Saturday, October 18, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 5 മദ്യപാനം

.
“ഇന്ന് വൈകിട്ടെന്താ പരിപാടി എന്ന് “ സൂപ്പര്‍‌സ്റ്റാര്‍ ചോദിക്കുമ്പോള്‍ ഒന്നുമില്ലന്ന് പറയുന്നത് നാണക്കേടല്ലേ എന്ന് വിചാരിച്ച് ‘ക്യു’ നിന്നിട്ട് വരാംഎന്ന് പറഞ്ഞ് പോകുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. “നിങ്ങളില്ലാതെ എനിക്ക് എന്ത് ആഘോഷം“ എന്ന് അതേ സൂപ്പര്‍സ്റ്റാര്‍ പറഞ്ഞതുംമലയാളികള്‍ കേട്ടു. അതിനവര്‍ ഒരു വകഭേദം കൂടി വരുത്തി. “മദ്യം ഇല്ലാതെ നമുക്ക് എന്ത് ആഘോഷങ്ങള്‍ “. ഇന്ന് കേരളത്തില്‍ ഏറ്റവുംകൂടുതല്‍ മദ്യം വില്‍ക്കപ്പെടുന്നത് ആഘോഷവേളകളിലാണ്. കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ മദ്യം വാങ്ങാന്‍ ഉപയോഗിച്ചത് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചപണത്തിന്റെ മൂന്ന് മടാങ്ങാണ്. ‘വിലക്കയറ്റം , വിലക്കയറ്റം ജീവിതം വഴിമുട്ടി ‘ എന്ന് വിലപിക്കുന്ന മലയാളി മദ്യപാനത്തിനുവേണ്ടി ചിലവഴിക്കുന്നത് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന പണത്തിന് തുല്യമാണ്. ലഹരി വസ്തുക്കള്‍ഉപയോഗിച്ച് തുടങ്ങുന്ന മലയാളിയുടെ ശരാശരി പ്രായം 16 വയസായി കുറഞ്ഞിരിക്കൂന്നു. എന്നു പറഞ്ഞാല്‍ പ്ലസ് വണ്ണിന് പഠിച്ചു തുടങ്ങുമ്പോള്‍തന്നെ ഒരു മലയാളി ലഹരി‌വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങുന്നുവെന്ന്.

ഏറ്റവും കൂടുതല്‍ ‘ഡ്രൈ ഡേകള്‍ ‘ ഉണ്ടായിരുന്ന സെപ്റ്റംബര്‍ മാസം കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കപ്പെട്ട മദ്യത്തിന്റെകണക്ക് എന്നത് മറ്റ് മാസങ്ങളെക്കാള്‍ ഇരട്ടിയിലധികമായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ വാറ്റ്‌കേന്ദ്രങ്ങളിലേയും ഷാപ്പികളിലേയും കൂടി കണക്കുകള്‍എടുത്താല്‍ ഇത് എത്രയാണന്ന് ഊഹിക്കാമല്ലോ? നമുക്ക് ഏതിനും എന്തിനും ഇപ്പോള്‍ മദ്യം ഒഴിവാക്കാനാവതെ വന്നിരിക്കൂന്നു. കുട്ടി ജനിച്ചാലും ,കെട്ടിയാലും ,മരിച്ചാലും നമുക്ക് ആഘോഷമാണ് . ആഘോഷം പൂര്‍ണ്ണമാക്കാ‍ന്‍ മദ്യം തന്നെ വേണം. ആഘോഷമോ , ഉത്സവമോ അടിപൊളിയാകണമെങ്കില്‍ പൊട്ടിക്കുന്ന കുപ്പികളുടെ എണ്ണം കൂടണം എന്ന സ്ഥിതിയിലേക്ക് നമ്മള്‍ കടന്നു വന്നിരിക്കുന്നു. ചന്ദനത്തിരിയുടെ പരസ്യത്തില്‍പറയുന്നത് കേട്ടിട്ടില്ലേ ?പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണാങ്ങള്‍ എന്ന് !! അതുപോലെ തന്നെയാണ് മലയാളിയുടെ വെള്ളമടിയും. വെള്ളമടിക്കാനുംഓരോരോ കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തൂം. എന്തായാലും എന്നും ആഘോഷിക്കാന്‍ ഓരോകാരണങ്ങള്‍ ഉണ്ടാവും. കല്യാണവീടുകളില്‍ പണ്ട്ഒതുങ്ങിയും പതുങ്ങിയും ആണ് മദ്യം വിളമ്പിയിരുന്നതെങ്കില്‍ ഇന്ന് അത് പരസ്യമായിതന്നെ വിളമ്പുന്നു. മലയാളി കാലത്തിന് അനുസരിച്ച്മാറിയില്ല എന്ന് ആരും ഇനി പറയരുത്.

ഒരു കല്യാണവീട്ടില്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുകയാണ്. കെട്ടാന്‍ പോകുന്ന ചെറുക്കന്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് നിന്ന് ഒന്ന് മാറി അകത്തെമുറിയിലേക്ക് കയറി. അകത്തെമുറിയില്‍ കൂട്ടുകാര്‍ കുപ്പി പൊട്ടിച്ച് അടിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊരണ്ണം ചെറുക്കനും എടുത്ത് അടിച്ചു.എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ വീണ്ടൂം വന്ന് പ്രാര്‍ത്ഥനയ്ക്ക് വന്നു നിന്നു. കല്യാണവീടുകളില്‍ ആളുകള്‍ എത്തുന്നത് മദ്യപിക്കാനോഅതോ വധൂവരന്മാരെ അനുഗ്രഹിക്കാനോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. (കല്യാണത്തിന് പള്ളിയില്‍ എത്തീയില്ലങ്കിലും ഓഡിറ്റോറിയത്തിന്റെ ഷട്ടര്‍പൊക്കുന്നതിനുമുമ്പ് തന്നെ അകത്ത് കയറുന്ന മലയാളികളെ കാണാതിരുന്നതല്ല....). കല്യാണസദ്യ വിളമ്പുന്ന സ്ഥലത്ത് ചില‘പാമ്പുകളുടെ‘ വിളയാട്ടം ഉണ്ട്. കല്യാണവിരുന്നിന്റെ മേല്‍ നോട്ടം ഈ പാമ്പുകള്‍ക്ക് ആയിരിക്കും. ഇപ്പോള്‍ വീഴും എന്ന മട്ടില്‍ നിന്ന് ആടി ആടിനിര്‍ദ്ദേശം കൊടുക്കൂന്ന ഇത്തരം പാമ്പുകള്‍ അരമണിക്കൂറിനുള്ളില്‍ മാളത്തില്‍ എത്തിയിരിക്കും. (ഒരു കല്യാണസദ്യയില്‍ ഇങ്ങനെ നിര്‍ദ്ദേശംകൊടുത്തുകൊണ്ടിരുന്ന പാമ്പിന്റെ ദൃശ്യം വീഡിയോക്കാരന്റെ ക്യാമറയില്‍ പതിഞ്ഞു. എഡിറ്റ് ചെയ്തപ്പോഴും ഈ പാമ്പിനെ ഒഴിവാക്കിയില്ല.സിഡി വീട്ടില്‍ എത്തിയപ്പോള്‍ തന്റെ പാമ്പാട്ടം കണ്ട് പാമ്പ് ഞെട്ടി. പിന്നീട് ഇതുവരെ ‘പാമ്പ് ‘ കുപ്പിയുടെ പിന്നാലെ പോയിട്ടില്ല.).

മദ്യപിച്ച് എത്തുന്നവരെകൊണ്ട് ഏറ്റവും അധികം ശല്യം ഉണ്ടാകുന്നത് മരണവീടുകളിലാണ് . വെള്ളം അടിച്ചുവന്ന് മൃതശരീരത്തെ കെട്ടിപ്പിടിച്ച്കരയുന്ന പാമ്പിനിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ആള്‍ക്ക് പോലും തോന്നും. അപ്പനെ പെട്ടിയിലാക്കി വെച്ചിട്ട് ദുഃഖംതീര്‍ക്കാന്‍ വെള്ളം അടിക്കാ‍ന്‍ പോകുന്ന മക്കളായി മലയാളികള്‍ തരം താണിരിക്കുന്നു. (സന്തോഷം വന്നാല്‍ പൊട്ടിച്ചിരിക്കാനും സങ്കടം വന്നാല്‍പൊട്ടിക്കരയാനും മദ്യം വേണം എന്ന സ്ഥിതിയിലേക്ക് വരെ മലയാളികള്‍ എത്തിയിരിക്കുന്നു.) . മരിച്ച് കിടക്കുന്ന ആള്‍ക്ക് അന്ത്യചുംബനംഎന്ന ഒരു ചടങ്ങ് ഉണ്ട്. ഇതിലേക്ക് ചില ‘പാമ്പു‘കള്‍ വരും. മൃതശരീരത്തോട് എന്താകാണിക്കുന്നതെന്ന് ബോധം ഇല്ലാത്തതുകൊണ്ട് ഇത്തരക്കാര്‍അറിയാറില്ല. ആടിആടി മൃതശരീരത്തിന്റെ അടുത്ത് എത്തുമ്പോഴേ മുണ്ട് ഒരുവഴിക്കൂടെ ഉരിഞ്ഞ് പോയിട്ടുണ്ടാവും. മുണ്ട് ഒരു കൈകൊണ്ട്പിടിച്ച് മറ്റേ കൈകൊണ്ട് ശവപ്പെട്ടിയില്‍ പിടിച്ച് ഇത്തരക്കാര്‍ കാണിക്കുന്നത് പലപ്പോഴും തല്ലുകൊള്ളിത്തരം തന്നെയാണ് . ബന്ധുക്കള്‍ആയതുകൊണ്ട് മാത്രം ആരും കൈവയ്ക്കാറില്ലന്ന് മാത്രം.

ആഘോഷവേളകള്‍ എന്തെങ്കിലും ഉണ്ടന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍‌വിളികള്‍ എത്തും. “എപ്പോഴോ നമ്മളൊന്ന് കൂടുന്നത് ?” .ഈ ‘കൂടല്‍‘കുപ്പിപൊട്ടിക്കാനുള്ള കൂടല്‍ മാത്രമാണന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. പണ്ടൊക്കെ കല്യാണവീടുകളിലും മരണവീടുകളിലുംബീഡി-സിഗരറ്റ് , മുറുക്കാന്‍ എന്നിവ വീടുകളില്‍ വരുന്നവര്‍ക്ക് വേണ്ടി വീട്ടുകാര്‍ വാങ്ങിവച്ചിരിക്കും. കാലം മാറിയപ്പോള്‍ ബീഡി-സിഗരറ്റ് , മുറുക്കാന്‍എന്നിവയ്ക്ക് പകരം മദ്യക്കുപ്പികള്‍ വാങ്ങിവയ്ക്കേണ്ടതായി വരുന്നു.(വാങ്ങുന്നവനും കുടിക്കുന്നവനും കുഴപ്പമില്ല, പിന്നെ നിനക്ക് എന്താടാകുഴപ്പംഎന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപോകത്തേയുള്ളു.....).

അല്പം അകത്ത് ചെന്നാല്‍ ചിലര്‍ക്ക് പാട്ടുവരും, ചിലരാണങ്കില്‍ ചിരിക്കും, ചിലര്‍ കരയും , ചിലര്‍ തെറിവിളിക്കും ... ‘എടാ വെള്ളമടിച്ചാല്‍വയറ്റില്‍ കിടക്കണം‘ എന്ന് പറഞ്ഞാല്‍ കടുത്ത മറുപിടി എത്തും. ‘വെള്ളമടിക്കുന്നത് വയറ്റില്‍ കിടക്കാനാണങ്കില്‍ പിന്നെന്തിനാ അടിക്കുന്നത് ?”.ചിലര്‍ക്ക് വെള്ളം അടിച്ചു കഴിഞ്ഞാല്‍ ഒന്ന് കിടക്കണം. വീട്ടില്‍ തന്നെ പോയിക്കിടക്കണമെന്ന് നിര്‍ബന്ധബുദ്ധിയൊന്നും ഇല്ല. റോഡരികിലോ,കാനയിലോ , ഓടയിലോ , റോഡിലോ .. ഒക്കെ കിടന്നാല്‍ മതി. വേരുതെയങ്ങ് കിടക്കുകയല്ല.. കാലും കൈയ്യും വിരിച്ച് വച്ച് മുണ്ടൊക്കെ അഴിച്ച്കളഞ്ഞ് വിശാലമായിട്ട് കിടക്കണം. കിടക്കുന്നതിന്റെ രണ്ടാം പക്കമോ മൂന്നാം പക്കമോ കെട്ടിറങ്ങി തനിയെ പൊയ്‌ക്കൊള്ളും. അല്ലങ്കില്‍ആരെങ്കില്ലും തിരക്കി വരണം. പട്ടി വന്ന് മുഖത്ത് മൂത്രം ഒഴിച്ച് മണ്ണ് നീക്കിയിട്ടാല്‍ പോലും ഈ കിടപ്പില്‍ ആരും അറിയാറില്ല. ( ഇത്തരംപാമ്പുകളെക്കുറിച്ചുള്ള രസകരമായ മെയിലുകളില്‍ കുറച്ചു ദിവസമായി കറങ്ങി നടക്കുന്നുണ്ട്.) . വെള്ളം അടിച്ചു കഴിഞ്ഞാല്‍ ധൈര്യം കൂടുന്നുഎന്നാണ് പറയുന്നത്. ഇത് ധൈര്യമല്ലന്നും വെളിവുകേടാണന്നും വെള്ളമടിക്കുന്നവന് അറിയത്തില്ലല്ലോ?

വെള്ളം മടിച്ചുകഴിഞ്ഞാല്‍ വെളിവുകേട് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? തലച്ചോറിലെ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ പ്രവര്‍ത്തനത്തെമദ്യം തടസപ്പെടുത്തുന്നു. തലച്ചോറിലെ നിയോകോര്‍ട്ടെക്സ് എന്ന ഭാഗമാണ് മനുഷ്യന്റെ ചിന്താശക്തിയേയും ബോധത്തേയും നിയന്ത്രിക്കൂന്നത്.ഈ നിയന്ത്രണം നിയോകോര്‍ട്ടെക്സ് നടത്തുന്നത് ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ സഹായത്തോടെയാണ്. ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിന്താശക്തിയും ബോധവും നഷ്ടപ്പെടുന്നു. ശരീരാവയങ്ങളുടെ നിയന്ത്രണവും നഷ്ടപ്പെടുന്നു.

എല്ലാം സഹിക്കാം വെള്ളമടിച്ചുകഴിഞ്ഞാലുള്ള ചിലരുടെ സ്നേഹപ്രകടനമാണ് സഹിക്കാന്‍ കഴിയാത്തത്. അതോടൊപ്പം പൂരപ്പാട്ടും. ഏത് മദ്യപാനൈക്കും സമൂഹത്തില്‍ ഒരു കോമാളിയുടെ വിലയേ കിട്ടാറുള്ളു എന്ന് മദ്യപിക്കുന്നവര്‍ മറന്നുപോകുന്നു. ബാക്കിയുള്ളവര്‍ക്ക്ചിരിക്ക് വകയുണ്ടാക്കി കൊടുക്കുന്നവരാണല്ലോ മദ്യപാനികള്‍ . സിനിമകളിലും ,കോമഡിഷോകളിലും, നാടകങ്ങളിലുംകോമഡിയുണ്ടാക്കാനായി മദ്യപാനികളെ അവതരിപ്പിക്കുകയാണല്ലോ പതിവ്.

മലയാളിയുടെ മദ്യപാനശീലത്തില്‍ സര്‍ക്കാരിനുപോലും ആശങ്കയാണത്രെ!!!!! അതുകൊണ്ട് ജനങ്ങളെ ബോധവത്ക്കരിക്കാനായി ബിവറേജസ്കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നുതന്നെ പണം ചിലവഴിക്കാന്‍ പോവുകയാണ്. യേശു ഒരു ചോദ്യം ചോദിക്കുന്നതായി വേദപുസ്തകത്തില്‍ ഒരു സന്ദര്‍ഭം എഴുതിയിട്ടുണ്ട്. ചോദ്യം ഇതാണ് “സാത്താനു സാത്താനുതന്നെ പുറത്താക്കാന്‍ കഴിയുമോ? പിന്നെങ്ങനെ അവന്റെ സാമ്രാജ്യം നിലനില്‍ക്കും???”. സര്‍ക്കാരിന് പണമുണ്ടാക്കി കൊടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ കുടിയന്മാരെ ബോധവത്‌ക്കരിക്കുകയോ ????????

.

3 comments:

കാസിം തങ്ങള്‍ said...

മദ്യപിക്കില്ലെന്ന് പറഞ്ഞാല്‍ ഒരു കുറച്ചിലായി കരുതുന്ന രൂപത്തിലേക്ക് സമൂഹം അധ:പതിച്ച് കഴിഞ്ഞു. ആഘോഷങ്ങളെ ആര്‍ഭാടമാക്കാന്‍ ഒന്നു “കൂടാതെ” കഴിയില്ല. മീശ മുളക്കാത്ത പീക്കിരികള്‍ മുതല്‍ കുഴിയിലേക്ക് കാല്‍ നീട്ടിയിരിക്കുന്ന അപ്പൂപ്പന്മാര്‍ വരെ ലഹരിയുടെ പിന്നാലെ പായുകയല്ലേ. വെള്ളമടിക്കുന്ന മങ്കമാരുടെ എണ്ണത്തിലും പുരോഗതിയുണ്ടല്ലോ. അവരുടെ റോള്‍ അവരും ഭംഗിയാക്കുന്നു. സാക്ഷര കേരളം സുന്ദര കേരളം തന്നെ.

smitha adharsh said...

ഒരുപാടു സത്യങ്ങള്‍ ഒന്നിച്ചു പറഞ്ഞു...
ഇതില്‍ നിന്നൊരു മാറ്റം മലയാളിയ്ക്ക് ഉണ്ടാകും എന്നെനിക്കു തോന്നുന്നില്ല.

കിഷോർ‍:Kishor said...

മദ്യപാനം ഒരു മഹാവിപത്തായി കാണേണ്ടതില്ല. സ്വന്തം വീട്ടിലിരുന്നോ ബാറിലിരുന്നോ മിതമായി വെള്ളമടിക്കുന്നവര്‍ (ആണും, പെണ്ണും) അതു ചെയ്തു രസിക്കട്ടെ.

എല്ലാറ്റിനും അതിന്റെതായ സമയവും സന്ദര്‍ഭവുമുണ്ട്.. മദ്യപാനത്തിനും..