Monday, February 22, 2010

മൊബൈല്‍ ക്യാമറ ചതിക്കുമ്പോള്‍ ...


വീണ്ടും ഒരിക്കല്‍ കൂടി മലയാളികളുടെ ഇടയില്‍ മൈബൈല്‍ ക്യാമറ ചര്‍ച്ചാവിഷയമാകുന്നു.... ഒരായിരം അനുഭവങ്ങള്‍ ഉണ്ടങ്കിലും ഇയാമ്പാറ്റകളെപോലെ നമ്മുടെ കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളിലേക്ക് വീഴുന്നു. ആത്മഹത്യയില്‍ അഭയം തേടി ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുമ്പോള്‍ നമ്മുടെ ചര്‍ച്ചകളില്‍ നിറയാന്‍ ഒരു വിഷയം എന്നതില്‍ ഉപരി ഒരു സാമൂഹ്യവിപത്തിലേക്കൂള്ള വിരല്‍ ചൂണ്ടലുകളാണ് ഈ ആത്മഹത്യകള്‍. ഒരേസമയം ബ്ലൂടുത്തിലൂടെ കൈമാറി പെണ്‍കുട്ടിയുടെ നഗ്നത കണ്ട് ആസ്വദിക്കുകയും അവളെ വിചാരണചെയ്യുകയും നിശ്ചലമാകുന്ന അവളുടെ ശരീരത്തോട് സഹതപിക്കുകയും ചെയ്യുന്ന വൃത്തികെട്ട മനസ്ഥിതിയുടെ തടവറയില്‍ അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരായി മലയാളി മാറുകയാണോ? വിവരസാങ്കേതിക വിപ്ലവത്തിന്റെ കുത്തൊഴിക്കല്‍ ജീവിതം ഹോമിക്കപ്പെടുന്ന നമ്മുടെ സഹജീവികളെ കണ്ടില്ലന്ന് നടിച്ചു കൂടാ.


മൊബൈല്‍ ക്യാമറകള്‍ ഒരുക്കുന്ന കെണിയില്‍ വീണ് ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരില്‍ അവസാനത്തെ ഇരയായ പ്രവിത നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന കുറേ ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. നമ്മുടെ മറ്റ് സഹോദരിമാരുടെ ജിവിതം ഒരു മുഴം കയറില്‍ തൂങ്ങി ആടുന്നത് കാണേണ്ടയെങ്കില്‍ നമുക്ക് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ തീരൂ. എന്തുകൊണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ക്യാമറകള്‍ ഒരുക്കുന്ന വലയില്‍ കുരുങ്ങുന്നു. ക്ലാസ്‌മുറിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ട പ്രവിതയും അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ
അരുണും തമ്മിലുള്ള ചുംബന ക്ലിപ്പിങ്ങ് മൊബൈലില്‍ കൂടിയും ഇന്റ്ര്‌നെറ്റ് വഴിയും വ്യാപകമായി പ്രചരിച്ചതോടെയോണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ടാഴചയ്ക്ക് മുമ്പ് നടന്ന ഈ സംഭവത്തെതുടര്‍ന്ന് പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതാണ്. സ്കൂളിന്റെ സല്‍പ്പേരിന് ഭംഗം വരാതിരിക്കാന്‍ വേണ്ടിയായിരിക്കണം പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും സ്കൂളില്‍ നിന്ന് പുറത്താക്കിയത്. ഈ വീഡിയോ ക്ലിപ്പിംങ്ങ് ഉണ്ടാക്കിയ(?) ഇന്റ്ര്‌നെറ്റ് കഫേ നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.


ഇങ്ങനെയുള്ള ദുരന്തങ്ങളില്‍ ഭൂരിപക്ഷവും നടക്കുന്നത് നമ്മുടെ നാട്ടിന്‍ പുറങ്ങളിലാണ്. ക്യാമറയുള്ള മൊബൈല്‍ ഉണ്ടങ്കില്‍ എന്തുമാകാം എന്നുള്ള ഒരു വിചാരം നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉണ്ടന്ന് തോന്നുന്നു. എത് നിമിഷവും ആരുടെ നേരയും ആ ക്യാമറക്കന്നുകള്‍ നീളാം. ബസ്‌സ്റ്റോപ്പുകളില്‍ , ട്രയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ , പരീക്ഷാഹാളുകളില്‍ , ബീച്ചുകളില്‍ , ടോയലറ്റുകളില്‍ .... ഒരു പെണ്‍കുട്ടിക്ക് / സ്ത്രിക്ക് പിന്നെങ്ങനെ പുറത്തിറങ്ങി നടക്കാനാവും. കഴുകന്‍ കണ്‍നുമായി നില്‍ക്കുന്ന മൊബൈല്‍ ക്യാമറകളില്‍ നിന്ന് എങ്ങനെ രക്ഷനേടാന്‍ സാധിക്കും. നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് തെറ്റായ ഒരു സന്ദേശം ലഭിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പതിനഞ്ചുവയസുള്ള ആണ്‍‌കുട്ടി അഞ്ചുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ള വാര്‍ത്ത കഴിഞ്ഞ ആഴചയില്‍ തന്നെയാണ് പുറത്തുവന്നത്. തെറ്റായ ഒരു മാധ്യമ സംസ്കാരം നമ്മുടെ ഇടയില്‍ രൂപപ്പെട്ടുവന്നിരിക്കുന്നു എന്നതില്‍ സംശയമില്ല.


കഴിഞ്ഞ ആഴ്ചയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു വാര്‍ത്ത. ‘പ്ലസ്‌ടു വിദ്യാര്‍ത്ഥി നിയെ മിസ്ദ് കോളിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.’ ഒരു സ്വര്‍ണ്ണക്കടയിലെ സെയില്‍‌സ്മാനായ ഇയാള്‍ മറ്റ് പതിനഞ്ചോളം സ്ത്രികളെക്കൂടി ഇങ്ങനെ പീഡനവലയിലാക്കിയിട്ടു ണ്ടത്രെ!!. മിസ്‌ഡ് കോളിലൂടെ പരിചയപ്പെട്ട ഒരാളോടൊത്ത് പെണ്‍കുട്ടി എന്തിന് പോയി എന്ന് ചോദിക്കുന്നവരുണ്ടാവാം? എന്തിനാണ് പ്ലസ്‌ ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ എന്ന് ചോദിക്കുന്നവരും ഉണ്ടാവും. ഇതിനുള്ള ഉത്തരം നല്‍‌കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിന്റെ ആവിശ്യകതയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. അവരെന്തിനു‌വേണ്ടി അത് ഉപയോഗിക്കുന്നു എന്നുകൂടി അന്വേഷിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. നമുടെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ടങ്കിലും മറ്റ് നിയമങ്ങളപ്പോലെ തന്നെ പൊടിപിടിച്ച് മറയുന്ന നിയമമായി ഇതും മാറിയിരിക്കുന്നു.


ഓരോ ആത്മഹത്യകള്‍ നടക്കുമ്പോഴും ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ച നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കുട്റ്റികളിലെ മൊബൈല്‍ ഉപയോഗം ശക്തമായി തടയാന്‍ കഴിയുന്നത് മാതാപിതാക്കള്‍ക്ക് തന്നെയാണ്. ചില ‘മൊബൈല്‍ ദുരന്ത‘ങ്ങളില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ മൊബൈല്‍ വാങ്ങി നല്‍കിയിട്ടല്ലന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നെ എങ്ങനെ പെണ്‍കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ എത്തി ??. ചില മാധ്യമങ്ങളില്‍ പ്രണയവിവാഹിതരായ വരുടെ അഭിമുഖങ്ങളില്‍ കാമുകന്‍ കാമുകിക്ക് രഹസ്യമായി നല്‍കിയ മൊബൈലില്‍ കൂടിയാണ് തങ്ങളുടെ പ്രണയം വളര്‍ന്നതന്ന് ‘ബോക്സു‘കളില്‍ ഹൈലൈറ്റ് ചെയ്തുകാണിക്കുമ്പോള്‍ അത് വായിക്കുന്ന ഒരു കുട്ടിയുടെ മനസില്‍ ഉണ്ടാക്കുന്ന ചിന്ത എന്തായിരിക്കും? എല്ലാം മതത്തിന്റെ കണ്ണില്‍ കാണുന്നവര്‍ക്ക് മതം മാറ്റം മാത്രമായിരിക്കാം പ്രശ്നം.. ഏത് മതത്തില്‍ പെട്ട മാതാപിതാക്കളാണങ്കിലും അവരുടെ കണ്ണില്‍ നിന്ന് ഒഴുകുന്ന കണ്ണീര്‍ അവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തിവരുന്നതാണ്. വിവരസാ‍ങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒരു ക്ലിപ്പിങ്ങ് ആയിരക്കണക്കിന് ആളുകള്‍ക്ക് ലോകത്തിന്റെ ഏത് കോണിലേക്കും എത്തിക്കാവുന്നതേയുള്ളു. പുരാണത്തില്‍ യുദ്ധങ്ങളെക്കുറിച്ച് പരാമര്‍‌ശിക്കു മ്പോള്‍ എയ്തുവിടുന്ന ശരങ്ങളെക്കുറിച്ച് പറയുമല്ലോ, ‘ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ ആയിരം സഞ്ചരിക്കുമ്പോള്‍ ആ‍യിരം കൊള്ളുമ്പോള്‍ പതിനായിരം’ .ഈ ശരങ്ങളുടെ ഗതിയാണ് ഇന്ന് ‘ക്ലിപ്പിംങ്ങു‘കള്‍ക്ക് . ആ ശരങ്ങളില്‍ പിടഞ്ഞ് ഇര നിശ്ചലമാകുമ്പോള്‍ അത് പകര്‍ത്താനും നമ്മുടെ ഇടയില്‍ ആളുണ്ടാവുന്നു.


അപകടമേഖലകളില്‍ മൊബൈല്‍ പടം‌പിടുത്തക്കാര്‍ വരുത്തുന്ന തിരക്കില്‍ ഫയര്‍‌ഫോഴ്സുപോലും അകപ്പെട്ടുപോകാറുണ്ട്. തിരുവന്തപുരത്തെ ലോഡ്ജ് അപകടത്തിലും വയനാട്ടില്‍ കൊക്കയിലേക്ക് ടൂറിസ്റ്റ് ബസ് മറിഞ്ഞ അപകടത്തിലും ഈ തിരക്ക് ഭയാനകമായിരുന്നു. വയനാട്ടില്‍ പടം‌പിടുത്തക്കാരുടെ ബൈക്കുകള്‍ വരുത്തിയ ട്രാഫിക തടസത്തില്‍ പെട്ട് ഫയര്‍‌ഫോഴ്സ്‌പോലും വഴയില്‍ കുടുങ്ങിപ്പോയി.. മൊബൈല്‍ ഫോണിലെ ക്യാമറാ ഒരു ജ്വരം എന്നതിനെക്കവിഞ്ഞ് ഒരു മാനസികരോഗമായി നമ്മുടെ യുവാക്കളുടെ ഇടയില്‍ മാറിയിരിക്കുന്നു. ഒരു പക്ഷേ ബോധവത്ക്കരണം കൊണ്ട് ഈ മാനസികരോഗത്തിന് കുറവ് വരുത്താനെങ്കിലും ആവും. മാതാപിതാക്കളില്‍ നിന്നു തന്നെ ബോധവത്ക്കരണം ആരംഭിക്കണം. നമ്മുടെ കുട്ടികളുടെ ഇടയില്‍ അപകടകരമായ രീതിയില്‍ കൂടിക്കൊണ്ടിരിക്കുന്ന ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയും ബോധവത്ക്കരണം ആവിശ്യമാണ്. പുളിങ്കീഴ് , തിരുവന്തപുരം-കൊച്ചി എന്നിവടങ്ങളില്‍ നടന്ന പ്രൊഫഷ്ണല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇങ്ങനെയൊരു ബോധവത്ക്കരണത്തിന്റെ ആവിശ്യക്തയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കലാലയങ്ങളില്‍ സ്റ്റുഡന്റ് കൌണ്‍‌സിലര്‍ എന്നൊരു സ്ഥാനം തന്നെ ആവിശ്യമാണന്ന് തോന്നുന്നു.(കുട്ടികളെ ക്യാന്‍‌വാസ് ചെയ്ത് കോഴ്സുകളില്‍ ചേര്‍ക്കുന്ന കൌണ്‍സിലറല്ല). മൊബൈല്‍ ഫോണിന്റെ ഉപയോഗവും ആത്മഹത്യയും തമ്മിലുള്ള അദൃശ്യബന്ധത്തിന്റെ കാണാച്ചരടുകള്‍ ഒഴിവാക്കാനും, ആത്മഹത്യയിലേക്ക് വഴുതി വീഴുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കൌണ്‍‌സിലര്‍ക്ക് കഴിഞ്ഞേക്കും.


അടുത്ത തലമുറ മൊബൈല്‍ വിപ്ലവമായ 3ജി വരുന്നതോടെ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുമെന്ന് തോന്നുന്നു. ഒരേസമയം തന്നെ സംസാരിക്കാനും ഡേറ്റാ കൈമാറ്റം ചെയ്യാവുന്ന സാങ്കേതികതയായ 3ജി വഴി ഇപ്പോഴത്തെ മൊബൈല്‍ മാനറിസം വച്ച് നോക്കുമ്പോള്‍ ‘ലൈവുകള്‍‘ പ്രതീക്ഷിക്കാവുന്നതാണ്. ഡൈനാമിറ്റ് കണ്ടുപിടിച്ചതില്‍ പിന്നീട് പശ്ചാത്തപിച്ച നൊബൈലിനെ പോലെ മൊബൈല്‍ ഫോണില്‍ ക്യാമറ സൃഷ്ടിച്ചെടുത്ത ആളും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. എവിടേയും തങ്ങളെ പിന്തുടരുന്ന ഒരു ക്യാമറകണ്ണുണ്ട് എന്നുള്ള ഭയം സ്ത്രികളില്‍ സംജാതമാകുന്ന ഒരു സ്ഥിതി വിശേഷത്തിലേക്ക് സമൂഹം മാറിയിരിക്കുന്നു. സ്ത്രികളുടെ ബാത്ത് റൂമില്‍ ക്ലോസ്റ്റിനോട് ചേര്‍ന്ന് ഒളിപ്പിച്ച മൈബൈല്‍ ക്യാമറ കണ്ടത്തിയത് ഇങ്ങനെയൊരു അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


മറ്റൊരു പെണ്‍കുട്ടി സ്വയം വരുത്തീവച്ച അപകടം ഇങ്ങനെയാണ്. നാട്ടില്‍ നിന്ന് പഠിക്കാനായി മറ്റൊരു സംസ്ഥാനത്തേക്ക് പോയ പെണ്‍കുട്ടിയുടെ ഒരു തനി നീല ക്ലിപ്പിംങ്ങ് നാട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ സമ്മതത്തോടെ കൂടി പകര്‍ത്തിയതാണന്ന് അത് കണ്ടാല്‍ മനസിലാകും. കാമുകന്റെ(?) പേര് ശരീരത്ത് എഴുതി വച്ച് അവന്റെ മുന്നില്‍ നഗ്നയായി കിടക്കുമ്പോള്‍ അവന്‍ പകര്‍ത്തുന്ന വീഡിയോ ഒരിക്കല്‍ പോലും നാട്ടില്‍ എത്തുമെന്ന് കരുതിയിട്ടുണ്ടാവില്ല ആ പെണ്‍കുട്ടി. നാട്ടില്‍ ഈ ക്ലിപ്പിംങ്ങ് എത്തിയതോടെ നാണക്കേടുകാരാണം ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് നാടുവി‌ടേണ്ടി വന്നു.


ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കൌമാരക്കാരാണ്. ഇത്തരം ക്ലിപ്പിങ്ങുകളില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ മടിക്കാറുമുണ്ട്. കാരണം ഒട്ടുമിക്കപ്പോഴും അവരുടെ സമ്മതത്തോടുകൂടി ചിത്രീകരിച്ചതായിരിക്കും ഇത്. പിന്നീട് ബ്ലാക്ക് മെയിലിങ്ങിലൂടെ അവളെ തങ്ങളുടെ വലയില്‍ കുരുക്കി ഇടുന്നവരുടെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ആത്മഹത്യ ഒരു മാര്‍ഗ്ഗമായി അവള്‍ സ്വീകരിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനി ഒരു ആത്മഹത്യ ഉണ്ടാകാതെ ഇരിക്കാന്‍ ശക്തമായ ബോധവത്ക്കരണവും അതോടൊപ്പം കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷയും ആവിശ്യമാണ്. നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒരു ക്ലിപ്പിംങ്ങ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ഓര്‍ക്കുക ഒരു പക്ഷേ നാളത്തെ ഇര നിങ്ങളാവാം....Tuesday, February 2, 2010

അമ്മ ഗുണ്ടയാകുമ്പോള്‍

നമ്മുടെ അമ്മമാരെക്കുറിച്ചല്ല പറയുന്നത് ...

നാല് സിനിമയില്‍ അഭിനയിച്ചു കഴിയുമ്പോള്‍ തങ്ങളൊക്കെ ഏതാണ്ടൊക്കെ ആയി എന്ന് കരുതുന്നവരെക്കുറിച്ചാണ്.

നാടകത്തിലൂടെ ‘നടനം‘ സ്‌ഫുടം ചെയ്തെടുത്ത് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തിലകന് രഹസ്യ ഉപരോധം..

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണങ്കില്‍ തിലകന്‍ , മാള , സ്‌ഫടികം ജോര്‍ജ്ജ് , ക്യാപ്‌റ്റന്‍ രാജു എന്നിവര്‍ക്കാണ് ഫെഫ്‌ക , അമ്മ എന്നീ സംഘടനകള്‍ രഹസ്യ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇവര്‍ ചെയ്ത കുറ്റം താരങ്ങളെ വെല്ലുവിളിച്ച വിനയന്റെ ‘യക്ഷിയും ഞാനും‘ എന്ന സിനിമയില്‍ അഭിനയിച്ചു എന്നതാണ് .

തങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ സിനിമയില്‍ മാത്രം അംഗങ്ങള്‍ അഭിനയിച്ചാല്‍ മതി എന്ന് ‘അമ്മ’യ്ക്ക് പറയാന്‍ കഴിയുന്നതെങ്ങനെ????

അമ്മയുടെ രണ്ടാമത്തെ അംഗമായ ഗണേശ് കുമാറിനെ അമ്മയുടെ സ്വന്തം പടമായ ട്വന്റി-ട്വന്റിയില്‍ നിന്ന് ഒഴിവാക്കുകയും അതില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച മീരാജാസ്‌മിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത് ‘അമ്മ’ ശരിക്കും Association of Malayalam Movie Artists തന്നെയാണോ??

കൂടെ നിന്നവരെല്ലാം കാലുവാരിയിട്ടും വിനയന്‍ എന്ന സംവിധായകന് സിനിമ എടുക്കാന്‍ കഴിഞ്ഞു എന്നത് സൂപ്പര്‍‌താരങ്ങളെമാത്രം വലംവച്ച് കറങ്ങുന്ന മലയാളം സിനിമ വ്യവസായത്തിന് ശുഭസൂചനതന്നെയാണ് ... അമ്മയന്നും ഫെഫകയെന്നും പറഞ്ഞ് ഞെളിഞ്ഞു നടക്കുന്നവര്‍ പുറത്തിറങ്ങിയില്ലങ്കിലും മലയാളസിനിമയ്ക്ക് ഒന്നും സംഭവിക്കാനില്ല...

വല്യപ്പനാകാന്‍ തുടങ്ങുന്ന സൂപ്പറുകള്‍ വരെ തലയിലെ വെള്ളിവര കാണിക്കാതെ കോമാളിവേഷം കെട്ടി കളിക്കുമ്പോള്‍ മലയാളസിനിമയുടെ വളര്‍ച്ച പടവലങ്ങപോലെ തന്നെ ......

വിനയന്‍ എന്ന സംവിധായകനെതിരെയുള്ള ‘പോരാട്ടം‘ എന്തിനുവേണ്ടിയാണങ്കിലും അത് മലയാള സിനിമയ്ക്ക് വേണ്ടിയല്ലന്ന് ഉറപ്പ്.

വിനയന്‍ എന്ന ഒരു സംവിധായകന്‍ ഇല്ലായിരുന്നെങ്കില്‍ ദിലീപ് എന്നൊരു താരം ഉണ്ടാവുകയില്ലായിരുന്നു എന്ന് വ്യക്തം. അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുകയും കയറ്റിവിട്ടവനെ തലയില്‍ ചവിട്ടി താഴെ ഇടുന്നതും മറ്റൊരു നാട്ടു നടപ്പ്.

തങ്ങള്‍ പറയുന്നതെല്ലാം മറ്റുള്ളവര്‍ കേട്ട് അനുസരിച്ചു കൊള്ളണമെന്ന് പറയാന്‍ ഇത് രാജവാഴ്ചയുടെ കാലമല്ല. സംവിധാനം ചെയ്ത ഒരു സിനിമ വിജയിച്ചപ്പോള്‍ താന്‍ ‘ഹിറ്റ്‌മേക്കര്‍’ ആയി എന്ന് വിചാരിച്ച് നിഗളിക്കരുത്. സംവിധാനം ചെയ്ത മറ്റ് പടങ്ങളെല്ലാം കൂടി മുപ്പതുദിവസം തിയേറ്ററില്‍ ഓടിയിട്ടില്ലന്ന് മനസിലെപ്പോഴും ഉള്ളത് നല്ലതാണ്...

യൌവനത്തില്‍ ആനപ്പുറത്ത് ചാടികയറി എന്ന് വച്ച് വയസാം കാലത്തും അതിന് ശ്രമിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്? ഈ ആനച്ചാട്ടം ആണ് നമ്മുടെ നായകന്മാര്‍ നടത്തൂന്നത്...

തമ്മില്‍ തല്ലിയും ഉപരോധിച്ചും കളിച്ചു കഴിയുമ്പോള്‍ മലയാള സിനിമ കാണാന്‍ ആളില്ലേ ആളില്ലേ എന്ന് വിളിച്ചു കൂവരുത് ... മലയാള സിനിമയെ രക്ഷിക്കാന്‍ തമിഴ് സിനിമയും ഇംഗ്ലീഷ് സിനിമയും കേരളത്തില്‍ ഓടിക്കരുത് എന്ന് ഇനിയെങ്കിലും പറയരുത്... ചില വലിയ നായകന്മാരുടെ സിനിമാ സിഡി വെറുതെ കൊടുത്താല്‍ പോലും വാങ്ങികോണ്ട് പോയി കാണാന്‍ ആളില്ല..!!!

മലയാള സിനിമതന്നെ കാണണമെന്ന് ഇന്ന് ഏതെങ്കിലും മലയാളി സിനിമാ പ്രേമിക്ക് നിര്‍ബന്ധമുണ്ടന്ന് തോന്നുന്നില്ല. കൊടുക്കൂന്ന കാശിന് മൂല്യം ലഭിക്കുന്ന അന്യഭാഷ സിനിമകള്‍ ഇവിടെ നിന്ന് പണം വാരിക്കൊണ്ട് പോകുമ്പോള്‍ ഞങ്ങളുടെ പടം കാണാന്‍ ആരും വന്നില്ലേ എന്ന് നിലവിളിച്ചിട്ട് കാര്യമില്ല.

:: ഇടവേള ::
നമ്മള്‍ സിനിമാ പ്രേക്ഷകര്‍ക്കും ഒരു സംഘടന രൂപീകരിച്ചാലോ? ഓള്‍ കേരള സിനിമ വ്യൂവേഴ്സ് അസോസിയേഷന്‍ (AKCVA) (അക്‍സ്‌വ) . സിനിമ റിലീസാവുന്ന ദിവസം ഈ സംഘടനയുടെ ഭാരവാഹികള്‍ സിനിമകണ്ടിട്ട് , സിനിമാ കാണാന്‍ കൊള്ളാവുന്നതാണോ എന്ന് അഭിപ്രായം
പറയും. എന്നിട്ട് മാത്രം മറ്റുള്ളവര്‍ സിനിമ കാണുക.