Thursday, October 30, 2008

വി.എസി.ന്റെ മുതാലാളിത്ത പ്രേമം : (????) vs and chenggara agitation

.

ചെങ്ങറസമരം എന്ന പേരില്‍ കഴിഞ്ഞ 400 ദിവസങ്ങളിലധികമായി സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂസമരത്തിനെതിരെ കേരളമുഖ്യമന്ത്രി ‘സമരപടനായകന്‍‘ സഖാവ് ‌വി.എസ്.അച്യുതാനന്ദന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്സമരത്തെ തള്ളിപ്പറയുകയാണ്. മുതലാളിയുടെ ലക്ഷക്കണക്കിന് രൂപയുടെ റബര്‍ മോഷ്ടിച്ച് സമരക്കാര്‍ സമരഭൂമിയില്‍ സുഖജീവിതംനടത്തുകയാണന്നാണ് വി.എസ്.ആരോപിച്ചിരിക്കുന്നത്. ‘മുതലാളി(ത്ത)വിരുദ്ധനായ‘ സഖാവ് വി.എസിന് സമരെക്കാരുടെ വിശപ്പിനെക്കാള്‍ വലുത് ഗോയങ്കല്‍ മുതലാളിക്ക് നഷ്ടപെടുന്ന ‘ലക്ഷ’ത്തിനാണ്. ഇതാണോ അഭിനവ മുതലാളിത്ത വിരുദ്ധം!!!!!!?????? . പത്തനം‌തിട്ടജില്ലയിലെ തോട്ടഭൂമിയുടെ ഏറിയഭാഗവും കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സമരം ചെയ്യുന്ന ഭൂരഹിതരായ(?)സാധുജനങ്ങളോട് എന്തിനാണ് ഇത്രയ്ക്ക് അസഹിഷ്ണത രാഷ്ട്രീയക്കാര്‍ പ്രകടിപ്പിക്കുന്നത് ???????????????????

എല്ലാ കൈയ്യേറ്റഭൂമികളും നടന്നുകയറിയ വി.എസ്. എന്തുകൊണ്ട് ചെങ്ങറ കൈയ്യേറ്റ സമരഭൂമിയില്‍ ഇതുവരെ സന്ദര്‍ശിച്ചില്ല???? മൂന്നാറിലെകൈയ്യേറ്റം ഒഴിപ്പിക്കാന്‍ രാഷ്ട്രീയ അന്തര്‍‌നാടകങ്ങള്‍ കളിച്ച് മൂന്നാറിലേക്ക് കറുത്തപൂച്ചയേയും കോട്ടിട്ട ആളേയും പറഞ്ഞ് വിട്ടിട്ട് ജനങ്ങളുടെകൈയ്യടി വാങ്ങാന്‍ തിരുവന്തപുരത്തുനിന്ന് ‘ബോര്‍ഡുമായി’ വന്ന് ഗവണ്മെന്റ്ഭൂമിയെ ടാറ്റയുടെകൈയ്യേറ്റഭൂമിയാക്കി ബോര്‍ഡ് സ്ഥാപിച്ച് പുലിവാലുപിടിച്ചതാരാണ്?????? മൂന്നാറിലെ ടാറ്റായുടെ കൈയ്യേറ്റഭൂമിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് ‘നിഴല്‍ അംഗങ്ങളെ’ അയച്ച് കാത്തിരിക്കുന്നത് ആരാണ് ?? ടാറ്റായുടെ കൈയ്യേറ്റഭൂമി കണ്ടെത്താന്‍ സര്‍വ്വേകളും റിസര്‍വ്വേകളും എന്തിന് ഉപഗ്രഹസര്‍വ്വകള്‍ വരെ നടത്തി എന്തക്കയോനേടി എന്ന് മേനി നടിച്ചിട്ട് എന്തായി??? ടാറ്റായുടെ ഒരിഞ്ചുകൈയ്യേറ്റ ഭൂമിയെങ്കിലും പിടിച്ചെടുക്കാന്‍ സാധിച്ചോ??? ചെങ്ങറയില്‍ തൊഴിലാളികളെ പട്ടിണിക്കിട്ട് സമരം ചെയ്യുന്നു എന്ന് വിലപിക്കുന്ന ആള്‍ ടാറ്റായുടെ കൈയ്യേറ്റഭൂമി പിറ്റിച്ചെടുത്താല്‍ അവിടെ തൊഴില്‍ നഷ്ടപ്പെടുന്നതൊഴിലാളികളെ മറക്കുന്നത് എന്തേ????

പാട്ടാക്കാലാവധികഴിഞ്ഞ ഭൂമി ഗവണ്‍‌മെന്റിലേക്ക് ചേര്‍ക്കേണ്ടതിനു‌പകരം ഇപ്പോഴും അളവുകാരെ‌കൊണ്ട് ചുറ്റിക്കറങ്ങുന്നത് എന്തിനാണ് ?പാട്ടഭൂമിയുടെ കൂടെ ഗവണ്‍മെന്റ് ഭൂമിയും ഉണ്ടോന്ന് അറിയാന്‍ എത്രനാളുകൊണ്ട് അളക്കുകയാണ് ? സമരപടനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന,സമരഭൂമികളില്‍ നടന്നുകയറിയ, കൈയ്യേറ്റ ഭൂമികളില്‍ ഓടിക്കയറിയ, മുതലാളിത്ത സാ‍മ്രാജ്യത്ത വിരുദ്ധനായ വിപ്ലവനേതാവ് മുഖ്യമന്ത്രിയാകുമ്പോള്‍സമരം ചെയ്യുന്നവരെ ഇങ്ങനെ അധിക്ഷേപിക്കണോ എന്ന് ന്യായമായ ഒരു ചോദ്യം ഉയരുന്നു. സമരഭൂമിയിലേക്ക് ഉപരോധസമരം നടത്തുന്നതൊഴിലാളികള്‍ പോലും സമരക്കാര്‍ സുഖജീവിതം നയിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. എല്ലാ സമരക്കാരു ഒരേപോലെയാണന്ന് സ്വന്തം അനുഭവത്തിന്റെവെളിച്ചത്തിലായിരിക്കുമോ മുഖ്യമന്ത്രി ‘ചെങ്ങറസമരക്കാര്‍ സുഖജീവിതം നയിക്കുന്നു’ എന്ന് പറഞ്ഞത് ?

ഉത്തരവാദിത്തപെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രി ഗോയങ്കല്‍ മുതലാളിയെപ്പോലെ സംസാരിച്ചു എന്ന് ആര്‍ക്കെങ്കിലും തോന്നിയങ്കില്‍അവരെ കുറ്റം പറയാന്‍ പറ്റുമോ? മുതലാളിത്തത്തിനെതിരേ സമരം ചെയ്യുന്നു എന്ന് മേനിനടിക്കുന്നവര്‍ തന്നെയാണ് ഇവിടെ മുതലാളിക്ക്വേണ്ടി വാദിക്കുന്നത്? തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതുകൊണ്ട് തൊഴിലാളിക്ക് അനുകൂലമായി കൈയ്യേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്നു എന്ന് വിചാരിക്കരുത് ? മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്ലാച്ചിമട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവര്‍ സമരത്തെതുടര്‍ന്ന്പൂട്ടുന്ന കമ്പിനിയിലെ തൊഴിലാളികളെക്കുറിച്ച് ചിന്തിച്ചോ?? (പ്ലാച്ചിമട സമരത്തിന്റെ പ്രഖ്യാപന‌ ലക്ഷ്യം വിസ്‌മരിക്കുന്നില്ല.). ആ സമരത്തിന്ചൂടും വാശിയും നല്‍കികൊണ്ട് അരുന്ധതിയും മേധയും കടന്നുവന്നപ്പോള്‍ അവരെ പുകഴ്ത്തിയവര്‍ ; അവര്‍ ചെങ്ങറയിലേക്ക് വന്നപ്പോള്‍അരാഷ്ട്രീയവാദികളും ഭീകരരും ആയതെങ്ങനെയാണ് ? ഇവിടെയാണ് സമരങ്ങളുടെ പിതൃത്വത്തെക്കുറിച്ചുള്ള ഒരു സങ്കല്പം ഉണ്ടാകുന്നത്.കേരളത്തിലുണ്ടാകുന്ന എല്ലാ സമരങ്ങളും വിജയിക്കണമെങ്കില്‍ (വിജയിപ്പിക്കണമെങ്കില്‍) തങ്ങളുടെ പിന്തുണ ആവിശ്യമുണ്ടന്ന്ചിലര്‍ സ്വയം അങ്ങ് വിചാരിച്ചു വച്ചിരിക്കുന്നു. അതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് സമരങ്ങള്‍ക്കെതിരെ സമരം ഉണ്ടാകുന്നത്.

ജനകീയകൂട്ടായ്മയില്‍ മയിലമ്മ നയിച്ച സമരം സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിച്ച് പരാജയപെട്ടതാണ് ? ഗീതാനന്ദന്റെയും ജാനുവിന്റെയും നേതൃത്വത്തില്‍ ഗോത്രമഹാസഭ മുത്തങ്ങയില്‍ കൈയ്യേറ്റ സമരം നടത്തിയപ്പോള്‍ പിന്തുണ നല്‍കിയവരാണ് , മുത്തങ്ങാസമരത്തിന്റെകാരണങ്ങളെ അടിസ്ഥാനമാക്കി ചെങ്ങറയില്‍ നടക്കുന്ന സമരത്തെ അപഹസിക്കുന്നത് . മനുഷ്യന്റെ പ്രാഥമികാവിശ്യങ്ങളില്‍ പെട്ടഭക്ഷണം, പാര്‍പ്പിടം എന്നിവയ്ക്കുവേണ്ടിയുള്ള സമരം തന്നെയല്ലേ ചെങ്ങറയില്‍ നടക്കൂന്നത് ?

മുതലാളിയുടെ ഭൂമിയില്‍ നിന്ന് മോഷ്ടിച്ച് സുഖം ജീവിതം നയിക്കുന്ന സമരക്കാരെ അടച്ചാക്ഷേപിക്കുന്നതിനുമുമ്പ് നേതാവ് ഒന്ന് ഓര്‍ക്കേണ്ടതായിരുന്നു. കോടിക്കണക്കിനു‌രൂപ പൊടിച്ച് എസി ട്രയിനിലും വിമാനത്തിലും എത്തി ഡല്‍ഹി‌കേരളഹൌസില്‍ സുഖ‌ഉറക്കം നടത്തി ഭക്ഷണവും കഴിച്ച് കേന്ദ്രവിരുദ്ധസമരം നടത്തിയത് സ്വന്തം കൈയ്യിലെ കാശുകൊണ്ട് ആയിരുന്നോ??? ഖജനാവിലെ കാശ് പോകുന്നതിലും വിഷമംഗോയങ്കല്‍ മുതലാളിയുടെ പണപ്പെട്ടിയുടെ കനം കുറയുന്നതിലാണോ??? തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നുള്ളതുകൊണ്ട്ടാറ്റായുടെ കൈവശഭൂമി തിരിച്ചെടുക്കാതിരിക്കാന്‍ ‘സമരപടനായകന്‍‘ നടപടി സ്വീകരിക്കുമോ?

സമരം 400 ദിവസം പിന്നിട്ട് കഴിയുമ്പോള്‍ ചെങ്ങറ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു എങ്കിലും അവിടെ വരെ ഒന്ന് എത്തി സമരഭൂമിഒന്ന് കാണാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘സമയം‘ കണ്ടെത്തിയിട്ടില്ല. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് ചെങ്ങറസമരം നടന്നിരുന്നതെങ്കില്‍ എത്ര പ്രാവിശ്യം സമര ഭൂമിയില്‍ എത്തിയേനെ? എത്ര പത്ര സമ്മേളനങ്ങള്‍ നടത്തിയേനെ??? സമരജ്വാലയില്‍ ജ്വലിച്ചുയര്‍ന്നുവന്ന വി.എസിനും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലങ്കില്‍ , എന്തായിരിക്കും സമരക്കാരുടെ ഭാവി??? കടും‌പിടുത്തം അവസാനിപ്പിച്ച് സമരഭൂമി സന്ദര്‍ശിക്കാനെങ്കിലും വി.എസ്. തയ്യാറാകണം . പ്രശ്ന പരിഹാരത്തിന് ഒരു ഫോര്‍മുല ഉരുത്തിരിയേണ്ടത്മുന്‍‌വിധികളില്ലാതെ നടത്തുന്ന ചര്‍ച്ചകളിലായിരിക്കണം ...... വോട്ട് ബാങ്ക് രാഷ്ട്രീയത്തിലുപരി മനുഷ്യത്വപരമായ ഒരു നീക്കുപോക്കാണ്ചെങ്ങറസമരത്തിലുണ്ടാവേണ്ടത് .......... അതൊരിക്കലും സമരക്കാരെ അധിക്ഷേപിച്ചുകൊണ്ടായിരിക്കരുത് ...


.

Sunday, October 26, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും 6 : മതില്‍‌കെട്ടുകള്‍

.
നഗരവത്ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ഗ്രാമങ്ങളും വികസിക്കുമ്പോള്‍ നമ്മുടെ മനസുകള്‍ ചുരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ വീടും അതില്‍ പ്രായമായ മാതാപിതാക്കളും വീട്ടുമുറ്റത്ത് ഒരു പട്ടിക്കൂടും വീട് മറയ്ക്കുന്ന ഒരു ‘വലിയ മതിലും’ ഇന്ന് സര്‍വ്വസാധാരണമായ കാഴ്ചയായി മാറിയിരിക്കുകയാണ്. കെട്ടിയുയര്‍ത്തുന്ന മതിലുകള്‍ നമ്മള്‍ മലയാളികള്‍ നമ്മുടെ ഹൃദയങ്ങളിലേക്കുംകൊണ്ടുവന്നു കഴിഞ്ഞു. ഇല്ലായ്‌മകളിലെ കൊടുക്കല്‍ വാങ്ങലുകളീലൂടെ വളര്‍ന്ന നമ്മുടെ ‘ഓള്‍ഡ് ജനറേക്ഷന്‍ ‘ ഇന്ന് ‘ന്യൂ ജനറേക്ഷന് ‘വഴിമാറുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ ഇന്നത്തെ കേരളസമൂഹത്തിലെ മധ്യവര്‍ഗ്ഗസമൂഹത്തില്‍ ആത്മഹത്യകള്‍ കൂടുന്നതന്ന് നിങ്ങള്‍ചിന്തിച്ചിട്ടുണ്ടോ ?? ഏത് വഴി ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലും കിട്ടുന്ന ഉത്തരം ഒന്നു‌തന്നെയാണ്. മനുഷ്യമനസുകളില്‍ സ്വയം കെട്ടിഉയര്‍ത്തിയ മതില്‍‌കെട്ടുകള്‍ !!!!!!!!!!!!!!! ആരേയും ഉള്ളിലേക്ക് കടത്തിവിടാതെ ‘സ്വയം’ അഥവാ ‘ഞാന്‍’ എന്ന് ചിന്തയില്‍ കെട്ടുന്ന മതില്‍കെട്ടില്‍ശ്വാസം മുട്ടി മരിക്കുകയല്ലേ മലയാളികള്‍ ......

കൂട്ടു‌കുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ വിശാലമായ അകത്തളങ്ങളില്‍ നിന്ന് നമ്മള്‍ കയറിക്കൂടിയത് മതില്‍‌കെട്ടുകളില്‍ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഇല്ലായ്‌മ,വല്ലായ്‌മകളിലേക്കും ആണ്. മനസുകള്‍ ചുരുങ്ങിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ഹൃദയം മറ്റുള്ളവര്‍ കാണാതിരിക്കാന്‍വേണ്ടിയാണോ നമ്മള്‍ വലിയ മതിലുകള്‍ പണിയാന്‍ തുടങ്ങിയത്. തങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുക എന്നതില്‍ ഉപരി തങ്ങളുടെ താമസസ്ഥലത്തേക്ക് ആരും കയറി‌വരരുത് എന്നുള്ള ഒരൊറ്റ ലക്ഷ്യത്തില്‍ അധിഷ്ഠിതമായിട്ടാണ് ഈ മതില്‍‌കെട്ടുകള്‍. ഉയര്‍ത്തുന്ന മതിലുകളില്‍ ഞെരിഞ്ഞമരുന്നത് ‘സ്വയം‘ ആണന്നുള്ള ചിന്തകള്‍ വരുമ്പോഴേക്കും ജീവിതം ജീവിതമതില്‍‌കെട്ടിനു പുറത്തായിരിക്കും. കെട്ടിഉയര്‍ത്തുന്ന മതിലുകളും,കെട്ടിയടയ്ക്കപ്പെടുന്ന വഴികളും ,മാന്തുന്ന അതിരുകളും നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ‘ന്യൂ ജനറേക്ഷന്‍’ ഇന്ന്‘ഓള്‍ഡ് ജനറേക്ഷനെ ‘ കെട്ടിയുയര്‍ത്തുന്ന മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ തടവുകാരാക്കി കഴിഞ്ഞു. ഇങ്ങനെ തീര്‍ക്കുന്ന തടവറകള്‍ ഒരു സാമൂഹികവിപത്തായി മാറിയതുകൊണ്ട് സര്‍ക്കാരുകള്‍ പോലും നിയമനിര്‍മ്മാണത്തിന് തയ്യാറാകുന്നത്. വൃദ്ധരായ മാതാപിതാക്കളെ വേണ്ട‌രീതിയില്‍സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെ നിയമനിര്‍മ്മാണം നടത്താന്‍ നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ തയ്യാറെടുക്കുകയാണന്ന് കേട്ട് ഞെട്ടുന്നതിനുമുമ്പ് ഒന്നുകൂടി അറിയുക. ഇന്ന് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, വിദ്യാസമ്പന്നര്‍ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളികളുടെ, ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ഇത്ല് നമുക്ക് ഒരുമിച്ച് അഭിമാനിക്കാം. സര്‍ക്കാര്‍‌പോലും വൃദ്ധസദനങ്ങള്‍തുടങ്ങാന്‍ പോവുകയാണ്. (സാമ്പത്തിക പ്രതിസന്ധി എല്ലാ ബിസിനസ് മേഖലകളീലും ബാധിച്ചുവെങ്കിലും ‘വൃദ്ധസദന‘ ബിസിനസ്സിന്റെഏഴയലോക്കത്ത് പോലും സാമ്പത്തിക പ്രതിസന്ധി എത്തിയിട്ടില്ല.).

മലയാളികളെപ്പോലെ അതിര്‍ മാന്തുന്നവര്‍ മറ്റ് എവിടേയും കാണാന്‍ വഴിയില്ല. വെറുതെ ഇരിക്കുമ്പോള്‍ കൈ കുരുകുരുക്കുമ്പോള്‍ അതിര്‍ മാന്താന്‍പറമ്പില്‍ പോകുന്നവരായി മലയാളികള്‍ എന്നേ മാറിക്കഴിഞ്ഞു. പത്രങ്ങളിലെ ചരമപേജില്‍ ഒട്ടുമിക്ക ദിവസങ്ങളിലും അതിര്‍ത്തി തര്‍ക്കങ്ങളില്‍കൊല്ലപെടുന്നവരെക്കുറിച്ച് നമുക്ക് വായിക്കാന്‍ കഴിയും. പറമ്പിലെ അതിരുകള്‍ മാറ്റി ഇടുന്നതും അപ്രത്യക്ഷമാക്കുന്നതും ഒക്കെ നമുക്ക് ഒരുഹോബിയാണ്.(ഒബജക്ഷന്‍ : ഇതില്‍ ന്യൂജനറേക്ഷന്‍ കുറ്റാരോപിതര്‍ അല്ല). അതിരുമാന്തിയില്ലങ്കില്‍ ഉറക്കം വരാത്ത എത്രയോ ആളുകള്‍ നമ്മുടെഇടയില്‍ ഉണ്ട്..[ അതിരുകള്‍ ഇല്ലാത്ത ഒരു ലോകം എന്ന് സ്വപ്നം കാണാമെന്ന് മാത്രം. രാജ്യങ്ങള്‍ പോലും അതിര്‍ത്തി മാന്തുന്ന ഈ കാലത്ത്നമ്മുടെ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ???]. ഒരുമിച്ച് കളിച്ചുവളര്‍ന്ന സഹോദരങ്ങള്‍ പോലും അതിര്‍ത്തികല്ലുകളുടെ പേരില്‍ വെട്ടിവീഴ്‌ത്തുന്ന കാലമാണിത്. ‘നഗ്നനായി ഞാന്‍ വന്നു നഗ്നനായി തന്നെ തിരിച്ചു പോകും ‘ എന്ന് പ്രമാണങ്ങളില്‍ പറയാം എന്ന് മാത്രം. ചാവുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോകാതെ ശവപ്പറമ്പിലെ ആറടിമണ്ണിന്റെ ജന്മയായി മാത്രം താന്‍ തീരുമെന്ന് അറിയാമെങ്കിലും അതിരുമാന്താതിരിക്കാന്‍ നമുക്കാവില്ല.അണ്ണാന്‍ മൂത്താലും മരക്കയറ്റം മറക്കുമോ?

ഏതായാലും ‘ഫ്ലാറ്റു സംസ്കാരത്തില്‍’ അതിരുമാന്തല്‍ ഇല്ല. നാലുചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ആരുടെ അതിരുമാന്താന്‍ ? അതുകൊണ്ട് ‘ഫ്ലാറ്റു‘കളില്‍അതിരുവഴക്കുകള്‍ ഇല്ല.(!!!). അതിരുകള്‍ മാത്രമല്ല നമുക്ക് പ്രശ്നം. അതിരുകളും അതിര്‍‌വരമ്പുകളും പ്രശ്നങ്ങളാണ്. ‘അതിര്‍വരമ്പുകള്‍‘ ലംഘിക്കു-മ്പോഴാണല്ലോ ‘സദാചാര‘വിശുദ്ധര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. ഭൂമിക്ക് മാത്രമല്ല നമ്മള്‍ മതിലുകള്‍ കെട്ടി ഉയര്‍ത്തുന്നത്. മനുഷ്യ മനസുകളിലുംമതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ നമ്മളെ പലരും നിര്‍ബന്ധിക്കാറുണ്ട്. രാഷ്ട്രീയ-മത-സാമുദായിക നേതാക്കള്‍ തങ്ങളുടെ അണികളിലും / വിശ്വാസികളിലുംഇങ്ങനെയുള്ള മതിലുകള്‍ കെട്ടി ഉയര്‍ത്തി തടവറയില്‍ ആക്കാറൂണ്ട്. മനുഷ്യമനസുകളില്‍ മതിലുകള്‍ പണിയാന്‍ ഇത്തരം നേതാക്കള്‍ ശ്രമിക്കാറുണ്ട്.അതുകൊണ്ടാണ് ചിലയിടങ്ങളില്‍ രാഷ്ട്രീയ-മത-സാമുദായിക വിലക്കുകള്‍ ഉണ്ടാകുന്നത് . മതത്തിന്റെയും സമുദായത്തിന്റെയുംരാഷ്ട്രീയത്തിന്റേയും പേരിലുള്ള മതിലുകള്‍ കെട്ടിഉയര്‍ത്തി മനുഷ്യരെ തമ്മില്‍ അകറ്റുന്നത് അപക്വമായ നേതാക്കളുടെ പ്രവര്‍ത്തികളാണ് . കുട്ടികളില്‍ പോലും ഇത്തരം മതിലുകള്‍ പണിത് അവരെ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരില്‍ വേര്‍തിരിവ് നടത്താറുണ്ട്. ഒരിക്കലുംഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ലാത്തവരില്‍ നിന്നുമാണ് ഇത്തരം മതില്‍‌പണികള്‍ ഉണ്ടാകുന്നത്. (ഞാനിന്ന് സണ്ഡേസ്കൂളില്‍പത്താം ക്ലാസില്‍ മതസൌഹാര്‍ദ്ദം എന്ന ഭാഗം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ എന്നോട് ഒരു കാര്യം പറഞ്ഞു. പള്ളിയിലേക്ക്വരുമ്പോള്‍ അന്യസമുദായത്തില്‍ ഉള്ളവരെ കണ്ടാല്‍ അവരോട് സംസാരിക്കുകപോലും ചെയ്യരുതന്ന് അവരോട് ഒരു അച്ചന്‍ പറഞ്ഞിട്ടുണ്ടത്രെ!!!.ഇങ്ങനെയുള്ള പുരോഹിതരെ എന്തു ചെയ്യാനാണ്.????). കുട്ടികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് മതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ പലരുംശ്രമിക്കൂകയാണ്. തങ്ങളുടെ സമുദായത്തിലെ കുട്ടികളെ സമുദായ സ്കൂളില്‍ മാത്രമെ പഠിപ്പിക്കാവൂ എന്ന രീതിയിലുള്ള ഇടയലേഖനം ഇറക്കാന്‍തക്കവണ്ണമുള്ള മാനസികവിഭ്രാന്തിയിലേക്ക് കേരളസമൂഹം തരംതാണിരിക്കൂകയാണോ ഇപ്പോള്‍ ??????? മനുഷ്യരെ എല്ലാവരേയും ഒരേപോലെ കാണാതെ സമുദായാടിസ്ഥാനത്തില്‍ മാത്രം ‘സഹോദരങ്ങളെ’ തിരിച്ചറിയുന്നതുമാത്രമാണോ വിദ്യാഭ്യാസം ?????

പാര്‍ട്ടി ഗ്രാമങ്ങളും , സമുദായ കുടികളും .. ഒക്കെ മനുഷ്യന്റെയുള്ളില്‍ മതിലുകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ‘പങ്കിടലും‘ ഇന്ന് പാടേമാറിയിരിക്കുന്നു. അയല്‍‌വക്കകാരന്റെ ദുഃഖം സ്വന്തദുഃഖമായികണ്ടിരുന്ന കാലം ഇന്ന് മാറിയിരിക്കുന്നു. അയലല്‍‌വക്കകാരന്റെ സ്വന്തം ഇല്ലായ്മസ്വന്തം ഇല്ലായമയായി കണ്ട് അവനെ സഹായിച്ചിരുന്ന കാലത്തുനിന്ന് അയലല്‍‌വക്കകാരന്റെ ഇല്ലായ്മകളെ കളിയാക്കാനും അവന്റെ ഇല്ലായ്മകളില്‍ സഹതപിക്കാനും മാത്രമാണ് ഇന്ന് എല്ലാവര്‍ക്കും താല്പര്യം. പണ്ട് കാലത്തെ ഒരുവീട്ടില്‍ നടക്കുന്ന വിവാഹം , അയല്‍‌വക്കകാരെല്ലാവരുംകൂടി ജാതിപരമോ, മതപരമോ ആയ ഒരു വെത്യാസവും കൂടാതെ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. ഇന്നോ ????? വീടുകള്‍ക്കു ചുറ്റും കെട്ടിഉയര്‍ത്തുന്ന മതിലുകള്‍ ആ മതിലുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യജന്മങ്ങളെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. ആപത്തുകള്‍വന്നുകഴിയുമ്പോള്‍ എന്നെ എന്തുകൊണ്ട് ആരും സഹായിക്കാന്‍ വന്നില്ലന്ന് പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ല.

വലിയമതില്‍ക്കെട്ടുകള്‍ ഉയര്‍ത്തുന്ന പല വീടുകള്‍ ആണ് മോഷ്ണശ്രമങ്ങള്‍ക്കായി മോഷ്ടാക്കള്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരം വീടുകളില്‍ നടക്കുന്നഅനിഷ്ടസംഭവങ്ങള്‍ പുറം‌ലോകം അറിയാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ എടുത്തന്ന് ഇരിക്കാം. ചില കൊലപാതകവാര്‍ത്തകളില്‍ വായിക്കാറുള്ളത് ഓര്‍മ്മിപ്പിക്കുന്നു. “കൊല്ലപെട്ടവര്‍ക്ക് അയല്‍‌വക്കക്കാരവുമായി ഒരു സഹകരണവും ഇല്ലായിരുന്നു..”. സ്വയം തീര്‍ത്ത മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ഞരിഞ്ഞമരാനായിരുന്നു അവരുടെ വിധി... ഇതു വിധിയല്ല സ്വയം ചെയ്ത പ്രവൃത്തിയുടെ അനന്തരഫലം മാത്രമാണ്. പണിതുയര്‍ത്തുന്ന മതിലുകളില്‍വയ്ക്കുന്ന ഓരോ ഇഷ്ടികയും അവരുടെ മനസുകളില്‍ കൂടിയാണ് വയ്ക്കപ്പെടുന്നത്. ഉയര്‍ത്തില്‍ പണിയുന്ന മതിലുകള്‍ക്ക് മുകളില്‍ കുപ്പിച്ചില്ലുകളും,ആണികളും കൊണ്ട് സംരക്ഷണവലയം ഉണ്ടാവും.... ഒരിക്കലും ആ വീടുകളിലേക്ക് ആരും കയറാന്‍ പാടില്ല എന്നായിരിക്കും അതിലെ ധ്വനി.

ഇത്തരം മതില്‍ സംസ്കാരം വന്നിട്ടില്ല്ലാത്തയിടങ്ങളില്‍ ഗ്രാമ നന്മയും സൌന്ദ്യരവും നശിച്ചിട്ടുണ്ടാവില്ല ... മനുഷ്യരുടെ ഉള്ളില്‍ കെട്ടി ഉയര്‍ത്തുന്നമതിലുകള്‍ പൊളിച്ചുകളഞ്ഞ് മലയാളികള്‍ ഇനിയെന്നാണ് നല്ല മനുഷ്യരായി തീരുന്നത് ????????????‌

.

Friday, October 24, 2008

വീട്ടമ്മയ്ക്ക് പ്രതിഫലം മാസം 3000/- രൂപ ????

.
ഒരു വീട്ടമ്മ വീട്ടുകാര്‍ക്ക് വേണ്ടി ചെയ്യുന്ന വീട്ടുജോലിക്ക് മാസപ്രതിഫലം 3000 രൂപ !!!! ഇത് എന്റെഅഭിപ്രായമല്ല . നമ്മുടെ സുപ്രീംകോടതി പറഞ്ഞുവച്ചതാണ് ഈ പ്രതിഫലകണക്ക്. നഷ്ടപരിഹാരകേസുകളില്‍ വീട്ടമ്മയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം കണക്കാക്കുന്ന വേളകളിലാണ് ഈ പ്രതിഫലകണക്ക്ഉപയോഗിക്കുന്നത്. “വീട്ടമ്മ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രതിഫലമില്ലാതെ ചെയ്യുന്ന ജോലിക്ക് പ്രതിവര്‍ഷം 36,000/- രൂപയെങ്കിലും പ്രതിഫലമായി കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നാണ്സുപ്രീംകോടതി വിധി നല്‍കിയിരിക്കൂന്നത്.

സുപ്രീംകോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലും ഒരു നഷ്ടപരിഹാരകേസില്‍ വിധിയുണ്ടായിരിക്കുകയാണ്. പത്തനംതിട്ട മോട്ടോറ് ആക്സിഡന്റ് ക്ലയിംസ് ട്രൈബ്യൂണല്‍ ആണ് കേരളത്തില്‍വിധി പുറപ്പെടുവിച്ചിരിക്കൂന്നത്. പത്തനംതിട്ട- ആറന്മുള- ഇടയാറന്മുള -കോഴിപ്പാലം ജംഗക്ഷനില്‍ വച്ച്2004 ജനുവരി 1 ന് ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ സൂസമ്മ മാത്യു എന്ന വീട്ടമ്മയ്ക്ക് അനുകൂലമായിവിധിച്ച നഷ്ടപരിഹാരകേസിലാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരംവിധിച്ചിരിക്കൂന്നത്. (മാതൃഭൂമി, കോട്ടയം എഡിഷന്‍ -പേജ് 10-കോളം 2).

വീട്ടില്‍ ഭാര്യമാരെകൊണ്ട് പണിചെയ്യിക്കുന്ന ഭര്‍ത്താക്കന്മാരും , മരുമകളെകൊണ്ട് പണിചെയ്യിക്കുന്നഅമ്മായിയമ്മമാരും ഓര്‍ക്കുക , നിങ്ങളുടെ ഭാര്യ / മരുമകള്‍ ചെയ്യുന്ന ജോലിയ്ക്ക് പ്രതിഫലം ദൈവംമാത്രമല്ല നല്‍കുന്നതെന്ന് .”നിനക്കെന്താ ഈ വീട്ടില്‍ പണി”യെന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാര്‍ഓര്‍ക്കുക, നിങ്ങളുടെ ഭാര്യചെയ്യുന്ന വീട്ടുപണിക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം 3000 രൂപയാണന്ന്.മാസം 3000 രൂപയെങ്കിലും വച്ച് കിട്ടാന്‍ നിങ്ങളുടെ ഭാര്യയ്ക്ക് അര്‍ഹതയുണ്ടന്ന്. ഭാര്യയ്ക്ക് വീട്ടിലെ ജോലിക്ക്നിങ്ങളും കൊടുക്കേണ്ട അടിസ്ഥാന ശമ്പളം 3000/- രൂപ. ഇനിയെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ‘ശമ്പള’ക്കാരിഅല്ല എന്ന് രീതിയില്‍ പെരുമാറരുത്.

കുറഞ്ഞ പക്ഷം 30 വര്‍ഷം നിങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് ഒരു വിഷമം പോലും പുറത്ത് കാണിക്കാതെ വീട്ടുജോലികളെല്ലാം ചെയ്യുന്ന ഭാര്യയ്ക്ക് എത്ര രൂപയുടെ പ്രതിഫലം കുടിശ്ശിഖയാണ് നിങ്ങള്‍വരുത്തീയതെന്ന് ചിന്തിക്കാമോ ???? 10,80,000 രൂപയുടെ കുടിശിഖക്കാരനാണ് നിങ്ങള്‍ .....

.

Saturday, October 18, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 5 മദ്യപാനം

.
“ഇന്ന് വൈകിട്ടെന്താ പരിപാടി എന്ന് “ സൂപ്പര്‍‌സ്റ്റാര്‍ ചോദിക്കുമ്പോള്‍ ഒന്നുമില്ലന്ന് പറയുന്നത് നാണക്കേടല്ലേ എന്ന് വിചാരിച്ച് ‘ക്യു’ നിന്നിട്ട് വരാംഎന്ന് പറഞ്ഞ് പോകുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. “നിങ്ങളില്ലാതെ എനിക്ക് എന്ത് ആഘോഷം“ എന്ന് അതേ സൂപ്പര്‍സ്റ്റാര്‍ പറഞ്ഞതുംമലയാളികള്‍ കേട്ടു. അതിനവര്‍ ഒരു വകഭേദം കൂടി വരുത്തി. “മദ്യം ഇല്ലാതെ നമുക്ക് എന്ത് ആഘോഷങ്ങള്‍ “. ഇന്ന് കേരളത്തില്‍ ഏറ്റവുംകൂടുതല്‍ മദ്യം വില്‍ക്കപ്പെടുന്നത് ആഘോഷവേളകളിലാണ്. കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ മദ്യം വാങ്ങാന്‍ ഉപയോഗിച്ചത് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചപണത്തിന്റെ മൂന്ന് മടാങ്ങാണ്. ‘വിലക്കയറ്റം , വിലക്കയറ്റം ജീവിതം വഴിമുട്ടി ‘ എന്ന് വിലപിക്കുന്ന മലയാളി മദ്യപാനത്തിനുവേണ്ടി ചിലവഴിക്കുന്നത് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന പണത്തിന് തുല്യമാണ്. ലഹരി വസ്തുക്കള്‍ഉപയോഗിച്ച് തുടങ്ങുന്ന മലയാളിയുടെ ശരാശരി പ്രായം 16 വയസായി കുറഞ്ഞിരിക്കൂന്നു. എന്നു പറഞ്ഞാല്‍ പ്ലസ് വണ്ണിന് പഠിച്ചു തുടങ്ങുമ്പോള്‍തന്നെ ഒരു മലയാളി ലഹരി‌വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങുന്നുവെന്ന്.

ഏറ്റവും കൂടുതല്‍ ‘ഡ്രൈ ഡേകള്‍ ‘ ഉണ്ടായിരുന്ന സെപ്റ്റംബര്‍ മാസം കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കപ്പെട്ട മദ്യത്തിന്റെകണക്ക് എന്നത് മറ്റ് മാസങ്ങളെക്കാള്‍ ഇരട്ടിയിലധികമായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ വാറ്റ്‌കേന്ദ്രങ്ങളിലേയും ഷാപ്പികളിലേയും കൂടി കണക്കുകള്‍എടുത്താല്‍ ഇത് എത്രയാണന്ന് ഊഹിക്കാമല്ലോ? നമുക്ക് ഏതിനും എന്തിനും ഇപ്പോള്‍ മദ്യം ഒഴിവാക്കാനാവതെ വന്നിരിക്കൂന്നു. കുട്ടി ജനിച്ചാലും ,കെട്ടിയാലും ,മരിച്ചാലും നമുക്ക് ആഘോഷമാണ് . ആഘോഷം പൂര്‍ണ്ണമാക്കാ‍ന്‍ മദ്യം തന്നെ വേണം. ആഘോഷമോ , ഉത്സവമോ അടിപൊളിയാകണമെങ്കില്‍ പൊട്ടിക്കുന്ന കുപ്പികളുടെ എണ്ണം കൂടണം എന്ന സ്ഥിതിയിലേക്ക് നമ്മള്‍ കടന്നു വന്നിരിക്കുന്നു. ചന്ദനത്തിരിയുടെ പരസ്യത്തില്‍പറയുന്നത് കേട്ടിട്ടില്ലേ ?പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണാങ്ങള്‍ എന്ന് !! അതുപോലെ തന്നെയാണ് മലയാളിയുടെ വെള്ളമടിയും. വെള്ളമടിക്കാനുംഓരോരോ കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തൂം. എന്തായാലും എന്നും ആഘോഷിക്കാന്‍ ഓരോകാരണങ്ങള്‍ ഉണ്ടാവും. കല്യാണവീടുകളില്‍ പണ്ട്ഒതുങ്ങിയും പതുങ്ങിയും ആണ് മദ്യം വിളമ്പിയിരുന്നതെങ്കില്‍ ഇന്ന് അത് പരസ്യമായിതന്നെ വിളമ്പുന്നു. മലയാളി കാലത്തിന് അനുസരിച്ച്മാറിയില്ല എന്ന് ആരും ഇനി പറയരുത്.

ഒരു കല്യാണവീട്ടില്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുകയാണ്. കെട്ടാന്‍ പോകുന്ന ചെറുക്കന്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് നിന്ന് ഒന്ന് മാറി അകത്തെമുറിയിലേക്ക് കയറി. അകത്തെമുറിയില്‍ കൂട്ടുകാര്‍ കുപ്പി പൊട്ടിച്ച് അടിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊരണ്ണം ചെറുക്കനും എടുത്ത് അടിച്ചു.എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ വീണ്ടൂം വന്ന് പ്രാര്‍ത്ഥനയ്ക്ക് വന്നു നിന്നു. കല്യാണവീടുകളില്‍ ആളുകള്‍ എത്തുന്നത് മദ്യപിക്കാനോഅതോ വധൂവരന്മാരെ അനുഗ്രഹിക്കാനോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. (കല്യാണത്തിന് പള്ളിയില്‍ എത്തീയില്ലങ്കിലും ഓഡിറ്റോറിയത്തിന്റെ ഷട്ടര്‍പൊക്കുന്നതിനുമുമ്പ് തന്നെ അകത്ത് കയറുന്ന മലയാളികളെ കാണാതിരുന്നതല്ല....). കല്യാണസദ്യ വിളമ്പുന്ന സ്ഥലത്ത് ചില‘പാമ്പുകളുടെ‘ വിളയാട്ടം ഉണ്ട്. കല്യാണവിരുന്നിന്റെ മേല്‍ നോട്ടം ഈ പാമ്പുകള്‍ക്ക് ആയിരിക്കും. ഇപ്പോള്‍ വീഴും എന്ന മട്ടില്‍ നിന്ന് ആടി ആടിനിര്‍ദ്ദേശം കൊടുക്കൂന്ന ഇത്തരം പാമ്പുകള്‍ അരമണിക്കൂറിനുള്ളില്‍ മാളത്തില്‍ എത്തിയിരിക്കും. (ഒരു കല്യാണസദ്യയില്‍ ഇങ്ങനെ നിര്‍ദ്ദേശംകൊടുത്തുകൊണ്ടിരുന്ന പാമ്പിന്റെ ദൃശ്യം വീഡിയോക്കാരന്റെ ക്യാമറയില്‍ പതിഞ്ഞു. എഡിറ്റ് ചെയ്തപ്പോഴും ഈ പാമ്പിനെ ഒഴിവാക്കിയില്ല.സിഡി വീട്ടില്‍ എത്തിയപ്പോള്‍ തന്റെ പാമ്പാട്ടം കണ്ട് പാമ്പ് ഞെട്ടി. പിന്നീട് ഇതുവരെ ‘പാമ്പ് ‘ കുപ്പിയുടെ പിന്നാലെ പോയിട്ടില്ല.).

മദ്യപിച്ച് എത്തുന്നവരെകൊണ്ട് ഏറ്റവും അധികം ശല്യം ഉണ്ടാകുന്നത് മരണവീടുകളിലാണ് . വെള്ളം അടിച്ചുവന്ന് മൃതശരീരത്തെ കെട്ടിപ്പിടിച്ച്കരയുന്ന പാമ്പിനിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ആള്‍ക്ക് പോലും തോന്നും. അപ്പനെ പെട്ടിയിലാക്കി വെച്ചിട്ട് ദുഃഖംതീര്‍ക്കാന്‍ വെള്ളം അടിക്കാ‍ന്‍ പോകുന്ന മക്കളായി മലയാളികള്‍ തരം താണിരിക്കുന്നു. (സന്തോഷം വന്നാല്‍ പൊട്ടിച്ചിരിക്കാനും സങ്കടം വന്നാല്‍പൊട്ടിക്കരയാനും മദ്യം വേണം എന്ന സ്ഥിതിയിലേക്ക് വരെ മലയാളികള്‍ എത്തിയിരിക്കുന്നു.) . മരിച്ച് കിടക്കുന്ന ആള്‍ക്ക് അന്ത്യചുംബനംഎന്ന ഒരു ചടങ്ങ് ഉണ്ട്. ഇതിലേക്ക് ചില ‘പാമ്പു‘കള്‍ വരും. മൃതശരീരത്തോട് എന്താകാണിക്കുന്നതെന്ന് ബോധം ഇല്ലാത്തതുകൊണ്ട് ഇത്തരക്കാര്‍അറിയാറില്ല. ആടിആടി മൃതശരീരത്തിന്റെ അടുത്ത് എത്തുമ്പോഴേ മുണ്ട് ഒരുവഴിക്കൂടെ ഉരിഞ്ഞ് പോയിട്ടുണ്ടാവും. മുണ്ട് ഒരു കൈകൊണ്ട്പിടിച്ച് മറ്റേ കൈകൊണ്ട് ശവപ്പെട്ടിയില്‍ പിടിച്ച് ഇത്തരക്കാര്‍ കാണിക്കുന്നത് പലപ്പോഴും തല്ലുകൊള്ളിത്തരം തന്നെയാണ് . ബന്ധുക്കള്‍ആയതുകൊണ്ട് മാത്രം ആരും കൈവയ്ക്കാറില്ലന്ന് മാത്രം.

ആഘോഷവേളകള്‍ എന്തെങ്കിലും ഉണ്ടന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍‌വിളികള്‍ എത്തും. “എപ്പോഴോ നമ്മളൊന്ന് കൂടുന്നത് ?” .ഈ ‘കൂടല്‍‘കുപ്പിപൊട്ടിക്കാനുള്ള കൂടല്‍ മാത്രമാണന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. പണ്ടൊക്കെ കല്യാണവീടുകളിലും മരണവീടുകളിലുംബീഡി-സിഗരറ്റ് , മുറുക്കാന്‍ എന്നിവ വീടുകളില്‍ വരുന്നവര്‍ക്ക് വേണ്ടി വീട്ടുകാര്‍ വാങ്ങിവച്ചിരിക്കും. കാലം മാറിയപ്പോള്‍ ബീഡി-സിഗരറ്റ് , മുറുക്കാന്‍എന്നിവയ്ക്ക് പകരം മദ്യക്കുപ്പികള്‍ വാങ്ങിവയ്ക്കേണ്ടതായി വരുന്നു.(വാങ്ങുന്നവനും കുടിക്കുന്നവനും കുഴപ്പമില്ല, പിന്നെ നിനക്ക് എന്താടാകുഴപ്പംഎന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപോകത്തേയുള്ളു.....).

അല്പം അകത്ത് ചെന്നാല്‍ ചിലര്‍ക്ക് പാട്ടുവരും, ചിലരാണങ്കില്‍ ചിരിക്കും, ചിലര്‍ കരയും , ചിലര്‍ തെറിവിളിക്കും ... ‘എടാ വെള്ളമടിച്ചാല്‍വയറ്റില്‍ കിടക്കണം‘ എന്ന് പറഞ്ഞാല്‍ കടുത്ത മറുപിടി എത്തും. ‘വെള്ളമടിക്കുന്നത് വയറ്റില്‍ കിടക്കാനാണങ്കില്‍ പിന്നെന്തിനാ അടിക്കുന്നത് ?”.ചിലര്‍ക്ക് വെള്ളം അടിച്ചു കഴിഞ്ഞാല്‍ ഒന്ന് കിടക്കണം. വീട്ടില്‍ തന്നെ പോയിക്കിടക്കണമെന്ന് നിര്‍ബന്ധബുദ്ധിയൊന്നും ഇല്ല. റോഡരികിലോ,കാനയിലോ , ഓടയിലോ , റോഡിലോ .. ഒക്കെ കിടന്നാല്‍ മതി. വേരുതെയങ്ങ് കിടക്കുകയല്ല.. കാലും കൈയ്യും വിരിച്ച് വച്ച് മുണ്ടൊക്കെ അഴിച്ച്കളഞ്ഞ് വിശാലമായിട്ട് കിടക്കണം. കിടക്കുന്നതിന്റെ രണ്ടാം പക്കമോ മൂന്നാം പക്കമോ കെട്ടിറങ്ങി തനിയെ പൊയ്‌ക്കൊള്ളും. അല്ലങ്കില്‍ആരെങ്കില്ലും തിരക്കി വരണം. പട്ടി വന്ന് മുഖത്ത് മൂത്രം ഒഴിച്ച് മണ്ണ് നീക്കിയിട്ടാല്‍ പോലും ഈ കിടപ്പില്‍ ആരും അറിയാറില്ല. ( ഇത്തരംപാമ്പുകളെക്കുറിച്ചുള്ള രസകരമായ മെയിലുകളില്‍ കുറച്ചു ദിവസമായി കറങ്ങി നടക്കുന്നുണ്ട്.) . വെള്ളം അടിച്ചു കഴിഞ്ഞാല്‍ ധൈര്യം കൂടുന്നുഎന്നാണ് പറയുന്നത്. ഇത് ധൈര്യമല്ലന്നും വെളിവുകേടാണന്നും വെള്ളമടിക്കുന്നവന് അറിയത്തില്ലല്ലോ?

വെള്ളം മടിച്ചുകഴിഞ്ഞാല്‍ വെളിവുകേട് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? തലച്ചോറിലെ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ പ്രവര്‍ത്തനത്തെമദ്യം തടസപ്പെടുത്തുന്നു. തലച്ചോറിലെ നിയോകോര്‍ട്ടെക്സ് എന്ന ഭാഗമാണ് മനുഷ്യന്റെ ചിന്താശക്തിയേയും ബോധത്തേയും നിയന്ത്രിക്കൂന്നത്.ഈ നിയന്ത്രണം നിയോകോര്‍ട്ടെക്സ് നടത്തുന്നത് ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ സഹായത്തോടെയാണ്. ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിന്താശക്തിയും ബോധവും നഷ്ടപ്പെടുന്നു. ശരീരാവയങ്ങളുടെ നിയന്ത്രണവും നഷ്ടപ്പെടുന്നു.

എല്ലാം സഹിക്കാം വെള്ളമടിച്ചുകഴിഞ്ഞാലുള്ള ചിലരുടെ സ്നേഹപ്രകടനമാണ് സഹിക്കാന്‍ കഴിയാത്തത്. അതോടൊപ്പം പൂരപ്പാട്ടും. ഏത് മദ്യപാനൈക്കും സമൂഹത്തില്‍ ഒരു കോമാളിയുടെ വിലയേ കിട്ടാറുള്ളു എന്ന് മദ്യപിക്കുന്നവര്‍ മറന്നുപോകുന്നു. ബാക്കിയുള്ളവര്‍ക്ക്ചിരിക്ക് വകയുണ്ടാക്കി കൊടുക്കുന്നവരാണല്ലോ മദ്യപാനികള്‍ . സിനിമകളിലും ,കോമഡിഷോകളിലും, നാടകങ്ങളിലുംകോമഡിയുണ്ടാക്കാനായി മദ്യപാനികളെ അവതരിപ്പിക്കുകയാണല്ലോ പതിവ്.

മലയാളിയുടെ മദ്യപാനശീലത്തില്‍ സര്‍ക്കാരിനുപോലും ആശങ്കയാണത്രെ!!!!! അതുകൊണ്ട് ജനങ്ങളെ ബോധവത്ക്കരിക്കാനായി ബിവറേജസ്കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നുതന്നെ പണം ചിലവഴിക്കാന്‍ പോവുകയാണ്. യേശു ഒരു ചോദ്യം ചോദിക്കുന്നതായി വേദപുസ്തകത്തില്‍ ഒരു സന്ദര്‍ഭം എഴുതിയിട്ടുണ്ട്. ചോദ്യം ഇതാണ് “സാത്താനു സാത്താനുതന്നെ പുറത്താക്കാന്‍ കഴിയുമോ? പിന്നെങ്ങനെ അവന്റെ സാമ്രാജ്യം നിലനില്‍ക്കും???”. സര്‍ക്കാരിന് പണമുണ്ടാക്കി കൊടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ കുടിയന്മാരെ ബോധവത്‌ക്കരിക്കുകയോ ????????

.

Friday, October 17, 2008

തട്ടുങ്കല്‍ ബിഷപ്പിന്റെ ദത്തെടുക്കല്‍ തട്ടിപ്പ് :???????????

.
കത്തോലിക്ക സഭയിലെ ലത്തീന്‍ കത്തോലിക്കസഭയില്‍ മറ്റൊരു വിവാദം ആളികത്തുകയാണ്. ലത്തീന്‍സഭ കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ നടത്തിയ ദത്തെടുക്കല്‍ ആണ് വിവാദ വിഷയം. പത്തനം‌തിട്ടയിലെ ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ദത്തെടുത്ത പെണ്‍കുട്ടിയെകൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ‘ആത്മീയ’ദത്തെടുക്കല്‍ നടത്തിയതാണ് പ്രശനങ്ങള്‍ക്ക് ആധാരം. ഓര്‍ത്തഡോക്സ് സഭയിലെതുമ്പമണ്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായിരുന്ന ഫാ.സി.കെ. ജോസഫ് മൂന്നരവയസ്സില്‍ദത്തെടുത്തി വളര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന സോണി ജോസഫിനെ ആണ് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ദത്തെടൂത്തത്.ഒരു ബിഷപ്പിന് കാനോനികമായ (കാനോനികം - സഭാനിയമം) രീതിയില്‍ ഒരാളെ ദത്തെടുക്കാമോ എന്ന സഭാചിന്തകളല്ല ഞാനീ ബ്ലോഗിലൂടെചൂണ്ടിക്കാണിക്കൂന്നത് ......

ഫാ.സി.കെ. ജോസഫും കുടുംബവും കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ റോം പര്യടാനവേളയിലാണ് ബിഷപ്പുമായിപരിചയപ്പെടുന്നത് .ആ യാത്രയില്‍ വച്ച് തന്റെ ദത്ത് പുത്രിയ്ക്ക് ലഭിച്ചിരിക്കൂന്ന ആത്മീയ-ദൈവീക നല്‍‌വരെങ്ങളെക്കുറിച്ച് ബിഷപ്പിന് മനസ്സിലായാന്നും തുടര്‍ന്ന് മകള്‍ നടത്തിയ ചില ‘പ്രവചനങ്ങള്‍‘ ശരിയായതുകൊണ്ടാണ് മകളെ(?) ബിഷപ്പ് ദത്തെടൂത്തതും(?) എന്നാണ് പെണ്‍കുട്ടിയുടെ പപ്പയായ ഫാ.സി.കെ. ജോസഫ് പറയുന്നത്. എന്നിലെ ‘ആത്മീയ നിറവാണ് ‘ ദത്തെടുക്കാന്‍ ബിഷപ്പിനെ പ്രേരിപ്പിച്ചത് എന്ന്പെണ്‍‌കുട്ടിയും പറയുന്നു. സഭയുടെ രക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയില്‍ സോണിക്ക് പങ്കുവഹിക്കാനുള്ളതുകൊണ്ടാണ് താനവളെ ദത്തെടുക്കുന്നത്എന്നാണ് ബിഷപ്പ് പറയുന്നത്. ഇവിടെ ദത്തെടുക്കല്‍ എന്ന മാനവികമായ നടപടിയല്ല ആരോപണങ്ങള്‍ക്ക് കാരണം. സാമൂഹികവും മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിന്റെ ദത്തെടുക്കല്‍ വിവാദമാകുന്നത്.

നമ്മുടെ നാട്ടില്‍ ദത്തെടുക്കല്‍ അനുവദിക്കുക ഹിന്ദു അഡോപ്‌ഷന്‍ ആന്‍ഡ് മെയിന്റ്‌നന്‍സ് ആക്ട് ,ബാലനീതി നിയമം ,ഗാര്‍ഡിയന്‍ ആന്‍ഡ്വാര്‍ഡ്സ് ആക്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ്. ദത്തെടുക്കുന്ന ആള്‍ പുരുഷനാണങ്കില്‍ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. നിയമം അവിടെ നില്‍ക്കട്ടെ... ഒരാള്‍ എന്തിനുവേണ്ടിയാണ് ഒരാളെ ദത്തെടുക്കൂന്നത് ???? താന്‍ ആ പെണ്‍കുട്ടിയെ ദത്തെടുത്താലുംസോണി അധികസമയവും തന്റെ മാതാപിതാക്കളെ ശുശ്രൂഷിച്ചുകൊണ്ട് അവളുടെ വീട്ടിലായിരിക്കൂം എന്നാണ് ദത്തെടുത്ത ബിഷപ്പ്പറയുന്നത് ... മക്കളില്ലാത്ത താന്‍ പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ കരുതിക്കൊള്ളാമെന്നും തന്റെ സ്വകാര്യ സ്വത്തുക്കളുടെ അന്തരവകാശിഅവളായിരിക്കൂം എന്നും ബിഷപ്പ് നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു. കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെഭാഗമായിട്ടാണത്രെ ഇരുപത്തിയേഴുകാരിയായ പെണ്‍കുട്ടിയെ ബിഷപ്പ് ദത്തെടൂത്തത് !!!!!!!!! കൊച്ചിയിലോ , ലത്തീന്‍ സഭയില്‍ തന്നയോദൈവീകവരദാനമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബിഷപ്പിനു ഇതുവരേയും കഴിയാതിരിക്കുകയും ഇപ്പോള്‍ മാത്രം ഒരു പെണ്‍കുട്ടിയെകണ്ടെത്താന്‍ കഴിഞ്ഞു എന്നതും ദൈവത്തിന്റെ വലിയ മഹത്വമാണ് . എത്രയോ പെണ്‍കുട്ടികളെ ഇറ്റലിയിലേക്ക് കന്യാസ്ത്രികളാക്കാന്‍ഇദ്ദേഹം കയറ്റി അയിച്ചിരിക്കൂന്നു.. എന്നിട്ട് ഇപ്പോള്‍ മാത്രമാണ് കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെനടത്തിപ്പിന് , സഭയ്ക്ക് ആത്മീയമായി പ്രയോജനം നല്‍കാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടിയെ കണ്ടത്താന്‍ കഴിഞ്ഞത്...

ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്റെയും , ഭാര്യയുടേയും (ഇവര്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്റെ മകളുമാണ്) മകളായികത്തോലിക്ക വിശ്വാസത്തിലാണത്രെ ബിഷപ്പ് ദത്തെടുത്ത പെണ്‍കുട്ടി വളര്‍ന്നത്. ഇനിമുതല്‍ അവള്‍ ലത്തീന്‍ വിശ്വാസപ്രകാരംജീവിക്കേണ്ടതാണന്ന് പ്രമാണത്തില്‍ പറയുന്നുണ്ട്. കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിന് എതിരായി ഇപ്പോള്‍ പലതരം ആരോപണങ്ങളാ‍ണ് ഉയര്‍ന്ന് വന്നിരിക്കൂന്നത്. മുപ്പതോളം പെണ്‍കുട്ടികളെ ഇറ്റലിയിലേക്ക് കന്യാസ്ത്രിമഠങ്ങളില്‍ പഠിക്കാന്‍ എന്നപേരില്‍ എത്തിച്ചിട്ട്ജോലിക്ക് അയിക്കുകയും ഇവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം ഏജ്ന്റ് എന്ന നിലയില്‍ ബിഷപ്പ് കൈപ്പറ്റി എന്നതാണ് ആരോപണം.

കാനോന്‍ നിയമം ലംഘിച്ച് പെണ്‍കുട്ടിയെ ദത്ത് എടുക്കുകമാത്രമല്ല ബിഷപ്പ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന് ,ഓര്‍ത്തഡോക്സ് സഭയിലെപുരോഹിതന് തന്റെ കീഴിലുള്ള ദേവാലയത്തില്‍ ആരാധന നടത്താന്‍ അനുവാദവും നല്‍കി. ഓര്‍ത്തഡോക്സ് സഭയും ലത്തീന്‍ സഭയും തമ്മില്‍ആരാധനപരമായും വിശ്വാസപരമായും വലിയ വെത്യാസം ഉണ്ട് എന്ന് അറിഞ്ഞുകൂടാത്ത ഒരു ബിഷപ്പാണോ ലത്തീന്‍ സഭയുടെകൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ?????? അവസാനം ലഭിക്കൂന്ന വിവരങ്ങള്‍ അനുസരിച്ച് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിനെഅന്വേഷണ വിധേയമായി സഭയുടെ ഓദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി സസ്പെന്റ്ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലന്നും തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണന്നും ബിഷപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. തിരുവസ്ത്രംഉപേക്ഷിച്ചാല്‍ ബിഷപ്പ് കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയാണ് നടത്തുന്നത്.അപ്പോള്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബിഷപ്പ് ബാധ്യസ്ഥനാകുന്നു. എന്തിനുവേണ്ടി പെണ്‍കുട്ടിയെ ദത്തെടുത്തു ???????

കഴിഞ്ഞവര്‍ഷം മാത്രം കണ്ട പെണ്‍കുട്ടിക്ക് വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ബിഷപ്പ് ഇത്രയും കാലം സഭയ്ക്ക്വേണ്ടിതന്നെയാണോ ജീവിച്ചത് ??????

ഫാ.സി.കെ. ജോസഫിനെ ഓര്‍ത്തഡോക്സ് സഭ കൂദാശക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരോഹിതനാണ്. ബിഷപ്പ് ദത്ത് എടുത്ത പെണ്‍കുട്ടിയും ഫാ.പി.കെ ജോസഫും തമ്മിലുള്ള ‘ദത്തടുക്കല്‍‘ തന്നെയാണ് ഈ വിലക്കിന്കാരണം. ഇതിനോട് അനുബന്ധിച്ച് പറയുകയാണങ്കില്‍ മറ്റ് പലകാര്യങ്ങളും പറയേണ്ടിവരും. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍നമ്മള്‍ പറയുന്നത് ശരിയല്ല എന്നതുകൊണ്ട് മാത്രം ഞാനതില്‍ നിന്ന് പിന്മാറുകയാണ്. (ഫാ.പി.കെ ജോസഫ് എന്ന പറയുന്ന പുരോഹിതന്‍ഞങ്ങളുടെ പള്ളിയിലും വികാരിയായി ഇരിന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെകൂടെ ദത്തെടുക്കപെട്ട പെണ്‍കുട്ടിയെ ഞങ്ങളുടെ നാട്ടിലാരുംകണ്ടിട്ടില്ല. ഞങ്ങളുടെ നാടിന്റെ പടിഞ്ഞാറെകരയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ താമസവും മാറ്റി.) .

സര്‍വ്വവും ദൈവത്തില്‍ അര്‍പ്പിച്ച് ജീവിക്കേണ്ട ഒരു ബിഷപ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടൂക്കുകയും തന്റെ സ്വകാര്യ സ്വത്തുക്കള്‍ എല്ലാംഅവളുടെ പേരില്‍ ആണന്ന് പറയുകയും ചെയ്യുമ്പോള്‍ അതില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. ആ ദുരൂഹതകള്‍ വെളിച്ചത്ത് വരുന്നത് വരെകാത്തിരിക്കാം. അടക്കിപറഞ്ഞത് പുരമുകളില്‍ കേള്‍ക്കാന്‍ കാത്തിരിക്കുക. അതു ഒരു പക്ഷേ അസുഖകരമായ വാര്‍ത്തയാണങ്കില്‍ പോലും .......

.

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 4

.

ഒരു ശബരീനാഥന്‍ ‘റ്റോട്ടല്‍ ഫോര്‍ യു ‘ (ശബരിക്കിത് ‘റ്റോട്ടല്‍ ഫോര്‍ മി‘ എന്നായിരുന്നു, കിട്ടുന്നതെല്ലാം എനിക്ക്) എന്ന് പറഞ്ഞ് ചിലരെ റ്റോട്ടലി പറ്റിച്ചപ്പോള്‍ എന്തായിരുന്നു പുകില്‍. ‘എന്റെ കാശ് എന്റെ കാശ്‘ എന്ന് പറഞ്ഞ് തട്ടിപ്പിനിരയായവരിലെ ചെറുകിടക്കാര്‍ വിലപിച്ചപ്പോള്‍ വങ്കിട നിക്ഷേപകര്‍ കക്ഷത്തിലിരുന്നതും പോയി ഉത്തരത്തിലുള്ളതുകിട്ടിയുംഇല്ല എന്ന് പറഞ്ഞ് ദീര്‍ഘശ്വാസം വിട്ടു വീട്ടിലിരുന്നതേയുള്ളു. എന്തായിരുന്നു കാരണം എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു. വിലപിച്ചാല്‍പോയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണം. അങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ പലരുടേയും സമൂഹത്തിലെ സ്ഥാനം ചവിറ്റുകൊട്ടയില്‍ ആയിരിക്കും. ഈ അറിവ് ഉണ്ടായതുകൊണ്ട് മാത്രമാണ് വന്‍‌കിട നിക്ഷേപകര്‍ നാലാളുടെ മുന്നില്‍ വന്ന് വിലപിക്കാതിരുന്നത്.

‘റ്റോട്ടല്‍ ഫോര്‍ യു ‘ പോലുള്ള റ്റോട്ടല്‍ തട്ടിപ്പുകള്‍ വിദ്യാസമ്പന്നരാണ് എന്ന് നടിക്കുന്ന മലയാളികളുടെ ഇടയില്‍ ഇങ്ങനെ അങ്ങ് തഴച്ചു വളരുന്നത്എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ചിലവില്ലാതെ ഒന്നും അറിയാതെ കൂടുതല്‍ പണം കിട്ടും എന്ന ആകര്‍ഷണം ഉള്ളതുകൊണ്ട് മാത്രമാണ് ഇത്തരം തട്ടിപ്പുകളീല്‍ ജനങ്ങള്‍ പണം കൊണ്ട്‌വന്ന് ഇടുന്നത്. പെട്ടന്ന് പണക്കാരനാകാനുള്ള ഒരു ചെപ്പടിവിദ്യ മുന്നില്‍ നടക്കൂമ്പോള്‍ ആര്‍ക്കാണങ്കിലും മാറിനില്‍ക്കാന്‍ കഴിയുകയില്ല . അയല്‍‌വക്കക്കാരന് ഈ രീതിയില്‍ കൂടുതല്‍ പണം കിട്ടുമ്പോള്‍ നമ്മള്‍ എന്തിന് മാറിനില്‍ക്കണം എന്നചിന്തയില്‍ നിന്നു മാത്രമാണ് റ്റോട്ടല്‍ തട്ടിപ്പുകളില്‍ പണം ഇറക്കാന്‍ മലയാളികള്‍ തയ്യാറാകുന്നത്. ഇട്ടപണം രണ്ടു വര്‍ഷം കൊണ്ടൊക്കെ ഇരട്ടിയുംമൂന്നിരട്ടിയും ഒക്കെ ആകുമെന്നുള്ള പരസ്യങ്ങളീല്‍ വീണ് ഉള്ളകാശ് കളയുമ്പോള്‍ കിട്ടുന്ന മനസമാധാനം എന്തായിരിക്കൂം?

സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു പിന്തുണയും ഇല്ല്ലാതെ വളരുന്ന നോഡുകളും സര്‍ക്കിളുകളും ഒക്കെ സ്വപ്നം കാണുന്ന മലയാളികള്‍ ‘മണിച്ചെയിന്‍‘എന്ന അതിസുന്ദരമായ തട്ടിപ്പില്‍ വീണ് സര്‍ക്കിള്‍ ആകുമ്പോള്‍ മാത്രമായിരിക്കും താന്‍ അകപ്പെട്ടത് ഒരു വലിയ വലയില്‍ തന്നെ ആണന്ന്മനസ്സിലാക്കുന്നത്. മനോഹരമായ പരസ്യത്തിലും ഇതു തന്നെയാണ് പറയുന്നത്; ലോകത്തിലെ വലിയ നെറ്റ്വര്‍ക്കിങ്ങിംന്റെ (‘വല‘+ ‘പണി‘യുടെ)ഭാഗമാകൂ....!!! പണ്ട് നമ്മള്‍ ഒരു ഗവണ്‍‌മെന്റ് പരസ്യം കണ്ടിട്ടുണ്ട് , ‘ഇന്ദിരാവികാസ് പത്രയില്‍ നിക്ഷേപിക്കൂ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെപണം ഇരട്ടിയായി തിരികെത്തരും ‘. ഇതിനെ ചുവടുപിടിച്ചാണ് നമ്മുടെ നവയുഗ തട്ടിപ്പുകളും അരങ്ങേറുന്നത്. പണം ഇരട്ടിയാക്കാന്‍ ഗവണ്‍മെന്റ്അഞ്ചുവര്‍ഷം എടുത്തപ്പോള്‍ തട്ടിപ്പു‌പ്രതിഭകള്‍ തങ്ങളുടെ ‘കൈയ്യിലുള്ള’ പണം ഇരട്ടിയാക്കാന്‍ അഞ്ചുദിവസമേ എടുത്തൂള്ളു എന്ന് മാത്രം.

ഒരു ശബരീനാഥന്‍ മാത്രമല്ല മലയാളിയെ പറ്റിച്ചത്... എത്രപറ്റിയാലും പഠിക്കാത്തവരാണോ മലയാളികള്‍? ചിലര് കണ്ടറിയാത്തത് കൊണ്ടറിയുമെന്ന്കേട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ എത്ര കൊണ്ടാലും അറിയുന്നില്ല. തീ കണ്ടാല്‍ ഈയാം പാറ്റയ്ക്ക് അടങ്ങിയിരിക്കാന്‍ പറ്റത്തില്ലല്ലോ? റ്റോട്ടല്‍ തട്ടിപ്പ്എവിടെ തുടങ്ങിയന്ന് അറിഞ്ഞാലും മലയാളി ഈയാം പാറ്റയെപോലെ അതിലേക്ക് പണപ്പെട്ടിയുമായി പറന്നിറങ്ങും. ചിറക് കത്തി പറന്നുപൊങ്ങാന്‍കഴിയാതെ വരുമ്പോള്‍ മാത്രമാണ് താന്‍ തീയിലേക്കാണല്ലോ ചാടിയത് എന്ന് ഓര്‍മ്മിക്കുന്നത്. നാട്ടിന്‍ പുറങ്ങളീല്‍ അമിട്ട് പോലെ പൊട്ടിപോകുന്നബ്ലേഡില്‍ പണം ഇട്ട് ,മുങ്ങിയ ബ്ലേഡുകാരന്റെ വീടിന്റെ മുന്നില്‍ കുത്തിയിരിക്കൂന്നവരെക്കുറിച്ച് നമ്മള്‍ എത്രയോ പ്രാവിശ്യം പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്.

കൈലിയുടുത്ത് സൈക്കിളില്‍ വന്ന് പണം ശേഖരിച്ച് മുങ്ങുന്ന ബ്ലേഡുകാരന്റെ സ്ഥാനത്ത് വിദേശക്കാറില്‍ കോട്ടും സ്യൂട്ടും ഇട്ട് വന്നിറങ്ങി പണവുമായിമുങ്ങുന്ന ‘മണിലെന്‍ഡിങ്ങ് ‘ മുതലാളിയും തമ്മില്‍ വെത്യാസം എന്തെങ്കിലും ഉണ്ടോ ? ഒരേ കഥയും തിരക്കഥയും ലൊക്കേഷനും കോസ്‌‌റ്റ്യൂമും മാറുന്നുഎന്നേയുള്ളു. ചിട്ടിക്കാരന്‍ പണവുമായി മുങ്ങുന്ന എത്രയോ സംഭവങ്ങള്‍ നമ്മള്‍ വായിച്ചു. എന്നിട്ട് എന്തെങ്കിലും മാറ്റങ്ങള്‍ നമുക്ക് ഉണ്ടായോ?ബാങ്കില്‍ നിക്ഷേപിച്ചാല്‍ കിട്ടൂന്ന നാമമാത്രപലിശയെക്കാള്‍ എത്രയോ മടങ്ങാണ് തട്ടിപ്പുകാരന്‍ ഓഫര്‍ ചെയ്യുന്നത്. സമയം നഷ്ടപ്പെടുത്തേണ്ട്,ഫോര്‍മാലിറ്റീസുകളില്ല, ഉറവിടം കാണിക്കേണ്ട ഇങ്ങനെ എത്രയോമെച്ചങ്ങള്‍ ഉണ്ട് തട്ടിപ്പുകാരന്റെ കൈയ്യില്‍ പണം ഇട്ടാല്‍ .....

മലയാലിയെ പറ്റിക്കാന്‍ എളുപ്പമാണന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നതും മലയാളിക്കാണല്ലോ ! പണത്തില്‍ മാത്രമല്ല ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്.എന്തിന് ലോട്ടറികളീല്‍ പോലും നിക്ഷേപം നടത്തൂ എന്ന് പറഞ്ഞ് മലയാളികളെ പറ്റിക്കാം എന്ന് മലയാളികള്‍ തന്നെ തെളിയിച്ചു കഴിഞ്ഞല്ലോ?ലോട്ടറി നിക്ഷേപക സംരംഭകര്‍ എങ്ങനെയാണ് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഏതെങ്കിലും നിക്ഷേപകന് അറിവുണ്ടോ ? എങ്ങനെനിക്ഷേപകന് ലോട്ടറിയടിക്കുന്നത് എന്ന് ചിന്തിച്ചോ ? എല്ലാം ഒരു പരസ്യത്തിന്റെ പിന്‍ബലം!! ഇത്തരം തട്ടിപ്പുകള്‍ മാത്രമല്ല തട്ടിപ്പുകാര്‍നടത്തിയത് . ആടിനേയും കോഴികളേയും വളര്‍ത്തി കോടിപതിയാകൂ എന്ന് പറഞ്ഞപ്പോള്‍ നിലാവത്തെകോഴിയെ പോലെ മലയാളികള്‍കോഴി ഫാമുകളില്‍ ചുറ്റിക്കറങ്ങി. ഒരു ആട് പ്രസിവിക്കുമ്പോള്‍ ഉണ്ടാകുന്ന കുട്ടികളും അതിന്റെ കുട്ടികളും അതിന്റെ കുട്ടികളും ഒക്കെയായിലോകം മുഴുവന്‍ തന്റെ ആടുകളെകൊണ്ട് നിറയുന്നത് സ്വപനം കണ്ട് ഉറങ്ങിയ നിക്ഷേപകന്‍ ആടിനെക്കാണാന്‍ ചെന്നപ്പോള്‍ ആടുകിടന്നിടത്ത്പൂടപോലും ഇല്ലന്ന് കണ്ട് നിലവിളിച്ചതുമാത്രം മിച്ചം.

തങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയ തേക്കും മാഞ്ചിയവും ഒക്കെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങള്‍ കാണാന്‍ ചെന്ന നിക്ഷേപകന് തമിഴ്നാട്ടിലെ തങ്ങളുടെ യൂണിറ്റില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന മുള്ളിച്ചെടികള്‍ കണ്ട് സംതൃപ്തിയടയേണ്ടിവന്നത് സമീപകാല ചരിത്രം മാത്രം. തട്ടിപ്പുകളുടെചരിത്രങ്ങള്‍ ‘തട്ടിപ്പ് ചരിത്ര പുസ്തകങ്ങളില്‍ ‘ ഉണ്ട് എങ്കിലും പുതിയ തട്ടിപ്പുകള്‍ വരുമ്പോള്‍ പഴയതിന്റെ ചൂടും ആവിയും ഒക്കെ പോയിട്ടുണ്ടാവും.ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും എന്ന് പറയുന്നുണ്ടങ്കിലും ‘ചൂടുവെള്ള‘ത്തില്‍ വീണ മലയാളി പിന്നെയുംഅടപ്പത്ത് ഇരിക്കുന്ന ‘ചൂടുവെള്ളം’ നോക്കിപ്പോകും.

തട്ടിപ്പ് നടത്തിയും തട്ടിപ്പറിച്ചും എങ്ങനെ സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ വളരാം എന്ന് കുറച്ചു മലയാളികള്‍ ഗവേഷണം നടത്തുമ്പോള്‍എങ്ങനെ തട്ടിപ്പിനകത്ത് ഇരയാകാം എന്ന് മറ്റ് ചിലര്‍ ഗവേഷണപ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ തയ്യാറാകുമ്പോള്‍ വീണ്ടും വീണ്ടും തട്ടിപ്പുകള്‍നടക്കും. ഒരു ശബരി പിടിയിലായാലും പത്തുശബരികള്‍ സമൂഹത്തില്‍ തന്നെയുണ്ടാവും . ഇരകള്‍ ഉള്ളടത്തോളം കാലം വേട്ടമൃഗങ്ങള്‍ക്ക് പഞ്ഞവുമില്ല പട്ടിണിയും ഇല്ല??????

.

Tuesday, October 14, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 3

.
ലോകം വളരെവേഗം സഞ്ചരിക്കുമ്പോള്‍ നമ്മളും അതിവേഗം സഞ്ചരിക്കാന്‍ ശ്രമിക്കും. നമുക്ക് പലപ്പോഴും സമയം തികയാറില്ല. എവിടെയെങ്കിലുംഓടിചെന്നിട്ട് പെട്ടന്ന് തന്നെ കാര്യം സാധിച്ച് മടങ്ങിപ്പോകണം. മറ്റുള്ളവര്‍ നമ്മുടെ തിരക്ക് മനസിലാക്കി നമുക്ക്‌വേണ്ടി വഴിമാറിത്തരണമെന്ന്നമ്മള്‍ പലപ്പോഴും ശഠിക്കുന്നു. നമ്മുടെ മുന്നില്‍ നില്‍ക്കുന്നവര്‍ നമ്മളെക്കാള്‍ മുന്നില്‍ അതേകാര്യത്തിനുവേണ്ടി സമയവും പണവും ചിലവഴിച്ച്എത്തിയവര്‍ ആണന്ന് വിസമരിക്കാന്‍ പാടില്ലായെങ്കിലും നമ്മളത് മറക്കുകതന്നെ ചെയ്യും. ഇടിച്ച് കയറി കാര്യം സാധിക്കാന്‍ മലയാളിയെക്കാള്‍മിടുക്കന്‍ ആരും ഇല്ല. കാത്തിരിപ്പ് എന്ന് പറയുന്നത് എന്തോ തെറ്റായ കാര്യം ആണന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. എവിടെയാണാങ്കിലും ഇടിച്ചുകയറി കാര്യം സാധിക്കണം എന്നൊരു ചിന്തയില്‍ മാത്രം വീട്ടില്‍ നിന്ന് ഇറങ്ങുന്നവരുണ്ട്.

ആശുപത്രിയില്‍ നമ്മള്‍ ഡോക്ടറെ കാണാന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയാണ്. ചില ആശുപത്രികളില്‍ നമ്പര്‍ അനുസരിച്ചാണ് രോഗികളെകയറ്റി വിടുന്നത്. ചിലയിടങ്ങളില്‍ രോഗികളുടെ പേര് വിളിച്ചും. ഇങ്ങനെ രോഗികളുടെ പേര് വിളിച്ച് കയറ്റി വിടുന്ന ഇടങ്ങളീലാണ് തള്ളിക്കയറ്റക്കാരുടെ സാമ്രാജ്യം. രാവിലെ ആറുമണിക്ക് വന്ന് ടിക്കറ്റ് എടുത്ത് കാത്തൂനില്‍ക്കുന്നവനെക്കാള്‍ മുന്നില്‍ ഡോക്ടറെ കാണുന്നത് ചിലപ്പോള്‍പതിനൊന്നാം മണിക്ക് വന്ന് ടിക്കറ്റ് എടുക്കുന്നവനായിരിക്കും. വാതിക്കല്‍ നില്‍ക്കുന്ന നേഴ്സുമാരെവരെ തള്ളിക്കയറ്റക്കാര്‍ വകവയ്ക്കാറില്ല.ചില ഡോക്ടര്‍മാര്‍ ഇത്തരക്കാരെ പുറത്താക്കാറുണ്ട്. നമ്മളിങ്ങനെ ഡോകടറെ കാണാന്‍ ഇങ്ങനെ കാത്തിരിക്കുമ്പോഴായിരിക്കൂം മറ്റൊരുകൂട്ടരുടെ വരവ്. ഇന്‍‌ചെയ്ത് ടൈ കെട്ടി എക്സിക്യുട്ടീവ് ബാഗുമായി എത്തുന്ന മെഡിക്കല്‍ റെപ് ! ഇവര്‍ക്ക് ഡോക്ടരുടെ അടുത്ത് കയറിപ്പോകാന്‍ആരുടേയും അനുവാദം ഒന്നും വേണ്ടാന്നാണ് തോന്നല്‍. “നിങ്ങളല്ലാം കാത്തിരിക്കൂക ഞങ്ങള്‍ ഡോകടറോട് ഈ മരുന്നുകളെക്കുറിച്ച്ഒന്നു വാചാലരാകട്ടെ“ എന്ന് മനസ്സില്‍ പറഞ്ഞ് റെപ് അകത്തേക്ക് കയറിയാല്‍ പതിനഞ്ച് മിനിട്ട് റെപ്പിന് ഡോക്ട്‌ര്‍ കൊടുക്കും. ഡോക്ട്‌ര്‍പരിശോധനാമുറിയിലേക്ക് കയറിക്കഴിഞ്ഞാല്‍ ചിലര്‍ക്ക് ഇരിപ്പ് ഉറയ്ക്കത്തില്ല. എഴുന്നേറ്റ് ഡോക്ടറുടെ മുറിയുടെ വാതിലില്‍ ചെന്ന് നില്‍ക്കും. എന്നിട്ട്വാതിലിന്റെ പാളിയുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കും.. ഈ ഒളിഞ്ഞോട്ടക്കാരന്റെ നമ്പര്‍ മുപ്പത് ആയിരിക്കും. പത്താ‍മത്തെ നമ്പരുകാരന്‍അടങ്ങിയൊതുങ്ങി കസേരയില്‍ ഇരികുമ്പോഴാണ് മുപ്പതാമന്റെ പരാക്രമം.

കറണ്ട് ചാര്‍ജോ , വെള്ളക്കരമോ , ടെലിഫോണ്‍ ബില്ലോ അടയ്ക്കാന്‍ ഒന്‍പതുമണി മുതല്‍ ‘ക്യു‘ നില്‍ക്കുന്നവരുടെ ഇടയിലേക്ക് പത്താം‌മണിക്ക്വന്ന് ചിലര്‍ ഇടയില്‍ കയറാന്‍ ശ്രമിക്കാ‍റുണ്ട്. ഇങ്ങനെ ഈ ‘ക്യു‘ വില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നവരില്‍ ഏറയും സ്ത്രികളാണ് . ‘ക്യു‘ നിന്ന് പണംഅടയ്ക്കുന്നവര്‍ മണ്ടന്മാര്‍ എന്നാണ് ഇത്തരക്കാരുടെ മനോഭാവം. ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും (കൌണ്ടറുകളില്‍) ‘ക്യു‘ പാലിക്കുക എന്ന്എഴുതിവച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു ‘ക്യു‘ എന്ന എഴുത്ത് കണ്ടഭാവം നമ്മള്‍ നടിക്കാറില്ല. റയില്‍‌വേ ടിക്കറ്റ് കൌണ്ടറില്‍ ഇടിച്ചു കയറ്റക്കാരുടെബഹളം കാണാറുണ്ട്. പത്തമ്പത് പേര്‍ നില്‍ക്കുന്ന ‘ക്യു‘ വില്‍ നിന്ന് സമയം കളയാന്‍ ഞാനില്ല എന്ന മനോഭാവത്തില്‍ കൌണ്ടറിന്റെ മുന്നില്‍എത്തി ടിക്കറ്റ് എടുക്കാന്‍ നോക്കുന്നവരുണ്ട്. തിരക്കില്ലാത്ത സമയത്തും ചിലര്‍‘ കൌണ്ടറിന്റെ മുന്നിലെ ‘ക്യു‘ വില്‍ രണ്ടുപേരേ ഉള്ളുവെങ്കിലുംഒന്നാമത്തവനെ ഇടിച്ചുമാറ്റി ടിക്കറ്റ് എടുക്കാന്‍ നോക്കും.

നമ്മുടെ ബസുകളിലെ വാതിലുകളിലും ‘ക്യു‘ പാലിക്കുക എന്ന് എഴുതി വച്ചിട്ടുണ്ട്. അതാരും കാണാറുമില്ല, കണ്ടാലൊട്ട് വായിക്കാറുമില്ല ,വായിച്ചാലൊട്ട്തലയിലോട്ട് കയറ്റാറുമില്ല. സിനിമാടിക്കറ്റ് കൌണ്ടറിലും ഇതൊക്കെ തന്നെ സ്ഥിതി. ‘ക്യു‘ വില്‍ നില്‍ക്കുന്നത് ഏതോ ഒരു മോശപ്പെട്ട കാര്യമാണന്നാണ്പലരുടേയും വിചാരം. ‘ക്യു‘ വില്‍ കയറിനില്‍ക്കാനങ്ങാണം പറഞ്ഞാല്‍ പിന്നെ വികട സരസ്വതി വിളയാട്ടം തന്നെ ആയിരിക്കും. ഈ വിളയാട്ടംആണുങ്ങള്‍ക്ക് മാത്രമല്ല. “ചേച്ചി ‘ക്യു‘ വില്‍ ചെന്ന് നില്‍ക്ക് “ എന്നങ്ങാണം ഇടിച്ചു കയറിവരുന്ന ചേച്ചിയോട് പറഞ്ഞാല്‍ ചേച്ചിയുടെ മുഖഭാവംമാറുന്നത് പെട്ടന്നായിരിക്കും.

എല്ലാം പൊതുസ്ഥലങ്ങളിലും മനുഷ്യര്‍ ഇങ്ങനെയാണന്ന് ധരിക്കരുത്. നല്ല അനുസരണയോടെ തിരക്കൊന്നും പുറത്ത് കാണിക്കാതെ വെയിലുംമഴയും ഒന്നും പ്രശ്നമാക്കാ‍തെ തങ്ങളുടെ ഊഴത്തിനായി മനുഷ്യര്‍ ‘ക്യു‘വില്‍ തന്നെ നില്‍ക്കാറുണ്ട്. ഇങ്ങനെ മലയാളികള്‍ അനുസരണയോടെ‘ക്യു‘ വില്‍ നില്‍ക്കുന്നത് കാണണമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഓട്ട്‌ലെറ്റുകളിലേക്ക് ചെന്നാല്‍ മതി. അടിച്ചു പാമ്പായി എട്ടാം കാലില്‍നില്‍ക്കുന്നവനും ബിവറേജസ് കോര്‍പ്പറേഷന്റെ ഓട്ട്‌ലെറ്റ് ‘ക്യു‘വില്‍ എത്തിയാല്‍ അനുസരണയുള്ള കുഞ്ഞാടായി ക്യുവിന്റെ അകത്ത് നില്‍ക്കും.ഈ ‘ക്യു‘വില്‍ ആരും സമയം പോയേ എന്ന് വിളിച്ചുകൂവാറില്ല. ഈ ‘ക്യു‘വിലേക്ക് ഇടിച്ചുകയറാറും ഇല്ല. ഇടിച്ചുകയറാനങ്ങാണം ശ്രമിച്ചാല്‍,അതിര്‍ത്തി നുഴഞ്ഞുകയറുന്നവനെ ഇന്ത്യന്‍പട്ടാളക്കാര്‍ക്ക് കിട്ടിയാല്‍ എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഇടിച്ചുകയറുന്നവന്‍ മനസിലാക്കും.ഇടിച്ചുകയറുന്നവന്റെ മണ്‍‌മറഞ്ഞ പിതാമഹന്മാര്‍ വരെ കുഴിയില്‍ നിന്ന് എഴുന്നേറ്റ് തുമ്മും എന്ന അവസ്ഥയിലുള്ള വാക്കുകളുടെ ശരപ്രവാഹംആയിരിക്കും അവിടെ. ഇടിച്ചുകയറിയാല്‍ കിട്ടേണ്ടത് കിട്ടും എന്ന് അവബോധമനസിലും ബോധ്യമുള്ളതുകൊണ്ട് ഫുള്‍ പാമ്പുകളും ഈ ക്യുവില്‍ഇടിച്ചുകയറാന്‍ ശ്രമിക്കാറില്ല. തങ്ങളുടെ ഊഴത്തിനായി കാത്തു നില്‍ക്കും.

വാഹനം ഓടിക്കുമ്പോള്‍ റോഡിലും ഈ മനോഭാവം ചിലര്‍ കാണിക്കാറുണ്ട്. സിഗ്നലുകളില്‍ വാഹനം നിര്‍ത്തി ഇട്ടിരിക്കുന്നതിന്റെ ഇടയിലൂടെചിലര്‍ വാഹനം ഇടിച്ചുകയറ്റാറുണ്ട്. ഒന്നും നോക്കാതെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സമയം മാത്രമല്ല ജീവനും പോകും ഒന്ന് പലരും ഓര്‍ക്കാറില്ല.സമയത്തെക്കാള്‍ വില ജീവനുണ്ട് എന്ന് തിരിച്ചറിയുമ്പോഴേക്കും ചിലപ്പോള്‍ വളരെയേറെ താമസിച്ചിരിക്കും. ഒരു പത്തുമിനിട്ട് നേരത്തെ ഇറങ്ങിയാല്‍റോഡിലെ ഈ പാച്ചില്‍ ഒഴിവാക്കാം എന്ന് പലരും ചിന്തിക്കാറില്ല. “മൂന്നുമിനിട്ട് താമസിച്ചു ചെല്ലുന്നതിനെക്കാള്‍ നല്ലതാണ് ഒരു മിനിട്ട് നേരത്തെചെല്ലുന്നത് “ എന്ന് ആരും ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ സമയത്തിന് അനുസരിച്ച് മറ്റുള്ളവര്‍ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല.നമ്മുടെ സമയത്ത് ട്രയിന്‍, വിമാനം , ബസ് പുറപ്പെടണം എന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവര്‍ക്കും നമ്മളെപ്പോലെ തിരക്കുണ്ടന്നുംഅവരുടെ സമയത്തിനും വിലയുണ്ടന്ന് മനസിലാക്കാന്‍ ശ്രമിക്കണം.

.

Thursday, October 9, 2008

ആശാട്ടിയും ആശാന്‍പള്ളിക്കൂടവും

എര്‍കുന്നിന്‍ മുകളിലുള്ള ആശാന്‍പള്ളിക്കൂടം. പേര് ആശാന്‍ പള്ളിക്കൂടം എന്നാണങ്കിലും പഠിപ്പിക്കുന്നത് ആശാട്ടിയാണ്. ചട്ടയും മുണ്ടും മുണ്ടിന്റെഞൊറു പുറകോട്ട് ഇട്ട് പുഞ്ചിരിയോട് എല്ലാ ദിവസവും സ്വീകരിച്ചിരുത്തുന്ന ആശാട്ടി. എത്രയോ അദ്ധ്യാപകര്‍ സ്കൂളിലും കോളേജുകളിലുമായിപഠിപ്പിച്ചു. പക്ഷേ എപ്പോഴും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്ന മുഖം ആശാട്ടി അമ്മച്ചിയുടെ മാത്രം. ആദ്യാക്ഷരം എഴുതിച്ചതുകൊണ്ടോ ,ആദ്യാക്ഷരങ്ങള്‍ ചെവിയില്‍ ചൊല്ലിത്തന്നതോ കണ്ടോ ആയിരിക്കും ആശാട്ടിഅമ്മച്ചിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായാത്തത്.പേരിന്റെ കൂടെ എഴുതാന്‍ ഡിഗ്രികളോ ഡോക്ട്‌റേറ്റുകളോ ഒന്നും ഇല്ലങ്കിലും ആശാട്ടിയമ്മച്ചിയുടെ മുഖവും ആശാന്‍ പള്ളിക്കൂടവും ഇപ്പോഴുംമനസ്സില്‍ ഉണ്ട്. ആദ്യാക്ഷരങ്ങള്‍ എഴുതിതന്ന ആ ഗുരു എന്നോ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും ആശാട്ടിയും ആശാന്‍ പള്ളിക്കൂടവുംഇപ്പോഴും ഓര്‍മ്മകളിലേക്ക് വരാന്‍ കാരണം എന്തായിരിക്കും????

ഇപ്പോള്‍ ഞാന്‍ ആ വഴിയിലൂടെ വല്ലപ്പോഴും പോകുമ്പോള്‍ കുന്നിന്‍ മുകളിലേക്ക് നോക്കും .. ഇല്ല , പഴയ ഓര്‍മ്മകള്‍ മാത്രം അല്ലാതെ അവിടെആശാന്‍പള്ളിക്കൂടത്തിന്റെ അവശേഷിപ്പുകള്‍ ഒന്നും ഇല്ല. എന്റെ ആശാന്‍പള്ളിക്കൂടം നിന്നിടത്ത് ഇപ്പോള്‍ റബ്ബര്‍ മരങ്ങള്‍ ആണ്. പഴയപറാങ്കിമാവ് ഇപ്പോഴും അവിടെത്തന്നെയുണ്ടന്ന് തോന്നുന്നു.റബ്ബര്‍ മരങ്ങള്‍ കാഴ്ചകളോടൊപ്പം ഓര്‍മ്മകളും മറയ്ക്കുന്നു. എത്രയോ കുരുന്നുകള്‍കയറുപ്പോയ ഒറ്റയടിപ്പാത ഇപ്പോള്‍ പിഞ്ചുകാല്‍‌സ്പര്‍ശനത്തിനായി കൊതിക്കുന്നുണ്ടാവും. കമ്യൂണിസ്റ്റ് പച്ച ഇപ്പോള്‍ ഈ ഇടവഴിയില്‍ഇപ്പോള്‍ വളരാറില്ല. എഴുത്തോലയ്ക്ക് തെളിച്ചം തന്ന കമ്യൂണിസ്റ്റ് പച്ചയില പൊതയിടാനായി (പൊതയിടുക : വളത്തോപ്പം ചപ്പുചവറുകള്‍കൃഷിയിടങ്ങളില്‍ തടം വെട്ടി ഇടുന്നതിന് പറയുന്നത് ) മാത്രം ആണ് ഇന്ന് വളരുന്നത്.

അമ്മയുടെ കൈയ്യില്‍ പിടിച്ച് ഒറ്റയടിപ്പാതയിലൂടെ കുന്നിന്‍ മുകളിലേക്ക്. ഒറ്റയടിപ്പാതയുടെ ഇരുവശങ്ങളിലും കോമ്പന്‍പുല്ലും കാളപ്പുല്ല്ലും വളര്‍ന്ന്നിന്നിരുന്നു. പുല്ല് ശരീരത്തില്‍ കൊള്ളാതെ അമ്മയുടെ സാരിയുടെ സംരക്ഷണത്തില്‍ ആശാന്‍ പള്ളിക്കൂടത്തിലേക്ക്. എഴുത്തോല അമ്മയുടെകൈയ്യിലായിരിക്കും. ആശാന്‍പള്ളിക്കൂടത്തിന്റെ വാതിലില്‍ ആശാട്ടിയമ്മച്ചിയുണ്ടാ‍വും. ആശാട്ടിയമ്മച്ചിയുടെ കൈയ്യില്‍ ഓലകൊടുത്തിട്ട്അമ്മ തിരികെ നടക്കും. അമ്മ പോകുന്നതും നോക്കി നില്‍ക്കും. അമ്മ കണ്ണില്‍ നിന്ന് മറയുമ്പോള്‍ ആശാന്‍പള്ളിക്കൂടത്തിനകത്തേക്ക്.നാലുതൂണുകളില്‍ ഉയര്‍ത്തിയ ഓലമേഞ്ഞ ഈ ക്ലാസ് മുറി നല്‍കിയ പഠനസുഖവും അറിവും എസിയുടെ തണുനനുത്ത ക്ലാസുമുറികള്‍എനിക്ക് നല്‍കിയിട്ടില്ല. ചാണകം മെഴുകിയ തറയില്‍ ചമ്രം പടഞ്ഞിരുന്ന് പഠിച്ച അക്ഷരങ്ങള്‍ ... തരിമണലില്‍ എഴുത്തുവിരല്‍ കൊണ്ട് (നമ്മള്‍ഈ വിരലിനെ ചൂണ്ടുവിരല്‍ എന്നാണ് വിളിക്കുന്നത് ... ഈ വിരല്‍ കൊണ്ട് അക്ഷരങ്ങള്‍ മണലില്‍ എഴുതി പഠിച്ചതുകൊണ്ട് ഞാന്‍ചൂണ്ടുവിരലിനെ അക്ഷരവിരല്‍ എന്ന് വിളിക്കുകയാണ്.) എഴുതിയത് ജീവിതാക്ഷരങ്ങള്‍ തന്നെയല്ലേ... ഏത് സര്‍വ്വകലാശാലയും നല്‍കിയഅറിവിലും വലിയ അറിവാണ് ഈ കുടിപ്പള്ളിക്കൂടം നമുക്ക് നല്‍കിയത് , ഇവിടിത്തെ ആശാട്ടി നമുക്ക് പകര്‍ന്ന് തന്നത് ..........

ഒരു വിജയിദശമി ദിനത്തില്‍ എഴുത്തിനിരുത്തിയത് ... നമ്മുടെ അക്ഷരജീവിതം തുടങ്ങുകയാണ് ഇവിടെ .... ആശാട്ടിഅമ്മച്ചിയുടെ മുന്നില്‍വച്ചിരിക്കുന്ന പാത്രത്തില്‍ അരി നിറച്ചിട്ടുണ്ടാവും ... അമ്മയുടെ കൈയ്യില്‍ നിന്ന് ആശാട്ടിയമ്മച്ചിയുടെ മടിയിലേക്ക് ... ഇളംവിരലുകള്‍പാത്രത്തിലൂടെ ‘അ’ എന്ന ചിത്രം വരയ്ക്കുമ്പോള്‍ നമ്മളുടെ വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്നു.അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ളപ്രയാണം ആരംഭിക്കുകയാണ് ഇവിടെ. അമ്മ നല്‍കിയ വെറ്റിലയും ഒറ്റനാണയവും ദക്ഷിണയായി നല്‍കി ചാണകം മെഴുകിയ തറയിലേക്ക്മാറിയിരിക്കും. മുന്നിലെ തരിമണലില്‍ അക്ഷരം എഴുതുമ്പോള്‍ ഇളം വിരലുകള്‍ വേദനിച്ചിട്ടുണ്ടാവും ... ആദ്യ ഓലയില്‍ ‘ദൈവത്തിനു സ്തുതി ‘ എന്നും‘ഹരിശ്രി ഗണപതായേ നമ: ‘ എന്ന് എഴുതി തന്നുവിടുമ്പോള്‍ മുതല്‍ നമ്മള്‍ ആദ്യ പഠന ഉപകരണത്തിന് ഉടമയായി. ആശാട്ടിയമ്മച്ചി ഓലയില്‍ നാരായം കൊണ്ട് എഴുതുമ്പോള്‍ അത്ഭുതത്തോട് നോക്കി നില്‍ക്കും. ഓലയിലെ അക്ഷരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പച്ചയിലകൊണ്ട് തെളിച്ചം നല്‍കേണ്ടത്നമ്മള്‍ തന്നെ. മണലില്‍ അക്ഷരങ്ങള്‍ എഴുതുന്നത് തെറ്റുമ്പോള്‍ ഈ ഗുരു ഒരിക്കല്‍ പോലും ദേഷ്യപെട്ടിട്ടില്ല. വീണ്ടും വീണ്ടും വിരലുകളില്‍പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കും. ഈ ആശാട്ടിയമ്മച്ചിയ്ക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ കഴിയത്തില്ലല്ലോ.. കാരണം ഈ അമ്മച്ചിക്ക് അറിവ് പകര്‍ന്ന്നല്‍കള്‍ ഒരു തൊഴില്‍ അല്ല .. ഒരു ജീവിത തപസ്യതന്നെയാണ് .. ( ഈ അമ്മച്ചിമാര്‍ , ആശാട്ടിമാര്‍ ഇപ്പോഴും തങ്ങളുടെ തപസ്യ തുടരുകയാണ്...പക്ഷേ നിലത്തിരുന്ന് മണലില്‍ എഴുതാന്‍ കുട്ടികള്‍ ഇന്നെവിടെ??????? ). പാഠം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ആശാട്ടി പുതിയ പാഠങ്ങള്‍ഓലയില്‍ എഴുതിത്തരും ....

അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് ... അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .... അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത് ചിരിമാത്രമേ കാണുകയുള്ളു.പാഠങ്ങള്‍ എല്ല്ലാം പഠിച്ച് കഴിയുമ്പോള്‍ മെയ് മാസം അവസാനം വേര്‍പിരിയില്‍ എത്തും. വീണ്ടും ഒരിക്കല്‍കൂടി ആശാട്ടിയ്ക്ക് ദക്ഷിണനല്‍കിഎഴുത്തോല വാങ്ങും. എഴുത്തോല തരുമ്പോള്‍ ആശാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും,.. ആ ആശാട്ടിയുടെ മടിയില്‍ ഇരുന്നായിരുന്നല്ലോഇത്രയും നാളത്തെ പഠനം .... എഴുത്തോല കൈകളിലേക്ക് തന്ന് അനുഗ്രഹിച്ച് മൂര്‍ദ്ദാവില്‍ ഒരുമ്മ നല്‍കുമ്പോള്‍ ആശാട്ടിയുടെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണീര്‍ നമ്മുടെ ശിരസില്‍ വീണിട്ടുണ്ടാവും... ഇതാണല്ലോ ആദ്യത്തെ ഗുരുകൃപാകാടാക്ഷം... ഒരിക്കലും ഈ ആശാട്ടി അമ്മ,അമ്മച്ചിഒരിക്കലും ശിഷ്യരെ ശപിച്ചിട്ടൂണ്ടാവില്ല... കണ്ണീര്‍ തുടച്ച് ആശാട്ടിയമ്മ അനുഗ്രഹിക്കുമ്പോള്‍ ആശാട്ടി അമ്മച്ചിയുടെ കാലുകളില്‍ തൊട്ട് വണങ്ങികുടിപ്പള്ളിക്കൂടത്തിനോട് വിടപറയുകയായി.... ഓലയുമായി കുന്നിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല ... അപ്പോഴും ആശാട്ടിയമ്മച്ചി പള്ളിക്കൂടത്തിന്റെ വാതിക്കല്‍ തന്നെയുണ്ടാവും ... പറക്കമുറ്റിയ കുഞ്ഞ് പറന്നുപോകുമ്പോള്‍ ഒരു തള്ളപ്പക്ഷി സന്തോഷിക്കുന്നതുപോലെ ആശാട്ടിയമ്മച്ചിയുംസന്തോഷിക്കുകയായിരിക്കും ..... പിന്നീട് ഒരിക്കലും നമ്മളാവഴിക്ക് ചെന്നില്ലങ്കിലും ആ ആശാട്ടി പരിഭവം പ്രകടിപ്പിക്കാറില്ല.........

എവിടെപോയി പഠിച്ചാലും ഈ ആശാന്‍ പള്ളിക്കൂടവും ആശാട്ടിയും നല്‍കിയ പാഠങ്ങള്‍ മറക്കാന്‍ പറ്റുകയില്ല.... അറിവാണ് ശക്തി അക്ഷരമാണ് ആയുധം എന്ന് എന്നെ(നമ്മളെ) പഠിപ്പിച്ച , എന്നെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ... എന്റെ കുഞ്ഞിളം വിരല്‍കൊണ്ട് മണലില്‍ എഴുതി പഠിപ്പിച്ച ....എന്റെ ആശാട്ടിയമ്മച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം ഓര്‍മ്മകളില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് എല്ല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു ..........................................



Wednesday, October 1, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും :2

നമ്മുടെ യാത്രകളുടെ ഒന്നാം ഘട്ടം എങ്ങനെയാണന്ന് മനസ്സിലാകണമെങ്കില്‍ തിങ്കളാ‍ഴ്ചദിവസം ഒരു ട്രാന്‍‌സ്പോര്‍ട്ട് ബസ്സ്റ്റാഡിലോട്ടൊന്ന് പോയി നോക്കിയാല്‍ മതി . ഒരു ബസില്‍ കയറിപ്പറ്റാന്‍ പെടുന്ന പാട് എന്താണന്നപ്പോള്‍ മനസ്സിലാകും. ഇടിച്ചുകയറാന്‍ മിടുക്കുള്ളവന്‍ അകത്ത് കയറും.അല്ലങ്കില്‍ ജനലിന്റ്കത്തുകൂടെ അകത്ത് കടക്കണം. അകത്ത് കടന്നുകഴിഞ്ഞാല്‍ വലിയ പ്രശനമാണ്. ചിലപ്പോള്‍ ഓടിപ്പിടിച്ചിരിക്കുന്നത്സ്ത്രികളുടെ സീറ്റിലായിരിക്കും.ചിലബസുകളില്‍ സ്ത്രികളുടെ സീറ്റ് പുറകിലണങ്കില്‍ ചില ബസില്‍ അത് മുന്നിലാണ്. യാത്രക്കാര്‍ ‘Q' പാലിക്കുകഎന്ന് ഫുട്‌ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അത് കണ്ടാല്‍ തന്നെ നമ്മളതിന് പുല്ലുവിലമാത്രമേ കല്പിക്കാറുംഉള്ളു. ബസ്‌ബേകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമേ ഈ ‘Q' പരിപാടികള്‍ നടക്കാറുള്ളു. (മുബൈയില്‍ ബസ്ബേകളില്‍ മാത്രമല്ല ബസ് സ്റ്റാന്‍ഡുകളിലുംആളുകള്‍ ‘Q' നിന്നാണ് ബസ് കയറുന്നത്). എത്ര തിരക്കൂണ്ടന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല . മുന്നില്‍ ബസ് സ്റ്റോപ്പില്‍ എത്തുന്നവന്‍ ആദ്യംബസില്‍ കയറിപ്പോകണം എന്ന് ബുബൈയുടെ അലിഖിത നിയമം. നമ്മുടെ നാട്ടില്‍ ഇതങ്ങാണം വരുമോ? നമുക്ക് ബസില്‍ തള്ളിക്കയറിയില്ലങ്കില്‍ഉറക്കം വരില്ല. ഇരുപതുപേരേ ബസില്‍ കയറാനുള്ളു എങ്കിലും നമ്മള്‍ തള്ളിത്തന്നെ കയറും.

ഒട്ടുമിക്ക ബസുകളിലും തള്ളിക്കയറി ആദ്യം എത്തിയാലും ഏറിയ സീറ്റുകളും ബുക്ക് ചെയ്ത് ഇട്ടിരിക്കുകയായിരിക്കും. റിസര്‍വേഷന്‍ കൌണ്ടര്‍ വഴിയുള്ളബുക്കിംങ്ങ് അല്ല . പേപ്പര്‍ ,തുവാല ,തോര്‍ത്ത് ,ബാഗ് , തുടങ്ങിയ സാധനങ്ങള്‍ കൊണ്ട് മിടുക്കന്മാര്‍ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവും. ഇതങ്ങാണം മാറ്റിആദ്യം ബസില്‍ കയറുന്നവന്‍ ഇരുന്നാല്‍ , ചെവിയ്ക്കകത്ത് പഞ്ഞി വച്ചിട്ടേ ഇരിക്കാവൂ ... ചിലരാണങ്കില്‍ അജീവമായ വസ്തുക്കള്‍ക്ക് പകരം ജീവനുള്ളസാധനങ്ങല്‍ വരെ സീറ്റില്‍ വച്ച് സീറ്റ് റിസര്‍വ് ചെയ്യും. കൊച്ചു പിള്ളാരെയാണ് ഈ ടിക്കറ്റ് റിസര്‍വേഷനുവേണ്ടി ഉപയോഗിക്കുന്നത്. കൊച്ചിനെഏതെങ്കിലും ജനല്‍ സീറ്റില്‍ ഇരുത്തിയിട്ട് കൊച്ചിന്റെ ഉടമസ്ഥന്‍ അകത്ത് ചെല്ലും. ചിലപ്പോള്‍ ഈ പിള്ളാര്‍ തിരക്കെല്ലാം കണ്ട് അന്തം വിട്ട് ഇരുത്തിയസീറ്റില്‍ നിന്ന് വലിയ വായില്‍ നിലവിളിച്ചുകൊണ്ട് എഴുന്നേറ്റ് പോകും. കൊച്ചിന്റെ ഉടാമസ്ഥന് കൊച്ചും ഇല്ല സീറ്റും ഇല്ല എന്ന നിലയിലാവുംകാര്യങ്ങള്‍. ചിലപ്പോള്‍ കൊച്ചിന്റെ ഉടമസ്ഥന് തിരക്കുകൊണ്ട് ബസില്‍ കയറാന്‍ കഴിഞ്ഞില്ലന്ന് വരും. കൊച്ചിനെ എടുക്കാന്‍ സൈഡ് സീറ്റില്‍നോക്കുമ്പോള്‍ കൊച്ചിനേയും അവിടെ കാണാനില്ല. തിരക്കിനിടയില്‍ പെട്ട് പഞ്ചറായ കൊച്ചിനെ തിരിച്ചുകിട്ടാന്‍ പത്തു‌പതിനഞ്ച് മിനിട്ട്എടുക്കും.ബസില്‍ ഇടിച്ച് ആദ്യം കയറുന്നവന്‍ പിന്നീട് എപ്പോഴോ വരുമെന്ന് കരുതുന്ന സുഹൃത്തിനുവേണ്ടി സീറ്റ് ‘റിസര്‍വ്’ ചെയ്യുന്നത് പലപ്പോഴും തെറിവിളിയില്‍ ചെന്ന് അവസാനിക്കാറുണ്ട്.

സുഹൃത്തുക്കളോ ബന്ധുക്കളോ ആയ നാലഞ്ചുപേര്‍ ഒരുമിച്ച് ഒരു ബസില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വരുമ്പോള്‍ ഒരു അലകുലുത്ത്ഉണ്ട് . “എടാ ടിക്കറ്റ് എടുത്തോ ?”, “എന്റെ ടിക്കറ്റും എടുത്തോ ?” , “എടാ എന്റെ ടിക്കറ്റുംകൂടെ എടുത്തോടാ..” ,”പിറകിലെടുത്തോളും..” , ഇങ്ങനെഒരു അലവിളി ഉണ്ടാക്കിയില്ലങ്കില്‍ ചിലര്‍ക്ക് ഉറക്കം വരാറില്ല. ബസില്‍ കയറുന്നതിനു മുമ്പ് ആര് ടിക്കറ്റ് എടുക്കുമെന്ന് പറഞ്ഞാല്‍ ഇത് ഒഴിവാക്കാംഎങ്കിലും അതിനാരും ശ്രമിക്കാറില്ല. ഇനി മറ്റു ചിലരുണ്ട് , വെറുതെ അങ്ങ് പറഞ്ഞോളും “ടിക്കറ്റ് പുറകില്‍ എടുത്തോളും...” “ടിക്കറ്റ് മുന്നിലെആളെടുത്തോളും...” .ഇങ്ങനെ ഒരാള്‍ ആ വണ്ടിയില്‍ കയറിയിട്ടുപോലും ഉണ്ടാവില്ല. ഈ ടിക്കറ്റ് പ്രശ്നം ഉണ്ടാകുന്നത് മിക്കപ്പോഴും പ്രൈവറ്റ്ബസുകളിലാണ്.

ചില ആളുകളുണ്ട് .ഓസ് യാത്രയുടെ ആളുകള്‍. ഇത്തരം ആളുകളും യാത്ര ചെയ്യുന്നത് പ്രൈവറ്റ് ബസുകളിലാണ് . ട്രാന്‍സ്പോര്‍ട്ട് ബസില്‍ പാസില്ലാതെഓസ് യാത്രയ്ക്ക് വകുപ്പില്ല എന്നതുകൊണ്ട് മാത്രമാണ് ഇവര്‍ പ്രൈവറ്റ് ബസുകളില്‍ കയറുന്നത്. ഒട്ടുമിക്ക പ്രൈവറ്റ് ബസുകളിലും ട്രാ‍ന്‍സ്പോര്‍ട്ട് വകുപ്പിലെ ജീവനക്കാര്‍ക്ക് ഓസ് യാത്രയാണ്. യാത്രയ്ക്ക് ടിക്കറ്റ് ചാര്‍ജങ്ങാണം വങ്ങിച്ചാല്‍ അടുത്ത പെര്‍മിറ്റ് പുതുക്കലിന് വണ്ടി സൈഡില്‍ തന്നെകിടക്കും. അതുകൊണ്ട് മാത്രം ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ജീവനക്കാര്‍ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നു. പോലീസുകാരു ഈ ഓസ് യാത്രയ്ക്ക് ഒട്ടുംപിന്നിലല്ല.ടിക്കറ്റ് ചോദിച്ചാലുടന്‍ പറയും “ടിക്കറ്റ് വേണ്ട.. പിസിയാ...”. ഒരുമാതിരിപ്പെട്ട കണ്ടക്ടര്‍മാരാരും പിന്നീടൊന്നും ചോദിക്കാറില്ല. ഇതറിയാവുന്നചില വിരുതന്മാര്‍ ടിക്കറ്റ് എഴുതാന്‍ വരുമ്പോള്‍ പറയും “ടിക്കറ്റ് വേണ്ട.. പിസിയാ...”.. ( വരവേല്പ് ഒന്നു കണ്ടുനോക്കിയാല്‍ മതി ഇത്തരക്കാരുടെമാനറിസങ്ങള്‍ ശരിക്കും മനസ്സിലാകും.). .കഴിഞ്ഞ ഒരു ദിവസം പത്തനംതിട്ടയില്‍ നിന്ന്‍ ചെങ്ങന്നൂര്‍ക്ക് പോകുന്ന ബസില്‍ അതിരാവിലെഒരു പിസി കയറി. ടിക്കറ്റ് ചോദിച്ചപ്പോള്‍ സ്ഥിറ്റം മറുപിടി, “ടിക്കറ്റ് വേണ്ട.. പിസിയാ...”. .. എവിടാണ് ജോലിയെന്ന് കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ഉത്തരം എത്തി. “കൊല്ലത്ത് “ . എതായാലും കൊല്ലത്തെ പിസിക്ക് കണ്ടക്ടര്‍ ടിക്കറ്റ് എഴുതി. ഏതായാലും തന്റെ വണ്ടി കൊല്ലം ജില്ലയിലോട്ട്പോകത്തില്ല എന്ന ധൈര്യത്തിലായിരിക്കണം കണ്ടക്ടര്‍ ടിക്കറ്റ് എഴുതിയത് . കൊല്ലത്തിനു പകരം ചെങ്ങന്നൂരന്നോ ,ആറന്മുളയന്നോ പറഞ്ഞിരുന്നെങ്കില്‍ പോലീസുകാരന് ഓസ് യാത്ര തരപ്പെടുമായിരുന്നു.

ടിക്കറ്റ് എഴുതി കഴിഞ്ഞു . ബസിങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് .സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒരു അമ്മയും കുഞ്ഞും കയറി. അരെങ്കിലുംഒന്ന് എഴുന്നേറ്റ് കൊടുക്കാന്‍ കിളിച്ചേട്ടന്‍ വിളിച്ചു പറഞ്ഞാല്‍ സ്ത്രികളുടെ സീറ്റില്‍ നിന്ന് ആരെങ്കിലും എഴുന്നേറ്റ് മാറുന്നത് വിരളമാണ്. (സ്ത്രിയുടെശത്രു സ്ത്രി തന്നെയാണന്ന് പറയുന്നത് സത്യം തന്നെയാണല്ലേ???) .പുരുഷന്മാര്‍ ആരെങ്കിലും എഴുന്നേറ്റ് കൊടുത്താല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റില്‍ഇരിക്കാം. ഈ കുഞ്ഞുങ്ങളോടുള്ള ഈ സഹാനുഭൂതി ചൂഷണം ചെയ്യുന്നവരും കുറവല്ല. ആദ്യം കുഞ്ഞ് അമ്മൂമ്മയുടെ കൈയ്യില്‍ ആയിരിക്കും. അമ്മൂമ്മയ്ക്ക്ആരെങ്കിലും എഴുന്നേറ്റ് കൊടുത്ത് സീറ്റ് കിട്ടിയാല്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. കുഞ്ഞ് അമ്മയുടെ കൈയ്യിലേക്ക് .പക്ഷേ അമ്മൂമ്മ എഴുന്നേറ്റ് കൊടുക്കുകയില്ല. അമ്മയ്ക്കും കുഞ്ഞിനും മറ്റാരെങ്കിലും എഴുന്നേറ്റ് കൊടുക്കൂന്നതുവരെ അമ്മൂമ്മ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഇരിക്കും.

ബസിലാണങ്കിലും വെള്ളം അടിച്ചിട്ട് യാത്രചെയ്യുന്നതിന് ചിലര്‍ക്ക് ഒരു മടിയും ഇല്ല. ചിലപ്പോള്‍ പൂരപ്പാട്ടൊക്കെ പാടിയായിരിക്കൂം യാത്ര. ചിലരെവണ്ടിക്കാര്‍ വഴിയില്‍ ഇറക്കിവിടും. ബാംഗ്ലൂരിനോ , കോയമ്പത്തൂരിനോ ‘ട്രാവത്സുകളില്‍‘ യാത്ര ചെയ്യുന്നവര്‍ക്ക് വെള്ളമടിച്ച് യാത്രചെയ്യുന്നവരെമറക്കാന്‍ പറ്റുകയില്ല. യാത്രതുടങ്ങുന്നതിനു മുമ്പ് ബാഗ് ബസില്‍ വച്ചിട്ട് ഒന്നു മിനിങ്ങാന്‍ പോകുന്നവരെ ചിലയാത്രകളില്‍ കാണാറുണ്ട്. ഇവരേയുംകാത്ത് ബാക്കിയുള്ളവര്‍ ഇരിക്കണം. ചിലരാണങ്കില്‍ വെള്ളമടിച്ചിട്ട് വന്ന് കിടന്നുറങ്ങിക്കോളും.സ് ബാംഗ്ലൂരോ കോയമ്പത്തൂരോ എത്തുമ്പോള്‍വിളിച്ചെഴുന്നേല്‍പ്പിച്ച് വിട്ടാല്‍ മതി.നമ്മുടെ ട്രാവല്‍‌സുകളിലെ യാത്ര മറ്റ് പലതിനും (കു)പ്രസിദ്ധങ്ങളാണ്. അതൊക്കെ എഴുതിപ്പിടുപ്പീക്കാന്‍അല്പം പാടാണ് . കണ്ടുതന്നെ അറിയണം. (ഈ അനുഭവമൊന്ന് വായിക്കുക )

നമ്മുടെ ബസുകളില്‍ ആകെയുള്ള ഒരു എന്റ്ര്ടെയ്ന്റ്മെന്റ് എന്ന് പറയുന്നത് ‘നവദമ്പതികളുടെ’ യാത്രയാണ് . തങ്ങള്‍ ഒരു ബസിലാണ് ഇരിക്കുന്നത് എന്ന് പോലും ചില നവദമ്പതിമാര്‍ മറന്നുപോകാറുണ്ട്. (ഈ കഥ ഒന്നു വായിക്കുക). ബസുകളില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണുകളുടെവിളയാട്ടം ആണ്. അതിന് ആണും പെണ്ണും എന്നൊന്നും ഇല്ല. ദീര്‍ഘദൂരയാത്രയാണ് ബസിലെങ്കില്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കുംതളര്‍ന്നു പോകും. ബസിലും പുകവലിക്കാരുടെ ശല്യമുണ്ട്. പോക്കറ്റടിക്കാര്‍ കൂടുതലും തങ്ങളുടെ വിളനിലമാക്കുന്നത് തിരക്കൂള്ള ബസാണ്.

ബസിലെ ഞരമ്പുരോഗികളെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റത്തില്ലല്ലോ ? പ്രൈവറ്റ് ബസിന്റെ മുന്‍ ഡോറിന്റെയും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പിന്‍വശത്തെ ഡോറിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒരു സ്പര്‍ശനത്തിനുവേണ്ടി കാത്തുനില്‍ക്കുന്നവരെ നമ്മുടെ ബസ് യാത്രകളില്‍ എത്ര വേണമെങ്കിലുംകാണാന്‍ കഴിയും .രൂക്ഷമായ നോട്ടം കൊണ്ടോ ഒരു ചവിട്ടുകൊണ്ടോ ഒക്കെ ഇത്തരക്കാരുടെ പത്തി മടക്കാവുന്നതാണ് .എന്നിട്ടും അടങ്ങിയില്ലങ്കില്‍ സേഫ്റ്റിപിന്‍ പ്രയോഗം നടത്താറുണ്ടന്ന് കേട്ടിട്ടുണ്ട്. സേഫ്റ്റിപിന്‍ ശരിക്കും സേഫ്റ്റിക്ക് വേണ്ടിയാക്കുന്നത് നമ്മുടെ ബസ് യാത്രകളീലാണ്.

ബസ് യാത്രക്കാരുടെ കൈയ്യിലിരിപ്പിന് ശരിക്കും ഇരയാകുന്നത് ബസ് യാത്രക്കാരല്ല മറിച്ച് വഴിയാത്രക്കാരും ഇരുചക്രവാഹനക്കാരും ആണ്.ബസിലിരുന്ന് ചുമ്മാതങ്ങ് തുപ്പുന്നത് ചിലര്‍ക്കൊക്കെ വിനോദമാണ് . ഈ തുപ്പല്‍ ചെന്നുവീഴുന്നത് പാവം വഴിയാത്രക്കാരന്റെയോ ഇരുചക്രവാഹനക്കാരന്റെയോ മുഖത്ത് !! മുറുക്കാന്‍ തുപ്പലാണങ്കില്‍ മഴപോലേ ആയിരിക്കും. ഒരു പ്രദേശത്തെ ആളുകളെ മുഴുവന്‍ ചുവപ്പിച്ചിട്ടേചിലര്‍ അടങ്ങുകയുള്ളൂ ....