Showing posts with label മൊബൈല്‍. Show all posts
Showing posts with label മൊബൈല്‍. Show all posts

Thursday, April 23, 2020

ദുരന്തങ്ങൾ വരുന്ന വഴി....


രണ്ട്മൂന്ന് മാസങ്ങൾക്ക് മുമ്പാണ്.  സ്കൂളിൽ നിന്ന് വരുന്ന മോളെ വിളിക്കാൻ ഞാൻ വീട്ടിൽ നിന്ന് റോഡിലേക്ക് പോകുന്നു. ഒരു വീടുകൂടി കടന്നു വേണം എനിക്ക് റോഡിൽ എത്താൻ. ആ വീട്ടിലെ പ്ലസ് വൺകാരന്റെ ശബ്ദ്ദം കേട്ട് ഞാൻ നിന്നു...

"എടാ മണ്ടാ നിന്റെ തോക്ക് എനിക്ക് താടാ‍ാ...."

"ദേണ്ടടാ  കത്തി , അതെടുത്ത് കുത്ത്..."

"എനിക്ക് തോക്കില്ലടാ ... നിന്റെ തോക്ക് താടാ..."

"അവനെ കൊല്ലടാ... ദോണ്ടടാ നിന്റെ സൈഡിൽ കൂടി പോകുന്നു . അവനെ വെടിവയ്ക്ക്..."

എന്താ സംഭവം എന്ന് എനിക്ക് മനസിലാകാതെ നിന്നു. അവൻ മൊബൈലും പിടിച്ച് കസേരയിൽ ഇരുന്ന്  ഞെരിപിരി കൊള്ളുന്നത് എനിക്ക് റോഡീൽ നിന്ന് കാണാം. കൊല്ലടാ, കുത്തടാ , ഓടടാ എന്നൊക്കെ ഇവൻ വീണ്ടും വീണ്ടും പറയുന്നുണ്ട്. സംഗതി എന്താണന്ന് അറിയാൻ ഞാൻ കയറി ചെന്നു. ഞാൻ ചെന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല. ഞാനവന്റെ മൊബൈലിലേക്ക് നോക്കി. അവനിരുന്ന് ഓൺലൈൻ ഗെയിം കളിക്കുകയാണ്. കൂടെ കളിക്കുന്നവരോടാണ് കൊല്ലാനും വെട്ടാനും കുത്താനുമുള്ള നിർദ്ദേശങ്ങൾ....

***********************************
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നൊരു ദുരന്ത വാർത്ത.
പത്താം ക്ലാസ് കാരനെ അവന്റെ കൂട്ടുകാർ വെട്ടിക്കൊന്നു. !!! 

ഓൺലൈൻ ഗെയിം കളിച്ചപ്പോൾ കളിയാക്കിയതിന്റെ പ്രതികാരമാണന്നോ ഫോൺ കൊടുക്കാത്തതിലുള്ള വൈരാഗ്യം ആണന്നോ കൊലപാതക കാരണം പറയുന്നു.
എത്ര നിസാരമായാണ് കൊലപാതകം നടത്തിയത്. ആദ്യം കല്ലെറിഞ്ഞ് വീഴ്ത്തി. പിന്നീട് അടുത്ത കുളത്തിൽ പോയി കുളിച്ച് വന്നിട്ട് അടുത്ത് എവിടെ നിന്നോ കോടാലി (മഴു) എടുത്തുകൊണ്ട് വീണു കിടന്നവന്റെ കഴുത്തിന് മുൻവശത്തും പുറകുവശത്തും വെട്ടിയന്ന്... (സത്യം പറഞ്ഞാൽ ഈ വാർത്ത വായിച്ച് ഞാൻ ഞെട്ടി.) പതിനഞ്ചോ പതിനാറോ വയസുള്ള കുട്ടികളാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കൂന്നത്. തങ്ങൾ ദിവസവും കാണുന്ന/കളിക്കുന്ന ഗെയിമുകളിലെ കൊലകൾ എത്ര ഭയാനകമായാണ് അവരെ കീഴടക്കിയിരിക്കുന്നത്?? വിർച്യൽ ലോകത്ത് വരച്ചുണ്ടാക്കിയ മനുഷ്യരെ കൊല്ലുന്നതുപോലെ തങ്ങളുടെ ഒരു കൂട്ടുകാരനെ കൊല്ലാൻ തക്കവണ്ണം മാനസിക കരുത്ത് നേടാൻ അവർക്ക് ആ ഗെയിമുകളിൽ കൂടി കഴിഞ്ഞു എങ്കിൽ നമ്മൾ ഭയപ്പെടേണ്ടി ഇരിക്കുന്നു... നമ്മുടെ കുട്ടികൾക്ക് വെർച്വലും റിയലും ഒന്നും തിരിച്ചറിയാൻ കഴിയാതായ്യിരിക്കുന്നു....
 

കൊലപാതക (ഓൺലൈൻ) ഗെയിമുകളിൽ മുഴകി ഇരിക്കുന്ന കുട്ടികളെ രക്ഷിക്കാൻ നമുക്ക് സാധിക്കുമോ? എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇവരുടെ മൊബൈൽ ഒന്നു നിങ്ങൾ മാറ്റിവെച്ച് നോക്കിയിട്ടൂണ്ടോ? മാനസികവിഭ്രാന്തി പിടിച്ചവരെപ്പോലെ ഇവർ പെരുമാറുന്നത് നമുക്ക് കാണാൻ കഴിയും (ഞാൻ കണ്ടിട്ടുണ്ട്). ഭൂരിഭാഗം കുട്ടികൾക്കും മാതാപിതാക്കൾ തന്നെയായിരിക്കും ഫോൺ വാങ്ങി നൽകിയത്? എന്തിനുവേണ്ടി ഫോൺ വാങ്ങി നൽകി എന്നതിന് ശരിയായ ഒരു ഉത്തരം പറയാൻ മാതാപിതാക്കൾക്കും കഴിയാറില്ല. ഏത് ഉദ്ദേശത്തിനുവേണ്ടി അവർക്ക് ഫോൺ നൽകി ആ ഉദ്ദേശത്തിനു വേണ്ടി അവർ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കാറുമില്ല.

കുട്ടികൾ നമ്മുടെ ആണ്. അവർ നഷ്ടപ്പെട്ടാൽ ജീവിതാവസാനം വരെ നമുക്ക് സങ്കടം മാത്രമേ . നാട്ടുകാർക്കോ ബന്ധുക്കൾക്കോ പറയാൻ ഒരു കഥമാത്രം. സ്വന്തം മക്കൾ കഥാപാത്രങ്ങൾ മാത്രമായി അവശേഷിക്കേണ്ടവർ ആണോ എന്ന് മാതാപിതാക്കളാണ് ചിന്തിക്കേണ്ടത്. നമ്മുടെ മക്കളെ കൊലയാളി/കൊലപാതക ഗെയിമുകളിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്... കാരണം നഷ്ടപ്പെടുന്നത് നമുക്ക് മാത്രമാണ്......

 ഓൺലൈൻ ഗെയിം , കൊലപാതകം , മൊബൈൽ ,

Saturday, August 22, 2009

മൊബൈല്‍ ദുരുപയോഗം തടയാന്‍ :: മൊബൈല്‍ ദുരന്തങ്ങള്‍ ‍- 6

മനുഷ്യന്റെ നിലനില്‌പ് ചില അലിഖിത നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ അലിഖിത നിയമങ്ങള്‍ക്ക് ഭംഗം വന്നു തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും.മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടങ്കിലും ലിഖിത നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. കാരണം നമ്മുടെ നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതുതന്നെ കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നമ്മുടെ നിയമവും മാറേ ണ്ടിയിരിക്കുന്നു. ഒരു ഉദാഹരണം പറയുകയാണങ്കില്‍ ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെവിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമത്തില്‍ ഒരു നിയമം ഉണ്ട് , പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ നിയമപുസ്തകത്തീല്‍ നിന്ന് ഇത് നീക്കം ചെയ്യാന്‍ ആരും ശ്രദ്ധിച്ചില്ല. കാരണം നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നമ്മുടെ നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഇതുപോലെയുള്ള അനേകം ‘ലൂപ് ഹോളുകളി’ലൂടെ ആണ് വെറുക്കപെടേണ്ടിയവരും കല്‍ത്തുറങ്ങുകള്‍ക്കുള്ളിലും പെടേണ്ടിയവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ വിഹരിക്കുന്നത്. നമ്മുടെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപെടാനുള്ളതല്ല മറിച്ച് ലംഘിക്കാനുള്ളതാണ് എന്ന ഒരു വിചാരം നമ്മുടെ ഏവരുടേയും ഉള്ളില്‍ ഉണ്ട്. നിയമങ്ങളെക്കാള്‍ നമുക്ക് ആവിശ്യം ബോധവത്‌ക്കരണമാണ്. കുറഞ്ഞ പക്ഷം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചെങ്കിലും. ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.അടച്ചിട്ട ശീതീകരണ മുറിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും അതിന്റേതായ ഒരു ഫലം സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നമുക്കിനി ചര്‍ച്ചകള്‍ അല്ല ആവിശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. നമ്മുടെ കൊച്ചുകേരളത്തിന്റെ കാര്യം തന്നെ എടുക്കുക. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മുകളിലേക്ക് ഉയരുകതന്നെയാണ്. മൊബൈല്‍ കുറ്റകൃത്യങ്ങള്‍ക്ക് നഗരമന്നോ ഗ്രാമമെന്നോ വെത്യാസം ഇല്ലാതായിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ ഇതില്‍ ഉള്‍പെട്ടിരിക്കുന്നതിന്റെ ബഹുഭൂരിഭാഗവും കുട്ടികള്‍ ആണന്ന് കാണാം.അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെ ടുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല.എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു. അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിരിക്കുന്നതെന്ന് നോക്കാം.

:: മൊബൈല്‍ കുറ്റകൃത്യങ്ങള്‍ ::
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ കണ്ടന്റുകളുടെ കൈമാറ്റം. അശ്ലീലകരമാ യ മെസേജുകള്‍ ,വീഡിയോകള്‍ ഇവ മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം.പരാതികള്‍ഇല്ലാതെ നടപടി എടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ? മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ ‘മിസ്‌ഡ് കാള്‍’ മാത്രമേ ഉപയോഗിക്കു ന്നുള്ളു എങ്കിലും അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. ആരുടെ പേരിലാണ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ അവരായിരിക്കും ആദ്യം കുടുങ്ങുന്നത്.

:: എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു ?? ::
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. ഇതൊരു സൈക്കളോജിക്കല്‍ ഫാക്‍റ്ററാണ്. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടു ന്നത്. തങ്ങള്‍ ചെയ്യുന്നത് എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നുണ്ടാവില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് / ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം. മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. അല്പ സമയത്തേക്ക് കൂട്ടുകാരുടെ മുന്നില്‍ കിട്ടുന്ന ഹീറോ ഇമേജ് കുറച്ചു സമയം കഴിയുമ്പോള്‍ സമൂഹ ത്തിന്റെ മുന്നില്‍ തന്റെ വീട്ടുകാര്‍ക്കുകൂടി ‘സീറോ ഇമേജ് ‘ നല്‍കുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല.തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും മെസേജ് ഡീറ്റയത്സ് സേവനദാതാ ക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.

:: എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു ? ::
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. ജംഗക്ഷനിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ അവന്‍ മൊബൈലുമായി ഇറങ്ങിയത്. ഇത് പകര്‍ത്തി കൊടുത്താല്‍ കിട്ടുന്നത് അവനൊരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത്‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ കുട്ടികളെ സംശയത്തോടെ അധികം ശ്രദ്ധിക്കുകയില്ല എന്നതുകൊണ്ടാണ് ‘ചേട്ടന്മാര്‍’ പടം പിടിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നത്. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

:: പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു ? ::
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് നമ്മുടെ കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സമ്മതിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അപ്പനും അമ്മയും ഒന്ന് അല്ലങ്കില്‍ രണ്ട് കുട്ടികള്‍ എന്ന അണുകുടുംബങ്ങളി ലേക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയി ലേക്ക് മാറുന്നു. ( ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തു കാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.

3. ഒരിക്കല്‍പ്പോലും തങ്ങള്‍ ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. (ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.)

:: കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം എങ്ങനെ തടയാം?? ::
മൊബൈല്‍ എന്ന ഇലക്‍ട്രോണിക് ഉപകരണത്തെ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും മൊബൈല്‍ ചതിക്കുഴികളില്‍ പെടുന്നതും കുട്ടികളാണ്. കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായിനടപ്പാക്കാന്‍ നമ്മുടെ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. ഇടിയ്ക്കിടയ്ക്ക് മൊബൈല്‍ നിരോധനം എന്ന ആവിശ്യം ഉയരാറുണ്ടങ്കിലും അത് ശരിയായ രീതിയില്‍ നമുക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവിശ്യം. ചില സ്കൂളുകളില്‍ ഒരു അറിയിപ്പ് ബോര്‍ഡ് ഇപ്പോഴും അവശേഷിക്കുന്നുണ്ട് ; ‘പുകവലിയും വെറ്റിലമുറുക്കും നിരോധിച്ചിരിക്കൂന്നു.’. ഈ ബോര്‍ഡുകള്‍ ഉള്ളടത്ത് പുകവലിയും വെറ്റിലമുറുക്കും നടക്കാതിരിക്കൂന്നുണ്ടോ? സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ
കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം കുട്ടികള്‍ വീടുകളില്‍ നിന്ന് മാറിനിന്ന് ഹോസ്റ്റലുകളില്‍ നിന്നുള്ള പഠനം ആണ്. വീട്ടുകാര്‍ക്ക് കുട്ടികളെ വിളിക്കണമെങ്കില്‍ ഫോണ്‍ ആവിശ്യമാണ്. സ്കൂള്‍ കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസറ്റലുകളില്‍ വേണാമെങ്കില്‍ ഫോണ്‍ ഉപയോഗി ക്കാനുള്ള അനുവാദം കൊടുക്കുകയും ആവാം. ഹോസറ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സാദാ മൊബൈല്‍ ഫോണുകള്‍ ആയിരിക്കണം. ഒട്ടുമിക്ക നേഴ്‌സിംങ്ങ് കോളേജുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്.

:: ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം ::
1. മാതാപിതാക്കള്‍ :
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. വീട്ടില്‍ വച്ചും തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡു കൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങിച്ച് നല്‍കുന്ന ഫോണ്‍കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാ ക്കള്‍ അറിഞ്ഞിരിക്കണം. തങ്ങള്‍ നല്‍കുന്ന ഫോണുകളിലെ ഫംഗഷനുകള്‍ കുട്ടികള്‍ക്ക് ആവിശ്യമുള്ളതാണോ എന്നുകൂടി മാതാപിതാക്കള്‍ ചിന്തിക്കണം. അതിലുമുപരി കുട്ടിക്ക് മൊബൈല്‍ കൊണ്ട് ആവിശ്യമുണ്ടോ എന്നുകൂടി ചിന്തിക്കണം.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെക്കുറിച്ച് ചോദിക്കണം.

2. അദ്ധ്യാപകര്‍ ::
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തണം
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തണം.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപര മായ ഇടപെടലിലൂടെ അവയുടെ ഗൌരവതരതയ്ക്ക് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. ആവിശ്യമെങ്കില്‍ നിയപപാലകരുടെ സഹായവും തേടണം.

3. മൊബൈല്‍ സേവനദാതാക്കള്‍ :
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് തന്നെ ഉറപ്പാക്കുക.
2. അനാവിശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ ഡേറ്റാബേസ് തയ്യാറാക്കി തങ്ങളുടെ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍മാതാപിതാക്കളുടെ സാനിധ്യവും ആവിശ്യപ്പെടുന്നുണ്ട്.)

4. സര്‍ക്കാര്‍ :
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ വേണ്ടി കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. ആ നിയമങ്ങള്‍ പാലിക്കപെടുന്നുണ്ടന്നും ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

5. ഉപഭോക്താക്കള്‍
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലന്ന് ഉറപ്പാക്കുക.
2. സിമ്മുകള്‍ (ഫോണുകള്‍) നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. കഴിവതും മറ്റുള്ളവര്‍ക്ക് വേണ്ടി തങ്ങളുടെ പേരില്‍ കളക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണം കൂടി ഉണ്ടങ്കിലേ മൊബൈല്‍ ഫോണുകളു ടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. ഇന്ന് ആവിശ്യത്തെക്കാള്‍ ഉപരിയായി അനാവിശ്യമായി ഉപയോഗിക്കുന്ന ഒരു വസ്തുവായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളോ ടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. നമ്മുടെ കുട്ടികള്‍ ചതിക്കുഴികളില്‍ പെട്ട് അവരുടെ ജീവിതംഹോമിക്കപെടാതിരിക്കാന്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ തുറന്നുവയ്ക്കാം.


ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. കമന്റുകളിലൂടയും മെയിലുകളില്‍ക്കൂടിയും ഫോണില്‍ക്കൂടിയും അഭിപ്രായങ്ങള്‍ അറിയച്ചവര്‍ക്ക് നന്ദി.
.

Sunday, August 16, 2009

പരിധിക്ക് പുറത്താവുന്ന കുട്ടികള്‍ : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 5 mobile tragedy5

ചില ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം. ‘ ഹാപ്പി ഔവര്‍സ് ‘ എന്നാല്‍ എന്താണ് ? സന്തോഷപ്രദമായ മണിക്കൂറുകള്‍ എന്ന് നമുക്ക് ഇതിന് അര്‍ത്ഥം കല്പിക്കാവുന്നതാണ്. ഈശ്വരന്‍ എന്തിനാണ് ‘രാത്രി‘ സൃഷ്ടിച്ചിരിക്കുന്നത് ? വിശ്രമിക്കാന്‍ എന്ന് ഉത്തരം. നിദ്രയില്‍ കൂടി ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കാന്‍ വേണ്ടിയാണല്ലോ ഉറക്കം!! എപ്പോഴാണ് മനുഷ്യര്‍ ഉറങ്ങുന്നത് ? രാത്രിയില്‍ എന്ന് ഉത്തരം. ഈ ചോദ്യങ്ങളെല്ലാംകൂടി ചേര്‍ത്ത് മറ്റൊരു ചോദ്യം എപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത് ? ഉത്തരത്തെ ഞാനൊന്ന് വളച്ചൊടിക്കൂന്നു.ഉറങ്ങാത്തപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത്. മനുഷ്യരെല്ലാം ഉറങ്ങുന്ന സമയത്ത് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുമോ ??? രാത്രിയിലേ സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭീക്കൂ എന്നാണ് നമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ പക്ഷം. അവരുടെ പരസ്യം ശ്രദ്ധിച്ചിട്ടില്ലേ? രാത്രി പതിനൊന്നു മണിമുതല്‍ രാവിലെ ഏഴുമണിവരെയാണ് മൊബൈല്‍ സേവനദാ താക്കള്‍ ‘ ഹാപ്പി ഔവര്‍സ് ‘ നല്‍കുന്നത്. അപ്പോള്‍ ഈ ‘ ഹാപ്പി ഔവര്‍സ് ‘ ന്റെ ഉപഭോക്താക്കള്‍ ആരാണ് ??? കൂടും കുടുംബവുമുള്ളവന് രാത്രി ഉറങ്ങാനുള്ളതാണ് .അവന്റെ സന്തോഷപ്രദമായ മണിക്കൂറുകള്‍ പകല്‍ സമയത്താണ് ...






ഉറക്കം പിടിച്ച കണ്ണുകളോടെയാണ് കുട്ടികള്‍ രാവിലിത്തെ ക്ലാസുകളില്‍ ഇരിക്കുന്നത് എന്നാണ് ഒരു കോളേജ് അദ്ധ്യാപകന്റെ അനുഭവസാക്ഷ്യം. നമ്മുടെ യുവതലമുറയ്ക്കായ് മൊബൈല്‍ സേവനദാതാക്കളുടെ സമ്മാനമാണ് പാതിരാത്രിയിലെ ‘ ഹാപ്പി ഔവര്‍സ് ‘ . നമ്മുടെ ഓണചന്തകളിലും ഉത്സവചന്തകളിലും കച്ചവടക്കാര്‍ പയറ്റുന്ന ഒരു കച്ചവട തന്ത്രമുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രി!!!. ഈ തന്ത്രം തന്നെ മൊബൈല്‍ സേവനദാതാക്കളും പ്രയൊഗ്ഗിക്കുന്നു. ഒരു സിം എടുത്താല്‍ ഒരു സിം ഫ്രി.!! ഇന്ന് സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു മേഖല ഏതാണ് ? ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ ഒരു മാന്ദ്യവും വന്നിട്ടില്ല. പച്ചക്കറിയുടേയും മത്സ്യത്തിന്റെയും അരിയുടേയും പഞ്ചസാരയുടേയും വില കുത്തിച്ചു കയറുമ്പോള്‍ ‘സിം‘മ്മിന്റെ വില താഴോട്ടാണ്. മുന്നൂറ് രൂപ കൊടുത്താല്‍ മാത്രം കിട്ടിയിരുന്ന് ‘സിം‘മ്മുകള്‍ക്ക് ഇന്ന് വില അഞ്ചുരൂപാമാത്രം. അതായത് ഒരു മത്തിയുടെ വിലമാത്രം.!!!



ഇനി വീണ്ടും നമ്മള്‍ നമ്മുടെ വിഷയത്തിലേക്ക് . തെക്കന്‍ ജില്ലകളിലൊന്നിലെ സൈബര്‍ സെല്ലില്‍ കിട്ടിയ ഒരു പരാതിയെ തുടര്‍ന്നുള്ള അന്വേഷണം നമ്മുടെ കുട്ടികളുടെ ‘പുതിയ മുഖം’ അനാവരണം ചെയ്യുന്നതാണ്. തന്റെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരു നമ്പരില്‍ നിന്ന് മിസ്‌ഡ് കോള്‍ വരുന്നു എന്നാണ് പരാതിക്കാരന്‍(ഒരു പിതാവ്) നല്‍കിയ പരാതിയുടെ ചുരുക്കം. ആ പിതാവ് എന്തുകൊണ്ട് ഇങ്ങനെയൊരു പരാതി നല്‍കി. പരാതിക്കാരന്റെ മകള്‍ ഒരു നേഴ്സിംങ്ങ് കോളേജില്‍ പഠിക്കുകയാണ്. ആ കോളേജിലും ഹോസ്റ്റലിലും മൊബൈല്‍ ഉപയോഗ്ഗിക്കാന്‍ പറ്റുകയില്ല. ഈ പെണ്‍കുട്ടി വീട്ടില്‍ വരുന്ന സമയത്താണ് പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്‌ഡ് കോളിന്റെ പ്രഭാവം. പിതാവിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷ്ണം നടത്തുന്നതിനിടയില്‍ ഒരു ദിവസം നേഴ്സിംങ്ങ് കോളേജില്‍ നിന്ന് പിതാവിനൊരു അറിയിപ്പ് കിട്ടി. മൊബൈല്‍ ഉപയോഗിച്ചതിന് അയാളുടെ മകളെ കോളേജില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു അറിയിപ്പ്. പിതാവ് കോളേജില്‍ എത്തി. രാത്രിയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരി ക്കുന്നതിനിടയില്‍ വാര്‍ഡന്റെ കൈയ്യില്‍ പെട്ടതാണ്. കോള്‍ രജിസ്റ്റ്ര് പരിശോധിച്ചപ്പോള്‍ ഒരു നമ്പരില്‍ നിന്ന് മാത്രമേ കോളുകള്‍ വരാറുള്ളു. അവസാനത്തെ കോള്‍ റിസീവിംങ്ങ് സമയം 2മണിക്കൂറ് നാല്‍പ്പത്താറു മിനിട്ട്!!!! .താന്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കിയിട്ടില്ലന്ന് അയാള്‍ പറയുന്നു. വീട്ടില്‍ വരുമ്പോള്‍ അവളുടെ കൈയ്യില്‍ മൊബൈല്‍ ഉള്ളതായി ആരുടേയും കണ്ണില്‍ പെട്ടിട്ടില്ല. മകളേയുംകൊണ്ട് പിതാവ് തിരിച്ചു വീട്ടിലെത്തി. ചോദിക്കേണ്ട രീതിയില്‍ മകളോട് അയാള്‍ ചോദിച്ചു.”ഫോണ്‍ എവിടെ നിന്നാണ് ???”.





അവള്‍ക്ക് അവളുടെ കാമുകന്‍ വാങ്ങിനല്‍കിയ ഫോണാണ്. ആരും അറിയാതെ മാസങ്ങളോളം അവള്‍ അത് ഉപയോഗിച്ചു എന്ന് കൂടി അറിയുമ്പോഴാണ് മൈബൈലുകാരുടെ ‘ ഹാപ്പി ഔവര്‍സ് ‘ മാതാപിതാക്കള്‍ക്ക് ‘ ഹാപ്പി ഔവര്‍സ് ‘ അല്ല എന്ന് മനസിലാവുന്നത്. ഏതായാലും അപ്പന്‍ മകളെ നല്ലവണ്ണം കൈകാര്യം ചെയ്തു. അപ്പോഴേക്കും സൈബര്‍ സെല്‍ മിസ്‌ഡ് കോള്‍ കാരനേയും കണ്ടെത്തി. സിം എടുത്തിരിക്കുന്ന ആളല്ല ഇപ്പോഴത് ഉപയോഗിക്കുന്നത്. ആ സിം ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ചിലതൊക്കെ മനസിലായിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇവിടെ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ഈ കേസിലേക്ക് വലിച്ചിഴ്‌ക്കപെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ ഉപയോഗിക്കുന്ന സിമ്മിന്റെ യഥാര്‍ദ്ധ്യ ഉടമസ്ഥന്‍. തന്റെ കൂട്ടുകാരന് വേണ്ടി സിം എടുത്തു നല്‍കി എന്ന ഒരു കുറ്റം മാത്രമേ അവന്‍ ചെയ്തിട്ടുള്ളു. കൈമാറിമറിയുന്ന സിം കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നായിട്ടുണ്ട്. പോലീസ് അന്വേഷണം വരുമ്പോള്‍ കുടുങ്ങുന്നത് നിരപരാധികള്‍ ആയിരിക്കും.





മുകളില്‍ കൊടുത്തീരിക്കുന്ന സംഭവത്തിന് അനുബന്ധമായി മറ്റൊരു ആത്മഹത്യ / കൊലപാതക??? കേസ് കൂടി ഓര്‍മ്മിപ്പിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് (അന്ന് മൊബൈല്‍ ഇങ്ങനെ സാധാരണമായിട്ടില്ല.) തിരുവല്ലയില്‍ ഒരു ആത്മഹത്യ / കൊലപാതകം നടന്നു. ഒരു പെണ്‍കുട്ടിയുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മ കേരളത്തിനു വെളിയില്‍ ജോലിചെയ്യുന്നവരായിരുന്നു. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ പോലീസിനെതിരെ തിരിഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍
ആരുടെയൊക്കെ ആണന്ന് അന്വേഷിക്കണം??? ഈ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടെയൊക്കെയാണന്ന് എന്തുകൊണ്ട് ബന്ധുക്കള്‍ അന്വേഷിച്ചില്ല??? ആ പെണ്‍കുട്ടിയോടു തന്നെ ചോദിച്ചില്ല??? ഉത്തരം കിട്ടത്ത ചോദ്യങ്ങള്‍ക്കും പൂരിപ്പിക്കാനാവാത്ത സമസ്യകളും പോലെ ആ പെണ്‍ക്കുട്ടിയുടെ ആത്മഹത്യ/ കൊലപാതകകേസ് ഇന്നും ഏതോ ഫയലില്‍ ഉണ്ട്. ഇവിടെക്കൊണ്ടും ആ ദുരന്തം അവസാനിച്ചില്ല. പെണ്‍കുട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഡ്രൈവറുടെ ആത്മഹത്യ / കൊലപാതകത്തിലാണ് അന്വേഷ്ണം അവസാനിക്കുന്നത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല? ആത്മഹത്യ ആയിരുന്നെങ്കില്‍ എന്തിന്? കൊലപാതകാമാണങ്കില്‍ ആര് ?? ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു.




കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യക്കേസിന്റെ ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട്. ആതമഹത്യ ചെയ്ത പെണ്‍കുട്ടികളിലെഒരാളുടെ മൊബൈല്‍. ആ മൊബൈല്‍ ആ കുട്ടിക്ക് എങ്ങനെകിട്ടി???? നമ്മള്‍ പരസ്പരം സമൂഹത്തെ പഴിചാരി രക്ഷപെടാന്‍ സാധിക്കും. ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ആ മൊബൈലിനെക്കുറിച്ച് വീട്ടുകാര്‍ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു. നഷ്ടപ്പെട്ട ജീവന്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് ഓര്‍ക്കുക. പിന്നീട് ഒരു മനസാക്ഷികുത്തിന് ഇടനല്‍കാതിരിക്കാന്‍ ജാഗരൂകരായി ഇരിക്കേണ്ടവര്‍ അതിന് തയ്യാറാകണം. നഷ്ടപെടുന്ന വര്‍ക്ക് ആ വേദന ഒരിക്കലും മാറുകയില്ലന്ന് ഓര്‍ക്കുക. മറ്റുള്ളവര്‍ക്ക് ഒരു സഹതാപനോട്ടത്തില്‍ എല്ലാം അവസാനിപ്പിക്കാം.




ഫ്രി എസ്.എം.എസ്. , ഒരു നമ്പരിലേക്ക് അണ്‍ലിമിറ്റിഡ് കാള്‍ , ഒരു നമ്പരിലേക്ക് മിനിട്ടിന് പത്തുപൈസ ... ഇങ്ങനെയൊക്കെയാണ് സമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ ഓഫര്‍. ഈ മൊബൈല്‍ ദാതാക്കളില്‍ മിക്കവര്‍ക്കും ലാന്‍‌ഡ്ഫോണ്‍ സര്‍വ്വീസും ഉണ്ട്. എന്തുകൊണ്ട് അവര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ ലാന്‍ഡ് ഫോണിന് നല്‍കുന്നില്ല എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ??




നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ് . അവരുടെ തെറ്റുകള്‍ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ് . ‘ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല് ‘ എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അഞ്ചുരൂപായ്ക്ക് ചൂടപ്പം പോലെ വിറ്റഴിഞ്ഞുപോകുന്ന സിമ്മുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ. അടിച്ചിട്ട മുറിയില്‍ പുസ്തകത്തിനുമുന്നില്‍ ഉറക്കളച്ചിരുന്ന പഠിക്കുന്ന കുട്ടികളെ കണ്ട് നമുക്കിന്ന് സന്തോഷിക്കാനാവുമോ?? ചെവിയിലെ ഇയര്‍ഫോണിലൂടെ അവന്റെ അല്ലങ്കില്‍ അവളുടെ കാതുകളിലേക്ക് ഒഴുകി എത്തുന്നത് എന്താണ് ? തലയിലൂടെ പുതപ്പ് വലിച്ചിട്ടാല്‍ അവന്റെ അല്ലങ്കില്‍ അവളുടെ സംസാരം ആരെങ്കിലും കേള്‍ക്കുമോ?? ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അവര്‍ പഠിക്കാനായി പോകുമ്പോള്‍ അഭിമാനത്തോടെ അവരെ നോക്കാന്‍ വരട്ടെ. ഒരു പക്ഷേ അവര്‍ ‘ ഹാപ്പി ഔവര്‍സ് ‘ ആഘോഷിക്കുവായിരു
ന്നെങ്കിലോ?????




ഡൈനാമിറ്റിനെ പോലെ ആയിത്തീരുകയാണോ ഇന്നത്തെ ലോകത്ത് മൊബൈല്‍ ??? തന്റെ കണ്ടുപിടിത്തം മനുഷ്യരെ കൊന്നൊടുക്കുന്നു എന്ന് കണ്ട് ഡൈനാമിറ്റ് കണ്ടുപിടിച്ച ആള്‍ എന്ന പേരില്‍ തന്നെ ലോകം അറിയരുതെന്ന് ആഗ്രഹിച്ച നിസഹായനായ ആ വലിയ ശാസ്ത്രജ്ഞന്‍ ആല്‍‌ഫ്രഡ് നൊബൈല്‍ !! നൊബൈല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവ് എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച ആല്‍‌ഫ്രഡ് നൊബൈല്‍ !! ആല്‍‌ഫ്രഡ് നൊബൈലിനെപ്പോലെ മാര്‍ട്ടിന്‍ കൂപ്പറും ചിന്തിക്കുമോ എന്നുള്ളതിന് ഉത്തരം നല്‍കാന്‍ കാലത്തിനുമാത്രമേ കഴിയുകയുള്ളു.




രണ്ടാഴ്ചകള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ കോഴഞ്ചേരിഭാഗത്ത് നിന്ന് ഇരട്ട സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം എന്താണന്നല്ലേ? അടുത്ത വീട്ടിലെ വീട്ടമ്മ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കിയതിനായിരുന്നു പോലീസ് അറസ്റ്റ്. ആ വീട്ടമ്മ അവരെ സ്വന്തം സഹോദരന്മാരെപ്പോലെ അവരെ കണ്ട് സ്വാതന്ത്ര്യം ആ വീട്ടില്‍ നല്‍കിയിരുന്നു. ആ സ്വാതന്ത്ര്യം ആണ് ഇരുപതുവയസുള്ള ആ ഇരട്ടസഹോദരന്മാര്‍ ദുര്‍വിനിയോഗം ചെയ്തത്. ഇവരെടുത്ത വീഡിയോ കിട്ടിയ ഒരു ബന്ധു വീട്ടമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് ആ വീട്ടമ്മ തനിക്ക് പറ്റിയ ദുര്‍വിധി അറിയുന്നത്. ആ സമയം തന്നെ അവര്‍ ബോധം കെട്ട് വീണു. ആ വീട്ടമ്മയെ അറിയാവുന്നമറ്റ് പലര്‍ക്കും ഈ മൊബൈല്‍ ക്ലിപ്പിംങ്ങ് കിട്ടിയിട്ടും അവരാരും ഇതിനെക്കുറിച്ച് ആ വീട്ടുകാരെ അറിയിച്ചില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ
ദുഷ് ചിന്തകളാണ് അനാവരണം ചെയ്യുന്നത്.



ഡൈനാമിറ്റിനെക്കാള്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഉപയോഗം തടയാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നുള്ള ചിന്തകള്‍ നല്‍കികൊണ്ട് അടുത്ത ആഴ്‌ച ഈ ലേഖന പരമ്പര അവസാനിപ്പിക്കും.


Monday, July 27, 2009

കുട്ടി പരിധിക്ക് പുറത്താണ് : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 4: mobile tragedy -4

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവിശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കാറുണ്ട്. കുട്ടികള്‍ ഇന്ന് മാതാപിതാക്കളോട് ആവിശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഉള്ള ഫോണുകള്‍. ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാ ക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെ ടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു. സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ????

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളിലണ്ടാണ്ട് പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് കാശ് പതിനഞ്ച് ആയിരമാണ് ചിലവ് ). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയി ക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സിരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറത്തുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാണം പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ. ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ?? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ ...”മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ... “. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം. ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്‌ടി ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷ്ണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിനും ഒരു പങ്കുണ്ടന്ന് മനസിലാക്കാം.

പത്തനംതിട്ട കോഴഞ്ചേരി നിന്നുള്ള ഒരാള്‍ പറഞ്ഞത്. കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച് പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ ( പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു. പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രിഅകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി.” ഞാന്‍ പോയി തൂങ്ങിച്ചാവും”.ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്. അമ്മയുടെ എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയമൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് നമുക്ക് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിക്കാക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസ്നസ് നടത്തുന്നവര്‍ക്ക്എന്ന്ഹനേയും തങ്ങളുടെ ബിസ്‌നസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍‘അഡികറ്റ്’ ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് അടുത്തതില്‍ ....

Saturday, July 25, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍-3 : mobile tragedy-3



21/07/2009 ചൊവ്വാഴ്ചത്തെ മനോരമയില്‍ വന്ന ഈ നോട്ടീസ് ആണ് വീണ്ടും മൊബൈല്‍ വിഷയമാക്കി എഴുതാന്‍ പ്രേരിപ്പിച്ചത്. മാര്‍ച്ചില്‍ രണ്ട് പോസ്റ്റുകള്‍ ഇട്ടുവെങ്കിലും ഈ വിഷയത്തെക്കുറിച്ച് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോഴെത്തെ സാഹചര്യത്തില്‍ വീണ്ടും ഈ വിഷയത്തെക്കുറിച്ച് എഴുതുകയാണ്. മുന്‍പ് എഴുതിയ പോസ്റ്റുകള്‍ ഇവിടെ വായിക്കാവുന്നതാണ്.



ഭാഗം ഒന്ന് ഭാഗം 2



ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വലവെട്ടിച്ച് ഓടാന്‍ വിളിക്കാര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ക്ക് പണി കിട്ടിയത്. ഒട്ടുമിക്ക സ്ത്രികളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.



എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക. മറ്റൊരു സംഭവം കേള്‍ക്കുക. നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊ ന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.‘അജ്ഞാതന്റെ’ ശബ്ദ്ദം എവിടോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞ പ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.



ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ
ഗുരുദക്ഷിണ!!!!!



പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’ ആഡുകളുടെഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്നത് തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടയോ, അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. (കുത്തിയിരുന്ന് എങ്ങനെ എഴുതാന്‍ കഴിയുന്നു എന്നത് അത്ഭുതമാണ്). [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].



സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുത്നമാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തി. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികള്‍ / സ്ത്രികളുടെ ഫോണ്‍ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കീയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.

എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍ ,മൊബൈല്‍ ത്ട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുകതിക്ക് നിരക്കുന്നതിനപ്പുറ ത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.



ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ് . ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍‌വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.



മുതിര്‍ന്നവര്‍ പോലും (ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍) പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ്ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രി സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൌജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാവുന്നതാണ്.



തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ??? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍ , മോഷ്ണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്‍ .. മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ .... .



കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു.... നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്. കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ??? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം..... കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് അടുത്തതില്‍ ‍...

Friday, May 29, 2009

ക്യാമറ ദുരന്തങ്ങള്‍ : camera tragedy

ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്‍നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാംകൊക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂയൂയൂയൂ... ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.


ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് മൊബൈല്‍ ക്യാമറകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയിക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി. ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് ??? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്‍മാരയോ, കാമുകിയോ , അയല്‍‌വക്കത്തുള്ളവരയോ എന്തിന് സ്വന്തം ഭാര്യയെപ്പോലും തങ്ങളുടെ ‘ഇര’കളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.


[ഇന്റ്ര്‌നെറ്റ് വഴിയുള്ള (മൊബൈല്‍ ഫോണ്‍ ഉളപ്പെടെയുള്ള) കുറ്റകൃത്യങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട്. ] . ഇന്റ്ര്‌നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൈബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ? ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ‘ഹോട്ട് ‘. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെകൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; “ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് സഞ്ചരിക്കുമ്പോള്‍ ആയിരം ഏല്‍ക്കുമ്പോള്‍ പതിനായിരം“. ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .


കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ് . എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയോ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണംഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ ‘ഇര’കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്. പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.


പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.


കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന്ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രിക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.




തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.


കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെമദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലുംമെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.
സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്ക്ടുത്ത് തങ്ങള്‍ ഫോണ്‍ ചെയ്യാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും.(ആ ഫോട്ടോയാണ് താഴെ). കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ????

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്.


എന്താണ് രക്ഷ ???
വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം. ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.


തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍നമ്മുടെ പോലീസ് വളരെ ഗൌരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).
കൊല്ലം Women Cell 0474 2742376
പത്തനംതിട്ട Women Cell 0468 2222927
കോട്ടയം Women Cell 0481 2302977
കൊച്ചിസിറ്റി Vanitha PS 0484 2394250
പാലക്കാട് Women’s Unit 0491 2522340
Anti harassment cell for women : 9947000100
ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക :
The Railway Help Numbers of Kerala Police are: 9846 200 100
The Police Helpline numbers of Kerala state are as follows:
Police Control Rooms of the different districts:
1. Thiruvananthapuram City: 100/0471-2331843
2. Thiruvananthapuram Rural: 100/0471-2316995
3. Kollam: 100/0474-2746000
4. Pathanamthitta: 100/0468-2222226
5. Alappuzha: 100/0477-2251166
6. Kottayam: 100/0481-5550400
7. Idukki: 100/04862-221100
8. Ernakulam City: 100/0484-2359200
9. Ernakulam Rural: 100/0484-2621100
10. Thrissur: 100/0487-2424193
11. Palakkad: 100/0491-2522340
12. Malappuram: 100/0483-2734966
13. Kozhikode City: 100/0495-2721831
14. Kozhikode Rural 100/0496-2523091
15. Wayanad: 100/04936-205808
16. Kannur: 100/0497-2763337
17. Kasargod: 100/04994-222960
The Helpline Numbers of Kerala Police are:
0471-3243000 0471-3244000 0471-3245000
The Highway Help Numbers of Kerala Police are: 9846 100 100
സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :
HTCEC can be contacted over phone
0471 - 2722768,
0471 - 2721547 extension 1274
email :mailto:hitechcell@keralapolice.gov.in
ഓര്‍ഡര്‍ ഓര്‍ഡര്‍ : നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക : അവരെന്തിനുവേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!!

ഇത് മറക്കരുത് :: നിങ്ങളുടെ മൊബൈലില്‍ നിന്ന് ‘ഹോട്ടു’കള്‍ ബ്ലൂടൂത്ത് വഴി മറ്റുള്ളവരുടെ ഫോണിലേക്ക് ട്രാന്‍‌സ്‌ഫര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക.. ഒരു പക്ഷേ നാളെ മറ്റൊരാള്‍ ട്രാന്‍‌സ്ഫര്‍ ചെയ്യുന്ന ‘നീല ക്ലിപ്പിംങ്ങ്‘ നിങ്ങളുടെ ആരുടെയെങ്കിലും ആവാം.....

Sunday, March 15, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍- 2 : mobile tragedy -2

പത്തനംതിട്ട വള്ളിക്കോടിനടുത്ത് നിന്നുള്ള ഈ സംഭവം അറിയുക. ഉച്ചസമയത്ത് ഒരു പെണ്‍കുട്ടി തന്റെ വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചുകൊണ്ട്നില്‍ക്കുകയായിരുന്നു. കുളിമുറിയുടെ വെന്റിലേറ്ററിനടുത്ത് ഒരു നിഴല്‍ കണ്ടോ എന്ന് പെണ്‍കുട്ടിക്ക് സംശയം. വെന്റിലേറ്ററിനിടയിലൂടെ ഒരു നിഴല്‍വ്യക്തമായി കണ്ടതും പെണ്‍കുട്ടി നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടി. പെണ്‍കുട്ടിയുടെ നിലവിളി കേട്ടതും ‘നിഴല്‍’ ഓടിപ്പോകാന്‍ നോക്കിയെങ്കിലും ഓടിക്കൂടിയ ആളുകള്‍ നിഴലിനെ പിന്തുടര്‍ന്ന് പിടിച്ചു. പതിനേഴുവയസുള്ള ഒരു പയ്യന്‍!! രണ്ടടി ഏപ്പിച്ച് കിട്ടിയപ്പോള്‍ പയ്യന്‍ സത്യം പറഞ്ഞു.ആ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തുകൊടുത്താല്‍ അഞ്ചൂറ്രൂപാ അവന് ഒരു ചേട്ടന്‍ ‘ഓഫര്‍’ നല്‍കി. ആ ഓഫറിനുവേണ്ടിയാണ് അവന്‍ നട്ടുച്ചയ്ക്ക്പടം പിടിക്കാന്‍ ഇറങ്ങിയത്.

തിരുവന്തപുരത്ത് ഒരു സ്കൂളില്‍ അദ്ധ്യാപികമാരുടേയും പെണ്‍കുട്ടികളുടേയും പടം എടുത്ത് മൊബൈലില്‍ സൂക്ഷിച്ചത് സ്കൂളിലെ തന്നെ ജീവനക്കാരനാണ്. അയാളുടെ മൊബൈലില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് കണ്ടെത്തിയത്. വീടുകളില്‍ പോലുംമൊബൈല്‍ വില്ലനായി എത്താറുണ്ട്. രാത്രിയില്‍ ജനല്‍ തുറന്ന് കിടന്നുറങ്ങുന്നവരുടെ ഫോട്ടൊകള്‍ എടുക്കാനായി ചിലര്‍ വെളുപ്പാന്‍ കാലത്ത് തന്നെ ഇറങ്ങി നടക്കുമത്രെ!! ആരെങ്കിലും സംശയത്തിന്റെ പേരില്‍ പിടിച്ചു നിര്‍ത്തിയാല്‍ ‘രാവിലെ‘ നടക്കാന്‍ ഇറങ്ങിയതാണന്ന് പറഞ്ഞ് തടിതപ്പും.ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യന്മാരുടെ ചിത്രങ്ങള്‍ എടുത്ത് വിതരണം ചെയ്യാറുണ്ടന്ന് അറിയുമ്പോഴാണ് മൊബൈല്‍ എത്രമാത്രം ഭീകരന്മാരാണന്ന് അറിയുന്നത്. ഭര്‍ത്താക്കന്മാര്‍ അറിയാതെ അവരുടെ ഫോണില്‍ നിന്ന് ഭാര്യമാരുടെ പടം ബ്ലൂടൂത്ത് വഴി തങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടന്ന് ഭര്‍ത്താക്കന്മാര്‍ മനസിലാക്കിയില്ലങ്കില്‍ അതിനു നല്‍കേണ്ട വില വലുതായിരിക്കും.

ബസില്‍ കയറുന്ന സ്ത്രികളുടെ ഫോട്ടോ എടുക്കുന്നതില്‍ സ്പെഷ്യലൈസേഷന്‍ ചെയ്ത ചില വിരുതന്മാരുണ്ട്. ബസ് സ്റ്റോപ്പില്‍ മൊബൈല്‍ കൈയ്യില്‍പിടിച്ചായിരിക്കും വിരുതന്മാരുടെ നില്‍പ്പ്. ചെവിക്കകത്ത് ഇയര്‍ഫോണും കാണും. ആരെങ്കിലും ശ്രദ്ധിച്ചാല്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന പാവങ്ങളാണ് അവര്‍. പതിനഞ്ച് മിനിട്ട് ബസ് സ്റ്റോപ്പില്‍ നിന്ന് പാട്ടുകേട്ട് തിരിച്ചുപോവുമ്പോഴേക്കും വിരുതന്മാരുടെ മൊബൈലില്‍ കുറഞ്ഞത് പത്ത് പെണ്ണുങ്ങളുടെ എങ്കിലും ഫോട്ടോ പതിഞ്ഞിരിക്കും. നടക്കുന്ന വഴിയിക്ക് ക്യാമറഓണാക്കി മൊബൈല്‍ കൈയ്യില്‍ വച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്കും തിരിച്ചറിയാന്‍ പറ്റുകയില്ല.

പത്തനംതിട്ടക്കാരന്‍ ഒരു പയ്യന്‍ ബാഗ്ലൂരില്‍ പഠിക്കുന്നു. ഒരു ദിവസം അവന്റെ ലോക്കല്‍ഗാര്‍ഡിയനെ പ്രിന്‍സിപ്പാള്‍ കോളേജിലേക്ക് വിളിപ്പിച്ചു.ക്ലാസിലിരുന്ന് ഫോണില്‍ സംസാരിച്ചതിന് അവന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയ ടീച്ചര്‍ ഫോണ്‍ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ച പ്രിന്‍സിപ്പാളിന് ഞെട്ടിത്തരിച്ചിരുന്നു പോയി. ഫോണിന്റെ മെമ്മറിയില്‍ പെണ്‍കുട്ടികളുടെ നമ്പരുകള്‍ മാത്രം. പെണ്‍കുട്ടികളുടെപല ‘പോസി‘ലുള്ള ഫോട്ടോകള്‍. ഓഡിയോ ഫോള്‍ഡറില്‍ ഇക്കിളിപ്പെടുത്തുന്ന പ്രേമസല്ലാപങ്ങളുടെ റിക്കോഡിംങ്ങ്. വീഡിയോ ഫോള്‍ഡറില്‍സെന്‍സര്‍ ബോര്‍ഡ് കത്തിവയ്ക്കുന്ന രംഗങ്ങള്‍ . ഈ രംഗങ്ങള്‍ അവന്‍ പകര്‍ത്തിയത് അവന്റെ ‘ട്രാവത്സ്’ യാത്രകളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും.ഒന്നില്‍പ്പോലും അവന്റെ മുഖം വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. ലോക്കല്‍ഗാര്‍ഡിയന്‍ ഫോണ്‍ വാങ്ങി മെമ്മറിയെല്ലാം ഡിലീറ്റ് ചെയ്യുകയുംനാട്ടിലറിയിക്കുകയും ചെയ്തതോടെ ഒരു ക്യാമറാമാന്‍ കം സൌണ്ട് റിക്കോര്‍ഡിസ്റ്റ് അസ്തമിച്ചു.

പെണ്‍കുട്ടികളെ വിളിച്ച് അവരെ പ്രകോപിപ്പിച്ച് അവരുടെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. കാമുകിയുമായിനടത്തുന്ന പ്രേമസല്ലാപങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി റിക്കോര്‍ഡ് ചെയ്യുന്ന കാമുകന്മാരുണ്ടന്ന് കാമുകിമാര്‍ അറിയുക. തന്റെ സംഭാഷണം കാമുകന്‍ മാത്രമേ കേള്‍ക്കുന്നുള്ളു എന്നു വിചാരിച്ച് കാമുകി പലതും ‘പച്ച’യായി പറയുകയും ചെയ്യും. നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ചിലപ്പോള്‍ തങ്ങളുടെ പ്രേമസല്ലാപങ്ങള്‍ കേള്‍ക്കാനും സാധിക്കും. ബ്ലൂടൂത്ത് വഴി ഈ സംഭാഷണങ്ങള്‍ മിനിട്ടുകള്‍ക്കകം അനേകം ഫോണുകളില്‍ എത്തീയിട്ടുണ്ടാവും.

ആലുപ്പഴയില്‍ മൂന്നുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലും വില്ലന്‍ മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങ് ആയിരുന്നു. തങ്ങളുടെ മൊബൈലില്‍ പെണ്‍കുട്ടികളുടെ ‘നീലചിത്രങ്ങള്‍’ ഉണ്ടന്നും തങ്ങളെ അനുസരിക്കാതിരുന്നാല്‍ ആ ചിത്രങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നുംഉള്ള ചില ആണ്‍കുട്ടികളുടെ ഭീക്ഷണിക്ക് മുന്നില്‍ വഴങ്ങാതെ ആണ് ആ പെണ്‍കുട്ടികള്‍ മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്. തങ്ങള്‍ ഒരിക്കലുംആ ആണ്‍കുട്ടികള്‍ പറയുന്നതുപോലെയുള്ള ഫോട്ടോകള്‍ക്ക് നിന്നിട്ടില്ല എന്ന് പെണ്‍കുട്ടികള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടന്ന് അറിയുമ്പോഴാണ് മോര്‍ഫിംങ്ങ് വില്ലനാകുന്നത്. വിനോദയാത്രയ്ക്കിടയില്‍ എടുത്ത പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രൂപമാറ്റം വരുത്തിയായിരിക്കണം ആണ്‍കുട്ടികള്‍അവരെ ബ്ലാക്ക് മെയിലിംങ്ങ് ചെയ്തത്.

പുനലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ആത്മഹത്യാ റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുട്ടികളെ കുളത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതും മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങിന്റെ കഥ. മോമ്പൊടിക്ക് പ്രണയവും പ്രണയനൈരാശ്യവും ഉണ്ടായിരുന്നു എന്ന് മാത്രം. ആദ്യകാമുകന്റെ ഭീക്ഷണിയും രണ്ടാമത്തെ കാമുകന്റെ വിവാഹനിര്‍ബന്ധവും ഒക്കെച്ചേര്‍ത്തുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ് കാമുകിയും അവളുടെ കൂട്ടുകാരിയും ആത്മഹത്യ ചെയ്തത്. ഇവിടേയും വില്ലനായത് മൊബൈല്‍ എടുത്ത(?) ഫോട്ടോകള്‍ ആണ്.

എറണാകുളത്ത് ഞാന്‍ കണ്ടത് : മേനകയിലെ പയനിയര്‍ ബില്‍ഡിംങ്ങിലെ മറൈന്‍ഡ്രൈവിന് അഭിമുഖമായ വഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് ഞാനിത് കണ്ടത്. കായലിലെ കാറ്റേറ്റ് പ്രേമസല്ലാപങ്ങളില്‍ മുഴുകി ബഞ്ചില്‍ ഇരിക്കുന്ന കാമുകീകാമുകന്മാര്‍. മറ്റാരും മറൈന്‍ ഡ്രൈവില്‍ ഇല്ല എന്നുള്ള രീതിയിലാണ് അവരുടെ പെരുമാറ്റം. ഞാനെന്റെ അടുത്ത് നിന്നവനെ നോക്കി. അവനിതല്ലാം ആസ്വദിച്ച് കാഴ്ചകള്‍ മൊബൈലില്‍പകര്‍ത്തുകയാണ്. ക്യാമറയുടെ ഡിസ്‌പ്ലേ ഉള്ളംകൈയ്യില്‍ പിടിച്ചാണ് അവന്റെ വീഡിയോ റിക്കോര്‍ഡിംങ്ങ്. ഇടയ്ക്കിടെ അവന്‍ ഡിസ്‌പ്ലേയിലേക്ക് നോക്കുന്നുണ്ട്. ഞാന്‍ അവിടെ നിന്ന് മാറുമ്പോഴും അവന്‍ റിക്കോഡിംങ്ങ് തുടരുകയായിരുന്നു.

മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന , ചെയ്യപ്പെട്ട ചൂടന്‍ വീഡിയോ ക്ലിപ്പിങ്ങുകളിലൊന്നും ആണുങ്ങളുടെ മുഖംവ്യക്തമല്ല. കോട്ടയത്തെ ബാങ്ക് ജീവനക്കാരിയുടെ പേരിലും , തൃശ്ശൂരിലെ ഒരു കന്യാസ്ത്രിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ട ക്ലിപ്പിങ്ങുകളില്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെട്ടത് സ്ത്രികള്‍ മാത്രമായിരുന്നു. അതില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ ഇപ്പോഴും സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കുന്നു. നഷ്ടപ്പെട്ടതും സമൂഹത്തിന്റെ ചാട്ടവാറുകള്‍ ഏല്‍ക്കേണ്ടി വന്നതും സ്ത്രികള്‍ക്കു മാത്രം....

ഈ മൈബൈല്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഒരൊറ്റ വഴിയേ ഉള്ളു. സ്വയം സൂക്ഷിക്കല്‍. നിങ്ങളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്,നിങ്ങളുടെ മേല്‍ ആരുടയോക്കയോ മൊബൈല്‍ ക്യാമറക്കണ്ണുകള്‍ നിങ്ങളുടെ നേരെയുണ്ടന്ന് കരുതുക. സ്വയം അപകടത്തില്‍ ചെന്ന് ചാടാതിരിക്കുക. നിങ്ങളുടെ അനുവാദം ഇല്ലാതെ ആരെങ്കിലും നിങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഉടന്‍ തന്നെ നിയമസംരക്ഷണത്തിന്റെ വഴിയേപോവുക. ആരെങ്കിലും നിങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ ‘തൊട്ടാവാടി’ വനിത അല്ലന്ന് നാലാളെ അറിയിക്കാന്‍ പ്രതികരിക്കാതിരുന്നാല്‍ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് തന്നെയാണ് .

മൊബൈല്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല സ്ത്രികളും അവരുടെ ഫോണ്‍ ഇടയ്ക്കിടെ മാറ്റാറുണ്ട്. ചിലര്‍ മൊബൈല്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.ആ സംഭവങ്ങളിലേക്ക് അടുത്ത ആഴ്ച

Sunday, March 1, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍- 1 :

അയാള്‍ക്ക് പ്രായം നാല്പതിനോടടുത്ത്. ഒരു ദിവസം അയാള്‍ ഒരു നമ്പരിലേക്ക് ഡയല്‍ ചെയ്തപ്പോള്‍ ഒരു അക്കം തെറ്റി ഫോണ്‍ കിട്ടിയത്ഒരു സ്ത്രിക്ക്. “റോങ്ങ് നമ്പര്‍“ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു. പിറ്റേന്ന് ഒരു രസത്തിനായി അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അന്നത്തെസംസാരം ഒരു മിനിട്ടില്‍ അവസാനിച്ചു. പിന്നീട് അയാള്‍ അവളെ വിളിക്കുക പതിവായി. സംസാരം മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക് മാറി. സൌഹൃദ ത്തില്‍ തുടങ്ങിയ സംസാരം ലോകകാര്യങ്ങളിലേക്കും സ്വകാര്യജീവിതത്തിലേക്കും മാറി. അയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. കുട്ടികള്‍ രണ്ടും ഹൈസ്കൂളില്‍ പഠിക്കുന്നു. അയാള്‍ക്ക് ബിസിനസ്. അവള്‍ക്കാണങ്കില്‍ നാലുവയസുള്ള ഒരു കുട്ടി. ഭര്‍ത്താവ് പട്ടാള ത്തില്‍. അവളുടെഫോണ്‍ സംസാരം നീളുന്നതിനെക്കുറിച്ച് അമ്മായിയമ്മ മകനോട് പരാതി പറഞ്ഞു. മകന്‍ നാട്ടിലെത്തി.അമ്മ എന്നും തന്നോട് വഴക്കാണ് എന്നുള്ളഭാര്യയുടെ പറച്ചിലില്‍ മകന്‍ അമ്മയെ വഴക്കുപറഞ്ഞു മടങ്ങി. മകന്‍ പോയി രണ്ടാഴ്ച് കഴിഞ്ഞ ഒരു ദിവസം രാവിലെ അമ്മ ഉണര്‍ന്നപ്പോള്‍മരുമകള്‍ വീട്ടിലില്ല. അന്വേഷ്ണത്തിനൊടുവില്‍ അവളെ തന്റെ ഫോണ്‍ സുഹൃത്തിനോടൊപ്പം കണ്ടെത്തി.


മറ്റൊരാളെ പരിചയപ്പെടാം. നാട്ടിലെ ചെറുപ്പക്കാര്‍ ഇവളെ വിളിക്കുന്നത് പുഞ്ചിരി. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ നടക്കുന്നതുകൊണ്ട് വിളിക്കുന്നതാണിങ്ങനെ. പുഞ്ചിരിക്ക് രണ്ട് കുട്ടികള്‍. പെണ്‍കുട്ടി ആറാം ക്ലാസിലും ഇളയ ആണ്‍കുട്ടി രണ്ടാക്ലാസിലും പഠിക്കുന്നു. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്ന് ഒരു സ്വകാര്യ കമ്പിനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്നു. പുഞ്ചിരിയും കുട്ടികളും താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അപ്പനും ഉണ്ട്. അമ്മ രണ്ട് വര്‍ഷം മുമ്പ് മരിച്ചുപോയി. കഴിഞ്ഞ(2008) നവംബറില്‍ ഒരു ദിവസം വൈകിട്ട് സപ്ലൈകോയില്‍സാദനം വാങ്ങാന്‍ പോയ പുഞ്ചിരി രാത്രിയായിട്ടും തിരിച്ചു വന്നില്ല. നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി. സപ്ലൈകോയില്‍ നിന്ന് സാദനം വാങ്ങാതെഒരു ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അന്വേഷ്ണം ഓട്ടോ വഴിയായി. വീട്ടില്‍ നിന്ന് പുഞ്ചിരിയുടെ സ്വര്‍ണ്ണാഭരണങ്ങളും കാണാതായിട്ടുണ്ട്. അപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് പോയതാണന്ന് തീര്‍ച്ചയായി. പിറ്റേന്ന് രാവിലെ ഒരു സ്ത്രി തന്റെ ഭര്‍ത്താവിനെത്തിരക്കി പുഞ്ചിരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചിത്രം വ്യക്തമായത് .പുഞ്ചിരിക്ക് വിവാഹത്തിനുമുമ്പ് ഒരാളുമായിഅടുപ്പമുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മറ്റൊരു വിവാഹം നടന്നത്. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുമ്പോഴാണ് , ഒരു വര്‍ഷത്തിനുമുമ്പ് പുഞ്ചിരിയും അയാളും വീണ്ടും കണ്ടതും മൊബൈല്‍ നമ്പരുകള്‍ കൈമാറിയതും. ഇതില്‍ ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് പുഞ്ചിരിയുടെ മകളാണ്. ഒരമ്മയുടെ കരുതലും സംരക്ഷണവും വേണ്ട സമയത്താണ് അവള്‍ക്കവളുടെ അമ്മയെ
നഷ്ടമായത്. ആ രണ്ടാംക്ലാസുകാരന്‍ ഇപ്പോഴും അമ്മയെ പ്രതീക്ഷിച്ച് (?) വാതിക്കല്‍ നിന്ന് റോഡിലേക്ക് നോക്കിനില്‍ക്കുന്നത് ഞാനിപ്പോഴുംകാണാറുണ്ട്. അവന്റെ അമ്മ അവനെ കാണാന്‍ തിരിച്ചു വരുമന്ന് ആ കുഞ്ഞ് മനസ് ആഗ്രഹിക്കുന്നുണ്ടാവും.



കഴിഞ്ഞ ആഴ്ച് കോന്നിക്കടുത്ത് ഒരു കൌമാരക്കാരന്‍ ആത്മഹത്യ ചെയ്തത് മൊബൈലി നെ ചൊല്ലി നടന്ന ചെറിയ വഴക്കിനെ തുടര്‍ന്നാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ചേട്ടന്‍ മൊബൈല്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വഴക്കുണ്ടാവുകയും അനുജന്‍ ഫോണ്‍ എടുത്തെറിയുകയും അത് തകരുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അനുജന്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുമ്പോള്‍ ആ ചേട്ടന്റെ മാനസികാവസ്ഥ
എന്തായിരിക്കും.??? ജീവിതാവസാനംവരേയും അവനെയത് വേട്ടയാടിക്കൊണ്ടിരിക്കും.



സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടങ്കിലും സ്കൂളുകളില്‍ ഫോണുമായി എത്തുന്ന കുട്ടികളുടെ എണ്ണം കുറവല്ല. ഇതില്‍ ഒരു നാല്‍പതുശതമാനത്തോളം കുട്ടിക ള്‍ക്കും വീട്ടില്‍ നിന്ന് വാങ്ങികൊടുത്തതായിരിക്കില്ല ഫോണ്‍. പിന്നീട് എവിടെ നിന്ന് ഇവര്‍ക്ക് ഈ ഫോണ്‍ കിട്ടി.ആണ്‍കുട്ടികളില്‍ പലരും സ്കൂളികളില്‍ വരാതെ കേറ്ററിംഗ് പണിക്ക് പോയാണ് ഫോണിനുവേണ്ടി പണം സമ്പാദിക്കുന്നത്. ചിലര്‍ മണല്‍ ലോറിക്ക്‘സെക്യൂരിറ്റി’ പണിക്ക് പോയിട്ടാണ് ഫോണ്‍ വാങ്ങുന്നത്. വീട്ടുകാര്‍ തന്നെ ഫോണ്‍ വാങ്ങിക്കൊടുത്ത കുട്ടികളുടെ കാര്യം എടുക്കുക; വീട്ടില്‍ നിന്ന്അരമണിക്കൂര്‍ യാത്രാദൂരം മാത്രം ഉള്ള കുട്ടികള്‍ക്ക് എന്തിനുവേണ്ടിയാണ് ഫോണ്‍ വാങ്ങി നല്‍കിയിരിക്കുന്നത് ?


പുതുപുത്തന്‍ മോഡല്‍ ഫോണുകള്‍ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ മാതാപിതാ ക്കള്‍ മത്സരിക്കുകയാണോ? ക്യാമറഫോണുകള്‍ വിപണിയില്‍പിടിമുറുക്കി കഴിഞ്ഞി രിക്കുന്ന ഈ സമയത്ത് അവ വരുത്തി വയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്നവര്‍ചിന്തിച്ചിട്ടുണ്ടോ?


സ്കൂളുകളിലും ബസിലും ട്രയിനിലും നിങ്ങള്‍ റോഡില്‍ക്കൂടി നടന്നുപോകുമ്പോള്‍ പോലും നിങ്ങളെ എത്ര ക്യാമറഫോണുകള്‍ ഒപ്പിയെടുക്കുന്നുണ്ടാവും?നിങ്ങളുടെ അടുത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നവന്‍ ഒരു പക്ഷേ നിങ്ങളെ ഫോണില്‍ പകര്‍ത്തുക യായിരിക്കും.. ആ മൊബൈല്‍ക്യാമറക്കണ്ണുകള്‍ നിങ്ങളെ ഒപ്പിയെടുക്കാനായി നിങ്ങളുടെ ബാത്തുറൂമിന്റെ വെന്റിലേറ്ററിലൂടെ കടന്നുവന്നന്നിരിക്കും. ആ കടന്നുവരവിനെക്കുറിച്ച്
അടുത്താഴ്ച പറയാം.