Friday, June 19, 2009

രക്തദാനം :: blood donation


:: എന്താണ് രക്തം ?? ::
ഏതൊരുജീവന്റേയും അടിസ്ഥാനമായ ജീവനദ്രവം എന്ന് രക്തത്തെ നിര്‍വചിക്കാം. 60 ശതമാനം ദ്രാവകഭാഗവും 40 ശതമാനം ഖരഭാഗവും അടങ്ങിയതാണ് രക്തം. ഈ ദ്രാവക ഭാഗത്തെ പ്ലാസ്‌മ (Plasma) എന്ന് പറയുന്നു. 90 ശതമാനം ജലവും 10 ശതമാനം ന്യൂട്രിയന്റ് , ഹോര്‍മോണുകള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിതമാണ് പ്ലാസ്മ്. രക്തത്തില്‍ പ്ലാസ്‌മയുടെ കുറവുണ്ടായാല്‍ ആഹാരംകൊണ്ടും മരുന്നുകൊണ്ടും ആ കുറവ് നികത്താം. എന്നാല്‍ രക്തത്തിലെ 40 ശതമാനമായ ഖരഭാഗത്തിന് (അരുണ രക്താണുക്കള്‍ (RBC (red blood cells)), ശ്വേതരക്താണുക്കള്‍ (WBC (white blood cells)) ,പ്ലേറ്റ്ലറ്റ്സ് (Platelets)) എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ അവയുടെ മാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമേ കഴിയുകയുള്ളു.മാത്രമേ കഴിയുകയുള്ളു.

[രക്തത്തിന്റെ നിര്‍വചനം വിക്കിമലയാളത്തില്‍ നിന്ന് :: പരിണാമപരമ്പരയില്‍ ഉന്നതങ്ങളായ ജീവികളില്‍ മാത്രം കാണുന്നതും പ്രത്യേക രീതിയില്‍ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവ യെ ശരിരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും, അവിടെ നിന്നും വിസര്‍ജജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോര്‍മോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിര്‍ത്തുക എന്നിവയും രക്തത്തിന്‍റെ പ്രവൃത്തിക ളില്‍പെടും.]
:: എന്തുകൊണ്ട് രക്തദാനം ?? ::
രക്തം ആവിശ്യമുള്ളവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം മറ്റൊരാള്‍ നല്‍കിയാല്‍ മാത്രമേ കഴിയൂ. പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തം. അതായത് മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു. ഓര്‍ക്കുക അപകടങ്ങളില്‍ മരിക്കുന്ന പകുതിയിലധികം പേര്‍ക്കും ശരിയായ സമയത്ത് രക്തം നല്‍കിയാല്‍ അവര്‍ക്ക് ജീവിതത്തിലേക്ക് തിരികെവരാന്‍ സാധിക്കും. മരണത്തില്‍ നിന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമുക്ക് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന സംഭാവന. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യംരക്തദാനദിനമായ ജൂണ്‍ 14 നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശമാണിത്.
:: ആ‍ര്‍ക്കാ‍ണ് രക്തം വേണ്ടത് ?? ::
*അപകടങ്ങളില്‍ പെട്ട് രക്തം നഷ്‌ടപെടുന്നവര്‍ക്ക്
* അപകടങ്ങളില്‍ പെട്ട് രക്തസഞ്ചാരത്തിന് ഭംഗം വരുന്നവര്‍ക്ക്
*മാരകമായി പൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്ക്
* മേജര്‍ ഓപ്പറേഷന് വിധേയമാകുന്നവര്‍ക്ക്
* പ്രസവസമയങ്ങളില്‍ അമ്മമാര്‍ക്ക്
*പൂര്‍ണ്ണവളര്‍ച്ച എത്താത്ത കുഞ്ഞുങ്ങള്‍ക്ക്
* അനീമിയ രോഗികളായവര്‍ക്ക്
* കീമോതെറാപ്പി ചെയ്യുന്ന രോഗികള്‍ക്ക്
* രക്താര്‍ബുദം ബാധിച്ചവര്‍ക്ക്
* രക്തത്തിലെ ഘടകങ്ങള്‍ മാറ്റേണ്ടവര്‍ക്ക്
* ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക്
:: ആര്‍ക്കൊക്കെ രക്തദാനം നടത്താം ?? ::
* ആരോഗ്യമുള്ള ഏതൊരു സ്ത്രിക്കും പുരുഷനും രക്തദാനം നടത്താം.
രക്തദാതാവ് .....
* 18 വയസിനും 60 വയസിനും ഇടയിലുള്ള ആളായിരിക്കണം
* കുറഞ്ഞത് 45 കിലോ ശരീര ഭാരമെങ്കിലും ഉള്ള ആളായിരിക്കണം.
* രക്തസമ്മര്‍ദ്ദം സാദാരണ നിലയില്‍ ഉള്ള ആളായിരിക്കണം.
* ഹീമോഗ്ലോബിലിന്റെ അളവ് കുറഞ്ഞത്12.5 gm% ഉള്ള ആളായിരിക്കണം.
* മുന്‍ രക്തദാനം മൂന്നുമാസത്തിനു മുന്നില്‍ നടത്തിയ ആളായിരിക്കണം.
* മഞ്ഞപ്പിത്തം ബാധിച്ച ഒരാള്‍ രോഗം മാറി മൂന്നുവര്‍ഷത്തിനുശേഷമേ രക്തദാനം നടത്താവൂ.
:: ആരൊക്കെ രക്തദാനം നടത്തരുത് ??? ::
* മൂന്നുമാസത്തിനുള്ളില്‍ രക്തദാനം നടത്തിയവര്‍.
* ഹൃദയസംബന്ധമായ രോഗമുള്ളവര്‍ , ഇന്‍സുലില്‍ ചികിത്സനടത്തുന്നവര്‍.
* എന്തങ്കിലും ആന്റിബയോട്ടിക് ചികിത്സ നടത്തുന്നവര്‍.
* മഞ്ഞപ്പിത്തം മാറിയിട്ട് മൂന്നുവര്‍ഷം ആകാത്തവര്‍
* ടൈഫോയിഡ് മാറിയിട്ട് രണ്ടു വര്‍ഷം ആകാത്തവരും , മലേറിയ ബാധിതരും
* മേജര്‍ സര്‍ജറിക്ക് ശേഷം ആറുമാസം ആകാത്തവര്‍.
* ഉയര്‍ന്നതോ കുറഞ്ഞതോ ആയ രക്തസമ്മര്‍ദ്ദം ഉള്ളവര്‍.
* ഏതെങ്കിലും തരത്തിലുള്ള വാക്സിനേഷന്‍ ഇരുപത്തീനാല് മണിക്കൂറിനുള്ളില്‍ എടുത്തവര്‍.
* ഗര്‍ഭിണികള്‍, മുലയൂട്ടല്‍ നിര്‍ത്തി ഒരു വര്‍ഷം ആകാത്തവര്‍ , ഏതെങ്കിലും തരത്തില്‍ ഗര്‍ഭഛിദ്രം നടന്ന് ആറുമാസം ആകാത്തവര്‍
* ആര്‍ത്തവാവസ്ഥയില്‍ ഉള്ള സ്ത്രികള്‍ (ആര്‍ത്തവത്തിന് മൂന്ന് ദിവസത്തിന് മുന്‍പും ശേഷവും രക്തദാനം നല്‍കാം)
* കിഡ്‌നി, കരള്‍ സംബന്ധമായ രോഗമുള്ളവരും , ആസ്ത്മാ രോഗികളും
* പലരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ , എയിഡ്‌സ് രോഗികള്‍
* ലഹരിവസ്തുക്കള്‍ക്ക് അടിമയായവര്‍.
* ക്ഷയരോഗികള്‍
* പനിയോ, ശാരീരകമായ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉള്ളവര്‍.
* പല്ലെടുത്തതിനുശേഷം രണ്ടാഴ്ച് ആകാത്തവര്‍.
* ശരീരത്തില്‍ പച്ചകുത്തിയതിനുശേഷം ആറുമാസം ആകാത്തവര്‍

::: രക്തദാനത്തിന് മുമ്പ് :::
* ഒഴിഞ്ഞ വയറോടെയോ, കൂടുതല്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിച്ചതിനു ശേഷമോ രക്തദാനം നടത്തരുത്.
* രക്തദാനത്തിനു മൂന്നുമണിക്കൂര്‍ മുമ്പ് നല്ല ഭക്ഷണം കഴിക്കണം
* രക്തദാനത്തിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ മദ്യം ഉപയോഗിക്കരുത്.
* രക്തദാനത്തിനു മുമ്പ് 24 മണിക്കൂറിനുള്ളില്‍ പുകവലിക്കരുത്.
* രക്തദാനത്തിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള മെഡിസിന്‍ 48 മണിക്കൂറി നുള്ളില്‍ ഉപയോഗിക്കരുത്.
* രക്തദാനസമയത്ത് ശരീരതാപവും , രക്ത സമ്മര്‍ദ്ദവും നോര്‍മല്‍ ആയിരിക്കണം.
* രക്തദാനസമയത്ത് എന്തങ്കിലും തരത്തിലുള്ള അസുഖങ്ങളും ഉണ്ടാവരുത്.
* ഉറക്കളച്ച് ഡ്രൈവ് ചെയ്ത്‌വന്ന് രക്തദാനം നടത്തരുത്.
* രണ്ട് രക്തദാനസമയങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുമാസത്തെ വെത്യാസം ഉണ്ടായിരിക്കണം.

::: എത്രമാത്രം രക്തമാണ് ശേഖരിക്കുന്നത് :::
നമ്മുടെ ശരീരത്തിലുള്ള 5.5-6 ലിറ്റര്‍ രക്തത്തില്‍ നിന്ന് 350 - 450 മില്ലിലിറ്റര്‍ രക്തം മാത്രമാണ് ഒരു പ്രാവിശ്യം ശേഖരിക്കുന്നത്. അതും ദാതാവിന്റെ ശാരീരികമായ അവസ്ഥയെ (ഭാരം) അവലംബിച്ച് മാത്രം. രക്തം നല്‍കിയതിന് ഇരുപത്തിനാല് മണിക്കൂറിനകം എത്രമാത്രം രക്തം നല്‍കിയോ അത്രമാത്രം രക്തം ശരീരം വീണ്ടും ഉല്പാദിപ്പിക്കും. രക്തദാനത്തിനുശേഷം 56- 60 ദിവസത്തിനുള്ളില്‍ ഹീമോഗ്ലോബിന്‍ , രക്താണുക്കള്‍(ചുവപ്പ്,വെള്ള) എന്നിവയുടെ അളവും പഴയതുപോലെയാകും.
5-6 മിനിട്ട് വരെ സമയം മാത്രമേ രക്തശേഖരണത്തിന് വേണ്ടിവരൂ. രക്ത ദാനത്തിനുമുമ്പുള്ള പരിശോധന , രക്തദാനത്തിനുശേഷമുള്ള വിശ്രമം എന്നിവ യെല്ലാം ചേര്‍ത്ത് അരമണിക്കൂര്‍ മാത്രമേ ഒരു പ്രാവിശ്യത്തെ രക്തദാനത്തിന് വേണ്ടിവരികയുള്ളു.
:: രക്തദാനത്തിനുശേഷം ::
* രക്തദാനത്തിനുശേഷം ഉടന്‍ തന്നെ ജ്യൂസ്, ഷുഗര്‍ സ്‌നാക്സ് കഴിക്കണം.
* രക്തദാനത്തിനുശേഷം പ്രോട്ടിനുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
* തുടര്‍ച്ചയായി ശുദ്ധമായ വെള്ളം കുടിക്കണം.
* രക്തദാനത്തിനുശേഷം സാധാരണ ജോലികള്‍ ചെയ്യാമെങ്കിലും ഭാരം ഉയര്‍ത്തല്‍ പോലുള്ള ജോലികള്‍ 12 മണിക്കൂറിനുശേഷമേ ചെയ്യാവൂ.
* രക്തദാനം ചെയ്തതിന് മൂന്നുമണിക്കൂറിനുശേഷമേ പുകവലിക്കാവൂ.
* രക്തദാനം ചെയ്തതിന് ഒരു ദിവസത്തിനുശേഷമേ മദ്യം ഉപയോഗിക്കാവൂ.

ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം