Sunday, July 27, 2014

നിങ്ങൾക്കും ബുദ്ധിജീവിയാകാം - ബുദ്ധിജീവികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ആരാണ് ബുദ്ധി ജീവി? ബുദ്ധി ജീവി വർഗ്ഗത്തിൽ ആണ്‍വർഗ്ഗം മാത്രമേ ഉള്ളോ? ചരിത്രാതീത കാലം മുതലേ മനുഷ്യർ ചിന്തിച്ച് തുടങ്ങിയതാണ് ബുദ്ധിജീവികളെക്കുറിച്ച്. ബുദ്ധി ജീവി ആരാണന്ന് അറിയുന്നതിനു മുമ്പ് ജീവി എന്താണന്ന് അറിയണം. അത് സ്ന്വേഷിച്ചു കണ്ടുപിടിക്കണം. ആമസോൺ വനാന്തരങ്ങളിൽ നിന്ന് മൊസ്യപൊട്ടേമ്യൻ  സംസ്ക്കാരത്തിലൂടെ ഈജിപ്ഷ്യൻ നദീ തടത്തിലൂടെ നടന്ന് സിന്ധൂനദീ തടത്തിൽ എത്തിയവരാണ് ഇന്ത്യയിലെ ബുദ്ധി ജീവികൾ. അന്നവർക്ക് നടക്കാനും നീന്താനും ഉള്ള ശരീരഘടന ഉണ്ടായിരുന്നു. ഇപ്പോൾ നടക്കാനും നീന്താനുമുള്ള മടികൊണ്ട് കീ ബോർഡിൽ കൊട്ടാനുള്ള കൈഘടനയാണ് ഉള്ളത്. അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് ബുദ്ധി ജീവികളെ കുറിച്ചാണ്.

നമ്മൾ ബുദ്ധി ജീവികളാണോ എന്ന് സ്വയം പരിശോധിക്കുന്നത്  നന്നായിരിക്കും. ബുദ്ധികൊണ്ട് ജിവിക്കുന്നവരെ എല്ലാം ബുദ്ധിജീവികൾ എന്ന് പറയാം. പക്ഷേ ബുദ്ധി കൊണ്ട് ജീവിക്കുന്ന സ്ത്രികളെ ബുദ്ധി ജീവി എന്ന് പറയാത്തത് സ്ത്രികളോടുള്ള അനാദരവും വേർതിരിവും ആണന്ന് പറയേണ്ടി വരുന്നതിൽ സങ്കടം ഉണ്ട്. ബുദ്ധി കൊണ്ട് ജിവിച്ച സരിതയെ നമ്മൾ ബുദ്ധിജീവി എന്ന് വിളിക്കാതെ തട്ടിപ്പുകാരി എന്ന് വിളിക്കൂന്നതിലെ അനൗചിത്യം ഒന്നു ആലോചിച്ചു നോക്കിക്കേ?

നിങ്ങൾ ഒരു ബുദ്ധി ജീവിയാണോ? ബുദ്ധി ജിവിയാകണമെങ്കിൽ/മറ്റുള്ളവര്‍ നിങ്ങളെ ബുദ്ധിജീവിയായി കണക്കാക്കണമെങ്കിൽ ചില സംഗതികൾ നിങ്ങളിൽ ഉണ്ടാകണം... 

ബുദ്ധിജീവിയാകാനുള്ള/ബുദ്ധിജീവികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

1. ഫ്രഞ്ച് താടി ഉണ്ടാകണം. താടിയായിട്ട് വളരുന്നില്ലങ്കിൽ അറ്റ്ലീസ്റ്റ് ഊശാൻ താടിയെങ്കിലും ഉണ്ടാക(ക്ക)ണം. {കഷണ്ടിക്ക് വിഗ്ഗ് വയ്ക്കുന്നതുപോലെ താടിക്കായി എന്തെങ്കിലും ഒട്ടീരു വിദ്യ കണ്ടുപിടിച്ചാൽ നല്ല ബിസ്നസ് ഉണ്ടാകും}.(ഇനി താടി വളരുന്നില്ലങ്കിൽ കരിക്കട്ടയിൽ വെളിച്ചെണ്ണ ഒഴിച്ചിട്ട് തേച്ച് പിടിപ്പിച്ചോ കണ്മഷി തേച്ചോ താടി ഉണ്ടാക്കാം.- ഇങ്ങനെയുണ്ടാക്കിയെടുത്ത ഫ്രഞ്ച്താടി ഈ പോസ്റ്റിലെ ചിത്രത്തിൽ കാണാം)

2. വേഷം ജൂബയും മുണ്ടോ ജീൻസോ ആകാം. കളർഫുൾ ജൂബയാണങ്കിൽ വളരെ നല്ലത്. ജീൻസാണങ്കിൽ നരച്ച ജീൻസേ ഇടാവൂ.  .തോളത്ത് ഒരു തുണി സഞ്ചി കൂടി ഉണ്ടാവണം. സഞ്ചിക്കകത്ത് ഭാരമുള്ള എന്തെങ്കിലും ഉള്ളതായി മറ്റുള്ളവർക്ക് തോന്നണം. എവിടെ നിന്നെങ്കിലും ഒരു അരമുറിഇഷ്ടിക പൊതിഞ്ഞ് ഇട്ടാലും മതി. പക്ഷേ സഞ്ചി കൈമാറി പോകാതിരിക്കാൻ ശ്രദ്ധിക്കണം.

3. കട്ടിക്കണ്ണട ഉണ്ടങ്കിൽ നല്ലത്. കണ്ണിൽ ലെൻസ് വെച്ചിട്ടൂണ്ടങ്കിൽ/ലേസർ ട്രീറ്റ് മെന്റ് നടത്തി കണ്ണട ഒഴിവാക്കിയിട്ടൂണ്ടങ്കിൽ പ്ലയിന്‍ ഗ്ലാസ് കട്ടി ഫ്രയിമിൽ വെച്ച് മുഖത്ത് വെച്ചേക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണാടിയ്ക്ക് മുകളിലൂടെ നോക്കുന്നതും നല്ലതായിരിക്കും. 

4. നിങ്ങൾ പറയുന്നത്/എഴുതുന്നത് ഒറ്റഒരുത്തനും മനസിലാകരുത്. സംസാരിക്കുന്നതിന്/എഴുതുന്നതിന് ഒരിക്കലും ഒരു തുടർച്ച ഉണ്ടാകരുത്. അതായത് സംസാരിക്കുന്നതിനും എഴുതുന്നതിനും ഒരു അന്തവും കുന്തവും ഉണ്ടാകരുതന്ന്.

5. മറ്റൂള്ളവരുടെ പേര് / അവർ പറഞ്ഞത് നിങ്ങൾ മൂന്നാമതൊരാളോട്, പറയുമ്പോൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ബുദ്ധി ജീവിയാകാം. അതായത് നിങ്ങളോട് തങ്കച്ചൻ എന്ന ഒരാൾ എന്തെങ്കിലും പറഞ്ഞതായി കരുതുക. നിങ്ങൾ അത് മൂന്നാമതൊരാളോട് പറയുമ്പോൾ തങ്കച്ചൻ എന്ന പേർ പറയുന്നത് തങ്ക്ച് ച്യാൻ എന്ന് ആയിരിക്കണം. കേൾക്കുന്ന ആൾ തങ്ക്ച് ച്യാൻ ഏതോ ചൈന/ബർമ്മ/തായ്ലണ്ട്/കാരൻ ആണന്ന് കരുതിക്കോളും. നിങ്ങളായിട്ട് അത് പറയാൻ പോക്കേണ്ട.

6. സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഊശാൻ താടി തടവുകയോ ചൊറിയുകയോ ആവാം. പക്ഷേ തല തടവുകയല്ലാതെ ഒരിക്കലും ചൊറിയരുത്. പേൻ കടിച്ചാൽ പോലും ചൊറിയാതെ തടവുകയേ ചെയ്യാവൂ. അതും മുന്നീന്ന് പുറകിലേക്ക്. ബുദ്ധി ജീവികൾ ഒരിക്കലും ശബ്ദ്ദം ഉയർത്തി സംസാരിക്കാൻ പാടില്ല. അതുകൊണ്ട് ശബദ്ദത്തിന്റെ മോഡുലസിൽ എപ്പോഴും ശ്രദ്ധ ഉണ്ടാവണം. 

7. ജൂബയാണ് ഇട്ടിരിക്കൂന്നതെങ്കിൽ ഇടയ്ക്കിടയ്ക്ക് പോക്കറ്റിൽ കൈയ്യിട്ട് പുറത്ത് എടുക്കണം. പോക്കറ്റിൽ എന്തെങ്കിലും ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല. ചുമ്മാ കൈ ഇട്ടേക്കണം. കാരണം ബുദ്ധിജീവിയാകേണ്ടത് നിങ്ങളുടെ ആവശ്യമാണ്.

8. സംസാരിക്കൂന്നത് സാഹിത്യഭാഷയിൽ ആകണം. കെൾക്കുന്നവർക്ക് മനസിലാകണമെന്ന് നിങ്ങൾ ഒരിക്കലും നിർബന്ധം പിടിക്കരുത്. അതായത് നിങ്ങൾക്ക് വയറ്റിളക്കം പിടിച്ച് കിടപ്പിലായതുകാരണം രണ്ട് ദിവസം കാണാതിരുന്ന് കാണുമ്പോൾ എവിടെയായിരുന്നു രണ്ട് ദിവസമെന്ന് ആരെങ്കില് ചോദിച്ചാൽ 'കോളറക്കാലത്തെ പ്രണയം' ആസ്വദിക്കുകയായിരുന്നു എന്നും ഇപ്പോൾ 'യുദ്ധവും സമാധാനവും' എന്താണന്ന് മനസിലാകുന്നു എന്നും പറഞ്ഞെക്കണം. കെൾക്കുന്നവന് ഒന്നും മനസിലായില്ലങ്കിലും നിങ്ങൾ ഒരു ബുദ്ധി ജീവിയായതുകൊണ്ട് അവൻ തിരികെ ഒന്നും ചോദിക്കില്ല. അവൻ എന്തെങ്കിലും തിരികെ ചോദിച്ചാൽ നിങ്ങളെ ഒരു ബുദ്ധിജീവിയായി അവൻ കണക്കാക്കുന്നില്ല എന്ന കരുതി അവനോടുള്ള കൂട്ട് വെട്ടിയേക്കണം.

9. ഒരിക്കലും ബാലരമ,പൂമ്പാറ്റ,അമർചിത്രകഥ,ടിന്റുമോൻ,ബോമനും മോളിയും,ബാലമംഗളം, പഴയ മുത്തുച്ചിപ്പി,മുത്ത് തുടങ്ങിയവ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വായിക്കരുത്. ദി വീക്ക് , ഇന്ത്യാടുഡേ,ഫ്രണ്ട്ലൈൻ എന്നിവയുടെ അകത്ത് വെച്ച് മറ്റുള്ളവർ കാണാതെ വായിക്കൂന്നതിനു കുഴപ്പമില്ല. മാത്രമല്ല യാത്ര ചെയ്യുമ്പോൾ ഒരിക്കലും മലയാള പുസ്ത്കങ്ങൾ മറ്റുള്ളവർ കാൺകെ വായിക്കരുത്. ആർക്കമഡീസന്നോ ആല്‍ക്കെയെന്നോ മറ്റോ (എന്താണാവോ എന്തോ ..ഞാനും കേട്ടീട്ടേ ഉള്ളൂ) പറയുന്ന ആൾ എഴുതിയതോ/ പുസ്തകമോ എവിടെ നിന്നെങ്കിലും ചൂണ്ടി കൈയ്യിൽ കരുതിക്കോളണം.

10. ബുദ്ധിജീവികൾ ഒരിക്കലും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ കൂടെ രണ്ടു മൂന്നുപേരെ കൂടെ കരുതിക്കോളണം.(നിങ്ങൾ ബുദ്ധിജീവിയാകുന്ന തുടക്കത്തിൽ കൂടെ നടക്കാൻ ആളെ കിട്ടില്ല, അതുകൊണ്ട് പണിക്കുവരുന്ന അന്യസംസ്ഥാന തൊഴിലാളിയാണങ്കിലും കൂടെ കൊണ്ടു നടന്നാൽ മതി-പത്തോ മുന്നോറോ കൊടുത്താൽ മതി. കാശ് ഒരു പ്രശ്ന്മാക്കേണ്ട. കാരണം നിങ്ങൾ ഒരു ബുദ്ധിജീവിയാണന്ന് മറ്റുള്ളവരെ ധരിപ്പിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണ്. നിങ്ങൾ ഒരു ബുദ്ധിജീവിയാണന്ന് മരുള്ളവർ കരുതിക്കഴിഞ്ഞാൽ കൂലിക്ക് കൊണ്ടു നടക്കൂന്നവരെ പിരിച്ചുവിടാം നിങ്ങൾ ബുദ്ധി ജീവിയാണന്ന് കരുതുന്നവർ കൂടെ നടക്കാൻ വന്നോളും കാരണം അവന്മാർക്ക് ബുദ്ധി പോരായല്ലോ).

11. ബുദ്ധി ജീവികൾക്ക് അറിയാത്തതായി ഒന്നും ഇല്ല എന്നതുകൊണ്ട് എന്തു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ കഴിയണം. പറയുന്നത് മണ്ടത്തരമാണന്ന് നിങ്ങൾക്ക് അറിയാമെങ്കിലും കേൾക്കുന്ന ആൾക്ക് അത് മണ്ടത്തരമായി തോന്നാൻ പാടില്ല എന്നതിലാണ് ബുദ്ധി ജീവിയുടെ വിജയം. പൊതു വേദിയിൽ സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ചില പേപ്പറുകൾ 'തെളിവ്'/'രേഖ'/'പഠനറിപ്പോർട്ട്' എന്നൊക്കെ പറഞ്ഞ് പൊക്കി കാണിച്ചോളണം. ഫോട്ടോസ്റ്റാറ്റ് കടയിൽ കളയാൻ വെച്ചിരിക്കുന്ന മഷി പടർന്ന പേപ്പർ വാങ്ങി ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

12. ആര് എന്തിനെക്കുറിച്ച് ചോദിച്ചാലും അറിയില്ല എന്ന് പറയരുത്. കടിച്ചാൽ പൊട്ടാത്ത വാക്കൂകളും വാചകങ്ങളും ഉപയോഗിച്ച് ചോദ്യകർത്താവിനെ ആക്രമിച്ചോളണം. പിന്നീടൊരു ചോദ്യവും ചോദിക്കാൻ ആ ആൾ തയ്യാറകരുത്. ഉദാഹരണത്തിന് ബ്രിക്സ് ഉച്ചകോടിയിലെ പുതിയെ ബാങ്കിനെക്കുറിച്ച് ചോദിച്ചാൽ നിങ്ങൾക്കതിനെക്കൂറിച്ച് അറിയില്ലങ്കിലും ബാങ്ക് എന്ന വാക്കിൽ കയറിപിടിച്ചോളണം. സ്റ്റേറ്റ് ബാങ്കിനെ തകർക്കാൻ റിലയൻസിനെ കയറൂരി വിട്ടിരിക്കുവാണന്ന് പറഞ്ഞ് സഹകരണ ബാങ്കിലൂടെ റിസർവ് ബാങ്കിലൂടെ ലോകബാങ്കിന്റെ നീരാളിപ്പിടുത്തത്തെക്കുറിച്ച് രണ്ട് മണിക്കൂർ സംസാറ്റിച്ചോളണം. ഇടയ്ക്കിടയ്ക്ക് ആഗോളവത്ക്കരണം,ഗാട്ട് കരാർ,ഉദാരവത്ക്കരണം,ഗ്ലോബൽ ഇക്കോണമി,ഫ്ലകച്ചുവേഷൻ,റിപ്പോ നിരക്ക് എന്നൊക്കെ തട്ടിക്കോളണം. 

13. ഇടയ്ക്കിടയ്ക്ക് അവാർഡുകൾ കിട്ടീയതായി നാട്ടുകാരെ അറിയിക്കാൻ സ്വന്തമായി നാലഞ്ച് സംഘടനകളുടെ ലെറ്റർപാഡ് ഉണ്ടാക്കി അതിൽ അവാർഡ് നൽകിയ വാർത്ത എഴുതി പത്രത്തിൽ കൊടുത്ത് അച്ചടിപ്പിച്ചോളണം. സ്വന്തം കാശ് മുടക്കി അനുമോദന സമ്മേളനം നടത്തുന്നതോടൊപ്പം എല്ലാ പോസ്റ്റിലും അനുമോദന ഫ്ല്കസും തൂക്കണം. ഇടയ്ക്കിടയ്ക്ക് സമാന ബുദ്ധിജീവികളുമായി ചേർന്ന് പത്രസമ്മേളനം വിളിക്കുകയോ പ്രസ്താവനകൾ ഒപ്പിട്ട് പത്ര ഓഫീസിൽ എത്തിക്കുകയോ ചെയ്യാം. ഒരു ബുദ്ധിജീവി മറ്റൊരു ബുദ്ധിജീവിയുടെ ബുദ്ധി വളരാൻ സമ്മതിക്കില്ല എന്ന് എപ്പോഴും മനസിൽ ഓർത്തുകൊണ്ടു വേണം മറ്റ് ബുദ്ധി ജീവികളുമായി ബന്ധം സ്ഥാപിക്കുന്നത്.  

14. വിദേശ എഴുത്തുകാരുടയും നോവലുകളുടേയും പേർ കാണാതെ പഠിച്ചു വച്ചിരിക്കണം. സ്ഥാനത്തും അസ്ഥാനത്തും ആ പേരുകൾ എടുത്തിട്ട് അലക്കിയേക്കണം. നിങ്ങൾ വായിക്കുന്നത് മനോമരയിലെ ശാന്തമ്മ നാലാഞ്ചിറ എഴുതുന്ന 'സിന്ദൂരത്തിനു നിറം പച്ച' എന്ന നോവൽ ആണങ്കിലും പാബ്ലോ നെരൂദയുടെ 'ദി സാഡസ്റ്റ് ലൈൻസ്' ആണ് വായിക്കുന്നതന്നേ പറയാവൂ. ടോൾസ്റ്റോയി,ഷെല്ലി,ഷേക്സ്പിയർ എന്നിവരുടെ പേരുകൾ കഴിവതും ഒഴിവാക്കിയേക്കണം. എല്ലാവർക്കും അറിയാവുന്ന പേരുകൾ പറഞ്ഞാൽ നിങ്ങളുടെ 'ബുദ്ധി ജീവി' ജീവിതത്തിന് അധികം ആയുസ് ഉണ്ടാവുകയില്ല.  പൗലോ കൊയ്ലോ യുടെ ആൽകെമിസ്റ്റിനെക്കുറിച്ച് പറയാതിരിക്കരുത്. നെരൂദയും പഒലോ കൊയ്ലോയും ആണ് ബുദ്ധി ജീവികളുടെ  സാഹിത്യകാരന്മാർ. അതുകൊണ്ട് എവിടെ നിന്നെങ്കിലും ഇവരെക്കുറിച്ച് ഒരു പാരഗ്രാഫെങ്കിലും കാണാതെ പഠിച്ച് വെച്ചേക്കണം.

15. ഒരു ബുദ്ധി ജീവി ആരെയും വെറുപ്പിക്കരുത്. ആരു പ്രസംഗത്തിനു വിളിച്ചാലും 'വരില്ല' എന്ന് പറയരുത്, 'തിരക്കുണ്ടങ്കിലും ഞാൻ വരും' എന്ന് മാത്രമേ പറയവൂ. മുന്നിൽ ഇരിക്കുന്നവരുടെ പൾസ് അറിഞ്ഞുമാത്രമേ ബുദ്ധിജീവി സംസാരിക്കാവൂ, പക്ഷേ സംസാരിക്കുന്നത് മുന്നിലിരിക്കുന്നവർക്ക് മനസിലാകാനും പാടില്ല. ഉദാഹരണത്തിനു നിങ്ങളെ മദ്യനിരോദനക്കാർ ബാർ പൂട്ടിയതിനു മന്ത്രിമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രസംഗിക്കാൻ വിളിച്ചു എന്നുകരുതുക, മദ്യം കൊണ്ട് ദുരിതം അനുഭവിക്കുന്ന അമ്മ/പെങ്ങ/മക്കളെക്കുറിച്ചും അവരുടെ കണ്ണിരിനെക്കുറിച്ചും പറഞ്ഞ് ദ്യനിരോദനക്കാരുടെ സന്തോഷത്തിൽ പങ്കാളി അയിക്കോളണം. ഇനി നിങ്ങളെ ബാർ മുതലാളി പ്രസംഗിക്കാൻ വിളിച്ചാൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയായിപ്പോയ ബാർ തൊഴിലാളികളുടെ കുടുംബത്തിന്റെ ദുരവസ്ഥയിൽ സങ്കടപ്പെട്ടുകൊണ്ട് പ്രസംഗിച്ചെക്കണം. 

16. ബുദ്ധിജീവികൾക്ക് വില കൂടണമെങ്കിൽ ഇടയ്ക്കിടയ്ക്ക് ബുക്ക് പ്രസിദ്ധീകരിക്കണം. നിങ്ങൾക്ക് എഴുതാൻ വയ്യങ്കിൽ കൂലിക്ക് ആളെവെച്ച് എഴുതിച്ച് സ്വന്തം കാശുകൊണ്ട് അച്ചടിച്ച് പുസ്തകം ഇറക്കണം. സ്വന്തക്കാരെവെച്ച് ഒരു കമ്മറ്റി ഉണ്ടാക്കി പുസ്തകത്തിനും എഴുത്തുകാരനും ഒരു അവാർഡും വാങ്ങണം. 

17. നോക്കിലും നടപ്പിലും എപ്പോഴും ബുദ്ധിജീവികൾ വളരെയേറെ ശ്രദ്ധിക്കണം. കണ്ടാൽ തന്നെ അവനൊരു ബുദ്ധിജീവിയാണന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കണം.ബുദ്ധി ജീവികൾ ഒരിക്കലും ആൾക്കാരുടെ മുന്നിൽ പൊട്ടിച്ചിരിക്കാറില്ല എന്നു ഓർക്കണം. ബാക്കിയുള്ളവരെ 'ആക്കി' ചിരിക്കാനേ പാടുള്ളൂ. ബുദ്ധിജീവിയായി ഒരിക്കൽ അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ ആ ലെവലിൽ മാത്രമേ ആൾക്കാരോട് ഇടപെടാവൂ. കാരണം ബുദ്ധിജീവിത്വം കാത്തു സൂക്ഷിക്കേണ്ടത്ത് നിങ്ങളുടെ ആവശ്യമാണ്. 


മുകളിൽ പറഞ്ഞിരിക്കൂന്ന കാര്യങ്ങൾ എല്ലാം നിങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ടങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ ഒരു ബുദ്ധിജീവീയാണ്. ഈ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നുണ്ടങ്കിൽ നിങ്ങൾക്ക് ബുദ്ധിജിവിയാകാം. പത്തുകാര്യങ്ങൾ എങ്കിലും ചെയ്യുന്നുണ്ടങ്കിൽ നിങ്ങൾ വളർന്നു വരുന്ന ബുദ്ധിജീവിയാണ്. ഒന്നുകൂടി ശ്രമിച്ചാൽ ബുദ്ധിജീവി ക്ലബിൽ സ്ഥിര അംഗത്വം ലഭിക്കും. അഞ്ചുകാര്യങ്ങൾക്കും പത്തുകാര്യങ്ങൾക്കും ഇടയിലാണ് നിങ്ങളുടെ റേറ്റിംങ് എങ്കിൽ നിങ്ങൾ ബുദ്ധിജീവി ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്. ബുദ്ധിജീവിയാകനോ വേണ്ടയോ എന്ന് നിങ്ങൾക്കു തന്നെ തീരുമാനിച്ച് ബാക്കി കാര്യങ്ങൾ കൂടി ചെയ്യാം. അഞ്ചുകാര്യങ്ങളിൽ താഴെമാത്രമേ നിങ്ങൾക്ക് ചെയ്യാൻ കഴുയുന്നുള്ളൂവെങ്കിൽ നിങ്ങൾ ബുദ്ധിജീവിയാകാനുള്ള സാധ്യത തീരെ കുറവാണ്. എങ്കിലും നിരാശപ്പെടേണ്ടകാര്യമില്ല. എപ്പോഴോ തലേ വര സോറി ബുദ്ധിജീവി വര തെളിയുന്നതെന്ന് പറയാൻ പറ്റില്ലല്ലോ....

ഓൺലൈൻ ബുദ്ധിജീവികൾ

മുകളിൽ കൊടുത്തിരിക്കൂന്ന കാര്യങ്ങൾ എല്ലാം നിങ്ങൾ അനുവർത്തിക്കുന്നുണ്ടങ്കിലും സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ നിങ്ങൾക്ക് ബിദ്ധിജീവി പട്ടം കിട്ടണമെന്നില്ല അതായത് നിങ്ങളെ മറ്റുള്ളവർ ബുദ്ധിജീവിയായി അംഗീകരിക്കണമെന്നില്ല. അതിനു മറ്റ് ചില കാര്യങ്ങൾ കൂടി നിങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഓൺലൈനിലും ഓഫ്_ലൈനിലും ഉള്ള ബുദ്ധിജീവികൾ രണ്ടും രണ്ട് തരത്തിലുള്ളവർ ആണന്ന് ആദ്യം തന്നെ ഓർക്കുക. ഓൺലൈൻ ബുദ്ധിജീവി പട്ടം കിട്ടാൻ എളുപ്പമാണങ്കിലും അത് നിലനിർത്താൻ ഭയങ്കര പാടാണ്. ഓൺലൈൻ ബുദ്ധിജീവികളെ നമുക്ക് സോഷ്യൽ സൈറ്റ് ബുദ്ധിജീവികൾ എന്നും വിളിക്കാം.

ഓൺലൈൻ/സോഷ്യൽ സൈറ്റ് ബുദ്ധിജീവികൾ ആകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

1. പ്രൈഫൈലിനുള്ള പേര് തിരഞ്ഞെടുക്കുന്നതുമുതൽ ശ്രദ്ധ വേണം. നിങ്ങളുടെ പ്രൊഫൈൽ ശരിയായപേരിൽ വേണോ അതോ 'അനോണി' ആകണോ എന്ന് ആദ്യം തന്നെ തീരുമാനിക്കണം. നിങ്ങൾ സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ പ്രൊഫൈൽ ഉണ്ടാക്കുന്നതോടൊപ്പം കുറഞ്ഞത് ഒരു പത്ത് അനോണികളെ കൂടി ഉണ്ടാക്കണം. അനോണികളിൽ കുറഞ്ഞത് നാലെണ്ണമെങ്കിലും സ്ത്രിപേരിലുള്ളതായിരിക്കണം.(അനോണികൾ എന്തിനാണന്ന് പിന്നീട് മനസിലാകും). നിങ്ങളുടെ അനോണിയെ മനസിലാക്കാവുന്ന രീതിയിലുള്ള ഒരു പോസ്റ്റോ/വാചക ഘടനയോ/വാക്കുകളോ ഒന്നും അനോണിയിൽ നിന്ന് ഉണ്ടാകാൻ പാടില്ല. പിടിക്കപ്പെട്ടൽ പ്രൊഫൈൽ ഡിലിറ്റ് ചെയ്ത് ബുദ്ധിജീവി സ്വപ്നം ഉപേക്ഷിക്കുകയേ വഴിയുള്ളൂ..

2. അടുത്തത് പ്രൊഫൈൽ പികചറും കവർ ഫോട്ടോയും ഇടുമ്പോൾ ശ്രദ്ധിക്കണം. സാഹിത്യകാരന്മാരുടെ/ബുദ്ധിജീവികളുടെ പടമോ വാക്കുകളോ ഒക്കെയായിരിക്കണം കവർ ഫോട്ടോ. ഒരിക്കലും 'ഫ്രീക്ക്' ഫോട്ടോകൾ ഇടാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കവർ ഫോട്ടോ മാറ്റിക്കൊണ്ടിരിക്കണം.  അനോണിയായിട്ടല്ല നിങ്ങൾ ബുദ്ധിജീവിയാകാൻ പോകുന്നതെങ്കിൽ പ്രൊഫൈൽ പികചറിലെ നിങ്ങളുടെ ഫോട്ടോയ്ക്ക് ഫ്രഞ്ച് താടിയും മുഖത്ത് കണ്ണാടിയും ഉണ്ടാകണം. 

3. ദിവസം കുറഞ്ഞത് മൂന്ന് പോസ്റ്റുകളെങ്കിലും ഇടണം. രാഷ്ട്രീയ/സാമൂഹിക/സാമുദായിക വിമർശനങ്ങളായിരിക്കണം ആ പോസ്റ്റിൽ ഉണ്ടാകേണ്ടത്. ബുദ്ധിജീവി ആകാൻ നിങ്ങൾ ശ്രമിക്കുന്ന ആദ്യകാലങ്ങളിൽ പോസ്റ്റുകൾ ആരും ലൈക്കും ഷെയറും ചെയ്യണമെന്നില്ല. അതിനാണ് നിങ്ങൾ സ്വന്തമായി ഉണ്ടാക്കിയിരിക്കുന്ന അനോണികൾ. സ്ത്രി അനോണികളെകൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്യിച്ചാൽ ലൈക്കുകളും ഷെയറുകളും വന്നോളും. താൻ വലിയൊരു സംഭവമാണ് , താനില്ലങ്കിൽ ഈ ലോകം എന്നേ നശിച്ചൂ പോയേനെ എന്ന് അരീതിയിലുള്ള പോസ്റ്റുകളും ഇടയ്ക്കിടയ്ക്ക് ആവാം.

4. ഓൺലൈൻ ബുദ്ധിജീവികളുടെ അലിഖിത നിയമം അനുസരിച്ച് നിങ്ങളും മാതൃഭൂമിയെ വീരഭൂമി എന്നും മനോരാമയെ മഞ്ഞരമയെന്നോ നുണരമയെന്നോ വിളിക്കാവൂ. ഓൺലൈൻ ബുദ്ധിജീവികൾ അങ്ങനെയാണ് ചെയ്യുന്നത്. മനോരമയും മാതൃഭൂമിയും നിങ്ങൾ വായിക്കാറില്ലന്നും പണ്ടേ തന്നെ വായന നിർത്തിയാതാണന്നും വീട്ടിൽ ആ പത്രം വരുത്തെണ്ട എന്ന് വീട്ടുകാരോട് പറഞ്ഞിട്ടൂണ്ടന്നും ഇടയ്ക്കിടയ്ക്ക് പോസ്റ്റുകളിലൂടയും കമന്റുകളിലൂടയും പറഞ്ഞു കൊണ്ടിരിക്കണം. പക്ഷേ മനോരമ/മാതൃഭൂമി വാർത്തകളുടെ ലിങ്ക് ഇട്ട് ആ വാർത്തകളിലെ ഓരോ വാചകത്തെയും വിമർശിച്ചോളണം. നിങ്ങൾ ഈ പത്രങ്ങൾ വായിക്കുന്നത് നിർത്തിയല്ലേ പിന്നെന്തിനാണ് ലിങ്ക് ഇടുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ 'കള്ള് ഷാപ്പിൽ കള്ളുകുടിക്കാനല്ല ചില്ലറ മാറാനാ കയറിയത്' എന്ന രീതിയിൽ ഉത്തരം നൽകിയേക്കണം.

5. ഇടയ്ക്കിടയ്ക്ക് നിങ്ങൾ വായിച്ച/കണ്ട സിനിമകളുടെ പേരുകൾ സ്റ്റാറ്റസായി ഇടണം. ഇതിനു പുസ്തകം വായിക്കണമെന്നോ/സിനിമ കാണണമെന്നോ നിർബന്ധം ഇല്ല. ഗൂഗ്ഗിളിൽ തപ്പിയാൽ സിനിമ/പുസ്തകങ്ങളുടെ നിരൂപങ്ങൾ ഇഷ്ടം പോലെ കിട്ടൂം. കൊറിയൻ/ജപ്പാൻ/ലാറ്റിനമേരിക്കൻ പുസ്തക/സിനിമകളാണ് ഈ രീതിയിൽ നിങ്ങൾ വായിക്കേണ്ടതും/കാണേണ്ടതും. എവിടെ നിന്നെങ്കിലും കുറച്ച് പുസ്തകങ്ങള് ഒപ്പിച്ച് പടം പിടിച്ചിട്ടാൽ വളരെ നന്നായിരിക്കും.

6. ഓൺലൈൻ ബുദ്ധിജീവികൾ മത/സമുദായ/ജാതി വുവസ്ഥിതികൾക്ക് എതിരെ എപ്പോഴും കലഹിക്കുകയും പോസ്റ്റ് ഇടുകയും ചെയ്യണം. അതുപ്പോലെ തന്നെ മതപരമായ ചടങ്ങുകളെ എതിർക്കുകയും വേണം. നിങ്ങളുടെ ഭാര്യ/മക്കൾ/കുടുംബാംഗങ്ങൾ എന്നിവർ ആരെങ്കിലും മതപരമയ ചടങ്ങുകളിൽ പങ്കെടുക്കുന്നു എന്ന് ആരെങ്കിലും കമന്റിട്ടാൽ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങൾ തന്നെ ബാധിക്കയില്ലന്ന് പറയുക. സമൂഹത്തെ നന്നാക്കുകമാത്രമാണ് തന്റെ ലക്ഷ്യം എന്ന് തീർത്ത് പറഞ്ഞേക്കൂക.കുടുംബത്തെ നന്നാക്കിയിട്ട് പോരേ സമൂഹത്തെ നന്നാക്കൽ എന്ന രീതിയിലുള്ള  ചോദ്യങ്ങൾ വന്നാൽ ഒന്നും നോക്കാതെ ചോദ്യം ചോദിച്ച ആളെ അങ്ങ് ബ്ലോക്കിയേക്കുക. മത/ജാതി വ്യവസ്ഥകളോട് കലഹിക്കുമ്പോൾ 'പണി പാളാതിരിക്കാൻ'ശ്രദ്ധിക്കണം. പ്രത്യേകിച്ച് അനോണി ഐഡിയല്ലങ്കിൽ. നിങ്ങൾ ഇടുന്ന സ്റ്റാറ്റസുകൾ മൊഴിമാറ്റം നടത്തി ലോകത്തിലുള്ള എല്ലാ ഭാഷക്കാരുടേ കൈയ്യിൽ നിന്നും അപ്പനുമമ്മയ്ക്കും വരെ തെറിവിളി വാന്ങിത്തരാൻ കഴിവുള്ളവരോടാണ് ബുദ്ധിജീവി മത്സരിക്കൂന്നതെന്ന് ഓർമ്മ വേണം.

7. ആരാധകർ വെട്ടിക്കിളികളെപ്പോലെയാണന്ന് എപ്പോഴും ഓർമ്മ വേണം. അവരെ പിണക്കിയാൽ നിങ്ങളുടെ ബുദ്ധിജീവിപ്പട്ടം നഷ്ടപ്പെട്ട് പ്രൊഫൈൽ ഡിലീറ്റി ഓടുകയേ രക്ഷയുള്ളൂ എന്ന് ഓർക്കണം. അതുകൊണ്ട് മറ്റൊരു ബുദ്ധിജീവിയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യതയുള്ളതായി തോന്നിയാൽ ആ ഏറ്റുമുട്ടൽ ഒഴിവാക്കൂന്നതാണ് നല്ലത്. ഇനി ഏറ്റുമുട്ടൽ ഉണ്ടായാൽ കുറച്ച് അനോണികളെ 'സൈബർ ചാവേറു'കളാക്കി ഏറ്റുമുട്ടൂക. അതുകൊണ്ട് രക്ഷയില്ലങ്കിൽ കുറച്ച് അനോണികളെ 'സൈബർ ഗുണ്ട'കളാക്കി ഏറ്റുമുട്ടൂക. അതുകൊണ്ടൂം രക്ഷയില്ലങ്കില്‍ പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് ഓടിക്കൊളണം.

8. ഒരിക്കലും ബുദ്ധിജീവികൾ 'വെട്ടൊന്ന് മുറി രണ്ട്' എന്നുള്ള നിലപാടിൽ സ്വന്തം അഭിപ്രായങ്ങൾ പറയരുത്.അഭിപ്രായത്തിന്റെ പേരിൽ(സ്റ്റാറ്റസ്/കമന്റ്) ആരെങ്കിലും തെറിവിളിച്ചാൽ അതിൽ നിന്ന് രക്ഷപെടാൻ  എങ്ങോട്ട് വേണമെങ്കിലും വളച്ചൊടിക്കാവുന്ന രീതിയിൽ മാത്രമേ അഭിപ്രായം പറയാവൂ.  അല്ലങ്കിൽ നിങ്ങൾ എഴുതുന്നത് ഓർത്തുവെച്ച് ആളുകൾ തരം കിട്ടൂമ്പോൾ തിരിച്ച് പണി തരും. 

9. നിങ്ങൾ എന്ന ബുദ്ധിജീവിയെ ആരും ശ്രദ്ധിക്കുന്നില്ല/ഗൗനിക്കുന്നില്ല എന്നു തോന്നിയാൽ സ്ത്രി ഐഡിയിലുള്ള നിങ്ങളൂടെ സ്വന്തം അനോണിയുമായി 'ഒരു സൈബർ തല്ല്' ഉണ്ടാക്കാവുന്നതാണ്. പിന്നെ കുറേ ദിവസം അതിനെക്കുറിച്ചാവും ചർച്ചകൾ. അങ്ങനെ നിങ്ങൾക്ക് വേണ്ടതിൽ അധികം ലൈക്കും ഷെയറും കിട്ടിക്കോളും. ഇവിടയും അനോണികളെ എന്തിനും തയ്യാറാക്കി നിർത്താൻ മറക്കരുത്.  കാശ് വാന്ങി ലൈക്കും ഷെയറും കൊടുക്കുന്ന ടീമുകളുടെ സഹായവും തേടാവുന്നതാണ്.

10. അറിയില്ല,കേട്ടിട്ടീല്ല എന്നൊക്കെയുള്ള വാക്കുകൾ ബുദ്ധി ജീവികളുടെ നിഘണ്ടൂവിൽ ഉണ്ടാവാൻ പാടില്ല. നിങ്ങളോട് ഓൺലനിൽ ആരെക്കുറിച്ചു ചോദിച്ചാലും അറിയില്ല എന്നുമാത്രം പറയരുത്. കാരണം നിങ്ങൾ ബുദ്ധിജീവിയാകാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് 'മലയാളി സൈബർ ലോകത്താണ്'.'അറിയില്ല' എന്ന് പറയാൻ തോന്നുമ്പോൾ ഷറപ്പോവയുടെ അനുഭവം എപ്പോഴും ഓർമ്മയിൽവരണം. ഓരോമലയാളിയും താനാണ് വലിയ ബുദ്ധിമാൻ എന്ന് കരുതുന്നവരായതുകൊണ്ട് മറ്റുള്ളവരെ ഒന്നു കൊച്ചാക്കാൻ കിട്ടൂന്ന അവസരം ഉപേക്ഷിക്കാറില്ല. {ഈ വലിയ മലയാളി ബുദ്ധിമാന്മാരെ നൈസായി പറ്റിച്ചിട്ട് പോകാം എന്ന് 'നൈജീരയൻ ഇമെയിൽ മുതലാളി പുത്രിമാമാരും'/'ബന്ധുക്കൾ ചതിച്ച കോടീശ്വരിയും' ഒക്കെ കാണിച്ചു തരുന്നുണ്ട്}

11. ആരും ബുദ്ധിജീവികളായി ജനിക്കുന്നില്ല. സമൂഹവും സാഹചര്യവും ആണ് ഒരുവനെ ബുദ്ധിജീവിയാക്കുന്നത്. ബുദ്ധിജീവിയായിക്കഴിഞ്ഞാൽ ഈ സാഹചര്യങ്ങൾ എപ്പോഴും നിലനിർത്താൻ നിങ്ങൾക്ക് കഴിയണം. സമൂഅഹത്തിനു എപ്പോഴും ബുദ്ധിജീവികൾ വേണമെന്നേ ഉള്ളൂ. അത് നിങ്ങൾ തന്നെ ആകണമെന്ന് നിർബന്ധബുദ്ധിയില്ലങ്കിലും ബുദ്ധിജീവിയായി സമൂഹത്തിൽ തന്നെ കഴിയണമെന്ന് നിങ്ങൾക്ക് നിർബന്ധബുദ്ധി ഉണ്ടാവണം. പുതിയ ബുദ്ധിജീവി ഉദയം ചെയ്യുന്നു എന്നു തോന്നിയാലുടനെ അനോണികളെ ഇറക്കിയേക്കണം. അനോണികളെ കൊണ്ട് 'റിപ്പോർട്ട്' ചെയ്യിച്ച് പുതിയ ബുദ്ധിജീവിയുടെ പ്രൊഫൈൽ നശിപ്പിച്ചോളണം.

12. ബുദ്ധിജീവിയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ അടൂത്ത ലക്ഷ്യം 'താത്വികാചാര്യപട്ടം' ആയിരിക്കണം. ബുദ്ധിജീവി വിശ്വസിക്കുന്ന സംഘടന/പാർട്ടി/... തുടങ്ങിയവയുടെ നിലപാടുകൾക്ക് ആവശ്യമായ രീതിയിൽ താത്വികമായ അവലോകനം ഉണ്ടാക്കി നൽകുക എന്നുള്ളതാണ് 'താത്വികാചാര്യപട്ടം' നേടിക്കഴിഞ്ഞ ബുദ്ധിജീവികളുടെ പ്രധാന ജോലി. നിങ്ങളുടെ ഫാൻസുകൾ അവലോകനം ആഹ്ലാദത്തോടെ ഷെയർ ചെയ്യുമ്പോൾ വിമർശകർ അവലോകനത്തെ കീറിമുറിച്ച് 'ഭിത്തിയിൽ ഒട്ടിച്ചേ' ഷെയർ ചെയ്യൂ. ചിലപ്പോൾ വിമർശകർ നിങ്ങളെയും 'തേച്ചെന്നിരിക്കും'. അതുകൊണ്ട് അങ്ങോട്ട് നാലു കൊടുത്താൽ ഇങ്ങോട്ട് രണ്ടെണ്ണമെങ്കിലും കിട്ടും എന്ന് കരുതിയേ താത്വികാചാര്യനാകാനും ബുദ്ധിജീവിയാകാനും ഇറങ്ങി പുറപ്പെടാവൂ....

13. ദുർബല മനസുള്ളവർക്ക് പറഞ്ഞിട്ടൂള്ളതല്ല ബുദ്ധിജീവി പട്ടം. അതുകൊണ്ട് ദുർബലമനസുള്ളവരും നിഷ്കളങ്കരും ബുദ്ധിജീവിയാകാൻ ഇറങ്ങി പുറപ്പെടരുത്.... 

ഈ ലിസ്റ്റ് പൂർണ്ണമല്ല.... ഇതൊക്കെ പാലിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ബുദ്ധിജീവിയാകാനും ബുദ്ധിജീവിപട്ടം നിലനിർത്തി പോകാനും കഴിയും എന്നും മാത്രം. മുന്നിൽ പോകുന്ന ഞണ്ടിനെ പുറകെ വരുന്ന ഞണ്ട് കാലിൽ കടിച്ച് വലിക്കും എന്ന് പറഞ്ഞതുപോലെ ബുദ്ധിജീവികളെയും പുറകെവരുന്ന ബുദ്ധിജീവികൾ 'പാലം വലിക്കാൻ' ശ്രമിക്കും എന്ന് ഓർത്തിരിക്കുക.


Sunday, June 22, 2014

പോലീസ് കുറ്റവാളികളുടെ സഹായികൾ : 2012 ആഗസ്റ്റ് 15 - യു.പി യിൽ ഒരു മലയാളി കൊല്ലപ്പെടുന്നു... 2

:: ഈശ്വര രൂപത്തിൽ ഒരു വാൻ ഡ്രൈവർ ::
{വത്സമ്മയെ കാണാതായ ദിവസം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലീസ് തയ്യാറാകാത്തതിനെക്കുറിച്ചും രണ്ടാം ദിവസം നൽകിയ പരാതിയിൽ മോഹിതിനെക്കുറിച്ചുള്ള സംശയം പറഞ്ഞതും പോലീസ് വീട് പരിശോധിക്കാത്തതിനെക്കുറിച്ചോക്കെ നേരത്തെ പറഞ്ഞതൊന്ന് ഓർക്കുക}

വത്സമ്മയെ കാണാനില്ല എന്ന പരാതി പോലീസിനു സ്വീകരിക്കേണ്ടിവന്നതും അന്വേഷ്ണം നടത്താതിരിക്കാൻ പറ്റാത്തവിധം ഉന്നതതല സമ്മർദ്ദം പോലീസിനുമേൽ ഉണ്ടാവുകയും ചെയ്തു. വത്സമ്മയുടെ മൃതശരീരം എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിച്ച മോഹിതും സംഘവും അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ഒന്നാം ദിവസം കഴിഞ്ഞ് രണ്ടാം ദിവസം ആയപ്പോഴേക്കും കൂടുതൽ ആളുകൾ വത്സമ്മയുടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെ മോഹിതിനും സംഘത്തിനും മാത്രമായി മൃതശരീരം കൊണ്ടുപോകാനും കഴിയാതായി. ആ പ്രദേശത്തു നിന്ന് ഏതെങ്കിലും വാഹനങ്ങൾ വിളിച്ച് പകൽ സമയത്ത് മൃതശരീരം കയറ്റിക്കൊണ്ട് പോകാൻ കഴിയില്ല. വത്സമ്മ മലയാളി ആയതുകൊണ്ട് അവരെ കാണാതെപോയാൽ അന്വേഷ്ണം പതിവുപോലെ മാത്രമെ ഉണ്ടാവുകയുള്ളൂ എന്ന് കരുതിയാണ് അവർ മോഷ്ണവും കൊലപാതകവും നടത്താൻ തയ്യാറായത്. പക്ഷേ കേന്ദ്രആഭ്യന്തര മന്ത്രാലയവും ഉന്നത പോലിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒക്കെ ഇടപെട്ടത് അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ലോക്കൽ പോലീസിൽ നിന്നുള്ള സഹായം നഷ്ടപ്പെടുന്നു എന്നറിഞ്ഞതോടെ മോഹിതിന്റെ സംഘത്തിലുള്ളവർ പിൻവലിഞ്ഞു. 

വത്സമ്മയുടെ മൃതശരീരം ആഗ്രയിലോ മഥുരയിലോ ഉപേക്ഷിക്കാൻ തീരുമാനിച്ച മോഹിത് അതിനായി ആഗ്രയിൽ നിന്ന് ഒരു വാൻ വിളിച്ചു. രണ്ടാം ദിവസം (16 ആം തീയതി) സന്ധ്യകഴിഞ്ഞാണ് ആഗ്രയിൽ നിന്ന് വണ്ടി വിളിക്കുന്നത്. തന്റെ ബന്ധുവായ സ്ത്രിക്ക് അസുഖം കൂടുതലാണന്നും അവരെ ആശുപത്രിയിൽ കൊണ്ടു പോകണമെന്നും പറഞ്ഞാണ് വാൻ വിളിക്കുന്നത്. ഹാത്രസിൽ നിന്നുള്ള ആളെ ആശുപത്രിയിൽ എത്തിക്കാനായി ഒരാൾ ആഗ്രയിൽ വന്ന് വാൻ വിളിക്കുന്നതിനെക്കുറിച്ച് ഡ്രൈവർ ചോദിച്ചപ്പോൾ താൻ ആഗ്രയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ വാൻ വിളിച്ച് പോയാൽ പെട്ടന്ന് എത്തുമെന്ന് കരുതിയാണ് ആഗ്രയിൽ നിന്ന് വാൻ വിളിക്കുന്നതെന്ന് പറഞ്ഞു.പോകുന്ന വഴിയിൽ  ഇടയ്ക്ക് ബാർ ഹോട്ടലിന്റെ മുന്നിൽ നിർത്തി മോഹിത് മദ്യപിക്കാൻ കയറുകയും ഡ്രൈവറെ ക്ഷണിക്കുകയും ചെയ്തു. വാഹനം ഓടിക്കുമ്പോൾ താൻ മദ്യപിക്കില്ലന്ന് പറഞ്ഞ് ഡ്രൈവർ ഒഴിഞ്ഞുമാറി. ബാറിൽ നിന്ന് തിരികെ വന്ന മോഹിത് സ്പീഡ് കുറച്ച് പോയാൽ മതിയന്ന് ആവശ്യപ്പെട്ടു. അതോടെ ഡ്രൈവർക്ക് സംശയം ആയി. അത്യാസനനിലയിലുള്ള രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടേ എന്ന് ഡ്രൈവർ ചോദിച്ചപ്പോൾ രോഗി മരിച്ചുപോയന്നും ഇനി മൃതശരീരം മോർച്ചറിയിൽ എത്തിച്ചാൽ മതിയന്നും പറഞ്ഞു. വാനിൽ വെച്ചും മോഹിത് മദ്യപിച്ചു. അപ്പോഴും ഡ്രൈവറെ മദ്യപിക്കാൻ നിർബന്ധിച്ചു. അയാൾ ഒഴിഞ്ഞു മാറി. ഇതോടെ അയാൾക്ക് കൂടുതൽ സംശയം ആയി.
മോഹിത് പോലീസ് സ്റ്റേഷനിൽ
ഇതിനിടയിൽ മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് തുടങ്ങിയ മോഹിത് തനിയെ പറയുന്ന കാര്യങ്ങൾ ഡ്രൈവർ ശ്രദ്ധിച്ചു. ഞാനവരെ കൊന്നു,എല്ലാം മോഷ്ടിച്ചു, ഇനി കത്തിച്ച് കളയും, എല്ലാവനെയും കൊല്ലും,ഞാൻ രക്ഷപ്പെടും എന്നൊക്കെ മോഹിത് പുലമ്പുന്നത് ഡ്രൈവർ കേട്ടു. ഇതിനിടയിൽ ഡ്രൈവർ വാനിന്റെ ഉടമസ്ഥനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എവിടെയെങ്കിലും പോലീസിനെ കണ്ടാൽ വാൻ നിർത്തി അവരോട് കാര്യങ്ങൾ പറയാൻ വാനിന്റെ ഉടമസ്ഥൻ ഡ്രൈവറോട് പറഞ്ഞു. സമയം രാത്രിയായിരുന്നു, വാൻ ഹാത്രസിൽ എത്തിയിരുന്നു. ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് കേട്ടിട്ട് മോഹിത് അയാളെ ആക്രമിക്കാൻ ശ്രമിച്ചു. മദ്യപിച്ച് ബോധം പോയതുകൊണ്ട് ആക്രമണം തടയാൻ ഡ്രൈവർക്കായി. പോലീസ് ഔട്ട്പോസ്റ്റിനു മുന്നിൽ പോലീസ് ജീപ്പും പോലീസുകാരും നിൽക്കുന്നത് ഡ്രൈവർ കണ്ടു. അയാൾ വാൻ പോലീസ് ഔട്ട്പോസ്റ്റിനു മുന്നിൽ നിർത്തി. വാൻ നിർത്തിയത് കണ്ട് മോഹിത് വാൻ തുറന്ന് രക്ഷപെടാൻ ശ്രമിച്ചു എങ്കിലും ഡ്രൈവർ അയാളെ പിടിച്ചു, തന്നെ ഇയാൾ കൊല്ലാൻ ശ്രമിച്ചു എന്നും അയാൾ അബോധാവസ്ഥയിൽ പറഞ്ഞ കാര്യങ്ങളും ഒക്കെ ഡ്രൈവർ  ആ പോലീസുകാരോട് പറഞ്ഞു. ആ പോലീസ് സംഘത്തിലുള്ള ചിലർ വത്സമ്മയെ കാണാതായതിനെക്കുറിച്ച് അറിവുള്ളവർ ആയിരുന്നു. അവർ പെട്ടന്ന് തന്നെ അവരുടെ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു.( വത്സമ്മയെ കാണാനില്ല എന്ന പരാതി കൊടുത്ത സ്റ്റേഷനല്ല). അവർ വന്ന് മോഹിതിനെ അവരുടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഹിതിനെ ചോദ്യം ചെയ്തതോടെ മോഷ്ണവും കൊലപാതകവും മൃതശരീരം ഉപേക്ഷിക്കാനുള്ള പദ്ധതിയും ഒക്കെ അയൾ സമ്മതിച്ചു.

ലോക്കൽ പോലീസ് കുറ്റവാളികളുടെ സഹായികൾ ???
വത്സമ്മയെ കാണാതായ ദിവസം മുതൽ ലോക്കൽ പോലീസിൽ നിന്നുണ്ടായ അനുഭവങ്ങൾ അവർ വേട്ടക്കാർക്ക് വേണ്ടി നിൽക്കുന്നതോടൊപ്പം ഇരയ്ക്ക് വേണ്ടി/നീതിക്കു വേണ്ടി വാദിക്കുന്നവരെ ഭയപ്പെടുത്തുന്നു എന്നതായിരുന്നു. ഇതാ ലോക്കല്‍ പോലീസിന്റെ ചില പ്രവൃത്തികൾ

1.ആദ്യം ദിവസം പരാതി നൽകിയപ്പോൾ അത് സ്വീകരിക്കാതിരിക്കുകയും പിന്നീട് രക്തബന്ധമുള്ളവർ നൽകുന്ന പരാതിയേ സ്വീകരികുകയുള്ളൂ എന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ആദ്യം ദിവസം സ്വീകരിച്ച പരാതി പോലീസ് വലിച്ചു കീറി കളയുകയും ചെയ്തു. 

2.രണ്ടാം ദിവസം വീണ്ടും നൽകിയ പരാതിയിൽ പോലീസ് തിരുത്തലുകൾ വരുത്താൻ ശ്രമിച്ചു.

3. വത്സമ്മ(യെ) 15 ആം തീയതി വീട്ടിലേക്ക് പോകുന്ന സമയത്ത് കണ്ടു എന്ന് പറഞ്ഞ സ്ത്രിയേയും കച്ചവടക്കാരനയും കുഴപ്പിച്ച് മറ്റൊരു ദിവസമാണ് അവർ വത്സമ്മയെ കണ്ടത് എന്ന് പറയിപ്പിക്കാൻ പോലീസ് ശ്രമിച്ചു.

4. വത്സമ്മയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച വീട്(മോഹിതിന്റെ വീട്) പരിശോധിക്കാനോ അവിടെയുള്ളവരെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. ആ വീട്ടീൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സ്ഥിതിക്ക് സ്വാഭാവികമായി പോലീസ് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ പാടില്ലാത്തതതാണ്. പക്ഷേ പോലീസ് ആ വീട് പരിശോധിച്ചില്ല(ആ വീട്ടിൽ നിന്നു തന്നെയാണ് മണിക്കൂറുകൾ കഴിഞ്ഞ് പോലീസ് മൃതശരീരം എടുത്തത്)

5. 16 ആം തീയതി മറ്റ് വീടുകളിൽ പോലീസ് ചെന്നെങ്കിലും മോഹിതിന്റെ വീട് പോലീസ് ഒഴിവാക്കി. താഴിട്ട് വീട് പൂട്ടിയിരിക്കുകയാണന്നാണ് വീട് പരിശോധിക്കാതിരിക്കാൻ കാരണം പറഞ്ഞത്. അതിനു തൊട്ട്മുമ്പുവരെ ആ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടൂം പോലീസ് വരുന്നത് അറിഞ്ഞ് വീട് പൂട്ടിയെങ്കിൽ ആ വീട് പരിശോധിക്കാതിരിക്കുകയാണോ പോലീസ് ചെയ്യുന്നത്? സംശയകരമായ സാഹചര്യം ഉണ്ടായപ്പോൾ ആ വീടിന്റെ താഴ് തകർത്ത് പരിശോധിക്കാൻ പോലീസിനു കഴിയുമായിരുന്നു. താഴിട്ട് പൂട്ടിയ വീട് പരിശോധിക്കണമെങ്കിൽ 'ഓർഡർ' വേണമെന്നും അത് വാന്ങി പരിശോധന നടത്തുമെന്നും പറഞ്ഞ് പോയ പോലീസ് തിരികെ എത്തുന്നത് രാത്രിയിലാണ്.

7. രാത്രിയിൽ വത്സമ്മയുടെ വീട്ടിൽ എത്തിയ ഇൻസ്പെകടറും സംഘവും പറഞ്ഞത്, ബീന പൗരുഷിന്റെ (മോഹിതിന്റെ) വീട് പരിശോധിച്ചു എന്നും അവിടെ സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല എന്നുമാണ്. എല്ലാമുറിയും പരിശോധിച്ചോ എന്ന് ചോദിച്ചപ്പോൾ എല്ലാ മുറിയും പരിശോധിച്ചന്നും അവിടെ ഒന്നും ഇല്ലന്നും അയൽവാസികളായ നിങ്ങൾ അവരെ സംശയിച്ചത് തെറ്റായിപ്പോയി എന്നും ഇൻസ്പെക്ടർ പറഞ്ഞു. (ഇതിനുശേഷം രണ്ട് മൂന്ന് മണിക്കൂറുകൾക്കകം ആ വീട്ടിൽ നിന്ന് പോലീസ് വത്സമ്മയുടെ മൃതശരീരം എടുത്തു). [പിന്നീട് മൃതശരീരം ഈ വീട്ടിൽ നിന്ന് എടുത്തു കഴിഞ്ഞപ്പോൾ വത്സമ്മയുടെ മകൾ ഇൻസ്പെക്ടറോട് ചോദിച്ചു

8. വത്സമ്മയുടെ ഭർത്താവോ മക്കളോ ബന്ധുക്കളോ ആവശ്യപ്പെടാതെ 'സംരക്ഷണം' എന്ന പേരിൽ രണ്ട് പോലീസുകാരെ വത്സമ്മയുടെ വീടിനു മുന്നിൽ നിർത്തിയിട്ടാണ് ഇൻസ്പെക്ടർ പോയത്. മോഹിതിന്റെ വീടിന്റെ അടുത്തും രണ്ട് പോലീസുകാർ ഈ സമയം തന്നെ ഉണ്ടായിരുന്നു. വത്സമ്മയുടെ ബന്ധുക്കളുടെ നീക്കങ്ങൾ അറിയാൻ വേണ്ടിയുള്ളഇൻസ്പെക്ടറുടെ ഒരു ശ്രമമായിരുന്നു ഇത് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ബന്ധുക്കൾ ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നു എന്നറിഞ്ഞതോടെ 'സംരക്ഷണ'ത്തിനു വന്ന പോലീസ് തിരികെ പോയി.

9. മോഹിതിന്റെ വീട്ടിൽ നിന്ന് വത്സമ്മയുടെ മൃതശരീരം പോലീസ് മാറ്റുന്നത് രാത്രിയിൽ തന്നെയാണ്. സാധാരണ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസിനെ 'സ്പോട്ടിന്' കാവൽ ഏൽപ്പിക്കുകയും പകൽ സമയത്ത് മൃതശരീരം എടുക്കുകയും ആണ് ചെയ്യുന്നത്. പക്ഷേ ആരും അറിയാതെ പോലീസ് മൃതശരീരം മാറ്റി(മോഹിതിന്റെ വീട്ടിൽ നിന്ന് എടുത്തു).- [പകൽ സമയത്ത് മൃതശരീരം എടുത്താൽ ജനങ്ങൾ അക്രമാശക്തരാകുമെന്നും അവർ പോലീസിനെയും പ്രതിയെയും ആക്രമിക്കാൻ സാധ്യതയുള്ളതുകൊണ്ടുമാണ് രാത്രിയിൽ തന്നെ മൃതശരീരം എടുത്തത് എന്നാണ് ലോക്കല്പോലീസിന്റെ വിശദീകരണം]

10.മൃതശരീരം എടുക്കുന്നതിനു മുമ്പ് നൂറുമീറ്റർ ദൂരത്തിൽ മാത്രം താമസിക്കുന്ന വത്സമ്മയുടെ കുടുംബാംഗങ്ങളെ അറിയിച്ചില്ല. പിന്നീടാണ് വത്സമ്മയുടെ കുടുംബാംഗങ്ങളെ പോലീസ് അറിയിക്കുന്നത്.

11. മൃതശരീരം ആ വീട്ടിൽ നിന്ന് മാറ്റുന്നതിനു മുമ്പ് സ്വീകരിക്കേണ്ട നിയമപരമായ ഒരു കാര്യവും ചെയ്യാൻ പോലീസ് ശ്രമിച്ചില്ല. മൃതശരീരം എടുക്കുന്നതിനുമുമ്പ് വ്യക്തമായ ഫോട്ടോകൾ/വീഡിയോ എടുക്കെണ്ടതാണങ്കിലും അതുണ്ടായിട്ടില്ല. {അവ്യക്തമായ ഫോട്ടോകൾ ആണ് പോലീസിന്റെ കൈവശം ഉണ്ടായിരുന്നത്. രാത്രി ആയതുകൊണ്ടാണ് ഫോട്ടോ അവ്യക്തമായി ഇരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞത്.}. പോലീസ് എടുത്ത ഫോട്ടോകളിൽ ഒന്നിൽ പോലും മുഖം വ്യക്തമായിരുന്നില്ല. 

12. വത്സമ്മയുടെ മൃതശരീരം എടൂത്തതിനുശേഷം ബീന പൗരുഷിന്റെ(മോഹിതിന്റെ) വീട് പോലീസ് സീൽ ചെയ്തിരുന്നില്ല. 

13. ബീന പൗരുഷ് കുറ്റക്കാരിയല്ല എന്ന് പറഞ്ഞുകൊണ്ട് പോലീസ് അവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ല. അതിനെക്കുറിച്ച് പോലീസിനോട് വത്സമ്മയുടെ മകൾ ചോദിച്ചപ്പോൾ മോഹിതിന്റെ വീട്ടിൽ നിന്ന് മൃതശരീരം എടുക്കുന്നത് നിങ്ങൾ കണ്ടോ ആരാ വത്സമ്മയെ കൊലപ്പെടുത്തിയതന്ന് നിങ്ങൾക്ക് പറയേണ്ട കാര്യമില്ല എന്നൊക്കെ പറഞ്ഞ് ഇൻസ്പെക്ടർ തട്ടിക്കയറുകയാണ് ചെയ്തത്.

14. ബീനാ പൗരുഷിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാതെ അവർക്ക് രക്ഷപെടാൻ ആവശ്യത്തിനു സമയം പോലീസ് നൽകി.

15. ജനങ്ങൾ ഉപരോധ സമരവുമായി മുന്നോട്ട് വന്നപ്പോൾ പ്രാദേശിക വികാരം ഇളക്കി നാട്ടുകാരെ പിന്തിരിപ്പിക്കാൻ ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നു. 

{ഇതിൽ പോലീസുകാർ എന്ന് പറയുന്നത് വത്സമ്മയുടെ വീട് ഉൾപ്പെടുന്ന സ്ഥലം അധികാരപരധിയായുള്ള പോലീസ് സ്റ്റേഷനിലെ(വത്സ്മ്മയെ കാണാനില്ല എന്ന പരാതി അന്വേഷിക്കുന്ന സ്റ്റേഷനിലെ) ഇൻസ്പെക്ടറും പോലീസുകാരും ആണ്.} 

:: അന്വേഷ്ണം പുതിയ പോലീസ് സംഘത്തിന് ::
17 ആം തീയതി രാത്രിയോടെ വത്സമ്മയുടെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ അടക്കം ചെയ്തു. പരാതി നൽകിയപ്പോൾ തന്നെ പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ മൃതശരീരം നാട്ടിൽ എത്തിച്ച് അടക്കം ചെയ്യാൻ കഴിയുമായിരുന്നു. പരാതി നൽകിയിട്ടും അത് സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച ലോക്കൽ പോലീസിനെതിരെ ജനരോഷം ഉയർന്നു. പതിനഞ്ചാം തീയതി ബീന പൗരുഷ് പോലീസ് സ്റ്റേഷനിൽ നിൽക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ബീന പൗരുഷിനെ സഹായിക്കാൻ തന്നെ ആയിരിക്കണം പോലീസ് ആദ്യം പരാതി സ്വീകരിക്കാതിരുന്നത്. ആരോപണ വിധേയനായ പോലീസ് ഇൻസ്പെക്ടർ വിജേന്ദർ സിംഗിനയും മൂന്ന് പോലീസുകരയും സസ്പെൻഡ് ചെയ്യുകയും ബീനാ പൗരുഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു.

ഹാത്രസിലെ എസ്.പി. മലയാളിയായ ഹാപ്പി ഗുപ്തന്‍ ആയിരുന്നു. നിർഭാഗ്യത്തിന് അവർ ആ സമയം അവധിയിലായിരുന്നു. അവർ തിരിച്ചു ചാർജ് എടൂത്തതിനു ശേഷം കേസ് അന്വേഷ്ണത്തിനായി പുതിയ പോലിസ് സംഘത്തെ ചുമതലപ്പെടുത്തി.

:: തെളിവുകൾ നശിപ്പിക്കാൻ വീണ്ടും പോലീസ് സഹായം ::
17 ആം തീയതി ബീനാ പൗരിഷിന്റെ(മോഹിതിന്റെ) വീട്ടിൽ നിന്ന് പോലിസ് വത്സമ്മയുടെ മൃതശരീരം കണ്ടെടുത്തു എങ്കിലും ആ വീട് പൂട്ടി സീൽ ചെയ്തിരുന്നില്ല. 18 ആം തീയതി വൈകുന്നേരം ആയപ്പോഴേക്കും നാട്ടൂകാരിൽ ചിലർ വത്സമ്മയുടെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു, പോലീസുകാരാണന്ന് പറയുന്ന ചിലർ മോഹിതിന്റെ വീട്ടിൽ എത്തി വീടൊക്കെ കഴുകാൻ തുടന്ങുന്നു എന്നും നാട്ടുകാർ ചോദിച്ചപ്പോൾ തെളിവെടുപ്പാണന്ന് പറഞ്ഞ് നാട്ടുകാരെ അവിടെ നിന്ന് മാറ്റി നിർത്തുകയും അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും അവർ ആരും പോലീസ് യൂണിഫോമിൽ അല്ലന്നും. ആ കൂട്ടത്തിലുള്ള ഒരാൾ പോലീസുകാരനാണന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. വത്സമ്മയുടെ മകളും ചില ബന്ധുക്കളും ഉടൻ തന്നെ അവിടേക്ക് പോയി. അവരുടെ ഗലിയിൽ ഉള്ളവരും അവരോടൊപ്പം അവിടേക്ക് പോയി.ജൻസിയും(വത്സമ്മയുടെ മകള്‍) ബന്ധുക്കളും വരുന്നതറിഞ്ഞ ഉടനെ തെളിവെടുപ്പിന് വന്നതാണന്ന് പറഞ്ഞ് നാട്ടുകാരെ  മാറ്റി നിർത്തിയ 'പോലീസുകാർ' അവിടെ നിന്ന് ഓടിപ്പോയി. 

ജൻസി ഉടൻ തന്നെ എസ്.പിയെ വിളിച്ചു കാര്യം പറഞ്ഞു. അടുത്ത കടയിൽ നിന്ന് ലോക്ക് വാന്ങി ജൻസി ആ വീടിന്റെ വാതിൽ പൂട്ടി. രാത്രിയിൽ എസ്.പിയും പോലീസുകാരും മോഹിതിന്റെ വീട്ടിൽ എത്തുകയും (ജൻസി താക്കൊൽ എസ്പിക്ക് നൽകി)വീട് പരിശോധിക്കുകയും ചെയ്തു. ഒരു മുറിയുടെ ഷേഡിലെ ഇഷ്ടികക്ക് ഇടയിൽ ഒളിപ്പിച്ച നിലയിൽ വത്സമ്മയുടേ മാലയിലെ ലോക്കറ്റ് കണ്ടത്തുകയും  ചെയ്തു.നീതി ലഭിക്കാൻ വേണ്ടി കുറ്റവാളികളെ കണ്ടത്തുകയും തെളിവുകൾ നശിക്കപ്പെടാതിരിക്കാൻ അവ സംരക്ഷിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമാണ്??? 

:: മോഹിതിന്റെ വെളിപ്പെടുത്തലുകൾ ::
വത്സമ്മയെ കൊലപ്പെടുത്താനും മോഷ്ണം നടത്താനും കുറേ നാളായി മോഹിതും സംഘവും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോഷ്ണം നടത്തി കിട്ടൂന്ന പണം കൊണ്ട് ആയുധങ്ങൾ വാങ്ങാനും കൂടുതൽ സംഘാംഗങ്ങളെ കൂട്ടി ഹാത്രസ് പ്രദേശത്തുള്ള പണക്കാരുടെ വീടുകളിൽ കൊള്ളയടിക്കുക എന്നുള്ളതായിരുന്നു പദ്ധതി. ഡൽഹി-ആഗ്ര ഹൈവേയിൽ കൂടി പോകുന്ന വാഹനങൾ കൊള്ളയിട്ട് പണം ഉണ്ടാക്കുക ആയിരുന്നു ആദ്യ പദ്ധതിയെങ്കിലും പിടിക്കാപെടാനുള്ള സാധ്യത കൂടുതലായതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് വത്സ്മ്മയുടെ സ്വർണ്ണാഭരണങ്ങൾ കവരാൻ പദ്ധതി ഉണ്ടാക്കുന്നത്. ഇതിനെല്ലാം മകന് പിന്തുണ നൽകികൊണ്ട് മാതാവായ ബീന പൗരുഷും ഉണ്ടായിരുന്നു.(ഠാക്കൂർ വിഭാഗത്തിൽ പെട്ട ബീന പൗരുഷിന്റെ ആഗ്രഹമായിരുന്നു മകനെ വലിയ ഗുണ്ടയും മകളെ ഗുണ്ടിയും ആക്കുക എന്നുള്ളത്). ആഗസ്റ്റിൽ മോഷ്ണം നടത്തിക്കഴിഞ്ഞ് ആയുധങ്ങൾ വാങ്ങി തണുപ്പുകാലമായ ഡിസംബർ-ഏപ്രിൽ കാലയളവിൽ മറ്റുള്ള വീടുകൾ കൊള്ളചെയ്യാൻ കഴിയും എന്നായിരുന്നു ഇവരുടെ കണക്കു കൂട്ടലുകൾ. അതിനുവേണ്ടി മോഹിതും സംഘവും വത്സമ്മയെ പിന്തുടരുകയായിരുന്നു. വത്സമ്മ ജോലി കഴിഞ്ഞ് വരുന്ന സമയം കണക്കു കൂട്ടി മോഹിതും സംഘവും ഒരുദിവസം കെണി ഒരുക്കി കാത്തിരുന്നെങ്കിലും അന്ന് വത്സമ്മ നടന്നു വരാതെ സൈക്കിൾ റിക്ഷയ്ക്ക് വന്നതുകൊണ്ട് ആ ദിവസം പദ്ധതി നടന്നില്ല. വത്സമ്മ കൊല്ലപ്പെടൂന്നതിനു തലേ ദിവസവും മോഹിതും സംഘവും വത്സമ്മയെ പിന്തുടർന്ന് ജോലിസ്ഥലത്ത് എത്തിയിരുന്നു. ആൾക്കാരുടെ തിരക്കുകാരണം അന്നും 'പദ്ധതികൾ' നടപ്പിലാക്കാൻ കഴിഞ്ഞില്ല. ആഗസ്റ്റ് പതിനഞ്ചിന് മോഹിതിനും സംഘത്തിനും തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ സാധിചു എങ്കിലും രക്ഷപെടാൻ കഴിഞ്ഞില്ല. വത്സമ്മയെ കൊലപ്പെടുത്തിയതിൽ മോഹിതിന്റെ സംഘത്തിൽ തന്നെ ഭിന്നത ഉണ്ടായന്നും സംഘാഗങ്ങളിൽ ചിലരെ ആയിരം രൂപ കൊടൂത്ത് ഒഴിവാക്കിയന്നും (ആയിരം രൂപ വാന്ങി അവർ പോയന്നും) മോഹിത് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റി മോഹിത് പോലീസ് സംഘത്തെ കുഴപ്പിച്ചിരുന്നു. തന്റെ സംഘത്തിൽ ഉള്ളതായി പറഞ്ഞ് ഒരാളുടെ അഡ്രസ് നൽകിയെങ്കിലും ആ അഡ്രസിൽ അന്വേഷിച്ചു പോയ പോലീസിനു അങ്ങനെ ഒരാളെ കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തനിക്ക് വ്യക്തി വൈരാഗ്യം ഉള്ളവരുടെ പേരുകളും തന്റെ സംഘാഗങ്ങളായി മോഹിത് പറഞ്ഞിരുന്നു. അവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു എങ്കിലും പിന്നീട് വിട്ടയിച്ചു.

ആഗസ്റ്റിൽ മോഷ്ണം നടത്താൻ കഴിഞ്ഞില്ലങ്കിൽ തണുപ്പുകാലത്ത് മോഷ്ണം നടത്താന്‍ അവർ തീരുമാനിച്ചിരുന്നു. വെളുപ്പിനെ പാൽ വാങ്ങാൻ പോകുന്ന പതിവ് വത്സമ്മയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാൻ ബുദ്ധിമുട്ടുള്ള തണുപ്പുകാലത്ത് മോഷ്ണം നടത്താൻ ബുദ്ധിമുട്ടേണ്ടിവരില്ലന്ന് അവർക്കറിയാമായിരുന്നു. ഇരുപന്തഞ്ച് വർഷമായി താമസിക്കുന്ന സ്ഥലം ആയതുകൊണ്ടൂം, സ്ഥലവാസികൾക്ക് 'ആശ' അയിരുന്നതുകൊണ്ടും ആരുമായും ഒരു പ്രശ്നവും ഉണ്ടാകാതിരുന്ന ആളായതുകൊണ്ടൂം എല്ലാവർക്കും പരിചിത ആയതുകൊണ്ടും ആർക്കും എന്ത് സഹായവും തേടി എപ്പോൾ ചെല്ലാവുന്നതായതുകൊണ്ട് ഒറ്റയ്ക്കുള്ള താമസവും യാത്രയും വത്സ്മ്മയ്ക്ക് ഭയമുള്ളതായിരുന്നില്ല. എങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ക്വാർട്ടേഴ്സിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയത്തായിരുന്നു ദുരന്തം അവർക്കുണ്ടായത്.

:: ബീനാ പൗരുഷിനായി അന്വേഷ്ണം ::
പതിനാറാം തീയതി വൈകുന്നേരം വരെ അവരുടെ വീട്ടിൽ ഉണ്ടായിരുന്ന ബീനാ പൗരുഷ് അന്നു രാത്രിയിൽ തന്നെ അവിടെ നിന്ന് പോയി. പോലീസിൽ നിന്നും മറ്റും അവർക്ക് അതിനുള്ള സഹായം ലഭിച്ചിരുന്നു എന്നു വേണം കരുതാൻ. മോഹിത് പിടിയിലായാൽ അതുകൊണ്ട് കേസ് അന്വേഷ്ണം അവസാനിപ്പിക്കാൻ കഴിയും എന്ന് ലോക്കൽ
ബീന പൗരുഷിനായി പോലീസ് ഇറക്കിയ
നോട്ടീസ്
പോലീസിൽ നിന്നുള്ള ഉറപ്പ് ബീനയ്ക്ക് ലഭിച്ചിരിക്കണം. ബീനയോ ബീനയ്ക്ക് വേണ്ടി മറ്റാരോ പോലീസ്കാർക്ക് പണം നൽകിയന്ന് ആളുകൾ പറഞ്ഞിരുന്നു. മോഹിതിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ബീനയെ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകൾ കണ്ടിരുന്നു. ഇരുപതോളം കേസുകളിൽ പ്രതിയായ മോഹിത് പിടിക്കപ്പെട്ടാൽ ഉടനെ കേസുകളിൽ നിന്ന് 'ഊരിക്കൊണ്ടു പോകാൻ' ആരോ അവരെ സഹായിച്ചിരുന്നു. ആ ആൾ തന്നെ ആയിരിക്കണം ഇപ്പോഴും ലോക്കൽ പോലീസുമായി 'ഇടപാടുകൾ' നടത്തിയത്. വത്സമ്മ മലയാളി ആയതുകൊണ്ട് കേസും അന്വേഷ്ണവും ഉണ്ടാവില്ലന്നാണ് അവർ കരുതിയത്. ഹാത്രസ് പരിസരങ്ങളിൽ തന്നെ പോലീസിനു കീഴടങ്ങാതെ ബീന കഴിഞ്ഞു എങ്കിലും  ലോക്കൽ പോലീസിൽ നിന്ന് അന്വേഷ്ണം അഡീഷ്ണൽ എസ്.പിയുടെ മേൽനോട്ടത്തിലേക്ക് മാറ്റിയത് അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. രണ്ട് ഇൻസ്പെക്ടർമാരെയും പോലീസുകാരയും സസ്പെൻഡു ചെയ്തതോടെ രക്ഷപെടാനുള്ള വഴികളൊക്കെ അടഞ്ഞു എന്ന് മനസിലാക്കിയ ബീന പൗരുഷ് ഒളിവിലായി.{രാഷ്ട്രീയ പാർട്ടികളുമായി അവർക്ക് ബന്ധമുണ്ടന്നും രാഷ്ട്രീയ നേതാക്കളാണ് അവരെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾ പറഞ്ഞു. അവര്ക്ക് വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലന്ന് രാഷ്ട്രീയ നേതാക്കൾ തന്നെ പറഞ്ഞു. കേസ് കൂടുതൽ മാധ്യമ ശ്രദ്ധ നേടിയതും കേരളത്തിൽ നിന്നുള്ള എം.പിമാരും ഭരണകക്ഷിയായ എസ്.പി യുടെ ജനറൽ സെക്രട്ടറി എത്തിയതും ഒക്കെ രാഷ്ട്രീയ നേതാക്കൾ ബീന പൗരുഷിനെ സംരക്ഷിക്കാതിരിക്കാൻ കാരണമായിരിക്കാം}  

:: ബീനാ പൗരുഷും പോലീസ് പിടിയിൽ ::
പോലീസ് ബീനാ പൗരുഷിനു വേണ്ടി 'ലുക്ക് ഔട്ട്' നോട്ടീസ് പുറത്തിറക്കി.ഹാത്രസ് ജില്ലയിൽ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രി കുറ്റവാളിക്ക് വേണ്ടി 'ലുക്ക് ഔട്ട്' നോട്ടീസ് പുറത്തിറക്കുന്നത്. ബീനാ പൗരുഷിനെക്കൂറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ₹2500/- രൂപ നൽകുമെന്നുള്ള 'വാണ്ടഡ്' നോട്ടീസ് പോലീസ് എല്ലായിടത്തും പതിപ്പിച്ചു. ബീനാ പൗരുഷിന്റെ മൊബൈൽ ഫോണ് സിഗനലുകൾ  പോലീസ് ട്രയിസ് ചെയ്തിരുന്നു,ഇടയ്ക്കിടയ്ക്ക് സിഗനലുകൾ കിട്ടിയിരുന്ന സ്ഥലങ്ങളിലേക്ക് പോലീസ് എത്തുന്നതിനു മുമ്പ് അവർ വിദഗ്ധമായി രക്ഷപെട്ടിരുന്നു.  'വാണ്ടഡ്' നോട്ടീസ് പുറത്തിറങ്ങിയതോടെ ഫോണിൽ നിന്ന് സിഗ്നലുകൾ ഒന്നും ലഭിക്കാതായി.മഥുര ഭാഗത്തേക്ക് അവർ പോയതായി ചില സൂചനകൾ ലഭിച്ചതോടെ
ബീന പൗരുഷിനെ പോലീസ് സ്റ്റേഷനിൽ
കൊണ്ടൂവരുന്നു
പോലീസ് തീർത്ഥാടക കേന്ദ്രങ്ങളിലേക്ക് അന്വേഷ്ണം വ്യാപിപ്പിച്ചു. മഥുരയിലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്.ബീനയെ അറസ്റ്റ് ചെയ്ത വിവരം ചോരാതിരിക്കാൻ പോലീസ് ശ്രദ്ധിച്ചു. മറ്റൊരു ഇടപെടലുകളും ഉണ്ടാവാതിരിക്കാൻ രഹസ്യകേന്ദ്രത്തിൽ വെച്ചുള്ള ചോദ്യം ചെയ്യലും അറസ്റ്റ് രേഖപ്പെടുത്തലും കഴിഞ്ഞതിനു ശേഷമാണ് ബീന പോലീസ് പിടിയിലായത് പുറത്ത് അറിഞ്ഞത്. പോലീസ് പിടിയിലാകുമ്പോൾ വത്സ്മ്മയുടെ വെള്ളി പാദസ്വരവും സ്വർണ്ണാ കമ്മലുകളും ബീനയുടെ കൈവശം ഉണ്ടായിരുന്നു.

മോഹിതിന്റെ മൊഴി അനുസരിച്ച് അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് താൻ വത്സമ്മയെ കൊലപ്പെടുത്തിയത്. ആഭരണങ്ങൾ എടുത്തതിനു ശേഷം ജീവനോടെ വിട്ടാൽ വത്സമ്മ പോലീസിൽ പരാതി പറയുകയും തങ്ങൾ പിടിയിലാവുകയും ചെയ്യും എന്നുള്ളതുകൊണ്ട് വത്സമ്മയെ കൊലപ്പെടുത്താൻ നിർദ്ദേശിച്ചതും നിനിര്‍ബന്ധിച്ചതും അമ്മയായ ബീന പൗരുഷ് ആണ്. ബീന പൗരുഷിന്റെ മൊഴി തിരിച്ചായിരുന്നു. മകന്റെ പദ്ധതിയൊന്നും തനിക്കറിയില്ലായിരുന്നുവെന്നും വത്സമ്മയെ താൻ വിളിക്കുകമാത്രമാണ് ചെയ്തതന്നും ബീന പറഞ്ഞു. മകൻ തന്നെ കൊല്ലുമെന്ന് ഭീഷ്ണീപ്പെടുത്തിയന്നും അവരോടൊപ്പം നിന്നില്ലങ്കിൽ മകളെ കൊല്ലുമെന്ന് പറഞ്ഞെന്നും അതുകൊണ്ടാണ് താൻ കൊലപാതകത്തിനു കൂട്ടുനിന്നതെന്നും ബീന പോലീസിനോട് പറഞ്ഞു. രണ്ടു പേരും വ്യക്തമായ കണക്കുകൂട്ടലുകളൊടെ തന്നെയാണ് വത്സമ്മയെ വിളിച്ചതും കൊലപാതകത്തിനു ശേഷം മോഷ്ണം നടത്തിയതും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. 

വത്സമ്മ തോമസ് രമൺപൂർ നിവാസികൾക്ക് ആരായിരുന്നു?
ഇരുപതാമത്തെ വയസിൽ യുപിയിൽ നഴ്സായി എത്തിയ വത്സമ്മ തോമസ് വിവാഹ ശേഷം കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം കണക്കിലെടൂത്താണ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഒഴിവാക്കി രമൺപൂറിൽ താമസം തുടങ്ങുന്നത്. അന്നുമുതൽ രമൺപൂർ നിവാസികളിൽ ഒരാളായി തന്നെ ആയിരുന്നു അവരുടെ ജീവിതം. അസുഖങ്ങൾ വരുമ്പോൾ പകൽ രാത്രി വെത്യാസം ഇല്ലാതെ അവരാദ്യം എത്തിയിരുന്നത് തങ്ങളുടെ 'ആശ*'യുടെ അടുത്തേക്ക് ആയിരുന്നു. ഏത് പാതിരാത്രിയിൽ ചെന്ന് വിളിച്ചാലും ആശ അവരോടൊപ്പം 'അമ്മയേയും കുഞ്ഞിനേയും' എടുക്കാൻ ചെല്ലുമായിരുന്നു. ഡോക്ടറെക്കാൾ വിശ്വാസമായിരുന്നു അവർക്ക് തങ്ങളുടെ 'ആശ'യെ. രണ്ട് തലമുറയുടെ ജനനം ആണ് വത്സമ്മയുടെ കൈകളിലൂടെ ആ ഗലിയിലും രമൺപൂറിലും നടന്നത്. തന്റെ കൈകളിലേക്ക് ജനിച്ചുവീണ ചില കുട്ടികൾ ഓടിക്കളിക്കുമ്പോൾ വത്സമ്മ അവരോട് പറയുമായിരുന്നു , നിന്റെ അച്ഛനും/അമ്മയും ഈ കൈകളിലേക്ക് തന്നയാ ജനിച്ചു വീണത്. എപ്പോൾ വേണമെങ്കിലും രോഗികളെ നോക്കാൻ 'ആശ' തയ്യാറായിരുന്നു. ആ സഹായ മനസ്ഥിതി  തന്നെയായിരുന്നു അവരുടെ ദാരുണ അന്ത്യത്തിന് കൊലപാതകികൾ ചൂഷ്ണം ചെയ്തതും... തങ്ങളുടെ ആശയെ/ വത്സമ്മ ദീദിയെ/ആന്റിയെ  കാണാതായത് അറിഞ്ഞപ്പോൾ നാട്ടുകാർ ഒന്നായി അന്വേഷിക്കാൻ ഇറങ്ങിയതും പോലീസ് കൊലപാതകികൾക്ക് പക്ഷം പിടിച്ചപ്പോൾ പോലീസിനെതിരായി നിൽക്കാനും നാട്ടുകാർ തയ്യാറായെങ്കിൽ ആ മനുഷ്യർ എത്രമാത്രം അവരുടെ ദീദിയെ സ്നേഹിച്ചിരുന്നു!!!

പ്രാദേശികവേർതിരിവും, ജാതിയുംമതവും സമുദായവും ഒക്കെ പറഞ്ഞ് ചിലർ നാട്ടുകാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവർ തങ്ങളുടെ ദീദിക്ക് വേണ്ടി /ദീദിയുടെ കുടുംബത്തിനു  നീതി കിട്ടാൻ വേണ്ടി ഒരുമിച്ച് നിന്നു. ആശയുടെ/ദീദിയുടെ ആത്മാവിനു വേണ്ടി അവർ തങ്ങളുടെ ക്ഷേത്രങ്ങളിൽ പൂജയും ചടങ്ങുകളും നടത്തിയത് അവർ എത്രമാത്രം ആശയെ സ്നേഹിച്ചിരുന്നു എന്നതിനുദാഹരണം ആയിരുന്നു.

*ആശ- ഗ്രാമങ്ങളിൽ ആരോഗ്യകാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകാനും, സ്ത്രികൾളുടെ ആരോഗ്യസംരക്ഷണത്തിനും  മറ്റും സർക്കാർ നിയമിച്ച നഴ്സുമാരെയാണ് ആശ എന്ന് വിളിക്കുന്നത്. 

:: നീതി കിട്ടാൻ ഇരകൾ സമരം ചെയ്യണം ::
ഉയർന്ന ജാതിയും താണ ജാതിയും തമ്മിലുള്ള വേർതിരിവ് , ജാതി-മത-സമുദായ-രാഷ്ട്രീയം ഒക്കെയായി കിടക്കുന്ന ഉത്തർപ്രദേശ് സാമൂഹിക പശ്ചാത്തലത്തിൽ പലപ്പോഴും 'നിയമം' കൈയ്യൂക്കുള്ളവന്റേതാണ്. നിയമപാലകർ നിശബ്ദ്ദരാവുകയോ നിശബ്ദ്ദരാക്കപ്പെടുകയോ ചെയ്യുന്നു. വേട്ടക്കാരെക്കാൾ താഴെയാണ് ഇരയുടെ സാമൂഹിക സ്ഥാനം എങ്കിൽ നിയമം വേട്ടക്കാരനുവേണ്ടിയുള്ളതായിരിക്കും. അല്ലങ്കിൽ ഇരയ്ക്ക് നീതി ലഭ്യമാകണമെങ്കിൽ പോരാടാനും നിയമപാലകരെ നിയമവഴിയിലേക്ക് എത്തിക്കാനും ആൾ ഉണ്ടാവണം. നിരക്ഷരും പട്ടണിപാവങ്ങളും നിയമത്തെക്കുറിച്ച് അറിവില്ലാത്തവരും 'ഉയർന്ന'വരെ ഭയവും ഉള്ള 'ഇരപക്ഷം' നിശബദ്ദരാവുകയാണ് പതിവ്. അവർക്കുവേണ്ടി ശബ്ദ്ദിക്കാനും ആരുമുണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോൾ നിയമത്തിന്റെ ആനുകൂല്യം 'ഉയർന്നവർക്ക്' തന്നെയാകും. തങ്ങളുടെ വിധിയെ പഴിച്ച് 'ഇരപക്ഷം' വീണ്ടും ജീവിക്കും... 

വത്സമ്മയെ കാണാതായ ദിവസം പോലീസ് പരാതി കാര്യമായി എടുക്കാതിരുന്നതിനും സ്വീകരിക്കാതിരുന്നതിനും കാരണം 'വേട്ടക്കാരുടെ' സ്വാധീനം തന്നെയായിരുന്നു. പോലീസിനെ ചോദ്യം ചെയ്യാനും നിയമത്തിനു വേണ്ടി യാചിക്കാനും നീതി ആവശ്യപ്പെടാനും '
ജനങ്ങളുടെ പ്രതിഷേധം
ഇരപക്ഷ'ത്തു നിന്നു ഒരാൾ ഉണ്ടാവണമായിരുന്നു. നാട്ടൂകാരോട് നിങ്ങൾക്കിതിൽ എന്താണ് കാര്യം? ബന്ധുക്കൾ പരാതി പറയട്ടെ എന്ന് പറഞ്ഞ പോലീസ് ഉള്ളപ്പോൾ 'ഇരപക്ഷ'ത്തു നിന്നു തന്നെ ഒരാൾ പരാതി പറയാനും നീതിക്കുവേണ്ടി പോരാടാനും ഒരാൾ ഉണ്ടാവണം. അമ്മയെ കാണാതെ തിരഞ്ഞു നടക്കുന്ന മക്കളും മാനസികമായി തളർന്നു പോയ ഭർത്താവും ജീവിക്കാൻ വേണ്ടി ആ നാട്ടിൽ എത്തിയ വിരലി എണ്ണാൻ പോലും ഇല്ലാത്ത മലയാളികളും ആയവർ നീതിക്കുവേണ്ടി പോലീസിനു നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ തയ്യാറാകുമോ?? തങ്ങൾ സംശയിച്ച ആളിന്റെ വീട്ടിൽ നിന്നു തന്നെ വത്സമ്മയുടെ മൃതദേഹം പോലീസ് കണ്ടെടുത്തിട്ടൂം അയാൾ കുറ്റക്കാരനല്ല എന്ന രീതിയിൽ സംസാരിക്കുന്ന പോലീസിൽ നിന്ന് നീതി എങ്ങനെ ലഭിക്കും???

നിസഹായതയും സങ്കടവും ദേഷ്യവും നീതി നിഷേധവും ഒക്കെ ഒരാളെ പ്രതികരിക്കാൻ പ്രാപ്തയാക്കുകയില്ലേ? സ്വന്തം അമ്മയെ കൊന്നവൻ മുന്നിൽ നിൽക്കുമ്പോൾ അവൻ നിന്റെ അമ്മയെ കൊല്ലുന്നത് നീ കണ്ടോ എന്നുള്ള ചോദ്യം നിയമപാലകനിൽ നിന്ന് ഉയരുമ്പോൾ ആ അമ്മയുടെ മൂത്ത മകൾക്ക് എങ്ങനെ സഹിക്കാൻ കഴിയും?? നിസഹായതയും സങ്കടവും ഒക്കെ അവളെ പോലീസിനു നേരെ വിരൽ ചൂണ്ടാൻ പ്രാപ്തയാക്കി. ഒരിക്കല്പോലും പോലീസ് സ്റ്റേഷനിൽ കയറാത്ത ഒരു പെൺകുട്ടി, പോലീസ് യൂണിഫോം ഇട്ടവരെ ഭയത്തോടെ കണ്ട് വഴിമാറിപോയവൾ ,പോലീസ് ഇൻസ്പെക്കടർക്കു നേരെ ശബ്ദ്ദം ഉയർത്തേണ്ടീ വന്നു. അമ്മയെ ജീവനോടെ കാണാൻ കഴിയുമെന്നുള്ള വിശ്വാസം തകർന്നതിലുള്ള നിരാശ, എപ്പോഴും ചിരിച്ചുമാത്രം കാണുന്ന അമ്മയുടെ വികൃതമാക്കപ്പെട്ട മൃതശരീരം കണ്ടതിലുള്ള ഷോക്ക് , നീതി നിഷേധിക്കപ്പെടുന്നതിലുള്ള അമർഷം .... അമ്മ കൊല്ലപ്പെട്ടു എന്ന സത്യം അംഗീകരിക്കുന്നതോടൊപ്പം തങ്ങൾക്ക് നിതി കിട്ടണമെന്നുള്ള ആഗ്രഹം .. തളർന്നു നിൽക്കുന്ന അപ്പനും അനുജത്തിയും... താൻ കൂടി തളർന്നാൽ തങൾക്കും തന്റെ അമ്മയുടെ ആത്മാവിനും നീതി നിഷേധിക്കപ്പെടുമെന്നുള്ള ആശങ്ക... ധാർഷ്ട്യത്തോടെയുള്ള പോലീസിന്റെ പെരുമാറ്റം.... ഒരാൾക്ക് സഹിക്കാവുന്നതിനപ്പുറമാണ്.... നിസഹായതോടെ മാറിനിന്നാൽ നീതി നിഷേധിക്കപ്പെടുമെന്നുള്ള തിരിച്ചറിവ്... അവൾ മറ്റൊരൊരാൾ ആവുകയായിരുന്നു... 

ധൈര്യത്തോടെ ജൻസി മുന്നോട്ട് വന്നപ്പോൾ ജനങ്ങളും അവൾക്ക് പിൻബലമായി നിന്നു. കൊലപാതകികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസിനെതിരെ പ്രതിഷേധിച്ച ജനങ്ങളോടും വത്സമ്മയുടെ സഹപ്രവർത്തകരോരും
ജനങ്ങളുടെ പ്രതിഷേധം
ഒപ്പം ജൻസി മുന്നിൽ നിന്നു. ഒരേ സമയം തന്നെ  അപ്പനയും അനുജത്തിയേയും ആശ്വസിപ്പിച്ചും ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞും പ്രതിഷേധക്കാരോടൊപ്പവും അവൾ നിന്നു. വാക്കുകൾ കൊണ്ട് അപമര്യാദയായി പെരുമാറിയ ഇൻസ്പെക്ടർക്ക് അതേപോലെ തന്നെ മറുപിടി നൽകിയും ലാത്തി ചാർജ് എന്ന ഭീഷ്ണിക്കുമുന്നിൽ പതറാതയും അവൾ നീതി ലഭിക്കാനായി നിന്നു. അവസാനം ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ ഉപരോധക്കാരോട് സംസാരിക്കാനും ഉപരോധം പിൻവലിക്കാന്‍  ജനങ്ങളോട് ആവശ്യപ്പെടാനും പോലീസ് അവളുടെ സഹായം തേടി. അധികാര വർഗ്ഗത്തോട് തല ഉയർത്തി സംസാരിക്കാൻ സ്വാധീനം ഇല്ലാത്തവനു നീതി നിഷേധിക്കുന്നതിനെതിരെ സംസാരിക്കാൻ , തങ്ങളുടെ ഇടയിൽ നിന്ന് ഒരാൾക്ക് കഴിഞ്ഞിരിക്കുന്നു എന്നത് പാവപ്പെട്ട നാട്ടുകാർക്ക് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. പക്ഷേ അങ്ങനെയൊരാൾ വന്നപ്പോൾ അതുവരെ അടിച്ചമർത്തപ്പെട്ട ആത്മാഭിമനം അവരിൽ ഉയർന്നു. വേട്ടക്കാരോടൊപ്പം ചേർന്ന് ഇരകളെ വേട്ടയാടുന്ന പോലീസ് അതിക്രമത്തിനെതിരെ ഇനിയും പ്രതിഷേധിച്ചില്ലങ്കിൽ നാളെ തങ്ങൾക്കും ഈ അവസ്ഥ ഉണ്ടായാൽ അപ്പോഴും പോലീസ് വേട്ടക്കാരോടൊപ്പം നിൽക്കുമെന്നുള്ള ബോധം ജനങ്ങളിൽ ഉണ്ടായി. അതിക്രമങ്ങൾക്കെതിരെയും നീതിനിഷേധത്തിനെതിരയും പ്രതികരിക്കാൻ അവർക്ക് കഴിഞ്ഞു. ലോക്കൽ പോലീസിന്റെ സഹായത്തോടെ തെളിവുകൾ നശിപ്പിക്കാനായി മോഹിതിന്റെ വീട്ടിൽ ആളുകൾ എത്തിയപ്പോൾ അവരെ പിന്തിരിപ്പിക്കാനും ജൻസിക്ക് പ്രതികരികേണ്ടിവന്നു, മൃതദേഹം എടുത്തതിനു ശേഷം പോലീസ് സീൽ ചെയ്യാതെപോയ വീട്-അമ്മ കൊല്ലപ്പെട്ട വീട് അവൾക്ക് താഴിട്ട് പൂട്ടേണ്ടി വന്നു.  

ജനങ്ങളുടെ സമരത്തിനും പ്രതിഷേധത്തിനും ഫലമുണ്ടായി - പരാതി കിട്ടിയിട്ടൂം അത് സ്വീകരിക്കാതിരിക്കുകയും അന്വേഷ്ണം നടത്താതിരിക്കുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും
ചെയ്ത രണ്ട് ഇൻസ്പെക്ടർമാരെയും പോലീസുകാരയും അന്വേഷ്ണവിധേയമായി സസ്പെൻഡു ചെയ്യുകയും പുതിയ അന്വേഷ്ണ സംഘം കേസ് ഏറ്റെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയുകയും ചെയ്തു. ജനങ്ങളുടെ സമരം കൊണ്ട് മാത്രമല്ല, കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടയും(പി.ടി.തോമസും ആന്റോ ആന്റ്ണിയും ഹാത്രസ് സന്ദർശിച്ചിരുന്നു),കേന്ദ്രആഭ്യന്തരസഹമന്ത്രി-മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസിന്റെയും, എസ്.പിയുടെ മലയാളിയായ ജനറൽ സെക്രട്ടറി ജോ ആന്റ്ണിയും(ഇദ്ദേഹവും ഹാത്രസിൽ എത്തിയിരുന്നു),മതസമുദായ നേതാക്കളുടയും, പേരറിയാത്ത മറ്റ് പലരുടെയും ,മാധ്യമങ്ങളുടയും(പ്രത്യേകിച്ച് മനോരമ -ഡൽഹി) ഒക്കെ ഇടപെടലുകൾകൊണ്ടുകൂടിയാണ് ഇതിനു സാധിച്ചത്.

:: ഒരു സ്വകാര്യ ദുഃഖം കൂടി ::
ഒരു സ്വകാര്യ ദുഃഖം കൂടി രേഖപ്പെടുത്താതെ ഈ കുറിപ്പ് പൂർണ്ണമാവുകയില്ല. നാട്ടിലേക്ക് മടങ്ങി അവിടെ ജീവിക്കണമെന്ന് ആഗ്രഹിച്ച് അവർ നാട്ടിലെ
ഞാനും ജൻസിയും മമ്മിയും
 (2012 ജനുവരിയിൽ എടുത്ത ഫോട്ടോ)
വീടിന്റെ പണി പൂർത്തിയാക്കുന്നത് 2010 അവസാനമാണ്. ജീവിതാവസാനവും മരണവും നാട്ടിൽ തന്നെ ആയിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ആഗ്രഹങ്ങൾ പലതും ബാക്കിയാക്കി ആ അമ്മ യാത്രയായി...അമ്മയുടെ ഒരു ആഗ്രഹമായിരുന്നു മരിച്ചാൽ നാട്ടിൽ അടക്കണമെന്ന്.പലപ്പോഴും തമാശയായി അവരത് പറയുമായിരുന്നു.. പക്ഷേ അതിനു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, അമ്മയുടെ മൃതശരീരം അവിടെതന്നെ അടക്കേണ്ടി വന്നു. കുറേ വർഷങ്ങൾ കഴിഞ്ഞ് മൃതശരീരം (ഭൗതികാവശിഷ്ടങ്ങൾ) നാട്ടിൽ തയ്യാറാക്കിയിട്ടൂള്ള കല്ലറയിൽ നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതോടെ ഹാത്രസ് എന്ന നാട്ടിൽ നിന്ന് പൂർണ്ണമായ മടക്കം......

{
സ്വകാര്യ ദൂഃഖങ്ങൾ പങ്കുവയ്ക്കാതെ യു.പി യിൽ (പോലീസിൽ) നിന്ന് ഞങ്ങൾക്ക് നേരിട്ട നീതി നിഷേധത്തെക്കുറിച്ച് മാത്രം പറയാനാണ് ദീർഘമായ ഈ കുറിപ്പ്. യുപി യിൽ രണ്ട് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിത്തൂക്കിയ വാർത്തയെ തുടർന്ന് കുറിപ്പ് ഞാനൊരു ഫേസ്ബുക്ക്/ഗൂഗിൾ പ്ലസിൽ ഇട്ടിരുന്നു. എന്റെ പല സുഹൃത്തുക്കൾക്കും അമ്മ കൊല്ലപ്പെട്ട സംഭവം അറിയാമായിരുന്നെങ്കിലും എന്താണ് സംഭവിച്ചതന്ന് പൂർണ്ണമായി അറിയുകയില്ലായിരുന്നു. ഫേസ്ബുക്ക് / ഗൂഗിൾ പ്ലസ് കുറിപ്പിനു ശേഷം എന്താണ് അന്ന് സംഭവിച്ചതന്ന് പലരും ചോദിച്ചിരുന്നു. പലപ്പോഴും അന്നത്തെ ദുരന്തം എഴുതാൻ ആഗ്രഹിച്ചതാണങ്കിലും പലകാരണങ്ങൾ കൊണ്ട് അത് ഉപേക്ഷിച്ചതായിരുന്നു.യു.പി യിൽ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് എങ്ങനെയെന്ന് നിങ്ങളും കൂടി അറിയാൻ വേണ്ടിമാത്രമാണ് ഈ കുറിപ്പ്.നിയമപരിപാലനത്തിനായി ജനങ്ങളുമായി എപ്പോഴും ഇടപെടുന്നത് ലോക്കൽ പോലീസ് (എസ്.ഐ, സി.ഐ ഓഫീസുകൾ) ആണ്. അവിടെ നിന്നാണ് നീതി നിഷേധത്തിന്റെ തുടക്കം. (ഉയർന്ന ഉഗ്യോഗസ്ഥതലത്തിലേക്ക് പോകുമ്പോൾ നീതി നിഷേധത്തിന്റെ കഥകൾ വളരെ കുറവാണ്.) യു.പിയിലെ നിരക്ഷരായ-ജാതിമതസമുദായ തൊഴിലിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് (ലോക്കൽ)പോലീസിനെ ചോദ്യം ചെയ്യാൻ ഭയമാണ്. അതുകൊണ്ടുകൂടിയാണ് അവർക്ക് നീതി നിഷേധിക്കപ്പെടൂന്നത്. നീതി എല്ലാവർക്കും തുല്യമാണന്നും ഭരണഘടന എല്ലാവർക്കൂം തുല്യതയാണ് കല്പിച്ചിരിക്കുന്നതന്നും ആ പാവങ്ങൾക്ക് അറിയില്ല.ലോക്കൽ പോലീസ് മാഫിയ-പോലീസ് ൂട്ടുകെട്ടൂണ്ടാക്കി ജനങ്ങൾക്ക് നീതിനിഷേധത്തിന് തയ്യാറാകുന്നതിന് പല കാരണങ്ങൾ ഉണ്ടാവും. പക്ഷേ നീതി നിഷേധിക്കപ്പെടൂന്നവന്റെ സങ്കടവും കണ്ണീരും അവനനവനിൽ തന്നെ ഒതുങ്ങുകയാണ് ചെയ്യുന്നത്.....

  {
   പല ദിവസങ്ങളിൽ പലസമയങ്ങളിൽ പലമാനസികാവസ്ഥയിൽ ആണ് ഇത്            എഴുതുന്നത്.ചിലപ്പോൾ ഒരു തുടർച്ച അനുഭവപ്പെടൂന്നില്ലങ്കിൽ ക്ഷമിക്കുക. നീതി        നിഷേധിക്കപ്പെടുന്നസാഹചര്യവും ലോക്കൽപോലീസ് എങ്ങനെ 'ഇര'കളോട്    പെരുമാറുന്നു എന്നും ചൂണ്ടിക്കാണിക്കുന്നതിനും വേണ്ടിയാണ് ദീർഘമായ ഈ കുറിപ്പ്.    ചില അവസ്ഥകൾ പറഞ്ഞോ എഴുതിയോ പങ്കുവയ്ക്കാൻ കഴിയുകയില്ല. നമ്മുടെ    ജീവിതത്തിൽ ആ അനുഭവങ്ങൾ കടന്നുവരുമ്പോഴാണ് അതിന്റെ ഭീകരത നമുക്ക്  മനസിലാവുന്നത്. ചില മരണങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന ശൂന്യത ഓർമ്മയുടെ  മറവിൽ ഒളിപ്പിക്കാൻ സാധിക്കുകയില്ല, അതിങ്ങനെ ഇടയ്ക്കിടയ്ക്ക്  ഓർമ്മകളിലേക്ക് കയറിവരും.... ചില ഓർമ്മകൾ മറവിയിലേക്ക്  പോകാതിരിക്കുന്നതാണ് നല്ലതും.......
 }

}

Saturday, June 21, 2014

2012 ആഗസ്റ്റ് 15 - യു.പി യിൽ ഒരു മലയാളി കൊല്ലപ്പെടൂന്നു... 1

ഉത്തർപ്രദേശിൽ നിന്ന് വരുന്ന ചില വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മനുഷ്യരായി ജനിച്ചവരും ജീവിക്കുന്നവരും ഞെട്ടിപ്പോകും. രാഷ്ട്രീയവും ജാതിയും ഉപജാതിയും ഒക്ക പിണഞ്ഞുകിടക്കുന്ന ഒരു വ്യവസ്ഥതിയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ പരിഷ്കൃതസമൂഹത്തിനു യോജിച്ചതുമല്ല. സ്ത്രികൾക്കും കുട്ടികൾക്കും താണജാതിയില്പെട്ടവർക്കുമെല്ലാം അനുഭവിക്കേണ്ടവരുന്ന അതിക്രമങ്ങൾക്ക് അറുതിയില്ല. വേലിതന്നെ വിളവുതിന്നുന്ന ഒരു നിയമവ്യവസ്ഥയിൽ ചങ്ങലയ്ക്കുകൂടി ഭ്രാന്ത് പിടിച്ചാലോ?? ഇരുട്ടിന്റെ  മറപറ്റി മലവിസർജ്ജ്യനം ചെയ്യാൻ പോയ രണ്ട് പെൺക്കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതും, വയലിൽ മൂത്രം ഒഴിച്ചതിന് ഒരു ബാലന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതും, ജഡ്ജിയെ ബലാത്സംഗം ചെയ്തതിനുശേഷം വിഷദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും ഒക്കെ കേട്ട് ഞെട്ടിയിരിക്കുമ്പോഴാണ് അടുത്ത വാർത്ത വരുന്നത്. പോലീസ് സ്റ്റേഷനിൽ പോലീസുകാർ ഒരു സ്ത്രിയെ കൂട്ടബലാത്സംഗം ചെയ്തു!!!! തുടർന്ന് കുറേ ബലാത്സംഗ വാർത്തകളും കൊലപാതക,കൊലപാതകശ്രമ വാർത്തകളും....1947 ല് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം എന്തിനുവേണ്ടിയായിരുന്നു?? വേട്ടക്കാർ വേട്ടയാടിയ അർദ്ധപ്രാണൻ അവശേഷിച്ച ഇരയെ പോലീസും വേട്ടക്കാരും ഒരേപോലെ വേട്ടയാടൂന്നത് മറ്റ് എവിടെ കാണാൻ കഴിയും???? വേട്ടക്കാരോടൊപ്പം നിലകൊള്ളുന്ന നിയമപാലകർ  ഒരു രാജ്യത്തിനു തന്നെ കളങ്കമായി തിരുമ്പോൾ, അത്തരം വാർത്തകൾ വായിക്കുമ്പോൾ "ഹൊ! ഇങ്ങനെയൊക്കെ സംഭവിക്കുമോ?" എന്ന് പരസ്പരം ചോദിക്കുമ്പോൾ 2012 ആഗസ്റ്റ് 15 എന്ന ദിവസത്തിന്റെ ഓർമ്മകൾ മറക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും ഒരിക്കലും മറക്കാത്ത ആ ഓർമ്മകൾ വേട്ടയാടുന്ന ഒരു മലയാളികുടുംബത്തിനുണ്ടായ ദുരന്തം ഈ ചോദ്യത്തിനു നമുക്ക് ഉത്തരം നൽകും......

:: ആ ദുരന്ത വാർത്ത ::
2012 ആഗസ്റ്റ് 18 ലെ മലയാളം പത്രങ്ങളിൽ ഒരു വാർത്ത ഉണ്ടായിരുന്നു. 'അടൂർ സ്വദേശിനി നഴ്സിനെ യുപിയിൽ കൊലപ്പെടുത്തി കത്തിച്ചു' എന്നതായിരുന്നു ആ വാർത്ത. {മനോരമയിലെ ആ വാർത്ത താഴെ}


:: വത്സമ്മയുടെ കുടുംബം ::
ഇരുപത്തഞ്ചിലധികവും വർഷമായി വത്സമ്മയും കുടുംബവും ഹാത്രസിലാണ് താമസം. {യുപിയിലെ ജില്ലകളിൽ ഒന്നാണ് ഹാത്രസ് (മഹാമായ നഗർ എന്ന് ഇടയ്ക്ക് പേര് മാറ്റപ്പെട്ടെങ്കിലും വീണ്ടും ഹാത്രസ് ആയി).ഡൽഹിയിൽ നിന്ന് 175 കിലോമീറ്ററും, മധുരയിൽ നിന്ന് 45 കിലോമീറ്റവും ആഗ്രയിൽ നിന്ന് 35 കിലോമീറ്ററും ദൂരം; ആഗ്ര അലിഘട്ട് പാതയിലാണ് ഹാത്രസ്.} ഹാത്രസ് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന്റെ വശത്തു കൂടിയുള്ള വഴിയിലൂടെ അഞ്ച് മിനിട്ട് നടന്നാൽ വത്സമ്മയും കുടുബവും താമസിച്ചിരുന്ന വീട്ടിലെത്താം. വത്സമ്മയുടെ ഭർത്താവ് തോമസിന് ഗൊരഖ്പൂറിലും , ഇവരുടെ മൂന്നുമക്കളിൽ മൂത്തമകൾ ജൻസി തോമസിനു ഗ്വാളിയാറിലും ആയിരുന്നു ജോലി. രണ്ടാമത്തെ മകൻ ജയ്സൺ ചെന്നയിലും ഇളയ മകൾ നിഷ നോയിഡയിലും പഠിക്കുകയായിരുന്നു.

:: 2012 ആഗസ്റ്റ് 15 ബുധൻ ::
വെളുപ്പിനെ നാലേമുക്കാലിനു വത്സമ്മതോമസും നിഷയും കൂടി ഹാത്രസ് കില റയിൽവേ സ്റ്റേഷനിലേക്ക് പോയി. അഞ്ചേമുക്കാലിനു ഡൽഹിക്കു പോകുന്ന പാസഞ്ചറിൽ നോയിഡയിലേക്ക് പോകുന്ന നിഷയെ ട്രയിനിൽ കയറ്റിവിടണം. പരിചിതമായ വഴികളിലൂടെ കഴിഞ്ഞ പത്തിരുപന്തഞ്ച് കൊല്ലം പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സഞ്ചരിച്ച വഴികളിലൂടെ പോകാൻ എന്തിനു ഭയപ്പെടണം.?.ഇരുപത് മിനിട്ട് നടന്നാൽ സ്റ്റേഷനിൽ എത്താം .ട്രയിൻ വന്ന് മകളെ കയറ്റി ഇരുത്തിയന്ന് വത്സമ്മ തോമസിനെ ഫോൺചെയ്ത് പറഞ്ഞു. ട്രയിൻ വിടുന്നതുവരെ സ്റ്റേഷനിൽ നിൽക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് വത്സമ്മ വീട്ടിലേക്ക് മടങ്ങി. (ട്രയിൻ വിടുന്ന ഉടനെ മിസ്ഡ് കോൾ അടിക്കമെന്ന് മകളും വീട്ടിൽ ചെന്നാലുടനെ വിളിച്ച് പറയാമെന്ന് വത്സമ്മയും പറഞ്ഞിരുന്നു). ട്രയിൻ വിട്ട ഉടനെ നിഷ അമ്മയുടെ ഫോണിലേക്ക് മിസ്ഡ് കോൾ അടിച്ചു. താൻ വീടെത്താറായി എന്ന് വത്സമ്മ നിഷയെ വിളിച്ചു പറഞ്ഞു....

ഫോൺ നിശബ്ദ്ദമാകുന്നു...
വത്സമ്മ വീട്ടിൽ എത്താനുള്ള സമയം കഴിഞ്ഞിട്ടൂം താൻ വീട്ടിലെത്തിയന്നുള്ള വത്സമ്മയുടെ ഫോൺകോൾ വരാത്തതിൽ തോമസിന് അസ്വാഭാവികതയൊന്നും തോന്നിയില്ല.വത്സമ്മ സ്റ്റേഷനിൽ നിന്ന് വിളിച്ച നമ്പരിലെക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്..ആരെടെങ്കിലും സംസാരിച്ച് നിൽക്കുന്നതുകൊണ്ടായിരിക്കും എന്ന് വീട്ടിൽ ചെല്ലാഞ്ഞത് എന്ന് കരുതി അത്ര കാര്യമാക്കിയില്ല.
വത്സമ്മ തോമസ്
പക്ഷേ ഒരു മണിക്കൂർ കഴിഞ്ഞിട്ടൂം വത്സമ്മ വിളിക്കാത്തതിൽ തോമസിന് അസ്വാഭാവികത തോന്നി. സാധാരണ വത്സമ്മ ഇടയ്ക്കിടയ്ക്ക് തോമസിനെ വിളിക്കും. രാവിലെ കുറേ സമയം ഫോണിലൂടെ സംസാരിക്കൂക എന്നുള്ളത് ദിനചര്യയുടെ ഭാഗമായി മാറിയതാണ്. ഇങ്ങനെ സംസാരിക്കുമ്പോൾ അന്നത്തെ പത്രത്തിലെ വാർത്തകളൊക്കെ വത്സമ്മ തോമസിനോട് പറയുന്നതാണ്. എവിടെയെങ്കിലും പോവുകയാണങ്കിൽ പറയാതെ പോവുകയില്ല. ആഗസ്റ്റ് പതിനഞ്ച് അവധി ആയതുകൊണ്ട് ആശുപത്രിയിലും പോകേണ്ട.അർജന്റ് ഡ്യൂട്ടി വന്നാലും പറയാതെ പോവുകയില്ല .പിന്നെ എന്തുകൊണ്ട് വത്സമ്മ വിളിക്കുന്നില്ല? ചാർജ് തീർന്ന് ഫോൺ ഓഫായെങ്കിൽ മാറ്റാരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കെണ്ടതാണ്. അതുണ്ടായിട്ടില്ല. കൂടെ ജോലിചെയ്യുന്നവരെ വിളിച്ച് ചോദിച്ചപ്പോൾ ആർക്കും ഡ്യൂട്ടിയില്ല.? ഇനി എന്തെങ്കിലും അസുഖമായി വീടിനകത്ത് കിടക്കുകയാണോ? നേരത്തെ ഒരു തവണ പ്രഷർ കൂടി വീടിനകത്ത് കിടന്നുപോയതാണ്. ഇനി അങ്ങനെ എന്തെങ്കിലും???? 

അടുത്ത വീട്ടിലെ ഒരാളെ തോമസ് ഫോൺ ചെയ്ത് കാര്യങ്ങൾ പറഞ്ഞു. അയാൾ വീട്ടിൽ വന്ന് നോക്കിയപ്പോൾ പത്രം വാതിക്കൽ കിടപ്പുണ്ട്. വീടിനകത്തെ ദൈവത്തിന്റെ ഫോട്ടോയിലെ സീരിയൽ ബൾബുകളും കത്തി കിടപ്പുണ്ട്. വത്സമ്മ വീട്ടിൽ തിരികെ വന്നാൽ ആ ബൾബ്ബ് കെടുത്തും, പത്രം വായനയും മുടക്കാറില്ല. വത്സമ്മ റയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിൽ തിരികെ എത്തിയിട്ടില്ല എന്ന് തോമസ് ഉറപ്പിച്ചു. വരുന്ന വഴിയിൽ എവിടെയെങ്കിലും വീഴുകയോ മറ്റോ ചെയ്തിട്ടൂണ്ടാവുമോ? ഹാത്രസിൽ താമസിക്കുന്ന മലയാളികളെ വിവരം അറിയിക്കുന്നു.(മൂന്നാലു കുടുംബങ്ങൾ മാത്രമേ മലയാളികൾ ഉള്ളൂ).മഥുരയിൽ ജോലിചെയ്യുന്ന വത്സമ്മയുടെ അനുജത്തിയും മലയാളീയായ കുടുംബസുഹൃത്തും ഒക്കെ ഹാത്രസിൽ എത്തി വത്സമ്മയെ അന്വേഷിക്കാൻ തുടങ്ങി. സുഹൃത്തുക്കളുടേയും മറ്റും വീടുകളിൽ അന്വേഷിച്ചു. എങ്ങും വത്സമ്മ എത്തിയിട്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ  തീരുമാനിച്ചു.

അമ്മയെ കാണാൻ ഇല്ല എന്ന് അറിഞ്ഞ് ഗ്വാളിയാറിൽ നിന്ന് മൂത്ത മകൾ ജൻസി വീട്ടിലെത്തി. റയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ എന്തെങ്കിലും അപകടം പറ്റി ആരെങ്കിലും ആശുപത്രിയിലങ്ങാണം എത്തിച്ചിരിക്കുമോ?? അവർ ആശുപത്രികൾ തോറും അന്വേഷിച്ചു. അവിടെയൊന്നും അന്ന് അപകടം നടന്നിട്ടില്ല. തോമസ് ഗൊരഖ്പൂറിൽ നിന്ന് ഹാത്രസിലേക്ക് തിരിച്ചു. പക്ഷേ വീടെത്താൻ പത്ത്പതിനഞ്ച് മണിക്കൂർ സമയം എടുക്കും?

:: പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ::
വത്സമ്മ തോമസ് 'മിസ്സിംങ്' ആണ് എന്ന് സുഹൃത്തുക്കളും അയൽവാസികളും ഉറപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചു. അവർ പരാതി എഴുതി പോലീസ് സ്റ്റേഷനിൽ എത്തി. ഇൻസ്പെക്ടർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. ഇരുപത്തിനാലു മണിക്കൂർ കഴിയാതെ പരാതി സ്വീകരിക്കാൻ കഴിയില്ല, കാണാതെപോയ ആളിന്റെ ഭർത്താവോ മക്കളോ പരാതി തന്നാലോ സ്വീകരിക്കാൻ പറ്റൂ എന്നൊക്കെ പറഞ്ഞ് പരാതി സ്വീകരിച്ചില്ല. പരാതിയുമായി ചെന്ന മലയാളികളോടൊപ്പം നിന്ന അയൽവാസികളോട് ഇൻസ്പെക്ടറുടെ ഭയപ്പെടുത്തലും വന്ന് താമസിക്കുന്നവരുടെ കാര്യത്തിൽ നിങ്ങൾ എന്തിനാ ഇടപെടൂന്നത്? നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരേ? (വത്സമ്മയും ആ ഗലിയിലുള്ളവരുമായുള്ള ആത്മബന്ധം ആ പോലീസുകാരൻ അറിയാതെ പോയി.). കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായപ്പോൾ ഇറങ്ങിപ്പോയതായിരിക്കുമെന്നും തിരിച്ചുവരുമെന്നും അല്ലങ്കിൽ ആരുടെയെങ്കിലും കൂടി പോയിക്കാണുമെന്നും  ഒക്കെ ആ ഇൻസ്പെക്ടർ മോശമായ രീതിയിൽ പറഞ്ഞുകൊണ്ടിരുന്നു.ആദ്യ പരാതി അയാൾ സ്വീകരിക്കാതെ ഇറങ്ങിപ്പോയി. മലയാളികൾ അവിടെയുള്ള പള്ളിയിലെ അച്ചനുമായി ബന്ധപ്പെട്ട് തമിഴ്നാട്ടുകാരനായ അലിഘട്ട് ഡിഐജിയെക്കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതിനു ശേഷം മറ്റൊരു പരാതി എഴുതി നൽകിയത് വാങ്ങി.

2012 ആഗസ്റ്റ് 16 വ്യാഴം
വത്സമ്മയെ കാണാതായിട്ട് ഒരു ദിവസം കഴിഞ്ഞു. വത്സമ്മയുടെ ഫോൺ സ്വിച്ച് ഓഫ് തന്നെ. വത്സമ്മയ്ക്ക് എന്തോ അപകടം സംഭവിച്ചു എന്ന് ആളുകൾ ഉറപ്പിച്ചു. റയിൽവേ സ്റ്റേഷനിൽ നിന്ന് പോന്നതിനുശേഷം എവിടെ വെച്ചാണ് ആൾ 'മിസിംങ്' ആയതന്നു മാത്രം അറിയില്ല.? ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ? തട്ടിക്കൊണ്ട് പോയതാണങ്കിൽ തട്ടിക്കോണ്ട് പോയവർ അവരുടെ ഡിമാന്റുമായി ബന്ധപ്പെടേണ്ടതാണ്. അതിതുവരെ ഉണ്ടായിട്ടീല്ല. അപ്പോൾ പിന്നെ.....

വത്സമ്മയെ തലേന്ന് കണ്ടവർ
തോമസ് ഗൊരഖ്പൂറിൽ നിന്ന് ഹാത്രസിൽ എത്തുന്നത് 16 ആം തീയതി രാവിലെയാണ്. പോലീസ് സ്റ്റേഷന്റെ മുന്നിലൂടെയാണ് അവരുടെ വീട്ടിലേക്ക് പോകേണ്ടത്. നാട്ടുകാർ സഹതാപത്തോടെ തോമസിനെ നോക്കുന്നുണ്ട്. ചിലർ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു .പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഒരമ്പലം ഉണ്ട്. അമ്പലം കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോൾ ഒരു സ്ത്രി തോമസിനെ കണ്ട് നിന്നു. താൻ ഇന്നലെ അമ്പലത്തിലേക്ക് വരുമ്പോൾ വത്സമ്മയെ കണ്ടു എന്നും അമ്പലത്തിലേക്ക് പോകുവാണോ എന്ന് തന്നോട് ചോദിച്ചന്നും എവിടെ പോയതാണന്ന് ചോദിച്ചപ്പോൾ മോളെ ട്രയിനിൽ ഇരുത്താൻ പോയതാണന്ന് പറഞ്ഞന്നും അവർ പറഞ്ഞു. കുറച്ച് മുന്നോട്ട് മാറി ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന ഒരാളും തലേന്ന് താൻ ദീദിയെ കണ്ടന്ന് പറഞ്ഞു. അയാൾ രാവിലെ ഉന്തുവണ്ടിയുടെ അടുത്ത് നിൽക്കൂമ്പോൾ ദീദി ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നത് കണ്ടന്നാണ് പറഞ്ഞത്. താൻ വീട് എത്താറായി എന്ന വത്സമ്മയുടെ അവസാന ഫോൺ സംഭാഷ്ണം ആയിരിക്കണം അത്.ഇവർ കണ്ടതിനും വീടിനും ഇടയിൽ നിന്നാണ് വത്സമ്മ 'മിസിംങ്' ആയിരിക്കുന്നത്. ഇവർ വത്സമ്മയെ കണ്ട സ്ഥലവും വത്സമ്മയുടെ വീടും തമ്മിൽ പത്തിരുന്നൂറ് മീറ്റർ ദൂരം മാത്രമേ കാണൂ. രണ്ടോ മൂന്നോ മിനിട്ടീന്റെ ദൂരം. ഇതിനിടയിൽ മറ്റാരും കാണാതെ വത്സമ്മ മറഞ്ഞത് എവിടെയാണ്??

:: നാട്ടുകാർ അന്വേഷ്ണം തുടരുന്നു ::
രാവിലെ തന്നെ നാട്ടുകാർ വത്സമ്മയെ തിരഞ്ഞ് പലവഴിക്കായി നീങ്ങി. വിശാലമായി കിടക്കുന്ന പാടങ്ങളിലും ഒക്കെ നാട്ടുകാർ പരിശോധിച്ചു. ജൻസി അമ്മയുടെ ഫോട്ടോയുമായി തലേന്ന് ഈ ഫോട്ടോയിൽ കാണൂന്ന ആൾ ഏതെങ്കിലും വാഹനത്തിലോ മറ്റോ കയറിയതായി ഓർമ്മയുണ്ടോ എന്ന് ചോദിച്ച് അമ്മയുടെ ഫോട്ടോയുമായി ഡ്രൈവരുമാരുടെ അടുത്ത് ചെന്നു. ആരും തല്ലേന്ന്  വത്സമ്മയെ കണ്ടിട്ടീല്ല. ആ പെൺകുട്ടി ഓടികളിൽ ഇറങ്ങി തപ്പി. മലിനജലം കെട്ടിക്കിടക്കുന്ന ചതിപ്പു നിലങ്ങളിൽ അവൾ അമ്മയെ തിരഞ്ഞു. എങ്ങും അമ്മയില്ല. അവസാനമായി വത്സമ്മയെ കണ്ടസ്ഥലത്തിനും വീടിനും ഇടയിൽ വെച്ചുതന്നെയാണ് വത്സമ്മയെ കാണാതായിരിക്കുന്നത്? മറ്റാരും കാണാതെ ആൾ എവിടേക്ക് പോയി ???

:: വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് ::
ആഗസ്റ്റ് പതിനഞ്ചിനു നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടാകാത്തതുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനം ആയി. തോമസും രണ്ട് പെണ്മക്കളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം കൂടി വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തി. തങ്ങൾ തലേന്ന് കൊടുത്ത പരാതി കീറി വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടിരിക്കൂന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞത്. വീണ്ടും പരാതി എഴുതി നൽകി. ഒരു പോലീസുകാരൻ പരാതി മാറ്റി എഴുതാൻ ശ്രമിച്ചു എങ്കിലും തങ്ങൾ നൽകിയ പരാതി മാറ്റാൻ സമ്മതിക്കില്ലന്ന് പരാതി നൽകാൻ പോയവർ പറഞ്ഞു. അവസാനം ആ പരാതി തന്നെ ഇൻസ്പെക്ടർ വിജേന്ദർ സിംഗിനു വാങ്ങേണ്ടി വന്നു. തലേന്ന് രണ്ടു പേർ വത്സമ്മയെ കണ്ട കാര്യം ഒക്കെ അവർ പോലീസിനോട് പറഞ്ഞു.അവരെങ്ങോട്ടെങ്കിലും പോയതായിരിക്കും അവരിങ്ങ് തിരിച്ചുവരും, കാണാതെ പോയ സ്ത്രി കാണാൻ സുന്ദരിയാണോ? പത്തമ്പത് വയസായ സ്ത്രിയെ ആര് തട്ടിക്കൊണ്ട് പോകാനാ, തട്ടിക്കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാ,  എന്നൊക്കെ ഇൻസ്പെക്ടർ ചോദിച്ചതോടെ സങ്കടവും ദേഷ്യവും ഒക്കെ സഹിച്ചു നിന്ന ജൻസി അയാൾക്ക് മറുപിടി നൽകി. തട്ടിക്കൊണ്ട് പോകുന്നത് പ്രായം നോക്കിയിട്ടാണോ? കാണാതെ പോയ ആളുടെ സൗന്ദര്യം അന്വേഷിക്കാനല്ല കാണാതെപോയ ആളെ കണ്ടത്താനാ പരാതി നൽകിയത് എന്ന് ആ പെൺകുട്ടി തിരിച്ചു പറഞ്ഞു. തന്നെ മറുത്തൊരു പെണ്ണ് സംസാരിക്കൂന്നത് ഇൻസ്പെക്ടർക്ക് സഹിച്ചില്ല, പോലീസ് സ്റ്റേഷനിൽ വന്ന് ഡ്യൂട്ടി തടസപ്പെടൂത്തിയതിനു അറസ്റ്റ് ചെയ്യുമെന്ന് അയാൾ ഭീഷ്ണീപ്പെടൂത്തി. മറ്റുള്ളവർ രംഗം ശാന്തമാക്കി. ഇതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശ്നത്തിൽ ഇടപെട്ടു. മന്ത്രിയുടെ ഓഫീസിന്റെ നിർബന്ധപ്രകാരം ഡിഐജിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ഇൻസ്പെക്ടർക്ക് കഴിഞ്ഞില്ല.

:: പോലീസ് അന്വേഷ്ണം തുടങുന്നു. :: 
വത്സമ്മ തോമസിനെ കാണാതായി ഒന്നര ദിവസത്തിനു ശേഷമാണ് പോലീസ് അന്വേഷ്ണം ആരംഭിക്കുന്നത്. വത്സമ്മയെ അവസാനമായി കണ്ടവരെ കണ്ട് വിവരങ്ങൾ ആരായാൻ പോലീസ് ആദ്യം തയ്യാറായില്ല. തോമസ് തന്നെ അവരെ പോലീസിന്റെ അടുക്കൽ കൊണ്ടുവന്നു. തലേന്ന് താൻ വത്സമ്മയെ കണ്ടു എന്ന് പറഞ്ഞ സ്ത്രിയെ നാക്ക് പിഴവിൽ കുരുക്കാൻ ഇൻസ്പെക്ടർ നോക്കിയെങ്കിലും അതിനു കഴിഞ്ഞില്ല. നേരത്തേ എന്നെങ്കിലും കണ്ടത് ഓർത്ത് പറയുന്നതാണല്ലേ എന്ന് ഇൻസ്പെകടർ വീണ്ടൂം വീണ്ടും ചോദിച്ചിട്ടൂം ആ സ്ത്രി തല്ലേന്നു തന്നെ എന്നതിൽ നിന്ന് മാറിയില്ല. കച്ചവടക്കാരനും വത്സമ്മയെ താൻ തലേന്ന് കണ്ടു എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു.

ഇനിയും എവിടെ അന്വേഷിക്കും.???
വത്സമ്മയെ അവസാനമായി കണ്ട സ്ഥലവും അവരുടെ വീടും തമ്മില് ഇരുന്നൂറു മീറ്ററിൽ കുറവ് ദൂരം മാത്രമേ ഉണ്ടാവൂ. അതിനിടയിൽ അവരെ കാണാതെ പോയെങ്കിൽ പരിചിയക്കാർ ആരെങ്കിലും വിളിച്ചു കൊണ്ട് പോയതായിരിക്കണം. പക്ഷേ ആര്?? ആ വഴിയിൽ ആരും വത്സമ്മയെ കണ്ടിട്ടീല്ല എന്നാണ് പറയുന്നത്. കണ്ടിട്ടൂം കണ്ടില്ല എന്ന് പറയുന്നതായിരിക്കുമോ??  വത്സമ്മയെ അവസാനമായി കണ്ട സ്ഥലത്തിനും അവരുടെ വീടിനും ഇടയിലാണ് മോഹിത് പൗരുഷിന്റെ വീട്. മോഹിതാണങ്കിൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളും. പത്തിരുപത്തിനാല് വയസിനിടയിൽ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതി. ഇപ്പോൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലുണ്ട്. മോഹിതിന്റെ വീടിന്റെ മുന്നിലൂടെയാണ് വത്സമ്മയുടെ വീട്ടിലേക്കുള്ള വഴി. മോഹിതിന്റെ വീടിനു ശേഷം ആരും വത്സമ്മയെ കണ്ടിട്ടീല്ല എന്നതുകൂടി കണക്കിലെടൂത്ത് അയാളുടെ വീട് പരിശോധിക്കണമെന്നും അയാളെ സംശയം ഉണ്ടന്നും തോമസ് പറഞ്ഞു. 16 ആം തീയതി രാവിലെ ജൻസി ആ വഴികളിലുള്ള വീടുകളിലെല്ലാം അമ്മയെ കണ്ടോ എന്ന് അന്വേഷിച്ച് ചെന്നിരുന്നു. ആ സമയത്ത് മോഹിതിന്റെ അമ്മ ബീന പൗരുഷ് അവരുടെ വീടിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു. അവരോടും അമ്മയെ കണ്ടോ എന്ന് ജൻസി ചോദിച്ചപ്പോൾ വത്സമ്മ എന്ന ഒരാളെ അറിയാത്ത പോലെയായിരുന്നു അവരുടെ സംസാരം. എന്തെങ്കിലും ഒക്കെ അസുഖങ്ങൾ വരുമ്പോൾ അവർ ആദ്യം ചെന്നിരുന്നത് വത്സമ്മയുടെ അടുത്തായിരുന്നു. എന്നിട്ടാണ് വത്സമ്മയോ ഏത്? എന്ന ഭാവത്തിൽ ബീന പൗരുഷ് പെരുമാറിയത്.  ബീന പൗരുഷ്-മോഹിത് പൗരുഷിന്റെ വീടും വത്സമ്മയുടെ വീടും തമ്മിൽ പത്തുനൂറ് മീറ്ററിന്റെ അകലം മാത്രമേ ഉണ്ടാവൂ.

:: പോലീസ് അന്വേഷ്ണം???::
മോഹിതിന്റെ വീട് പരിശോധിക്കണം എന്ന് ആവശ്യം ഇൻസ്പെക്ടർ ആദ്യം നിരസിച്ചു. ഒരാളുടെ വീട് മാത്രമായിട്ട് പരിശോധിക്കാൻ പറ്റില്ലന്നും ചുറ്റുമുള്ള വീടുകളെല്ലാം കൂടി പരിശോധിക്കണമെന്നും അതിനു മേലുദ്യോഗസ്ഥരുടെ ഉത്തരവ് വേണമെന്നും പറഞ്ഞ് ഇൻസ്പെക്ടർ ഒഴിഞ്ഞുമാറി. ഉത്തരവുമായി വരാമെന്ന് പറഞ്ഞ് അയാൾ പോയി.

കുറെ സമയം കഴിഞ്ഞ് (അപ്പോഴേക്കും വൈകുന്നേരം അയി) ഇൻസ്പെക്ടർ വത്സമ്മയുടെ വീട്ടിൽ വന്നു. ചുറ്റുമുള്ള വീടുകളൊക്കെ പരിശോധിച്ചന്നും മൊഹിതിന്റെ വീട് താഴിട്ട് പൂട്ടിയിരിക്കയാണന്നും അത് പൊട്ടിച്ച് അകത്ത് കയറി പരിശോധിക്കാൻ തനിക്ക് അധികാരം ഇല്ലന്നും അയാൾ പറഞ്ഞു. തങ്ങൾ അന്വേഷിക്കുന്നുണ്ടന്ന് പറഞ്ഞ് അയാൾ പോയി. രാത്രി ആയപ്പോൾ ഇൻസ്പെകടറും രണ്ട്മൂന്ന് പോലീസുകാരും വീണ്ടും തോമാസിന്റെ വീട്ടീൽ എത്തി. തങ്ങൾ മൊഹീതിന്റെ വീട് പരിശോധിച്ചന്നും അവിടെ സംശയിക്കത്തക്കതായി ഒന്നും ഇല്ലന്നും അയാൾ പറഞ്ഞു. എല്ലാം മുറിയും പരിശോധിച്ചോ എന്ന് തോമസും മകളും ചോദിച്ചപ്പോൾ എല്ലാം മുറിയും തുറന്ന് പരിശോധിച്ചന്നും നിങ്ങൾ അവരെ സംശയിച്ചത് ശരിയായില്ലന്നും പറഞ്ഞ് അയാൾ തിരികെ പോയി. കുറേ സമയം കഴിഞ്ഞ് രണ്ട് പോലീസുകാർ തോമസിന്റെ മുന്നിൽ വന്നു. എന്തിനാണ് വന്നതന്ന് ചോദിച്ചപ്പോൾ "നിങ്ങൾക്ക് സംരക്ഷണം നൽകാൻ ഇനസ്പെക്ടർ പറഞ്ഞത് അനുസരിച്ച് വന്നതാ"എന്ന് അവർ പറഞ്ഞു. തങ്ങൾക്ക് സംരക്ഷണം ആവശ്യമില്ലന്ന് പറഞ്ഞ് പോലീസുകാരെ മടക്കി അയച്ചു. ഈ സമയത്ത് തന്നെ മൊഹിതിന്റെ വീടിനു മുന്നിലും പോലീസുകാർ നിൽപ്പുണ്ടന്ന് ചില നാട്ടുകാർ വന്ന് തോമസിന്റെ വീട്ടിൽ അറിയിച്ചു.

2012 ആഗസ്റ്റ് 17 വെള്ളി
വെള്ളിയാഴ്ച വെളുപ്പിനെ പോലീസ് എത്തി തോമസും  ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്ക്  എത്താൻ ആവശ്യപ്പെട്ടു. അവർ പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ മോഹിത് സ്റ്റേഷനിൽ നിൽപ്പുണ്ട്. വത്സമ്മയുടെ ഡെഡ്ബോഡി മോഹിതിന്റെ വീട്ടിൽ നിന്ന് കുറച്ചു മുമ്പ് തങ്ങൾക്ക് കിട്ടിയെന്ന് ഇൻസ്പെക്ടർ തോമസിനോടും ബന്ധുക്കളോടും പറഞ്ഞു. മോഹിതിന്റെ വീട്ടിൽ നിന്ന് 'തങ്ങളുടെ ആശ'യുടെ (ആശ- നഴ്സുമാരെ ഗലിയിലുള്ളവർ വിളിക്കുന്നത് ഇങ്ങനെയാണ്) ഡെഡ് ബോഡി കിട്ടിയത് നാട്ടുകാർ അറിഞ്ഞു. പോലീസുകാരുടെ നിർബന്ധത്തിനു വഴങ്ങി മോഹിതിന്റെ വീട്ടിൽ നിന്ന് മൃതശരീരം എടുത്ത് പോലീസുകാർ കൊണ്ടുവന്ന വാഹനത്തിൽ കയറ്റിയവനും മൃതശരീരം മോഹിതിന്റെ വീട്ടിൽ നിന്ന് കിട്ടീയ കാര്യം നാട്ടുകാരോട് പറഞ്ഞു. നാട്ടൂകാർ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. ഡെഡ് ബോഡി പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുവാണന്ന് പോലീസ് പറഞ്ഞ്. ആശുപത്രി മുറ്റത്തെ ഒരു മരത്തിന്റെ ചുവട്ടിൽ ആ മൃതശരീരം വെറുതെ ഇട്ടിരിക്കൂകയാണ്. ഭയനാകമായ കാഴ്ചകാണാനാകാതെ മൃതശരീരം കണ്ടവർ പിന്മാറി.

തലേന്ന് രാത്രി മോഹിതിന്റെ വീട് പരിശോധിച്ചു എന്നു പറഞ്ഞ പോലീസിനു രണ്ട് മൂന്ന് മണിക്കൂറുകൾക്കകം ആ വീട്ടിൽ നിന്ന് എങ്ങനെ വത്സമ്മയുടെ മൃതശരീരം കിട്ടി.? "മോഹിതിന്റെ വീടെല്ലാം ശരിക്ക് പരിശോധിച്ചു എന്നു പറഞ്ഞിട്ടും സാറിനെങ്ങനയാ അമ്മയുടെ മൃതശരീരം ഇവന്റെ വീട്ടിൽ നിന്ന് തന്നെ കിട്ടീയത്?" ജൻസി ഇൻസ്പെക്ടറോട് ചോദിച്ചു.പോലിസ് മോഹിതിന്റെ വീട് പരിശോധിക്കുമ്പോൾ ഒരു മുറി താഴിട്ട് പൂട്ടിയിരിക്കുവാണത്രെ. അതുകൊണ്ട് അവർ ആ മുറി പരിശോധിച്ചില്ലന്നുള്ള വിചിത്രമറുപിടിയായിരുന്നു ഇൻസ്പെക്ടറുടേത്. ദുർഗന്ധം എടുത്തു തുടങ്ങിയ ഒരു മൃതശരീരം ഒളിപ്പിച്ചു വെച്ച മുറിയുടെ മുന്നിൽ നിന്നിട്ട് പോലും ആ മണം തിരിച്ചറിയാൻ കഴിയാത്ത പോലീസോ??

:: ജനങ്ങൾ തെരുവിലേക്ക് :: 
നേരം വെളുത്തപ്പോഴേക്കും ഹാത്രസ് പോലീസ് സ്റ്റേഷനും ആശുപത്രി പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. പോലീസ് കൊലപാതകികളെ സംരക്ഷിക്കുകയാണന്ന് അവർ ആരോപിച്ചു. ആരോപണം അല്ലായിരുന്നു അതായിരുന്നു സത്യവും. മോഹിതിന്റെ വീടും വത്സമ്മയുടെ വീടും തമ്മിൽ നൂറുമീറ്ററിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മോഹിതിന്റെ വീട്ടിൽ നിന്ന് മൃതശരീരം എടുക്കുമ്പോൾ തോമസിനെയോ ബന്ധുക്കളയോ അത് അറിയിച്ചില്ല.അർദ്ധരാത്രിയിൽ നാട്ടുകാർ പോലും അറിയാതെയായിരുന്നു പോലീസ് മൃതശരീരം എടുത്തുകൊണ്ടു പോയത്. തെളിവുകൾ നശിപ്പിക്കേണ്ടത് പോലീസിന്റെ കൂടെ ആവശ്യമായിരുന്നോ???

വത്സമ്മയുടെ മൃതശരീരം കിട്ടീയ വാർത്ത അറിഞ്ഞ് അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ളവരും അവർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നിന്നുള്ളവരും, സമീപജില്ലകളിൽ നിന്നുള്ള സഹപ്രവർത്തകരും ഹാത്രസിലേക്ക് വന്നു കൊണ്ടീരുന്നു.  മോഹിതിന്റെ വീട്ടിൽ ഉള്ളവർ ഇതിനിടയിൽ അവിടെ നിന്ന് മാറിയിരുന്നു(മാറ്റിയിരുന്നു). ഒരാൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വീട്ടിൽ സൂക്ഷിക്കാൻ പറ്റില്ലല്ലോ? അതിനയാൾക്ക് ആ വീട്ടിൽ നിന്നും സഹായം കിട്ടിയിരിക്കണം. 

"എന്തിനാടാ നീ എന്റെ അമ്മയെ കൊന്നത്? എന്തു തെറ്റാടാ അവർ നിന്നോട് ചെയ്തത്?" വത്സമ്മയുടെ മക്കൾ പോലീസ് സ്റ്റേഷനിൽ വെച്ച് അയാളോട് ചോദിച്ചു. അമ്മ നിർബന്ധിച്ചിട്ടാ കൊലപാതകം നടത്തിയതന്ന് മോഹിത് പറഞ്ഞു. ഇതുവരെ മോഹിതിന്റെ അറസ്റ്റ് രേഖപ്പെടൂത്തിയിരുന്നില്ല.

"സർ, ഇയാളെ എന്താ അറസ്റ്റ് ചെയ്യാത്തത്? അയാളുടെ അമ്മയെ എന്താ അറസ്റ്റ് ചെയ്യാത്തത്?" അവർ ഇൻസ്പെക്ടറോട് ചോദിച്ചു.

"ഇയാളാ നിങ്ങടെ അമ്മയെ കൊന്നതന്ന് ആരു പറഞ്ഞു?" ഇൻസ്പെക്ടറുടെ ചോദ്യം.

"ഇയാൾ തന്നെ പറഞ്ഞല്ലോ ഇയാളാ അമ്മയെ കൊന്നതന്ന്. അമ്മയുടെ മൃതശരീരം കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നല്ലേ?" ജൻസിയുടെ ചോദ്യങ്ങൾ കേൾക്കാത്ത ഭാവത്തിൽ ഇൻസ്പെക്ടർ മാറി നിന്നു.

നിസഹായതയും സങ്കടവും ദേഷ്യവും എല്ലാം ആ പെൺകുട്ടിയെ മറ്റൊരാൾ ആക്കിയിരുന്നു. അപ്പനും അനുജത്തിയും അമ്മയുടെ മരണവാർത്ത അറിഞ്ഞതോടെ തളർന്നു പോയിരിക്കുന്നു. താനും കൂടി തളർന്നാൽ ... ഇല്ല അമ്മ കൊല്ലപ്പെട്ടു എന്ന സത്യം അംഗീകരിക്കൂന്നതോടൊപ്പം തങ്ങൾക്ക് നീതി കൂടി അന്യമാവുകയാണങ്കിലോ? താൻ കൂടി തളർന്നാൽ , ഭയപ്പെട്ട് പിന്മാറിയാൽ തങ്ങൾക്ക് നീതി കിട്ടില്ല. ഇല്ല താൻ തളരാൻ പാടില്ല.... ജനസി വീണ്ടും ചോദ്യം ഇൻസ്പെക്ടറോട് ആവർത്തിച്ചു. അയാൾ വന്യമായ ഭാവത്തോടെ അവരുടെ അടുത്തേക്ക് വന്നു...

"ഇയാളുടെ വീട്ടീന്നാ വത്സമ്മയുടെ ഡെഡ് ബോഡി കിട്ടീയതന്ന് ആരാ പറഞ്ഞത്? നിങ്ങളു കണ്ടോ? നാട്ടൂകാരിൽ ആരെങ്കിലും കണ്ടോ? കാണാത്ത കാര്യങ്ങളുടെ പേരിൽ വെറുതെ ഒരാളെ അർസ്റ്റ് ചെയ്യാനൊന്നും പറയേണ്ട. നിയമം എങ്ങനെ നടപ്പാക്കണാമെന്ന് നിങ്ങൾ പ്ഠിപ്പിക്കേണ്ട. അത് എനിക്കറിയാം" അയാൾ പറഞ്ഞു.

നിയമം നടത്തേണ്ട നിയപാലകൻ തന്നെ കൊലപാതകികളുടെ പക്ഷത്ത് നിന്ന് അവനു വേണ്ടി സംസാരിക്കുന്നു. കൊലപാതകം നടത്തിയവൻ അത് താനാണ് ചെയ്തതന്ന് പറഞ്ഞിട്ടൂം അവനല്ല കൊലപാതകം ചെയ്തതന്ന് ഇൻസ്പെക്ടർ പറയുന്നു. 

പോലീസ് സ്റ്റേഷനകത്ത് സംഭവിച്ച കാര്യങ്ങൾ ജനങ്ങൾ അറീഞ്ഞു. അവർ ആഗ്ര- അലിഘ്ട്ട് പാതയിലെ വാഹനങ്ങൾ തടയാൻ തുടങ്ങി. കൂടുതൽ പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മോഹിതിന്റെ അറസ്റ്റ് രേഖപ്പെടൂത്തി. കൊലപാതകത്തിനു മോഹിതിനു കൂട്ടൂനിന്നവരെ അറസ്റ്റ് ചെയ്യാതെ തങ്ങൾ റോഡിൽ നിന്ന് മാറുകയില്ലന്ന് നാട്ടൂകാർ പറഞ്ഞു. നഴ്സസ് യൂണിയൻ പ്രവർത്തകരും നാട്ടുകാരോടൊപ്പം നിന്നു . റോഡിൽ നിന്ന് മാറാതെ പോസ്റ്റ്മാർട്ടം നടത്തുകയില്ലന്ന് പോലീസ്. ബീനാ പൗരുഷിനെയും കൂട്ടാളികളയും കൂടി അറസ്റ്റ് ചെയ്യാതെ റോഡിൽ നിന്ന് മാറുകയില്ലന്ന് നാട്ടൂകർ. തർക്കം തുടരുന്നതിനിടയിൽ സമയം ഉച്ചയായി.
നാട്ടുകാരുടെ സമരം 
ചിത്രം-ഹിന്ദി പത്രങ്ങളിൽ വന്നത്
കൂടുതൽ ജനങ്ങൾ എത്തിയതോടെ റോഡ് ഉപരോധം അക്രമത്തിലേക്ക് നീങ്ങാൻ തുടങ്ങി. പോലീസും തയ്യാറായി നിന്നു. മൂന്നു ദിവസമായി കഴിഞ്ഞ മൃതശരീരം അപ്പോഴും ആശുപത്രി മുറ്റത്ത് തന്നെയാണ്.ജനങ്ങൾ റോഡിൽ നിന്ന് മാറിയില്ലങ്കിൽ ലാത്തിചാർജ് ചെയ്യുമെന്നും എല്ലാവരയും പിടിച്ച് ലോക്കപ്പിൽ ഇടുമെന്നും മൃതശരീരം പോലും തരില്ലന്നും പോലീസ് ഇടയ്ക്കിടയ്ക്ക് നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു കൊണ്ടിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി ബന്ധുക്കളുമായി സംസാരിച്ചു. കുറ്റവാളികൾ എല്ലാം അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവർ ഉറപ്പ് നൽകി. ജനങ്ങളോട് സംസാരിക്കാൻ അവർ ജൻസിയോട് ആവശ്യപ്പെട്ടു. അവൾ ജനങ്ങളോട് സംസാരിച്ചു. അമ്മയുടെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്ക്കരിക്കാൻ അവസരം ഉണ്ടാക്കണമെന്ന് അവൾ അഭ്യർത്ഥിച്ചു. .ജനങ്ങൾ ഉപരോധത്തിൽ നിന്ന് പിന്മാറി.

ഇതിനിടയിൽ തന്നെ മൃതശരീരം കേരളത്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്ത് തുടന്ങിയിരുന്നു. പോസ്റ്റ്മോർട്ടം താമസിക്കുന്നതോടെ അതിനുള്ള സാധ്യതകൾ കുറഞ്ഞു വന്നു. മൂന്നു ദിവസം കഴിഞ്ഞ മൃതശരീരം നാട്ടിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടൂകൾ കാരണം അത് ഉപേക്ഷിച്ചു. പിന്നീട് അന്ന് തന്നെ അവിടെ സംസ്ക്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. വൈകുന്നേരത്തോടെയാണ് പോസ്റ്റ്മാർട്ടം ചെയ്ത് മൃതശരീരം കിട്ടീയത്. പത്തിരുപത്തഞ്ച് വർഷം താൻ ജീവിച്ച നാട്ടിൽ തന്നെ താൻ പ്രവർത്തിച്ച മണ്ണിൽ തന്നെ ആയിരക്കണക്കിനാളുകളുടെ സാനിധ്യത്തിൽ വത്സമ്മയുടെ മൃതശരീരം അടക്കം ചെയ്തു. 

:: മോഹിത് പോലീസിന്റെ വലയിൽ കുടുങ്ങുന്നു (?)- വാൻ ഡ്രൈവർ മോഹിതിനെ പോലീസിൽ എത്തിക്കുന്നു::

ഇതുവരെ വായിച്ച നിങ്ങൾക്ക് മനസിലായിട്ടുണ്ടാവും പോലീസ് ആരോടൊപ്പമാണന്ന്. കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ച/ശ്രമിച്ചുകൊണ്ടിരുന്ന പോലീസിന് (വത്സമ്മയുടെ കുടുംബം പരാതി നൽകിയ പോലീസ് സ്റ്റേഷനിൽ ഉള്ള പോലീസുകാർ) പിന്നെങ്ങനെ മോഹിതനെ കസ്റ്റ്ഡിയിൽ എടുക്കേണ്ടി വന്നതന്നും അയാളുടെ വീട്ടിൽ നിന്നും വത്സമ്മയുടെ മൃതശരീരം എങ്ങനെ കിട്ടിയെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ചിലപ്പോൾ ഈശ്വരൻ പലരൂപത്തിൽ സഹായമായി വരും എന്ന് കേട്ടിട്ടീല്ലേ? ഈശ്വര രൂപത്തിൽ ഒരു വാൻ ഡ്രൈവർ  എത്തിയതാണ് മോഹിതിനെ പോലീസിന്റെ പിടിയിൽ അകപ്പെടൂത്തിയത്. 2012 ആഗസ്റ്റ് 16 വ്യാഴം രാത്രിയിലാണ് മോഹിത് പോലീസിന്റെ പിടിയിൽ ആകുന്നത്. വീണ്ടും നമുക്ക് 2012 ആഗസ്റ്റ് 15 ബുധനിലേക്ക് പോകാം...

:: 2012 ആഗസ്റ്റ് 15 ബുധന്‍ : കൊലപാതകം നടക്കുന്നു. ::
{മോഹിതിന്റെ മൊഴികളിൽ നിന്ന് കൊലപാതകം നടന്ന ദിവസം മുതൽ പിടിയിലാകുന്നതുവരെയുള്ള സംഭവങ്ങൾ.മൃഗീയമായ കൊലപാതക വിവരണം. നിങ്ങൾക്ക് ഈ ഭാഗം ഒഴിവാക്കി വായിക്കാം}

വത്സമ്മയുടെ വീടും മോഹിതിന്റെ വീടൂം അടുത്തടൂത്താണന്ന് നേരത്തെ പറഞ്ഞല്ലോ. പതിനഞ്ചാം തീയതി നിഷ തിരിച്ചുപോകുമെന്ന് ബീന പൗരുഷ്(മോഹിതന്റെ അമ്മ)മനസിലാക്കിയിരുന്നു. നിഷയെ വെളിപ്പിനത്തെ ട്രയിനിന് കൊണ്ടൂ വിട്ടിട്ട് വത്സമ്മ തനിച്ചായിരിക്കും തിരിച്ച് വരുന്നതെന്ന് അവർക്കറിയാം. അതിനനുസരിച്ച് അവർ പദ്ധതികൾ തയ്യാറാക്കി. (ഗൂഢാലോചനയെക്കുറിച്ചും മറ്റും പിന്നീട് പറയാം). വത്സമ്മ നിഷയും കൊണ്ട് പോകുന്നത് മോഹിതും അമ്മയും അവരുടെ വീട്ടിൽ നിന്ന് ശ്രദ്ധിച്ചു. പിന്നീട് അവർ തങ്ങളുടെ കൂട്ടാളികളെ വിളിച്ചു വരുത്തി.(വിളിച്ചു വരുത്തുകയായിരുന്നോ അവർ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നതാണൊ എന്നതിൽ സംശയം ഉണ്ട്- കുറേ ദൂരെനിന്നുള്ള രണ്ട് മൂന്നു ആളുകളും ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് മോഹിത് മൊഴി നൽകിയെങ്കിലും ഇയാൾ പറഞ്ഞ അഡ്രസിൽ ആളെകണ്ടത്താൻ പോലീസിനു കഴിഞ്ഞില്ല). അവർ വത്സമ്മ തിരിച്ചു വരുന്നത് കാത്തിരുന്നു.

വത്സമ്മ മകളെ കൊണ്ട് വിട്ടിട്ട് ഒറ്റയ്ക്ക് വരുന്നത് കണ്ടിട്ട് അവർ തങ്ങളുടെ പദ്ധതി അനുസരിച്ച് കാര്യങ്ങൾ തയ്യാറാക്കി. വത്സമ്മ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ബീന പൗരുഷ് റോഡിൽ നിന്ന് വത്സമ്മയെ വിളിച്ചു. തനിക്ക് ഭയങ്കര വയറു വേദനയാണന്നും ഒന്നു വന്നു നോക്കുമോ എന്നും ചോദിച്ച് വീട്ടിലേക്ക് വന്ന് ഒന്നു നോക്കണമെന്ന് ആവശ്യപ്പെട്ടു. (ബീന പൗരുഷ് തന്റെ മകളെ കൊണ്ട് വത്സമ്മയെ വിളിക്കുകയായിരുന്നു എന്നും പറയുന്നു. അമ്മയ്ക്ക് ഭയങ്കര വയറു വേദനയായിട്ട് കിടക്കുകയാണന്നും ഒന്നു വന്ന് നോക്കാൻ അമ്മ പറഞ്ഞു എന്നും പറഞ്ഞ് മകളെ കൊണ്ട് വത്സമ്മയെ വീട്ടിലേക്ക് വരുത്തുകയായിരുന്നു എന്നായിരുന്നു ചില സമയത്ത് പറഞ്ഞത്). ഈ ദിവസത്തിനു മൂന്നാലു ദിവസം മുമ്പ് ബീനാ പൗരുഷ് വത്സമ്മയുടെ വീട്ടിൽ എത്തി വയറുവേദനയാണന്നും എന്തെങ്കിലും മരുന്നുണ്ടങ്കിൽ കൊടുക്കണമെന്ന് പറയുകയും ചെയ്തിരുന്നത്രെ! അന്ന് വത്സമ്മ തന്റെ കൈയ്യിലിരുന്ന പെയിൻ കില്ലർ കൊടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി കാണിക്കാൻ പറഞ്ഞ് അവരെ മടക്കി അയച്ചിരുന്നു. വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് അറിയാനും, ആരെങ്കിലും ഉണ്ടങ്കിൽ അവർ എന്ന് തിരികെ പോകുമെന്ന് അറിയാനും ആയിരിക്കും അവർ വീട്ടിൽ എത്തിയത്. 

താൻ അസുഖം കൊണ്ട് വേദന അനുഭവിക്കുന്നു, തന്നെ ഒന്നു നോക്കാമോ എന്ന് ബീന ആവശ്യപ്പെടൂമ്പോൾ നഴ്സായ വത്സമ്മ മറ്റെന്ത് ആലോചിക്കാന്‍? പത്തിരുപത്തഞ്ച് കൊല്ലം താൻ ജീവിക്കുന്ന നാട്ടിൽ , എല്ലാവരയും അറിയാവുന്ന നാട്ടിൽ എന്ത് സംഭവിക്കാൻ? കാത്തിരിക്കൂന്ന അപകടം അറിയാതെ ബീന പൗരുഷിനെ നോക്കാനായി അവരുടെ വീടിന്റെ വാതിൽ കടന്നതും വാതിക്കൽ മറഞ്ഞ് നിന്ന മോഹിത് കതകടച്ച് തുണികൊണ്ട് വത്സമ്മയുടെ മുഖം മൂടി. നിങ്ങൾ എന്താ കാണിക്കുന്നതന്ന് വത്സമ്മ ചോദിച്ചു. തന്റെ മക്കളെ ഓർത്തെങ്കിലും തന്നെ ഉപദ്രവിക്കാതെ വിടണമെന്ന് വത്സമ്മ പറഞ്ഞു.  തന്റെ മുഖത്ത് ഇട്ട തുണി വത്സമ്മ വലിച്ചു മാറ്റി. അവർ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് തന്റെ പുറകിൽ നിൽക്കുന്ന ആളെ തിരിഞ്ഞു നോക്കി. കഴുത്തിലെ സ്വർണ്ണമാല അവർ പൊട്ടിച്ചെടുക്കാൻ തുടങ്ങിയപ്പോൾ തന്റെ ആഭരണങ്ങൾ എല്ലാം ഊരിയെടുത്തിട്ട് തന്നെ ജീവനോടെ വെറുതെ വിടാൻ വത്സമ്മ അവരോട് പറഞ്ഞു. വത്സമ്മ തങ്ങളെ തിരിച്ചറിഞ്ഞതുകൊണ്ട് അവളെ ജീവനോട് വിട്ടയിച്ചാൽ പോലീസിൽ പരാതിപെട്ട് തങ്ങളെയെല്ലാം ജയിലിലാക്കുമെന്ന് ബീന പൗരുഷ് മോഹിതിനോട് പറഞ്ഞു. വത്സമ്മയെ ജീവനോട് പുറത്ത് വിടുന്നത് അപകടം ആണന്നും അതുകൊണ്ട് വത്സമ്മയെ കൊല്ലാനും ബീന പൗരുഷ് മോഹിതിനോട് ആവശ്യപ്പെട്ടു. അമ്മയുടെ(ബീന പൗരുഷിന്റെ)  നിർദ്ദേശം അനുസരിച്ച് മോഹിത് വത്സമ്മയെ കൊല്ലാൻ തീരുമാനിച്ചു. തന്നെ വെറുതെ വിടണമെന്ന് പറഞ്ഞ് വത്സമ്മ ജീവനുവേണ്ടി യാചിച്ചു. വത്സമ്മയുടെ സാരിയുടെ അറ്റം(മുന്താണി) കൊണ്ട് തന്നെ അയാൾ വത്സമ്മയുടെ കഴുത്ത് മുറുക്കി. ശ്വാസം കിട്ടാതെ പിടിഞ്ഞ ആ സ്ത്രി വെപ്രാളത്തോടെ കുതിറിയപ്പോൾ സാരി കഴുത്തിൽ നിന്ന് അയഞ്ഞു. മറ്റൊരു തുണി എടുത്ത് കഴുത്തിൽ മുറുക്കി ആ അമ്മയും മകനും ഉൾപ്പെട്ട ക്രിമിനൽ സംഘം വത്സമ്മയെ കൊലപ്പെടുത്തി. (തനിക്ക് വത്സമ്മ ആന്റിയെ കൊല്ലണമെന്ന് ആഗ്രഹം ഇല്ലായിരുന്നു എന്നും ആഭരണങ്ങൾ കവർന്നതിനു ശേഷം വിട്ടയ്ക്കണമെന്നായിരുന്നെന്നും അമ്മ നിർബന്ധിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ആദ്യം മോഹിത് പറഞ്ഞു എങ്കിലും പിന്നീട് അയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചപ്പോൾ ഞെട്ടിക്കുന്ന പലകാര്യങ്ങളും പുറത്ത് വന്നു.).വത്സമ്മ അവസാനമായി ഫോൺ ചെയ്തതിനു ശേഷം മിനിട്ടുകൾക്കകം തന്നെ കൊല്ലപ്പെട്ടിരുന്നു. വത്സ്മ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാലയും വളയും അവർ ഊരിയെടുത്തു.മോതിരം ഊരാൻ ശ്രമിച്ചു പരാജയപ്പെട്ടതുകൊണ്ട് വിരൽ മുറിച്ചാണ് മോതിരം എടുത്തത്. കമ്മൽ ഊരിയെടുക്കാൻ അറിയാത്തതുകൊണ്ട് (വടക്കേ ഇന്ത്യക്കാർ ക്ലിപ്പുപോലുള്ള കമ്മൽ ഉപയോഗിക്കുന്നവരാണ്-കേരളത്തിലെപോലുള്ള ആണി തിരിച്ച് മുറുക്കുന്ന കമ്മൽ കുറവാണ് ) കമ്മൽ എടുക്കാനായി കാത് അറുക്കുകയും ചെയ്തു. കാലിലെ വെള്ളിക്കൊലുസും ഊരിയെടൂത്തു. ആഭരണങ്ങൾ എല്ലാം എടുത്തതിനുശേഷം മൃതദേഹത്തെ ഒരു മുറിയിലേക്ക് മാറ്റി.

:: ക്രിമിനൽ സംഘത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു ::
വത്സമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ എടുത്തതിനുശേഷം മൃതശരീരം രാത്രിയിൽ വത്സമ്മയുടേ വീട്ടിൽ തന്നെ കൊണ്ടിടാനായിരുന്നു കൊലപാതക സംഘത്തിന്റെ പദ്ധതി. വത്സമ്മയുടെ കൈയ്യിൽ നിന്ന് വീടിന്റെ താക്കോലും അവർക്ക് കിട്ടിയിരുന്നു.രാത്രിയിൽ വീട് തുറന്ന് മൃതശരീരം വീട്ടിൽ തന്നെ ഇട്ട് കത്തിക്കുകയും  വീട് കൊള്ളയടിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു അവരുടെ പദ്ധതി .പക്ഷേ കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് തന്നെ വത്സമ്മയെ കാണാതായ വിവരം എല്ലാവരും അറിയുകയും വീട്ടിൽ ആളുകൾ എത്തുകയും ഗലിയിൽ ആളുകൾ എപ്പോഴും ഉണ്ടാവുകയും ചെയ്തതോടെ ആ പദ്ധതി പൊളിഞ്ഞു. വത്സമ്മയെ കാണാതായ വിവരം ഇത്ര പെട്ടന്ന് മറ്റുള്ളവർ അറിയുമെന്നോ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്ന് എത്തുമെന്നോ അവർ കരുതിയില്ല. 

വത്സമ്മയുടെ വീട്ടിൽ മൃതശരീരം കൊണ്ടുപോയി ഇടാൻ പറ്റില്ലന്ന് മനസിലാക്കിയതോടെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. റോഡില്‍ എപ്പോഴും ആളുകൾ ഉണ്ടാവുകയും വത്സമ്മയെ കാണാതായ വിവരം എല്ലാവരും അറിയുകയും പത്രത്തിൽ വാർത്തയായി വരികയും ഉന്നത പോലീസ് ഉദ്യോഗസ്ഥ തലത്തിൽ അന്വേഷ്ണം നടത്തുകയും ചെയ്യുമെന്നായപ്പോൾ എത്രയും പെട്ടന്ന് മൃതദേഹം ഉപേക്ഷിക്കണ്ട സാഹചര്യം ഉണ്ടായി. മൃതശരീരം ഉപേക്ഷിക്കൂമ്പോൾ ആളെ തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കാൻ ശ്രമിച്ചിരുന്നു. തീകത്തിക്കുകയോ ആസിഡ് ഒഴിക്കുകയോ ആയിരിക്കണം ചെയ്തത്.(പൊലീസ് പറയുന്നത് മൃതശീരം ഒളിപ്പിച്ചിരുന്നത് കമ്പിളി പുതപ്പ് കൊണ്ടായിരുന്നെന്നും അതിന്റെ ചൂടുകൊണ്ട് മുഖത്തെ മാംസം അടർന്നതാണന്നും എന്നാണ്)

വത്സമ്മയെ കാണാതായതിനുശേഷം ബന്ധുക്കളും അയല്വാസികളും അവരെ തിരയുമ്പോൾ ബീന പൗരുഷ് ഒന്നും അറിയാത്തപോലെ അവരുടെ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ബീന പൗരുഷിനോട് തന്റെ അമ്മയെ കണ്ടോ എന്ന് വത്സ്മ്മയുടെ മകൾ അന്വേഷിച്ചപ്പോൾ ഏത് വത്സമ്മ, താൻ കണ്ടിട്ടില്ല എന്നായിരുന്നു അവരുടെ മറുപിടി. വത്സമ്മയെ കൊലപ്പെടുത്തി മൃതശരീരം വീട്ടിൽ ഒളിപ്പിച്ചതിനുശേഷം ഒരു ഭാവ വെത്യാസവും കൂടാതെയായിരുന്നു അവരുടെ പെരുമാറ്റം. മൃതശരീരം വീട്ടിൽ ഒളിപ്പിച്ചിരിക്കുമ്പോൾ തന്നെ ആ വീട്ടിൽ തന്നെയാണ് ബീനാ പൗരുഷും മോഹിതും മറ്റ് കുടുംബാംഗങ്ങളും ഭക്ഷ്ണം ഉണ്ടാക്കികഴിക്കുകയും ഉറങ്ങുകയും ഒക്കെ ചെയ്തത്!!! രണ്ട് രാത്രികൾ ആണ് അവരങ്ങനെ മൃതശരീരം ഒളിപ്പിച്ച ആ വീട്ടിൽ കഴിഞ്ഞത്.


പോലീസ് കുറ്റവാളികളെ സഹായിക്കാൻ ശ്രമിച്ച വഴികളെ കുറിച്ചും ജനങ്ങളുടെ സമരത്തെക്കുറിച്ചും അടൂത്ത പോസ്റ്റിൽ...... >> അതിവിടെ വായിക്കാം >>

Friday, January 31, 2014

പീപ്പിളിലെ ബഡ്ജറ്റ് വാർത്തകളും ദൈവവും സീസറും

ജനുവരി 24 ആം തീയതി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ദൃശ്യമാധ്യമങ്ങൾ പാനൽ ചർച്ചകളോടെ ബഡ്ജറ്റ് വിശകലനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മത്സരിച്ചു. ബഡ്ജറ്റ് വിശകലനത്തിൽ പീപ്പിൾ ചാനലിന്റെ ബാക്ക് ഗ്രൗണ്ട് ശ്രദ്ധിച്ചോ?? ചിത്രം നോക്കുക.

ബഡ്ജറ്റും ദൈവവും സീസറും തമ്മിൽ ബന്ധമൊന്നും ഇല്ലങ്കിലും നികുതിയും 'ദൈവവും സീസറും' തമ്മിൽ ഒരു ബന്ധമുണ്ട്. ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങളെ ഒന്നു 'ഉയർത്തി' കാണിക്കാൻ വേണ്ടി ആയിരിക്കണം 'ദൈവത്തിനും സീസറിനും' എന്ന വാക്കുകൾ ബാക്ക്ഗ്രൗണ്ടായി പിപ്പീൾ/കൈരളി ഉപയോഗിച്ചത്.സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക എന്ന ബൈബിൾ വാക്യമാണ് (കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു  ദൈവത്തിന്നും - ബൈബിൾ സൊസൈറ്റി പരിഭാഷ) (Give to Caesar what is Caesar's and to God what is God's.) 'ദൈവത്തിനും സീസറിനും' എന്നായി പീപ്പിളിൽ എത്തിയത്.

ബൈബിളിലെ ഈ വാക്യം നികുതിയുമായി ബന്ധപ്പെട്ടതാണ്. യേശുവിന്റെ അടുക്കൽ ചില ആളുകൾ എത്തിയിട്ട് രാജാവായ സീസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?ഞങ്ങൾ നികുതി കൊടുക്കണോ അതോ കൊടുക്കാതിരിക്കണോ എന്ന് ചോദിച്ചു.അതിനു യേശു നൽകുന്ന ഉത്തരമാണ് "കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു  ദൈവത്തിന്നും കൊടുപ്പിൻ"
മർക്കോസിന്റെ സുവിശേഷത്തിലെ(മർക്കോസ് 12) ആ സംഭവം ഇങ്ങനെയാണ്. (മത്തായി 22,ലൂക്കോസ്20 എന്നീ സുവിശേഷങ്ങളിലും ഈസംഭവം പറഞ്ഞിടൂണ്ട്)യേശു നൽകിയ നികുതിയെക്കുറിച്ച്::

യേശു ദേവാലയ നികുതി നൽകിയതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട് (മത്തായി 17)

യേശുവിനുമേലുള്ള കുറ്റാരോപണം

യഹൂദന്മാർ യേശുവിനെ പിടിച്ച് പീലാത്തോസിന്റെ അടുക്കൽ എത്തിച്ചിട്ട് പറയുന്ന കുറ്റാരോപണങ്ങളിൽ ഒന്ന് നികുതി നൽകരുതന്ന് യേശു പറഞ്ഞു എന്നുള്ളതാണ്. "കൈസർക്കു(സീസർക്ക്) കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി" (ലൂക്കോസ് 23:2)

സഭ/മത/സമുദായ സംഘടനകൾക്ക് എന്തെങ്കിലും പ്രത്യേക നികുതി ചുമത്തലോ ഇളവുകളോ ഇല്ലാതിരുന്നിട്ടൂം എന്തുകൊണ്ടായിരിക്കും പീപ്പിളിന്റെ(കൈരളിയുടെ)ബഡ്ജറ്റ് വാർത്തകൾക്ക് 'പിന്നിൽ' 'ദൈവവും സീസറും' എന്ന് കാണിച്ചത്???


#ബൈബിൾ സ്ക്രീൻഷോട്ട് പി.ഒ.സി ബൈബിളിൽ നിന്ന് 

Saturday, January 4, 2014

തെറ്റയിലിനെ കുടുക്കിയ താമാർ

സുപ്രീംകോടതി വിധിയിലെ സ്ത്രിയും ബൈബിളിലെ താമാറും

'മകനെ വിവാഹം കഴിക്കാനായി അച്ഛന് കീഴ്‌പ്പെട്ടെന്ന വാദം വിശ്വസിക്കാനാവില്ല. സാധാരണ മനുഷ്യസ്വഭാവമല്ലിത്. ഏത് സമൂഹത്തിലാണ് ഇതൊക്കെ നടക്കുകയെന്ന്' സുപ്രീം കോടതി ചോദിച്ചതവിടെ നിൽക്കട്ടെ. മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന് അയാളുടേ പിതാവിന് കെണിയൊരുക്കിയ ആളെ കുറിച്ച് വേദപുസ്തകത്തിൽ പറയുന്നുണ്ട്..... 

ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ഒരു സംഭവം/കഥ പറയുന്നുണ്ട്.

യാക്കോബിന്റെ പന്ത്രണ്ട് മക്കളിൽ ഒരാളായ യെഹൂദാ തന്റെ സഹോദരന്മാരുടെ അടുത്തു നിന്നൊക്കെ മാറി മറ്റൊരു സ്ഥലത്ത് ചെന്നു വിവാഹം കഴിച്ചു താമസിക്കാൻ തുടങ്ങി. യെഹൂദയ്ക്ക് മൂന്നു ആണ്മക്കൾ ഉണ്ടായി-ഏർ,ഓനാൻ,ശേലാ. ഏറും താമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഏർ മരിച്ചു. ദേവരധർമ്മം അനുസരിച്ച് ഓനാൻ താമാറിനെ വിവാഹം കഴിച്ച് ജ്യേഷ്ഠന്റെ പേർക്കു കുട്ടികളെ ജനിപ്പിക്കണം. ഓനാൻ താമാറിനെ വിവാഹം കഴിച്ചെങ്കിലും ലൈഗീകബന്ധപ്പെടലിന്റെ അവസാന സമയത്ത് ഓനാൻ 'ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.'. താമാറുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറായ ഓനാൻ ബീജം നിലത്തേക്ക് കളഞ്ഞു എന്ന കന്നംതിരിവ് കാണിച്ചത് ദൈവത്തിനു ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് ഓനാനും മരിച്ചു. ഇനി ശേലാ താമാറിനെ വിവാഹം കഴിക്കണം. പക്ഷേ ശേലായ്ക്ക് വിവാഹ പ്രായം ആയിട്ടില്ല. യഹൂദ താമാറിന്റെ അടുത്ത് ചെന്ന് പറഞ്ഞു, ശേലായ്ക്ക് പ്രായം ആകുന്നതുവരെ നീ നിന്റെ വീട്ടിൽ ചെന്ന് വിധവയായി നിൽക്ക്. ശേലായ്ക്ക് പ്രായം ആയാൽ ഞാൻ അവനെക്കൊണ്ട് നിന്നെ കെട്ടിച്ചോളാം. അമ്മായിയപ്പന്റെ വാക്ക് വിശ്വസിച്ച് താമാർ അപ്പന്റെ വീട്ടിലേക്ക് പോയി....

വർഷങ്ങൾ കഴിഞ്ഞു. ശേലായ്ക്ക് കല്യാണപ്രായം ഒക്കെയായി. യഹൂദ താൻ പറഞ്ഞതൊക്കെ മറന്നു.ഇതിനിടയിൽ യഹൂദയുടെ ഭാര്യ മരിച്ചു. 

യഹൂദ തന്റെ സുഹൃത്തുമൊത്ത് തിമ്നെ എന്ന സ്ഥലത്തേക്ക് പോകുന്നതായി
താമാർ അറിഞ്ഞു.ശേലായെ തനിക്ക് വിവാഹം ചെയ്ത് തരാത്ത അമ്മായിയപ്പ്നു ഒരു പണി കൊടുക്കണം .അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിയിലുള്ള ഒരു ഗോപുരത്തിൽ ഇരുന്നു. ഗോപുരത്തിൽ  മൂടുപടം ഒക്കെ ഇട്ടിരുന്ന താമാറിനെ കണ്ടപ്പോൾ യഹൂദ വിചാരിച്ചു ഇതൊരു 'സെറ്റപ്പാ'യിരിക്കും. ഞാൻ നിന്റെ കൂടെ വരട്ടെ എന്ന് യഹൂദ ചോദിച്ചതും നീ എന്ത് തരും എന്ന് താമാർ ചോദിച്ചു. ഞാൻ ഒരു ആടിനെ കൊടുത്തയ്ക്കാം എന്ന് യഹൂദ പറഞ്ഞു. ആടിനെ കൊടുത്തയ്ക്കുന്നതുവരെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും പണയമായി തരണമെന്ന് യഹൂദയോട് താമാർ പറഞ്ഞു. 'പൂശാന്‍ മുട്ടി നിന്ന'(കട:പ്ലസ്) യഹൂദ എല്ലാം സമ്മതിച്ച് പണയം കൊടുത്തു. പണി കഴിഞ്ഞ് യഹൂദ യഹൂദയുടെ വഴിക്കും താമാർ വൈധവ്യവസ്ത്രം ധരിച്ച് അവളുടെ വീട്ടിലും പോയി,

യഹൂദ ആടിനെ കൊടുത്ത് പണയം വാങ്ങാൻ ആളെവിട്ടെങ്കിലും വേശ്യയെ കണ്ടത്താൻ കഴിഞ്ഞില്ല.പണയം തിരികെ വാങ്ങാൻ പോയവൻ അവിടൊന്നും വേശ്യയില്ലന്ന് നാട്ടുകാർ പറഞ്ഞതായി യഹൂദയെ അറിയിച്ചു. ഇനി കൂടുതലൊന്നും അന്വേഷിക്കെണ്ട നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കാൻ അവൾ ആ പണയം എടുത്തോട്ടെ എന്ന് പറഞ്ഞ് യഹൂദ ആ വിഷയം അവസാനിപ്പിച്ചു.

കുറെ നാൾ കഴിഞ്ഞപ്പോൾ അതാ ഞെട്ടിക്കുന്ന വാർത്ത, താമാർ 'വേലിചാടി' ഗർഭിണീയായിരിക്കുന്നു. അവളെ തീ വെച്ച് കൊല്ലണം എന്ന് പറഞ്ഞ് യഹൂദ ചാടിയിറങ്ങി. വിചാരണ നടക്കുന്നതിനു മുമ്പ് താമാർ പഴയ പണയം യഹൂദയ്ക്ക് കൊടുത്തു വിട്ടിട്ട് പറഞ്ഞു, എന്റെ ഗർഭത്തിനു ഉത്തരവാദി ഈ മോതിരത്തിന്റെ ഉടമസ്ഥനാണ്.
{കഥ തുടരുന്നു....ഉല്പത്തി 38 നോക്കുക}

ഇനി നമുക്ക് വർത്തമാനകാലത്തേക്ക് വരാം...
ഇപ്പോഴായിരുന്നു താമാറും യഹൂദയും ജീവിച്ചിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കൂന്നത്?

മകനെ വിവാഹം കഴിച്ച് തരാം എന്ന് യഹൂദ പറയുന്നു. പക്ഷേ യഹൂദ അത് ചെയ്യുന്നില്ല. താമാർ തന്റെ ഫ്ലാറ്റിൽ ഹിഡൻ ക്യാമറയൊക്കെ ഫ്ലവർവെയ്സിലും ഫാനിലും കർട്ടനിലും ഒക്കെ വെച്ചിട്ട് യഹൂദയെ വിളിച്ചു വരുത്തുന്നു. യഹൂദ വന്ന് കെണിയിൽ ചാടൂന്നു. താമാർ 'സംഭവം' സിഡിയിലാക്കുന്നു. മകനെകൊണ്ട് എന്നെ കെട്ടിക്കൂക എന്ന് യഹൂദയെ വിളിച്ച് പറയുന്നു. എനിക്കതിനു സൗകര്യം ഇല്ലന്ന് യഹൂദ പറയുന്നു. ഉടനെ താമാർ സിഡി സാബുവിനെ ഏൽപ്പിക്കുന്നു. സാബു ആ സിഡി ചാനലുകാർക്ക് വിതരണം ചെയ്യുന്നു....
എന്നെ പീഡിപ്പിച്ചേ വഞ്ചിച്ചേ എന്ന് പറഞ്ഞ് താമാർ കോടതിയിൽ പോകുന്നു. ഇത് പീഡനം അല്ല കെണിയാണ് എന്ന് കോടതി പറയുന്നു.

മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കാം എന്ന വാക്ക് വിഴുങ്ങിയതിനു താമാറിന്റെ 'കെണിയിൽ' മുദ്രമോതിരത്തിൽ കുടുങ്ങിയ പഴയ യഹുദ. വർത്തമാനകാലത്തിൽ തെറ്റിപ്പോയി സിഡിയിൽ 
കുടുങ്ങിയവർക്ക്  കാലം വിധി നൽകട്ടെ.........

“നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” (യോഹന്നാൻ 8:7). {അവളെ മാത്രമല്ല അവനെയും}

*********************************************

ബൈബളിലെ ഹാഗാർ ചെയ്തത് ശരിയോ??

ഈ ചോദ്യത്തിനുത്തരം ലഭിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ അറിയണം

എന്താണ് ദേവരധർമ്മം/ദേവര വിവാഹം?
സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധർമ്മം നിവർത്തിക്കേണം. മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം. (ആവർത്തനം 25:5-6)

ദേവർധർമ്മത്തില്/വിവാഹത്തിൽ നിന്ന് പിന്മാറാൻ ഭർത്താവിന്റെ സഹോദരനു കഴിയുമോ?
കഴിയും.
സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവര ധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ  ഖണ്ഡിച്ചുപറഞ്ഞാൽ അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം. (ആവർത്തനം 7-9)

ഹാഗർ എന്തിനു യെഹൂദായ്ക്ക് കെണിയൊരുക്കി?
മകനെ(ശേലായെ) വിവാഹം ചെയ്ത് നൽകാം എന്ന് പറഞ്ഞാണ് യെഹൂദ താമാറിനെ അവളുടെ വീട്ടിലേക്ക് തിരിച്ചയിക്കുന്നത്. പക്ഷേ ശേലായ്ക്ക് വിവാഹപ്രായം എത്തിയിട്ടൂം യഹൂദ ആ വാക്ക് പാലിച്ചില്ല. താമാറിനെ ഒഴിവാക്കണം എന്നു കരുതിതന്നെയായിരിക്കണം യഹൂദ താമാറിനെ അവളുടെ വീട്ടിൽ പറഞ്ഞ് വിട്ടത്. മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കാം എന്ന് വാക്ക് നൽകിയിരുന്നില്ലങ്കിൽ താമാറിനു മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. {ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു. (റോമർ 7:3) }

അപ്പായിയപ്പനായ യഹൂദ തന്നോട് ചെയ്തത് വലിയ ചതിയായിരുന്നു എന്ന് താമാറിനു തോന്നിക്കാണണം. അതുകൊണ്ട്തന്നെ അവൾ യഹൂദയ്ക്ക് ഒരു പണി കൊടുക്കാൻ കാത്തിരുന്നു. മുഖം മറച്ച് വേശ്യ സ്ത്രിയായി അഭിനയിച്ച്  യഹൂദ പോകുന്ന വഴിയിൽ 'കെണീയൊരുക്കി' താമാർ കാത്തിരുന്നു. ആ കെണിയിൽ യഹൂദ വീഴുകയും ചെയ്തു. യഹൂദയുടെ കൈയ്യിൽ നിന്ന് മുദ്രമോതിരവും മോതിരച്ചരടും കയ്യിലെ വടിയും പണയമായി വാങ്ങിക്കൂകയും ചെയ്ത് കുരുക്ക് മുറുക്കി.  മകനെ വിവാഹം കഴിച്ച് നൽകാതെ തന്നെ ചതിച്ച യഹൂദയെ തന്റെ ഗതികേടുകൊണ്ട് മറ്റൊരു ചതിയിലൂടെ തമാർ പകരം വീട്ടുന്നു. താമാറിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അവൾ ചെയ്തത് ശരിതന്നെയാണ്. താമാറാണ് ശരിയന്ന് യഹൂദയ്ക്കും മനസിലാകുന്നു. താമാർ കൊടുത്തുവിടൂന്ന മോതിരവും മോതിരച്ചരടും തിരിച്ചറിഞ്ഞ യഹൂദ പറഞ്ഞു, അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. (ഉല്പത്തി 38:26)

വർത്തമാനകാല താമാറിനു പിഴച്ചതെവിടെ?
03-01-2014 ലെ മാതൃഭൂമി വാർത്ത വായിച്ചു നോക്കുക....

*****************
ദേവര വിവാഹം- Levirate marriage :: വിക്കി ലിങ്ക്