Wednesday, September 22, 2010

തൊഴിലുറപ്പ് പദ്ധതിയും കാനവെട്ടും

നമ്മുടെ നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം നടക്കുന്നതില്‍ ഒട്ടുമിക്കതും റോഡ് സൈഡിലെ പോച്ച ചെത്തലും കാനവെട്ടലും ആണന്ന് തോന്നുന്നു. കാന എന്നു പറഞ്ഞാല്‍ ഒന്ന് രണ്ട് തൂമ്പാ താഴ്ചയുള്ള കാന!! ഒരു മഴ കഴിയുമ്പോള്‍ തന്നെ ഈ കാനകള്‍ മണ്ണ് വീണ് നികരുകയും ചെയ്യും. ഒന്നോരണ്ടൊ മാസങ്ങള്‍ കഴിയുമ്പോള്‍ വഴിവക്കില്‍ ആരോടോ വാശി തീര്‍ക്കാന്‍ എന്നവണ്ണം കാട് വളരുകയും ചെയ്യും.. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുക എന്നതോടൊപ്പം സ്ഥിര ആസ്തി സൃഷ്ടിക്കല്‍, ഉത്പാദന വർദ്ധനവ്, പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തല്‍എന്നീ ലക്ഷ്യങ്ങളും ഈ തൊഴില്‍ പദ്ധതിക്ക് ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ എന്തുകൊണ്ടോ 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി എന്ന് വരുത്തി ഫണ്ട് ചിലവഴിക്കുക എന്നതില്‍ കവിഞ്ഞ് ഒട്ടുമിക്ക പഞ്ചായത്തുകള്‍ക്കും താല്‌പര്യമില്ലന്ന് തോന്നുന്നു. ഞങ്ങളുടെ നാട്ടില്‍ തന്നെ റോഡിലെ പോച്ചചെത്തും കനാലിലെ കാടുതെളിക്കലും ആണ് തൊഴിലുറപ്പ് പദ്ധതിയിലെ പരിപാടികള്‍. അവിടെ എന്തെങ്കിലും മറ്റ് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് അദ്ധതിയില്‍ നടക്കുന്നതായി അറിയില്ല. 


നാട്ടിലെ ചില അയല്‍ക്കൂട്ടങ്ങള്‍ നിലം പാട്ടത്തിനെടൂത്ത് നെല്‍‌കൃഷി നടത്തുന്നുണ്ട്. എന്തുകൊണ്ട് പഞ്ചായത്ത് മുന്നിട്ടിറങ്ങി തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നില്ല? തൊഴിലാളികള്‍ക്ക് റോഡിലെ പോച്ച ചെത്തുന്ന പണം നല്‍കി അവര്‍ക്ക്കൃഷി ചെയ്യാനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കുറച്ചൊക്കെ ഭക്ഷ്യ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ കൃഷി വകുപ്പ് എന്നൊരു വകുപ്പുതന്നെ ഉണ്ടന്നൂടെ ഓര്‍ക്കണം. അവര്‍ കൂടി ശ്രമിച്ചാല്‍ നമുക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷി വ്യാപിപ്പിക്കാന്‍ കഴിയും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടത്താനും പ്രയാസമുണ്ടാവില്ല. പല പഞ്ചായത്തുകളിലും നിലങ്ങള്‍ തരിശായി കിടക്കുകയാണ്. 

പല പഞ്ചായത്തുകളിലും അവരുടെ കൈവശം കുറച്ച് ഭൂമികാണും. അവിടെ കൃഷിയോ,കാലിവളര്‍ത്തലോ ഒക്കെ നടത്താവുന്നതാണ്. ഈ ഓണക്കാലത്ത് ഒരു കിലോ നാടന്‍ പയറിന് കിലോയ്ക്ക് 60 രൂപായായിരുന്നു വില. അതുപോലെ മറ്റ് പച്ചക്കറികള്‍ക്കും നല്ല വിലതന്നെ ആയിരുന്നു. പച്ചക്കറി കൃഷിയിലേക്കും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ നല്‍കിയാല്‍ നമുക്കാവിശ്യമുള്ള പച്ചക്കറിയുടെ കാല്‍ ഭാഗമെങ്കിലും നമുക്ക് ഉല്പാദിപ്പിക്കാന്‍ കഴിയും. 

(***ഇത് എന്റെ അഭിപ്രായം മാത്രം) 
(**ചിത്രം: തൊഴിലുറപ്പ് പദ്ധതിപ്രകാരം വഴിവക്കിലെ കാട് തെളിയിക്കുന്നവര്‍. കുടശ്ശനാട് എന്ന സ്ഥലത്ത് നിന്ന് എടുത്തത്)

Saturday, September 11, 2010

പത്മനാഭപുരം കൊട്ടാരം :: Padmanabhapuram Palace

തിരുവനന്തപുരത്തുനിന്നും 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ (കന്യാകുമാരിയിലേക്ക് ) തക്കല എന്ന സ്ഥലത്തെത്താം. ഇവിടെനിന്നും രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളം എന്ന ഗ്രാമത്തിലെത്താം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം ഇതാണ്. ഇവിടെയാണ് പത്മനാഭപുരം കൊട്ടാരം. സന്ദര്‍ശക പാസ് എടുത്താല്‍ ഈ കൊട്ടാരത്തിലേക്ക് കടക്കാം. പാദരക്ഷകള്‍ ഇട്ടുകൊണ്ട് കയറാന്‍ പറ്റില്ല. ടിക്കറ്റ് കൌണ്ടറിനടൂത്ത് തന്നെ പാദരക്ഷകള്‍ സൂക്ഷിക്കാം

ഇവിടെ നിന്നാണ് നമ്മള്‍ അകത്തേക്ക് കയറുന്നത്.

നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൂമുഖത്താണ്.ഇവിടെ നിന്ന് പടി കയറി ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് ഈ വിളക്കാണ്. ഇതിനെ കുതിര വിളക്കന്നാണ് പറയുന്നത്. ഈ വിളക്ക് ബാലന്‍സ് ചെയ്തു നില്‍ക്കുന്നത് ശ്രദ്ധിക്കുക.


ഈ പൂമുഖത്ത് നിന്നാണ് രാജാവ് അത്ഥികളെ സ്വീകരിക്കുന്നത്. രാജാവ് ഇരിക്കുന്ന സിംഹാസനവും ഉപയോഗിച്ച കട്ടിലും ഇവിടെ കാണാം. സിംഹാസനം എന്നു പറയുമ്പൊള്‍ സ്വര്‍ണ്ണവും രത്നങ്ങളും പതിച്ച ഒന്നാണന്ന് കരുതേണ്ട.


ഈ പൂമുഖത്ത് തന്നെ ഓണക്കാലത്ത് തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചിരുന്ന ഓണവില്ലുകള്‍ സൂക്ഷിച്ചു വച്ചിട്ടൂണ്ട്.


ഇതാണ് മന്ത്രശാല .ഇവിടെയിരുന്നാണ് രാജാവ് രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നത്. ഒരു മുഖപ്പ് മാത്രമുള്ള ഈ മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകള്‍ ഉണ്ട്.


ഇതാണ് ഊട്ടുപുര. ദിവസവും രണ്ടായിരം പേര്‍ക്കാണ് ഇവിടെ സദ്യ നല്‍കിയിരുന്നത്.

ഇത് തായ്ക്കൊട്ടാരത്തിലെ കന്നിത്തൂണ്‍. കൊത്തുപണികളോടെ വരിക്കപ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച താണിത്.

ഇത് തായ്ക്കൊട്ടാരത്തിലെ നടുമുറ്റത്തോട് ചേര്‍ന്നുള്ള തുരങ്ക പാതയുടെ വാതിലാണിത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചാരോടു കൊട്ടാരത്തിലേക്കാണ് ഈ പാത.


ഈ കട്ടില്‍ ഔഷധ കൂട്ടുകളോടെ നിര്‍മ്മിച്ചതാണ്. രാജാവ് ഉപയോഗിച്ച കസേരയും എഴുത്തു മേശയും കാണാം

നമ്മളിപ്പോള്‍ നില്‍ക്കുന്നത് രാജ്ജിമാരുടെ ഡ്രസിംങ്ങ് റൂമിലാണ്. ആട്ടുകട്ടിലിനു പിമ്പിലായി കാണുന്നത് ബല്‍ജിയം നിര്‍മ്മിതമായ നിലക്കണ്ണാടി ആണ്.


ഈ കാണുന്നത് കൊട്ടാരത്തിനുള്ളിലെ ഒരു ശൌചാലയം ആണ്.


കൊട്ടാരത്തിലെ സ്ത്രികള്‍ക്ക് പ്രധാന ആഘോഷ പരുപാടികളിലേക്ക് പ്രവേശനം ഇല്ലായിരുന്നു. അവര്‍ പരിപാടികള്‍ കണ്ടിരുന്നത് ഈ വഴി ആയിരുന്നു.


ഇതാണ് അമ്പാരി മുഖപ്പ്. മഹാരാജാക്കന്മാര്‍ ഉത്സവ ദിവസങ്ങളില്‍ തേരോട്ടം വീക്ഷിച്ചി രുന്നതും വിശേഷ ദിവസങ്ങളില്‍ പ്രജകള്‍ക്ക് ദര്‍ശനം നല്‍കിയിരുന്നതും ഇവിടെ ഇരുന്നാണ്. ആഘോഷങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുമ്പോള്‍ ആനപ്പുറത്ത് ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇരിപ്പടത്തെയാണ് അമ്പാരി എന്ന് വിളിക്കുന്നത്. അമ്പാരിയുടെ മാതൃകയിലാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്.


കൊട്ടാരത്തിലെ കുളവും കൊട്ടാരത്തില്‍ നിന്ന് കുളത്തിലേക്ക് ഇറങ്ങാനുള്ള കല്പടവുകളും ആണിത്

ആവിശ്യമായ വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. ഒറ്റ നോട്ടത്തില്‍ കുളത്തില്‍ നിന്ന് വെള്ളം കോരി എടുക്കുവായിരുന്നു എന്ന് തോന്നാമെങ്കിലും അടുത്ത് ചെന്ന് നോക്കിയാല്‍ കുളത്തിനകത്തെ കിണര്‍ കാണാം. കുളത്തിലെ വെള്ളവും കിണറ്റിലെ വെള്ളവും തമ്മില്‍ ഇടകലരാത്ത രീതിയിലാണ് കിണറിന്റെ നിര്‍മ്മാണം.ഇതാണ് നവരാത്രി നൃത്തമണ്ഡപം. (മണിചിത്രത്താഴ് എന്ന് സിനിമയിലൂടെ ഈ നൃത്ത മണ്ഡപത്തിന്റെ ദൃശ്യം നമ്മുടെ മനസില്‍ ഇപ്പോഴും ഉണ്ടാവും). കരിങ്കല്‍ തൂണുകളിലെ ശില്പങ്ങള്‍ക്ക് ജീവനുണ്ടോ എന്ന് സംശയിച്ചു പോകും.

നവരാത്രി മണ്ഡപത്തിലെ കല്‍ത്തൂണുകളിലെ ചില ശില്പങ്ങള്‍
ദിവസവും രണ്ടായിരം പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുനുള്ള അടുക്കളയിലെ ക്രമീകരണങ്ങള്‍ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാന്‍ പറ്റുമോ? മോരും രസവും ഒക്കെ കരിങ്കല്‍ പാത്രങ്ങളില്‍ സൂക്ഷിക്കുക ആയിരുന്നത്രേ പതിവ്....


താഴത്തെ ചിത്രം എന്താണന്ന് മനസിലായോ? ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിക്കാപെടാവുന്ന താണ് ഇത്. വലിയ പാത്രങ്ങളില്‍ വയ്ക്കുന്ന ചോറ് വാര്‍ക്കാനുള്ള ക്രമീകരണം ആണിത്. ചവിട്ടില്‍ ഇരുന്ന് ആ ഉരുണ്ട ഭാഗങ്ങളില്‍ പാത്രം ഉറപ്പിച്ചായിരുന്നു കഞ്ഞി പാത്രങ്ങളിലെ വെള്ളം വാര്‍ത്തിരുന്നത്.


താഴെ കാണുന്ന പടം ഒന്ന് ശ്രദ്ധിക്കുക. ഇത് അടുക്കളയില്‍ പാത്രം കഴുകി വയ്ക്കുന്ന ഭാഗം ആണ്. ഉഅയര്‍ന്ന സ്ഥലത്ത് ആണ് പാത്രം കഴുകിവയ്ക്കുന്നത്. അവിടെ നിന്ന് വെള്ളം ഊര്‍ന്ന് അടയാളം ഇട്ടിരിക്കുന്ന ഭാഗത്തേക്ക് വരും. അവിറ്റിത്തെ കിഴുത്തകളിലൂടെ വെള്ളം മണ്ണിലേക്ക് വലിയും. ഈ അടുക്കളിയില്‍ എവിടെ വെള്ളം വീണാലും ഈ ഭാഗത്തുകൂടി ഒഴുകിപ്പോകാനുള്ള ക്രമീകരണത്തിനുള്ള ചരിവ് തറയ്ക്ക് ഉണ്ട്.കൊട്ടാരത്തിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഇനി നമ്മള്‍ പോകുന്നത് മ്യൂസിയത്തിലേക്കാണ്. പഴയ ആയുധങ്ങള്‍ , നാണയങ്ങള്‍, ശില്പങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയുന്നത്.

കഴുമരം
കുറ്റവാളികള്‍ക്ക് കഴുമരം എന്നത് പണ്ടുമുതലേ ഉള്ള ശിക്ഷ ആയിരിക്കും. ചിത്രത്തില്‍ കാണുന്നത് ഒരു കഴുമരം ആണ്. കഴുമരം ശിക്ഷയായി ലഭിക്കുന്നവരെ ഈ കഴുമരത്തില്‍ കയറ്റി കൊട്ടാരത്തിന് അടുത്തു തന്നെയുള്ള കഴുകന്‍ പാറ എന്ന പാറയില്‍ കൊണ്ടു പോയി അവിടെയുള്ള മരങ്ങളില്‍ തൂക്കിയിടും. ബന്ധനസ്ഥനായി കിടക്കൂന്ന കുറ്റവാളിയെ കഴുകന്മാര്‍ കൊത്തിവലിക്കുകയും ചെയ്യും. ഇങ്ങനെയായിരുന്നു കഴുമരം വിധിക്കപെടുന്നവരുടെ അന്ത്യം.

ആയുധങ്ങള്‍
താഴത്തെ ചിത്രത്തില്‍ കാണുന്നത് ചെമ്പകശേരി വാള്‍, വേലുത്തമ്പി ദളവ, രാജാകേശവദാസന്‍ എന്നിവരുടെ വാളുകള്‍ ആണ്.
ഡച്ചു തോക്കുകളാണ് താഴെ കാണുന്നത്.

ഈ മ്യൂസയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശില്പങ്ങളില്‍ ചിലത്.


മ്യൂസിയത്തില്‍ നിന്നും പുറത്ത് വരുന്നതോടെ ഏകദേശം രണ്ടുമണിക്കൂര്‍ എടുത്ത കൊട്ടാരം സന്ദര്‍ശനം കഴിഞ്ഞു ചെരുപ്പും എടുത്ത് അടുത്ത് നമ്മള്‍ കൊട്ടാരത്തില്‍ നിന്ന് യാത്രയാവുന്നു..

കൊട്ടാരത്തിലെ മറ്റ് ചില ദൃശ്യങ്ങള്‍ഓര്‍ക്കുക
തിങ്കള്‍ ഒഴികെ മറ്റ് ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആണ് സന്ദര്‍ശന സമയം. തിങ്കള്‍ അവിധി. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം. ക്യാമറ/ വീഡിയോ എടുക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. മൈബൈല്‍ ക്യാമറകള്‍ ഓഫാക്കാന്‍ നിര്‍ദ്ദേശം കിട്ടും. ഒരിക്കലും കൊട്ടാരം പെട്ടന്ന് കണ്ട് തീര്‍ക്കാന്‍ ശ്രമിക്കരുത്. എല്ലാ‍യിടത്തും ഗൈഡുകള്‍ ഉണ്ട്. അവര്‍ നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു തരും. എല്ലാഭാഗത്തും ആവിശ്യമായ സൂചകങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്.

Tuesday, September 7, 2010

സര്‍ക്കസ് ജീവിതങ്ങള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി സര്‍ക്കസ് കാണാന്‍ പോകുമ്പൊള്‍ മനസില്‍ ഉണ്ടായിരുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുള്ള സര്‍ക്കസ് ആയിരുന്നു. നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളും സര്‍ക്കസുകാരുടേയും കോമാളികളുടേയും മൃഗങ്ങളുടേയും പ്രകടനങ്ങളില്‍ കൈയ്യടിക്കുന്ന കൊച്ചു കുട്ടികളും ഒക്കെ സര്‍ക്കസ് കൂടാരങ്ങളുടെ ചരിത്രത്തില്‍ മാത്രമേ ഉണ്ടാകൂ എന്ന് മനസിലാക്കാന്‍ ഞാന്‍ താമസിച്ച് പോയിരിക്കുന്നു. വന്യമൃഗങ്ങളുടെ പ്രകടനങ്ങളുടെ പോസറ്ററുകള്‍ പതിച്ച ഭിത്തികളില്‍ നോക്കി നിന്ന് അത്ഭുതപ്പെട്ടിരുന്ന ബാല്യങ്ങള്‍ക്ക് പകരം ഇന്നത്തെ ബാല്യം ഡി‌സ്ക്കവറി ചാനലിനുമുന്നില്‍ അടിമപ്പെട്ടു പോയി എന്ന് മനസിലാക്കാതിരുന്നത് എന്റെ തെറ്റ്. സര്‍ക്കസ് കൂടാരങ്ങള്‍ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ നിശബ്ദ്ദമാണ്. വളരെക്കുറച്ച് കാണികള്‍. പക്ഷേ ആ തമ്പില്‍ ജീവിക്കുന്നവര്‍ക്ക് പ്രകടനങ്ങള്‍ നടത്താതിരിക്കാന്‍ കഴിയില്ലല്ലോ? കാരണം അതാണ് അവരുടെ ജീവിതം. അത് ഇല്ലങ്കില്‍ അവര്‍ക്ക് ജീവിതം ഇല്ല. ഒഴിവാക്കപ്പെട്ട മൃഗങ്ങള്‍ക്ക് പകരം ആ മനുഷ്യര്‍ പലപ്പോഴും മൃഗങ്ങളുടെ കുറവ് നികത്താന്‍ ജീവിതം കൈവിട്ട് അത്ഭുത പ്രകടനങ്ങള്‍ കാണിക്കുന്നു. ശുഷ്കമായ കൈഅടികളില്‍ അവര്‍ പ്രചോദിരതരാകുന്നു.

രണ്ടിടത്തായി കെട്ടിഉയര്‍ത്തിയ പ്ലാറ്റ്‌ഫോമിലേക്ക് അവര്‍ കയറുന്നതോടെ സര്‍ക്കസ് ആരംഭിക്കുന്നു. ടെന്റിനുള്ളിലെ ലൈറ്റുകള്‍ ഊഞ്ഞാലുകളിലേക് പ്രകാശം പകരുമ്പോള്‍ അവര്‍ ജീവിതം തുടങ്ങുന്നു. കൈവിട്ട കൈകളിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ വെമ്പുന്ന അവര്‍ ഊഞ്ഞാലുകളില്‍ നിന്ന് ഊഞ്ഞാലുകളിലേക്ക് വായുവിലൂടെ പറന്ന് നടക്കുന്നു. ഊഞ്ഞാല്‍ എറിഞ്ഞു കൊടുക്കുന്നവനോ ഊഞ്ഞാലുകളില്‍ കൈനീട്ടി കിടക്കുന്നവനോ അവന്റെ കൈകളില്‍ പിടിക്കാനായി കൈ നീട്ടുന്നവര്‍ക്കോ സെക്കന്‍ഡില്‍ ഒന്ന് പിഴച്ചാല്‍ താഴേക് വീഴുന്നത് അവരുടെ ജീവിതം ആണ്. താഴേക് വീഴുമ്പോള്‍ അവന്‍ ദൈവത്തെ വിളിക്കുമ്പോള്‍ കാണികള്‍ അവന്റെ പ്രകടനമില്ലായ്മയെ കുവി വിളിക്കും. പക്ഷെ അവന് പിഴയ്ക്കാറില്ല. പിഴച്ചാല്‍ ജീവിതവും പിഴയ്ക്കുമെന്ന് അവനറിയാം. ലൈറ്റുകള്‍ ഓഫായി അരണ്ട നീലവെളിച്ചത്തിലൂടെയും അവര്‍ ഊഞ്ഞാലുകളില്‍ നിന്ന് ഊഞ്ഞാലുകളിലേക്ക് മാറുമ്പൊള്‍ താഴെ കാണികള്‍ പുതിയ അഭ്യാസങ്ങള്‍ക്കായി കാത്തിരിക്കുകയായിരിക്കും. വായുവിലൂടെ കരണം മറഞ്ഞും കറങ്ങിയും അവര്‍ ഊഞ്ഞാലുകളില്‍ തൊടുമ്പൊല്‍ കാണികള്‍ കൈ അടിക്കും. കുള്ളന്റെ പാന്റ്മാത്രം ഊഞ്ഞാലുകാരന്റെ കൈയ്യില്‍ കിട്ടുകയും കുള്ളന്‍ താഴെകെട്ടിയ വലയിലേക്ക് വീഴുകയും ചെയ്യുമ്പോള്‍ ഏതോ കുഞ്ഞ് മാത്രം ചിരിക്കുന്നു.


അവര്‍ വായുവില്‍ കരണം മറിയുമ്പോള്‍ പലപ്പോഴും എന്റെ ശ്വാസം നിലയ്ക്കുന്നതായി തോന്നി. അവരെക്കാള്‍ ഭയം കാണുന്ന എനിക്കോ? ഒന്നു താഴേക്ക് പതിച്ചാല്‍ സിനിമയിലെ നായകന്മാരെപ്പോലെ അവര്‍ക്ക് എഴുന്നേറ്റ് വരാന്‍ കഴിയില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. “ഇതൊക്കെ സര്‍ക്കസ് ആണോ? ഇതിലും വലിതും നമ്മള്‍ ടിവിയില്‍ കാണുന്നതല്ലേ?” പുറകില്‍ ഇരിക്കുന്ന ആരുടയോ സംസാരമാണ്. ടെലിവിഷനും മറ്റ് വിനോദമാധ്യമങ്ങളും കൊണ്ട് തകര്‍ന്നത് ഈ തമ്പിലെ ആളുകളുടെ ജീവിതം ആണ്. വര്‍ഷം തോറും മാറിവരുന്നനിയമങ്ങളെ തുടര്‍ന്ന് മൃഗങ്ങള്‍ കൂടാരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതോടെ സര്‍ക്കസ് കാണാന്‍ എത്തിയിരുന്ന കുട്ടികളുടെ എണ്ണം ചുരുങ്ങി. എങ്ങനെ വേട്ടയാടാം എന്ന് അവര്‍ ടോം ആന്‍ഡ് ജെറി കണ്ട് പഠിക്കുകയാണിപ്പോള്‍.....
ഈ തമ്പുകളില്‍ സര്‍ക്കസല്ല നടക്കുന്നത് അതിജീവനമാണ്. കൂടാരത്തിന്റെ മധ്യഭാഗത്ത് നിന്ന് ഇറങ്ങി വരുന്ന കൊളുത്തില്‍ ഉയര്‍ന്ന് ശരീരം കറക്കുമ്പോഴും കൂടാരത്തിന്റെ മുകളിലെ കയറുകളിലെ കൊളുത്തുകളിലൂടെ തലകുത്തി നടക്കുമ്പോഴും ഒരുത്തന്റെ ശരത്തില്‍ കെട്ടിയ ബേല്‍റ്റിലെ കൊളുത്തില്‍ ശരീരം പമ്പരം പോലെ കറക്കുമ്പോഴും കാണികളുടെ കൈയ്യടി
അവര്‍ കേള്‍ക്കുന്നുണ്ടാവുമോ? സര്‍ക്കസില്‍ നിറഞ്ഞു നിന്നിരുന്ന കടുവയും പുലിയും സിംഹവും എല്ലാം പഴങ്കഥകള്‍ ആണ്. സര്‍ക്കസ് കൂടാരങ്ങളുടെ നടവില്‍ ഇരുമ്പു‌കോട്ട തീര്‍ത്ത് അതില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൃഗങ്ങളുടെ അഭ്യാസങ്ങള്‍ കാണാനായിരുന്നല്ലോ ആളുകള്‍ സര്‍ക്കസ് കൂടാരങ്ങളിലേക്ക് വന്നിരുന്നത്? ഇരുമ്പുകോട്ടയ്ക്കുള്ളിലെ കയറിലൂടെ നടക്കുന്ന പുലിയും തീയിലൂടെ ചാടുന്ന കടുവയും ഭയപ്പെടുത്തുന്ന ശബ്ദ്ദത്തോടെ കെട്ടിമറിയുന്ന സിംഹങ്ങളും എല്ലാം മങ്ങിയ ഓര്‍മ്മകളായി മനസില്‍ ഇപ്പോഴും ഉണ്ട്. ആ മങ്ങിയ ചിത്രങ്ങള്‍ക്ക് പകരം ഇന്നത്തെ സര്‍ക്കസ് നല്‍കുന്നത് മനുഷ്യരുടെ അഭ്യാസ പ്രകടനങ്ങളാണ്. മനുഷ്യര്‍ തന്നെ അഗ്നിയിലൂടെ ചാടുകയും നടക്കുകയും, മൂര്‍ച്ചയേറിയ കത്തിയുടെ മുകളില്‍ നില്‍ക്കുകയും കത്തിയുടെ കിടക്കൂകയും ചെയ്യുമ്പോള്‍ മനസില്‍ ഉയരുന്ന നിലവിളി തൊണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. അടുത്ത് ഇരിക്കുന്നവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഈ കത്തിപ്പുറത്ത് കിടക്കൂന്നതാണോ വലിയ കാര്യം എന്ന ഭാവമാണ് അവന്റെ മുഖത്ത്.


ഞാന്‍ ആദ്യമായിട്ട് ഹിപ്പോയെ കാണുന്നത് ഏതോ സര്‍ക്കസിലാണ്. ഹിപ്പോയെമാത്രമല്ല ഒട്ടകത്തേയും കുതിരേയും സിംഹത്തേയും ഒക്കെ കാണുന്നത് സര്‍ക്കസിലാണ്. പക്ഷേ ഇന്ന് സര്‍ക്കസില്‍ അവശേഷിക്കുന്നത് ഒട്ടകവും ആനയും കുതിരയും ആണ്. കുറച്ചു നാളുകള്‍ക്ക് ശേഷം ആനയും തമ്പുകളില്‍ നിന്ന് അപ്രത്യക്ഷമാകും. ആനയുടെ ഫുട്ബോളും,ക്രിക്കറ്റും. രണ്ടുകാലില്‍ നടത്തവും , സ്റ്റൂളിലെ ഇരുപ്പും ഇനി സര്‍ക്കസ് കൂടാരങ്ങള്‍ക്കും ഓര്‍മ്മയാകും. പുതിയ പുതിയ ഐറ്റങ്ങളുമായി റിംങ്ങ് മാസറ്റര്‍‌മാര്‍ സര്‍ക്കസ് കുടാരങ്ങളില്‍ തന്നെ ഉണ്ടാവും. പ്ലാസ്റ്റിക് ഗേളായും വണ്ടര്‍ ഗേളായും ഒക്കെ ശരീരത്തെ മടക്കി ഒടിക്കുന്നവര്‍, സാരിത്തുണിയില്‍ ശരീരത്തെ ചുരുട്ടി കൂടാരത്തിന്റെ മുകളിലേക്ക് കറങ്ങുന്നവര്‍ ഇങ്ങനെ എത്രയോ കാഴ്ചകള്‍.... തിരിഞ്ഞും മറിഞ്ഞും കുനിഞ്ഞും നിന്ന് ലക്ഷ്യത്തിലേക്ക് വെടി വയ്ക്കുന്നവര്‍... ശരീരങ്ങള്‍ കൊണ്ട് പിരിമിഡ് തീര്‍ക്കൂന്നവര്‍ .... ഇപ്പോള്‍ സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് കാണുന്നത് വര്‍ണ്ണക്കാഴ്ചകളല്ല മനുഷ്യരുടെ ഉപ്പുകലര്‍ന്ന ജീവിതമാണ്.

ജോക്കര്‍ എറിഞ്ഞു കൊടുക്കുന്ന വളയങ്ങള്‍ പിടിച്ച് അത് ശരീരത്തിലൂടെ കറക്കുകയാണ് അവള്‍. കാല് മുതല്‍ മാര്‍ വാര്‍ വരെ ചലപ്പിച്ച് അവള്‍ വളായങ്ങള്‍ കറക്കി കൊണ്ടിരിക്കുന്നു. അവളുടെ ചലനങ്ങളില്‍ രസം പിടിച്ച കാണികളുടെ കൈയ്യടികളില്‍ അവള്‍ വളയങ്ങള്‍ ഓരോന്നായി ശരീരത്തില്‍ നിന്ന് താഴേക്ക് ഇട്ടിട്ട് വീണ്ടും കാലിലെ ചലനങ്ങള്‍ കൊണ്ട് ആ വളയങ്ങള്‍ വിണ്ടും ശരീരത്തിലേക്ക് കയറ്റുന്നു. ഇനി ഒരു വളയും കുടി ഉണ്ട് ശരീരത്തിലേക്ക് കയറാന്‍. അവളത് കുരേ ശ്രമിച്ചിട്ടും കാലിലേക്ക് കയറ്റാന്‍ കഴിയുന്നില്ല. കാണികളില്‍ ചിലര്‍ കൂകുന്നു. ചിലര്‍ കൈയ്യടിച്ച് അവളെ പ്രോത്സാഹിപ്പിക്കുന്നു.അവളുടെ മനസില്‍ കൂവലും കൈയ്യടിയും ഇല്ല. ആ വളയം കയറ്റാന്‍ പറ്റിയില്ലങ്കില്‍ കൂടാരത്തില്‍ നിന്ന് കേള്‍ക്കാന്‍ പോകുന്ന തെറിവിളികള്‍ ആയിരിക്കും അവളുടെ മനസില്‍. കൂവലുകളെക്കാള്‍ കൈയ്യടി ശബ്ദ്ദം ഉയരുമ്പോള്‍ അവളുടെ ശരീരത്തിന്റെ വേഗത കൂടുന്നു. കാണികളുടെ പ്രോത്സാഹനം.. ആ വളയവും അവള്‍ ശരീരത്തിലൂടെ കറക്കി തലയിലൂടെ പുറത്ത് എടുക്കുമ്പോള്‍ കൈയ്യടി വീണ്ടും ഉയരുന്നു...

ജോക്കര്‍മാര്‍ മനുഷ്യരെ ചിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ വൈകല്യത്തെ ചിരിയാക്കി മാറ്റാന്‍ അവര്‍ശ്രമിക്കുന്നു എങ്കിലും ആളുകള്‍ ചിരിക്കുന്നില്ല. ചിരിക്കാന്‍ മറന്നു പോയ ഒരു കൂട്ടരായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കസ് കൂടാരങ്ങളോടോപ്പം സഞ്ചരിക്കുന്ന ഇവരില്‍ ഇന്ത്യക്കാരും ആഫ്രിക്കക്കാരും റഷ്യക്കാരും നേപ്പാളികളും ഉണ്ട്. ഇവരെല്ലാം ജീവിതത്തെ സര്‍ക്കസാക്കി ഈ തമ്പുകളില്‍ കഴിഞ്ഞു കൂടുന്നവരാണ്. സിനിമയിലെ നായകന്‍ ഉയരത്തില്‍ നിന്ന് താഴേക്ക് ചാടുമ്പോള്‍ നമ്മള്‍ കൈയ്യടിക്കുന്നത് നായകനോ അയാള്‍ക്ക് വേണ്ടി ആ ചാട്ടം ചാടിയ ഡ്യൂപ്പിനോ? ജീവന്‍ പണയം വച്ച് സംഘടന രംഗങ്ങളില്‍ അഭിനയിച്ചു എന്നു അഭിമുഖങ്ങളില്‍ പറയുന്നവര്‍ ഈ സര്‍ക്കസ് കൂടാരങ്ങളിലെ ഇവരുടെ ജീവിതം കണ്ടാല്‍ എന്തുപറയും? സര്‍ക്കസ് കൂടാരങ്ങളിലെ കലാകാരന്മാര്‍ തങ്ങളുടെ ജീവിതം തന്നെ തമ്പില്‍ പണയം വച്ചിരിക്കുകയല്ലേ? ഇവര്‍ ഒരിക്കലും ടെലിവിഷനുകളിലൂടെ തങ്ങളുടെ ചാട്ടത്തെക്കുറിച്ച് വാചാലരായി നമ്മുടെ മുന്നില്‍ വരില്ല. കാരണം തമ്പിലെ ചാട്ടം അവര്‍ക്ക് അഭിനയം അല്ല.. ജീവിതം ആണ്. അവസാന ബല്ലോടെ ഷോ അവസാനിക്കുമ്പോള്‍ കാണികള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഷോ കൂടി അപകടങ്ങള്‍ ഇല്ലാതെ പൂര്‍ത്തിയാക്കിയതില്‍ ആ കലാകാരന്മാര്‍ ആശ്വാസത്തോടെ പുഞ്ചിരിക്കുകയായിരിക്കും.....
ചിത്രങ്ങള്‍ :ഗൂഗിളില്‍ നിന്ന്