Saturday, February 21, 2009

ശവമടക്ക് ആഡംബരങ്ങള്‍ :

വിവാഹ ആഡംബരം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ശവമടക്കിനും ആഡംബരമോ എന്ന് ചിന്തിക്കും. പക്ഷേ സംഗതി സത്യമാണ് . ഇന്നത്തെ നമ്മുടെ ക്രിസ്ത്യന്‍ ശവമടക്കുകള്‍ ആഡംബരമായി മാറിയിരിക്കുന്നു. പക്ഷേ ‘ആഡംബരം’ എന്ന വാക്ക് ഉപയോഗിക്കാമോ എന്ന് അല്പം ശങ്കയുണ്ട്. കാരണം പണ്ട് നമ്മുടെ നാടുകളില്‍ ടെലിവിഷന്‍ ഒരു ആഡംബര വസ്തുവായിരുന്നു. ഇന്ന് ടിവി ഒരു ആഡംബര വസ്തുവായി ആരും കണക്കാക്കാറില്ല. അതുപോലെയാണ് ശവമടക്ക് ആഡംബരങ്ങളും. ക്രിസ്ത്യന്‍ ശവമടക്കുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പണ്ട് ,(ഒരു ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് ) ഒരു മരണം ഉണ്ടായാല്‍ ചടങ്ങുകള്‍ക്ക് വേണ്ട നേതൃത്വം നല്‍കിയിരുന്നത് അയല്‍‌വക്കകാരായിരുന്നു. ദൂരെയുള്ള ബന്ധുവീടുകളില്‍ മരണം ചെന്ന് അറിയിക്കുന്നതും അയല്‍‌വക്കകാരായിരുന്നു. അന്ന് മരണം നടന്ന അന്നോ പിറ്റേന്നോ അടക്കം നടത്തിയിരുന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കള്‍ മരണം അറിഞ്ഞ് വരുമ്പോഴേക്കും പതിനാറ് ആകുമായിരുന്നു. ടെലിഫോണ്‍ ഇല്ലാതിരുന്നതുകൊണ്ടും, യാത്രാസൌകര്യം തുലോം കുറവായിരുന്നതുകൊണ്ടും മൃതശരീരം നേരത്തോട് നേരത്തില്‍ കൂടുതല്‍ വയ്ക്കാന്‍
സാധിക്കാത്തതുകൊണ്ടും ബന്ധുജനങ്ങളെ കാത്ത് നില്‍ക്കാതെ ശവമടക്ക് നടത്തുമായിരുന്നു. പള്ളിയില്‍ നിന്ന് എത്ര അകലെ ആയിരുന്നാലും ശവപ്പെട്ടി ചുമന്നുകൊണ്ട് പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. മരണവീട്ടിലെ ഫോട്ടൊ എടുക്കല്‍ അന്ന് കുറവായിരുന്നു. കുറവായിരുന്നു എന്നല്ല ഇല്ലായിരുന്നു എന്ന് തന്നെ പറയാം.വലിയ മുതലാളിമാരുടെ വീടുകളില്‍ മാത്രമായിരുന്നു ഫോട്ടോ എടുപ്പ് . അതും കൂടി വന്നാല്‍ ഒരഞ്ച് ഫോട്ടോകള്‍ മാത്രം .. ഇന്നത്തെ ശവമടക്ക് കാര്യങ്ങളോ ? ഒരു വിവാഹം നടത്താനുള്ള ചിലവിനോട് അടുത്ത് എത്തുന്ന പണച്ചിലവാണ് ചില
ശവമടക്കുകള്‍ക്ക്.!!!!

കല്യാണവീട്ടില്‍ ‘വര്‍ക്ക് ‘ പിടിക്കാന്‍ എത്തിയിരുന്നതുപോലെ വീഡിയോ,ക്യാമറ,ക്വയറുകാര്‍ ഇപ്പോള്‍ മരണവീടുകളിലും എത്തിത്തുടങ്ങി. ക്വയറില്ലാതെ ഇപ്പോള്‍ ഒരൊറ്റ ശവമടക്കും നടക്കാതെയായി. മരണവീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള ദൂരം പത്ത് ചുവട്ടടിയാണങ്കിലും മൃതശരീരം
കൊണ്ടുപോകാന്‍ ആംബുലന്‍സ് തന്നെ വേണം. പണ്ട് വിദൂരസ്ഥലങ്ങളില്‍ നിന്ന് മൃതശരീരം പള്ളിയില്‍ എത്തിക്കാന്‍ മഞ്ചല്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മഞ്ചല്‍ ഒരു പുരാവസ്തുവായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതശരീരം എടുത്തുകൊണ്ട് പള്ളിയിലേക്ക് പോയിരുന്നത് മക്കളോ അടുത്ത ബന്ധുക്കളോ ആയിരുന്നു. വയസായ അപ്പനേയും അമ്മയേയും ചുമക്കാന്‍ ഇന്നാരും തയ്യാറല്ല , പിന്നല്ലേ മരിച്ചു കഴിയുമ്പോള്‍ അപ്പനേയും അമ്മയേയും എടുക്കുന്നത് !!!

പണ്ട് മൃതശരീരവും വഹിച്ച് കൊണ്ട് പള്ളിയിലേക്കുള്ള യാത്രയ്ക്ക് വിലാപയാത്ര എന്നായിരുന്നു പറഞ്ഞിരുന്നത്. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍അച്ചന്മാരുടെ പ്രാര്‍ത്ഥനാഗാനങ്ങള്‍ മുഴങ്ങിയിരുന്ന വിലാപയാത്രയില്‍ ഇന്ന് മുഴങ്ങുന്നത് കാതടപ്പിക്കുന്ന ഇലക്‍ട്രോണിക്സ് സംഗീതം ആണ്.മരണങ്ങളും ശവമടക്കുകളും നമുക്കിന്ന് ആഘോഷമാണ് . ‘വിലാപയാത്ര‘ കടന്ന് പോകുന്ന വഴിയില്‍ മരിച്ചവന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന സാംസ്കാരിക അധപതനത്തിലേക്ക് നമ്മള്‍ തരംതാണിരിക്കുന്നു. നിങ്ങളൊന്ന് റോഡിലേക്കിറങ്ങി നോക്കൂ.
മരിച്ചവന്റെ ഫോട്ടോകള്‍ വച്ച് തയ്യാറാക്കിയിരിക്കുന്ന ഫ്ലക്സുളും ,ബാനറുകളും , വര്‍ണ്ണ പോസ്റ്റ്‌റുകളും എത്രവേണമെങ്കിലും കാണാന്‍ കഴിയും. ഇതിപ്പോള്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. മരിച്ചവരോടുള്ള ആദരവ് സൂചിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഫ്ലക്സ് ബോര്‍ഡുകള്‍
മാറിയെങ്കില്‍ നമ്മുടെ എല്ലാവരുടേയും മാനസികാവസ്ഥയ്ക്ക് എന്തോ കുഴപ്പം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു മരണക്വയറിന് (ഇങ്ങനെ ആരും പറയാറില്ല ഫ്യൂണേറിയല്‍ ക്വയര്‍ എന്നേ പറയൂ) മൂവായരത്തഞ്ചൂറു മുതല്‍ മുകളിലേക്കാണ് റേറ്റ്. റോഡില്‍ക്കൂടിയുള്ള ‘വിലാപയാത്രയില്‍‘ പാടുന്നതിനാണ് ഈ കാശ്. പക്ഷേ ഇപ്പോള്‍ മരണക്വയറില്‍ പാടാനായി ആരേയും വിളിക്കാരില്ല.മൈക്ക് സെറ്റുകാരോട് പറഞ്ഞ് സിഡിപ്ലയറിലൂടെ ‘ഫ്യൂണേറിയല്‍ ക്വയര്‍‘ നടത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതാവുമ്പോള്‍ രണ്ടായിരിത്തഞ്ചൂറ് രൂപയില്‍ നില്‍ക്കും. മരിച്ചവീട്ടില്‍ ബന്ധുക്കളും, അയല്‍‌ വാസികളെല്ലാം കൂടി രാത്രിയില്‍ പാട്ടുപാടുന്ന പതിവ് നമ്മുടെ
നാട്ടിലുണ്ടായിരുന്നു. ഇപ്പോള്‍ ആ പാട്ട് പാടുന്ന പതിവും ചില സ്ഥലങ്ങളില്‍ മൈക്ക് സെറ്റുകാരുന്റെ സിഡിപ്ലയര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ദൂരെയുള്ള മക്കളും ബന്ധുക്കളും വരുന്നതിനായി ഇന്ന് മൃതശരീരം മോര്‍ച്ചറിയില്‍ വയ്‌ക്കുന്നത് സര്‍വ്വ സാധാരണമാണ്. വാഹനങ്ങളുടെ അകമ്പടിയോടെ ബന്ധുക്കള്‍ മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും . അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്തങ്ങളുടെ വിലയും നിലയും സമൂഹത്തില്‍ കൂടുമന്നുള്ള ഒരു തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. മരിച്ചുകിടക്കുന്ന വ്യക്തി വയ്യാതെകിടന്നിരുന്ന സമയത്ത് വണ്ടി വിട്ടുകൊടുക്കാത്തവന്മാരാണ് മരിച്ചവന്റെ വര്‍ണ്ണ ചിത്രം ഗ്ലാസില്‍ ഒട്ടിച്ച് മൃതശരീരത്തിന് ‘അകമ്പടി’ സേവിക്കുന്നത്. ഈ യാത്രയില്‍ ഏറ്റവും മുന്നില്‍ മരിച്ചവന്റെ ‘മേന്മകള്‍’ വിളംബരം ചെയ്തുകൊണ്ട് ഒരു അനൌണ്‍സ്‌മെന്റ് കം ഫ്യൂണേറിയല്‍ ക്വയര്‍ വാഹനം ഉണ്ടായിരിക്കും.

ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറികളുടെ കാലമാണല്ലോ ? അതുകൊണ്ട് മൃതശരീരം മോര്‍ച്ചറിയില്‍ കൊണ്ടുവയ്ക്കേണ്ട കാര്യമില്ല മോര്‍ച്ചറി മൃതശരീരത്തെ തേടി വീട്ടിലേക്ക് വരും.( മമ്മദ് മലയെത്തേടി ചെന്നില്ലങ്കില്‍ മല മമ്മദിനെത്തേടി വരുമെന്ന് പറയുന്നതുപോലെ.!!). പണ്ട് ഒരാള്‍
മരിച്ചു കഴിഞ്ഞാല്‍ നേരത്തോടു നേരത്തില്‍ കൂടുതല്‍ മൃതശരീരം വീടുകളില്‍ വയ്ക്കില്ലായിരുന്നു. ഇപ്പോള്‍ എത്രനേരം വേണമെങ്കിലും മൃതശരീരം വീട്ടില്‍ വയ്ക്കാം. ( അനാവിശ്യമായി ഈ സൌകര്യം ഉപയോഗിക്കുമ്പോള്‍ ഇതും ഒരു ആഡംബരം ആകുന്നു.) .

അടുത്ത സമയം മുതല്‍ ‘വിലാപയാത്രയില്‍‘ ‘ഡ്രസ്സ് കോഡു‘കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടത്രെ!!!. രണ്ടുമാസം മുമ്പ് പത്തനം‌തിട്ടയ്ക്ക് അടുത്തുകിടക്കുന്ന ഒരു സ്ഥലത്ത് നടന്ന് ശവമടക്ക് ചടങ്ങുകളില്‍ മരിച്ചയാളിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുത്തത് പറഞ്ഞ് ജനങ്ങള്‍ ഇപ്പോഴും പരിഹാസത്തോടെ ചിരിക്കാറുണ്ട്. (എല്ലാവര്‍ക്കും കറുത്തഡ്രസ് കിട്ടുന്നതിനു വേണ്ടിശവമടക്ക് ഒരു ദിവസം താമസിപ്പിച്ചന്നും , അതല്ല ഇവന്റ് മാനേജു‌മെന്റ് ഗ്രൂപ്പാണ് വസ്ത്രങ്ങള്‍ നല്‍കിയതെന്നും പറയുന്നുണ്ട്.). മരണചടങ്ങുകളില്‍
പോലും വേഷം കെട്ടി ആടുന്നവരെക്കുറിച്ച് എന്ത് പറയാന്‍. ????

ഇപ്പോള്‍ ഫ്യുണേറിയല്‍ ഇവന്റ് മാനേജു‌മെന്റ് ഗ്രൂപ്പുകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് . ശവമടക്ക് ചടങ്ങുകള്‍ അവരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്നത് മുതല്‍ അടിയന്തരം വരെയുള്ള കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. പണം അല്പം കൂടുതലായാലും
ബന്ധുക്കള്‍ക്ക് ‘സമാധാന‘മായി മരണച്ചടങ്ങുകളില്‍ പങ്കെടുക്കാം.

പണ്ട് നടന്നിട്ടുള്ള ശവമടക്കുകളില്‍ ആഡംബരമായി നമ്മള്‍ കണ്ടിരുന്നത് ‘ബാന്റ്‌മേള’ക്കാരെ യായിരുന്നു. അതും നൂറില്‍ ഒരു ശവമടക്കിനുമാത്രം. ഡിജിറ്റല്‍ യുഗത്തില്‍ ഈ ‘ബാന്റ്‌മേള’ക്കാര്‍ കാലത്തിന്റെ മറവിയില്‍ എവിടേക്കോ പോയിക്കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴുള്ളതൊന്നും ആഡംബരങ്ങള്‍ അല്ലന്ന് നിങ്ങള്‍ക്ക് പറയാം. എന്തിനേയും എതിര്‍ക്കുന്നവന്റെ മനോഭാവം എന്ന് പറഞ്ഞ് നിങ്ങള്‍ക്കിത് തള്ളിക്കളയാം . എന്നാലും ഒന്ന് ഓര്‍ക്കുക ;ഈ ധൂര്‍ത്തിന്റെ ഒരല്പം ഉണ്ടങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ചികിത്സയ്ക്കും വിവാഹത്തിനും കഴിയാതെ കണ്ണീര്‍ പൊഴിക്കുന്ന ഒരാളുടെ എങ്കിലും കണ്ണീരൊപ്പാന്‍ കഴിയും. അതായിരിക്കും മരിച്ചവനുവേണ്ടിയുള്ള നമുക്ക് ചെയ്യാവുന്ന ശരിയായ
ആദരാഞ്ജലി ....

Wednesday, February 18, 2009

കൊലയോടെ അടിച്ചുമാറ്റി !!!! (ബ്ലോഗ് മോഷ്ണം)

എന്റെ കഥാബ്ലോഗില്‍ 2009 ജനുവരി 29 ന് എഴുതിയ ‘ഐറ്റിക്കാരന്റെ പെണ്ണുകാണല്‍ :‘ എന്ന പോസ്റ്റ് മറ്റൊരു പേരില്‍ അശ്വമേധം എന്ന സൈറ്റില്‍ കിടക്കു ന്നതായി ഒരു അനോണി സുഹൃത്ത് ചൂണ്ടിക്കാണിച്ചതുകൊണ്ട് ആ ലിങ്കില്‍ ഞാന്‍ പോയി നോക്കി. സംഗതി സത്യമാണ് . ഞാനെഴുതിയതില്‍ ഒരു വള്ളിപുള്ളി വിടാതെ എല്ലാം അവി ടെയുണ്ട്. പക്ഷേ തലക്കെട്ടില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ‘ആധുനിക പെണ്ണുകാണല്‍ ‘ എന്ന് ഐറ്റിക്കാരന്റെ പെണ്ണുകാണലിനെ മാറ്റിയിട്ടുണ്ട്. രണ്ടുമൂന്ന് ഫോട്ടോയും പരസ്യവും ഇടയ്ക്ക് വച്ചിട്ടുണ്ട്. എന്റെ പേരെങ്ങാണം അവിടെയുണ്ടോ എന്ന് നോക്കി . ‘ആധുനിക പെണ്ണുകാണല്‍ ‘ എഴുതിയവന്റെ പേരൊന്നും അവിടെ കണ്ടില്ല.


അശ്വമേധത്തിന്റെ ഹോം പേജില്‍‘അരമന രഹസ്യം’ എന്ന കാറ്റഗറയില്‍ ആണ് ‘ആധുനിക പെണ്ണുകാണല്‍ ‘ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനുമുമ്പും ഒരു അടിച്ചുമാറ്റല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ നിന്ന് നടന്നിട്ടുണ്ട്. കലികാല ക്കാഴ്ചകള്‍ എന്ന ബ്ലോഗില്‍ ഞാന്‍ എഴുതിയ ‘വിവാഹമോചനത്തിന് ഇങ്ങനെയും ഒരു കാരണമോ?‘ എന്ന് പോസ്റ്റ് മറ്റൊരു ബ്ലോഗര്‍ സ്വന്തം പേരില്‍ അയാളുടെ ബ്ലോഗില്‍ ഇട്ടിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അന്നത് അത്രെ കാര്യമാക്കാതിരുന്നതുകൊണ്ട് ആ ലിങ്കൊന്നും എടുത്ത് വച്ചിരുന്നില്ല. ഇന്ന് ഗൂഗില്‍ സേര്‍ച്ചില്‍ ‘വിവാഹമോചനത്തിന് ഇങ്ങനെയും ഒരു കാരണമോ?‘ എന്ന് സേര്‍ച്ച് ചെയ്തുനോക്കിയിട്ട് ഈ പേരില്‍ മറ്റെങ്ങും പോസ്റ്റ് ഉള്ളതായി കണ്ടില്ല. ഒന്നുകില്‍ ആ ബ്ലോഗര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടാവും അല്ലങ്കില്‍ തലക്കെട്ട് മാറ്റിയിട്ടുണ്ടാവും. (ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴാണ് 2007 ല്‍ ‘വിവാഹമോചനത്തിന് ഇങ്ങനെയും ഒരു കാരണമോ?‘ മറ്റൊരു ബ്ലോഗില്‍ കിടക്കുന്നത് കണ്ടത്.).



ചിലരൊക്കെ അനുവാദം ചോദിച്ചിട്ട് ബ്ലോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. അനുവാദം ചോദിക്കുന്നവര്‍ക്ക് ബ്ലോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിന് സമ്മതവും നല്‍കാറുണ്ട്.



ഞാന്‍ എഴുതിയ ചില ബ്ലോഗുകള്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ എനിക്കു മെയിലില്‍ കിട്ടിയതി നുശേഷം ഞാന്‍ തന്നെ ബ്ലോഗുകള്‍ പി.ഡി.എഫിലാക്കി മെയിലില്‍ അയക്കാന്‍ തുടങ്ങി. ഒന്നുമല്ലങ്കില്‍ അതില്‍ നമ്മുടെ ബ്ലോഗിന്റെ അഡ്രസെങ്കിലും വയ്ക്കാന്‍ പറ്റുമല്ലോ ?

ഞാന്‍ ഓര്‍ക്കൂട്ടില്‍ about me ല്‍ എഴുതിയിട്ടിരുന്നപലതും സ്ക്രാപ്പുകളായും എസ്.എം.എസ്. ആയും എനിക്കുതന്നെ കിട്ടിയിട്ടുണ്ട്.ഞാന്‍ എഴുതിയ about me പലരും തങ്ങളുടെ പ്രൊഫൈലില്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ ടോക്കില്‍ തങ്ങളുടെ സ്റ്റാറ്റസ് മെസേജായും ചിലരൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. ബ്ലോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ സ്ക്രാപ്പുകളോ, എസ്.എം.എസ് കളോ,സ്റ്റാറ്റസ് മെസേജുകളോ , ആക്കുന്നതിനോ തങ്ങളുടെ പ്രൊഫൈലി ല്‍ ഉപയോഗിക്കുന്നതിലൊന്നിനും ഒരു പരാതിയും പരിഭവും ഇല്ല. പക്ഷേ ......



എഴുതുന്നതെല്ലാം കൊലയോടെ എടുത്ത് മറ്റ് സൈറ്റുകളില്‍ കൊണ്ട് ഇടുമ്പോള്‍ അല്പം മാന്യത യൊക്കെ ആവാം. കുറഞ്ഞപക്ഷം‘അടിച്ചുമാറ്റിയത് ‘ എവിടെ നിന്നാണെങ്കിലും രേഖപ്പെടുത്താമായിരുന്നു. സ്വന്തം കൊച്ചിനെ എടുത്തുകൊണ്ട് പോയി മറ്റൊരു ഉടുപ്പ് ഇടുവിച്ച് നിങ്ങളറിയാതെ മറ്റെവിടെങ്കിലും കൊണ്ട് കിടത്തിയാല്‍ നിങ്ങള്‍ക്ക് സങ്കടം വരില്ലേ???? മോഷ്ണവും ഒരു കലയാണന്ന് പറഞ്ഞ ദീര്‍ഘദര്‍ശിക്ക് ആയിരം പ്രണാമങ്ങള്‍ !!!!!!!!!!!

Sunday, February 15, 2009

അമ്മ ഉറങ്ങിയാല്‍ ???

നമ്മുടെ നാട് അനുദിനം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും മനുഷ്യനുള്ളിലെ മൃഗീയതയും കൂടിവരുന്നു. കൊലപാതകങ്ങളും, അതിക്രമങ്ങളും , പീഡനങ്ങളും ഒക്കെ വര്‍ദ്ധിക്കുന്നു. കഴിഞ്ഞമാസം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 30% കുട്ടികള്‍ക്ക് ഏതെ ങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ യാത്രാവാഹനങ്ങള്‍ക്കുള്ളില്‍നിന്നും , കൂട്ടുകാരില്‍ നിന്നും , ബന്ധുക്കളില്‍ നിന്നും ഒക്കെ അനുഭവിക്കേണ്ടിവരുന്നു എന്നാണ് വെളിവായത് . കൊച്ചുകുട്ടികളും വൃദ്ധരും ഒരേപോലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നു. സ്ത്രികള്‍ പ്രകോപനപരമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് അവര്‍ക്കെതിരെ ലൈഗിംക അതിക്രമങ്ങള്‍ കൂടുന്നതെന്ന് പറയുന്നതില്‍ ഒരു സത്യവും ഇല്ല എന്നുള്ളതാണ് വാസ്തവം. നമ്മുടെ ഇടയില്‍ ഒളിഞ്ഞിരിക്കുന്ന കാമകഴുകന്മാര്‍ എപ്പോള്‍ വേണമെങ്കില്‍ ഇരയുടെ മേല്‍ ആഴ്ന്നിറങ്ങാം . ഇര ആരുമാകാം ... രണ്ടര വയസുള്ള കുഞ്ഞോ , പതിനഞ്ചു വയസുള്ള കൌമാരക്കാരിയോ, മുപ്പതുവയസുള്ള യുവതിയോ , എഴുപതു വയസുള്ള വൃദ്ധയോ ആരുമാകാം.

കഴിഞ്ഞ ഞായറാഴ്ച് രാത്രിയില്‍ കോഴിക്കോട്ട് ഒരു നാടോടി ബാലികയ്ക്ക് നേരെ നടന്ന മാനഭംഗശ്രമത്തിന്റെ വാര്‍ത്ത എല്ലാ മനുഷ്യരേയും ഞെട്ടിച്ചിട്ടുണ്ടാവും. ഒരു രണ്ടരവയസു കാരിയുടെ നേരെയായിരുന്നു ഈ അതിക്രമം.

പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു എന്നതു നല്ല കാര്യം തന്നെ. പക്ഷേ കുറച്ചു ദിവസങ്ങ ള്‍ക്കുള്ളില്‍ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങും എന്നതില്‍ സംശയമില്ല.നമ്മുടെ നിയമവ്യവ സ്ഥിതി പാടേ മാറേണ്ടിയിരിക്കുന്നു. ജാമ്യത്തില്‍ ഇറങ്ങുന്ന ഇത്തരം ‘സൈക്കോ‘കള്‍ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമ്മളുടെ മുന്നിലുണ്ട്. രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച സെബാസ്‌റ്റ്യന്‍ എന്നയാളെ മൂന്നാമതൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് മറ്റൊരു പീഡനക്കേസില്‍ ജാമ്യത്തില്‍ നടക്കുമ്പോഴാണ് . നമ്മുടെ നിയമം ശരിയായ രീതിയിലായിരുന്നുങ്കെല്‍ മൂന്നാമത്തെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു.

വീടിനുവെളിയിലേക്കിറങ്ങുന്ന പെണ്‍കുട്ടി തിരിച്ചെത്തുന്നതുവരെ അമ്മമാര്‍ മുള്‍മൊന യിലാണ്. നമ്മുടെ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ സുരക്ഷിതരാണോ എന്നുള്ള ചോദ്യം അവശേഷിക്കുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഉറക്കത്തില്‍ പോലും അമ്മമാര്‍ ഉറങ്ങാതെ കാവലിരിക്കേണ്ടി വരുന്ന ഒരു വ്യവസ്ഥിതിയിലേക്കാണോ നമ്മുടെ പോക്ക് ????


**********************

മകളെക്കുറിച്ചുള്ള ഒരമ്മയുടെ വ്യാകുലതകള്‍ എന്തായിരിക്കും? ഇതും കൂടി വായിക്കുക...

പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറു‌മ്പോള്‍.. : കഥ

.

Wednesday, February 11, 2009

ഐറ്റിക്കാരെ ആര്‍ക്കും വേണ്ടാതായോ!!! :

സാങ്കല്പികം :

“പണം ഇന്നു വരും നാളെ പോകും” .. പക്ഷേ അഭിമാനം ? വിവാഹമാര്‍ക്കറ്റില്‍ സോഫ്റ്റ്‌വെയര്‍ പ്രൊഫഷ്ണലുകളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ ജോലിക്കാരെ ‘പ്രൊഫഷണലി ക്വാളിഫൈഡ് പേര്‍സണ്‍സ് ‘ ആയി കണാക്കുകൂട്ടാതെയായി എന്ന് തോന്നുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണന്ന് പറഞ്ഞ് കഴുത്തില്‍ ടാഗ് ഇട്ട് ഗമയില്‍ റോഡില്‍ക്കൂടി മസിലുപിടിച്ചു നടന്നവര്‍ ഈ കണക്കിനു പോയാല്‍ ഇടവഴികളില്‍ക്കൂടി കമ്പിനികളില്‍ ചെന്ന് കയറേണ്ടി വരുന്ന കാലം വിദൂരമല്ലന്ന് തോന്നുന്നു. വിവാഹമാര്‍ക്കറ്റില്‍ പൊന്നുംവില ഉണ്ടായിരുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. അല്ലങ്കില്‍ വിവാഹപരസ്യങ്ങളില്‍ ഇങ്ങനെ എഴുതുമോ? We except preferably professionaly qualified persons. software engineers please excuse. ഏതായലും ഇത് കുറച്ച് കടന്ന കൈ ആയിപ്പോയി. ഒന്നുമല്ലങ്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍‌മാരും ഈ നാട്ടിലെ പൌരന്മാരല്ലേ? ആനമെലിഞ്ഞാല്‍ ആരെങ്കിലും തൊഴുത്തില്‍ കെട്ടുമോ?


ഇനിയും അല്പം സാങ്കല്പിക പ്രതികരണങ്ങള്‍ :
ഈ പരസ്യത്തിനെതിരെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഒന്നടങ്കം മുന്നോട്ടുവന്നിരിക്കുകയാണ്. തങ്ങളെ വെറും മൂന്നാം കൂലികള്‍ ആക്കുന്ന ഈ പരസ്യം എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്ന് അവര്‍ ആവിശ്യപ്പെട്ടു. പരസ്യത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ടെക്‍നോപാര്‍ക്കിലും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും പന്തംകൊളുത്തി പ്രകടനം നടത്തി. ഇന്ന് ടെക്‍നോപാ‍ര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ ബാച്ചിലേഴ്സ് കറുത്തബാഡ്ജ് കുത്തിയാണ് ജോലിക്ക് കയറിയത്. ഈ വിവാഹ പരസ്യം ഡിലീറ്റ് ചെയ്തി ല്ലങ്കില്‍ മാട്രിമോണി സൈറ്റ് വൈറസുകള്‍ കൊണ്ട് തകര്‍ക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് ബാച്ചിലേഴ്സ് അറിയിച്ചു. കലൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധയോഗത്തില്‍ നൂറുകണിക്കിനാളുകള്‍ പങ്കെ ടുത്തു. കലൂരില്‍ കനത്ത പോലീസ് ബന്തവസ് തുടരുകയാണ്. ഈ വിഷയത്തെകുറിച്ചുള്ള ചില പ്രതികരണങ്ങള്‍ :

പെണ്‍കുട്ടിയുടെ പിതാവ് :
ഞാനെന്റെ മകളുടെ ഭാവിയാണ് നോക്കിയത്. കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങാപോലുള്ള ജോലിയുള്ള വനെകൊണ്ട് ആരെങ്കിലും മകളെ കെട്ടിക്കാന്‍ തയ്യാറാവുമോ ? എന്റെ മകളെ ആരെക്കൊണ്ട് കെട്ടിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ് . software engineers please excuse. എന്ന് ഞാന്‍ ഉപയോഗിച്ചത് അവരെ കളിയാക്കാനൊന്നും അല്ല. വെറുതെ അവരുടെ സമയം കളയു ന്നത് എന്തിനാണന്ന് വിചാരിച്ചാണ്. എന്റെ മൂത്തമകളെ കെട്ടിയവന്‍ ഇപ്പോള്‍ പണിയില്ലാതെ വീട്ടില്ലിരിക്കുകയാണ്. മൂത്തമകനേയും പറഞ്ഞുവിട്ടതുകൊണ്ട് അവനും വീട്ടിലുണ്ട്. ഒരുത്തനും കൂടി ചെലവിന് കൊടുക്കാനുള്ള പാങ്ങെനിക്കില്ലാത്തതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത് . ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല.

പെണ്‍കുട്ടി :
അച്ഛന്റെ തീരുമാനം തന്നെയാണ് എന്റേതും . ചേച്ചിക്ക് പറ്റിയത് എനിക്ക് പറ്റരുതല്ലോ ? ഇതില്‍ക്കൂ ടുതല്‍ എനിക്ക് പറയാനൊന്നും ഇല്ല.

ഇന്‍ഫോപാര്‍ക്ക് സോഫ്റ്റ്‌വെയര്‍ ബാച്ചിലേഴ്സ് യൂണിയന്‍ സെക്രട്ടറി :
ആരെക്കൊണ്ട് മകളെകെട്ടിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം അതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.software engineers please excuse. എന്നതിലാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്‌സിനെ വേണ്ടാ എന്നുണ്ടങ്കില്‍ അവരുടെ വിവാഹാലോചനകള്‍ വരു മ്പോള്‍ അവര്‍ക്ക് ഒഴിവാക്കിയാല്‍ മതിയായിരുന്നല്ലോ?സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്‌സിന് മാത്രമല്ലല്ലോ പണിപോയിട്ടുള്ളത് . സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് പണിപോയില്ലേ? മെക്കാനിക്കല്‍ എഞ്ചിനീയര്‍മാ ര്‍ക്ക് പണിപോയില്ലേ? അവരെ താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്‌സിന് പണിയൊ ന്നും പോയിട്ടില്ല. പിന്നെ എന്തിനാണ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാത്രം ഒഴിവാക്കപെടുന്നത്. അല്ലങ്കില്‍ ഡോക്ടര്‍മാര്‍മാത്രം ബന്ധപ്പെടുക എന്ന് പരസ്യത്തില്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ ? ഇത് അത്യന്തിധികം പ്രതിഷേധകരമായ കാര്യമാണ്.

ടെക്‍നോപാര്‍ക്ക് സോഫ്റ്റ്‌വെയര്‍ ബാച്ചിലേഴ്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ :
തികച്ചും അപലപനീയമായ പരസ്യമാണിത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെക്കൊണ്ട് മകളെ കെട്ടിക്ക ണമെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ വിവാഹലോചനയും കൊണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ അങ്ങോട്ട് ചെല്ലരുതന്ന്‍ പറയുന്നത് ശരിയായകാര്യമല്ല. യോഗ്യതയുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീ യര്‍‌മാരാണങ്കില്‍ അവര്‍ക്കും പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹലോചനയില്‍ ഉള്‍പ്പെടുത്തണം. വിഴിഞ്ഞം തുറമുഖടെണ്ടര്‍ കേസില്‍ സൂം ഡെവലപ്പേഴ്സിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോട തി പറഞ്ഞല്ലോ?അവര്‍ക്ക് കരാര്‍ കൊടുക്കണമെന്ന് പറയുന്നില്ല വിധിയില്‍. അതുപോലെ വിവാഹ ലോചനയുടെ ഈ പരസ്യം പിന്‍‌വലിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍‌മാരെക്കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ പരസ്യം എത്രയും പെട്ടന്ന് ഇട്ടില്ലങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.

വസന്തകുമാരി (ഫെമിനിസ്റ്റ്):
ഇത്തരം പരസ്യങ്ങള്‍ തന്നെ അനാവിശ്യമാണ്. പെണ്‍കുട്ടികളെ പ്രദര്‍ശിപ്പിച്ച് ലേലം വിളിക്കുന്നതിന് തുല്യമാണ് ഇത്തരം മാട്രിമോണിയില്‍ സൈറ്റുകള്‍. ആടിമകച്ചവടമാണ് ഈ സൈറ്റുകളില്‍ നടക്കു ന്നത്. പെണ്‍കുട്ടികളെ വില്പനച്ചരക്ക് ആക്കുന്ന പരിപാടി തന്നെ നിരോധിക്കണം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ മാത്രമെന്നല്ല ഒരുത്തനേയും പെണ്‍കുട്ടി വിവാഹംകഴിക്കാന്‍ പാടില്ല.ആരാണ് വിവാഹം കഴിക്കുന്നതെങ്കിലും അവരെല്ലാം പെണ്ണിനെ തോന്നുമ്പോള്‍ കൊട്ടാ‍നുള്ള തബലയായിട്ടാണ് കാണുന്നത്. ഒരു പെണ്ണിന് വിവാഹം കഴിക്കാതയും ജീവിക്കാമല്ലോ?

അച്ചാമ്മ കുര്യന്‍ (സിറ്റി വുമണ്‍സ് ക്ലബ് പ്രസിഡണ്ട് ) :
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ ഒഴിവാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. എന്റെ അഭിപ്രായ ത്തില്‍ ആ പെണ്‍കുട്ടി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കല്യാണം കഴിക്കണം. കാരണം ഞങ്ങള്‍ സ്ത്രികള്‍ക്ക് കൊണ്ടുനടക്കാന്‍ പറ്റിയത് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ്. അവരാകുമ്പോള്‍ വേറെപണിയൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടിലെ പണികളൊക്കെ ചെയ്തുകൊള്ളും. വേലക്കാരിയേയും വയ്ക്കേണ്ടാത്തതുകൊണ്ട് ആ പൈസായും ലാഭിക്കാം. അവര്‍ക്ക് പണി തിരിച്ചുകിട്ടുമ്പോള്‍ സ്ത്രികള്‍ വീട്ടു ജോലികള്‍ ചെയ്യേണ്ടിവന്നേക്കാം. അപ്പോള്‍ വേലാക്കാരിയെ വേണമെന്ന് കരഞ്ഞ് പറയണം. കണ്ണീരില്‍ വീഴാത്ത ആണുങ്ങള്‍ ഉണ്ടോ ?

ഉല്പലാക്ഷന്‍ (ആള്‍ കേരള ബ്രോക്കേഴ്സ് ആന്‍ഡ് മാട്രിമോണിയല്‍ സൈറ്റ്സ് യൂണിയന്‍):
പരസ്യത്തില്‍ ഒരു കുഴപ്പവും ഇല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരസ്യങ്ങളില്‍ We except preferably only software engineers എന്ന് ഉപയോഗിച്ചിരുന്നല്ലോ ? ഇപ്പോള്‍ സമയം അല്പം മോശമായതുകൊണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഡിമാന്റ് കുറവാണ് . സമയം നന്നാവുമ്പോള്‍ അവരുടെ ഡിമാന്റ് കൂടും. അതിനാരയും കുറ്റപ്പെടുത്തിയിട്ടോ സമരം നടത്തിയിട്ടോ കാര്യമില്ല. സമാനമായ അവസ്ഥ ഇതിനുമുമ്പും വിവാഹമാര്‍ക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളം മുടങ്ങിയ സമയ ത്ത് അവരുടെ വിവാഹാലോചനകള്‍ ആര്‍ക്കും വേണ്ടായിരുന്നു. ആ അവസ്ഥ ഇന്ന് മാറിയില്ലേ? സമരങ്ങളും പന്തം കൊളുത്തിപ്രകടനങ്ങളു‌മൊന്നും ഒന്നിനും പരിഹാരമല്ല. കണ്ണടച്ച് നമ്മള്‍
ഇരുട്ടാ ക്കാതെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.

കേരള സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്സ് കുമാരീസ് യൂണിയന്‍ സെക്രട്ടറി :
ആരെങ്കിലും അറിഞ്ഞുകൊണ്ട് കുരയ്ക്കാത്ത പട്ടിയെ വീട്ടു കാവലിന് വാങ്ങുമോ? ഞങ്ങള്‍ പെണ്‍കുട്ടിക ള്‍ക്ക് ഏതായാലും ജീവിത സുരക്ഷ നോക്കണം.പക്ഷേ പരസ്യത്തില്‍ നിന്ന് software engineers please excuse എന്നത് ഒഴിവാക്കാമായിരുന്നു. ശവത്തില്‍ കുത്തരുതന്നാണല്ലോ പഴമൊഴി.


കേരള ആര്‍‌ട്സ് കോളേജ് ലേഡീസ് യൂണിയന്‍ ചെയര്‍മാന്‍ :
ഇങ്ങനെതന്നെ വേണം ഇവന്മാര്‍ക്ക്. ഇവന്മാര്‍ക്കൊക്കെ എന്തൊരു ജാഡയായിരുന്നു പണ്ട്. പെണ്ണു കാണാന്‍ വരുമ്പോള്‍ ആര്‍ട്സ് കോളേജിലാ പഠിക്കുന്നതന്ന് പറയുമ്പോള്‍ എന്തൊരു പുച്ഛമായിരുന്നു അവന്മാരുടെ മുഖത്ത്. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ എന്നായിരുന്നു ഇപ്പോള്‍ അന്നേരം അന്നേരം എന്നാ ദൈവം. ഏതായാലും ഞങ്ങള്‍ വന്ന വഴി മറക്കില്ല. കൊച്ചു കൊച്ചു ജോലിക്കാരെ തന്നയാ ഞങ്ങളിപ്പോഴും നോക്കുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണന്ന് പറഞ്ഞ് ഏതെങ്കിലും ഒരുത്തന്‍ കല്യാണാലോചനക്കായി ഞങ്ങളുടെ വീടിന്റെ ഗെയ്റ്റ് കടന്നങ്ങാണം വന്നാല്‍
പട്ടിയെ തുറന്ന് വിടും.

ഇന്‍‌ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി :
സര്‍ക്കാരിന് ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാനൊന്നും പറ്റില്ല. പരസ്യങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങ ള്‍ ഉണ്ടാക്കുകയാണങ്കില്‍ പോലീസ് ഉചിതമായകാര്യങ്ങള്‍ ചെയ്യും. ഇന്നത്തെ മന്ത്രിസഭാതീരുമാനം അനുസരിച്ച് എല്ലാ ആഴ്ചയിലും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കായി വിവാഹമേളകള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണ് . വിവാഹച്ചിലവ് സര്‍ക്കാര്‍ വഹിക്കുന്നതുമാണ്.

Thursday, February 5, 2009

സുരക്ഷിത ഇന്ത്യയും 'നവകേരള യാത്രകളും'

എല്ലാ പ്രാവിശ്യവും ഇലക്ഷന്‍ വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങള്‍ തങ്ങളോടൊത്താണന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. അതിനുവേണ്ടി അവര്‍ ഓരോ
മുദ്രാവാക്യങ്ങളും കണ്ടെത്താറുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയുടെ മുദ്രാവാക്യം “സുരക്ഷിത ഇന്ത്യ ഐശ്വര്യ കേരളം“ എന്നാണ് . ഇന്ത്യ സുരക്ഷിതമാണങ്കില്‍ മാത്രമേ കേരളത്തിന് ഐശ്വര്യം ഉണ്ടാവുകയുള്ളൂ എന്നായിരിക്കണം അര്‍ത്ഥമാക്കുന്നത്. അത് എന്തെങ്കിലും ആകട്ടെ. ഈ യാത്രകൊണ്ട് ഇന്ത്യ സുരക്ഷിതം ആകുമോ????




പിണറായിയോ, ചെന്നിത്തലയോ , കുഞ്ഞാലിക്കുട്ടിയോ , കൃഷ്ണദാസോ, സുരേന്ദ്രനോ , ഇസ്മായിലോ യാത്രനടത്തിയതുകൊണ്ടോയാത്രകള്‍ നടത്തുന്നതുകൊണ്ടോ ഇന്ത്യയോ കേരളമോ സുരക്ഷിതമോ ഐശ്വര്യ പൂര്‍ണ്ണമോ ആവുകയില്ലന്ന് എല്ലാവര്‍ക്കും അറിയാ മല്ലോ? ഭാരതത്തിലെ ഓരോ പൌരനും സുരക്ഷിതമായി ഉറങ്ങാന്‍ പറ്റുന്നുണ്ടങ്കില്‍ അതിനു നന്ദി പറയേണ്ടത് ഉറക്കളച്ച് സദാ ജാഗരൂകരായി നിറത്തോക്കുകളുമായി കൊടുംതണു പ്പത്ത് അതിര്‍ത്തികളില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് സൈനികരോടാണ്. അല്ലാതെ സഖാക്കന്മാരും ഖദര്‍ദാരികളും കാവികുപ്പായക്കാരും നടത്തുന്ന യാത്രകള്‍ കൊണ്ടല്ല. ഇന്ത്യയെ സുരക്ഷിതമാക്കാന്‍ യാത്രനടത്തുന്നവര്‍ ഒരു മണിക്കൂറെങ്കിലും അതിര്‍ത്തി കാക്കുന്നവരോടൊപ്പം ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയില്‍ നില്‍ക്കാന്‍ മനസ് കാണിക്കുമോ ? അതിര്‍ത്തിയില്‍ കണ്ണുചിമ്മാതെ നില്‍ക്കുന്ന ആയിരങ്ങളുടെ
ആത്മാഭിമാനത്തിന്റെ മുകളില്‍ക്കൂടി നടത്തുന്ന ‘സുരക്ഷിത ഇന്ത്യ‘ എന്ന മുദ്രാവാക്യ യാത്രയ്ക്ക് ഇന്ത്യന്‍ സുരക്ഷയുമായി ഒരു ബന്ധവുമില്ലന്ന് നമുക്ക് മനസിലായിക്കഴിഞ്ഞല്ലോ ?




സ്വന്തം സ്ഥാനത്തെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരാള്‍ക്കെങ്ങനെയാണ് ഇന്ത്യയെ തന്നെ സംരക്ഷിക്കാന്‍ കഴിയുന്നത് . സുരക്ഷിത ഇന്ത്യ എന്ന മുദ്രാവാക്യം മാറ്റി സ്വയം സുരക്ഷയ്ക്കായി വഴിതേടുന്ന ഒരാളുടെ യാത്ര എന്ന് ‘നവകേരളയാത്രയെ’ വിശേഷിപ്പിക്കേ ണ്ടിവരും. വര്‍ഷങ്ങളായി ഇടതുമുന്നണിയും വലതുമുന്നണിയും മാറിമാറി ഭരിച്ചിട്ടും ഉണ്ടാകാത്ത ഒരു ‘നവ’ കേരളം ഇനിയുണ്ടാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ???



ഭാരതത്തിന്റെ കാവലാളുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് നടന്നിരുന്നവര്‍ പോലും രാജ്യ ത്ത് വര്‍ഗ്ഗീയകലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുക യും അത് നടപ്പിലാക്കുകയും ചെയ്‌തത് ഇന്ത്യയുടെ അഖണ്ഡതയെ ആണ് തകര്‍ക്കുന്നത്. രാഷ്ട്രീയത്തിന്റെ പേരിലും മതവിശ്വാസങ്ങളുടെ പേരിലും ‘മണ്ണിന്‍ മക്കള്‍ വാദ’ത്തിന്റെ പേരിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഒരിക്കലും സുരക്ഷിത ഇന്ത്യ നല്‍കാന്‍ ആവുക യില്ല. എല്ലാവര്‍ക്കും നോട്ടം അധികാരത്തിന്റെ കസേരകളാണ്. രാഷ്ട്രീയകോമരങ്ങള്‍ക്ക് തങ്ങളുടെ സങ്കുചിതമായ താല്പര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയാത്തടത്തോ ളം കാലം ഇന്ത്യയ്ക്ക് രാഷ്ട്രീയക്കാ‍രില്‍ നിന്ന് സുരക്ഷ നേടാന്‍ കഴിയുകയില്ല. അതിര്‍ത്തിയി ലെ പട്ടാളക്കാര്‍ ഉറങ്ങാതിരിക്കുന്നതുകൊണ്ടാണ് നമുക്ക് ഉറങ്ങാന്‍ കഴിയുന്നത്. അതിര്‍ത്തി കാക്കുന്നവരില്‍ ഒരാള്‍ അറിയാതെ കണ്ണടച്ചാല്‍ പോലും ഭീകരര്‍ ഇന്ത്യയിലേക്ക് കടന്ന് നമ്മുടെ സുരക്ഷയ്ക്ക് ഭീക്ഷണി ഉയര്‍ത്തുമന്ന് മറന്നുകൂടാ.....



പ്രകൃതി ദുരന്തങ്ങളും , കലാപങ്ങളും , എല്ലാം തങ്ങളുടെ രാഷ്ടീയത്തിന് വളമാക്കുന്നവരില്‍ നിന്ന് നമ്മള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്. മുംബയിലെ ഭീകരാക്രമണം പോലും തങ്ങ ളുടെ രാഷ്ടീയത്തിനുവേണ്ടി ഉപയോഗിക്കാന്‍ നോക്കിയവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. എന്നാല്‍ മുംബൈക്കാര്‍ അത്തരക്കാരെ തെരുവില്‍ കൂവിയാണ് ഓടിച്ചത്. ഇന്ത്യയുടെ
സുരക്ഷിതത്വത്തിനായി ഏതെങ്കിലും രാഷ്ട്രീയക്കാരന് ജീവന്‍ ഹോമിക്കേണ്ടി വന്നിട്ടു ണ്ടോ ? ഇന്ത്യയ്ക്ക് വേണ്ടി ജീവന്‍ ബലികഴിച്ചവരുടെ ബന്ധുക്കളേയും കുടുംബത്തേയും പോലും അവഹേളിക്കാനല്ലേ ഇവരില്‍ പലരും ശ്രമിച്ചിട്ടുള്ളത് ? വിശുദ്ധരാകാന്‍ ഇറങ്ങി ത്തിരിച്ചവരുടെ കഴിഞ്ഞകാലചരിത്രം അവര്‍ മറന്നാലും നമ്മള്‍ മറന്നുകൂടാ. ഭാരതാംബ യുടെ ജീവനുവേണ്ടി കാര്‍ഗിലില്‍ ജീവന്‍ കൊടുത്ത് വീരമൃത്യം വരിച്ച ജവാന്മാ രുടെ ശവപ്പെട്ടികള്‍ പോലും ലാഭക്കൊതിയുടെ ആര്‍ത്തിയില്‍ വാങ്ങിക്കൂട്ടിയവര്‍ ഇന്നും നമ്മുടെ ഇടയില്‍ തലയുയര്‍ത്തി ദേശസ്‌നേഹത്തിന്റെ കഥകള്‍ പറഞ്ഞ് നടക്കുന്നു....




ഇനിയും നവകേരളയാത്രയിലേക്ക് .... യാത്രകടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്ന് ഇപ്പോള്‍ വരുന്നത് സംഘടനങ്ങളുടെ വാര്‍ത്തകളാണ്. സിപി‌എം പ്രവര്‍ത്തകര്‍ പോലും വെട്ടേറ്റ് ആശുപത്രികളില്‍ ആകുന്നു. തങ്ങളുടെ അണികള്‍ക്ക് പോലും സുരക്ഷിതം നല്‍കാന്‍ കഴിയാത്ത് ഒരു യാത്രയ്ക്ക് എങ്ങനെയാണ് ഇന്ത്യയുടെ സുരക്ഷിതം വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത്?? നവകേരളയാത്ര കടന്നുപോകുന്ന ചില സ്ഥലങ്ങളില്‍ അക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുമ്പോള്‍ ആര്‍ക്കാണ് സുരക്ഷിതത്വം?? ക്രമസമാധാ‍ന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് യാത്രയെക്കുറിച്ച് എതിര്‍കക്ഷികള്‍
നവകേരളയാത്രയെക്കുറിച്ച് ആരോപിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ എതിര്‍ക‌ക്ഷികള്‍ ആക്രമിക്കുന്നു എന്ന് നവകേരളയാത്രക്കാര്‍ ആരോപിക്കുന്നു... ഇങ്ങനെജനങ്ങളുടെ ജീവന് ഭീക്ഷണി ഉണ്ടാക്കുന്ന ഒരു യാത്രയ്ക്ക് ഭാരതത്തിന്റെ സുരക്ഷിതം എങ്ങനെയാണ് ഉറപ്പിക്കാന്‍ കഴിയുന്നത് .....




അല്ലങ്കില്‍ തന്നെ നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണല്ലോ ? “വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ബോംബ് ഉണ്ടാക്കുമെന്ന് “ പറഞ്ഞ ആള്‍ തന്നെ ആഭ്യന്തരമന്ത്രി. തങ്ങള്‍ ഇഷ്ടമല്ലാത്ത വിധികള്‍ പുറപ്പെടുവിക്കുന്ന
കോടതികളേയും എന്തിന് ജഡ്ജിമാരെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്ന മുഖ്യമ ന്ത്രിയും മന്ത്രിമാരും... തങ്ങളുടെ നേതാവിന്റെ കോലം കത്തിക്കുന്നവന്റെ കൈ വെട്ടുമന്ന് പറയുന്ന മന്ത്രി ... കോടതിമുമ്പാകെ എത്തുന്ന ലാവ്‌ലിന്‍ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ .. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ലോക്കപ്പില്‍ കിടക്കുന്നവരെ ഇറക്കികൊണ്ട് പോകുന്ന ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ... മന്ത്രിമാരുടേയും സംഘടനാനേതാക്കളുടെയും പേരിലുള്ള കേസുകള്‍ പിന്‍‌വലിക്കുന്ന സര്‍ക്കാരുകള്‍ .... ഇവരാണോ സുരക്ഷിത ഭാരതത്തിന് വേണ്ടി യാത്രചെയ്യുന്നത്.
തങ്ങളുടെ രാഷ്ടീയമനോഭാവത്തിന് വെത്യാസം വരുത്തുന്നില്ലങ്കില്‍ ഈ രാഷ്ട്രീയ യാത്രകള്‍ 'വെറും യാത്രകള്‍' ആയിമാറും എന്നതില്‍ സംശയമില്ല.




അഴിമതിയും സ്വജനപക്ഷപാതവും നിലനില്‍ക്കുന്ന ഒരു സാമൂഹ്യവ്യവ്സ്ഥിതിയില്‍ എങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുന്നത്. പ്രജാതല്‌പര്യനായ ഒരു രാജാവും , ജനങ്ങളോടും സ്വന്തം നാടിനോടും നിയമവ്യവസ്ഥിതികളോടും വിധേയത്വമുള്ള മന്ത്രിമാരും ഉള്ള ഒരു നാട്ടില്‍മാത്രമേ ഐശ്വര്യം ഉണ്ടാവുകയുള്ളു. നാക്കുകൊണ്ട് മാത്രം വികസനം നടത്തുന്ന നമ്മുടെ കേരളത്തില്‍ ഐശ്വര്യം ഉണ്ടാകേണ്ടത് ജനങ്ങളുടെ ആവിശ്യമാണ് . അത് ഉണ്ടാക്കി നല്‍കേണ്ടത് ഭരണാധികാരികളും. അതിന് ബാധ്യസ്ഥരായവര്‍ തങ്ങളുടെ അധികാരക്കസേര നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ എവിടെയാണ് ഐശ്വര്യം????



സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കായി ജീവിതം ഹോമിച്ചവര്‍ ... കാലുകള്‍ നഷ്ടപെട്ടവര്‍, കൈകള്‍ നഷ്ടപെട്ടവര്‍... കണ്ണുകള്‍ നഷ്ടപെട്ടവര്‍ .... ചലനശേഷി നഷ്ടപെട്ടവര്‍ .... അവര്‍ക്കാണ് നമ്മള്‍ ജയ് വിളിക്കേണ്ടത് ... അവര്‍ക്കുവേണ്ടി യാണ് നമ്മള്‍ പത്രത്താളുകളില്‍ അക്ഷരം നിരത്തേണ്ടത് .... കുടുംബത്തേയും കുട്ടികളേയും വിട്ട് അതിര്‍ത്തിയില്‍ ഭാരതാംബയുടെ മണ്ണ് സംരക്ഷിക്കാന്‍ മരംകോച്ചുന്ന തണുപ്പില്‍ കഴിയുന്ന പട്ടാളക്കാ‍രുടെ മനോവീര്യത്തിനുമുന്നിലാണ് നമ്മള്‍ സുരക്ഷിതരായി കഴിയുന്നതന്നുള്ള ഓര്‍മ്മ ഉണ്ടാവണം എപ്പോഴും .... അവര്‍ക്ക് പിന്നിലാണ് നമ്മള്‍ അണിനിരക്കേണ്ടത് .... അവരാണ് നമ്മുടെ സംരക്ഷിതര്‍ .....

Tuesday, February 3, 2009

മരണവീട്ടിലെ പ്രസംഗങ്ങള്‍ :

ഒരു മരണവീട്ടില്‍ നിങ്ങളെന്തിനാണ് പോകുന്നത് ? മരണപെട്ടാ‍ളിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും മരിച്ച ആളിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആയിരിക്കും നമ്മളെല്ലാവരും തന്നെ മരണ വീട്റ്റില്‍ പോകുന്നത്. കുറച്ച് കാലംമുമ്പ് വരെ ഇതിനുവേണ്ടി തന്നെയാണ് ആളുകള്‍ മരണ വീട്ടില്‍ പോയിരുന്നത്. എന്നാലിപ്പോള്‍ ചിലര്‍ തങ്ങളുടെ പ്രസംഗ പാടവം തെളിയിക്കാനു ള്ള വേദിയാക്കി മരണ വീടുകളെ മാറ്റിയിരിക്കുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനി കള്‍ . മൈക്ക് കണ്ടാല്‍ ചിലര്‍ക്ക് പ്രസംഗിച്ചാലേ ശരീരത്തിന്റെ വിറയല്‍നില്‍ക്കുകയുള്ളു. ക്രിസ്ത്യന്‍ മരണവീടുകളില്‍ ഇപ്പോള്‍ മൈക്ക് ഉള്ളതുകൊണ്ട് പ്രസംഗങ്ങള്‍ക്ക് യാതൊരു കുറവുമില്ല. മരണവീടുകളില്‍ പോലും ലോകത്തിന്റെ സമ്പത് വ്യവസ്ഥയെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചൊക്കെ പറയുന്നതുകേള്‍ക്കുമ്പോള്‍ മരിച്ചവന്‍ പോലും ചെവി പൊത്തിക്കളയും. മരിച്ച ആളിന്റെ അപഥാനങ്ങള്‍ വാഴ്ത്തിപാടുമ്പോള്‍ പ്രസംഗിക്കുന്ന വന്‍ എന്തായിരിക്കും ഉദ്ദേശിക്കുന്നത് ? അത് കേള്‍ക്കുന്നവന്റെ മാനസികാവസ്ഥ എന്താണ് ?

ഇലക്ഷന്‍ അടുത്തവരുമ്പോള്‍ മരണവീട്ടിലെ പ്രസംഗക്കാരുടെ എണ്ണം കൂടും. ഇലക്ഷന് നില്‍ക്കുന്നവരെല്ലാം പരേതന്‍ / പരേത തനിക്ക് കഴിഞ്ഞ പ്രാവിശ്യം വോട്ട് തന്ന കാര്യവും ഇനിയും തനിക്ക് തന്നെ വോട്ട് തരാമന്ന് പറഞ്ഞ് കാര്യവും ജനങ്ങളെ ഓര്‍മ്മിപ്പിക്കും. പരേതന്‍ / പരേത യുമായി വര്‍ഷങ്ങളായി തനിക്കുള്ള ഹൃദയ ബന്ധം ഓര്‍ത്തെടുക്കും. അത് പലപ്പോഴും അസ്‌ത്യമായിരിക്കും. പരേതന്‍ / പരേത അവന്മാരെ കണ്ടിട്ടുപോലു മുണ്ടാവില്ല. ഒരു മരണവീട്ടില്‍ ഒരു ജനപ്രതിനിധിയെത്തി. കഴിഞ്ഞ ഇലക്ഷനില്‍ മരിച്ചുപോയ അച്ചായന്‍ തനിക്ക് വേണ്ടി വോട്ട് ചെയ്തതും പോസ്റ്റ്‌ര്‍ ഒട്ടിച്ചതെല്ലാം ജനപ്രതിനിധി അനുസ്‌മരിച്ച് കണ്ണീരൊപ്പി. നാട്ടുകാരുടെ ചുണ്ടിലെ പരിഹാസച്ചിരി ജനപ്രതിനിധിക്ക് മനസിലായില്ല. പിന്നീടാണ് കാര്യം മനസിലായത്. മരിച്ചുപോയ അച്ചായന്‍ വടക്കെ ഇന്ത്യയില്‍ നിന്ന് നാട്ടിലെത്തിയിട്ട് ഒരു വര്‍ഷമേ ആയുള്ളു. മൂന്ന്
വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ പോസ്റ്റ്‌റൊട്ടിച്ച് അച്ചായന്‍ ഞാന്‍ പോസ്റ്റ്‌റൊന്നും ഒട്ടിച്ചില്ലന്ന് പറയത്തില്ലല്ലോ?


പരേതന്റെ / പരേതയുടെ ബന്ധുക്കളായ ചിലരുടെ അനുസ്‌മരണങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടാവാറുണ്ട്. വള്ളിനിക്കര്‍ ഇട്ടോണ്ട് നടക്കുന്ന കാലം തൊട്ട് തങ്ങള്‍ സുഹൃത്തക്കളായിരു ന്നുവെന്നും അവന്‍ / അവള്‍ തന്നോട് എല്ലാ കുടുംബകാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു വെന്നും ഒക്കെ അങ്ങ് തട്ടിവിടും. ഇന്നലെവര്‍ അവര്‍ കീരിയും പാമ്പും പോലെ കഴിഞ്ഞി രുന്നത് നാട്ടുകാരുടെ മുമ്പില്‍ തന്നെ ആയിരുന്നല്ലോ? ചിലരുണ്ട് അച്ചന്മാര്‍ പ്രാര്‍ത്ഥിക്കാന്‍ എഴുന്നേറ്റാലും പ്രസംഗം നിര്‍ത്തുകയില്ല. ശവമടക്കിന് വന്നവരെല്ലാം തന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നവരാണന്നുള്ള മട്ടിലാണ് ഇത്തരക്കാരുടെ പെരുമാറ്റം.

കഴിഞ്ഞ ആഴ്ചയില്‍ ഞാനൊരു മരണവീട്ടില്‍ പോയി.ശവമടക്കിന് തലേദിവസം വൈകിട്ട് അച്ചനും കപ്യാരും കൂടി ഏഴുമണിക്ക് പള്ളിയില്‍ നിന്ന് മരണവീട്ടിലേക്ക് പോയി. ഞങ്ങള്‍ ഏഴെട്ടുപേര്‍ ഏഴേകാലായപ്പോഴാണ് പോയത്. മരണവീട്ടില്‍ പാടാനുള്ള പാട്ടുപുസ്തക മെല്ലാം തലേ ദിവസം അവിടെ പോയപ്പോള്‍ അവിടെ എത്തിച്ചിരുന്നു. ഞങ്ങള്‍ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരാള്‍ പ്രസംഗിക്കുന്നു. സത്യം പറഞ്ഞാല്‍ മരിച്ച അച്ചായന്റെ മൃതശരീരം അവിടെ ഉണ്ടായിരുന്നെങ്കില്‍ ശവപെട്ടിയില്‍ നിന്ന് എഴുന്നേറ്റ് അച്ചായന്‍ തന്നെ പ്രസംഗിക്കുന്ന ആള്‍ക്കിട്ടൊന്ന് കൊടുക്കുമായിരുന്നു. എട്ടുമണിക്കാണ് പ്രസംഗം കഴിഞ്ഞത്. ആ പ്രസംഗത്തില്‍ ലോകത്തിന്റെ ഗതിയെക്കുറിച്ചും മറ്റുള്ളവരുടെ മരണത്തെ ക്കുറിച്ചും മറ്റൊരാള്‍ മരണക്കിടക്കിയില്‍ ആയിരുന്നപ്പോള്‍ തന്നോട് പറഞ്ഞ കാര്യങ്ങ ളെല്ലാം കൂടി പ്രസംഗകന്‍ അങ്ങ് കലക്കി. പ്രസംഗം സഹിക്കാനാവാതെ ഒരുത്തന്‍ വന്ന് മുറ്റത്ത് നിന്ന് ‘പരത്തെറി’ പറഞ്ഞത് പ്രസംഗകന്‍ കേള്‍ക്കാതാരിക്കാ‍ന്‍ വഴിയില്ല. മരണവീട്ടില്‍ പ്രാര്‍ത്ഥിക്കാനും പാട്ടുപാടാനും എത്തിയവരുടെ മുഖഭാവം ഒന്നു കണ്ടാല്‍ ഇത്തരക്കാര്‍ക്ക് പ്രസംഗം തുടര്‍ന്നുകൊണ്ട് പോകാന്‍ എങ്ങനെ കഴിയുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

ഇത്തരം ‘കൊലയാളി പ്രസംഗകരും’ ‘മാരണ പ്രസംഗങ്ങളും’ ക്രിസ്ത്യന്‍ വീടുകളിലേ കണ്ടിട്ടുള്ളു. ബന്ധുക്കളും സുഹൃത്തുക്കളും നേതാക്കന്മാരും മാത്രമല്ല മരണവീടുകളില്‍ ‘പ്രസംഗവധം‘ നടത്തുന്നത്. ‘പ്രസംഗവധ‘ത്തിന് അച്ചന്മാരും പിന്നിലല്ല. ഒരച്ചായന്‍ മരിച്ചപ്പോള്‍ അച്ചായന്റെ ബന്ധത്തിലുള്ള ഒരച്ചന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി എത്തി. പള്ളിയില്‍ മൃതശരീരം കൊണ്ടുവന്നുകഴിഞ്ഞപ്പോള്‍ മേല്പടിയാന്‍ അച്ചായനെ
അനുസ്‌മരിക്കാന്‍ തുടങ്ങി. അച്ചായന്‍ നോമ്പുകളെല്ലാം മുറതെറ്റാതെ നോക്കുന്നവനായി രുന്നു .. മുടങ്ങാതെ പള്ളിയില്‍ എത്തുമായിരുന്നു ... കൂദാശകളെല്ലാം കൃത്യമായി അനുഷ്ഠി ക്കുന്നവനായിരുന്നു.... പ്രസംഗം അങ്ങ് നീണ്ടു. മൃതശരീരത്തിനടുത്തിരുന്ന പല ബന്ധുക്കളും ആ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ പോലും അച്ചന്റെ പ്രസംഗം കേട്ട് ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. അച്ചായന്‍ മരിക്കുന്നതിനുമുമ്പുള്ള വലിയ നൊയ്മ്പ്
കാലത്ത് കുമ്പസാരിച്ചവര്‍ മാത്രമേ പെസഹവ്യാഴായ്ച് ഹൂസോയോ (പാ‍പപരിഹാര പ്രാര്‍ത്ഥന) പ്രാപിച്ച് കുര്‍ബ്ബാന കൈക്കൊള്ളാന്‍ വരാവൂ എന്ന് പറഞ്ഞായിരുന്നു. മരിച്ചുകിടക്കുന്ന അച്ചായന്‍ കുമ്പസാരിച്ചിട്ടല്ലന്ന മനസിലാക്കിയ അച്ചന്‍ അച്ചായനോട് പറഞ്ഞു .” അവസാനം കുമ്പസാരിപ്പിക്കാം“. “ഓ.. കുമ്പസാരിച്ചിട്ട് എനിക്ക് കുര്‍ബ്ബാന വേണ്ട...” എന്ന് പറഞ്ഞ് പോയ വ്യക്തിയെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് അനുസ്‌മ രണ പ്രസംഗം നടത്തുന്ന അച്ചനറിയില്ലല്ലോ ????????????


മൈക്കിലൂടെ രണ്ടക്ഷരം വിളിച്ചു പറഞ്ഞു കഴിയുമ്പോള്‍ ചിലര്‍ക്ക് ആശ്വാസമാണ്. ഇവരുടെ പ്രസംഗം നിര്‍ത്തികിട്ടുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ആശ്വാസം. മരണവീടാണങ്കിലും ഇന്നതേ പറയൂ എന്നൊന്നും ഇവര്‍ക്ക് നിര്‍ബന്ധമൊന്നും ഇല്ല. വായില്‍ തോന്നുന്നതെന്തും പറയും. മരിച്ച ആളിന്റെശരീരം കാണുന്നതിനാണ് ആളുകള്‍ വന്നതെന്ന് പ്രസംഗകര്‍ മറന്നുപോകും. തന്റെ പ്രസംഗം കേള്‍ക്കുന്നതിനാണ് ആളുകള്‍ എത്തിയിരിക്കുന്നതെന്ന്
എന്നാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. ഇത്തരക്കാരെ പേടിച്ച് ഇപ്പോള്‍ പലരും പാടാനും പ്രാര്‍ത്ഥിക്കാനുമായി മരണവീടുകളില്‍ പോകാന്‍ ഭയപ്പെടുന്നുണ്ടത്രെ. ഇവരുടെ പ്രസംഗം തീരാതെ എഴുന്നേറ്റ് പോകാന്‍ പറ്റുകയില്ലല്ലോ??



മരിച്ചവര്‍ക്ക് അല്പസമയം ദൈവം ജീവന്‍ തിരിച്ചുകൊടുക്കുകയാണങ്കില്‍ പെട്ടിയില്‍ കിടുക്കുന്നവന്‍ ആദ്യം ചെയ്യുന്നത് തന്റെ അപഥാനങ്ങള്‍ വാഴ്‌ത്തിപ്പാടികൊണ്ട് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നവന്റെ മുഖത്ത് ഒരെണ്ണം കൊടുക്കുകയായിരിക്കും.

ശ്ശ്..ശ്ശ്..സ്..സ്.. അച്ചനേയും പറ്റിച്ചു

മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ പള്ളികളില്‍ പുതിയ അച്ചന്മാര്‍ ഇടവകമാറി എത്തും. വലിയ പള്ളികളില്‍ നിന്ന് ചെറിയ പള്ളികളിലേക്ക് പോകുന്ന അച്ചന്മാര്‍ ദുഃഖത്തോടും ചെറിയ പള്ളികളില്‍ നിന്ന് വലിയ പള്ളികളില്‍ നിന്ന് വലിയ പള്ളികളിലേക്ക് പോകുന്ന അച്ചന്മാര്‍ സന്തോഷത്തോടും തങ്ങളുടെ പഴയപള്ളികളില്‍ നിന്ന് പടിയിറങ്ങും. പുതിയ
പള്ളികളിലേക്ക് ചെന്നാലുടന്‍ ആത്മീയമാര്‍ഗ്ഗങ്ങളെക്കുറിച്ചും ആത്മീയപ്രസ്ഥാനങ്ങളെ ക്കുറിച്ചും ഒരു ക്ലാസ് തന്നെ എടുക്കും. പുതിയ ഇടവകളിലേക്ക് വന്നാലുടന്‍ അച്ചന്മാര്‍ ഭവനസന്ദര്‍ശനത്തീന് ഇറങ്ങും. വീടുകള്‍ എവിടെ, അവിടെ ആരൊക്കെ താമസിക്കുന്നു എന്നറിയാനാണ് ഈ ‘നാട്ടുനടപ്പെ‘ങ്കിലും വീടുകളിലെ ‘ഫിനാഷ്യന്‍ പൊട്ടന്‍ഷ്യല്‍’ എത്രയെന്ന് അറിയുക എന്നതുകൂടി ചിലരുടെ ഹിജന്‍ അജണ്ടയിലുണ്ടാവും. ഇങ്ങനെ ഓരോ വീടുകളിലും കയറിയിറങ്ങി ‘ഇടവക രജിസ്റ്റര്‍’ പുതുക്കുന്നതിന് അച്ചന്മാര്‍ പോകു മ്പോള്‍ വീടുകാണിച്ചു കൊടുക്കുന്നതിനായി ഏതെങ്കിലും പിള്ളാരേയും കൂട്ടും. ഒന്നുമല്ലങ്കിലും ഏതെങ്കിലും വീട്ടില്‍ ചെല്ലുമ്പോള്‍ അഴിച്ച് വിട്ടിരിക്കൂന്ന പട്ടി ഓടിച്ചാലും ഓടാന്‍ വഴിപരിച യമുള്ള ഒരാള്‍ കൂടെയുള്ളത് നല്ലതാണ്.



ഇടവകയിലേക്ക് പുതിയതായി എത്തിയ അച്ചന്‍ ഒരു പയ്യനേയും കൂട്ടി വീടുകള്‍ സന്ദര്‍ശി ക്കാനിറങ്ങി. വീടുകളില്‍ താമസിക്കുന്നവരുടേയും അതിലുപരി ഗള്‍ഫില്‍ താമസിക്കുന്നവ രുടേയും വിവരങ്ങള്‍ അപഗ്രഥിച്ച് അച്ചന്‍ മനസില്‍ രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ട്. കൂടെ പോയ ചെറുക്കനാണങ്കില്‍ നാലുമണിതൊട്ട് ഞെരിപിരി കൊള്ളാനും തുടങ്ങി. നാലുമണിക്ക് അവന്റെ വായിനോട്ടം തുടങ്ങാനുള്ളതാണ്. കലുങ്കില്‍ നേരത്തെപോയി സ്ഥാനം പിടി ച്ചില്ലങ്കില്‍ നിന്ന് വായിനോക്കണം. “അച്ചോ നമുക്ക് നിര്‍ത്താം നിര്‍ത്താം... ഇനി നാളെ മറ്റ് വീടുകളില്‍ കയറാം...” എന്നൊക്കെ ചെറുക്കന്‍ പറയുന്നുണ്ടങ്കിലും അച്ചന്‍ അതൊന്നും കണക്കിലെടുക്കുന്നതേയില്ല. ചെറുക്കനാണങ്കില്‍ അച്ചനെ വിട്ടിട്ടുപോകാനും മടി. ഓരോ വീട്ടിലും ചെല്ലുമ്പോള്‍ മുന്നില്‍ കൊണ്ടുവയ്ക്കുന്ന പലഹാരപാത്രങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന തെങ്ങനെ...?? “ഇനി ഒരു വീട്ടിലൂടെ കയറി ഭവനസന്ദര്‍ശനം നിര്‍ത്താം“ എന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ ചെറുക്കന് ആശ്വാസമായി.


വീടിന്റെകത്തേക്ക് കയറി അവര്‍ ഇരുന്നു. വലിയ രണ്ടുനില വീട്ടില്‍ ഒരു അമ്മാമയും രണ്ട് പെണ്മക്കളും മാത്രമാണ് താമസം. അച്ചായന്‍ അങ്ങ് ഗള്‍ഫില്‍. പരിചയപെട്ട് വന്നപ്പോള്‍ അമ്മാമ്മയും അച്ചനും പരിചയക്കാര്‍. കോളേജില്‍ അച്ചന്റെ ജൂനിയറായി പഠിച്ചതാണ് അമ്മാമ. അവര്‍ കഴിഞ്ഞകാല കോളേജ് ജീവിതത്തിലെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുപ്പോള്‍ ചെറുക്കന്റെ കണ്ണ് അകത്തെ മുറിയിലേക്ക് തന്നെ ആയിരുന്നു. എവിടെങ്കിലും ചുരിദാറിന്റെ അനക്കം ഉണ്ടോ ? അച്ചനും അമ്മാമ്മയും അരമണിക്കൂര്‍സംസാരിച്ചപ്പോഴേക്കും ചെറുക്കന്‍ മുന്നിലിരുന്ന പ്ലേറ്റുകള്‍ എല്ലാം വൃത്തീയാക്കിയിരുന്നു. എത്രയോ പരിചയക്കാരുടെ വീട്ടില്‍
അച്ചന്‍ ചെന്നതാണ് അവരോടൊന്നും അച്ചന്‍ ഇത്രയും നേരം സംസാരിച്ചിരുന്നിട്ടില്ല.?? അവന്‍ കൂടതലൊന്നും ചിന്തിക്കാതെ വീണ്ടും നോട്ടം കതകിന്‍ പാളിയിലേക്ക് വിട്ടു. കതകില്‍ പാളികളടിയില്‍ വെള്ളാരം കല്ലുകള്‍ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍
അവന്‍ കണ്ടെത്തിയിരുന്നു. അച്ചന്‍ പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റപ്പോള്‍ കുറച്ചുകഴിഞ്ഞിട്ട് പ്രാര്‍ത്ഥിക്കാം എന്ന് പറയണമെന്ന് തോന്നിയെങ്കിലും അവന്‍ പറഞ്ഞില്ല.



അച്ചന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദ്ദം കേള്‍ക്കാം ...”ശ്ശ്...ശ്ശ്....”. അച്ചന്‍ ചെവി വട്ടം പിടിച്ചു. ആ ശബ്ദ്ദം കേള്‍ക്കാം.. അച്ചന്‍ ഇറുകണ്ണിട്ട് ചെറുക്കനെ നോക്കി. അവന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുകയാണ്. അച്ചന്‍ അവനേയും കടന്നുള്ള വാതിക്ക ലെക്ക് നോക്കി. അവിടെ പെണ്‍കൊച്ച് ഷാള്‍ തലയില്‍ ഇട്ടുകൊണ്ട് നില്‍പ്പുണ്ട്. ഷാള്‍ മുഖം മറയ്ക്കുന്നതുകൊണ്ട് ”ശ്ശ്...ശ്ശ്....”. എന്ന് വിളിക്കുന്നത് അവളാണോ എന്ന് കാണാന്‍ പറ്റുന്നില്ല. രണ്ടു മൂന്നു ദിവസമായിട്ട് ഈ ചെറുക്കനെ കൊണ്ടു നടന്നപ്പോള്‍ അവന്റെ സ്വഭാവം ഏകദേശം പിടികിട്ടിയിരുന്നതുകൊണ്ട് അച്ചന്‍ ഉറപ്പിച്ചു. ഷാളിട്ട പെണ്ണ് ചെറുക്കനെ വിളിക്കുകയാണ് . ”ശ്ശ്...ശ്ശ്....”. ശബ്ദ്ദം ചെറുക്കനും കേട്ടു. ഏതായാലും അവളുതന്നെ വിളിക്കത്തില്ലന്ന് അവനറിയാം.പിന്നെയുള്ളത് ??? അമ്മാമ്മയും അച്ചനും ..... ദൈവമേ അവനറിയാതെ വിളിച്ചു. അവളേയും അവനേയും വിളിച്ച് ഒന്നു ഗുണദോഷി ക്കണം എന്ന് വിചാരിച്ച് അച്ചന്‍ പ്രാര്‍ത്ഥന തുടര്‍ന്നു. അച്ചന്റെ കൂടെ നാളെമുതല്‍ താന്‍ വരത്തില്ലന്ന് പറയണമെന്ന് അവനും ഉറപ്പിച്ചു.

അച്ചന്‍ പ്രാര്‍ത്ഥന നിര്‍ത്തിക്കഴിഞ്ഞപ്പോഴും ”ശ്ശ്...ശ്ശ്....”. കേള്‍ക്കാം. അച്ചന്‍ ചെറുക്ക നേയും ചെറുക്കന്‍ അച്ചനേയും നോക്കി.ശബ്ദ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് രണ്ടുപേരും നോക്കി. അമ്മാമ്മ വാതിലില്‍ തല ചാരി കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥന തീര്‍ന്നതറിയാതെ നില്‍ക്കുകയാണ്. അപ്പോഴും അമ്മാമ്മയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ട്.”ശ്ശ്...ശ്ശ്....”. അച്ചന്‍ ആ ശബ്ദ്ദത്തെ ഒരഞ്ച് സെക്കന്‍ഡുകൊണ്ട് അനലൈസ് ചെയ്തെടുത്തു. ”ശ്ശ്...ശ്ശ്....”. എന്നല്ല അമ്മാമ്മ പറയുന്നത് .”സ്തോത്രം സ്തോത്രം..” എന്നാണ് പറയുന്നത്. ഭക്തികൊണ്ട് സ് മാത്രം കേള്‍ക്കാം. ‘തോത്രം‘ സൈലന്റാണ് . സ് മാത്രം പുറത്തേക്ക് വരുന്നതു കൊണ്ട്”ശ്ശ്...ശ്ശ്....” എന്നാണ് കേള്‍ക്കുന്നത്.


ചെറുക്കനെ തെറ്റിദ്ധരിച്ചതില്‍ അച്ചനും അച്ചനെ തെറ്റിദ്ധരിച്ചതില്‍ ചെറുക്കനും മനസില്‍ ക്ഷമാപണം നടത്തി അന്നത്തെ ഭവനസന്ദര്‍ശനം നിര്‍ത്തി.

.