Tuesday, March 9, 2010

ഉപരോധം ജനങ്ങള്‍ക്കോ?

ആരു വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് നമ്മള്‍ കേരളത്തില്‍ ജീവിക്കുന്നവരുടെ കാര്യം. എവിടെ എന്ത് സംഭവിച്ചാലും കേരളക്കാര്‍ക്ക് ഇരിക്കപ്പൊറുതി തരില കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനു ശേഷം ഇപ്പോള്‍ കേരളാം മറ്റൊരു സമരത്തിന്റെ ഫലം അനുഭവിക്കുകയാണ്. ഉപരോധസമരം. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെയുള്ള ഉപരോധം ശരിക്ക് കിട്ടുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ആണന്ന് മാത്രം. വിലക്കയറ്റത്തിനും ഭീകരവാദത്തിനും എതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സി.പി.ഐ.(എം) ന്റെ നേതൃത്വത്തില്‍ 8 മുതല്‍ 12 വരെ ഉപരോധിക്കു കയാണ്. തുടര്‍ച്ചയായ അഞ്ചുദിവസം ഈ ഓഫീസുകള്‍ ഉപരോധിച്ചു കഴിയുമ്പോള്‍ കയറിയ വിലകള്‍ കുത്തനെ ഇറങ്ങുകയും ഭീകരവാദം അപ്രത്യക്ഷമാവുകയും ചെയ്യുമായിരിക്കും. ഇനി ഇങ്ങനെ സംഭവിച്ചില്ലങ്കില്‍ ജനങ്ങള്‍ ഉപരോധിക്കപെട്ടത് മിച്ചം.


ഈ ഉപരോധ സമരങ്ങള്‍ കൊണ്ട് ആര്‍ക്കാണ് നഷ്ടം എന്ന് സമരക്കാ‍ര്‍ ചിന്തിച്ചിട്ടുണ്ടോ? കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തിലെ മാത്രം പോസ്റ്റ് ഓഫീസുകളും ടെലിഫോണ്‍ ഭവനുകളും ഉപരോധിച്ചതുകൊണ്ട് എന്ത് പ്രയോജനം.?? ഇപ്പോള്‍ ലോക്‍സഭയും രാജ്യസഭയും കൂടുന്ന സമയം ആയതുകൊണ്ട് ഇടതുപക്ഷ എം.പിമാര്‍ക്ക് ഈ വിഷയം സഭകളില്‍ ഉന്നയിക്കാമല്ലോ? അതുചെയ്യാതെ എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കൂന്നത്.ഇങ്ങനെ ജനങ്ങളെ സ്നേഹിച്ച് കൊല്ലാക്കൊല ചെയ്തിട്ട് യാതൊരു ഉളിപ്പും ഇല്ലാതെ വീണ്ടും വോട്ട് തേടി എത്തും. ജനങ്ങളെ സേവിച്ചങ്ങ് പണ്ടാരമടക്കും എന്നുള്ള ശപധം ഇലക്ഷന്‍ കഴിയുന്നതോടെ അതിര്‍ത്തി കടക്കും.


ഈ ഒരാഴ്ച പോസ്റ്റ് ഓഫീസില്‍ പോകാനുള്ളവര്‍ ഒരാഴ്ചത്തേക്ക് എഴുത്തുകളെല്ലാം വീട്ടില്‍ തന്നെ സൂക്ഷിക്കുക. ഇന്റ്ര്‌വ്യൂ കാര്‍ഡ് കിട്ടാത്തവര്‍ തൊഴിലില്ലായ്മക്ക് എതിരെ നടത്തൂന്ന സന്ധിയില്ലാ സമരത്തില്‍ അണിചേര്‍ന്ന് തൊണ്ടപൊട്ടുന്ന ഉച്ചത്തീല്‍ അലറിവിളിക്കുക. പ്രിയപ്പെട്ട രാഷ്ട്രീയക്കാ‍രേ നിങ്ങള്‍ ഞങ്ങള്‍ ജനങ്ങളെ സേവിച്ചില്ലങ്കിലും ഇങ്ങനെ ദ്രോഹിക്കരുത്? ചങ്ങനാശേരിയിലും കോട്ടയത്തും പോസ്റ്റ് ഓഫീസിനുമുന്നില്‍ പന്തലിട്ട് എല്ലാവാതിലുകളും അടച്ചാണ് ഉപരോധം. ഓഫീസ് സമയം പോലെ സമരക്കാര്‍ എട്ടുമണിക്ക് വന്ന് അഞ്ചുമണിക്ക് തിരിച്ചു പോകുന്നുണ്ടന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. ഈ കൃത്യനിഷ്ഠത ജീവിതത്തിലും ചെയ്യുന്ന തൊഴിലിലും കാണിച്ചിരുന്നങ്കില്‍ ഈ കേരളം എന്നേ രക്ഷപെട്ടേനെ... പത്തനംതിട്ടയില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നിരത്തിയിരിക്കുന്ന കസേര ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെവരെ ഹനിച്ചു കൊണ്ടാണ് തുടരുന്നത്. രാഹുല്‍‌ഗാന്ധിയുടെ സന്ദര്‍ശന സമയത്ത് തന്റെ വാഹനം തടഞ്ഞിട്ടതില്‍ ദേഷ്യം വന്ന മന്ത്രി ജി.സുധാകരന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം ഇല്ലാതാക്കി എന്നായിരുന്നു ആ പ്രസ്താവന. അന്നത്തേ ധാര്‍മ്മികരോഷം ഇപ്പോഴും മന്ത്രിയില്‍ അവശേഷിക്കുന്നുണ്ടാവുമോ???


ഈ സമരത്തിന് ആഹ്വാനം ചെയ്യുന്നവരോ സമരനേതാക്കള്‍ക്കോ ജനങ്ങളുടെ കഷ്ടപ്പാട് അറിയില്ല. അവര്‍ക്ക് പോസ്റ്റ് ഓഫീസുകളിലേ ടെലിഫോണ്‍ എക്സ്‌ചേഞ്ചുകളിലോ കയറേണ്ട ആവിശ്യം ഇല്ലല്ലോ?? കേരളത്തിലെ എല്ലാ ജനങ്ങളേയും പണിമുടക്കിന്റെ പേരില്‍ 2ആം തീയതി വീട്ടില്‍ ഇരുത്തിയ ഇടതുപക്ഷം തങ്ങളുടെ എം.എല്‍.എ മാര്‍ നിയമസഭയില്‍ ഹാജരായതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ? ജങ്ങള്‍ അന്ന് കുംഭച്ചൂടില്‍ വിയര്‍ത്തൊലിച്ച് വേച്ച് വേച്ച് തുള്ളിവെള്ളം കുടിക്കാതെ നടന്നപ്പോള്‍ നിയമസഭയില്‍ നിന്ന് മൂന്നൂറുമീറ്റര്‍ അകലെയുള്ള എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് അവര്‍ കെ.എസ്.ആര്‍.ടി.സിയുടെ മിനി ബസിലും മന്ത്രിവാഹനത്തിലുമൊക്കയായി നിയമസഭയില്‍ എത്തി. പാവം ജനങ്ങള്‍ എല്ലാം കണ്ടും കേട്ടും അന്നത്തെ ദിവസക്കൂലി യുടെ ഇല്ലായ്മയില്‍ വീട്ടില്‍ കുത്തിയിരുന്നു. പണിമുടക്കി വീട്ടിലിരുന്ന ജനങ്ങളോട് ഇങ്ങനെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍.... ഇനിയും നിങ്ങളില്‍ നിന്ന് ഇങ്ങനെ യുള്ള ജനസേവന കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.


ഇടതുപക്ഷത്തിന് ഇപ്പോള്‍ നടത്തിയ പെ‌ട്രോള്‍ വിലവര്‍ദ്ധന തടയാന്‍ പറ്റുമായിരു ന്നോ?? കഴിഞ്ഞ യു.പി.എ ഗവണ്‍‌മെന്റില്‍ പല പ്രാവിശ്യം വിലവര്‍ദ്ധന തടയാന്‍ അവര്‍ക്ക് കഴിയുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രാവിശ്യം ഗവണ്‍‌മെന്റില്‍ പിന്‍‌സീറ്റ് ഡ്രൈവിങ്ങ് ഇടതുപക്ഷത്തിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രാവിശ്യം യു.പി.എ ഗവണ്‍‌മെന്റിന് പിന്തുണ നല്‍കാതെ ഇടതുപക്ഷം മാറി നില്‍ക്കുന്നതാണ് കണ്ടത്.ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതെ ചരിത്രപരമായ മണ്ടത്തരം കാണിച്ച ഇടതുപക്ഷം ശരിക്കും ഒരു ഒളിച്ചോട്ടം നടത്തുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തില്‍ ഭരണം നടത്തിയയവരാരും ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചില്ലന്ന് പറയാന്‍ സാധിക്കുന്നത് അന്ന് ഭരണം നടത്താതിരുന്നതുകൊണ്ടാണ്.


ഇടതുപക്ഷ സമരം കഴിയുന്നുടനെ വലതുപക്ഷ സമരവും പ്രതീക്ഷിക്കാം. അവര്‍ ഉപരോധിക്കുന്നത് കളക്‍ട്രേറ്റുകളെ ആയിരിക്കും. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ പോസ്റ്റോഫീസ് പടിക്കലും ടെലിഫോണ്‍ എക്സ്‌ചേഞ്ചിന് മുന്നിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ കള‌ക്‍ട്രേറ്റിനു മുന്നിലും നടത്തുക എന്നുള്ളത് ആണ് ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നയം. ഈ സമരങ്ങള്‍ക്കൊക്കെ ഇരയാകേണ്ടി വരുന്നത് സാ‍ധാരണക്കാരായ ജനങ്ങളാണ്. ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ ബന്ദും ഉപരോധവും നടത്തിയാലും ബന്ധിക്കപ്പെടുകയും ഉപരോധിക്കപ്പെടുകയും ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളാണ്. പ്രിയപ്പെട്ട രാഷ്ട്രിയക്കാരെ ജനങ്ങളെ ഉപദ്രവിക്കാതെ നിങ്ങള്‍ക്ക് സമരം ചെയ്തുകൂടെ. ജനങ്ങളെ ദ്രോഹിക്കാതെ സമരം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ?? ജനങ്ങളെ ഉപരോധിക്കാതെ പോസ്റ്റ്‌ഓഫീസുകളുടെ ഗെയ്റ്റില്‍ നിന്ന് അല്പം നീങ്ങി ഇരുന്നുകൂടെ? റോഡിലേക്ക് ഇറക്കിയിട്ടിരിക്കുന്ന കസേരകള്‍ അവിടെനിന്ന് എടുത്തുമാറ്റിക്കൂടെ... നിങ്ങള്‍ക്ക് പാര്‍ട്ടിഫണ്ടും വോട്ടൂം തരുന്നു എന്നുള്ള കുറ്റം മാത്രമേ ഞങ്ങള്‍ ജനങ്ങള്‍ ചെയ്യുന്നുള്ളൂ.... ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കാതിരുന്നു കൂടെ? കോഴികളെപ്പോലെ ഞങ്ങളുടെ കിടക്കപ്പൊറുതി ഇല്ലാതാക്കരുതേ ....................