Wednesday, May 30, 2012

നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പും സമുദായ സംഘടനകളുടെ പിന്തുണയും

പിറവം ഉപതിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ എല്ലാം കൂടി കൂട്ടമായി വന്ന് യുഡി‌എഫിനു പിന്തുണ നല്‍കി. യുഡി‌എഫ് വിജയിച്ചു കഴിഞ്ഞപ്പോള്‍ എല്ലാ സമുദായ സംഘടനകളും ഞങ്ങളുടെ സമുദായക്കാര്‍ ഞങ്ങള്‍ പറഞ്ഞതു കേട്ട് വോട്ട് ചെയ്തിട്ടാണ് യുഡി‌എഫ് വിജയിച്ചത് എന്ന് പറയുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായ സംഘടനകളും ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതെ ‘സമദൂരം’ കണ്ടത്തി ‘മനസാക്ഷി’ വോട്ടിനായി കാത്തിരിക്കൂകയാണ്. കാരണം പിറവം പോലെയല്ല നെയ്യാറ്റിന്‍‌കര. ഇവിടെ ആര്‍ക്കു വേണമെങ്കിലും വിജയിക്കാം. പിറവം യുഡി‌എഫിന്റെ സിറ്റിംങ്ങ് സീറ്റ് ആണന്നുള്ളതും സഹതാപതരംഗം അവിടെ ഉണ്ടാവുകയും തിരഞ്ഞെടുപ്പിനു മുമ്പുതനെ പാത്രിയര്‍ക്കീസ് വിഭാഗം പാര്‍ട്ടി വെത്യാസം ഇല്ലാതെ അനൂപ് ജേക്കബിനായി നിലകൊള്ളുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ അനൂപ് ജേക്കബ് വിജയം ഉറപ്പിച്ചു എന്നു തന്നെ പറയാം. അതോടെ കൈവിരലില്‍ എണ്ണാ‌ന്‍‌മാത്രം അംഗങ്ങളുള്ള സമുദായ സംഘടനകള്‍ പോലും തങ്ങളുടെ വോട്ട് യുഡി‌എഫിന് എന്ന് ചാനലുകളായ ചനലുകളിലും പത്രങ്ങളായ പത്രങളിലും പ്രസ്താവനുകളുമായി നിറഞ്ഞു നിന്നു.

എന്നാലിപ്പോള്‍ നെയ്യാറ്റിന്‍‌കരയില്‍ ഏത് വള്ളത്തില്‍ കാലു വെക്കണമെന്ന് സമുദായ സംഘടനകള്‍ക്ക് നിശ്ചയമില്ല.യുഡി‌എഫിനു പിന്തുണ കൊടുത്തിട്ട് എല്‍‌ഡീഫ് ജയിച്ചാലും, എല്‍‌ഡി‌എഫിനു പിന്തുണ പ്രഖ്യാപിച്ചിട്ട് യുഡി‌എഫ് ജയിച്ചാലും തങ്ങളുടെ ‘വിലപേശല്‍’ ശക്തിയെ കറിവേപ്പിലയെപ്പോലെ മുന്നണികള്‍ കാണുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് മാത്രമാണ് സമുദായ സംഘടനകള്‍ ‘സമദൂരം’ കണ്ടത്തി ‘മനസാക്ഷി’ വോട്ട് ചെയ്യുമെന്ന് പറയുന്നത്. ആരു ജയിച്ചാലും ആ വിജയത്തിന്റെ പങ്ക് പറ്റാന്‍ നാണിക്കേണ്ട കാര്യമില്ലല്ലോ !!!

നെയ്യാറ്റിന്‍കരയില്‍ ആരാ ജയിക്കൂന്നതെന്ന് ആര്‍ക്കും ഇപ്പോള്‍ പ്രവസിക്കാന്‍ പറ്റുന്നില്ല. ഇടതുപക്ഷത്തു നിന്നു വന്ന ശേല്‍‌വരാജ് വിജയിക്കുമെന്നോ പണ്ടങ്ങാട്ട് ഏതോ കോഗ്ഗ്രസില്‍ ആയിരുന്ന ലോറന്‍സ് ജയിക്കുമെന്നോ ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. ശെല്വരാജ് വഞ്ചകനാണന്നും കാശ് വാങ്ങി മറുകണ്ടം ചാടി വീണ്ടൂം ഉപതെരഞ്ഞെടുപ്പ് വരുത്തിവച്ചത് ശെല്‍‌വരാജ് ആയതുകൊണ്ട് അയാളേ പരാജയപ്പെടുത്തി ലോറന്‍സിനെ വിജയിപ്പിക്കണമെന്ന് ഇടതുപക്ഷവും, ശെല്‍‌വരാജ് പാര്‍ട്ടി മാറിയില്ലായിരുന്നെങ്കില്‍ ശെ‌ല്വരാജ് ഒരു രക്തസാക്ഷി ആയേനെ എന്ന് വലതുപക്ഷവും തിരിച്ചടിക്കുന്നു. സ്ഥാനാര്‍ത്ഥികളെയും വികസനത്തെക്കാളും നെയ്യാറ്റിന്‍‌കരയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് മണ്ഡലത്തിനു പുറത്തുള്ള കാര്യങ്ങള്‍ ആയതുകൊണ്ട് ജനങ്ങള്‍ എങ്ങോട്ടാ കുത്തുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഒരു തഞ്ചത്തില്‍ നില്‍ക്കുന്നതാണ് നല്ലത് എന്ന് സമുദായ സംഘടനകള്‍ക്ക് തോന്നിയതില്‍ അത്ഭുതമില്ല

പിന്തുണകാര്യത്തില്‍ ഏറ്റവും വലിയ തമാശ കാണിച്ചത് വി‌എസ്‌ഡി‌പി ആണ്. ഏത് മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് ഹിതപരിശോധന നടത്തി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് അവസാനം പ്രഖ്യാപനം വന്നപ്പോള്‍ ‘മനസാക്ഷി’ വോട്ടായി. ഇനി ‘മനസാക്ഷി‘ ഏത് മുന്നണിയായിരുന്നു എന്ന് കണ്ടു പിടിക്കാന്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് മറ്റൊരു ഹിതപരിശോധനകൂടി നടത്തേണ്ടി വരുമെന്ന് മാത്രം....

പിറവം തിരഞ്ഞെടുപ്പില്‍ യുഡി‌എഫിനു പിന്തുണ പ്രഖ്യാപിക്കാന്‍ കാണിച്ച ധൈര്യം നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പില്‍ കൂടി സമുദായ സംഘടനകള്‍ കാണിക്കേണ്ടിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ജയിച്ചാലും, ആ‍രു ജയിച്ചാലും ആ വിജയത്തിന്റെ ഓഹരിക്കായി സമുദായ സംഘടനകള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ആ കഥാപാത്രമായി അവതരിക്കുമോ എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ കാത്തിരിക്കണമെന്ന് മാത്രം !!!!

Sunday, May 6, 2012

പാതിരാത്രിയിലൊരു ഹര്‍ത്താല്‍

ണിം..ണിം...ണിം....
“ഹലോ.. ഹലോ”

“ഹലോ കണ്‍‌വീനറല്ലേ?”

“ ആരാടാ.. ഈ പാതിരാത്രിയില്‍..”

“ഇതു ഞാനാ പ്രസിഡണ്ട്...”

“പ്രസിഡണ്ട് ആയിരുന്നോ?... എന്താ പ്രസിഡണ്ടേ ഈ പാതിരാത്രിയില്‍ ....”

“നമുക്ക് നാളെ ഒരു ഹര്‍ത്താല്‍ നടത്തണം”

“എന്തിനാ പ്രസിഡണ്ടേ ഹര്‍ത്താല്‍?”

“താനപ്പോള്‍ ഒന്നും അറിഞ്ഞില്ലേ?”

“ഈ പാതിരാത്രിയില്‍ എന്തോന്ന് കാര്യമാ”

“താനെഴുന്നേറ്റ് ടിവിയൊന്നു വെച്ച് നോക്ക്...”

“പ്രസിഡണ്ട് ഉറങ്ങാതെ ടിവി വെച്ച് ഇരിക്കുവായിരുന്നോ?”

“അല്ലടോ ഞാനിന്നലെ ടിവി കണ്ടോട്ട് കിടന്നുറങ്ങിപ്പോയതാ.. ഇപ്പോ പെടുക്കാന്‍ മുട്ടി എഴുന്നേറ്റപ്പോള്‍ ടിവിയില്‍ ഫ്ലാഷ് ന്യൂസ്”

“എന്നാ ഒരു മിനിട്ട്.. ഞാനൂടെ ടിവിയൊന്ന് ഓണാക്കട്ട്....”

“ടിവി ഓണാക്കിയോ കണ്‍‌വീനറേ?”

“ഓണാക്കി..”

“വാര്‍ത്ത കണ്ടോ...”

“കണ്ടു പ്രസിഡണ്ടേ കണ്ടൂ..”

“എന്നിട്ട്?”

“ഭീകരം.. ഭയാനകം... ഞാനെന്റെ ഞെട്ടല്‍ പ്രസിഡണ്ടിനോട് രേഖപ്പെടുത്തുന്നു..”
“താന്‍ വെരെ ഞെട്ടിയെങ്കില്‍ ഇതില്‍ പ്രതിഷേധിച്ച് ഒരാഴ്ച ഹര്‍ത്താല്‍ നടത്തിയാലും കുഴപ്പമില്ല”

“അല്ല പ്രസിഡണ്ടേ.. ഇങ്ങനെ എടപിടീന്ന് ഹര്‍ത്താഒക്കെ നടത്തിയാല്‍... ഇപ്പോ തന്നെ രാത്രി ഒരു മണിയായി..നമുക്ക് ഘടക കക്ഷികളൊടും പാര്‍ട്ടിയോടും ഒക്കെ ആലോസിക്കേണ്ടേ...?”

“എന്തിനാടോ പാര്‍ട്ടിയോടൊക്കേ ആലോചിക്കുന്നത്? ഞാനാണ് പാര്‍ട്ടിയുടേ പ്രസിഡണ്ട്.. താനാണ് മുന്നണിയുടെ കണ്‍‌വീനര്‍. നമ്മളു രണ്ടുപേരും തീരുമാനിച്ചാല്‍ നമ്മുടെ പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചതുപോലയാ...”

“അതല്ല പ്രസിഡണ്ടേ..”

“ഏതല്ല പ്രസിഡണ്ട്?”

“നമ്മുടേ മുഖ്യനോടെങ്കിലും ചോദിച്ചിട്ട് പോരേ...?”

“താന്‍ മുഖ്യന്റെ കാര്യം മിണ്ടരുത് .... എട്ടാം മന്ത്രിയെ തീരുമാനിച്ചപ്പോള്‍ എന്നോട് ചോദിച്ചോ? മന്ത്രിമാരുടെ വകുപ്പ് മാറ്റിയപ്പോള്‍ എന്നോട് ചോദിച്ചോ? ഞാനത് ചോദിച്ചപ്പോള്‍ മുഖ്യനെന്താ പറഞ്ഞതന്ന് അറിയാമോ? ഭരണം തീരുമാനിക്കുന്നതും മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നതും മുഖ്യമന്ത്രിയാ അതില്‍ പ്രസിഡണ്ടിനു കാര്യമില്ലന്നാ.. ഇതിപ്പോള്‍ പാര്‍ട്ടിയുടെ ഹര്‍ത്താലാ.. പാര്‍ട്ടിയുടെ കാര്യം പ്രസിഡണ്ട് തീരുമാനിക്കും. അതില്‍ മുഖ്യനു കാര്യമില്ല....”

“ഹൊ ..ഹൊ!!! അപ്പോ പകരത്തിനു പകരം ആണല്ലേ...നാട്ടുകാര്‍ക്ക് ഒരു പണി കൊടുക്കുന്നതോടൊപ്പം മുഖ്യനും ഒരു പണി”

“അങ്ങനെ തന്നെ കൂട്ടിക്കോ.. താനിപ്പോള്‍ എന്റെ കൂടെ നില്‍ക്കുമോ ഇല്ലയോ?”

“നിക്കും.. നിക്കും.. കഴിഞ്ഞ ആഴ്ചകൂടി ബിഷപ്പിനെ കണ്ടപ്പോള്‍ ബിഷപ്പ് പറഞ്ഞതാ മുഖ്യനു പണികൊടുക്കാന്‍ പറ്റുന്ന വഴിയെല്ലാം പണികൊടുത്തോളണമെന്ന്...”

“അപ്പോ ശരി.. നമ്മുടെ പാര്‍ട്ടിയുടേയും മുന്നണിയുടേയും വക നാളെ ഹര്‍ത്താല്‍...”

“അല്ല പ്രസിഡണ്ടേ.. ഇപ്പോ സമയം ഒരു മണിയായി.. ഇനി നമ്മള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അത് വിജയിക്കുമോ... നാട്ടുകാരൊക്കെ ഈ പാതിരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം അറിയുമോ?”

“എടോ കണ്‍‌വീനറേ താന്‍ ഈ ലോകത്തിലൊന്നും അല്ലേ.. നമ്മളു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്ന് പറഞ്ഞ് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഒരു കുറുപ്പടി കൊടുത്ത് വിട്.. അവന്മാര് അതൊക്കെ പത്രത്തില്‍ അച്ചടിക്കും. ചാനലുകാരാണങ്കില്‍ ഫ്ലാഷ് ന്യൂസായി വിട്ടോളും... അതുമതിയടോ ഹര്‍ത്താല്‍ വിജയിക്കാന്‍...”

“നമുക്ക് മറ്റുള്ളവരോടൊക്കേ പറയേണ്ടേ..”

“എന്തിനാ .. അവരൊക്കേ പത്രത്തിലും ടിവിയിലും ഒക്കെ കണ്ട് അറിഞ്ഞാല്‍ മതി”

“ഘടക കക്ഷികള്‍...“

“എന്തോന്ന് ഘടക കക്ഷികള്‍... എട്ടാം മന്ത്രിയും എം‌പി സ്ഥാനവും ഒക്കെ കൊടുത്തതോടെ അവന്മാര്‍ മിണ്ടത്തില്ല”

“നമുക്ക് ഹര്‍ത്താല്‍ മറ്റേന്നാളത്തേക്ക് മാറ്റിയാലോ”

“മറ്റേന്നാള്‍ പറ്റത്തില്ല.. ഞാന്‍ എന്റെ കൊച്ചുമോളെക്കൊണ്ട് ഷോപ്പിംങ്ങിനു പോകാമെന്ന് ഒരാഴ്ച മുമ്പേ ഏറ്റതാ.... എന്നാ നമുക്ക് മറ്റേന്നാള്‍ ആക്കാം”

“ഹേയ് അത് വേണ്ട.. മറ്റെന്നാള്‍ എന്റെ ഭാര്യയുടെ വകേലെ ഒരു കൊച്ചമ്മയുടെ മോടെ കല്യാണമാ.. അതിനു ഞങ്ങള്‍ക്ക് പോകണം.... എന്നാ നമുക്ക് ഹര്‍ത്താല്‍ നാളെ തന്നെ നടത്താം.. ഞാനിപ്പോള്‍ തന്നെ ഒരു പത്രക്കുറിപ്പ് എല്ലായിടത്തും കൊടുത്തു വിടാം”

“എന്നാ പെട്ടന്ന് ആകട്ട്...”

“ആരെയെങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണോ പ്രസിഡണ്ടേ...?”

“പതിവു പോലെ പത്രവും പാലും വിവാഹവും ഒഴിവാക്കിയേക്ക്...”

“ഹോട്ടലിനെക്കൂടി ഒഴിവാക്കിയേക്കട്ടേ പ്രസിഡണ്ടേ....”

“അതെന്തിനാ കണ്‍‌വീനറേ ഹോട്ടലിനെ ഒഴിവാക്കൂന്നത്...”

“ഞങ്ങടേ ഹോട്ടലില്‍ നാളത്തേക്കൂള്ള അരി വെള്ളത്തില്‍ ഇട്ടൂ...”

“നമ്മള്‍ ഹോട്ടലിനെ ഇന്നത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയാല്‍ അതൊരു കീഴ്‌വഴക്കമാകും...”

“എന്നാ വേണ്ടാ അല്ലേ....”

“വേണ്ട...”

"എന്നാ കണ്‍‌വീനറേ എല്ലാം പറഞ്ഞതുപോലെ.. ഗുഡ് നൈറ്റ്..”

“പ്രസിഡണ്ടേ വെക്കരുത്.... ഒരു സംശയം കൂടി ഉണ്ട്..”

“എന്താ സംശയം...”

“പെട്ടന്ന് ഹര്‍ത്താല്‍ നടത്തിയാല്‍ ജനങ്ങള്‍ക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആകത്തില്ലേ?”

“ആകും എന്ന് ഉറപ്പല്ലേ...”

“ജനങ്ങള്‍ വെണ്ണാറ്റിങ്കര ഉപതെരഞ്ഞെടുപ്പില്‍ നമുക്ക് എതിരെ വോട്ട് ചെയ്താലോ പ്രസിഡണ്ടേ?”

“ജനങ്ങളെ ഇങ്ങനെ പേടിച്ചാല്‍ നമ്മള്‍ രാഷ്ട്രീയക്കാര്‍ക്കൊക്കെ എന്താ വിലയുള്ളത് കണ്‍‌വീനറേ... “

“ഏതായാലും എനിക്ക് ജനങ്ങളേ പേടിയുണ്ട്... ആ ജനങ്ങളെ എന്നെ കുറേക്കാലും വീട്ടിലിരുത്തിയതാ.. പ്രസിഡണ്ടൂം ഒന്നും മറന്നിട്ടൂണ്ടാവില്ലല്ലോ?”

“കണ്‍‌വീനര്‍ പഴമ്പുരാണം ഒന്നും പറയാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പത്രത്തിന്റെയുംചാനലുകളുടേയും ഓഫീസുകളില്‍ അറിയിക്കാന്‍ നോക്ക്”

“എന്നാ ശരി...”

“ശരി..ഗുഡ് നൈറ്റ്”

അങ്ങനെ കേരളത്തില്‍ പാതിരാത്രിയില്‍ രണ്ടു പേര്‍ മാത്രമായി ചേര്‍ന്ന് ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു നടത്തി..
പാവം ജനങ്ങള്‍ നടുറോഡില്‍ വട്ടം കറങ്ങി.....
മസിലുള്ള നേതാക്കന്മാര്‍ കഥ അറിയാതെ ആട്ടം കാണാന്‍ മസിലുകാട്ടി തുറന്ന കടകള്‍ അടപ്പിച്ചു...

ഹര്‍ത്താല്‍ ദിവസം സന്ധ്യയ്ക്ക്.....

ണീം..ണിം..ണിം..

“ഹലോ..”

“പ്രസിഡണ്ടേ.. ഇത് ഞാനാ കണ്‍‌വീനര്‍...”

“മനസിലാ‍യി... നമ്മുടെ ഹര്‍ത്താലങ്ങോട്ട് ശരിക്ക് വിജയിച്ചില്ലല്ലേ...”

“വിജയിച്ചില്ല.. ഞാനപ്പോഴേ പറഞ്ഞതല്ലേ എല്ലാവരുമായി ആലോചിച്ചിട്ട് ഒരു ദിവസം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയന്ന്...”

“ഹര്‍ത്താലെന്ന് കേട്ടാല്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കൂമെന്നാ ഞാന്‍ കരുതിയത് കണ്‍‌വീനറേ...”

“ഏതായാലും വാഹങ്ങള്‍ തടയില്ലന്ന് പ്രസിഡണ്ട് ഒന്‍‌പതാം മണിക്ക് പറഞ്ഞത് ബുദ്ധിയായി.. വണ്ടിയൊക്കെ ഓടിച്ചിട്ട് എന്തോന്ന് ഹര്‍ത്താലെന്ന് ആള്‍ക്കാര്‍ ചോദിച്ചു തുടങ്ങിയതാ...”

“നമ്മുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ എവിടയാ കണ്‍‌വീനറേ പിഴവ് പറ്റിയത്...”

“നമ്മുടെ കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കണമെങ്കില്‍ ആള്‍ക്കാര്‍ക്ക് ചിക്കന്‍ വാങ്ങാനും കുപ്പി സ്റ്റോക്ക് ചെയ്യാനുമുള്ള സമയം എങ്കിലും കൊടുക്കണം... ഇതിനൊക്കെ സമയം കിട്ടിയാല്‍ അവന്മാര്‍ ഹര്‍ത്താല്‍ ദിവസം കുപ്പിയും പൊട്ടിച്ച് ചിക്കനും കഴിച്ച് വീട്ടില്‍ ഇരുന്നോളും... അവിടാ നമുക്ക് പണി കിട്ടിയത്...”

“ഏതായാലും പറ്റിയത് പറ്റി കണ്‍‌വീനറെ.. ഇനി അടുത്ത ഹര്‍ത്താലിനു നമുക്ക് നോക്കാം...”

“അപ്പോ ശരി....“

“ശരി...”

[എല്ലാം സാങ്കല്പികം.. അല്ലങ്കില്‍ തന്നെ ഹര്‍ത്താല്‍ ആപേക്ഷികം ആകുമ്പോള്‍ എല്ലാം സാ‍ങ്ക്ല്പികം ആകുമല്ലോ]