Saturday, August 27, 2011

കടമ്മനിട്ടയുടെ ‘പിഴച്ചപെണ്ണിലൂടെ’ സമൂഹത്തെ നോക്കുമ്പോള്‍

തിരക്കേറിയ ജീവിതത്തില്‍ നമ്മള്‍ മറ്റൊരാളെ ശ്രദ്ധിക്കുന്നത് എപ്പോഴാണ്? അസാധാരണമായത് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമേ നമ്മള്‍ ഇപ്പോള്‍ മറ്റൊരാളെ ശ്രദ്ധിക്കാറുള്ളൂ. ശ്രദ്ധ അവിടെ നില്‍ക്കട്ടെ. നമ്മളില്‍ പലരും ഇപ്പോള്‍ പത്രം കിട്ടിയാല്‍ ആദ്യം തിരയുന്നത് പെണ്‍‌വാണിഭകഥകളുടെ തുടര്‍ച്ച ആയിരിക്കും. ഇന്ന് പത്രങ്ങളില്‍ ക്രൈം‌ എന്ന തലക്കെട്ടില്‍ ഇത്തരം വാര്‍ത്തകള്‍ക്കായി പ്രത്യേകം പേജ് തന്നെ നീക്കി വെച്ചിട്ടൂണ്ട്. അപ്പന്‍ മകളെ പീഡിപ്പിക്കുന്നതും, അപ്പന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടികളെ കുറിച്ചും ഒക്കെ നമ്മള്‍ പത്രത്തില്‍ വായിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വായിച്ചതിനു ശേഷം ശ്ശോ! എന്ന് വെച്ചതിനു ശേഷം നമ്മള്‍ അടുത്ത വാര്‍ത്തകളിലേക്ക് പേജ് മറിക്കും. ഇത്തരം വാര്‍ത്തകള്‍ വായിച്ചിട്ട് നമ്മള്‍ നമ്മുടെമാത്രമായിട്ടുള്ള നിലപാടുകളും വിശകലനവുമായി മറ്റൊരാള്‍ക്ക് വാര്‍ത്ത കൈമാറും. അങ്ങനെ ആ വാര്‍ത്തകള്‍ പലരുടേയും വിശകലനത്തിലൂടെ കടന്ന് പോകുമ്പോള്‍ ചിലപ്പോള്‍ സാക്ഷി ഒന്നാം പ്രതിയും ആകും.

കടമ്മനിട്ട രാമകൃഷ്ണന്‍ എഴുതിയ പിഴച്ച പെണ്ണ് എന്ന കവിത ഇന്ന് വീണ്ടും വായിക്കാന്‍ ഇടയായപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

വിശപ്പ് ചിലപ്പോള്‍ ചിലര്‍ക്കു സുഖമുള്ള ഒരനുഭവമാണ്.
അതിനുവേണ്ടി നിരാഹാരസത്യാഗ്രഹം നടത്തുന്നു
പ്രദോഷവ്രതം നോക്കുന്നു
പിണങ്ങി കിടക്കുന്നു


മുകളിലെ വരികള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് തോന്നുന്നത് ? നിങ്ങളുടെ ഉള്ളില്‍ ഒരു പരിഹാസച്ചിരി വിരിയുന്നത് എനിക്ക് കാണാന്‍ പറ്റും. നിരാഹാരസത്യാഗ്രഹവും ഉപവാസവും നമ്മുടെ ഇടയില്‍ ഇന്ന് ഫാഷനും ട്രന്‍ഡ് സെകറ്ററുമായി മാറുമ്പോള്‍ ആരാണങ്കിലും ഒന്നു ചിരിക്കും.പക്ഷേ ഈ വരികള്‍ ആ കവിതയുടെ ഭാഗമായി വായിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്നത് ഒരു നീറ്റല്‍ ആയിരിക്കും. ഉള്ള് പൊള്ളിക്കുന്ന ചില സത്യങ്ങള്‍ കവി കവിതയിലൂടെ അനാവരണം ചെയ്യുകയാണ്. കടമ്മനിട്ട ‘പിഴച്ചപെണ്ണ്’ എഴുതുന്നത് 1980 ല്‍ ആണന്നുകൂടി ഓര്‍ക്കണം. ഇന്നത്തെ സമൂഹവും അന്നത്തെ സമൂഹവും തമ്മില്‍ സ്വഭാവത്തില്‍ ഒരു വെത്യാസവും ഉള്ളവര്‍ ആയിരുന്നില്ലന്ന് നമുക്ക് ഈ കവിത വായിച്ചു കഴിയുമ്പോള്‍ മനസിലാവും. അതിനു കാരണമായി പറയാന്‍ പറ്റുന്നത് ആ കവിതയിലെ തന്നെ അവസാനവരിയാണ്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണല്ലോ?

ഇരുണ്ട ഇടവപ്പാതിനാളുകളില്‍
കലങ്ങിമറിയുന്ന വെള്ളപ്പാച്ചിലില്‍
പഞ്ഞക്കര്‍ക്കിടകത്തിന്റെ കോടത്തണുപ്പില്‍
ആ ഓലച്ചെറ്റ വിറച്ചു.
കരിക്കലങ്ങള്‍ കമിഴ്‌ന്നുകിടന്നു
മണ്ണെണ്ണവിളക്കിന്റെ നാവിറങ്ങിപ്പോയി
തന്തയുടെ തലകറങ്ങി
മകളുടെ ഒട്ടിയവയറും ഉയര്‍ന്ന മാറും ഉലയൂതി
ഒന്നും സംഭവിച്ചില്ല-അവര്‍ക്കു വിശന്നുപോലുമില്ല.
വിശപ്പ് ചിലപ്പോള്‍ ചിലര്‍ക്കു സുഖമുള്ള ഒരനുഭവമാണ്.
അതിനുവേണ്ടി നിരാഹാരസത്യാഗ്രഹം നടത്തുന്നു
പ്രദോഷവ്രതം നോക്കുന്നു
പിണങ്ങി കിടക്കുന്നു.
തുള്ളിമുറിയുമ്പോള്‍ തന്ത ഇറങ്ങിപ്പോകും
മകള്‍ ഉറങ്ങിപ്പോകും
പെരുമ്പാമ്പ് ഇഴയുന്നുണ്ടായിരുന്നു
അവള്‍ ഗര്‍ഭിണിയായി
നാട്ടുകാരതറിഞ്ഞു.


കര്‍ക്കിടകത്തിന്റെ രൌദ്രതയില്‍ ആ ചെറ്റക്കുടിലിനും അതിലെ രണ്ട് മനുഷ്യ ജീവികള്‍ക്കും സംഭവിച്ചമാറ്റം കവി പറയുന്നു. പഞ്ഞക്കര്‍ക്കിടകം ആ ചെറ്റക്കുടിലിനേയും കോടത്തണുപ്പില്‍ പൊതിഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യാനൊന്നും ഇല്ലാത്തതുകൊണ്ട് കലം കമഴ്ന്ന് തന്നെ ഇരുന്നു. വിളിക്കില്‍ മണ്ണണ്ണ ഇല്ലാത്തതുകൊണ്ട് ആ വെട്ടവും ഇല്ലാതെയായി. മുഷിഞ്ഞു കത്തുന്ന മണ്ണണ്ണ വിളക്കായിരുന്നു ആ കൂരയില്‍ വെളിച്ചം കൊടുത്തിരുന്നത്. വിശന്നിട്ടും കാര്യമില്ലാത്തതുകൊണ്ടായിരിക്കണം അവര്‍ക്ക് വിശക്കാതിരുന്നത്. മഴ കുറയുമ്പോള്‍ തന്ത കൂരയില്‍ നിന്ന് ഇറങ്ങിപ്പോകും. മകള്‍ ഉറങ്ങി പോവുകയും ചെയ്യും. തന്ത കൂരയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോഴായിരിക്കണം മനുഷ്യപെരുമ്പാമ്പുകള്‍ ഇരയെ വിഴുങ്ങാനായി ആ കൂരയില്‍ എത്തിയിരുന്നത്.

വിവാഹം കഴിക്കാതെ ഒരു പെണ്ണ് ഗര്‍‌ഭിണിയാണന്ന് അറിഞ്ഞാല്‍ അവര്‍ വെറുതെ ഇരിക്കുമോ? അവര്‍ ആരും പറയാതെ തന്നെ ഗര്‍ഭത്തിന്റെ ഉത്തരവാദികളെ തേടി ഇറങ്ങും. ആ പെണ്ണിനോട് സംസാരിച്ചിട്ടുളവരോ ആ പെണ്ണിനെ കണ്ടിട്ടുള്ളവരൊക്കയോ ആ ഗര്‍ഭത്തിന്റെ അവകാശികളായി നാട്ടുകാരുടെ നാവുകളില്‍ നിന്ന് നാവുകളിലേക്ക് സഞ്ചരിക്കും.

കൊച്ചിനേംകൊണ്ടങ്ങേലിങ്ങേല്‍ കേറിനടക്കൂന്ന
ആ പിഴച്ചപെണ്ണിനും ഒരു കഥയുണ്ട്


എന്ന് പറഞ്ഞാണ് കവി കവിത ആരംഭിക്കുന്നത് തന്നെ. ആ പെണ്ണിന്റെ കഥ ആ ഗ്രാമത്തില്‍

ഹരം പിടിപ്പിക്കുന്ന ഒരു തെറിപ്പാട്ടുപോലെ
ആ കഥ ഇന്നും ഒഴുകി നടക്കുന്നു.


ഇങ്ങനെ കഥ ഒഴുകി നടക്കാനുള്ള കാരണവും കവി തന്നെ പറയുന്നുണ്ട്. ഏതൊരു നിസാര സംഭവത്തിനും പൊടിപ്പും തൊങ്ങലും വെച്ച് അതില്‍ സ്വന്തമായി വിശകലനവും ഭാവനയും കൂടി ചേര്‍ത്ത് കേള്‍ക്കുന്ന ആള്‍ക്കാരില്‍ ഒരു ജിജ്ഞാസ വളര്‍ത്തി കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് പറയാന്‍ ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്ത് ചെറിയ സംഭവം ആണങ്കിലും വലിയ സംഭവം ആണങ്കിലും ഇത്തരം കാര്യങ്ങള്‍ ആള്‍ക്കാരെ ഉത്സാഹഭരിതരാക്കുന്നതിന്റെ കാരണം മാത്രം കവിക്കറിയാന്‍ പാടില്ല. നമ്മള്‍ അറിഞ്ഞ ഇത്തരം സംഭവങ്ങള്‍(മരണം,കല്യാണം,വീട് വയ്ക്കല്‍,വിദേശത്തേക്കുള്ള പോക്ക്, പ്രസവം, അടിപിടി,കൊലപാതകം) മറ്റൊരാളോട് പറയുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ നമ്മള്‍ പറയുമ്പോള്‍ നമ്മുടെ ഭാവനയും കൂടി ആ വിവരണത്തിലേക്ക് കടന്നു വരും. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല് എന്ന് പറയുമ്പോലെ സംഭവം നമ്മളെക്കൊണ്ട് ആവും വണ്ണം ഒന്നു കൊഴുപ്പിച്ചിട്ടേ വാര്‍ത്ത മറ്റൊരാളിലേക്ക് നമ്മള്‍ കൈമാറൂ.

കവിതയിലെ നായികയായ പെണ്‍‌കുട്ടിയുടെ അമ്മ അവളുടെ ചെറുപ്പത്തിലേ മരിച്ചതാണ്. പിന്നീട് ആ പെണ്‍ കുട്ടിയെ വളര്‍ത്തിയത് അവളുടെ അപ്പനാണ്. വിറകുവെട്ടിയും ചുമടെടുത്തും അയാള്‍ മകളെ സംരക്ഷിച്ചു. വഴിക്കും വയലിനും ഇടയിലുള്ള പുറമ്പോക്കില്‍ ഉണ്ടാക്കിയ കൂരയിലായിരുന്നു അവരുടെ താമസം. ആ കൂര കണ്ടാല്‍ കയ്യാലപൊത്തിലെ കിളിക്കൂടാണന്നേ പറയൂ. വഴിയില്‍ക്കൂടി പോകുന്ന വാഹങ്ങളുടെ ശബ്ദ്ദം അവരുടെ വീടിനുള്ളിലേക്ക് കടക്കും. വഴിയിലെ പൊടിയും മണ്ണും ഒക്കെ ആ വീടിനകത്തേക്ക് കയറി.വെള്ളപ്പൊക്കം വരുമ്പോള്‍ വയലില്‍ നിന്നുള്ള വെള്ളം ആ കൂരയ്ക്കുള്ളിലേക്ക് കയറും. ഇഴജന്തുക്കളും ആ കൂറയ്ക്കുള്ളിലേക്ക് കയറും. അവര്‍ ആ ഗ്രാമത്തില്‍ താമസിച്ചിരുന്നു എങ്കിലും ഗ്രാമത്തിലെ ഒരു വിശേഷത്തിനും അവരെ മറ്റുള്ളവര്‍ ക്ഷണിച്ചിരുന്നില്ല.

ഓണവും വിഷുവും കല്യാണവും പുറന്നാളും
മരണവുമെല്ലാമവര്‍ക്കപ്പുറത്തായിരുന്നു.
ആകാശത്തിലെ പറവകളോ
മാളത്തിലെ പാമ്പുകളോ ആയിരുന്നില്ലവര്‍,
വെളിമ്പറമ്പില്‍ കുരുത്ത തകരകളുമായിരുന്നില്ല്,
അലങ്കാരങ്ങളോ വിശേഷ്ണങ്ങളോ
ആവശ്യമില്ലാത്ത വെറും മനുഷ്യര്‍,
എങ്കിലും ആരും അവരെ അന്വേഷിച്ചില്ല.


കിട്ടുന്നതുകൊണ്ട്, ഉള്ളതുകൊണ്ട് അരി വാങ്ങി ചുള്ളിക്കമ്പും കരിയിലയും ഒക്കെ വെച്ച് അടുപ്പ് എരിച്ച് അവര്‍ ഭക്ഷ്ണം ഒക്കെ ഉണ്ടാക്കി അങ്ങ് ജീവിച്ചു. ഒരു പെണ്‍‌കൊച്ച് വളരുന്നത് കണ്ണടച്ച് തുറയ്ക്കുന്ന സമയം കൊണ്ടാണന്ന് പലരും പറയാറുണ്ട്. പെണ്‍കുട്ടിയില്‍ കാലം വരുത്തുന്ന വളരെ സങ്കീര്‍ണ്ണമായ  മാറ്റം പെട്ടന്നായിരിക്കും. ഒരു പെണ്‍കുട്ടി പെണ്ണായി കഴിഞ്ഞാല്‍ മുലയും തലയും മൂടും വളര്‍ന്നു കഴിഞ്ഞാല്‍ അവളില്‍ വീഴുന്ന നോട്ടങ്ങളില്‍ പലതും നെറികെട്ടതായിരിക്കും. കവിതയിലെ പെണ്‍കുട്ടിയും വളര്‍ന്നു.

വേഗത്തിലല്ലെങ്കിലും ആ പെണ്ണും പരുവത്തിലെത്തി
മുലയും തലയും മൂടും അവളേയും പെണ്ണാക്കി.


മുലയും തലയും മൂടും വളര്‍ന്ന ഒരു പെണ്ണ് കല്യാണം കഴിക്കാതെ ഗര്‍ഭിണി ആയന്ന് അറിഞ്ഞാല്‍ നാട്ടുകാര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? അവര്‍ കാര്യങ്ങള്‍ അന്വേഷിക്കാനായി ഇറങ്ങി. ഇത്രയും കാലം അവരെക്കുറിച്ച് അന്വേഷിക്കാത്തവര്‍ അന്വേഷ്ണം തുടങ്ങി.

നമ്മുടെ സമൂഹത്തിനു നേരെ കവി ചൂണ്ടുപലകയാകുന്നത് ശ്രദ്ധിക്കുക . കവിതയുടെ ആദ്യഭാഗത്ത് കവി ആ അച്ഛന്റേയും മകളുടെയും ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്.

എങ്കിലും ആരും അവരെ അന്വേഷിച്ചില്ല.
സ്നേഹിച്ചില്ല,വെറുത്തില്ല
ആര്‍ക്കും ഒന്നിനും സമയമില്ലായിരുന്നു.
അവര്‍ പുറമ്പോക്കില്‍ തന്നെ ആയിരുന്നു.


പെണ്ണ് ഗര്‍ഭിണിയായന്ന് അറിഞ്ഞ ഉടനെ നാട്ടുകാര്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.കവി ആ ശ്രദ്ധയെക്കുറിച്ച് ഇങ്ങനെ പറയുന്നു

നാട്ടുകാരുടെ ശ്രദ്ധ പെട്ടന്ന് അവരുടെമേല്‍ പതിഞ്ഞു.
തന്തയാണ് പെണ്ണിനെ പിഴപ്പിച്ചതെന്ന്
അവര്‍ തറപ്പിച്ചു പറഞ്ഞു.
പെണ്ണിനെ വെച്ചു പൊറുപ്പിക്കാ‍നാണ്
എങ്ങും വിടാതിരുന്നതെന്നവര്‍ പറഞ്ഞു.
കലം തേച്ചും മുറ്റമടിച്ചും അതിന്റെ
വയറ്റിപ്പിഴപ്പിനുള്ള വഴി തേടാമായിരുന്നു.


പെണ്‍കുട്ടിയെ എങ്ങും ജോലിക്ക് വിടാതിരുന്നത് അവളെ വെച്ചു പൊറിപ്പിക്കാനായിരുന്നു എന്നാണ് നാട്ടുകാര്‍ തന്തയെക്കുറിച്ച് പറഞ്ഞത്. ഏതെങ്കിലും വീട്ടിലെ പുറം പണികള്‍ ചെയ്താല്‍ അവള്‍ക്ക് ജീവിക്കാന്‍ പറ്റുമായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇങ്ങനെ നാട്ടുകാര്‍ പറയാന്‍ കാരണം ഉണ്ട്. മുലയും തലയും മൂടും അവളേയും പെണ്ണാക്കി കഴിഞ്ഞപ്പോള്‍ അപലരും അവളെ പുറം പണിക്ക് വിളിച്ചു. പക്ഷേ ആ തന്ത അവളെ പുറം പണിക്ക് പോകാന്‍ വിട്ടില്ല.

ഓലച്ചെറ്റയുടെ കണ്ണികളില്‍
പല നോട്ടങ്ങളും ഉടക്കി‌ക്കിടന്നു
കലം തേക്കാനും മുറ്റമടിക്കാനും
വല്യവീട്ടുകാര്‍ അവളെ വിളിച്ചു.
‘ഞാനുള്ളപ്പോള്‍ നീയെങ്ങും പോകേണ്ട’
തന്ത പറയുമായിരുന്നു.


തങ്ങളുടെ വീടുകളില്‍ പെണ്ണിനെ പണിക്ക് വിടാത്തതിനുള്ള ഇഷ്ടക്കേട് നാട്ടുകാരില്‍ പലരും തീര്‍ത്തത് ആ മകളെ പിഴപ്പിച്ചത് തന്തയാണന്ന് തന്നെ പറഞ്ഞാണ്. നാട്ടുകാരുടെ പറച്ചിലില്‍ ആദ്യം അയാള്‍ ഒന്നും പറഞ്ഞില്ലങ്കില്‍ അയാള്‍ക്ക് എപ്പോഴും മൌനമായി നില്‍ക്കാന്‍ കഴിയില്ലല്ലോ.

നാട്ടുകാരുടെ താത്‌പര്യം കൂടിക്കൂടി വന്നപ്പോള്‍
അയാള്‍ ആണയിട്ടു പറഞ്ഞു:
‘ഞാനല്ല,ഞാനല്ല’
അയാളുടെ കണ്ണുകളില്‍ കിളര്‍ന്ന് അഗ്നി
കുമിറ്റി പെയ്യുന്ന മഴയില്‍ കെട്ടുപോയി.

ആയിരം കുടങ്ങളുടെ വായ് മൂടിക്കെട്ടാമെങ്കിലും ഒരു മനുഷ്യന്റെ വായ് അടയ്ക്കാന്‍ പ്രയാസമാണല്ലോ?കുറ്റം വിധിക്കാന്‍ നില്‍ക്കുന്ന ആയിരങ്ങളുടെ ആക്രോശത്തില്‍ അയാളുടെ ശബ്ദ്ദം ആരു കേള്‍ക്കാന്‍. അവര്‍ക്ക് ആ പെണ്ണിന്റെ ഗര്‍ഭത്തിന് ചൂണ്ടിക്കാണിക്കാന്‍ ഒരാളെ മതിയായിരുന്നു. .അയാളാണ് മകളെ പിഴപ്പിച്ചതെന്ന് നാട്ടുകാര്‍ വീണ്ടും വീണ്ടും തന്തയ്ക്ക് നേരെ ആക്ഷേപം ഉന്നയിച്ചു കൊണ്ടേ ഇരുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെപോലെ ചിലര്‍ ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു.

‘ഇക്കാലത്ത് മാലാഖമാരൊന്നും
മനുഷ്യസ്ത്രികളെ പ്രാപിക്കാറില്ല’
യുക്തിവാദം തലയുയര്‍ത്തി
നാട്ടുകാരുടെ യുക്തിവാദം സഹിക്കാനാവാതെ അയാള്‍ സ്ഥലം വിട്ടു.
അവള്‍ ആരോടും ഒന്നും പറഞ്ഞില്ല.


ഏതായാലും പെണ്ണ് ഗര്‍ഭിണി ആയത് മനുഷ്യനില്‍ നിന്നുതന്നെയാണ്. നാട്ടുകാരുടെ മുന്നില്‍ ഇപ്പോള്‍ ആ പെണ്ണിന്റെ ഉദരത്തില്‍ വളരുന്ന കൊച്ചിന്റെ തന്ത അവളുടെ തന്ത തന്നെയാണ്. അവള്‍ക്കിന്നുവരേയും, അവള്‍ ഗര്‍ഭിണിയാണന്ന് അറിഞ്ഞപ്പോഴും അവള്‍ക്ക് താങ്ങായി നിന്ന അവളുടെ തന്തയ്ക്ക് നാട്ടുകാരുടെ യുക്തിവാദം സഹിക്കാനാവാതെ നാടുവിടേണ്ടി വന്നു. അവളാണങ്കില്‍ ആരോടും വാ തുറന്ന് ഒന്നും പറഞ്ഞില്ല. വേട്ടയാടപ്പെട്ട ഇരയ്ക്ക് പലപ്പോഴും ശബ്‌ദ്ദവും നഷ്ടപ്പെടുമല്ലോ? അല്ലങ്കില്‍ ഭീക്ഷണിയിലൂടയോ മറ്റോ വേട്ടക്കാര്‍ ഇരയുടെ ശബ്‌ദ്ദത്തെ ഇല്ലാതാക്കിയിരിക്കും .ആ പെണ്ണിന് താങ്ങായ അവളുടെ തന്ത നാട്ടില്‍ നിന്ന് പോയതോടെ നാട്ടുകാര്‍ക്ക് സമാധാനമായിക്കാണും. കാരണം ജയിച്ചത് തങ്ങളാണ്. തോറ്റത് പരിഹാസ ശര്‍ങ്ങള്‍ കൊണ്ട് പുളഞ്ഞ അവളുടെ തന്തയും അവളും ആണല്ലോ?.മാസം തികഞ്ഞപ്പോള്‍ പെണ്ണ് പെറ്റു.

ഇപ്പോള്‍ അവള്‍ ആ കൊച്ചിനേം കൊണ്ട്
അങ്ങേലിങ്ങേല്‍ കേറി നടക്കുന്നു.
അവളുടെ നിര്‍‌ദയമായ നോട്ടത്തില്‍ നിന്നും
പലരും ഒഴിഞ്ഞുമാറുന്നു.
ഇന്നും കൊച്ചിന്റെ തന്തയെച്ചൊല്ലി
ഞങ്ങളുടെ ഗ്രാമത്തില്‍ തര്‍ക്കങ്ങള്‍ നടക്കുന്നു.
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണല്ലോ??


അവളെ പിഴച്ചവള്‍ എന്ന് മുദ്രകുത്തി അവളുടെ ഉദരത്തില്‍ വളര്‍ന്ന കുഞ്ഞിന്റെ അപ്പനായി അവളുടെ തന്തയെ ചിത്രീകരിച്ച നാട്ടുകാരില്‍ പലരും അവളെ കാണുമ്പോള്‍ ഇപ്പോള്‍ വഴിമാറിപ്പോകും. അവളുടെ നിര്‍ദയമായ നോട്ടത്തിന്റെ ശക്തിയില്‍ അവര്‍ക്ക് ഒഴിഞ്ഞുമാറാതിരിക്കാന്‍ പറ്റില്ലല്ലോ??? അവള്‍ ഒരിക്കല്‍ മൌനം പാലിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് ഇപ്പോള്‍ അവളുടെ മുന്നിലല്ലാതെ മറ്റുള്ളവരുടെ മുന്നില്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റുന്നതെന്ന് അവര്‍ക്കറിയാം.

പെണ്‍‌വാണിഭസംഘങ്ങള്‍ക്ക് പെണ്‍കുട്ടിയെ പിതാവോ മാതാവോ ചേച്ചിയോ ഒക്കെ കൈമാറിയതായി നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നത് ഒരു നിര്‍വികാരിതയോടെ ആയിരിക്കും. ഇന്ന് ഇത്തരം വാര്‍ത്തകള്‍ അപൂര്‍വ്വങ്ങളും അല്ല. ഇത്തരം വാര്‍ത്തകള്‍ നമ്മളില്‍ ഇപ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കാറും ഇല്ല. ഒരോ പെണ്‍‌ദുരന്തം ഉണ്ടാകുമ്പോഴും ഒരു സമൂഹം എന്ന നിലയില്‍ നമുക്കും അതില്‍ പങ്കുണ്ടാവും.

കവിതയുടെ ഒരു ഭാഗത്ത് കവി തന്നെ പറയുന്നുണ്ട്

ഈ പെണ്ണിന്റെ കഥയിലാര്‍ക്കാണ് താത്‌പര്യം?
അറയാനും പറയാനും ഞാനെന്തിനു ബദ്ധപ്പെടണം?
ഞാന്‍ പുറമ്പോക്കിലല്ലല്ലോ!
അവളുടെ കഥയില്‍ എനിക്കും പങ്കുണ്ടോ??

ഈ ചോദ്യത്തിന് ഉത്തരം കണ്ടത്തേണ്ടത് നമ്മള്‍ തന്നെയാണ്.

*****************
ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്ന് എടുത്തത്.

Sunday, August 21, 2011

ഈ പഴഞ്ചൊല്ലുകളും നിരോധിക്കണം

ഒരു ഭാഷയുടെ സൌന്ദര്യവും വാ‌മൊഴിയായി ആ ഭാഷയ്ക്ക് പകര്‍ന്ന് കിട്ടിയ ശൈലികളും/പ്രയോഗങ്ങളും  പഴഞ്ചൊല്ലുകളും ആയിരിക്കും. ഒരു പക്ഷേ വരമൊഴിയില്‍ കൂടി ഭാഷയ്ക്ക് കിട്ടിയ സംഭാവനകളേക്കാള്‍ ഭാഷയുള്ളടത്തോളം നിലനില്‍ക്കുന്നതും വാമൊഴിയായി കൈമാറി കൈമാറി കിട്ടുന്നവ ആ‍യിരിക്കും. നമുക്ക് വാമൊഴിയായി പകര്‍ന്ന് കിട്ടിയ ഒരു ശൈലി ആയിരുന്നു ‘കണ്ട അണ്ടനും അടകോടനും’ , ചെമ്മാനും ചെരുപ്പുകുത്തിയും. ഈ ശൈലി/ഭാഷാ പ്രയോഗം ഇനി മുതല്‍ ഉപയോഗിക്കരുതെന്നാണ് /ഒഴിവാക്കണം എന്ന് സര്‍ക്കാര്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കത്തു നല്‍കി. (ശെമ്മാന്‍ സമാജത്തിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയത് എന്നാണ് വായിച്ചത്)

ഇനി നമ്മുടെ ഇടയില്‍ നിന്ന് ഉപയോഗിക്കാന്‍ പാടില്ലാത്ത ചില പഴഞ്ചൊല്ലുകളും/ശൈലികളും നോക്കാം.

1. കൊല്ലം കണ്ടവന് ഇല്ലം വേണ്ട. കൊച്ചി കണ്ടവന് അച്ചി വേണ്ട
ഇത്  അച്ചിമാരെ കളിയാക്കാനായി ആരോ കരുതിക്കൂടി ഉണ്ടാക്കിയ ഒരു പഴഞ്ചൊല്ലാണ്. അച്ചിമാരുടെ(ഭാര്യമാരുടെ) അപേക്ഷ പ്രകാരം ഈ പഴഞ്ചൊല്ല് ഇനി ഉപയോഗിക്കരുത്.

2. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.
ഇത് പോട്ടന്മാരേയും ചെട്ടിമാരേയും കളിയാക്കാനായി ആരോ ഉപയോഗിച്ചതാണ്. ചെട്ടികളെ മോശമായി ചിത്രീകരിക്കുന്ന ഈ പഴഞ്ചൊല്ലം പിന്‍‌വലിക്കണം.

3. പട്ടരില്‍ പൊട്ടരില്ല. പക്ഷേ പൊട്ടരില്‍ പട്ടരുണ്ട്.
പട്ടന്മാരെ കളിയാക്കാന്‍ വേണ്ടിയുള്ള പഴഞ്ചൊല്ലാണ് ഇതും. അതുകൊണ്ട് ഈ പഴഞ്ചൊല്ലം ഉപയോഗിക്കരുത്.

4. പട്ടി ചന്തയ്ക്ക് പോയതുപോലെ.
പത്തും ഇരുപതിനായിരവും ഒക്കെ വിലയുള്ള പട്ടിയെ വാങ്ങി വളര്‍ത്തുന്നവരുടെ അന്തസ് ഇല്ലാതാക്കാന്‍ വേണ്ടിയുള്‍ല കുത്സിതശ്രമങ്ങളുടെ ഫലമാണ് ഈ പഴഞ്ചൊല്ല്. അതുകൊണ്ട് ഈ പഴഞ്ചൊല്ലും ഇനി ഉപയോഗിക്കരുത്. (പട്ടികള്‍ക്ക് വേണ്ടി മാത്രമായിട്ട് മസാജ് പാര്‍ലറുകള്‍ വരെ ഉണ്ടന്ന് പോലും!!!)

5. ചുണ്ട്യ്ക്ക് കൊടുത്തിട്ട് വഴുതനങ്ങ വാങ്ങുക.
വഴുതന കൃഷി ചെയ്യുന്നവരെ താഴ്ത്തികെട്ടുന്ന ഈ ശൈലിയും പിന്‍‌വലിക്കണം.

6. കിഴങ്ങന്‍
കിഴങ്ങ് (ഉരളകിഴങ്ങും, സാദാ കിഴങ്ങും) കൃഷിക്കാരെ കളിയാക്കാന്‍ വേണ്ടിയല്ലേ ഈ വിളി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

7. ആനമുട്ട
ഇല്ലാത്തമുട്ടയുടെ പേരില്‍ മുട്ടയെ വിശേഷിപ്പിക്കുന്നത് കാട,കോഴി,താറാവ്,പാത്ത... തുടങ്ങിയവ വളര്‍ത്തുന്നവരോടുള്ള അനാദരവ് ആണ് കാണിക്കുന്നത്. അതുകൊണ്ട് ആനമുട്ട എന്ന പദവും നിരോധിക്കണം.

8. കാര്‍ണവര്‍ക്ക് അടുപ്പിലും തൂറാം.
ഇത് കാര്‍ണവന്മാരെ കളിയാക്കുന്നതോടൊപ്പം മലയാളികള്‍ക്ക് വൃത്തിയെക്കുറിച്ച് മോശമായ കാഴ്ചപ്പാടും നല്‍കുന്നത് കൊണ്ട് ഈ ശൈലിയും നിരോധിക്കണം.

9. ആരാന്റെഅമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല്.
അമ്മയെ/സ്ത്രിയെ കളിയാക്കൂന്ന പൂര്‍ണ്ണമായും സ്ത്രിവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം.

10. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലങ്കില്‍ കളരിക്ക് പുറത്ത്.
കളരിക്ക് പുറത്താകാതിരിക്കാന്‍ ആശാന്റെ നെഞ്ചത്ത് കയറണം എന്ന് പറയാതെ പറയുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം. പ്രത്യേകിച്ച് ആശാട്ടിമാരുടെ നെഞ്ചത്തോട്ട് നോക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്നു എന്നെങ്കിലും പേടിച്ച് ഈ പഴഞ്ചൊല്ലും നിരോധിക്കണം.

11. അമ്മ വേലി ചാടിയാല്‍ മോള്‍ മതില്‍ ചാടും.
മറ്റൊരു സ്ത്രി വിരുദ്ധ പഴഞ്ചൊല്ല്. ഈ പഴഞ്ചൊല്ലും നിരോധിക്കണം

12. പട്ടിക്ക് രോമം വളര്‍ന്നാല്‍ അമ്പട്ടനെന്ത് കാര്യം.
ബാര്‍ബര്‍‌മാരെ കളിയാക്കുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം

13. പെണ്‍‌ബുദ്ധി പിന്‍‌ബുദ്ധി.
പെണ്ണുങ്ങള്‍ഊടെ ബുദ്ധിയെ തൊട്ട് കളിക്കുന്ന ഈ പ്ഴഞ്ചൊല്ലും നിരോധിക്കണം.

14. ചക്കിക്കൊത്ത ചങ്കരന്‍.
ചക്കിയേയും ചങ്കരനേയും പേരെടുത്ത് കളീയാക്കുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം

15. മണ്ണും ചാരി നിന്നവന്‍ പെണ്ണിനേയും കൊണ്ട് പോയി.
കാമുകന്റെ കൂട്ടുകാരനെ കളീയാക്കുന്ന ഈ പ്ഴഞ്ചൊല്ല് നിരോധിക്കണമെന്ന് കാമുകന്‍‌മാര്‍ക്ക് സെക്യൂരിറ്റിപോകുന്നവരുടെ സംഘടന ആവിശ്യപ്പെട്ടു

ലേബല്‍ :: വൈകുന്നേര കിറുക്കുകള്‍

Monday, August 15, 2011

വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമ രീതി

വിവാദങ്ങള്‍.. വിവാദങ്ങള്‍.. വിവാദങ്ങള്‍..
എവിടെ തിരിഞ്ഞാലും വിവാദങ്ങള്‍....
വിവാദങ്ങള്‍  ഇല്ലാത്ത ഒരു ദിവസം എന്ന് പറയുന്നത് മലയാളിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.
വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുക.. അതിനെക്കുറിച്ച് ഉള്ളി പൊളിക്കും പോലെ കുറേ ദിവസം ചര്‍ച്ചകള്‍ നടത്തുക..
അവസാനം എന്ത് വിവാദം.. ഇതാണോ വിവാദം എന്ന് പറഞ്ഞ പൊടിയും തട്ടി പോവുക..

പല തട്ടിപ്പുകാരും ശുന്യതയില്‍ നിന്ന് ഭസ്മം എടുക്കുന്നതുപോലെ പല വിവാദങ്ങളും സൃഷ്ടിക്കുന്നതും സംഹരിക്കുന്നതും മാധ്യമങ്ങള്‍ ആണ്. ഒരു സംഭവത്തിലെ വാര്‍ത്തകളെക്കാളും അതിലെ വസ്തുതകളെക്കാളും മലയാളിക്ക് ഇഷ്ടം ആ സംഭവത്തെ പറ്റി ഉണ്ടാകാന്‍ ഇടയുള്ള വിവാദങ്ങള്‍ ആണ്. വിവാദങ്ങളേ ചിലവാകൂ എന്നറിയാവുന്ന മാധ്യമങ്ങളും ആ വഴിക്കേ ചിന്തിക്കൂ.

(വിവാദം എന്ന വാക്കിന് തര്‍ക്കം;വാദപ്രതിവാദം,വ്യവഹാരം,നിലവിളി,വഴക്ക്, വാത് എന്നൊക്കെയാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥം)

ചാനലുകള്‍ കൂടിയതോടെ സ്വാഭാവികമായി മത്സരങ്ങളും കൂടി. ആളെക്കാരെ കൂടുതല്‍ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ മനപൂര്‍വ്വമായോ അല്ലാതയോ കൂടുതല്‍ വിവദങ്ങള്‍ സൃഷ്ടിക്കാനും അവര്‍ തുടങ്ങി. ചാനല്‍ ചര്‍ച്ചകളില്‍ ഒരാള്‍ നടത്തുന്ന പരാമര്‍ശനത്തിന് എതിരേ മറ്റൊരാളോട് അഭിപ്രായം ചോദിക്കുകയും അയാള്‍ ആദ്യം പറഞ്ഞ ആളിന്റെ അഭിപ്രായത്തെ എതിര്‍ക്കുകയും ചെയ്താലുടനെ ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് തെളിയും ‘ഒന്നാമത്തെ ആളിന്റെ പ്രസ്താവന വിവാദമാകുന്നു.‘ അങ്ങനെ പുതിയ ഒരു വിവാദം ഉണ്ടാകുന്നു. ആ വിവാദങ്ങളില്‍ പിടിച്ച് രണ്ടു ദിവസം വാര്‍ത്താ ചാനല്‍ ഓടിക്കാ. ഭാഗ്യമുണ്ടങ്കില്‍ ആ വിവാദം വലിയ ഒരു സംഭവമാക്കാം. ആരും തിരിഞ്ഞ് നോക്കുന്നില്ലന്ന് തോന്നിയാല്‍ എന്ത് വിവാദം ഏത് വിവാദം എന്നുള്ള രീതിയില്‍ അടുത്ത വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കാം.

ഇപ്പോള്‍ ഈ കാര്യങ്ങള്‍ പറയാന്‍ ഉണ്ടായ കാരണം എന്താണന്ന് വെച്ചാല്‍ മംഗളം വാരികയില്‍ മുന്‍‌ ആരോഗ്യ മന്ത്രിയായ ശ്രീമതി ടീച്ചറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു വാചകം വിവാദമായി എന്ന് ആ മാധ്യമം തന്നെ പറയുന്നു. ( മംഗളം വാരികയിലെ അഭിമുഖം വിവാദമാകുന്നു :മഹിളാ കോണ്‍ഗ്രസ്‌ ശ്രീമതിയുടെ കോലം കത്തിച്ചു ) ഈ വാര്‍ത്ത വായിച്ചപ്പോഴാണ് ഇങ്ങനെ ഒരു വിവാദം ഉണ്ടായോ എന്ന് ചിന്തിക്കുന്നത്. മംഗളത്തിന് സ്വന്തമായി ചാനല്‍ ഇല്ലാത്തത് കഷ്ടമായി.!! ഒരാഴ്ച ഓടിക്കാവുന്ന ഒരു വിവാദമാണ് മിസായത്.. (ഏഷ്യാനെറ്റ് മംഗളം വാങ്ങാനോ മറ്റോ പോവുകയാണന്ന് കുറേക്കാലം മുമ്പ് കേട്ടായിരുന്നു. ചാനലിന് സ്വന്ത്മായി പത്രവും പത്രത്തിന് സ്വന്ത്മായി ഒരു ചാനലും ഉണ്ടങ്കിലേ വിവാദങ്ങളെ നില നിര്‍ത്താന്‍ പറ്റൂ.)
മംഗളം തന്നെ വിവാദമായി എന്ന് പറയുന്ന അഭിമുഖം ഇവിടെയുണ്ട്.

വിവാദമായ(?) അഭിപ്രായം പറഞ്ഞിരിക്കുന്ന ഭാഗം ഇതാണ്.
? പക്ഷേ പി. ശശിയെപ്പോലെയുള്ള നേതാക്കള്‍ക്കെതിരേ സ്വഭാവദൂഷ്യത്തിനു നടപടിയുണ്ടാകുന്നു. മറ്റു ചിലര്‍ക്കെതിരേ ആരോപണമുയരുന്നു...

ഒരുപാട്‌ ആളുകളുള്ള ബഹുജന പാര്‍ട്ടിയാണു സി.പി.എം. സദാചാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണു പാര്‍ട്ടിക്കുള്ളതെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്നതു ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടു ചിലര്‍ക്കൊക്കെ തെറ്റുപറ്റാം. തെറ്റുചെയ്‌തവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നതിനു തെളിവാണു നിങ്ങള്‍ സൂചിപ്പിച്ച സംഭവം. പക്ഷേ കാളപെറ്റു എന്നു കേട്ടാലുടന്‍ കയറെടുക്കുന്നതല്ല പാര്‍ട്ടി രീതി. അന്വേഷണം നടത്തി തെറ്റു ബോധ്യപ്പെടുമ്പോഴാണു ശിക്ഷാനടപടിയുണ്ടാവുക.

ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടു ചിലര്‍ക്കൊക്കെ തെറ്റുപറ്റാം എന്ന് അഭിമുഖത്തില്‍ ശ്രീമതി ടീച്ചര്‍ പറഞ്ഞതാണ് വിവാദം. ഈ അഭിപ്രായത്തില്‍ ഞാന്‍ നോക്കിയിട്ട് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. ഒറ്റവായനയിലോ ചിന്തയിലോ ഈ വാചകത്തിന് എന്തെങ്കിലും തെറ്റുള്ളതായി കണ്ടെത്താനും പറ്റില്ല. ഒരു ചോദ്യത്തിന് ഒരുത്തരം നല്‍കുന്നു. ആ ഉത്തരത്തിലെ മൊത്തം വാചകങ്ങളും വായിക്കാതെ ഒരു വാചകത്തിലെ ചില വാക്കുകള്‍ മാത്രം ഹൈലൈറ്റ് ആക്കിയതാണ് പ്രശ്നമെന്ന് മലയാളം മനസിലാക്കാന്‍ പറ്റുന്ന ഏതൊരാള്‍ക്കും മനസിലാകും. തെറ്റുചെയ്‌തവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നതിനു തെളിവാണു നിങ്ങള്‍ സൂചിപ്പിച്ച സംഭവം എന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞത് വിവാദം ഉണ്ടാക്കിയവന്മാരോ കോലം കത്തിച്ച ചേച്ചിമാരോ വായിച്ചോ എന്നറിയാന്‍ പാടില്ല. വിവാദം എന്ന് കേട്ട ഉടനെ കോലം കത്തിക്കാന്‍ ഇറങ്ങി പുറപ്പെട്ടി ചേച്ചിമാര്‍ അടുത്ത വാചകം വായിക്കുന്നത് നന്നായിരിക്കും. കാളപെറ്റു എന്നു കേട്ടാലുടന്‍ കയറെടുക്കരുത് !!!!!

ശെടാ, ഈ വാചകം എങ്ങനാ വിവാദം ആകുന്നത്.. കോലം കത്തിക്കാന്‍ തക്കവണ്ണം ഈ വാചകത്തിലോ അഭിമുഖത്തിലോ എന്തോ ഇരിക്കുന്നു എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് സ്കൂപ്പ് ഐ യിലെ ഈ വാര്‍ത്ത ‘ശ്രീമതി തിരുത്തില്ല, വാരിക തെളിവു നല്‍കേണ്ടിവരും ‘ എന്ന വാര്‍ത്ത വായിക്കുന്നത്. അത് വായിച്ച് കഴിഞ്ഞപ്പോള്‍ വിവാദത്തിന്റെ നാള്‍‌വഴി മനസിലായി.  ആ വാര്‍ത്തയില്‍ നിന്ന്

പ്രമുഖ മലയാള പത്രത്തിന്റെ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവു കൂടിയായ ശ്രീമതിയുടെ വാക്കുകള്‍ പിഴച്ചത്‌. ഇത്‌ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വാരിക തന്നെ അവരുടെ പത്രത്തിലെ ലേഖകര്‍ മുഖേന പ്രശ്‌നം യുഡിഎഫ്‌ നേതാക്കളുടെ ശ്രദ്‌ധയില്‍പെടുത്തി. മഹിളാ കോണ്‍ഗ്രസ്‌ ഇത്‌ പെട്ടെന്നുതന്നെ ഏറ്റെടുത്ത്‌ രംഗത്തിറങ്ങുകയും ചെയ്‌തു.

ഇപ്പോള്‍ മനസിലായല്ലോ ഒരു വിവാദം എങ്ങനെ ഉണ്ടാക്കാം എന്ന്. എന്നാലും ഇങ്ങനെ ഒരു വിവാദം സ്വന്തമായി സൃഷ്ടിച്ച് അതിനെ വാര്‍ത്തയാക്കിയത് ശുദ്ധ ചെറ്റത്തരം ആയന്നേ വിവാദങ്ങള്‍ വായിച്ച് രസിക്കുകയും വിവാദങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ട് രസിക്കുകയും ചെയ്യുന്ന ഒരു മലയാളി എന്ന നിലയില്‍ എന്റെ അഭിപ്രായം. (ഈ അഭിപ്രായത്തെ ഇനി വിവാദമാക്കരുത് )

നമ്മള്‍ മലയാളിക്ക് വിവാദങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല... സാധാരണയായ ചില വിവാദങ്ങള്‍
അവാര്‍ഡ് വിവാദം
നിയമന വിവാദം
സ്ഥാലമാറ്റ വിവാദം
കത്തയക്കല്‍ വിവാദം
അഭിപ്രായ വിവാദം
പ്രസ്താവന വിവാദം ....
ഇങ്ങനെ വിവാദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്...

എല്ലാ വിവാദങ്ങളും കണ്ട് കേട്ട് വായിച്ച് രസിക്കാന്‍ നമ്മളെ പോലുള്ളവര്‍ ഈ ഭൂമി മലയാളത്തില്‍ ഉള്ളപ്പോള്‍ വിവാദങ്ങള്‍ തുടരും...

Sunday, August 7, 2011

ദമ്പതി രേഖകള്‍‍ അഥവാ ദമ്പതികള്‍ ഒരുമിച്ച് പോകുമ്പോള്‍ കൊണ്ടു പോകേണ്ട രേഖകള്‍‍

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദമ്പതികള്‍ ഒരുമിച്ച് പോകുമ്പോള്‍ കൊണ്ടു പോകേണ്ട രേഖകള്‍‍ എന്തെല്ലാം ആണന്ന് പലര്‍ക്കും സംശയം ഉണ്ടായേക്കാം. ചില പ്രധാന രേഖകള്‍ / സര്‍ട്ടി ഫിക്കറ്റുകള്‍ ഇവയാണ്.

ദമ്പതികള്‍ ഒരുമിച്ച് പോകുമ്പോള്‍ കൊണ്ടു പോകേണ്ട രേഖകള്‍‍
1. രണ്ടു പേരുടേയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കോപ്പി
2. വിവാഹത്തിന്റെ ഫോട്ടൊകള്‍ അടങ്ങിയ ആല്‍ബം
3. വിവാഹ സര്‍ട്ടിഫിക്കറ്റ് 
4. മാതാപിതാക്കളുടെ സമ്മതപത്രം.

1. രണ്ടു പേരുടേയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കോപ്പി
ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേത് ആയിരിക്കണം. പള്ളിയിലെ സര്‍ട്ടിഫിക്കറ്റിനൊന്നും കാണാന്‍ ഒരു രസം ഇല്ല. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന് ഒരു ഗുമ്മൊക്കെയുണ്ട്. ഭാര്യയുടെയും ഭര്‍ത്താവിന്റേയും ജനന സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
2. വിവാഹത്തിന്റെ ഫോട്ടൊകള്‍ അടങ്ങിയ ആല്‍ബം
ഇത് കൊണ്ടു നടന്നില്ലങ്കില്‍ ജീവിതം കട്ടപ്പുകയാകാനാ സാധ്യത. നിങ്ങള്‍ (ദമ്പതികള്‍) പാര്‍ക്കിലോ ബീച്ചിലോ കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ആയിരിക്കും സദാചാരപോലീസുകാരന്‍ വിത്ത് ഉച്ചപ്പത്രക്കാരന്‍ വിത്ത് ക്യാമറ ചാടി വീഴുന്നത്. നിങ്ങള്‍ സദാചാരനെ മാത്രമേ കാണുന്നുള്ളൂ എങ്കിലും നിങ്ങളെ ഉച്ചപത്രക്കാരന്‍ ക്യാമറയില്‍ കൂടി നിങ്ങളേയും സദാചാരനേയും ഫോക്കസ് ചെയ്യുന്നുണ്ടാവും. സദാചാരനെ ഉടന്‍ തന്നെ നിങ്ങളുടെ കൈവശമുള്ള ഫോട്ടോ കാണാക്കാവുന്നതാണ്. ലവന് ഇതൊക്കെ കണ്ടാല്‍ തിരിച്ചറിയാനുള്ള കാഴ്ച കണ്ണിനു ഉണ്ടോ ഇല്ലിയോ എന്നതിന് അനുഅസരിച്ച് ഇരിക്കും നിങ്ങളുടെ ജാതകം. കൈവശമുള്ള വിവാഹ ഫോട്ടോ ആല്‍ബത്തില്‍ നിങ്ങള്‍ താലി കെട്ടുന്നതും മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നതും (മാതാപിതാക്കളോടൊത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് ഉപകരിക്കും) ഒക്കെയുള്ള ഫോട്ടൊ ഉണ്ടായിരിക്കണം.

3. വിവാഹ സര്‍ട്ടിഫിക്കറ്റ്
ഇത് ഏതായാലും കൈയ്യില്‍ ഉണ്ടായിരിക്കണം.ചില പഞ്ചായത്തില്‍ നിന്ന് കിട്ടുന്ന ഈ സര്‍ട്ടിഫിക്കറ്റില്‍ ഭര്‍ത്താവിന്റേയും ഭാര്യയുടെയും ഫോട്ടൊകള്‍ ഇല്ല എന്നുള്ളത് വലിയ ഒരു ന്യൂനതയാണ്. സര്‍ക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോയും കൂടി ഒട്ടിക്കാനുള്ള സ്ഥലം എത്രയും പെട്ടന്ന് കണ്ടത്തണം. ഇനി സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ഒട്ടിച്ച് കിട്ടിയവരാണങ്കില്‍ നിങ്ങളുടെ ഭാഗ്യം എന്ന് കരുതിയാല്‍ മതി. മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഇംഗ്ലീഷിലാണ് എന്നുള്ളത് ചില സദാചാര പോലീസുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് ആ സര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി മലയാളത്തില്‍ ആക്കി സൂക്ഷിക്കണം.( മാര്യേജ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കുമ്പോള്‍ ഒരെണ്ണം ഇംഗ്ലീഷിലും ഒരെണ്ണം മലയാളത്തിലും എഴുതി വാങ്ങിക്കുന്നുണ്ടങ്കിലും സര്‍ട്ടിഫിക്കറ്റ് ഇംഗ്ലിഷില്‍ മാത്രമേ തരുന്നുള്ളൂ... ഇനി സര്‍ട്ടിഫിക്കറ്റ് മലയാളാത്തില്‍ക്കൂടി ആക്കി തരാന്‍ സര്‍ക്കാര്‍ കനിയണം)
  

4. മാതാപിതാക്കളുടെ സമ്മതപത്രം.
ദമ്പതികള്‍ ഒരുമിച്ച് ട്രയിനിലോ ബസിലോ യാത്രചെയ്യുമ്പോള്‍ നിങ്ങള്‍ ഒളിച്ചോടി പോകുവാണ് എന്നുള്ള സംശയത്തില്‍ ആരെങ്കിലും പോലീസില്‍ അറിയിച്ച് നിങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ചെല്ലേണ്ടി വരുമ്പോള്‍ കാണിക്കാനാണ് ഈ സമ്മതപത്രം. ഈ സമ്മതപത്രത്തിന്റെ ഒരു മാതൃക താഴെ കൊടുക്കുന്നു.   

ഇനി നിങ്ങളുടെ കൂടെ മാതാപിതാക്കള്‍ ഉണ്ടങ്കില്‍ അവരോടൊത്തുള്ള ഫോട്ടോകളും കരുതണം. ഇതൊക്കെ കാണിച്ചിട്ടും സദാചാരപോലീസുകാരുടെ കൈയ്യില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചില്ലങ്കില്‍ എല്ലാം വിധിയന്ന് കരുതി സമാധാനിക്കണം.