Showing posts with label ഗാന്ധിജി. Show all posts
Showing posts with label ഗാന്ധിജി. Show all posts

Wednesday, August 4, 2010

ശനി പിടിച്ച ഗാന്ധിപ്രതിമ

പത്തനംതിട്ടയിലെ സെന്‍‌ട്രല്‍ ജംഗക്ഷനില്‍ 2003 മുതല്‍ ഗാന്ധിപ്രതിമയുണ്ട്. അന്നുമുതല്‍ ഇന്നുവരെപത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടിലാണ്. ഏതായാലും 2009 ഏപ്രില്‍ 14 മുതല്‍ ഗാന്ധിപ്രതിമയ്ക്ക് അത്രയ്ക്ക് നല്ല കാലം അല്ലായിരുന്നു. 2010 ജൂലൈ 11 ആം തീയതിയോടെ ഗാന്ധിപ്രതിമയുടെ ദുരന്തം പൂര്‍ണ്ണമായി. ജൂലൈ 11 രാത്രിയില്‍ ലോറി ഇടിച്ചതോടെ(ഇടിപ്പിച്ചതോ?) പ്രതിമ നിന്ന പ്ലാറ്റ്ഫോം തകരുകയും പ്രതിമയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ കൈകള്‍ നഷ്ടപ്പെട്ട ഗാന്ധിപ്രതിമയെ ഒരു നീല ടാര്‍പ്പാ കൊണ്ട് പൊതിഞ്ഞ് സെന്‍‌ട്രല്‍ ജംഗക്ഷനില്‍ തന്നെ വച്ചിട്ടൂണ്ട്. എന്തിനാണ് ഈ പ്രതിമ ഇവിടെതന്നെ ഇങ്ങനെ വച്ചിരിക്കുന്നതന്ന് അറിയില്ല.

2009 ഏപ്രില്‍ 14 നാണ് ലോക്സഭാതിരഞ്ഞെടുപ്പോട് അനുബന്ധിച്ച് നടന്ന് കൊട്ടിക്കലാശത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഫ്ലക്സുകളും കൊടികളും ഉയര്‍ത്തിയ തടികഷ്ണങ്ങള്‍ കൊണ്ട് പുറം പൊളിഞ്ഞ ഗാന്ധിപ്രതിമയുടെ പുനര്‍‌നിര്‍മ്മാണത്തിന് നേരെ രാഷ്ട്രീയപാര്‍ട്ടികല്‍ മുഖം തിരിച്ചു എങ്കിലും പ്രതിമസ്ഥാപിച്ച ജേസിസ് തന്നെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് വഹിക്കുകയും പ്രതിമയുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. (ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരത്തിന് എതെങ്കിലും കേടുപാടുകള്‍ സംഭവിച്ചായിരുന്നെങ്കില്‍ വമ്പിച്ച പ്രതിഷേധയോഗം നടത്തി കൊടിമര പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവ് അവര്‍ കെങ്കേമം ആക്കിയേനെ. സ്വന്തമായി ഒരു വടിയല്ലാതെ കൊടിയില്ലാത്ത ഗാന്ധിജിക്ക് എന്ത് സംഭവിച്ചാലും എന്ത്???)

പുറം തിരിച്ച് കിട്ടിയ ഗാന്ധിജിക്ക് പിന്നീടും നിക്കപ്പൊറുതി ഉണ്ടായിട്ടില്ല. പത്തനംതിട്ടയില്‍ എന്തെങ്കിലും ഒരു പരിപാടി നടന്നാല്‍ അതിന്റെ ഫ്ലക്സ് ഗാന്ധിപ്രതിമയില്‍ കെട്ടിവച്ചില്ലങ്കില്‍ എന്തോ ഒരു പോരായ്മായായി പല സംഘാടകര്‍ക്കും തോന്നുകയും ചെയ്തതിന്റെ ഫലമായി ഗാന്ധിപ്രതിമ ഫ്ലക്സ് താങ്ങിയായി രൂപാന്തരപെട്ട് തുടങ്ങിയപ്പോള്‍ ജില്ലാഭരണകൂടം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുകയും ഗാന്ധിപ്രതിമയില്‍ ഫ്ലക്സോ കൊടികളോ കെട്ടുകയില്ലന്ന് ഗാന്ധിയെ പിടിച്ച് പാര്‍ട്ടികള്‍ സത്യം ചെയ്തു. പിന്നീട് വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് കഷ്ടകാലം ലോറിയുടെ രൂപത്തില്‍ ഗാന്ധിപ്രതിമയില്‍ വന്നിടിച്ചത്. അതോടെ പ്രതിമയെ റോഡിലേക്ക് ഇറക്കിവച്ച് ടാര്‍പ്പാകൊണ്ട് മൂടുകയും പ്ലാറ്റ്ഫോം വീണ്ടും പണിയാനും തുടങ്ങി. ഒരു പ്രധാന പ്രശ്നം എന്താണന്ന് വച്ചാല്‍ ലോറി വന്ന് ഇടിച്ചതോടെ പ്രതിമയുടെ പലഭാഗങ്ങളും അടരുകയും പൊട്ടുകയും ചെയ്തു. ഈ പ്രതിമകളെക്കുറിച്ചൊക്കെ അറിയാവുന്നവര്‍ പറയുന്നത് ലോറിയുടെ ഇടികിട്ടിയ ഗാന്ധിപ്രതിമ ഇനി അവിടെ വയ്ക്കാന്‍ കൊള്ളില്ലാന്നാണ്. ഈ ഗാന്ധിപ്രതിമ വയ്ക്കാന്‍ കൊള്ളില്ലങ്കില്‍ പിന്നെന്തിനാണ് പ്രതിമയെ ടാര്‍പ്പാ പൊതിഞ്ഞ് വച്ചിരിക്കുന്നതന്ന് മനസിലായിട്ടില്ല. എല്ലാവരും ഗാന്ധി പ്രതിമ കണ്ടോട്ടെ എന്നാണങ്കില്‍ ആ ടാര്‍പ്പാളിന്‍ മാറ്റിയിട്ട് വയ്ക്കാമായിരുന്നു.അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ ഗാന്ധിപ്രതിമയോട് എന്തെല്ലാം ചെയ്തിട്ടുണ്ടന്ന് നമുക്കൊന്ന് അടുത്തറിയുകയും ചെയ്യാമായിരുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം എടുത്ത ഗാന്ധിപ്രതിമയുടെ ചിത്രങ്ങള്‍

പുറം പോയ ഗാന്ധിജി : 2009 ഏപ്രിലില്‍ എടുത്ത ചിത്രം2010 ജനുവരി ഒന്നിന് എടുത്ത ചിത്രം
ഗാന്ധിയുടെ വടിയില്‍ ആരോ ഒരു കൊടി കെട്ടിവച്ചിരിക്കുന്നു

ഇങ്ങനെയൊക്കെയാണ് നമ്മള്‍ ഗാന്ധി പ്രതിമയോട് ചെയ്യുന്നത്

2010 ആഗസ്റ്റ് ന് എടുത്ത ഗാന്ധിപ്രതിമയുടെ ചിത്രം

ഇപ്പോള്‍ പ്രതിമ ഇങ്ങനെ ടാര്‍പ്പാളിന്‍ ഇട്ട് കെട്ടിവച്ചിരിക്കുകയാണ്. കൈവരികള്‍ ഒന്നും ഇല്ലാത്ത ഈ ഗാന്ധിപ്രതിമയെ ചുറ്റിയാണ് സെന്‍‌ട്രല്‍ ജംഗക്ഷനില്‍ യു ടേണ്‍ എടുക്കുന്നത്.

പത്തനംതിട്ടയിലെ ഗാന്ധിപ്രതിമയെ സംബന്ധിച്ച മറ്റ് പോസ്റ്റുകള്‍ ഇവിടെ വായിക്കാം..

http://shibu1.blogspot.com/search/label/ഗാന്ധിജി

Friday, January 1, 2010

ഗാന്ധി(പ്രതിമ)യോട് നമ്മള്‍ ചെയ്യുന്നത് .....

പത്തനംതിട്ട സെന്‍‌ട്രല്‍ ജംഗഷനില്‍ തലയുയര്‍ത്തിപിടിച്ച് നില്‍ക്കുന്ന ഒരു ഗാന്ധി പ്രതിമ ഉണ്ട്. പത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടില്‍ നിന്നാണ്. ഇന്നു (01-01-2010) കണ്ട ഗാന്ധിപ്രതിമ ഇങ്ങനെയാണ്.

കഴുത്തില്‍ ഉണങ്ങിയ പൂമാലകള്‍ ...

ബ്രിട്ടീഷ് അടിമത്വം പൊട്ടിച്ചെറിഞ്ഞ ആ മനുഷ്യന്റെ കാലുകളില്‍ ഉണങ്ങിയ പൂമാലകളിലെ വാഴവള്ളികള്‍ ചങ്ങലകളായി പിണഞ്ഞ് കിടക്കുന്നു ...

ആ മനുഷ്യന്റെ വടിയിലേക്ക് ഞാന്‍ നോക്കി...

അതില്‍ ആരോ ഒരു പതാക മുറുക്കി കെട്ടിയിരിക്കുന്നു....

വടിയുടെ അടിവശത്തുനിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന കരിഞ്ഞതും പാതി കരിഞ്ഞതുമായ പൂമാലകള്‍ ...


നമുക്കെന്തിനാണ് ഗാന്ധിപ്രതിമകള്‍ ... ഗാന്ധി എന്ന മനുഷ്യനെ ഓര്‍ക്കാനോ അതോ എല്ലാത്തിനും മൂകസാക്ഷി ആക്കാനോ? ദേശീയ പതാകയോട് കാണിക്കുന്ന ആദരവിന്റെ പകുതിയെങ്കിലും ഈ മനുഷ്യന്റെ പ്രതിമയോടും കാണിക്കേണ്ടതല്ലേ?? ഈ മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പതാക താണ് ത്രിവര്‍ണ്ണ പതാക നമ്മുടെ നാട്ടില്‍ ഉയരുമായിരുന്നോ??

സമരങ്ങള്‍ക്ക് സാക്ഷിയാക്കാനും ഗാന്ധിജയന്തിയിലും രാഷ്ട്രീയ വിജയാഹ്ലാദദിനത്തിലും പൂമാലകള്‍ ഇടാന്‍ വേണ്ടിമാത്രമായി നമുക്ക് ഗാന്ധിപ്രതിമകള്‍ മാറുന്നു...


ഒരിക്കല്‍ ഈ പ്രതിമയ്ക്ക് പുറം നഷ്ടപ്പെട്ടതായിരുന്നു..... (അതിവിടെ വായിക്കാം..)

കുറച്ചുനാളുകള്‍ക്ക് ശേഷം പുറം തിരിച്ചു കിട്ടി ...
പക്ഷേ... ഇന്ന്

കഴുത്തിലും കാലിലും ഉണങ്ങിയ മാലകള്‍ ..
വടിയില്‍ ആരോ ‘കെട്ടിക്കൊടുത്ത‘ പതാക !!!!

ദയവായി ഈ മഹാത്മാവിനെ ഇങ്ങനെ നിന്ദിക്കാതിരുന്നുകൂടേ....

Monday, May 11, 2009

പുറം പോയ ഗാന്ധിജി


വര്‍ഷങ്ങളായി എല്ലാം കണ്ടും കേട്ടും പത്തനംതിട്ടയുടെ ഹൃദയ ഭാഗത്ത് തന്നെ ഗാന്ധിജി ഉണ്ട്. ഒരു ചെറുപുഞ്ചിരിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഗാന്ധി എന്തെല്ലാം കാഴ്ചകള്‍ കണ്ടിട്ടുണ്ടാവും.? എത്രയോ കോലം കത്തിക്കലുകളുടെ ചൂടും പുകയും ഈ പ്രതിമ ഏറ്റ് വാങ്ങിയിട്ടുണ്ടാവും??എത്രയോ കുത്തിയിരുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവും? പത്തനംതിട്ടയില്‍ നടക്കുന്ന വഴിതടയലുകള്‍ക്ക് ഒട്ടുമിക്കപ്പോഴും വേദിയാകുന്നത് ഗാന്ധിപ്രതിമയുടെ ചുറ്റുവട്ടം തന്നെയാണ്... എത്രയോ നേതാക്കന്മാരുടെ അവകാശ വാദങ്ങളും സമരപ്രഖ്യാപനങ്ങളും വിജയപ്രഖ്യാപനങ്ങളുംഒക്കെ കേട്ട് ഈ ഗാന്ധിപ്രതിമ ‘പ്രതിമയായി’ തന്നെ നിന്നിട്ടുണ്ടാവും......

ഈ പ്രതിമയെ മറച്ച് തൊടിതോരണങ്ങളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു.... വിജയാഹ്ലാദങ്ങളിലും സമരപ്രഖ്യാപനവേളകളിലും മാത്രമല്ലേ പത്തനംതിട്ടക്കാര്‍ ഈ ഗാന്ധിപ്രതിമയെ സ്നേഹിച്ചിരുന്നത് ???. ഏണീവച്ച് കയറി ഗാന്ധികഴുത്തില്‍ ഇടുന്ന പൂമാലകള്‍ വാടിക്കരി ഞ്ഞ് ഉണങ്ങികരിഞ്ഞ് താഴെവീണങ്കില്‍ ആ ‘ഉണക്കമാല’ എത്രകാലം വേണമെങ്കിലും ആ കഴുത്തില്‍ കിടക്കും. ( തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയിട്ടൊരുമാല നിങ്ങള്‍ക്ക് ഇപ്പോഴും ഈ ചിത്രങ്ങളില്‍ കാണാം.. ആരായിരിക്കും ഈ മാല ഇട്ടതെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക... തിരഞ്ഞെടുപ്പ് വേളയിലും സമരങ്ങ ളിലും മാത്രം ‘ഗാന്ധിത്തൊപ്പി’ പൊടിതട്ടിയെടുക്കുന്നവര്‍ തന്നെ.!!!!)

മഴയും വെയിലും ഏറ്റ് നില്‍ക്കുന്ന ഈ ഗാന്ധിപ്രതിമയെ ഒരിക്കല്‍ പോലും കാക്കകള്‍ ആക്രമച്ച് നിറവെത്യാസം വരുത്തിയിട്ടില്ല. എന്നാല്‍ ഈ കഴിഞ്ഞമാസം 14 ആം തീയതി (2009 ഏപ്രില്‍ 14) ഒരു കൂട്ടം മനുഷ്യരുടെ ആവേശത്തില്‍ ഈ ഗാന്ധിപ്രതിമയ്ക്ക് നഷ്ടപ്പെട്ടത് ‘വലതു പുറ‘മാണ്. തിരഞ്ഞെടുപ്പിന്റെകൊട്ടിക്കലാശത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരോ എല്‍.ഡി.എഫ് പ്രവര്‍ത്തകരോ ആവേശത്തോടെ ഉയര്‍ത്തിയ ഫ്ലക്സുകള്‍ ഉറപ്പിച്ച തടിക്കഷ്ണങ്ങള്‍തട്ടിയാണ് പ്രതിമയ്ക്ക് പുറം നഷ്ടപെട്ടത്. (ആണി അടിച്ച പട്ടികഷ്ണ ങ്ങളില്‍ ഒരെണ്ണം കഴിഞ്ഞാഴ്ചവരെ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ കിടപ്പുണ്ടായിരുന്നു.). കമ്യൂണിസ്റ്റ്കാരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കമ്യൂണിസ്റ്റുകാരും പരസ്പരം ആരോപിച്ചതല്ലാതെ ഒന്നും ചെയ്തില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാത്ത ഗാന്ധിപ്രതിമയ്ക്ക് എന്ത് സംഭവിച്ചാലും അവര്‍ക്കെന്ത്??

പത്തനംതിട്ടയില്‍ ഗാന്ധിപ്രതിമയ്ക്ക് കേടുപാടുസംഭവിച്ചതിന്റെ പേരില്‍ പ്രതിഷേധ പ്രകടനങ്ങളോ പ്രതിഷേധസമ്മേളനമോ ഹര്‍ത്താലുകളോ വഴിതടയലുകളോ ഒന്നും നടന്നില്ല. ആരക്കയോ പ്രസ്താവനകള്‍ എഴുതി പത്രഓഫീസുകളില്‍ എത്തിച്ചത് മാത്രമാണ് ആകെ നടന്നത്. ഏതോ മാനസികരോഗി കുരിശുവഞ്ചിയുടെ ചില്ലുകള്‍ തകര്‍ത്തപ്പോള്‍ പ്രതിഷേധസമ്മേളനവും പ്രസംഗങ്ങളും നടന്ന പത്തനംതിട്ടയില്‍ തന്നെയാണ് ഗാന്ധിപ്രതിമതകര്‍ക്കപെട്ടത്. അന്ന് പ്രതിഷേധ പ്രസംഗം നടത്തിയ ഇടതുവലതന്മാരില്‍ ആരും ഗാന്ധിപ്രതിമയ്ക്ക് വേണ്ടി നാവനക്കിയില്ല. പ്രതിമയാക്കപെട്ട ഗാന്ധിജിക്ക് ‘പത്തനംതിട്ടയില്‍’ വോട്ടില്ലല്ലോ?? ജയിംസ് ഓട്ടിസ് ന്യൂയോര്‍ക്കില്‍ ലേലത്തിന് വച്ച ഗാന്ധിജി ഉപയോഗിച്ച വസ്തുക്കള്‍ വിജയ് മല്യലേലത്തില്‍ പിടിച്ചതിനെതിരെ പ്രതികരിച്ച സാംസ്കാരിക നായകന്മാരാരും ഗാന്ധിപ്രതിമ തകര്‍ക്കപെട്ടതില്‍ പ്രതിഷേധിച്ചില്ല.


രണ്ടാഴ്ചകള്‍ക്ക് മുമ്പ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത ഒരു ചര്‍ച്ചയില്‍ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി.തങ്ങള്‍ ഗാന്ധിപ്രതിമ പുനര്‍നിര്‍മ്മിക്കുകയില്ല. (പ്രതിമസ്ഥാപിച്ച് ‘ജേസിസ്‘ തന്നെ പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണന്ന് ഈ യോഗത്തില്‍അറിയിച്ചു... ജേസിസിന് ഒരായിരം പ്രണാമം..). ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തരാന്‍ അഹോരാത്രം പോരാടിയ ഒരു ധീരന്‍ മാത്രമല്ല ഗാന്ധിജി. നമ്മുടെരാഷ്‌ട്രപിതാവു കൂടിയാണ്. രാഷ്‌ട്രത്തോടും ജനങ്ങളോടും ബാധ്യതയുള്ള രാഷ്ട്രീയകക്ഷികള്‍ അപമാനിച്ചിരിക്കുന്നത് രാഷ്ട്രപിതാവിനെയാണ്. തെറ്റുകള്‍ആര്‍ക്കും സംഭവിക്കാം. അത് തിരുത്താന്‍ തയ്യാറാകുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്. മനപൂര്‍വ്വമല്ലായിരിക്കാം ഗാന്ധിപ്രതിമ തകര്‍ക്കപെട്ടത്.അന്ന് (ഏപ്രില്‍ 14) അവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവര്‍ക്കും പ്രതിമ തകര്‍ത്തതില്‍ തുല്യപങ്കാണുള്ളത്. അന്നവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവരും കൂടിയായിരുന്നു ആ പ്രതിമ പുന:നിര്‍മ്മിക്കേണ്ടത്.

ഗാന്ധിതൊപ്പിവച്ച് ഖദര്‍ ഉടുപ്പ് ഇട്ടോ ; സമ്മേളനവേദിയില്‍ ഗാന്ധിയുടെ പടം വച്ചോ അല്ല ആ മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കേണ്ടത്.ഏതെങ്കിലും ആരാധനാലയ ങ്ങളുടെ വസ്തുവകകള്‍ക്കോ മറ്റോ നാശനഷ്ടം വന്നാല്‍ നമ്മുടെ രാഷ്ട്രീയ-സാംസകാരിക നേതാക്കള്‍ എങ്ങനെയാണ്പ്രതികരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ നിയമമുള്ള നാടല്ലേ നമ്മുടേത്? ഗാന്ധിപ്രതിമ ‘പൊതുമുതല്‍‘എന്ന നിര്‍വചനത്തില്‍ വരില്ലേ???


രാഷ്‌ട്രത്തിനുവേണ്ടി തന്റെ ജീവന്‍ നല്‍കിയ ആ മഹാത്മാവിനോട് നമുക്ക് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ? നെഞ്ചില്‍ക്കൂടി തുളച്ചുകയറിയബുള്ളറ്റുകളില്‍ ജീവിതം ഭാരതത്തിനുവേണ്ടി വെടിയേണ്ടിവന്ന അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോടെങ്കിലും അല്പം നീതിപുലര്‍ത്തേണ്ടതല്ലേ??

ഈ ശനിയാഴ്ച (16/05/2009) തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ഈ ഗാന്ധിപ്രതിമയെ ത്തേടിവരും. വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി ‘വിജയയാത്ര‘ നടത്തുന്നതിനുമുമ്പായി ഏണിവച്ച് അവര്‍ ഗാന്ധിപ്രതിമയുടെ കഴുത്തില്‍ ഒരു ഉളുപ്പും ഇല്ലാതെ പൂമാല അണിയിക്കും. പ്രതിമയ്ക്ക് ജീവനില്ലാത്തതുകൊണ്ട് ഇടതുകൈയ്യിലിരിക്കുന്ന ആ വടി തങ്ങളുടെ നേരെ ഒരിക്കലും വീശുകയില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം....

രാഷ്‌ട്രത്തോടും ജനങ്ങളോടും രാഷ്ട്രപിതാവിനോടും അല്പമെങ്കിലും സ്നേഹവും ബാധ്യതയും ഉണ്ടങ്കില്‍ പ്രിയപ്പെട്ട രാഷ്ട്രീയക്കാരേ നിങ്ങള്‍ ആ പ്രതിമയുടെ പുന:നിര്‍മ്മാണം ഏറ്റെടുക്കൂക്കൂക്കൂ....