ഉത്തർപ്രദേശിൽ നിന്ന് വരുന്ന ചില വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മനുഷ്യരായി ജനിച്ചവരും ജീവിക്കുന്നവരും ഞെട്ടിപ്പോകും. രാഷ്ട്രീയവും ജാതിയും ഉപജാതിയും ഒക്ക പിണഞ്ഞുകിടക്കുന്ന ഒരു വ്യവസ്ഥതിയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ പരിഷ്കൃതസമൂഹത്തിനു യോജിച്ചതുമല്ല. സ്ത്രികൾക്കും കുട്ടികൾക്കും താണജാതിയില്പെട്ടവർക്കുമെല്ലാം അനുഭവിക്കേണ്ടവരുന്ന അതിക്രമങ്ങൾക്ക് അറുതിയില്ല. വേലിതന്നെ വിളവുതിന്നുന്ന ഒരു നിയമവ്യവസ്ഥയിൽ ചങ്ങലയ്ക്കുകൂടി ഭ്രാന്ത് പിടിച്ചാലോ?? ഇരുട്ടിന്റെ മറപറ്റി മലവിസർജ്ജ്യനം ചെയ്യാൻ പോയ രണ്ട് പെൺക്കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതും, വയലിൽ മൂത്രം ഒഴിച്ചതിന് ഒരു ബാലന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതും, ജഡ്ജിയെ ബലാത്സംഗം ചെയ്തതിനുശേഷം വിഷദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും ഒക്കെ കേട്ട് ഞെട്ടിയിരിക്കുമ്പോഴാണ് അടുത്ത വാർത്ത വരുന്നത്. പോലീസ് സ്റ്റേഷനിൽ പോലീസുകാർ ഒരു സ്ത്രിയെ കൂട്ടബലാത്സംഗം ചെയ്തു!!!! തുടർന്ന് കുറേ ബലാത്സംഗ വാർത്തകളും കൊലപാതക,കൊലപാതകശ്രമ വാർത്തകളും....1947 ല് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം എന്തിനുവേണ്ടിയായിരുന്നു?? വേട്ടക്കാർ വേട്ടയാടിയ അർദ്ധപ്രാണൻ അവശേഷിച്ച ഇരയെ പോലീസും വേട്ടക്കാരും ഒരേപോലെ വേട്ടയാടൂന്നത് മറ്റ് എവിടെ കാണാൻ കഴിയും???? വേട്ടക്കാരോടൊപ്പം നിലകൊള്ളുന്ന നിയമപാലകർ ഒരു രാജ്യത്തിനു തന്നെ കളങ്കമായി തിരുമ്പോൾ, അത്തരം വാർത്തകൾ വായിക്കുമ്പോൾ "ഹൊ! ഇങ്ങനെയൊക്കെ സംഭവിക്കുമോ?" എന്ന് പരസ്പരം ചോദിക്കുമ്പോൾ 2012 ആഗസ്റ്റ് 15 എന്ന ദിവസത്തിന്റെ ഓർമ്മകൾ മറക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും ഒരിക്കലും മറക്കാത്ത ആ ഓർമ്മകൾ വേട്ടയാടുന്ന ഒരു മലയാളികുടുംബത്തിനുണ്ടായ ദുരന്തം ഈ ചോദ്യത്തിനു നമുക്ക് ഉത്തരം നൽകും......
:: ആ ദുരന്ത വാർത്ത ::
2012 ആഗസ്റ്റ് 18 ലെ മലയാളം പത്രങ്ങളിൽ ഒരു വാർത്ത ഉണ്ടായിരുന്നു. 'അടൂർ സ്വദേശിനി നഴ്സിനെ യുപിയിൽ കൊലപ്പെടുത്തി കത്തിച്ചു' എന്നതായിരുന്നു ആ വാർത്ത. {മനോരമയിലെ ആ വാർത്ത താഴെ}
:: വത്സമ്മയുടെ കുടുംബം ::
ഇരുപത്തഞ്ചിലധികവും വർഷമായി വത്സമ്മയും കുടുംബവും ഹാത്രസിലാണ് താമസം. {യുപിയിലെ ജില്ലകളിൽ ഒന്നാണ് ഹാത്രസ് (മഹാമായ നഗർ എന്ന് ഇടയ്ക്ക് പേര് മാറ്റപ്പെട്ടെങ്കിലും വീണ്ടും ഹാത്രസ് ആയി).ഡൽഹിയിൽ നിന്ന് 175 കിലോമീറ്ററും, മധുരയിൽ നിന്ന് 45 കിലോമീറ്റവും ആഗ്രയിൽ നിന്ന് 35 കിലോമീറ്ററും ദൂരം; ആഗ്ര അലിഘട്ട് പാതയിലാണ് ഹാത്രസ്.} ഹാത്രസ് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന്റെ വശത്തു കൂടിയുള്ള വഴിയിലൂടെ അഞ്ച് മിനിട്ട് നടന്നാൽ വത്സമ്മയും കുടുബവും താമസിച്ചിരുന്ന വീട്ടിലെത്താം. വത്സമ്മയുടെ ഭർത്താവ് തോമസിന് ഗൊരഖ്പൂറിലും , ഇവരുടെ മൂന്നുമക്കളിൽ മൂത്തമകൾ ജൻസി തോമസിനു ഗ്വാളിയാറിലും ആയിരുന്നു ജോലി. രണ്ടാമത്തെ മകൻ ജയ്സൺ ചെന്നയിലും ഇളയ മകൾ നിഷ നോയിഡയിലും പഠിക്കുകയായിരുന്നു.
:: 2012 ആഗസ്റ്റ് 15 ബുധൻ ::
വെളുപ്പിനെ നാലേമുക്കാലിനു വത്സമ്മതോമസും നിഷയും കൂടി ഹാത്രസ് കില റയിൽവേ സ്റ്റേഷനിലേക്ക് പോയി. അഞ്ചേമുക്കാലിനു ഡൽഹിക്കു പോകുന്ന പാസഞ്ചറിൽ നോയിഡയിലേക്ക് പോകുന്ന നിഷയെ ട്രയിനിൽ കയറ്റിവിടണം. പരിചിതമായ വഴികളിലൂടെ കഴിഞ്ഞ പത്തിരുപന്തഞ്ച് കൊല്ലം പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സഞ്ചരിച്ച വഴികളിലൂടെ പോകാൻ എന്തിനു ഭയപ്പെടണം.?.ഇരുപത് മിനിട്ട് നടന്നാൽ സ്റ്റേഷനിൽ എത്താം .ട്രയിൻ വന്ന് മകളെ കയറ്റി ഇരുത്തിയന്ന് വത്സമ്മ തോമസിനെ ഫോൺചെയ്ത് പറഞ്ഞു. ട്രയിൻ വിടുന്നതുവരെ സ്റ്റേഷനിൽ നിൽക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് വത്സമ്മ വീട്ടിലേക്ക് മടങ്ങി. (ട്രയിൻ വിടുന്ന ഉടനെ മിസ്ഡ് കോൾ അടിക്കമെന്ന് മകളും വീട്ടിൽ ചെന്നാലുടനെ വിളിച്ച് പറയാമെന്ന് വത്സമ്മയും പറഞ്ഞിരുന്നു). ട്രയിൻ വിട്ട ഉടനെ നിഷ അമ്മയുടെ ഫോണിലേക്ക് മിസ്ഡ് കോൾ അടിച്ചു. താൻ വീടെത്താറായി എന്ന് വത്സമ്മ നിഷയെ വിളിച്ചു പറഞ്ഞു....
ഫോൺ നിശബ്ദ്ദമാകുന്നു...
വത്സമ്മ വീട്ടിൽ എത്താനുള്ള സമയം കഴിഞ്ഞിട്ടൂം താൻ വീട്ടിലെത്തിയന്നുള്ള വത്സമ്മയുടെ ഫോൺകോൾ വരാത്തതിൽ തോമസിന് അസ്വാഭാവികതയൊന്നും തോന്നിയില്ല.വത്സമ്മ സ്റ്റേഷനിൽ നിന്ന് വിളിച്ച നമ്പരിലെക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്..ആരെടെങ്കിലും സംസാരിച്ച് നിൽക്കുന്നതുകൊണ്ടായിരിക്കും എന്ന് വീട്ടിൽ ചെല്ലാഞ്ഞത് എന്ന് കരുതി അത്ര കാര്യമാക്കിയില്ല.
വത്സമ്മ തോമസ് |
പക്ഷേ ഒരു മണിക്കൂർ കഴിഞ്ഞിട്ടൂം വത്സമ്മ വിളിക്കാത്തതിൽ തോമസിന് അസ്വാഭാവികത തോന്നി. സാധാരണ വത്സമ്മ ഇടയ്ക്കിടയ്ക്ക് തോമസിനെ വിളിക്കും. രാവിലെ കുറേ സമയം ഫോണിലൂടെ സംസാരിക്കൂക എന്നുള്ളത് ദിനചര്യയുടെ ഭാഗമായി മാറിയതാണ്. ഇങ്ങനെ സംസാരിക്കുമ്പോൾ അന്നത്തെ പത്രത്തിലെ വാർത്തകളൊക്കെ വത്സമ്മ തോമസിനോട് പറയുന്നതാണ്. എവിടെയെങ്കിലും പോവുകയാണങ്കിൽ പറയാതെ പോവുകയില്ല. ആഗസ്റ്റ് പതിനഞ്ച് അവധി ആയതുകൊണ്ട് ആശുപത്രിയിലും പോകേണ്ട.അർജന്റ് ഡ്യൂട്ടി വന്നാലും പറയാതെ പോവുകയില്ല .പിന്നെ എന്തുകൊണ്ട് വത്സമ്മ വിളിക്കുന്നില്ല? ചാർജ് തീർന്ന് ഫോൺ ഓഫായെങ്കിൽ മാറ്റാരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കെണ്ടതാണ്. അതുണ്ടായിട്ടില്ല. കൂടെ ജോലിചെയ്യുന്നവരെ വിളിച്ച് ചോദിച്ചപ്പോൾ ആർക്കും ഡ്യൂട്ടിയില്ല.? ഇനി എന്തെങ്കിലും അസുഖമായി വീടിനകത്ത് കിടക്കുകയാണോ? നേരത്തെ ഒരു തവണ പ്രഷർ കൂടി വീടിനകത്ത് കിടന്നുപോയതാണ്. ഇനി അങ്ങനെ എന്തെങ്കിലും????
അടുത്ത വീട്ടിലെ ഒരാളെ തോമസ് ഫോൺ ചെയ്ത് കാര്യങ്ങൾ പറഞ്ഞു. അയാൾ വീട്ടിൽ വന്ന് നോക്കിയപ്പോൾ പത്രം വാതിക്കൽ കിടപ്പുണ്ട്. വീടിനകത്തെ ദൈവത്തിന്റെ ഫോട്ടോയിലെ സീരിയൽ ബൾബുകളും കത്തി കിടപ്പുണ്ട്. വത്സമ്മ വീട്ടിൽ തിരികെ വന്നാൽ ആ ബൾബ്ബ് കെടുത്തും, പത്രം വായനയും മുടക്കാറില്ല. വത്സമ്മ റയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിൽ തിരികെ എത്തിയിട്ടില്ല എന്ന് തോമസ് ഉറപ്പിച്ചു. വരുന്ന വഴിയിൽ എവിടെയെങ്കിലും വീഴുകയോ മറ്റോ ചെയ്തിട്ടൂണ്ടാവുമോ? ഹാത്രസിൽ താമസിക്കുന്ന മലയാളികളെ വിവരം അറിയിക്കുന്നു.(മൂന്നാലു കുടുംബങ്ങൾ മാത്രമേ മലയാളികൾ ഉള്ളൂ).മഥുരയിൽ ജോലിചെയ്യുന്ന വത്സമ്മയുടെ അനുജത്തിയും മലയാളീയായ കുടുംബസുഹൃത്തും ഒക്കെ ഹാത്രസിൽ എത്തി വത്സമ്മയെ അന്വേഷിക്കാൻ തുടങ്ങി. സുഹൃത്തുക്കളുടേയും മറ്റും വീടുകളിൽ അന്വേഷിച്ചു. എങ്ങും വത്സമ്മ എത്തിയിട്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചു.
അമ്മയെ കാണാൻ ഇല്ല എന്ന് അറിഞ്ഞ് ഗ്വാളിയാറിൽ നിന്ന് മൂത്ത മകൾ ജൻസി വീട്ടിലെത്തി. റയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ എന്തെങ്കിലും അപകടം പറ്റി ആരെങ്കിലും ആശുപത്രിയിലങ്ങാണം എത്തിച്ചിരിക്കുമോ?? അവർ ആശുപത്രികൾ തോറും അന്വേഷിച്ചു. അവിടെയൊന്നും അന്ന് അപകടം നടന്നിട്ടില്ല. തോമസ് ഗൊരഖ്പൂറിൽ നിന്ന് ഹാത്രസിലേക്ക് തിരിച്ചു. പക്ഷേ വീടെത്താൻ പത്ത്പതിനഞ്ച് മണിക്കൂർ സമയം എടുക്കും?
:: പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ::
വത്സമ്മ തോമസ് 'മിസ്സിംങ്' ആണ് എന്ന് സുഹൃത്തുക്കളും അയൽവാസികളും ഉറപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചു. അവർ പരാതി എഴുതി പോലീസ് സ്റ്റേഷനിൽ എത്തി. ഇൻസ്പെക്ടർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. ഇരുപത്തിനാലു മണിക്കൂർ കഴിയാതെ പരാതി സ്വീകരിക്കാൻ കഴിയില്ല, കാണാതെപോയ ആളിന്റെ ഭർത്താവോ മക്കളോ പരാതി തന്നാലോ സ്വീകരിക്കാൻ പറ്റൂ എന്നൊക്കെ പറഞ്ഞ് പരാതി സ്വീകരിച്ചില്ല. പരാതിയുമായി ചെന്ന മലയാളികളോടൊപ്പം നിന്ന അയൽവാസികളോട് ഇൻസ്പെക്ടറുടെ ഭയപ്പെടുത്തലും വന്ന് താമസിക്കുന്നവരുടെ കാര്യത്തിൽ നിങ്ങൾ എന്തിനാ ഇടപെടൂന്നത്? നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരേ? (വത്സമ്മയും ആ ഗലിയിലുള്ളവരുമായുള്ള ആത്മബന്ധം ആ പോലീസുകാരൻ അറിയാതെ പോയി.). കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായപ്പോൾ ഇറങ്ങിപ്പോയതായിരിക്കുമെന്നും തിരിച്ചുവരുമെന്നും അല്ലങ്കിൽ ആരുടെയെങ്കിലും കൂടി പോയിക്കാണുമെന്നും ഒക്കെ ആ ഇൻസ്പെക്ടർ മോശമായ രീതിയിൽ പറഞ്ഞുകൊണ്ടിരുന്നു.ആദ്യ പരാതി അയാൾ സ്വീകരിക്കാതെ ഇറങ്ങിപ്പോയി. മലയാളികൾ അവിടെയുള്ള പള്ളിയിലെ അച്ചനുമായി ബന്ധപ്പെട്ട് തമിഴ്നാട്ടുകാരനായ അലിഘട്ട് ഡിഐജിയെക്കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതിനു ശേഷം മറ്റൊരു പരാതി എഴുതി നൽകിയത് വാങ്ങി.
2012 ആഗസ്റ്റ് 16 വ്യാഴം
വത്സമ്മയെ കാണാതായിട്ട് ഒരു ദിവസം കഴിഞ്ഞു. വത്സമ്മയുടെ ഫോൺ സ്വിച്ച് ഓഫ് തന്നെ. വത്സമ്മയ്ക്ക് എന്തോ അപകടം സംഭവിച്ചു എന്ന് ആളുകൾ ഉറപ്പിച്ചു. റയിൽവേ സ്റ്റേഷനിൽ നിന്ന് പോന്നതിനുശേഷം എവിടെ വെച്ചാണ് ആൾ 'മിസിംങ്' ആയതന്നു മാത്രം അറിയില്ല.? ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ? തട്ടിക്കൊണ്ട് പോയതാണങ്കിൽ തട്ടിക്കോണ്ട് പോയവർ അവരുടെ ഡിമാന്റുമായി ബന്ധപ്പെടേണ്ടതാണ്. അതിതുവരെ ഉണ്ടായിട്ടീല്ല. അപ്പോൾ പിന്നെ.....
വത്സമ്മയെ തലേന്ന് കണ്ടവർ
തോമസ് ഗൊരഖ്പൂറിൽ നിന്ന് ഹാത്രസിൽ എത്തുന്നത് 16 ആം തീയതി രാവിലെയാണ്. പോലീസ് സ്റ്റേഷന്റെ മുന്നിലൂടെയാണ് അവരുടെ വീട്ടിലേക്ക് പോകേണ്ടത്. നാട്ടുകാർ സഹതാപത്തോടെ തോമസിനെ നോക്കുന്നുണ്ട്. ചിലർ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു .പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഒരമ്പലം ഉണ്ട്. അമ്പലം കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോൾ ഒരു സ്ത്രി തോമസിനെ കണ്ട് നിന്നു. താൻ ഇന്നലെ അമ്പലത്തിലേക്ക് വരുമ്പോൾ വത്സമ്മയെ കണ്ടു എന്നും അമ്പലത്തിലേക്ക് പോകുവാണോ എന്ന് തന്നോട് ചോദിച്ചന്നും എവിടെ പോയതാണന്ന് ചോദിച്ചപ്പോൾ മോളെ ട്രയിനിൽ ഇരുത്താൻ പോയതാണന്ന് പറഞ്ഞന്നും അവർ പറഞ്ഞു. കുറച്ച് മുന്നോട്ട് മാറി ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന ഒരാളും തലേന്ന് താൻ ദീദിയെ കണ്ടന്ന് പറഞ്ഞു. അയാൾ രാവിലെ ഉന്തുവണ്ടിയുടെ അടുത്ത് നിൽക്കൂമ്പോൾ ദീദി ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നത് കണ്ടന്നാണ് പറഞ്ഞത്. താൻ വീട് എത്താറായി എന്ന വത്സമ്മയുടെ അവസാന ഫോൺ സംഭാഷ്ണം ആയിരിക്കണം അത്.ഇവർ കണ്ടതിനും വീടിനും ഇടയിൽ നിന്നാണ് വത്സമ്മ 'മിസിംങ്' ആയിരിക്കുന്നത്. ഇവർ വത്സമ്മയെ കണ്ട സ്ഥലവും വത്സമ്മയുടെ വീടും തമ്മിൽ പത്തിരുന്നൂറ് മീറ്റർ ദൂരം മാത്രമേ കാണൂ. രണ്ടോ മൂന്നോ മിനിട്ടീന്റെ ദൂരം. ഇതിനിടയിൽ മറ്റാരും കാണാതെ വത്സമ്മ മറഞ്ഞത് എവിടെയാണ്??
:: നാട്ടുകാർ അന്വേഷ്ണം തുടരുന്നു ::
രാവിലെ തന്നെ നാട്ടുകാർ വത്സമ്മയെ തിരഞ്ഞ് പലവഴിക്കായി നീങ്ങി. വിശാലമായി കിടക്കുന്ന പാടങ്ങളിലും ഒക്കെ നാട്ടുകാർ പരിശോധിച്ചു. ജൻസി അമ്മയുടെ ഫോട്ടോയുമായി തലേന്ന് ഈ ഫോട്ടോയിൽ കാണൂന്ന ആൾ ഏതെങ്കിലും വാഹനത്തിലോ മറ്റോ കയറിയതായി ഓർമ്മയുണ്ടോ എന്ന് ചോദിച്ച് അമ്മയുടെ ഫോട്ടോയുമായി ഡ്രൈവരുമാരുടെ അടുത്ത് ചെന്നു. ആരും തല്ലേന്ന് വത്സമ്മയെ കണ്ടിട്ടീല്ല. ആ പെൺകുട്ടി ഓടികളിൽ ഇറങ്ങി തപ്പി. മലിനജലം കെട്ടിക്കിടക്കുന്ന ചതിപ്പു നിലങ്ങളിൽ അവൾ അമ്മയെ തിരഞ്ഞു. എങ്ങും അമ്മയില്ല. അവസാനമായി വത്സമ്മയെ കണ്ടസ്ഥലത്തിനും വീടിനും ഇടയിൽ വെച്ചുതന്നെയാണ് വത്സമ്മയെ കാണാതായിരിക്കുന്നത്? മറ്റാരും കാണാതെ ആൾ എവിടേക്ക് പോയി ???
:: വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് ::
ആഗസ്റ്റ് പതിനഞ്ചിനു നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടാകാത്തതുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനം ആയി. തോമസും രണ്ട് പെണ്മക്കളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം കൂടി വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തി. തങ്ങൾ തലേന്ന് കൊടുത്ത പരാതി കീറി വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടിരിക്കൂന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞത്. വീണ്ടും പരാതി എഴുതി നൽകി. ഒരു പോലീസുകാരൻ പരാതി മാറ്റി എഴുതാൻ ശ്രമിച്ചു എങ്കിലും തങ്ങൾ നൽകിയ പരാതി മാറ്റാൻ സമ്മതിക്കില്ലന്ന് പരാതി നൽകാൻ പോയവർ പറഞ്ഞു. അവസാനം ആ പരാതി തന്നെ ഇൻസ്പെക്ടർ വിജേന്ദർ സിംഗിനു വാങ്ങേണ്ടി വന്നു. തലേന്ന് രണ്ടു പേർ വത്സമ്മയെ കണ്ട കാര്യം ഒക്കെ അവർ പോലീസിനോട് പറഞ്ഞു.അവരെങ്ങോട്ടെങ്കിലും പോയതായിരിക്കും അവരിങ്ങ് തിരിച്ചുവരും, കാണാതെ പോയ സ്ത്രി കാണാൻ സുന്ദരിയാണോ? പത്തമ്പത് വയസായ സ്ത്രിയെ ആര് തട്ടിക്കൊണ്ട് പോകാനാ, തട്ടിക്കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാ, എന്നൊക്കെ ഇൻസ്പെക്ടർ ചോദിച്ചതോടെ സങ്കടവും ദേഷ്യവും ഒക്കെ സഹിച്ചു നിന്ന ജൻസി അയാൾക്ക് മറുപിടി നൽകി. തട്ടിക്കൊണ്ട് പോകുന്നത് പ്രായം നോക്കിയിട്ടാണോ? കാണാതെ പോയ ആളുടെ സൗന്ദര്യം അന്വേഷിക്കാനല്ല കാണാതെപോയ ആളെ കണ്ടത്താനാ പരാതി നൽകിയത് എന്ന് ആ പെൺകുട്ടി തിരിച്ചു പറഞ്ഞു. തന്നെ മറുത്തൊരു പെണ്ണ് സംസാരിക്കൂന്നത് ഇൻസ്പെക്ടർക്ക് സഹിച്ചില്ല, പോലീസ് സ്റ്റേഷനിൽ വന്ന് ഡ്യൂട്ടി തടസപ്പെടൂത്തിയതിനു അറസ്റ്റ് ചെയ്യുമെന്ന് അയാൾ ഭീഷ്ണീപ്പെടൂത്തി. മറ്റുള്ളവർ രംഗം ശാന്തമാക്കി. ഇതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശ്നത്തിൽ ഇടപെട്ടു. മന്ത്രിയുടെ ഓഫീസിന്റെ നിർബന്ധപ്രകാരം ഡിഐജിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ഇൻസ്പെക്ടർക്ക് കഴിഞ്ഞില്ല.
:: പോലീസ് അന്വേഷ്ണം തുടങുന്നു. ::
വത്സമ്മ തോമസിനെ കാണാതായി ഒന്നര ദിവസത്തിനു ശേഷമാണ് പോലീസ് അന്വേഷ്ണം ആരംഭിക്കുന്നത്. വത്സമ്മയെ അവസാനമായി കണ്ടവരെ കണ്ട് വിവരങ്ങൾ ആരായാൻ പോലീസ് ആദ്യം തയ്യാറായില്ല. തോമസ് തന്നെ അവരെ പോലീസിന്റെ അടുക്കൽ കൊണ്ടുവന്നു. തലേന്ന് താൻ വത്സമ്മയെ കണ്ടു എന്ന് പറഞ്ഞ സ്ത്രിയെ നാക്ക് പിഴവിൽ കുരുക്കാൻ ഇൻസ്പെക്ടർ നോക്കിയെങ്കിലും അതിനു കഴിഞ്ഞില്ല. നേരത്തേ എന്നെങ്കിലും കണ്ടത് ഓർത്ത് പറയുന്നതാണല്ലേ എന്ന് ഇൻസ്പെകടർ വീണ്ടൂം വീണ്ടും ചോദിച്ചിട്ടൂം ആ സ്ത്രി തല്ലേന്നു തന്നെ എന്നതിൽ നിന്ന് മാറിയില്ല. കച്ചവടക്കാരനും വത്സമ്മയെ താൻ തലേന്ന് കണ്ടു എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു.
ഇനിയും എവിടെ അന്വേഷിക്കും.???
വത്സമ്മയെ അവസാനമായി കണ്ട സ്ഥലവും അവരുടെ വീടും തമ്മില് ഇരുന്നൂറു മീറ്ററിൽ കുറവ് ദൂരം മാത്രമേ ഉണ്ടാവൂ. അതിനിടയിൽ അവരെ കാണാതെ പോയെങ്കിൽ പരിചിയക്കാർ ആരെങ്കിലും വിളിച്ചു കൊണ്ട് പോയതായിരിക്കണം. പക്ഷേ ആര്?? ആ വഴിയിൽ ആരും വത്സമ്മയെ കണ്ടിട്ടീല്ല എന്നാണ് പറയുന്നത്. കണ്ടിട്ടൂം കണ്ടില്ല എന്ന് പറയുന്നതായിരിക്കുമോ?? വത്സമ്മയെ അവസാനമായി കണ്ട സ്ഥലത്തിനും അവരുടെ വീടിനും ഇടയിലാണ് മോഹിത് പൗരുഷിന്റെ വീട്. മോഹിതാണങ്കിൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളും. പത്തിരുപത്തിനാല് വയസിനിടയിൽ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതി. ഇപ്പോൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലുണ്ട്. മോഹിതിന്റെ വീടിന്റെ മുന്നിലൂടെയാണ് വത്സമ്മയുടെ വീട്ടിലേക്കുള്ള വഴി. മോഹിതിന്റെ വീടിനു ശേഷം ആരും വത്സമ്മയെ കണ്ടിട്ടീല്ല എന്നതുകൂടി കണക്കിലെടൂത്ത് അയാളുടെ വീട് പരിശോധിക്കണമെന്നും അയാളെ സംശയം ഉണ്ടന്നും തോമസ് പറഞ്ഞു. 16 ആം തീയതി രാവിലെ ജൻസി ആ വഴികളിലുള്ള വീടുകളിലെല്ലാം അമ്മയെ കണ്ടോ എന്ന് അന്വേഷിച്ച് ചെന്നിരുന്നു. ആ സമയത്ത് മോഹിതിന്റെ അമ്മ ബീന പൗരുഷ് അവരുടെ വീടിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു. അവരോടും അമ്മയെ കണ്ടോ എന്ന് ജൻസി ചോദിച്ചപ്പോൾ വത്സമ്മ എന്ന ഒരാളെ അറിയാത്ത പോലെയായിരുന്നു അവരുടെ സംസാരം. എന്തെങ്കിലും ഒക്കെ അസുഖങ്ങൾ വരുമ്പോൾ അവർ ആദ്യം ചെന്നിരുന്നത് വത്സമ്മയുടെ അടുത്തായിരുന്നു. എന്നിട്ടാണ് വത്സമ്മയോ ഏത്? എന്ന ഭാവത്തിൽ ബീന പൗരുഷ് പെരുമാറിയത്. ബീന പൗരുഷ്-മോഹിത് പൗരുഷിന്റെ വീടും വത്സമ്മയുടെ വീടും തമ്മിൽ പത്തുനൂറ് മീറ്ററിന്റെ അകലം മാത്രമേ ഉണ്ടാവൂ.
:: പോലീസ് അന്വേഷ്ണം???::
മോഹിതിന്റെ വീട് പരിശോധിക്കണം എന്ന് ആവശ്യം ഇൻസ്പെക്ടർ ആദ്യം നിരസിച്ചു. ഒരാളുടെ വീട് മാത്രമായിട്ട് പരിശോധിക്കാൻ പറ്റില്ലന്നും ചുറ്റുമുള്ള വീടുകളെല്ലാം കൂടി പരിശോധിക്കണമെന്നും അതിനു മേലുദ്യോഗസ്ഥരുടെ ഉത്തരവ് വേണമെന്നും പറഞ്ഞ് ഇൻസ്പെക്ടർ ഒഴിഞ്ഞുമാറി. ഉത്തരവുമായി വരാമെന്ന് പറഞ്ഞ് അയാൾ പോയി.
കുറെ സമയം കഴിഞ്ഞ് (അപ്പോഴേക്കും വൈകുന്നേരം അയി) ഇൻസ്പെക്ടർ വത്സമ്മയുടെ വീട്ടിൽ വന്നു. ചുറ്റുമുള്ള വീടുകളൊക്കെ പരിശോധിച്ചന്നും മൊഹിതിന്റെ വീട് താഴിട്ട് പൂട്ടിയിരിക്കയാണന്നും അത് പൊട്ടിച്ച് അകത്ത് കയറി പരിശോധിക്കാൻ തനിക്ക് അധികാരം ഇല്ലന്നും അയാൾ പറഞ്ഞു. തങ്ങൾ അന്വേഷിക്കുന്നുണ്ടന്ന് പറഞ്ഞ് അയാൾ പോയി. രാത്രി ആയപ്പോൾ ഇൻസ്പെകടറും രണ്ട്മൂന്ന് പോലീസുകാരും വീണ്ടും തോമാസിന്റെ വീട്ടീൽ എത്തി. തങ്ങൾ മൊഹീതിന്റെ വീട് പരിശോധിച്ചന്നും അവിടെ സംശയിക്കത്തക്കതായി ഒന്നും ഇല്ലന്നും അയാൾ പറഞ്ഞു. എല്ലാം മുറിയും പരിശോധിച്ചോ എന്ന് തോമസും മകളും ചോദിച്ചപ്പോൾ എല്ലാം മുറിയും തുറന്ന് പരിശോധിച്ചന്നും നിങ്ങൾ അവരെ സംശയിച്ചത് ശരിയായില്ലന്നും പറഞ്ഞ് അയാൾ തിരികെ പോയി. കുറേ സമയം കഴിഞ്ഞ് രണ്ട് പോലീസുകാർ തോമസിന്റെ മുന്നിൽ വന്നു. എന്തിനാണ് വന്നതന്ന് ചോദിച്ചപ്പോൾ "നിങ്ങൾക്ക് സംരക്ഷണം നൽകാൻ ഇനസ്പെക്ടർ പറഞ്ഞത് അനുസരിച്ച് വന്നതാ"എന്ന് അവർ പറഞ്ഞു. തങ്ങൾക്ക് സംരക്ഷണം ആവശ്യമില്ലന്ന് പറഞ്ഞ് പോലീസുകാരെ മടക്കി അയച്ചു. ഈ സമയത്ത് തന്നെ മൊഹിതിന്റെ വീടിനു മുന്നിലും പോലീസുകാർ നിൽപ്പുണ്ടന്ന് ചില നാട്ടുകാർ വന്ന് തോമസിന്റെ വീട്ടിൽ അറിയിച്ചു.
2012 ആഗസ്റ്റ് 17 വെള്ളി
വെള്ളിയാഴ്ച വെളുപ്പിനെ പോലീസ് എത്തി തോമസും ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടു. അവർ പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ മോഹിത് സ്റ്റേഷനിൽ നിൽപ്പുണ്ട്. വത്സമ്മയുടെ ഡെഡ്ബോഡി മോഹിതിന്റെ വീട്ടിൽ നിന്ന് കുറച്ചു മുമ്പ് തങ്ങൾക്ക് കിട്ടിയെന്ന് ഇൻസ്പെക്ടർ തോമസിനോടും ബന്ധുക്കളോടും പറഞ്ഞു. മോഹിതിന്റെ വീട്ടിൽ നിന്ന് 'തങ്ങളുടെ ആശ'യുടെ (ആശ- നഴ്സുമാരെ ഗലിയിലുള്ളവർ വിളിക്കുന്നത് ഇങ്ങനെയാണ്) ഡെഡ് ബോഡി കിട്ടിയത് നാട്ടുകാർ അറിഞ്ഞു. പോലീസുകാരുടെ നിർബന്ധത്തിനു വഴങ്ങി മോഹിതിന്റെ വീട്ടിൽ നിന്ന് മൃതശരീരം എടുത്ത് പോലീസുകാർ കൊണ്ടുവന്ന വാഹനത്തിൽ കയറ്റിയവനും മൃതശരീരം മോഹിതിന്റെ വീട്ടിൽ നിന്ന് കിട്ടീയ കാര്യം നാട്ടുകാരോട് പറഞ്ഞു. നാട്ടൂകാർ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. ഡെഡ് ബോഡി പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുവാണന്ന് പോലീസ് പറഞ്ഞ്. ആശുപത്രി മുറ്റത്തെ ഒരു മരത്തിന്റെ ചുവട്ടിൽ ആ മൃതശരീരം വെറുതെ ഇട്ടിരിക്കൂകയാണ്. ഭയനാകമായ കാഴ്ചകാണാനാകാതെ മൃതശരീരം കണ്ടവർ പിന്മാറി.
തലേന്ന് രാത്രി മോഹിതിന്റെ വീട് പരിശോധിച്ചു എന്നു പറഞ്ഞ പോലീസിനു രണ്ട് മൂന്ന് മണിക്കൂറുകൾക്കകം ആ വീട്ടിൽ നിന്ന് എങ്ങനെ വത്സമ്മയുടെ മൃതശരീരം കിട്ടി.? "മോഹിതിന്റെ വീടെല്ലാം ശരിക്ക് പരിശോധിച്ചു എന്നു പറഞ്ഞിട്ടും സാറിനെങ്ങനയാ അമ്മയുടെ മൃതശരീരം ഇവന്റെ വീട്ടിൽ നിന്ന് തന്നെ കിട്ടീയത്?" ജൻസി ഇൻസ്പെക്ടറോട് ചോദിച്ചു.പോലിസ് മോഹിതിന്റെ വീട് പരിശോധിക്കുമ്പോൾ ഒരു മുറി താഴിട്ട് പൂട്ടിയിരിക്കുവാണത്രെ. അതുകൊണ്ട് അവർ ആ മുറി പരിശോധിച്ചില്ലന്നുള്ള വിചിത്രമറുപിടിയായിരുന്നു ഇൻസ്പെക്ടറുടേത്. ദുർഗന്ധം എടുത്തു തുടങ്ങിയ ഒരു മൃതശരീരം ഒളിപ്പിച്ചു വെച്ച മുറിയുടെ മുന്നിൽ നിന്നിട്ട് പോലും ആ മണം തിരിച്ചറിയാൻ കഴിയാത്ത പോലീസോ??
:: ജനങ്ങൾ തെരുവിലേക്ക് ::
നേരം വെളുത്തപ്പോഴേക്കും ഹാത്രസ് പോലീസ് സ്റ്റേഷനും ആശുപത്രി പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. പോലീസ് കൊലപാതകികളെ സംരക്ഷിക്കുകയാണന്ന് അവർ ആരോപിച്ചു. ആരോപണം അല്ലായിരുന്നു അതായിരുന്നു സത്യവും. മോഹിതിന്റെ വീടും വത്സമ്മയുടെ വീടും തമ്മിൽ നൂറുമീറ്ററിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മോഹിതിന്റെ വീട്ടിൽ നിന്ന് മൃതശരീരം എടുക്കുമ്പോൾ തോമസിനെയോ ബന്ധുക്കളയോ അത് അറിയിച്ചില്ല.അർദ്ധരാത്രിയിൽ നാട്ടുകാർ പോലും അറിയാതെയായിരുന്നു പോലീസ് മൃതശരീരം എടുത്തുകൊണ്ടു പോയത്. തെളിവുകൾ നശിപ്പിക്കേണ്ടത് പോലീസിന്റെ കൂടെ ആവശ്യമായിരുന്നോ???
വത്സമ്മയുടെ മൃതശരീരം കിട്ടീയ വാർത്ത അറിഞ്ഞ് അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ളവരും അവർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നിന്നുള്ളവരും, സമീപജില്ലകളിൽ നിന്നുള്ള സഹപ്രവർത്തകരും ഹാത്രസിലേക്ക് വന്നു കൊണ്ടീരുന്നു. മോഹിതിന്റെ വീട്ടിൽ ഉള്ളവർ ഇതിനിടയിൽ അവിടെ നിന്ന് മാറിയിരുന്നു(മാറ്റിയിരുന്നു). ഒരാൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വീട്ടിൽ സൂക്ഷിക്കാൻ പറ്റില്ലല്ലോ? അതിനയാൾക്ക് ആ വീട്ടിൽ നിന്നും സഹായം കിട്ടിയിരിക്കണം.
"എന്തിനാടാ നീ എന്റെ അമ്മയെ കൊന്നത്? എന്തു തെറ്റാടാ അവർ നിന്നോട് ചെയ്തത്?" വത്സമ്മയുടെ മക്കൾ പോലീസ് സ്റ്റേഷനിൽ വെച്ച് അയാളോട് ചോദിച്ചു. അമ്മ നിർബന്ധിച്ചിട്ടാ കൊലപാതകം നടത്തിയതന്ന് മോഹിത് പറഞ്ഞു. ഇതുവരെ മോഹിതിന്റെ അറസ്റ്റ് രേഖപ്പെടൂത്തിയിരുന്നില്ല.
"സർ, ഇയാളെ എന്താ അറസ്റ്റ് ചെയ്യാത്തത്? അയാളുടെ അമ്മയെ എന്താ അറസ്റ്റ് ചെയ്യാത്തത്?" അവർ ഇൻസ്പെക്ടറോട് ചോദിച്ചു.
"ഇയാളാ നിങ്ങടെ അമ്മയെ കൊന്നതന്ന് ആരു പറഞ്ഞു?" ഇൻസ്പെക്ടറുടെ ചോദ്യം.
"ഇയാൾ തന്നെ പറഞ്ഞല്ലോ ഇയാളാ അമ്മയെ കൊന്നതന്ന്. അമ്മയുടെ മൃതശരീരം കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നല്ലേ?" ജൻസിയുടെ ചോദ്യങ്ങൾ കേൾക്കാത്ത ഭാവത്തിൽ ഇൻസ്പെക്ടർ മാറി നിന്നു.
നിസഹായതയും സങ്കടവും ദേഷ്യവും എല്ലാം ആ പെൺകുട്ടിയെ മറ്റൊരാൾ ആക്കിയിരുന്നു. അപ്പനും അനുജത്തിയും അമ്മയുടെ മരണവാർത്ത അറിഞ്ഞതോടെ തളർന്നു പോയിരിക്കുന്നു. താനും കൂടി തളർന്നാൽ ... ഇല്ല അമ്മ കൊല്ലപ്പെട്ടു എന്ന സത്യം അംഗീകരിക്കൂന്നതോടൊപ്പം തങ്ങൾക്ക് നീതി കൂടി അന്യമാവുകയാണങ്കിലോ? താൻ കൂടി തളർന്നാൽ , ഭയപ്പെട്ട് പിന്മാറിയാൽ തങ്ങൾക്ക് നീതി കിട്ടില്ല. ഇല്ല താൻ തളരാൻ പാടില്ല.... ജനസി വീണ്ടും ചോദ്യം ഇൻസ്പെക്ടറോട് ആവർത്തിച്ചു. അയാൾ വന്യമായ ഭാവത്തോടെ അവരുടെ അടുത്തേക്ക് വന്നു...
"ഇയാളുടെ വീട്ടീന്നാ വത്സമ്മയുടെ ഡെഡ് ബോഡി കിട്ടീയതന്ന് ആരാ പറഞ്ഞത്? നിങ്ങളു കണ്ടോ? നാട്ടൂകാരിൽ ആരെങ്കിലും കണ്ടോ? കാണാത്ത കാര്യങ്ങളുടെ പേരിൽ വെറുതെ ഒരാളെ അർസ്റ്റ് ചെയ്യാനൊന്നും പറയേണ്ട. നിയമം എങ്ങനെ നടപ്പാക്കണാമെന്ന് നിങ്ങൾ പ്ഠിപ്പിക്കേണ്ട. അത് എനിക്കറിയാം" അയാൾ പറഞ്ഞു.
നിയമം നടത്തേണ്ട നിയപാലകൻ തന്നെ കൊലപാതകികളുടെ പക്ഷത്ത് നിന്ന് അവനു വേണ്ടി സംസാരിക്കുന്നു. കൊലപാതകം നടത്തിയവൻ അത് താനാണ് ചെയ്തതന്ന് പറഞ്ഞിട്ടൂം അവനല്ല കൊലപാതകം ചെയ്തതന്ന് ഇൻസ്പെക്ടർ പറയുന്നു.
പോലീസ് സ്റ്റേഷനകത്ത് സംഭവിച്ച കാര്യങ്ങൾ ജനങ്ങൾ അറീഞ്ഞു. അവർ ആഗ്ര- അലിഘ്ട്ട് പാതയിലെ വാഹനങ്ങൾ തടയാൻ തുടങ്ങി. കൂടുതൽ പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മോഹിതിന്റെ അറസ്റ്റ് രേഖപ്പെടൂത്തി. കൊലപാതകത്തിനു മോഹിതിനു കൂട്ടൂനിന്നവരെ അറസ്റ്റ് ചെയ്യാതെ തങ്ങൾ റോഡിൽ നിന്ന് മാറുകയില്ലന്ന് നാട്ടൂകാർ പറഞ്ഞു. നഴ്സസ് യൂണിയൻ പ്രവർത്തകരും നാട്ടുകാരോടൊപ്പം നിന്നു . റോഡിൽ നിന്ന് മാറാതെ പോസ്റ്റ്മാർട്ടം നടത്തുകയില്ലന്ന് പോലീസ്. ബീനാ പൗരുഷിനെയും കൂട്ടാളികളയും കൂടി അറസ്റ്റ് ചെയ്യാതെ റോഡിൽ നിന്ന് മാറുകയില്ലന്ന് നാട്ടൂകർ. തർക്കം തുടരുന്നതിനിടയിൽ സമയം ഉച്ചയായി.
നാട്ടുകാരുടെ സമരം ചിത്രം-ഹിന്ദി പത്രങ്ങളിൽ വന്നത് |
കൂടുതൽ ജനങ്ങൾ എത്തിയതോടെ റോഡ് ഉപരോധം അക്രമത്തിലേക്ക് നീങ്ങാൻ തുടങ്ങി. പോലീസും തയ്യാറായി നിന്നു. മൂന്നു ദിവസമായി കഴിഞ്ഞ മൃതശരീരം അപ്പോഴും ആശുപത്രി മുറ്റത്ത് തന്നെയാണ്.ജനങ്ങൾ റോഡിൽ നിന്ന് മാറിയില്ലങ്കിൽ ലാത്തിചാർജ് ചെയ്യുമെന്നും എല്ലാവരയും പിടിച്ച് ലോക്കപ്പിൽ ഇടുമെന്നും മൃതശരീരം പോലും തരില്ലന്നും പോലീസ് ഇടയ്ക്കിടയ്ക്ക് നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു കൊണ്ടിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി ബന്ധുക്കളുമായി സംസാരിച്ചു. കുറ്റവാളികൾ എല്ലാം അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവർ ഉറപ്പ് നൽകി. ജനങ്ങളോട് സംസാരിക്കാൻ അവർ ജൻസിയോട് ആവശ്യപ്പെട്ടു. അവൾ ജനങ്ങളോട് സംസാരിച്ചു. അമ്മയുടെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്ക്കരിക്കാൻ അവസരം ഉണ്ടാക്കണമെന്ന് അവൾ അഭ്യർത്ഥിച്ചു. .ജനങ്ങൾ ഉപരോധത്തിൽ നിന്ന് പിന്മാറി.
ഇതിനിടയിൽ തന്നെ മൃതശരീരം കേരളത്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്ത് തുടന്ങിയിരുന്നു. പോസ്റ്റ്മോർട്ടം താമസിക്കുന്നതോടെ അതിനുള്ള സാധ്യതകൾ കുറഞ്ഞു വന്നു. മൂന്നു ദിവസം കഴിഞ്ഞ മൃതശരീരം നാട്ടിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടൂകൾ കാരണം അത് ഉപേക്ഷിച്ചു. പിന്നീട് അന്ന് തന്നെ അവിടെ സംസ്ക്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. വൈകുന്നേരത്തോടെയാണ് പോസ്റ്റ്മാർട്ടം ചെയ്ത് മൃതശരീരം കിട്ടീയത്. പത്തിരുപത്തഞ്ച് വർഷം താൻ ജീവിച്ച നാട്ടിൽ തന്നെ താൻ പ്രവർത്തിച്ച മണ്ണിൽ തന്നെ ആയിരക്കണക്കിനാളുകളുടെ സാനിധ്യത്തിൽ വത്സമ്മയുടെ മൃതശരീരം അടക്കം ചെയ്തു.
:: മോഹിത് പോലീസിന്റെ വലയിൽ കുടുങ്ങുന്നു (?)- വാൻ ഡ്രൈവർ മോഹിതിനെ പോലീസിൽ എത്തിക്കുന്നു::
ഇതുവരെ വായിച്ച നിങ്ങൾക്ക് മനസിലായിട്ടുണ്ടാവും പോലീസ് ആരോടൊപ്പമാണന്ന്. കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ച/ശ്രമിച്ചുകൊണ്ടിരുന്ന പോലീസിന് (വത്സമ്മയുടെ കുടുംബം പരാതി നൽകിയ പോലീസ് സ്റ്റേഷനിൽ ഉള്ള പോലീസുകാർ) പിന്നെങ്ങനെ മോഹിതനെ കസ്റ്റ്ഡിയിൽ എടുക്കേണ്ടി വന്നതന്നും അയാളുടെ വീട്ടിൽ നിന്നും വത്സമ്മയുടെ മൃതശരീരം എങ്ങനെ കിട്ടിയെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ചിലപ്പോൾ ഈശ്വരൻ പലരൂപത്തിൽ സഹായമായി വരും എന്ന് കേട്ടിട്ടീല്ലേ? ഈശ്വര രൂപത്തിൽ ഒരു വാൻ ഡ്രൈവർ എത്തിയതാണ് മോഹിതിനെ പോലീസിന്റെ പിടിയിൽ അകപ്പെടൂത്തിയത്. 2012 ആഗസ്റ്റ് 16 വ്യാഴം രാത്രിയിലാണ് മോഹിത് പോലീസിന്റെ പിടിയിൽ ആകുന്നത്. വീണ്ടും നമുക്ക് 2012 ആഗസ്റ്റ് 15 ബുധനിലേക്ക് പോകാം...
:: 2012 ആഗസ്റ്റ് 15 ബുധന്‍ : കൊലപാതകം നടക്കുന്നു. ::
{മോഹിതിന്റെ മൊഴികളിൽ നിന്ന് കൊലപാതകം നടന്ന ദിവസം മുതൽ പിടിയിലാകുന്നതുവരെയുള്ള സംഭവങ്ങൾ.മൃഗീയമായ കൊലപാതക വിവരണം. നിങ്ങൾക്ക് ഈ ഭാഗം ഒഴിവാക്കി വായിക്കാം}
വത്സമ്മയുടെ വീടും മോഹിതിന്റെ വീടൂം അടുത്തടൂത്താണന്ന് നേരത്തെ പറഞ്ഞല്ലോ. പതിനഞ്ചാം തീയതി നിഷ തിരിച്ചുപോകുമെന്ന് ബീന പൗരുഷ്(മോഹിതന്റെ അമ്മ)മനസിലാക്കിയിരുന്നു. നിഷയെ വെളിപ്പിനത്തെ ട്രയിനിന് കൊണ്ടൂ വിട്ടിട്ട് വത്സമ്മ തനിച്ചായിരിക്കും തിരിച്ച് വരുന്നതെന്ന് അവർക്കറിയാം. അതിനനുസരിച്ച് അവർ പദ്ധതികൾ തയ്യാറാക്കി. (ഗൂഢാലോചനയെക്കുറിച്ചും മറ്റും പിന്നീട് പറയാം). വത്സമ്മ നിഷയും കൊണ്ട് പോകുന്നത് മോഹിതും അമ്മയും അവരുടെ വീട്ടിൽ നിന്ന് ശ്രദ്ധിച്ചു. പിന്നീട് അവർ തങ്ങളുടെ കൂട്ടാളികളെ വിളിച്ചു വരുത്തി.(വിളിച്ചു വരുത്തുകയായിരുന്നോ അവർ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നതാണൊ എന്നതിൽ സംശയം ഉണ്ട്- കുറേ ദൂരെനിന്നുള്ള രണ്ട് മൂന്നു ആളുകളും ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് മോഹിത് മൊഴി നൽകിയെങ്കിലും ഇയാൾ പറഞ്ഞ അഡ്രസിൽ ആളെകണ്ടത്താൻ പോലീസിനു കഴിഞ്ഞില്ല). അവർ വത്സമ്മ തിരിച്ചു വരുന്നത് കാത്തിരുന്നു.
വത്സമ്മ മകളെ കൊണ്ട് വിട്ടിട്ട് ഒറ്റയ്ക്ക് വരുന്നത് കണ്ടിട്ട് അവർ തങ്ങളുടെ പദ്ധതി അനുസരിച്ച് കാര്യങ്ങൾ തയ്യാറാക്കി. വത്സമ്മ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ബീന പൗരുഷ് റോഡിൽ നിന്ന് വത്സമ്മയെ വിളിച്ചു. തനിക്ക് ഭയങ്കര വയറു വേദനയാണന്നും ഒന്നു വന്നു നോക്കുമോ എന്നും ചോദിച്ച് വീട്ടിലേക്ക് വന്ന് ഒന്നു നോക്കണമെന്ന് ആവശ്യപ്പെട്ടു. (ബീന പൗരുഷ് തന്റെ മകളെ കൊണ്ട് വത്സമ്മയെ വിളിക്കുകയായിരുന്നു എന്നും പറയുന്നു. അമ്മയ്ക്ക് ഭയങ്കര വയറു വേദനയായിട്ട് കിടക്കുകയാണന്നും ഒന്നു വന്ന് നോക്കാൻ അമ്മ പറഞ്ഞു എന്നും പറഞ്ഞ് മകളെ കൊണ്ട് വത്സമ്മയെ വീട്ടിലേക്ക് വരുത്തുകയായിരുന്നു എന്നായിരുന്നു ചില സമയത്ത് പറഞ്ഞത്). ഈ ദിവസത്തിനു മൂന്നാലു ദിവസം മുമ്പ് ബീനാ പൗരുഷ് വത്സമ്മയുടെ വീട്ടിൽ എത്തി വയറുവേദനയാണന്നും എന്തെങ്കിലും മരുന്നുണ്ടങ്കിൽ കൊടുക്കണമെന്ന് പറയുകയും ചെയ്തിരുന്നത്രെ! അന്ന് വത്സമ്മ തന്റെ കൈയ്യിലിരുന്ന പെയിൻ കില്ലർ കൊടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി കാണിക്കാൻ പറഞ്ഞ് അവരെ മടക്കി അയച്ചിരുന്നു. വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് അറിയാനും, ആരെങ്കിലും ഉണ്ടങ്കിൽ അവർ എന്ന് തിരികെ പോകുമെന്ന് അറിയാനും ആയിരിക്കും അവർ വീട്ടിൽ എത്തിയത്.
താൻ അസുഖം കൊണ്ട് വേദന അനുഭവിക്കുന്നു, തന്നെ ഒന്നു നോക്കാമോ എന്ന് ബീന ആവശ്യപ്പെടൂമ്പോൾ നഴ്സായ വത്സമ്മ മറ്റെന്ത് ആലോചിക്കാന്‍? പത്തിരുപത്തഞ്ച് കൊല്ലം താൻ ജീവിക്കുന്ന നാട്ടിൽ , എല്ലാവരയും അറിയാവുന്ന നാട്ടിൽ എന്ത് സംഭവിക്കാൻ? കാത്തിരിക്കൂന്ന അപകടം അറിയാതെ ബീന പൗരുഷിനെ നോക്കാനായി അവരുടെ വീടിന്റെ വാതിൽ കടന്നതും വാതിക്കൽ മറഞ്ഞ് നിന്ന മോഹിത് കതകടച്ച് തുണികൊണ്ട് വത്സമ്മയുടെ മുഖം മൂടി. നിങ്ങൾ എന്താ കാണിക്കുന്നതന്ന് വത്സമ്മ ചോദിച്ചു. തന്റെ മക്കളെ ഓർത്തെങ്കിലും തന്നെ ഉപദ്രവിക്കാതെ വിടണമെന്ന് വത്സമ്മ പറഞ്ഞു. തന്റെ മുഖത്ത് ഇട്ട തുണി വത്സമ്മ വലിച്ചു മാറ്റി. അവർ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് തന്റെ പുറകിൽ നിൽക്കുന്ന ആളെ തിരിഞ്ഞു നോക്കി. കഴുത്തിലെ സ്വർണ്ണമാല അവർ പൊട്ടിച്ചെടുക്കാൻ തുടങ്ങിയപ്പോൾ തന്റെ ആഭരണങ്ങൾ എല്ലാം ഊരിയെടുത്തിട്ട് തന്നെ ജീവനോടെ വെറുതെ വിടാൻ വത്സമ്മ അവരോട് പറഞ്ഞു. വത്സമ്മ തങ്ങളെ തിരിച്ചറിഞ്ഞതുകൊണ്ട് അവളെ ജീവനോട് വിട്ടയിച്ചാൽ പോലീസിൽ പരാതിപെട്ട് തങ്ങളെയെല്ലാം ജയിലിലാക്കുമെന്ന് ബീന പൗരുഷ് മോഹിതിനോട് പറഞ്ഞു. വത്സമ്മയെ ജീവനോട് പുറത്ത് വിടുന്നത് അപകടം ആണന്നും അതുകൊണ്ട് വത്സമ്മയെ കൊല്ലാനും ബീന പൗരുഷ് മോഹിതിനോട് ആവശ്യപ്പെട്ടു. അമ്മയുടെ(ബീന പൗരുഷിന്റെ) നിർദ്ദേശം അനുസരിച്ച് മോഹിത് വത്സമ്മയെ കൊല്ലാൻ തീരുമാനിച്ചു. തന്നെ വെറുതെ വിടണമെന്ന് പറഞ്ഞ് വത്സമ്മ ജീവനുവേണ്ടി യാചിച്ചു. വത്സമ്മയുടെ സാരിയുടെ അറ്റം(മുന്താണി) കൊണ്ട് തന്നെ അയാൾ വത്സമ്മയുടെ കഴുത്ത് മുറുക്കി. ശ്വാസം കിട്ടാതെ പിടിഞ്ഞ ആ സ്ത്രി വെപ്രാളത്തോടെ കുതിറിയപ്പോൾ സാരി കഴുത്തിൽ നിന്ന് അയഞ്ഞു. മറ്റൊരു തുണി എടുത്ത് കഴുത്തിൽ മുറുക്കി ആ അമ്മയും മകനും ഉൾപ്പെട്ട ക്രിമിനൽ സംഘം വത്സമ്മയെ കൊലപ്പെടുത്തി. (തനിക്ക് വത്സമ്മ ആന്റിയെ കൊല്ലണമെന്ന് ആഗ്രഹം ഇല്ലായിരുന്നു എന്നും ആഭരണങ്ങൾ കവർന്നതിനു ശേഷം വിട്ടയ്ക്കണമെന്നായിരുന്നെന്നും അമ്മ നിർബന്ധിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ആദ്യം മോഹിത് പറഞ്ഞു എങ്കിലും പിന്നീട് അയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചപ്പോൾ ഞെട്ടിക്കുന്ന പലകാര്യങ്ങളും പുറത്ത് വന്നു.).വത്സമ്മ അവസാനമായി ഫോൺ ചെയ്തതിനു ശേഷം മിനിട്ടുകൾക്കകം തന്നെ കൊല്ലപ്പെട്ടിരുന്നു. വത്സ്മ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാലയും വളയും അവർ ഊരിയെടുത്തു.മോതിരം ഊരാൻ ശ്രമിച്ചു പരാജയപ്പെട്ടതുകൊണ്ട് വിരൽ മുറിച്ചാണ് മോതിരം എടുത്തത്. കമ്മൽ ഊരിയെടുക്കാൻ അറിയാത്തതുകൊണ്ട് (വടക്കേ ഇന്ത്യക്കാർ ക്ലിപ്പുപോലുള്ള കമ്മൽ ഉപയോഗിക്കുന്നവരാണ്-കേരളത്തിലെപോലുള്ള ആണി തിരിച്ച് മുറുക്കുന്ന കമ്മൽ കുറവാണ് ) കമ്മൽ എടുക്കാനായി കാത് അറുക്കുകയും ചെയ്തു. കാലിലെ വെള്ളിക്കൊലുസും ഊരിയെടൂത്തു. ആഭരണങ്ങൾ എല്ലാം എടുത്തതിനുശേഷം മൃതദേഹത്തെ ഒരു മുറിയിലേക്ക് മാറ്റി.
:: ക്രിമിനൽ സംഘത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു ::
വത്സമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ എടുത്തതിനുശേഷം മൃതശരീരം രാത്രിയിൽ വത്സമ്മയുടേ വീട്ടിൽ തന്നെ കൊണ്ടിടാനായിരുന്നു കൊലപാതക സംഘത്തിന്റെ പദ്ധതി. വത്സമ്മയുടെ കൈയ്യിൽ നിന്ന് വീടിന്റെ താക്കോലും അവർക്ക് കിട്ടിയിരുന്നു.രാത്രിയിൽ വീട് തുറന്ന് മൃതശരീരം വീട്ടിൽ തന്നെ ഇട്ട് കത്തിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു അവരുടെ പദ്ധതി .പക്ഷേ കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് തന്നെ വത്സമ്മയെ കാണാതായ വിവരം എല്ലാവരും അറിയുകയും വീട്ടിൽ ആളുകൾ എത്തുകയും ഗലിയിൽ ആളുകൾ എപ്പോഴും ഉണ്ടാവുകയും ചെയ്തതോടെ ആ പദ്ധതി പൊളിഞ്ഞു. വത്സമ്മയെ കാണാതായ വിവരം ഇത്ര പെട്ടന്ന് മറ്റുള്ളവർ അറിയുമെന്നോ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്ന് എത്തുമെന്നോ അവർ കരുതിയില്ല.
വത്സമ്മയുടെ വീട്ടിൽ മൃതശരീരം കൊണ്ടുപോയി ഇടാൻ പറ്റില്ലന്ന് മനസിലാക്കിയതോടെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. റോഡില്‍ എപ്പോഴും ആളുകൾ ഉണ്ടാവുകയും വത്സമ്മയെ കാണാതായ വിവരം എല്ലാവരും അറിയുകയും പത്രത്തിൽ വാർത്തയായി വരികയും ഉന്നത പോലീസ് ഉദ്യോഗസ്ഥ തലത്തിൽ അന്വേഷ്ണം നടത്തുകയും ചെയ്യുമെന്നായപ്പോൾ എത്രയും പെട്ടന്ന് മൃതദേഹം ഉപേക്ഷിക്കണ്ട സാഹചര്യം ഉണ്ടായി. മൃതശരീരം ഉപേക്ഷിക്കൂമ്പോൾ ആളെ തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കാൻ ശ്രമിച്ചിരുന്നു. തീകത്തിക്കുകയോ ആസിഡ് ഒഴിക്കുകയോ ആയിരിക്കണം ചെയ്തത്.(പൊലീസ് പറയുന്നത് മൃതശീരം ഒളിപ്പിച്ചിരുന്നത് കമ്പിളി പുതപ്പ് കൊണ്ടായിരുന്നെന്നും അതിന്റെ ചൂടുകൊണ്ട് മുഖത്തെ മാംസം അടർന്നതാണന്നും എന്നാണ്)
വത്സമ്മയെ കാണാതായതിനുശേഷം ബന്ധുക്കളും അയല്വാസികളും അവരെ തിരയുമ്പോൾ ബീന പൗരുഷ് ഒന്നും അറിയാത്തപോലെ അവരുടെ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ബീന പൗരുഷിനോട് തന്റെ അമ്മയെ കണ്ടോ എന്ന് വത്സ്മ്മയുടെ മകൾ അന്വേഷിച്ചപ്പോൾ ഏത് വത്സമ്മ, താൻ കണ്ടിട്ടില്ല എന്നായിരുന്നു അവരുടെ മറുപിടി. വത്സമ്മയെ കൊലപ്പെടുത്തി മൃതശരീരം വീട്ടിൽ ഒളിപ്പിച്ചതിനുശേഷം ഒരു ഭാവ വെത്യാസവും കൂടാതെയായിരുന്നു അവരുടെ പെരുമാറ്റം. മൃതശരീരം വീട്ടിൽ ഒളിപ്പിച്ചിരിക്കുമ്പോൾ തന്നെ ആ വീട്ടിൽ തന്നെയാണ് ബീനാ പൗരുഷും മോഹിതും മറ്റ് കുടുംബാംഗങ്ങളും ഭക്ഷ്ണം ഉണ്ടാക്കികഴിക്കുകയും ഉറങ്ങുകയും ഒക്കെ ചെയ്തത്!!! രണ്ട് രാത്രികൾ ആണ് അവരങ്ങനെ മൃതശരീരം ഒളിപ്പിച്ച ആ വീട്ടിൽ കഴിഞ്ഞത്.
പോലീസ് കുറ്റവാളികളെ സഹായിക്കാൻ ശ്രമിച്ച വഴികളെ കുറിച്ചും ജനങ്ങളുടെ സമരത്തെക്കുറിച്ചും അടൂത്ത പോസ്റ്റിൽ...... >> അതിവിടെ വായിക്കാം >>
1 comment:
Post a Comment