രകൃതിയുണ്ടങ്കിലേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നു നമുക്ക് മനസിലാക്കാൻ സാധിക്കണം.

വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ ചതുപ്പ് നിലങ്ങൾ നമ്മളെ സഹായീക്കുന്നുണ്ട്. പക്ഷേ ചതിപ്പു നിലങ്ങൾ നികത്തുമ്പോൾ അവിടയും നമ്മൾ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുള്ള മാർഗ്ഗം ഇല്ലാതാക്കുന്നു. ചതുപ്പ് നിലങ്ങൾ ഇല്ലാതാക്കാൻ നമുക്ക് കഴിയുമെങ്കിലും ചതുപ്പുനിലങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയില്ല.

ഇന്ന് വേനൽക്കാലത്ത് ,ആദ്യം കിണറുകൾ പറ്റുന്നത് നദികളൊട് ചേർന്നുള്ള പ്രദേശങ്ങളിലാണ്. മണൽ വാരി നദികൾക്ക് ആഴം കൂടിയതോടെ വേനൽക്കാലത്ത് കിണറുകളിൽ നിന്ന് വെള്ളം നദിയിലെക്ക് വലിയുന്നു. ഓരോ വർഷവും കിണറിന്റെ ആഴം കൂട്ടുക എന്നുള്ളത് നടക്കുന്ന കാര്യവും അല്ല. നമ്മൾ തന്നെ നമ്മുടെ കുടിവെള്ള സ്രോതസുകളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.

വെള്ളം കൂടുതലായി ഊറ്റുന്ന സ്ഥാപനങ്ങൾ നിശ്ചിതശതമാനം മഴവെള്ളം സംഭരിക്കണമെന്നുള്ളത് സർക്കാർ കർശ്നമായി നടപ്പാക്കുക കൂടി ചെയ്യണം. ഇന്ന് ഏറ്റവും കൂടുതൽ ലാഭകരമായി നടത്താവുന്ന ഒരു ബിസ്‌നസായി കുടിവെള്ള വിതരണം മാറിയിരിക്കുന്നു. ഒരുലിറ്റർ വെള്ളത്തിനു 10-15 രൂപ വരെ ഈടാക്കുന്നവർ ഉണ്ട്. ഇരുപതുലിറ്റർ വെള്ളത്തിനു 35 മുതൽ 75 രൂപ വരെയും. കുടിവെള്ളം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന എത്ര സ്ഥാപനങ്ങൾക്ക് സ്വന്തമായി മഴവെള്ള സംഭരണ സംവിധാനം ഉണ്ട്???
 
നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട്.

വെള്ളത്തെ ഒഴുക്കി വിടാതെ ഭൂമിയിലേക്ക് താഴാൻ അനുവദിക്കുക.

മുറ്റത്തെ സുന്ദരമാക്കാൻ തറയോടുകൾ പാകി വെള്ളത്തെ ഭൂമിയിലേക്ക് താഴാൻ അനുവദിക്കാതിരിക്കുന്നത് ഉപേക്ഷിക്കുക

പറമ്പുകളിൽ വീഴുന്ന വെള്ളം ശേഖരിക്കാൻ(മണ്ണിൽ ഇറങ്ങാൻ) ശ്രമിക്കുക.(കയ്യാല കെട്ടുകയോ ചെറിയ മഴക്കുഴികള് കുത്തുകയോ ചെയ്യുക)

കിണർ നിൽക്കുന്ന സ്ഥലത്തിനു ചുറ്റും വെള്ളം താഴാൻ അനുവദിക്കുക

വഴിവക്കിലെ പോച്ചചെത്തലും മരുന്നടിച്ച് കരിക്കലും ഒഴിവാക്കുക

ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക (മരങ്ങൾ എന്നുപറഞ്ഞാൽ റബർ മരം മാത്രം അല്ല).


ഇതൊന്നും നമുക്ക് ചെയ്യാൻ പറ്റുന്നില്ലങ്കിൽ നമുക്ക് പണം മുടക്കി തൊണ്ട നനയ്ക്കാൻ വെള്ളം വാങ്ങാം. അല്ലങ്കിൽ വെള്ളത്തിനായി വെട്ടിമരിക്കാം (വെള്ളത്തിന്റെ പേരിൽ ഉണ്ടായ വാക്കു തർക്കം രണ്ടുപേരുടെ മരണത്തിൽ അവസാനിച്ചത് കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വായിച്ചു)

(ഇതൊക്കെ എന്റെ അഭിപ്രായങ്ങൾ മാത്രം)