Saturday, May 16, 2020

ലോക്ക്ഡൗൺ പഴഞ്ചൊല്ലുകൾ

അമ്പതുവർഷങ്ങൾക്കുശേഷമുള്ള പഴഞ്ചൊല്ലുകൾ

1.    അച്ഛൻ മാസ്ക് വെച്ചാൽ മകനു കൊറോണ പിടിക്കാതിരിക്കുമോ (അച്ഛൻ ആനപ്പുറത്തു കയറിയാൽ മകനു തഴമ്പുണ്ടാകുമോ)

2. അകപ്പെട്ടാൽ ദേശസഞ്ചാരിയും ക്വാറന്റൈനിൽ കിടക്കും. (അകപ്പെട്ടാൽ പന്നി ചുരയ്ക്ക തിന്നും.)

3. ഐസുലേഷനിൽ  പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം. (അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം.)

4. വാട്സാപ് ജ്ഞാനം ആളേക്കൊല്ലും (അല്പജ്ഞാനം ആളേക്കൊല്ലും)

5. അഴകുള്ള മാസ്ക്കിൽ ഇലാസ്റ്റിക് വള്ളിയില്ല  (അഴകുള്ള ചക്കയിൽ ചുളയില്ല)

6. കൊറോണഎന്നതു ഞാനറിയും വാട്സാപ്പിലെ ഫോർവേഡ് പോലെ  (അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും)

7. മാസ്ക് വെച്ചില്ലങ്കിൽ ട്രമ്പും വീഴും  (അടി തെറ്റിയാൽ ആനയും വീഴും)

8.  വാട്സാപ് ബുദ്ധിക്ക് അൽപ്പായുസ്സ്  (അതിബുദ്ധിക്ക് അൽപ്പായുസ്സ്)

9. മാസ്ക് വച്ചില്ലങ്കിലും രണ്ടു പക്ഷം.  (അമ്മയെ തല്ലിയാലും രണ്ടു പക്ഷം.)

10. ലിപ്സ്റ്റിക് കൊതിച്ചു മാസ്ക് വെടിഞ്ഞവൾക്ക് ലിപ്സ്റ്റികും ഇല്ല, മാസ്കും ഇല്ല  (അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനും ഇല്ല, പുരുഷനുമില്ല)

11. മാസ്ക് വയ്ക്കാത്ത പിള്ള കൊവിഡ് വരുമ്പോൾ അറിയും  (അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും)

12.ആരാൻറെ അമ്മക്ക് കൊറാണ വന്നാൽ  കാണാൻ നല്ല ചേല് (ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്)

13. മാസ്ക് മൂക്കിൽ വെച്ചിട്ട് വേണം വള്ളി കെട്ടാൻ  (ഇരുന്നിട്ടു വേണം കാൽ നീട്ടാൻ)

14. ചിങ്ങം തൊട്ടു കർക്കിടികംവരെ മാസ്ക് ഇടാതിറങ്ങല്ലേ  (ഇടവം തൊട്ടു തുലാത്തോളം കുട കൂടാതിറങ്ങല്ലേ)

15.  കൊറോണവന്നവന്  എലിപ്പനി പിടിച്ചു  (ഇടി വെട്ടിയവനെ പാമ്പുകടിച്ചു)

16.  സ്പിരിറ്റ് പോലെ വരുമോ സാനിറ്റൈസർ (ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു)

17. ഇട്ട മാസ്ക് നശിപ്പിക്കാൻ മറക്കരുത്    (ഉണ്ടചോറു മറക്കരുത്)

18. അടയ്ക്കാത്ത സാനിറ്റൈസർ ആവിയാകും (ഉടുക്കാവസ്ത്രം പുഴുതിന്നും)

19. കൊറോണയെ പേടിച്ച് നാട് അടച്ചിടുക. (എലിയെ പേടിച്ച് ഇല്ലം ചുടുക.)

20. കൈകഴുകിയില്ലങ്കിലും മാസ്ക് അഴയിൽ തൂക്കിയിടണം  (കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്.)

21.    മാസ്ക് വെച്ചാലും കൈ മൂക്കിൽ. (കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ.)

22.    മാസ്ക് ഇല്ലാത്തെ മുഖവും കഴുകാത്ത കൈയും (കൈ വിട്ട കല്ലും, വായ് വിട്ട വാക്കും.)

23.    മാസ്ക് ഇല്ലാതെ ഇല്ലാതെ ഇറങ്ങിയാൽ പിഴ പിന്നയും ഇറങ്ങിയാൽ ജയിലിൽ. (ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്.)

24.    കൊറോണവന്നവന്റെ മാസ്ക് നോക്കണോ? (ചത്തകുഞ്ഞിൻറെ ജാതകം നോക്കണോ?)

25.    ചത്തു കിടന്നാലും മാസ്ക് വെച്ച് കിടക്കണം (ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം)

26.    ലോക്ക്ഡൗൺ കാലത്ത് യാത്രാസൗകര്യം നൽകാതെ  നടന്നുപോകുമ്പോൾ മരിച്ചാൽ ധനസഹായം നൽകുക  (കഞ്ഞി നൽകാതെ കൊന്നിട്ടു പാൽപായസം തലയിലൊഴിക്കുക.)

27.    കൊറോണയ്ക്കുണ്ടോ ഞായറും ഹർത്താലും? (കാട്ടുകോഴിക്കുണ്ടോ ശനിയും സംക്രാന്തിയും?)

28.  ടിക്കറ്റെടുക്കാൻ കാശില്ലാത്തവൻ സ്വന്തം നാട്ടിൽ പോകേണ്ട (കാശില്ലാത്തവൻ കാശിക്കു പോകേണ്ട)

29.  മാസ്ക് പോയാൽ കടുക് പാത്രത്തിലും തപ്പണം (കുന്തം പോയാൽ കുടത്തിലും തപ്പണം.)

30.  മൂക്കെത്ര മാസ്ക് കണ്ടതാ. (കൊക്കെത്ര കുളം കണ്ടതാ.)

31.  ദാനം കിട്ടിയ സാനിറ്റൈസറിലെ ആൽക്കഹോൾ പെർസന്റേജ് നോക്കരുത് / ദാനം കിട്ടിയ മാസ്കിന്റെ നിറം നോക്കരുത്  (ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്)

32.   കർഫ്യു പേടിച്ച് നാട്ടിൽ പോയപ്പോൾ അവിടെ ജനതാകർഫ്യു   (പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട.)

33.  പുത്തനച്ചി മാസ്ക് തയ്ച്ച് കൊടുക്കും  (പുത്തനച്ചി പുരപ്പുറം തൂക്കും.)

34.  മുഖത്ത് വെയ്ക്കുന്നതെല്ലാം മാസ്ക്കല്ല  (മിന്നുന്നതെല്ലാം പൊന്നല്ല.)

35.  കൊറോണരഹിത കാലത്ത് തൈ പത്ത് വെച്ചാൽ ലോക്ക്ഡൗൺകാലത്ത് കാ പത്ത് തിന്നാം...  (സമ്പത്തുകാലത്ത് തൈ പത്തു വെച്ചാൽ, ആപത്തുകാലത്ത് കാ പത്തു തിന്നാം)

36.  തിക്കിത്തിരക്ക് ദുഃഖമാണുണ്ണീ സാമൂഹിക അകലമാണല്ലോ സുഖപ്രദം

37.   എല്ലാ വൈറൽ പനിയും കോവിഡില്ല പക്ഷേ എല്ലാ കോവിഡും വൈറൽ പനിയാണ്.

38.    ലോക്ക്ഡൗൺ കാലത്ത് ഒരു ട്രയിനിട്ടാൽ പതിനായിരം ആൾക്കാർ  (അരിയെറിഞ്ഞാൽ ആയിരം കാക്ക)

39.    ലോക്ക്ഡൗണുള്ള നാട്ടിൽ ചെന്നാൽ വീട്ടിൽ ഇരിക്കണം.  (ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നണം.

40.    കൈ കഴുകി തടയാനുള്ളത് വെന്റിലേറ്റർകൊണ്ട് തടയാൻ നോക്കരുത് (സൂചികൊണ്ടെടുക്കാനുള്ളത് തൂമ്പകൊണ്ടെടുക്കരുത്)

41.    പോലീസ് പിടിച്ചില്ലങ്കിലും മാസ്ക് വെക്കാതെ തേരാപ്പാരാ നടക്കരുത്  (ശകുനം നന്നായാലും പുലരുവോളം കക്കരുത്)

42.    സാമൂഹിക അകലം പാലിക്കാത്തവന് കൊറോണകൊണ്ട് ക്വാറന്റീൻ  (വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം)

43.    വേണമെങ്കിൽ മാസ്ക് ജട്ടി തുണിയിലും തയ്ക്കാം.  (വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും)

44.    കൈകഴുകാതെ നടക്കുന്നവനോട് കൊറോണയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല  (വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല)

45.    കൈ കഴുകി മാസ്ക്‌വെച്ച് സാമൂഹിക അകലം പാലിച്ചാൽ കൊറോണയെ പേടിക്കേണ്ട (ആനപ്പുറത്ത് ഇരുന്നാൽ പട്ടിയെ പേടിക്കേണ്ട)

46.    നമ്മളു കോവൊഡുകാരന്റെ അടുത്ത് ചെന്നാലും , കോവിഡുകാരൻ നമ്മുടെ അടുത്ത് വന്ന് നിന്നാലും കേട് നമുക്കാണ്  (ഇല ചെന്നു മുള്ളിൽ വീണാലും , മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക്) 

47.    കോവിഡിനെ തന്നെ നിനച്ചിരുന്നാൽ , വരുന്ന പനിയെല്ലം കോവിഡെന്നു തോന്നും (ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ , വരുന്നതെല്ലാം അവനെന്ന് തോന്നും!)

48.    കൈ കഴുകാത്തവന്റെ കൈയ്യിലെ ഹാൻഡ്‌വാഷ് പോലെ  (കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെ)

49.    കണ്ണ് മറച്ച് മാസ്ക് കെട്ടരുത്  (തല മറന്ന് എണ്ണ തേക്കരുത്)

50.    കഴുകാത്ത കൈ കൊണ്ട് കണ്ണ് ചൊറിയരുത്   (തീക്കൊള്ളിക്കോണ്ട് തല ചൊറിയരുത്)

 കൊറോണ , ലോക്ക്ഡൗൺ , പഴഞ്ചൊല്ലുകൾ