Thursday, March 26, 2009

സഭകളും അരാഷ്‌ട്രീയവാദവും :2

: ഓര്‍ത്തഡോക്സ് സഭയുടെ അരാഷ്ടീയവാദം :

ഓര്‍ത്തഡോക്സ് സഭയും ഒരു പാനല്‍ നല്‍കിയിരുന്നുവത്രെ. (ആ പാനല്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.). ഓര്‍ത്തഡോക്സ് സഭ ഐ.എ.എസ്. ഉഗ്യോഗസ്ഥനായ ജിജി തോസംണുവേണ്ടി പത്തനംതിട്ട സീറ്റാണ് കോണ്‍ഗ്രസിനോട് ആവിശ്യപ്പെട്ടത്. (ജിജി തോസംണ്‍ ആരാണന്നൊക്കെ ജനങ്ങള്‍ക്കറിയണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല.). ഒരു ബ്യൂറോക്രാറ്റ് രാഷ്ട്രീയത്തില്‍ പരാജമായിരിക്കും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.(അല്‍‌ഫോണ്‍സ് കണ്ണന്താനം എന്ന എം.എല്‍.എ യെക്കാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് അല്‍‌ഫോണ്‍സ് കണ്ണന്താനം എന്ന ബ്യൂറോക്രാറ്റിനെയല്ലേ?).രാഷ്ട്രീയത്തില്‍ നിന്ന് ഒരാളെ എടുത്ത് കാണിക്കാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരാളില്ലാതെപോയി. മറ്റെന്തോ ഇഷ്ടങ്ങളുടയോ കൂറിന്റെയോ അടിസ്ഥാനത്തിലായിരിക്കണം ഓര്‍ത്തഡോക്സ് സഭ പാനല്‍ തയ്യാറാക്കിയത്. കോണ്‍ഗ്രസ് തങ്ങളുടെ ഇഷ്ടക്കാര്‍ക്കാര്‍ക്കും സീറ്റ് നല്‍കാത്തതില്‍പ്രതിഷേധിച്ചാണ് നാലു സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചത്. അടിച്ചേല്‍പ്പിച്ച ഈ തീരുമാനത്തിനെതിരെ സഭയ്ക്കുള്ളില്‍ തന്നെ, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയും ഇങ്ങനെയൊരു തീരുമാനത്തിന്റെ ആവിശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്തു. നായരുപിടിച്ച പുലിവാലുപോലെയായി ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്യോസ് പരസ്യമായി രംഗത്ത് വരികയും സഭയുടെ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പറയുന്നു.


ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്യോസ് എഴുതിയ ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക.“മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ്. രാഷ്ട്രീയം സാദ്ധ്യതകളുടെ രംഗമാണ്. ഒരു ബിഷപ്പിനോ, പുരോഹിതനോ രാഷ്ട്രത്തിലെ പൌരനാകയാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വ്യതിരിക്തനാവുകയോ , വോട്ടവകാശത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുകയോ ചെയ്യാന്‍ പാടില്ല. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്തീരുമാനിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള സ്വാതന്ത്യം ഇവര്‍ക്കുണ്ടായിരിക്കും. എന്നാല്‍ തങ്ങളുടെ ‘ആടുകള്‍’ ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഉദ്ബോധിപ്പിക്കുന്നതിന് പ്രസംഗപീഠമോ ഇടയലേഖനങ്ങളോ ഉപയോഗ്ഗിക്കരുത്. അദ്ദേഹം അപ്രകാരം ചെയ്യുകയാണങ്കില്‍ വ്യത്യസ്ത പാര്‍ട്ടിയിലുള്ളവരുടെ മനഃസാക്ഷിയെ അതു പ്രതികൂലമായി ബാധിക്കും. ഇതിനെല്ലാമുപരി ഒരു പാര്‍‌ലമെന്റ്‌റി ജനാധിപത്യത്തില്‍ എതിര്‍ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനും അവരുടെ കടമകള്‍ നിര്‍വ്വഹിക്കുന്നതിനും കഴിയാതെ പോകുന്നു. പൂര്‍ണ്ണമായും തെറ്റുള്ള ഒരു പാര്‍ട്റ്റിയും ഇല്ല. ശരി മാത്രമുള്ള ഒരു പാര്‍ട്ടിയുമില്ല. അതുകൊണ്ട് ഏതു പാര്‍ട്ടിയെ തെരഞ്ഞെടുക്കണം , ഏതിനെ തള്ളിക്കളയണം എന്നു തീരുമാനിക്കാനുള്ള അവകാശം ഇടവക ജനങ്ങള്‍ക്കു ദൈവദത്തമായുള്ളതാണ്. അവരെ പഠിപ്പിക്കുവാന്‍ പുരോഹിതനുള്ള കടമ നിറവേറ്റി അവരുടെ മനഃസാക്ഷിയെ ക്രിസ്തീയമാക്കിയാല്‍ മതി.


ഒരു പുരോഹിതന്‍ ഒരു രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുകയാണങ്കില്‍ അതു ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുവാന്‍ സാദ്ധ്യമല്ല. ചൂടേറിയ ഇലക്ഷന്‍ രംഗങ്ങളിലെല്ലാം പള്ളിയിലെ ഒരു പുരോഹിതനെ സംബന്ധിച്ചടത്തോളം പാമ്പിനെപ്പോലെ ബുദ്ധിയുള്ളവനും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവനും ആയിരിക്കുന്നത് ഇടവകകളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുവാന്‍ സഹായിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു പുരോഹിതന് ഇലക്ഷന് മത്സരിക്കുവാനോ തനിക്കു മറ്റോരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്തുവാനോ ദൈവവിളിയുണ്ടങ്കില്‍ ഇടവകയുടെഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം പൂര്‍ണ്ണമായും ഒഴിഞ്ഞ് തികച്ചും രാഷ്ട്രീയക്കാരനായിത്തീരണം.”

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുപക്ഷസ്വതന്ത്രനായി മത്സരിച്ച അന്തരിച്ച ഫാ.മത്തായി നൂറനാലിനോടും ഈ ഒരു സമീപനമാണ് ഓര്‍ത്തഡോക്സ് സഭ പുലര്‍ത്തിയത് . (ഈ ആദ്യസംഭവത്തിനുശേഷമാണ് കര്‍ശനമായ ഒരു സമീപനം സഭയില്‍ നിന്ന് വന്നത്). ഇപ്പോള്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെനിര്‍ത്തുന്നതുവഴി ഈ സമീപനത്തില്‍ നിന്നുള്ള ഒരു പിന്മാറ്റമാണ് സഭ നടത്തിയിരിക്കുന്നത്. സഭാമക്കളുടെ ആത്മീയമായ ആവിശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവര്‍ അതില്‍ നിന്ന് വ്യതി ചലിച്ച് മറ്റെന്തിന്റെ പേരിലാണങ്കിലും സഭാജനങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നത്ആശ്വാസകരമല്ല. ദൈവത്തേയും മാമോനേയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ലന്ന് മറന്നുപോയോ? മതേതര ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍രാഷ്ടീയപാര്‍ട്ടിയുണ്ടാക്കുന്നത് പുതിയ കാര്യമല്ലങ്കിലും ഒരു മതസമൂഹം നേരിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ആദ്യമായിരിക്കും. ഇന്ത്യയില്‍ മതരാ‍ഷ്ട്രീയത്തിന് വേരിറക്കാന്‍ പറ്റുകയില്ലന്ന് ചരിത്രം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സമൂഹത്തില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഉറപ്പിക്കാന്‍മാത്രമേ മതാ(സഭാ)ടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൊണ്ട് കഴിയൂ. ഒരോ ജാതിയും മതവും സഭകളും തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി കളെ നിര്‍ത്തുകയും തങ്ങളുടെ സമുദായത്തില്‍ മാത്രം ഉള്ളവര്‍ക്ക് വോട്ട് ചെയ്യുകയും ചെയ്താല്‍ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥഎന്തായിരിക്കും??? മതേതര ഇന്ത്യ എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയില്ലേ? വര്‍ഗ്ഗീയത ഇവിടെ കൊടികുത്തിവാഴുകയില്ലേ? ഇങ്ങനെയൊരു ആപത്ക്കരമായ അവസ്ഥയ്ക്കാണ് ഓര്‍ത്തഡോക്സ് സഭതുടക്കമിടുന്നത് എന്നതില്‍ ഓരോ ഓര്‍ത്തഡോക്സ്കാരനും അഭിമാനിക്കാം.!!!


നായര്‍ സമുദായത്തിന്റെ പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാറിയത് ഇവിടെ ജാതി രാഷ്ട്രീയത്തിന് ഇടമില്ലാത്തതുകൊണ്ടാണ്. ഈഴവസമുദായംരാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്മാറിയതും ഇതുകൊണ്ട് തന്നെയാണ്. ചരിത്രങ്ങള്‍ മുന്നില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് , എന്തിനുവേണ്ടിയാണ് ഓര്‍ത്തഡോക്സ് സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ഠുന്നത്. ഈ സ്ഥാനര്‍ത്ഥികള്‍ക്ക് മറ്റ് സമുദായത്തില്‍ നിന്ന് ഒരൊറ്റവോട്ടും കിട്ടത്തില്ലന്ന് നൂറു ശതമാനവും ഉറപ്പാണ്. എന്തിന് ഓര്‍ത്തഡോക്സ് സഭാവിശ്വാസികളില്‍ പത്തുശതമാനം ആളുകള്‍ പോലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുമെന്ന് തോന്നുന്നില്ല. കെട്ടിവച്ച കാശ് തിരിച്ചു കിട്ടുകയില്ലന്ന ഉറപ്പ്. ജനങ്ങളുടേയും സമൂഹത്തിന്റേയും മുന്നില്‍ തങ്ങളെ സ്വയം പരിഹാസ്യരാക്കുകയാണ് ഓര്‍ത്തഡോക്സ് നേതൃത്വം. ഓര്‍ത്തഡോക്സ് സഭയുടെ ചുവടുപിടിച്ച് മറ്റുള്ളവരും സ്ഥാനാര്‍ത്ഥികളെതിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നതൊന്ന് ചിന്തിക്കൂ. ലത്തീന്‍ കത്തോലിക്കന്‍ ലത്തീന്‍ സ്ഥാനാര്‍ത്ഥിക്കും, റോമന്‍ കത്തോലിക്കന്‍ റോമന്‍ കത്തോലിക്കസ്ഥാനാര്‍ത്ഥിക്കും, നായര്‍ നായര്‍ സ്ഥാനാര്‍ത്ഥിക്കും, ഈഴവര്‍ ഈഴവ സ്ഥാനാര്‍ത്ഥിക്കും പാത്രിയര്‍ക്കീസുകാരന്‍ പാത്രിയര്‍ക്കീസ് സ്ഥാനാര്‍ത്ഥിക്കും , മര്‍ത്തോമ്മാക്കാരന്‍ മര്‍ത്തോമ്മാ സ്ഥാനാര്‍ത്ഥിക്കും, ബ്രാഹ്മണന്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥിക്കും മാത്രം വോട്ട് കൊടുത്താല്‍ നമ്മുടെ സമത്വ സുന്ദര മതേതര രാജ്യം എവിടെ ???? മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചരിത്രമുള്ള നമ്മള്‍ ഇനി സമുദായത്തിന്റേയും സഭകളുടേയും പേരില്‍ തെരുവില്‍ പരസ്പരം തല്ലുകയില്ലേ?


ബിഷപ്പുമാരും മെത്രാന്മാരും അച്ചന്മാരും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി കവലകള്‍ തോറും മൈക്കിനുമുന്നില്‍ നിന്ന് അലറിവിളിക്കുന്നത്നമ്മള്‍ കാണേണ്ടിവരും. ആത്മീയ ഗുരുക്കന്മാര്‍ തങ്ങളുടെ ‘വര്‍ഗ്ഗീയ’ സ്ഥാനാ‍ര്‍ത്ഥികള്‍ക്കുവേണ്ടി വോട്ട് ചോദിക്കുന്നത് ആലോചിക്കൂ... നമ്മള്‍ (ഇന്ത്യ) നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭീക്ഷണി (ഒന്നാമത്തേത് തീവ്രവാദം) വര്‍ഗ്ഗീയതയാണ് . ജാതിസ്പ്‌ര്‍ദ്ദ ശ്രഷ്‌ടിക്കുന്ന രീതിയിലുള്ളതിരഞ്ഞെടുപ്പ് പ്രചാരണം നിരോധിച്ചിരിക്കുന്ന ഇന്ത്യയില്‍ എങ്ങനെയാണ് സഭകളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടുന്നത്. ദൈവാലയങ്ങളെമറ്റൊരു കലാപഭൂമിയാക്കാനേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കൂ.


ജനങ്ങളുടെ വോട്ടവകാശം തീരുമാനിക്കുന്നത് ജനങ്ങളാണ്. തങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. സമുദായ നേതാക്കളുടെ ആഹ്വാന ങ്ങളൊന്നും അവര്‍ ചെവിക്കൊള്ളുകയില്ലന്ന് ഉറപ്പ്. സഭകളുടെ(ജാതി,സമുദായ ലേബലില്‍ നില്‍ക്കുന്ന ഒരൊറ്റ) സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ട് പോലും നല്‍കരുത്. മതേതര ഇന്ത്യയെന്ന സങ്കല്പത്തിനുതന്നെ ഭീക്ഷണിയാകുന്ന ഇത്തരം പ്രവര്‍ത്തികള്‍മുളയിലേ നുള്ളിക്കളയേണ്ടത് ഓരോ ഭാരതീയന്റേയും ധര്‍മ്മം ആണ്. വര്‍ഗ്ഗീയത നാടിന് ആപത്താണന്ന് തിരിച്ചറിയുക.


“ വോട്ട് അമൂല്യമാണ് .. അത് ഉപയോഗിക്കേണ്ടത് നമ്മളാണ് ... അതെങ്ങനെ വിനിയോഗിക്കണമെന്ന് ചിന്തിക്കേണ്ടതും നമ്മളാണ് “

സഭകളും അരാഷ്‌ട്രീയവാദവും : 1

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ കൊച്ചുകേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകള്‍ തങ്ങളുടെ വിശ്വാസികളില്‍അടിച്ചേല്‍‌പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് രാഷ്‌ട്രീയ പാര്‍ട്ടികളെ തങ്ങളുടെ വരുതിയില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. മറ്റ് സഭകളെ കടത്തിവെട്ടിക്കൊണ്ട് ഓര്‍ത്തഡോക്സ് സഭ എല്ലാ ക്രിസ്‌ത്യീയ മൂല്യങ്ങളേയും ഉപേക്ഷിച്ച് പരസ്യമായ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് കടന്നു വന്നിരിക്കുന്നു. തങ്ങള്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്സ് സഭ നാലു സീറ്റുകളില്‍സ്ഥാ നാര്‍ത്ഥി കളെ പ്രഖ്യാപിച്ചത്. പതിവുപോലെ കോണ്‍ഗ്രസുകാര്‍ അരമനയില്‍ ഓടിയെത്തി. കമ്മ്യൂണിസ്റ്റുകാര്‍ ആ വഴി തിരിഞ്ഞുനോക്കിയതും ഇല്ല. മതവും രാഷ്‌ട്രീയവും രണ്ടാണന്ന് ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്ന സഭകള്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടുകളുമായി മുന്നോട്ട് വന്നത് ? ഇടതുപക്ഷഗവണ്‍‌മെന്റ് ക്രിസ്തീയ സഭകളെ പീഡിപ്പിക്കുക യാണന്നും അതുകൊണ്ട് സഭയ്ക്ക് അനുകൂലമായവര്‍ക്ക്മാത്രം വോട്ട് ചെയ്യാനുമാണ് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ ആഹ്വാനം. സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് മാര്‍ വര്‍ക്കി വിതയത്തിലിനെപോലുള്ളവര്‍ പറയുന്നുണ്ടങ്കിലും തങ്ങള്‍ ഇത്രയും നാളും അനുഭവിച്ചുകൊണ്ടിരുന്ന പലതും നഷ്ടപ്പെടുന്നതില്‍ വേവലാതിപൂണ്ട ബിഷപ്പുമാര്‍ ഇത് അംഗീകരിച്ചിട്ടില്ല. തങ്ങള്‍ക്ക് വേണ്ടപെട്ടവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കാന്‍ അവര്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് വരെ നല്‍കിയത് പുറത്തുവന്നല്ലോ? തങ്ങള്‍ക്ക് വിധേയമായവരെ വിജയിപ്പിച്ച് വിടാന്‍ ബിഷപ്പുമാര്‍ എന്തിന് ശ്രമിക്കുന്നു.???
എല്ലായ്‌പ്പോഴും ക്രിസ്‌ത്യന്‍ സഭകളുടെ രാഷ്‌ട്രീയ ചായ്‌വ് വലതുപക്ഷത്തോട് ആയിരുന്നു. കമ്യൂണിസ്റ്റ്കാര്‍ മത വിരോധികള്‍ ആണന്നായിരുന്നു സഭകളുടെ ആരോപണം. സഭകളില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ ഒഴിച്ചു നിര്‍ത്താന്‍ സഭാനേതൃത്വം എന്നും ശ്രമിച്ചിട്ടുണ്ട്. തങ്ങളെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തി അവര്‍ക്ക് കൂദാശകള്‍ നിഷേധിക്കുക എന്ന നയമായിരുന്നു സഭകള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. (പൊന്‍‌കുന്നം വര്‍ക്കി ഉദാഹരണം). കഴിഞ്ഞ നിയമാസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ സഭകളും ഇടതുപക്ഷവും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. തങ്ങളുടെ പല അവകാശങ്ങളും ഇടതുപക്ഷ ഗവണ്മെന്റ് കവര്‍ന്നെടുത്തു എന്നായിരുന്നു സഭകളുടെ പരാതി. സ്വാശ്രയ പ്രശ്‌നത്തില്‍കത്തോലിക്കാസഭ ഇടതുപക്ഷ ഗവണ്‍‌മെന്റിന് എതിരെ പരസ്യമായ പോരാട്ടത്തിന് തയ്യാറാവുകയും സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങുകയും
ചെയ്തു. പക്ഷേ സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനുതന്നെയായിരുന്നു വിജയം. സ്വാശ്രയ പ്രശ്‌നം തീര്‍ന്നയുടനെ ഏഴാംക്ലാസിലെ ‘മതമില്ലാത്തജീവന്‍ ‘ പ്രശ്നമായി. ആ പാഠഭാഗം പിന്‍‌വലിച്ച് സര്‍ക്കാര്‍ തടിതപ്പിയതോടെ ആ പ്രശ്നം അവസാനിച്ചു. അടുത്ത പ്രശ്നത്തിന് തുടക്കമിട്ടത് വനിതാ കമ്മീഷനാ യിരുന്നു. കന്യാസ്ത്രിയാകുനുള്ള പ്രായത്തെക്കുറിച്ചുള്ള വിവാദം സഭയോടൊപ്പം കോണ്‍ഗ്രസും ഏറ്റുപിടിച്ചതോടെ കത്തോലിക്കാസഭയും ഇടതുപക്ഷ സര്‍ക്കാരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. ജസ്റ്റിസ് കൃഷണയ്യരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിയമപരിഷ്‌ക്കരണ റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങളില്‍ സഭ തങ്ങളുടെ വിജോയിപ്പ് പ്രകടിപ്പിച്ചു.( സഭാ സ്വത്തുക്കളുടെ അവകാശത്തെ ക്കുറിച്ചുള്ള നിര്‍ദ്ദേശമാണ് സഭകളെ ചൊടിപ്പിച്ചത് ). സിസ്റ്റര്‍ അഭയയുടെ കേസുമാ‍യി ബന്ധപ്പെട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്ക് സ്വാഭാവികമായി കത്തോലിക്ക(ക്‍നാനായ) സഭയും സര്‍ക്കാരും കടന്നു വന്നു. അവസാനമായി ക്ലസ്റ്റ്‌ര്‍ പരിശീലനത്തിനു നല്‍കിയ സിഡിയില്‍ ബിഷപ്പുമാരെ അവഹേളിക്കുന്ന തരത്തിലുള്ള ലഘുചിത്രവും ഉണ്ടന്ന് ആക്ഷേപിച്ച് സഭ പരസ്യമായി ഇടതുപക്ഷത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. സര്‍ക്കാരും കത്തോലിക്കാസഭയും തമ്മിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളുടേയും തുടക്കം വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനവും സര്‍ക്കാരും ക്രിസ്ത്യന്‍ സഭകളുമായുള്ള തര്‍ക്കത്തിലാണ് അവസാനിച്ചത്. ഏകജാലകം,സ്വാശ്രയപ്രശ്നം തുടങ്ങിയവയില്‍ജനങ്ങള്‍ സര്‍ക്കാരി നോടൊപ്പമാണ് നിലയുറപ്പിച്ചത്.
കത്തോലിക്ക സഭയെക്കാള്‍ ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തില്‍ ഒരടികൂടി മുന്നേറി. ഓര്‍ത്തഡോക്സ് - പാത്രിയര്‍ക്കീസ് സഭാതര്‍ക്ക ത്തില്‍ ‍(സ്വത്തുതന്നെ പ്രശ്നം) സര്‍ക്കാര്‍ പാത്രിയര്‍ക്കീസ് സഭയുടെ പക്ഷം പിടിക്കുന്നു എന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭ കോട്ടയത്ത് ഒരു പ്രതിഷേധ റാലി തന്നെ നടത്തി. പ്രതിഷേധ സമ്മേളനത്തിന് കോട്ടയം നെഹ്‌റു സ്റ്റേഡിയം നഗരസഭവിട്ടു കൊടുക്കാതിരു ന്നതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ഇടഞ്ഞു. അതിനു മുമ്പുതന്നെ ഇടതുപക്ഷഗവണ്മെന്റ് മന്ത്രിമാരെ ഓര്‍ത്തഡോക്സ് സഭ ബഹിഷ്ക്കരിച്ചിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ ചില പള്ളികളുടെ കുരിശടികള്‍ തകര്‍ത്തവരെ അറസ്റ്റ് ചെയ്യാത്തതും ഓര്‍ത്തഡോക്സ് സഭയെ ചൊടിപ്പിക്കുകയും ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.
സര്‍ക്കാരിനെതിരെ സഭകള്‍ നടത്തിയ സമരങ്ങളും സമരപ്രഖ്യാപനങ്ങളും കേരള ജനതയ്ക്ക് മുന്നില്‍ സഭകളെ അപഹാസ്യമാക്കുകയാണ് ചെയ്തത്.സഭകള്‍ക്ക് നഷ്ടപ്പെടുന്ന മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. സഭകള്‍ തമ്മില്‍ സ്വത്തിനുവേണ്ടി നടത്തുന്ന തര്‍ക്കവും , അഭയക്കേസും, ബിഷപ്പ് തട്ടുങ്കലിന്റെ ‘ദിവ്യഗര്‍ഭവും’ , സിസ്റ്റര്‍ ജസ്‌മിയുടെ ആത്മകഥയും ഒക്കെ സാമാന്യജനങ്ങളുടെ മുന്നില്‍ സഭകളുടെ മറ്റൊരു മുഖമാണ്തുറന്നു കാട്ടിയത്. പൊതുജനങ്ങളുടെ ഇടയില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തന്നെ ഇവ ഒരു തുടക്കമായി. തങ്ങളുടെ വികൃതമായ മുഖം നന്നാക്കുന്നതിനു പകരം സഭകള്‍ സര്‍ക്കാരിനെതിരെ ഇടയലേഖനങ്ങള്‍ വഴി വിശ്വാസികളെ തിരിച്ചു വിടാനാണ് ശ്രമിച്ചത്. ഇതിനെതിരെ സഭകള്‍ക്കുള്ളില്‍ നിന്നുതന്നെ എതിര്‍ ശബ്ദ്ദങ്ങള്‍ ഉയര്‍ന്നു.
ഓരോ പൌരനും അവന് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതുപോലെതന്നെ ഏതൊരുപൌരനും അവന് ഇഷ്ട്മുള്ള രാഷ്‌ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കാം. മതവും രാഷ്‌ട്രീയവും സമാന്തരമാണന്നായിരുന്നു ഇത്രയും നാളത്തെ സങ്കല്പം.ഈ സമാന്തരരേഖകള്‍ കൂട്ടിമുട്ടുമ്പോള്‍ നമ്മുടെ മതേതര സങ്കല്പം തന്നെയാണ് ഇല്ലാതെയാകുന്നത്. അതാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കൂന്നതും. സഭകള്‍ രാഷ്‌ട്രീയത്തില്‍ പരസ്യമായി ഇടപെടുന്ന അപകടകരമായ അവസ്ഥയിലേ ക്കാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സഭകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരുന്നത് നമ്മള്‍ കണ്ടു. തൃശ്ശൂരില്‍ ടോം വടക്കനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന്കത്തോലിക്കാസഭ പരസ്യമായി ആവിശ്യപ്പെട്ടു. എറണാകുളത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ഒരു പാനല്‍ തന്നെ കത്തോലിക്കാ സഭ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സഭകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരരുതെന്നും ഇന്നവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കണമെന്ന് ആവിശ്യപ്പെടരുതെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ തന്നെ ആവിശ്യപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തി.

Wednesday, March 25, 2009

ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഐ.പി.ല്‍.

രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി മാറുന്നു. തിരഞ്ഞെടുപ്പ്കാലത്ത് മത്സരങ്ങള്‍ക്ക് ആവിശ്യമായ ആവിശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലന്ന് ചില സംസ്ഥാനങ്ങള്‍ അറിയച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ട് ലളിത് മോഡിയും സംഘവും ഇന്ത്യന്‍ പ്രിമയര്‍ ലീഗ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയും ചെയ്തു.


തിരഞ്ഞെടുപ്പ് കാലത്ത് ആഘോഷമായി കൊണ്ടാടുന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആവിശ്യമായ സുരക്ഷനല്‍കാന്‍ കഴിയില്ല എന്നത് അംഗീകരിക്കുകയല്ലേ വേണ്ടിയിരുന്നത് ? ബി.ജെ.പി ഈ പ്രശ്‌നത്തെ രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമിച്ചു എങ്കിലും അത് വിലപ്പോയില്ല. ഇന്നത്തെ സാഹചര്യം ജനങ്ങള്‍ക്ക് ശരിക്കറിയാം എന്നതു തന്നെ കാരണം. പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനു നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം. മുംബയിലെ ഭീകരാക്രമണത്തിനു ശേഷം പല രാജ്യങ്ങളും തങ്ങളുടെ പൌരന്മാര്‍ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പാക്കിസ്ഥാനിലെ ആക്രമണത്തിനു ശേഷം പല ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയും ചെയ്തു. പണത്തെക്കാ‍ള്‍ വലുത് തങ്ങള്‍ക്ക് ജീവന്‍ തന്നെയാണന്ന് വരെ ഐ.പി.എല്ലിലെ ചില വിദേശതാരങ്ങള്‍ പറയുകയും ചെയ്തു. ഇന്ത്യയിലെ മത്സരങ്ങള്‍ക്ക് തങ്ങള്‍ ഉണ്ടാവുകയില്ലന്ന് അവര്‍ പറയാതെ പറയുകയാണ് ചെയ്തത്. വിദേശതാരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പകിട്ട് കുറയുമെന്ന് ശരിക്ക് അറിയാവുന്നത് ലളിത് മോഡിക്ക് തന്നെയാണല്ലോ? അതുകൊണ്ടാണ് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ പ്രിമയര്‍ ലീഗിന്റെമത്സരവേദികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി മോഡി ഇന്ത്യന്‍ പ്രിമയര്‍ ലീഗിനെ ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ പ്രിമയര്‍ ലീഗാക്കി മാറ്റിയത്. ഇന്ത്യയിലെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച കളിക്കാര്‍ക്ക് ഇനി ദക്ഷിണാഫ്രിക്കയില്‍ പോയി കളിക്കാതിരിക്കാന്‍ ആവില്ലല്ലോ? ലളിത് മോഡിയുടെ ബുദ്ധി അംഗീകരിച്ചേ മതിയാവൂ...


ഇനി മറ്റൊരു കാര്യം. ദക്ഷിണാഫ്രിക്കയില്‍ മത്സരങ്ങള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് തന്നെയാണല്ലോ? തിരഞ്ഞെടുപ്പ് കഴിഞ്ഞേ കളിക്കാര്‍ തിരിച്ചെത്തുകയുള്ളു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയും ഇല്ലേ? കുറഞ്ഞപക്ഷം ഇന്ത്യന്‍ കുപ്പായം അണിഞ്ഞ , അണിയുന്ന കളിക്കാര്‍ക്കെങ്കിലും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയുണ്ട് എന്നതില്‍ സംശയം വേണ്ട്. തങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുകയും അതേ സമയം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാജ്യത്തിനുവേണ്ടിയല്ലാതെ മറ്റൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവാന്‍ തയ്യാറാവുകയും ചെയ്യുന്ന കളിക്കാര്‍ക്ക്ബാധ്യത രാജ്യത്തോടേ പണത്തോടോ ??? ഒരു പൌരന്റെ അവകാശമായ വോട്ടവകാശം വിനിയോഗിക്കാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍ കളിക്കുപ്പായം ഇടാന്‍ യാതൊരു അവകാശവും ഇല്ല.


ഒരു ജനാധിപത്യ രാജ്യത്തിന് കായികത്തെക്കാള്‍ വലുത് ജനാധിപത്യ തിരഞ്ഞെടുപ്പ് തന്നെയാണ്. ലളിത് മോഡിക്ക് തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുമായിരിക്കും. കാരണം കഴിഞ്ഞ മാസം നടന്ന രാജസ്ഥാന്‍ (?) ക്രിക്കറ്റ് കൌണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റ മാന്യ ദേഹമാണ് ലളിത് മോഡി. ഒരു തിരഞ്ഞെടുപ്പൊക്കെ പാഴാണ് എന്ന അഭിപ്രായമായിരിക്കും തീര്‍ച്ചയായും മോഡിക്ക് ഉണ്ടാ‍വുക. രാജ്യതാല്പര്യങ്ങളെക്കാള്‍ മറ്റ് പലതിനുംമുന്‍‌ഗണനകൊടുത്തുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തുന്ന രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍താരങ്ങള്‍ക്ക് അനുമതി സര്‍ക്കാര്‍ കൊടുക്കാതിരിക്കുകയാണ് വേണ്ടത്. നമുക്ക് ക്രിക്കറ്റിനെക്കാള്‍ വലുത് നമ്മുടെ ജനാധിപത്യമാണ്. അത് സംരക്ഷിക്കാന്‍ വേട്ടവകാശം ഉപയോഗിക്കുകയാണ് വേണ്ടത്.

Tuesday, March 17, 2009

കോണ്‍ഗ്രസില്‍ തൊഴുത്തില്‍ക്കുത്ത് :രാഷ്ട്രീയം

സമുദ്രവും ബക്കറ്റും തിരയും എല്ലാം സി.പി.എം.മ്മില്‍ മാത്രമന്ന് പറഞ്ഞ് പരിഹസിച്ചു ചിരിച്ചവര്‍ കോണ്‍ഗ്രസില്‍ ഒരൊറ്റ ദിവസംകൊണ്ട് ഉണ്ടായ കോളിളക്കം കണ്ട് ഞെട്ടിക്കാണും. സി.പി.എം.മ്മില്‍ ബക്കറ്റിലെ വെള്ളം സമുദ്രത്തോട് ചേര്‍ന്ന് തിരയാകാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ കാറ്റും കോറും ഉരുണ്ടുകൂടി പ്രക്ഷുബദ്ധമായ അവസ്ഥ സംജാതമായിക്കഴിഞ്ഞു. ഉരുണ്ടുകൂടീയിരുന്ന മേഘങ്ങള്‍ നീങ്ങിപ്പോകാതെ കൂടുതല്‍ ഇരുട്ട്കോണ്‍ഗ്രസിലേക്ക് വരുത്തുകയാണ്. നീറിപ്പുകഞ്ഞിരുന്ന അഗ്നിപര്‍വ്വതം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന ഒരു അവസ്ഥയില്ലങ്കിലും സമുദ്രത്തിലുണ്ടാകുന്ന അഗ്നിപര്‍വ്വതസ്ഫോടനം കടലിനെ പ്രക്ഷുബദ്ധമാക്കുന്നതുപോലെ ഉമ്മന്‍ ചാണ്ടിയുടെ നിശബ്ദ്ദമായ പൊട്ടിത്തെറി കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെതന്നെ തകിടം മറിച്ചു കഴിഞ്ഞു.
എല്ലാ പോഷക സംഘടനകളും സ്വന്തം കൈപ്പടിയില്‍ ആക്കാന്‍ വേണ്ടി രമേശ ചെന്നിത്തല നടത്തിയന്ന്‍ (?) പറയപ്പെടുന്ന നാടകത്തിനൊടുവില്‍ സിദ്ദിഖിനെ മാറ്റി ലിജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആക്കിയതോടെ ഉമ്മന്‍ ചാണ്ടി ഇടയുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സിദ്ദിഖ് സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. കരുണാക രന്റെ പുറത്താകലോടെ ഗ്രൂപ്പ് ഇല്ലാതായി എന്ന് നേതാക്കള്‍ മേനി ടിക്കുമ്പോഴാണ് തങ്ങളുടെ സ്തുതിപാഠകര്‍ക്ക് ‘നോമിനേറ്റട്’ സ്ഥനമാനങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നേതാക്കന്മാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് സ്ഥാനമാന രാഷ്ട്രീയം അല്ലങ്കില്‍ പാര്‍ലമന്റ്റി മോഹ രാഷ്ട്രീയം ആണന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. അതിനുവേണ്ടി ഏത് നാണകെട്ട കളിക്കും അവര്‍ തയ്യാറാകും. കളീക്കാവിളയിലെ തമ്മിലടിയും, മുണ്ടുരിയലും ഒക്കെ ഇതിനു ഉദാഹരണമാണ്. ഈ സംഭവങ്ങളുടെ സൂത്രധാരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലന്ന് പറയാമെങ്കിലും ആ പാത പിന്തുടരുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ട്. അതുകൊണ്ടാണല്ലോ തിരുവന്തപുരത്തും തൃശ്ശൂരും കോലംകത്തിക്കല്‍ നടന്നത്.

കരുണാകരന്റെ ഐ ഗ്രൂപ്പും ആന്റണിയുടെ എ ഗ്രൂപ്പും മാത്രമായി കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി മുന്നേറിയപ്പോള്‍ നേതാക്കളും അണികളും പാര്‍ട്ടിയെക്കാള്‍ കൂറ് ഗ്രൂപ്പുകളോട് കാണിച്ചു. പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം വേണമെങ്കില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാകണമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്ക് കഴിവിനെക്കാള്‍ വേണ്ടത് നേതാക്കളുടെ മൂട് താങല്‍ ആണന്ന് മനസിലാക്കി കുട്ടിനേതാക്കള്‍ ബഡാനേതാക്കളുടെ പാദസേവകരായി. കരുണാകരന്റെ കാറ് അപകടത്തോടെ കരുണാകരന്‍ പാലും തേനും കൊടുത്ത് വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെ മൂന്നാഗ്രൂപ്പെന്ന പേരില്‍ ഒരു ഗ്രൂപ്പായി. ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടൂപ്പുകള്‍ ഒന്നും നടത്താതെ ഗ്രൂപ്പിന്റെ പേരില്‍ വീണ്ടും വീതം വച്ച് അണികള്‍ ഇല്ലാതെ നേതാക്കന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നു. ഇടയ്ക്ക് വയലാര്‍ രവിയുടെ നേതൃത്വത്തീല്‍ നാലാം ഗ്രൂപ്പ് ഉയര്‍ന്നുവന്നു. സ്വന്തം സ്ഥാനം ഉറപ്പിച്ച വയലാര്‍ രവികേരളം വിട്ടതോടെ നാലാംഗ്രൂപ്പ് ഇല്ലാതായി. മൂന്ന് ഗ്രൂപ്പിലെ കാര്‍ത്തികേയ സംഘം എ ഗ്രൂപ്പിലും ആയി. കരുണാകരന്‍ പാര്‍ട്ടിവിട്ടതോടെ ഐ ഗ്രൂപ്പും ഇല്ലാതായി. സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കാന്‍ മറ്റൊരു ഗ്രൂപ്പും ഇല്ലാതായാതോടെ എ ഗ്രൂപ്പ് സ്വാഭാവികമായി കോണ്‍ഗ്രസ് പാര്‍ട്ടിയായി. ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കേന്ദ്രത്തിലേക്ക് പോയതോടെ കോണ്‍ഗ്രസ് ഉമ്മന്‍ കോണ്‍ഗ്രസായി. ( ഉമ്മന്‍ കോണ്‍ഗ്രസ് ഇല്ലാതായി ഇന്ദിരാ കോണ്‍ഗ്രസ് ശരിക്കുള്ള കോണ്‍ഗ്രസ് ആകുമെന്ന് പറഞ്ഞ മുരണീധരനോട് കടപ്പാട് ). ഇങ്ങനെ ഗ്രൂപ്പില്ലാതായ കോണ്‍ഗ്രസിലാണ് ഇപ്പോള്‍ നേതാക്കന്മാരുടെ വീതം വയ്പ് വാര്‍ത്തകള്‍ ഉയരുന്നത്.


വളര്‍ത്തിക്കൊണ്ട് വന്ന കരുണാകരന്റെ കൈയ്യില്‍ക്കൊത്തിയാണ് ആദ്യം ചെന്നിത്തല രാഷ്ട്രീയ ബുദ്ധി പ്രകടിപ്പിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ നിന്ന് കുത്തി താന്‍ തികഞ്ഞ ഒരു രാഷ്ട്രീയ നേതാവായി എന്ന് ചെന്നിത്തല കേരളരാഷ്ട്രീയത്തില്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.. ഒരു കെ.പി.സി.സി പ്രസിഡണ്ട് എങ്ങനെ ആയിക്കൂടാ എന്നുള്ള ഒരുദാഹരണത്തിന് ചരിത്രം കാത്തുവച്ചിരിക്കൂന്ന ഒരു പേരായി ചെന്നിത്തല മാറിക്കൊണ്ടി രിക്കുകയാണ്. മാവേലിക്കരയിലെ ജനപിന്തുണയുടെ (?) ബലത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് ആയ ആളാണ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണമായ (?) ഈ ഭരണത്തിനെതിരെ ശക്തമായ ഒരു സമരം നടത്താന്‍ പോലും ചെന്നിത്തലയ്ക്ക് ആയിട്ടില്ല. ദിവസം മൂന്ന് പത്രസമ്മേളനം നടത്തി ചാനല്‍ നിറഞ്ഞാല്‍ എല്ലാം ആയി എന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്ന് തോന്നുന്നു. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തീച്ച് ഉയര്‍ന്നു വന്ന ഉമ്മന്‍ ചാണ്ടി എവിടെ നോമിനേഷന്‍ ശീതളതയില്‍ സ്ഥാനം ഉറപ്പിച്ച ചെന്നിത്തല എവിടെ???


മൂന്ന് മാസത്തിനുമുമ്പേ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളിലും മൂന്ന് പേരുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കി നല്‍കണമെന്ന് എ.ഐ.സി.സി കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. തിരഞ്ഞെടുപ്പിന് മുപ്പതുദിവസങ്ങള്‍ ബാക്കി നില്‍ക്കേ കെ.പി.സി.സി നല്‍കിയ സാധ്യതാ ലിസ്റ്റില്‍ ഒരു മണ്ഡലത്തീല്‍ പത്തുപേര്‍ വരെയുണ്ടന്ന് അറിയുമ്പോള്‍ ചെന്നിത്തലയുടെ വൈഭവം മനസിലാക്കുക. എന്നിട്ട് എഞെങ്കിലും പ്രയോജനം ഉണ്ടായോ? സാധ്യതാ ലിസ്റ്റില്‍ കയറിക്കൂടിയവര്‍ തമ്മില്‍ അടിയാണ്. താനാണ് സര്‍വ്വധായോഗ്യന്‍ എന്ന് കാണിക്കാന്‍ ചിലര്‍ ഡല്‍ഹിയില്‍ ചെന്ന് തമ്പടിച്ചിരിക്കുകയാണ്. ഇടതുപക്ഷം രണ്ട് സീറ്റുകള്‍ ഒഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും രണ്ടാഘട്ട പ്രചരണം തുടങ്ങിയപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അരക്കിലോ വരുന്ന സാധ്യതാ ലിസ്റ്റുമായി തിരുവന്തപുരം- ഡല്‍ഹി ഷട്ടില്‍ സര്‍വ്വീസ് നടത്തുകയാണ്. ലിസ്റ്റില്‍ ഉള്ളവരുടെ സാധ്യത ഇല്ലാതാക്കാന്‍ നേതാക്കന്മാര്‍ തന്നെ ശ്രമിക്കുന്നുമുണ്ട്. തൃശൂരില്‍ ടോം വടക്കന്റെ കോലം കത്തിക്കലിനു ശേഷം തിരുവന്തപുരത്ത് ശശി തരൂരിന്റെയും കോലം കത്തിക്കല്‍ നടന്നു.


ഇടതുപക്ഷത്തേക്കാള്‍ രണ്ടാഴ്ചമുമ്പ് സീറ്റ് വിഭജനം നടന്ന കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടത്താനാവുന്നില്ല എന്ന് പറയുമ്പോള്‍ എന്താണ് മനസിലാക്കേണ്ടത് ? ഇടതുപക്ഷത്ത് ഇപ്പോഴും സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടല്ലന്ന് നമുക്കറിയാം. ഇടതുപക്ഷത്തിലെ ഈ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹസിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളില്‍ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയുന്നില്ല. കേരളത്തില്‍എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നുള്ള ഒരു പൊതുവികാരം ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ പുറത്തുവരുന്നത്. തങ്ങള്‍ മത്സരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ ന്നാണ് ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടേയും വിചാരം. അതുകൊണ്ടുതന്നെ പാര്‍ട്ടിസ്ഥാന ങ്ങളെക്കാള്‍ വലുത് അവര്‍ക്ക് പാര്‍ല‌മന്റെറി സ്ഥാനങ്ങളാണ്. കോണ്‍ഗ്രസിന്റെ സാധ്യതാ ലിസ്റ്റില്‍ നോക്കുക. തുടര്‍ച്ചയായി മത്സരിച്ച് പരാജയപ്പെട്ടവര്‍ പോലും ആ ലിസ്റ്റില്‍ ഉണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ പരാജയപ്പെട്ട് ജനങ്ങളുടെ ഇടയില്‍ യാതൊരുവിധ പ്രവര്‍ത്തനവും നടത്താതെ മാറിനിന്നവര്‍ പോലും സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിച്ച് തയ്യാറായിക്കഴിഞ്ഞു. ഇതില്‍ രണ്ടുമൂന്ന് പേര്‍ക്കെങ്കിലും ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി കിട്ടുകയും ചെയ്യും.


ഇങ്ങനെയുള്ള ഒരവസ്ഥയാണങ്കില്‍ താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയില്ലന്ന് ഉമ്മന്‍ ചാണ്ടി പറയുന്ന അവസ്ഥയിലേക്ക് വരെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സ്വന്തം ആളുകള്‍ക്ക് സീറ്റ് ഉറപ്പിച്ചു കൊടുക്കാന്‍ നേതാക്കന്മാരും സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ നേതാക്കന്മാരും ഡല്‍ഹിയിലേക്ക് വണ്ടികയറിയിട്ട് കുറേ ദിവസങ്ങളായി. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണങ്കില്‍ കോണ്‍ഗ്രസിന്റെ പകുതി സീറ്റുകളിലധികവും കാലുവാരലും വോട്ട് മറിക്കലും നടക്കും. അണികളെക്കാള്‍ നേതാക്കന്മാരുടെ എണ്ണം കൂടുതലായ ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കയോ സംഭവിക്കൂ. മെത്രാന്മാരുടേയും സമുദായനേതാക്കളുടേയും കല്പനകള്‍കൊണ്ടൊന്നും വോട്ട് പെട്ടിയില്‍ വീഴുകയില്ലന്ന്കോണ്‍ഗ്രസ് നേതാക്കന്മാര്‍ മറന്നില്ലങ്കില്‍ ആ പാര്‍ട്ടിക്ക് കൊള്ളാം. അല്ലങ്കില്‍ അനികൂലമായ കാലാവസ്ഥയിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരിക്കും കേരളത്തില്‍ നടക്കുന്നത്.

Sunday, March 15, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍- 2 : mobile tragedy -2

പത്തനംതിട്ട വള്ളിക്കോടിനടുത്ത് നിന്നുള്ള ഈ സംഭവം അറിയുക. ഉച്ചസമയത്ത് ഒരു പെണ്‍കുട്ടി തന്റെ വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചുകൊണ്ട്നില്‍ക്കുകയായിരുന്നു. കുളിമുറിയുടെ വെന്റിലേറ്ററിനടുത്ത് ഒരു നിഴല്‍ കണ്ടോ എന്ന് പെണ്‍കുട്ടിക്ക് സംശയം. വെന്റിലേറ്ററിനിടയിലൂടെ ഒരു നിഴല്‍വ്യക്തമായി കണ്ടതും പെണ്‍കുട്ടി നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടി. പെണ്‍കുട്ടിയുടെ നിലവിളി കേട്ടതും ‘നിഴല്‍’ ഓടിപ്പോകാന്‍ നോക്കിയെങ്കിലും ഓടിക്കൂടിയ ആളുകള്‍ നിഴലിനെ പിന്തുടര്‍ന്ന് പിടിച്ചു. പതിനേഴുവയസുള്ള ഒരു പയ്യന്‍!! രണ്ടടി ഏപ്പിച്ച് കിട്ടിയപ്പോള്‍ പയ്യന്‍ സത്യം പറഞ്ഞു.ആ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തുകൊടുത്താല്‍ അഞ്ചൂറ്രൂപാ അവന് ഒരു ചേട്ടന്‍ ‘ഓഫര്‍’ നല്‍കി. ആ ഓഫറിനുവേണ്ടിയാണ് അവന്‍ നട്ടുച്ചയ്ക്ക്പടം പിടിക്കാന്‍ ഇറങ്ങിയത്.

തിരുവന്തപുരത്ത് ഒരു സ്കൂളില്‍ അദ്ധ്യാപികമാരുടേയും പെണ്‍കുട്ടികളുടേയും പടം എടുത്ത് മൊബൈലില്‍ സൂക്ഷിച്ചത് സ്കൂളിലെ തന്നെ ജീവനക്കാരനാണ്. അയാളുടെ മൊബൈലില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് കണ്ടെത്തിയത്. വീടുകളില്‍ പോലുംമൊബൈല്‍ വില്ലനായി എത്താറുണ്ട്. രാത്രിയില്‍ ജനല്‍ തുറന്ന് കിടന്നുറങ്ങുന്നവരുടെ ഫോട്ടൊകള്‍ എടുക്കാനായി ചിലര്‍ വെളുപ്പാന്‍ കാലത്ത് തന്നെ ഇറങ്ങി നടക്കുമത്രെ!! ആരെങ്കിലും സംശയത്തിന്റെ പേരില്‍ പിടിച്ചു നിര്‍ത്തിയാല്‍ ‘രാവിലെ‘ നടക്കാന്‍ ഇറങ്ങിയതാണന്ന് പറഞ്ഞ് തടിതപ്പും.ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യന്മാരുടെ ചിത്രങ്ങള്‍ എടുത്ത് വിതരണം ചെയ്യാറുണ്ടന്ന് അറിയുമ്പോഴാണ് മൊബൈല്‍ എത്രമാത്രം ഭീകരന്മാരാണന്ന് അറിയുന്നത്. ഭര്‍ത്താക്കന്മാര്‍ അറിയാതെ അവരുടെ ഫോണില്‍ നിന്ന് ഭാര്യമാരുടെ പടം ബ്ലൂടൂത്ത് വഴി തങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടന്ന് ഭര്‍ത്താക്കന്മാര്‍ മനസിലാക്കിയില്ലങ്കില്‍ അതിനു നല്‍കേണ്ട വില വലുതായിരിക്കും.

ബസില്‍ കയറുന്ന സ്ത്രികളുടെ ഫോട്ടോ എടുക്കുന്നതില്‍ സ്പെഷ്യലൈസേഷന്‍ ചെയ്ത ചില വിരുതന്മാരുണ്ട്. ബസ് സ്റ്റോപ്പില്‍ മൊബൈല്‍ കൈയ്യില്‍പിടിച്ചായിരിക്കും വിരുതന്മാരുടെ നില്‍പ്പ്. ചെവിക്കകത്ത് ഇയര്‍ഫോണും കാണും. ആരെങ്കിലും ശ്രദ്ധിച്ചാല്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന പാവങ്ങളാണ് അവര്‍. പതിനഞ്ച് മിനിട്ട് ബസ് സ്റ്റോപ്പില്‍ നിന്ന് പാട്ടുകേട്ട് തിരിച്ചുപോവുമ്പോഴേക്കും വിരുതന്മാരുടെ മൊബൈലില്‍ കുറഞ്ഞത് പത്ത് പെണ്ണുങ്ങളുടെ എങ്കിലും ഫോട്ടോ പതിഞ്ഞിരിക്കും. നടക്കുന്ന വഴിയിക്ക് ക്യാമറഓണാക്കി മൊബൈല്‍ കൈയ്യില്‍ വച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്കും തിരിച്ചറിയാന്‍ പറ്റുകയില്ല.

പത്തനംതിട്ടക്കാരന്‍ ഒരു പയ്യന്‍ ബാഗ്ലൂരില്‍ പഠിക്കുന്നു. ഒരു ദിവസം അവന്റെ ലോക്കല്‍ഗാര്‍ഡിയനെ പ്രിന്‍സിപ്പാള്‍ കോളേജിലേക്ക് വിളിപ്പിച്ചു.ക്ലാസിലിരുന്ന് ഫോണില്‍ സംസാരിച്ചതിന് അവന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയ ടീച്ചര്‍ ഫോണ്‍ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ച പ്രിന്‍സിപ്പാളിന് ഞെട്ടിത്തരിച്ചിരുന്നു പോയി. ഫോണിന്റെ മെമ്മറിയില്‍ പെണ്‍കുട്ടികളുടെ നമ്പരുകള്‍ മാത്രം. പെണ്‍കുട്ടികളുടെപല ‘പോസി‘ലുള്ള ഫോട്ടോകള്‍. ഓഡിയോ ഫോള്‍ഡറില്‍ ഇക്കിളിപ്പെടുത്തുന്ന പ്രേമസല്ലാപങ്ങളുടെ റിക്കോഡിംങ്ങ്. വീഡിയോ ഫോള്‍ഡറില്‍സെന്‍സര്‍ ബോര്‍ഡ് കത്തിവയ്ക്കുന്ന രംഗങ്ങള്‍ . ഈ രംഗങ്ങള്‍ അവന്‍ പകര്‍ത്തിയത് അവന്റെ ‘ട്രാവത്സ്’ യാത്രകളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും.ഒന്നില്‍പ്പോലും അവന്റെ മുഖം വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. ലോക്കല്‍ഗാര്‍ഡിയന്‍ ഫോണ്‍ വാങ്ങി മെമ്മറിയെല്ലാം ഡിലീറ്റ് ചെയ്യുകയുംനാട്ടിലറിയിക്കുകയും ചെയ്തതോടെ ഒരു ക്യാമറാമാന്‍ കം സൌണ്ട് റിക്കോര്‍ഡിസ്റ്റ് അസ്തമിച്ചു.

പെണ്‍കുട്ടികളെ വിളിച്ച് അവരെ പ്രകോപിപ്പിച്ച് അവരുടെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. കാമുകിയുമായിനടത്തുന്ന പ്രേമസല്ലാപങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി റിക്കോര്‍ഡ് ചെയ്യുന്ന കാമുകന്മാരുണ്ടന്ന് കാമുകിമാര്‍ അറിയുക. തന്റെ സംഭാഷണം കാമുകന്‍ മാത്രമേ കേള്‍ക്കുന്നുള്ളു എന്നു വിചാരിച്ച് കാമുകി പലതും ‘പച്ച’യായി പറയുകയും ചെയ്യും. നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ചിലപ്പോള്‍ തങ്ങളുടെ പ്രേമസല്ലാപങ്ങള്‍ കേള്‍ക്കാനും സാധിക്കും. ബ്ലൂടൂത്ത് വഴി ഈ സംഭാഷണങ്ങള്‍ മിനിട്ടുകള്‍ക്കകം അനേകം ഫോണുകളില്‍ എത്തീയിട്ടുണ്ടാവും.

ആലുപ്പഴയില്‍ മൂന്നുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലും വില്ലന്‍ മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങ് ആയിരുന്നു. തങ്ങളുടെ മൊബൈലില്‍ പെണ്‍കുട്ടികളുടെ ‘നീലചിത്രങ്ങള്‍’ ഉണ്ടന്നും തങ്ങളെ അനുസരിക്കാതിരുന്നാല്‍ ആ ചിത്രങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നുംഉള്ള ചില ആണ്‍കുട്ടികളുടെ ഭീക്ഷണിക്ക് മുന്നില്‍ വഴങ്ങാതെ ആണ് ആ പെണ്‍കുട്ടികള്‍ മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്. തങ്ങള്‍ ഒരിക്കലുംആ ആണ്‍കുട്ടികള്‍ പറയുന്നതുപോലെയുള്ള ഫോട്ടോകള്‍ക്ക് നിന്നിട്ടില്ല എന്ന് പെണ്‍കുട്ടികള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടന്ന് അറിയുമ്പോഴാണ് മോര്‍ഫിംങ്ങ് വില്ലനാകുന്നത്. വിനോദയാത്രയ്ക്കിടയില്‍ എടുത്ത പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രൂപമാറ്റം വരുത്തിയായിരിക്കണം ആണ്‍കുട്ടികള്‍അവരെ ബ്ലാക്ക് മെയിലിംങ്ങ് ചെയ്തത്.

പുനലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ആത്മഹത്യാ റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുട്ടികളെ കുളത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതും മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങിന്റെ കഥ. മോമ്പൊടിക്ക് പ്രണയവും പ്രണയനൈരാശ്യവും ഉണ്ടായിരുന്നു എന്ന് മാത്രം. ആദ്യകാമുകന്റെ ഭീക്ഷണിയും രണ്ടാമത്തെ കാമുകന്റെ വിവാഹനിര്‍ബന്ധവും ഒക്കെച്ചേര്‍ത്തുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ് കാമുകിയും അവളുടെ കൂട്ടുകാരിയും ആത്മഹത്യ ചെയ്തത്. ഇവിടേയും വില്ലനായത് മൊബൈല്‍ എടുത്ത(?) ഫോട്ടോകള്‍ ആണ്.

എറണാകുളത്ത് ഞാന്‍ കണ്ടത് : മേനകയിലെ പയനിയര്‍ ബില്‍ഡിംങ്ങിലെ മറൈന്‍ഡ്രൈവിന് അഭിമുഖമായ വഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് ഞാനിത് കണ്ടത്. കായലിലെ കാറ്റേറ്റ് പ്രേമസല്ലാപങ്ങളില്‍ മുഴുകി ബഞ്ചില്‍ ഇരിക്കുന്ന കാമുകീകാമുകന്മാര്‍. മറ്റാരും മറൈന്‍ ഡ്രൈവില്‍ ഇല്ല എന്നുള്ള രീതിയിലാണ് അവരുടെ പെരുമാറ്റം. ഞാനെന്റെ അടുത്ത് നിന്നവനെ നോക്കി. അവനിതല്ലാം ആസ്വദിച്ച് കാഴ്ചകള്‍ മൊബൈലില്‍പകര്‍ത്തുകയാണ്. ക്യാമറയുടെ ഡിസ്‌പ്ലേ ഉള്ളംകൈയ്യില്‍ പിടിച്ചാണ് അവന്റെ വീഡിയോ റിക്കോര്‍ഡിംങ്ങ്. ഇടയ്ക്കിടെ അവന്‍ ഡിസ്‌പ്ലേയിലേക്ക് നോക്കുന്നുണ്ട്. ഞാന്‍ അവിടെ നിന്ന് മാറുമ്പോഴും അവന്‍ റിക്കോഡിംങ്ങ് തുടരുകയായിരുന്നു.

മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന , ചെയ്യപ്പെട്ട ചൂടന്‍ വീഡിയോ ക്ലിപ്പിങ്ങുകളിലൊന്നും ആണുങ്ങളുടെ മുഖംവ്യക്തമല്ല. കോട്ടയത്തെ ബാങ്ക് ജീവനക്കാരിയുടെ പേരിലും , തൃശ്ശൂരിലെ ഒരു കന്യാസ്ത്രിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ട ക്ലിപ്പിങ്ങുകളില്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെട്ടത് സ്ത്രികള്‍ മാത്രമായിരുന്നു. അതില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ ഇപ്പോഴും സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കുന്നു. നഷ്ടപ്പെട്ടതും സമൂഹത്തിന്റെ ചാട്ടവാറുകള്‍ ഏല്‍ക്കേണ്ടി വന്നതും സ്ത്രികള്‍ക്കു മാത്രം....

ഈ മൈബൈല്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഒരൊറ്റ വഴിയേ ഉള്ളു. സ്വയം സൂക്ഷിക്കല്‍. നിങ്ങളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്,നിങ്ങളുടെ മേല്‍ ആരുടയോക്കയോ മൊബൈല്‍ ക്യാമറക്കണ്ണുകള്‍ നിങ്ങളുടെ നേരെയുണ്ടന്ന് കരുതുക. സ്വയം അപകടത്തില്‍ ചെന്ന് ചാടാതിരിക്കുക. നിങ്ങളുടെ അനുവാദം ഇല്ലാതെ ആരെങ്കിലും നിങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഉടന്‍ തന്നെ നിയമസംരക്ഷണത്തിന്റെ വഴിയേപോവുക. ആരെങ്കിലും നിങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ ‘തൊട്ടാവാടി’ വനിത അല്ലന്ന് നാലാളെ അറിയിക്കാന്‍ പ്രതികരിക്കാതിരുന്നാല്‍ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് തന്നെയാണ് .

മൊബൈല്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല സ്ത്രികളും അവരുടെ ഫോണ്‍ ഇടയ്ക്കിടെ മാറ്റാറുണ്ട്. ചിലര്‍ മൊബൈല്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.ആ സംഭവങ്ങളിലേക്ക് അടുത്ത ആഴ്ച

അമ്മയെ തിരിച്ചറിയാത്തവര്‍ :


മുകളിലെ വാര്‍ത്ത 2009 മാര്‍ച്ച് 13 ലെ മനോരമയിലെയാണ് ...


നമ്മള്‍ മനുഷ്യര്‍ എത്രമാത്രം അധപതിച്ചിരിക്കുന്നു...


വഹിച്ച ഗര്‍ഭപാത്രത്തോട് വരെ ക്രൂരത ചെയ്യാന്‍ മടിയില്ലാത്തവരായി മനുഷ്യര്‍ തീര്‍ന്നിരിക്കുന്നു.....


മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ അധപതിക്കുകയാണോ?


പരസ്പരം വെട്ടിക്കീറുന്ന മനുഷ്യര്‍ക്ക് പിന്നാലെ അമ്മയോടും ക്രൂരത കാണിക്കുന്നവരുടെ സമൂഹമായിനമ്മള്‍ മാറുന്നുവോ ?


മാതാവിനേയും പിതാവിനേയും ഗുരുവിനേയും ദൈവമായി കാണുന്ന ആര്‍ഷ സംസ്ക്കാരം നമുക്ക് അന്യമാവുകയാണോ ?

Thursday, March 12, 2009

ചെന്നിത്തലയുടെ മന്ത് :

സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടിനിരത്തലാണന്ന് ചെന്നിത്തലയുടെ പരാതി. സിറ്റിംങ്ങ് എം.പി മാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് അവര്‍ എം.പി എന്ന നിലയില്‍ പരാജയമായിരുന്നു എന്ന് സി.പി.എം. തന്നെ സമ്മതിക്കുന്നതുകൊണ്ടാണ് സിറ്റിംങ്ങ് എം.പി മാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് എന്നു കൂടി ചെന്നിത്തല പറഞ്ഞു.

സി.പി.എം.മ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ചെന്നിത്തലയ്ക്ക് പിടിച്ചില്ലന്ന് ചുരുക്കം. ഇടതുപക്ഷത്ത് ഇപ്പോഴും സീറ്റ് വിഭജന ചര്‍ച്ചപൂര്‍ത്തിയായിട്ടില്ലന്ന് ഓര്‍ക്കണം. ഒരു മാസം മുന്‍പേ സീറ്റ് വിഭജന ചര്‍ച്ച കഴിഞ്ഞ് തങ്ങള്‍ മത്സരിക്കുന്ന സീറ്റുകള്‍ ഏതെല്ലാമാണന്ന് ഉറപ്പിച്ച കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പതിനേഴ് മണ്ഡലങ്ങളിലേക്ക് നൂറു പേരുടെ സാധ്യതാ ലിസ്റ്റുമായി ഡല്‍ഹിക്ക് പോയ ചെന്നിത്തല സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെ വിശകലനം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടിനിരത്തലാണന്ന് ആരോപിക്കുന്നത് എന്തുകൊണ്ടാണ് ? സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചിട്ട് പോരെ മറ്റൊരു പാര്‍ട്ടിയുടെ ലിസ്റ്റിനെ വിശകലനം ചെയ്യാന്‍ ????????

സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പുതുമുഖങ്ങളും യുവജന-വിദ്യാര്‍ത്ഥി സംഘടനയില്‍ ഉള്ളവരും സ്ഥാനം പിടിച്ചത്ചെന്നിത്തലയ്ക്ക് ഇഷ്ടപെട്ടിടുണ്ടാവില്ല. തങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് യൂത്തന്മാരും കെ.എസ്.യു. ക്കാരുംവാശിപിടിച്ചാല്‍ ചെന്നിത്തല എന്ത് ചെയ്യും.??? ജനസ്നേഹികളായ അമ്പതുവയസുകഴിഞ്ഞ യുവാക്കന്മാര്‍ക്ക് പോലും സീറ്റ് കൊടുക്കാന്‍ പെടാപാടുപെടുന്ന ചെന്നിത്തല ഇനി എന്ത് ചെയ്യും???

സിറ്റിംങ്ങ് എം.പി മാരുടെ കഴിവ് ജനങ്ങള്‍ക്ക് മനസിലായതുകൊണ്ടാണല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംങ്ങ് എം.പിമാരെയെല്ലാം ജനങ്ങള്‍ വീട്ടില്‍ ഇരുത്തിയത്. ആരോ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം കൊടുത്തതുകൊണ്ട്ചെന്നിത്തലയ്ക്ക് മാത്രം വീട്ടിലിരിക്കാതെ പാര്‍ട്ടിയെ വളര്‍ത്താന്‍ പറ്റി. പക്ഷേ പാര്‍ട്ടിയുടെ വളര്‍ച്ച കിഴുക്കാം‌പാട് ആയിരുന്നു എന്ന്മാത്രം. കെ.പി.സി.സിയുടെ ഏറ്റവും വേസ്റ്റ് പ്രസിഡണ്ട് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടി ചരിത്ര പുസ്തകങ്ങള്‍മറിക്കേണ്ട കാര്യമില്ലന്ന് കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കും. എം.പി എന്ന നിലയില്‍ ജനങ്ങളെ അങ്ങ് സേവിച്ച് കൊന്നതുകൊണ്ടാണ് മാവേലിക്കരക്കാര്‍ ചെന്നിത്തലയെ തോല്‍പ്പിച്ചത്.

നാലും അഞ്ചും പ്രാവിശ്യം എം.പിമാര്‍ ആയിരുന്നവര്‍ക്ക് സീറ്റ് നല്‍കാതെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ചെന്നിത്തലയ്ക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കഴിയുമോ? തങ്ങള്‍ ജനിച്ചതുതന്നെ എം.പി ആകാന്‍ വേണ്ടിയാണന്നുള്ള മനോഭാവത്തില്‍ സീറ്റിനുവേണ്ടി ഇറങ്ങിത്തിരിച്ചവരെ നിലയ്ക്ക് നിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് കഴിയുമോ? സ്ഥാനാര്‍ത്ഥികളുടെപേരില്‍ തെരിവില്‍ തല്ലി കോലം കത്തിക്കുന്നത് ഏത് പാര്‍ട്ടിയിലാണ്. തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ക്ക്ജനങ്ങള്‍ ബാലറ്റിലൂടെ പ്രതിഫലം നല്‍കുമെന്ന് പേടിച്ച് മണ്ഡലം മാറുന്നത് ഏത് പാര്‍ട്ടിയിലാണ് ? മറ്റ് എല്ലാ പാര്‍ട്ടികളുംസ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കേരളത്തില്‍ തന്നെ നടത്തുമ്പോള്‍ ചെന്നിത്തലയും സംഘവും സ്ഥാനാര്‍ത്ഥികളെ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോകുന്നത് എന്തിനുവേണ്ടിയാണ് ?

തന്റെ രണ്ടു കാലിലേയും മന്ത് മൂടിവച്ചിട്ട് മുണ്ട് മടക്കികുത്തി തലയുയര്‍ത്തി പോകുന്ന ഒറ്റക്കാലന്‍ മന്തനെ പരിഹസിക്കുന്നതുപോലെ അല്ലേ ചെന്നിത്തലയുടെ പ്രസ്താവനകള്‍ ? കോണ്‍ഗ്രസിന്റെ പട്ടിക വരുമ്പോള്‍ എന്തെല്ലാമാണ് നടക്കാന്‍ പോകുന്നത് ? കാണന്‍ പോകുന്ന പൂരം നമുക്ക് കണ്ട് തന്നെ അസ്വദിക്കാം.............

Sunday, March 8, 2009

കേരളത്തില്‍ 100 ലോക്‍സഭാസീറ്റ് !!!!!!!!!

കേരളത്തിലെ ഇരുപത് ലോക്‍സഭാ സീറ്റുകൊണ്ട് ആര്‍ക്കും തൃപ്തിവരാത്തതുകൊണ്ട് കൊച്ചുകേരളത്തിലെ ലോക്‍സഭാ സീറ്റുകളുടെ എണ്ണം നൂറാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവിശ്യപ്പെടാന്‍ പോവുകയാണ്. ഏതായാലും ഈ വര്‍ഷത്തെ തിരഞ്ഞെ ടുപ്പില്‍ ഇരുപതുകൊണ്ട് നമ്മള്‍ തൃപ്തിപ്പെടണം. എടുപിടീന്നങ്ങ് സീറ്റിന്റെ എണ്ണം കൂട്ടാന്‍ ലോക്സ്ഭസീറ്റ് +2 സീറ്റുകളൊന്നും അല്ലല്ലോ? ഈ ഇരുപതുസീറ്റുകൊണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ എന്തെല്ലമാണ് സംഭവിച്ചത് ?

കൊല്ലത്തെ RSP ക്കാര്‍ക്ക് മാനവും പോയി സീറ്റും പോയി. ജനതാദളിനു ആണങ്കില്‍ കോഴിക്കോട് പോയി. സി.പി.ഐ. യ്ക്ക് പൊന്നാനി കയ്യാലപ്പുറത്തെ തേണ്ടാപോലെയായി. കോണ്‍ഗ്രസിലാണങ്കില്‍ JSS,CMP,കേരളകോണ്‍ഗ്രസ് (ബി) തുടങ്ങിയവര്‍ക്ക് വെറുതെ യെങ്കിലും ലോക്‍സഭാസീറ്റ് സ്വപ്നം കാണാന്‍ ഇപ്പോള്‍ പറ്റുമോ ? ഒരു നൂറ് ലോക്‍സഭാ സീറ്റുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. കോണ്‍‌ഗ്രസിനും ഇടതുപക്ഷത്തിനും 100 ഒരു പ്രശ്‌നമല്ലങ്കിലും ബി.ജെ.പി.ക്കും ,NCP ക്കും നൂറ് ഒരു പ്രശ്നമാണ്. 20 സീറ്റില്‍ തന്നെ ആളെ നിര്‍ത്താന്‍ ബി.ജെ.പി പെടാപാടുപെടുകയാണ്. ഒരു കൂട്ടരുപറയുന്നു; പകുതി സീറ്റില്‍ മത്സരിച്ചാല്‍ മതിയന്ന് , ഒരു കൂട്ടര്‍ പറയുന്നു എല്ലാ സീറ്റിലും മത്സരിക്കണമെന്ന് , വേറൊരു കൂട്ടര്‍ പറയുന്നത് പകുതിയില്‍ മത്സരിച്ച് പകുതിയില്‍ സ്വതന്ത്രന്മാരെ
പിന്തുണയ്ക്കുണമെന്ന്. ഏതായാലും 2008 ല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ഇതുവരെ കഴിഞ്ഞില്ല. കേരളത്തില്‍ ലോക്‍സഭാസീറ്റുകളൊന്നും വേണ്ടാ എന്ന നിലപാടായിരിക്കും NCP യ്ക്ക്. കുറച്ചുഎം.എല്‍.എ മാരുമായി അടങ്ങിയൊതുങ്ങി എല്‍.ഡി.എഫില്‍ ജീവിച്ചു വന്നപ്പോഴാണ് കേരളം മൊത്തംകൂടി NCP ഒറ്റയ്ക്ക്എടുക്കുമെന്ന് പറഞ്ഞ് ഒരു വിദ്വാന്‍ NCP യില്‍ എത്തിയത്. അവസാനം ഉള്ളതുകൂടി പോയപ്പോള്‍ സമാധാനം ആയി. പക്ഷേ ഡയലോഗുകള്‍ക്കൊന്നും ഒരു കുറവും ഇല്ല. ഉണ്ണിയെ കാണുമ്പോഴേ ഊരിലെ പഞ്ഞം അറിയാമെങ്കിലും ആനമെലിഞ്ഞാലുംതൊഴുത്തില്‍ കെട്ടാത്തവരാണ് ഉണ്ണിയുടെ ഊരുകാര്‍ എന്നതുകൊണ്ട് പത്രസമ്മേളനം നടത്തി പാര്‍ട്ടിയെ വളര്‍ത്തുന്നുണ്ട്. പക്ഷേ വളര്‍ച്ച
പടവലങ്ങപോലെയാണന്നേയുള്ളു.



ഇടതുപക്ഷത്ത് സീറ്റ് വിഭജനത്തില്‍ അടിയൊക്കെ നടക്കുമെങ്കിലും സീറ്റ് വിഭജിച്ചു കഴി ഞ്ഞാല്‍ പിന്നെ പ്രശ്നമൊന്നും ഇല്ല. പക്ഷേ വലുതുപക്ഷത്തില്‍ ; ഇരുപതുസീറ്റില്‍ രണ്ടെ ണ്ണത്തെ വലുച്ചെടുത്ത് മുസ്ലീം‌ലീഗിനും ഒരെണ്ണത്തെ എടുത്ത് മാണിസാറിനും കൊടുത്ത് വിട്ടിട്ട്രണ്ടാഴ്ച് കഴിഞ്ഞു. ജോസ് മോനും അഹമ്മദ് സാഹിബും ഇ.റ്റി. സാറും പ്രചരണം തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥിപോലുംപുറത്തുവന്നില്ല. പതിനേഴ് സീറ്റിനു വേണ്ടി നൂറിലധികം യോഗ്യന്മാരാണ് സാധ്യതാ ലിസ്റ്റില്‍. കോണ്‍ഗ്രസിന്റെ അംഗത്വലിസ്റ്റിലുള്ളവരെല്ലാംസാധ്യതാ ലിസ്റ്റില്‍ ഉണ്ടന്നാണ് തോന്നുന്നത്. അല്ല ജനങ്ങളെ സേവിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ജനാധിപത്യ
വ്യവസ്ഥയില്‍ വകുപ്പ് ഇല്ലല്ലോ ? ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് വരുന്നവന് ജനപിന്തുണയുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ല. ‘പിന്തുണ’യുള്ള വന്‍ പുറകിലുണ്ടോ സീറ്റുറപ്പ്. ഇന്ന സീറ്റിലെ ജനങ്ങളേ തങ്ങള്‍ സേവിക്കുകയുള്ളു എന്നൊന്നും കോണ്‍‌ഗ്രസുകാര്‍ക്ക് നിര്‍ബന്ധമില്ല. “പാര്‍ട്ടിപറഞ്ഞാല്‍ എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കും” എന്നാ‍ണ് പാര്‍ട്ടി വിധേയരായ എളിയ പാര്‍ട്ടിപ്രവര്‍ത്തകരു ടെ അഭിപ്രായം. അതുകൊണ്ട് തന്നെ തിരുവന്തപുരത്തും വയനാട്ടിലും തൃശ്ശൂരിലും ഒക്കെയു ള്ള സാധ്യതാലിസ്റ്റില്‍ പേര് വന്നവരുണ്ട്.ഈ പത്തു നൂറ് യോഗ്യന്മാരുടെ യോഗ്യത എന്താ ണന്ന് മാത്രം നമുക്കറിയില്ല. എല്ലാവരും പറയുന്നത് എനിക്ക് യോഗ്യതയുണ്ട് എനിക്ക് യോഗ്യതയുണ്ട് എന്നാണ്. (കഴിഞ്ഞ ഇലക്ഷനില്‍ എറണാകുളത്തുനിന്ന് ജയിച്ചുപോയ സെബാസ്‌‌റ്റ്യന്‍ പോള്‍ അഞ്ചുവര്‍ഷം കൊണ്ട് ചോദിച്ചത് നാലു ചോദ്യങ്ങളാണ് . ലോക്‍സഭയില്‍ പുള്ളിക്കാരന്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ലങ്കിലും ‘മാധ്യമ വിചാര’ത്തി ലൂടെ കുറേ ചോദ്യങ്ങള്‍ ജനങ്ങളോട് അദ്ദേഹം ചോദിച്ചതാണ് ....).



കോണ്‍ഗ്രസിലെ ഗ്രൂപ്പ് ഒരു സുപ്രഭാതത്തില്‍ ഇല്ലായതാണ്. ഗ്രൂപ്പ് പരിഗണിച്ച് സീറ്റ് വീതം വയ്ക്കുന്നതാണ് ഇതിലും ഭേദം എന്ന് കോണ്‍ഗ്രസുകാര്‍ക്ക്ഇപ്പോള്‍ തോന്നിയിട്ടുണ്ടാവും. സ്ഥാനാര്‍ത്ഥിയെ ഗ്രൂപ്പുകാരന്‍ നോക്കുമായിരുന്നു. ഇന്ന് അതാണോ സ്ഥിതി. പത്തുനൂറ് പേരുടെ ഒരു സാധ്യതാപട്ടികഎന്നൊരു സാധനം ഉണ്ട് ,അതും പേരാഞ്ഞിട്ട് കരുണാകരന്‍ വക മറ്റൊരു ലിസ്റ്റ്. അതിലുമുണ്ട് പത്തിരുപത് പേര്‍. ആകെ പതിനേഴ് സീറ്റും ഉണ്ട്..
നൂറ്റമ്പതു ആള്‍ക്കാരുമുണ്ട്. ഇവരെയൊക്കെ ഒന്നു സ്ക്രീന്‍ ചെയ്യാന്‍ ഒരു ഒന്‍പതംഗ സ്ക്രീനിങ്ങ് കമ്മറ്റിയെ ഉണ്ടാക്കിയിട്ടുണ്ട്. അവരു സ്ക്രീന്‍ ചെയ്ത് വരുമ്പോഴേക്കും അടുത്ത പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം കഴിഞ്ഞിട്ടുണ്ടാവും. ഒരു സ്ഥാനാര്‍ത്ഥിയേയും കെട്ടിയിറക്കരുതെന്ന് എല്ലാ ജില്ലാകോണ്‍ഗ്രസ് കമ്മറ്റികളും പറഞ്ഞിട്ടുണ്ട്. കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തള്ളിപ്പറയുകയൊന്നും ഇല്ല. അങ്ങനെ പറയണമെന്ന് നിര്‍ബന്ധമാണങ്കില്‍ റായ്‌ബേലിലും അമേഠിയും ഡല്‍ഹിയുടെ ഭാഗമാകണം.



കേരളത്തില്‍ ഇരുന്നൂറ് ലോക്‍സഭാമണ്ഡലങ്ങള്‍ ഉണ്ടായാലും കോണ്‍ഗ്രസിലെ അടിക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല. കോണ്‍ഗ്രസില്‍ എല്ലാവരും യോഗ്യന്മാരാണ് . ജനിച്ച അന്നുമുതല്‍ മരിക്കുന്നതുവരെ ലോക്സഭയിലോ രാജ്യസഭയിലോ കൊണ്ടിരുത്താമോ കോണ്‍ഗ്രസിലെ പകുതിനേതാക്കന്മാര്‍ക്കും സമാധാനമാവും. കേരളത്തിലെ ഓരോ താലൂക്കും ഒരു ലോക്‍സഭാമണ്ഡലമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്
പുറപ്പെടുവിക്കണം. രാഷ്ട്രീയത്തില്‍ മതനേതാക്കള്‍ ഇടപെടുന്നത് പരിഗണിച്ച് അവര്‍ക്ക് രണ്ടൊ മൂന്ന് സീറ്റ് സംവരണമായി നല്‍കുകയും വേണം.കോണ്‍‌ഗ്രസിന്റെ ഇപ്പോഴത്തെ നില അനുസരിച്ച് കേരളത്തിലെ ഒരു ലോക്‍സഭാസീറ്റ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനം കേന്ദ്രീകരിച്ച്രൂപീകരിക്കുകയും വേണം. വടക്കന്മാര്‍ക്ക് വേണ്ടിയുള്ള സംവരണമണ്ഡലമായി ഇതിനെ പ്രഖ്യാപിക്കുകയും വേണം. ഇടുക്കി,ഉടുമ്പഞ്ചോല
സേനാപതിക്കാരില്‍ ഒരുത്തനും ഈ സംവരണമണ്ഡലത്തില്‍ എത്തിപ്പോലും നോക്കരുത്.



കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച തൃശ്ശൂരിനെക്കുറിച്ചാണ് . വടക്കൂന്ന് ഒരുത്തനും ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞിട്ടും വടക്കന്‍ തെക്കോട്ടേ വരത്തുള്ളു. രണ്ടുവര്‍ഷം മുമ്പേ നോക്കിയിരുന്ന ഒരു സീറ്റാ തൃശ്ശൂര്‍ !! എത്രനാളന്നുവച്ചാ പത്രക്കാരുടെ മുന്നിലിരുന്ന് വായിട്ടലയ്ക്കുന്നത്. കുറച്ചു നാളു ലോക്‍സഭയിലും പോയിരിക്കാന്‍ ന്യായമായ ആഗ്രഹം ഉണ്ടാവില്ലേ? പക്ഷേ നാട്ടുകാര്‍ അത് സമ്മതിക്കില്ലന്ന് വച്ചാല്‍ എന്താ ചെയ്യുക. വടക്കന്‍ നാലുപ്രാവിശ്യം പ്രസംഗിച്ചാല്‍ കെട്ടിവച്ച കാശ് കിട്ടത്തില്ലന്നാ അഴിക്കോട് മാഷിന്റെ പ്രവചനം. തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിവ് മാഷിന് കിട്ടിയത് ഇപ്പോഴാണ് . പണ്ടങ്ങാണം ഈ കഴിവ് കിട്ടിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റവന്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷപെടാമായിരുന്നു. ഏതായാലും വടക്കന്‍ ഇത്രയെങ്കിലും മലയാളം പറയുന്നുവല്ലോ എന്ന് മാഷിന് ആശ്വസിക്കാമായിരുന്നു. പാലാക്കാട്ട്
മത്സരിക്കുമെന്ന് പറഞ്ഞ് കേള്‍ക്കുന്ന ശശി തരൂരിനെക്കുറിച്ച് മാഷിങ്ങിനങ്ങാണം പറയുമോ? പറഞ്ഞാല്‍ കൊതിക്കെറുവാണന്നേ നാട്ടുകാര്‍ പറയൂ.തരൂരിനെക്കാള്‍ ഭംഗിയായി മലയാളം വടക്കന്‍ പറയുന്നുണ്ട്. മലയാളികളെല്ലാം മലയാളം പറയണമെന്ന് വാശിപിടിക്കാന്‍ മാഷിന് പറ്റുമോ?പ്രകാശ് കാരാട്ട് മലയാളത്തില്‍ പ്രസംഗിക്കണം എന്ന് മാഷ് പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ ..!!!!!!!!!!


വടക്കന്‍ ഏതായാലും വടക്കുതന്നെ പത്രക്കാരെയൊക്കെ കണ്ട് ചാനല്‍ ചര്‍ച്ചകളിലൊക്കെ പങ്കെടുത്ത് ഇരിക്കുന്നതാണ് നല്ലതും കേരളത്തിലെജനങ്ങള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്‍. അഴിക്കോട് മാഷ് ആവേശത്തില്‍ കുറച്ച് കൂടുതല്‍ പറഞ്ഞന്നേയുള്ളു. ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.

തമ്മിലടിച്ചാലും കോണ്‍‌ഗ്രസ് കുറച്ച് സീറ്റ് നേടും. സ്വന്തം കളി നന്നായതുകൊണ്ടല്ല എതിര്‍പക്ഷം സെല്‍‌ഫ് ഗോളടിക്കുന്നതുകൊണ്ട് മാത്രം ആയിരിക്കും കോണ്‍‌ഗ്രസിന്റെ വിജയം. കോണ്‍ഗ്രസില്‍ ഇത്രയും യോഗ്യന്മാ‍ര്‍ ഉണ്ടായിട്ടും ഇപ്പോഴും എന്തിനാണ് നോമിനേറ്റഡ് സ്ഥാനങ്ങള്‍എന്ന് മനസിലാവുന്നില്ല. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ട് വര്‍ഷങ്ങളെത്രെയായി. സംഘടനയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോരേസംഘടനാതിരഞ്ഞെടുപ്പ് എന്നാരെങ്കിലും ചോദ്യകര്‍ത്താവ് ആവിശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് എന്നേ പറയാനുള്ളു.

കേരളത്തില്‍ നൂറ് ലോക്‍സഭാസീറ്റുകള്‍ ആവിശ്യമുണ്ടോ എന്ന് പതിനഞ്ചാം തീയതി കഴിയുമ്പോള്‍ നമുക്ക് അവസാനതീരുമാനം എടുക്കാം .. അതുവരെ തമ്മില്‍തല്ല് കണ്ടുകൊണ്ടിരിക്കാം....

Thursday, March 5, 2009

ആവിശ്യമുണ്ട് : നോ ഐഡിയ വാര്‍ സിങ്ങര്‍ 2009 ലേക്ക്


നോ ഐഡിയ വാര്‍ സിങ്ങര്‍ 2009 ലേക്ക് താഴെപ്പറയുന്നവരെ ആവിശ്യമുണ്ട്.



1.അവതാരക - 1

2.ജഡ്‌ജസ് - 5

3. സെല്‍ബ്രിറ്റി ഗസ്റ്റ് ജഡ്‌ജ് - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

4. കണ്‍‌ടെസ്റ്റന്റ്- ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

5. പക്കമേളക്കാര്‍ - 15

6. കാണികള്‍ - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.



യോഗ്യതയും പരിചയവും :



1. അവതാരക : ഒഴിവ് ഒന്ന്

ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്ന ആള്‍ ശരിക്കും ഒരു അവതാരം തന്നെ ആയിരിക്കണം. നാണവും മാനവും ഏഴയലോക്കത്തുകൂടി പോയ ആള്‍ ആയിരിക്കരുത്. ആക്കിയുള്ള ചിരി, വെറുതെയുള്ള പൊട്ടച്ചിരി , ഇളിക്കല്‍ , പൊട്ടിച്ചിരി, വളിച്ച തമാശപറഞ്ഞ് ചമ്മലില്ലാതെ സ്വയം ചിരിക്കാനുള്ള കഴിവൊക്കെ ഉണ്ടായിരിക്കണം. ( ഈ കഴിവ് സ്ക്രീന്‍ ടെസ്റ്റിങ്ങില്‍ പരിശോധിക്കുന്നതായിരിക്കും.). എങ്ങനേയും വസ്ത്രം ധരിക്കാനുള്ളകഴിവ് ഉണ്ടായിരിക്കണം. അംഗലാവണ്യം കാണിച്ച് ജനങ്ങളെ ബോറടിപ്പിച്ച് കത്തിവച്ച് പ്രോഗ്രാം വലിച്ചു നീട്ടി ഒരു മണിക്കൂര്‍ എത്തിക്കാനുള്ളകഴിവും ഉണ്ടായിരിക്കണം. മലയാളം കൊലയാളമാക്കി മലയാളികളെ കൊല്ലാക്കൊലചെയ്യാനുള്ള കഴിവ് അധിക യോഗ്യതയായിരിക്കും.



അപേക്ഷക സംസാരിക്കുമ്പോള്‍ ബാസ് കൂട്ടി സംസാരിക്കാന്‍ ശ്രമിക്കണം. ചുണ്ടുകള്‍ക്കിടയിലൂടെ പുറപ്പെടുവിക്കേണ്ട അക്ഷരങ്ങള്‍നാക്കില്‍ക്കൂടി പുറപ്പെടുവിക്കാന്‍ അറിഞ്ഞിരിക്കണം. (ഉദാഹരണമായി യുണ്ണിയെറ്റാറ്റാ , കണ്ട^സ്റ്റ്ന്റ് തുടങ്ങിയ വാക്കുകള്‍) . പുട്ടിന് പീര വയ്ക്കുന്നതുപോലെ ഇടയ്ക്കിടയ്ക്കേ മലയാളം പറയാവൂ. രണ്ട് വാക്ക് മലയാളം പറഞ്ഞാല്‍ നാലുവാക്ക് ഇംഗ്ലീഷില്‍ പറഞ്ഞിരിക്കണം.(അതാര്‍ക്കെങ്കിലും മനസിലാകണമെന്ന് നിര്‍ബന്ധമില്ല.). മത്സരവേദിയില്‍ ‘S’ പോലെ നില്‍ക്കാന്‍ കഴിയണം. മൈക്കിലൂടെ എന്തും പറയാം. സാരിയാണ് വേഷമെങ്കില്‍ ബ്ലൌസ് ഇടാന്‍ മറന്നാലും സാരി താഴ്ത്തിയുടുക്കാന്‍ മറക്കരുത്.



ജഡ്‌ജസ് മത്സരിക്കാന്‍ വരുന്നവരെ ‘വധിക്കുമ്പോള്‍’ ജഡ്‌ജസിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം. ഹനുമാന്‍ ഗദ കൊണ്ടുനടക്കുന്നതുപോലെ കൈയ്യിലെപ്പോഴും മൈക്ക് കൊണ്ടു നടക്കണം.‘കണ്‍‌ടെസ്റ്റന്റ് ‘ പുറത്താകുമ്പോള്‍ ഗ്ലിസറിനില്ലാതെ കരഞ്ഞ് കാണിക്കണം.(അവതാര കയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ വെള്ളമടിച്ച് കൂതറത്തരങ്ങള്‍ കാണിക്കുകയില്ലന്നും അഥവാ വെള്ളമടിച്ചാല്‍ സെറ്റില്‍ വന്ന് വാളുവയ്ക്കുകയില്ലന്നും ആയിരം രൂപാപത്രത്തില്‍ എഴുതി ഒപ്പിട്ടു തരണം)



2. ജഡ്‌ജസ് : ഒഴിവ് അഞ്ച്

ആകെ അഞ്ച് ഒഴിവുകളില്‍ മൂന്നെണ്ണം സ്ഥിരം ഒഴിവും രണ്ടെണ്ണം ഇടക്കാല ഒഴിവുകളും ആണ് . സ്ഥിരം ഒഴിവുകളില്‍ ഒന്ന് സ്ത്രികള്‍ക്കായിസംവരണം ചെയ്തിരിക്കുന്നതാണ്. സ്ഥിരം ജഡ്‌ജിമാര്‍ പനി, തലവേദന, ഉളുക്ക്, ചതവ് തുടങ്ങിയവകൊണ്ട് സെറ്റുകളില്‍ വരാത്തസമയങ്ങളില്‍ മാത്രം ഇടക്കാല ജഡ്‌ജസുകള്‍ എത്തിയാല്‍ മതിയാകും.(മുന്‍ കൂട്ടി അറിയിക്കുന്നതാണ്).



സംഗീതത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ നിര്‍ത്താതെ പറയാനും അല്പം പാടാനും കഴിയണം എന്നതാണ് ജഡ്‌ജിമാരുടെ അടിസ്ഥാനയോഗ്യത. (ഇറച്ചിവെട്ടുകാര്‍ക്കും ഈ ഒഴിവില്‍ അപേക്ഷിക്കാ വുന്നതാണ് . മത്സരിക്കുന്നവനെ ശരിക്കങ്ങോട്ടങ്ങ് പെരുമാറാം!!!). പാട്ടുകാരന്‍, സംഗീതസംവിധാ യകന്‍ എന്നിവര്‍ക്ക് രണ്ട് ഒഴിവുകളില്‍ മുന്‍‌ഗണനയുണ്ടായിരിക്കും. പാട്ടുകാരന്‍ എന്ന നിലയില്‍ പാനലില്‍ എത്തുന്ന ആള്‍ ഒരു ട്രാക്കെങ്ങിലും പാടിയ ആളായിരിക്കണം. സംഗീത സംവിധായകന്‍ എന്ന നിലയില്‍ പാനലില്‍ എത്തുന്ന ആള്‍ ഒരു പാട്ടെങ്കിലും ചിട്ടപ്പെടുത്തിയിരിക്കണം.



മത്സരിക്കുന്നവന്‍ പാടുന്ന പാട്ടിനേയും അവന്റെ ശാരീരിക ചലനങ്ങളേയും കീറിമുറിച്ച് അവനെ കടിച്ചു കീറുക എന്നതാണ് ജഡ്‌ജിമാരുടെഅടിസ്ഥാന തൊഴില്‍. ‘കടിച്ചുകീറല്‍’ നടത്തിയതിനുശേഷം അവന് അഞ്ചോ പത്തോ മാര്‍ക്ക് കൊടുക്കുക എന്നതും ജോലിയുടെ ഭാഗമാണ്. ജഡ്‌ജിമാര്‍ക്ക് വേണമെങ്കില്‍ ‘പഞ്ചിംഗ് ‘ ഡയലോഗുകള്‍ ഉപയോഗിക്കാവുന്നതാണ്. (ഈ ‘പഞ്ചിംഗ് ‘ ഡയലോഗുകള്‍ക്ക് അശ്ലീലച്ചുവയുണ്ടങ്കില്‍നന്നായിരിക്കും). ജഡ്‌ജിമാര്‍ക്ക് ഇരുന്നുറങ്ങാനുള്ള സൈകര്യം ഏര്‍പ്പെടുത്തികൊടുക്കുന്നതാണ്. ജഡ്‌ജസിന് വേണമെങ്കില്‍ ചവച്ചുകൊണ്ടിരിക്കാം. (ചവയ്ക്കാന്‍ കപ്പലണ്ടി,നിലക്കടല, ബബിള്‍ക്കം തുടങ്ങിയവ അവരവര്‍ തന്നെ കൊണ്ടുവരണം). സ്വന്ത സംസാരത്തിന് അക്ഷരസ്‌ഫുടത ഇല്ലങ്കിലുംമത്സരിക്കുന്നവരുടെ ‘അച്ചരപുടത’ കണ്ടെത്തി അവരെ കൊല്ലാക്കൊല ചെയ്യാന്‍ തയ്യാറാവുന്നതോടൊപ്പം അറിയാവുന്ന ശബ്ദ്ദത്തില്‍ നാലുകീച്ചുകീച്ചി മത്സരിക്കുന്നവരെ പാടിച്ച്പാടിച്ച് കൊല്ലണം.



ജഡ്‌ജസുമാരും കഴിവതും മലയാളും ഉപയോഗിക്കാന്‍ പാടില്ല. ഇംഗ്ലീഷുമാത്രമായിട്ടും ഉപയോഗിക്കരുത്. കഴിയുമെങ്കില്‍ ലോകത്തിലുള്ള എല്ല ഭാഷകളും ഉപയോഗിച്ച് സങ്കരഭാഷയില്‍ സംസാരിക്കണം. ജഡ്‌ജിമാര്‍ക്ക് പുല്ലാങ്കുഴല്‍ ,വീണ, ഗഞ്ചിറ തുടങ്ങിയ സംഗീത ഉപകരണങ്ങള്‍കൈയ്യില്‍ വയ്ക്കാവുന്നതാണ്.



3. സെല്‍ബ്രിറ്റി ഗസ്റ്റ് ജഡ്‌ജ് - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

ഏതെങ്കിലും സിനിമയിലോ സീരിയലിലോ തലകാണിച്ചുള്ള പരിചയം മാത്രം ഉണ്ടായിരിക്കണം എന്നുള്ള ഒരു യോഗ്യത മാത്രമേ ഈ വിഭാഗത്തിലേക്ക് ആവിശ്യമുള്ളു. പാട്ടിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നുള്ളത് അധിക യോഗ്യത ആയിരിക്കും.തങ്ങളെക്കഴിഞ്ഞേ പാട്ടില്‍ആരും ഉള്ളു എന്നുള്ള മനോഭാവം മുഖത്ത് നിന്ന് മറ്റുള്ളവര്‍ക്ക് വായിച്ചെടുക്കാന്‍ പറ്റണം. വായില്‍ തോന്നുന്നതെന്തും പറയാനുള്ള ലൈസന്‍സ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഉണ്ടായിരിക്കും. എലി നിറപത്തായത്തില്‍ പാഞ്ഞു നടക്കുന്നതുപോലെ ഇവര്‍ക്ക് നടക്കാവുന്നതാണ്. പാട്ട്, ഡാന്‍സ്, വസ്ത്രം തുടങ്ങിയവയെ ക്കുറിച്ച് അഭിപ്രായം പറയാവുന്നതാണ്. ഈ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ച് മാത്രമേ പണിയുണ്ടാവുകയുള്ളു. ആഴ്ചാവസാനം വേദിയിലെത്തി ഒരു പാട്ടും പാടണം.ആരുടെ പാട്ട് കേട്ട് കൂടുതല്‍ ജനങ്ങള്‍ ടിവി തല്ലിപ്പൊട്ടിക്കൂന്നവോ അവരുടെ പണി കാലാവധി നീട്ടിക്കൊടുക്കുന്നതാണ്



4. കണ്‍‌ടെസ്റ്റന്റ് - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല


പാട്ട് പാടാന്‍ കഴിവുണ്ട് എന്നത് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാനുള്ള യോഗ്യതയില്‍ ഒന്നു മാത്രമാണ്. ഡാന്‍സ്, മിമിക്രി,പ്രശ്ചന്നവേഷം തുടങ്ങിയവയൊക്കെ അറിഞ്ഞിരിക്കണം. നിങ്ങളുടെ പാട്ടിനെക്കാള്‍ ‘പെര്‍‌ഫോമന്‍‌സി’നാണ് മുന്‍‌ഗണന നല്‍കുന്നത്. പാട്ട് പാടിഏറ്റവും കൂടുതല്‍ എസ്.എം.എസുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത റൌണ്ടിലേക്ക് കടക്കാവുന്നതാണ്. (പാട്ടുപാടി തെണ്ടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.). ജഡ്‌ജസ് എന്ത് പറഞ്ഞാലും അത് കേട്ട് “ഊം...”, “ശരി സര്‍..”, “ശരി മാഡം”, “താങ്കസ് ...” തുടങ്ങിയ വാക്കുകള്‍ മാത്രം ഉപയോഗിച്ച്മറുപിടി നല്‍കണം. ജ‌ഡ്‌ജസുമാരുടെ തല്ലുകൊള്ളിത്തരങ്ങള്‍കൊണ്ട് മൈക്ക് എടുത്തെറിഞ്ഞ് ഇറങ്ങിപ്പോവുകയില്ലന്ന് മത്സരാപേക്ഷകര്‍ എഴുതിത്തരണം.

5. പക്കമേളക്കാര്‍ - ഒഴിവുകള്‍ പതിഞ്ച്

ദുഃഖ സംഗീതത്തില്‍ സെപ്‌ഷ്യലൈസേഷന്‍ ചെയ്‌തിട്ടുള്ളവര്‍ക്ക് മുന്‍‌ഗണന നല്‍ക്കുന്നതാണ്. ശവമടക്കുകള്‍ക്ക് ബാന്റ്‌മേളം വായിക്കുന്നവര്‍ മാത്രം എലുമിനേഷന്‍ റൌണ്ടിലെ പക്കമേളത്തിന് അപേക്ഷിച്ചാല്‍ മതി.

6. കാണികള്‍ - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസക്കൂലിയായിരിക്കും. ഷൂട്ടിങ്ങുള്ള ദിവസം ഭക്ഷണം നല്‍കുന്നതാണ്. പാട്ടുകേട്ടതിനു ശേഷം ‘ടെക്നിക്കല്‍ ഹെഡ്’ പറയുമ്പോള്‍ കൈയ്യടിക്കുക എന്നതാണ് ജോലി. എലുമിനേഷന്‍ റൌണ്ടിലെ കാണികള്‍ കരഞ്ഞും കാണിക്കണം. അതിനാ വിശ്യമായ ഗ്ലിസറിന്‍ കമ്പിനി തന്നെ നല്‍കുന്നതാണ്. മത്സരിക്കുന്നവര്‍ പാട്ടുപാടുമ്പോള്‍ ക്യാമറ കാണിക്കുന്ന കാണികള്‍ തലയാട്ടുക,കൈകളില്‍ താളം പിടിക്കുക എന്നിവ ചെയ്തിരിക്കണം. ജഡ്‌ജിമാരുടേയും അവതാരകയുടേയും കമന്റുകളില്‍ പ്രതിഷേധിച്ച് സെറ്റ് തല്ലിത്തകര്‍ക്കാനും ജഡ്‌ജിമാരെ കൈയ്യേറ്റം ചെയ്യാനും അവതാരകയെ ഓടിക്കാനും ശ്രമിക്കാത്തവരെമാത്രമേ ഈ ഒഴിവിലേക്ക് പരിഗണിക്കയുള്ളു. ഷൂട്ടിംങ്ങ് കഴിയുമ്പോള്‍ തന്നെ അന്നത്തെ കൂലി തരുന്നതാണ്.

കാണികളെ മൊത്തമായും ചില്ലറയായും സപ്ലൈ ചെയ്യാന്‍ കഴിയുന്ന ബ്രോക്കര്‍മാര്‍ക്കും ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

നോ ഐഡിയ വാര്‍ സിങ്ങര്‍ 20009

“ ഞങ്ങള്‍ക്ക് എസ്.എം.എസ് ... നിങ്ങള്‍ക്ക് കണ്ണീര്‍ “

Sunday, March 1, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍- 1 :

അയാള്‍ക്ക് പ്രായം നാല്പതിനോടടുത്ത്. ഒരു ദിവസം അയാള്‍ ഒരു നമ്പരിലേക്ക് ഡയല്‍ ചെയ്തപ്പോള്‍ ഒരു അക്കം തെറ്റി ഫോണ്‍ കിട്ടിയത്ഒരു സ്ത്രിക്ക്. “റോങ്ങ് നമ്പര്‍“ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു. പിറ്റേന്ന് ഒരു രസത്തിനായി അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അന്നത്തെസംസാരം ഒരു മിനിട്ടില്‍ അവസാനിച്ചു. പിന്നീട് അയാള്‍ അവളെ വിളിക്കുക പതിവായി. സംസാരം മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക് മാറി. സൌഹൃദ ത്തില്‍ തുടങ്ങിയ സംസാരം ലോകകാര്യങ്ങളിലേക്കും സ്വകാര്യജീവിതത്തിലേക്കും മാറി. അയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. കുട്ടികള്‍ രണ്ടും ഹൈസ്കൂളില്‍ പഠിക്കുന്നു. അയാള്‍ക്ക് ബിസിനസ്. അവള്‍ക്കാണങ്കില്‍ നാലുവയസുള്ള ഒരു കുട്ടി. ഭര്‍ത്താവ് പട്ടാള ത്തില്‍. അവളുടെഫോണ്‍ സംസാരം നീളുന്നതിനെക്കുറിച്ച് അമ്മായിയമ്മ മകനോട് പരാതി പറഞ്ഞു. മകന്‍ നാട്ടിലെത്തി.അമ്മ എന്നും തന്നോട് വഴക്കാണ് എന്നുള്ളഭാര്യയുടെ പറച്ചിലില്‍ മകന്‍ അമ്മയെ വഴക്കുപറഞ്ഞു മടങ്ങി. മകന്‍ പോയി രണ്ടാഴ്ച് കഴിഞ്ഞ ഒരു ദിവസം രാവിലെ അമ്മ ഉണര്‍ന്നപ്പോള്‍മരുമകള്‍ വീട്ടിലില്ല. അന്വേഷ്ണത്തിനൊടുവില്‍ അവളെ തന്റെ ഫോണ്‍ സുഹൃത്തിനോടൊപ്പം കണ്ടെത്തി.


മറ്റൊരാളെ പരിചയപ്പെടാം. നാട്ടിലെ ചെറുപ്പക്കാര്‍ ഇവളെ വിളിക്കുന്നത് പുഞ്ചിരി. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ നടക്കുന്നതുകൊണ്ട് വിളിക്കുന്നതാണിങ്ങനെ. പുഞ്ചിരിക്ക് രണ്ട് കുട്ടികള്‍. പെണ്‍കുട്ടി ആറാം ക്ലാസിലും ഇളയ ആണ്‍കുട്ടി രണ്ടാക്ലാസിലും പഠിക്കുന്നു. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്ന് ഒരു സ്വകാര്യ കമ്പിനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്നു. പുഞ്ചിരിയും കുട്ടികളും താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അപ്പനും ഉണ്ട്. അമ്മ രണ്ട് വര്‍ഷം മുമ്പ് മരിച്ചുപോയി. കഴിഞ്ഞ(2008) നവംബറില്‍ ഒരു ദിവസം വൈകിട്ട് സപ്ലൈകോയില്‍സാദനം വാങ്ങാന്‍ പോയ പുഞ്ചിരി രാത്രിയായിട്ടും തിരിച്ചു വന്നില്ല. നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി. സപ്ലൈകോയില്‍ നിന്ന് സാദനം വാങ്ങാതെഒരു ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അന്വേഷ്ണം ഓട്ടോ വഴിയായി. വീട്ടില്‍ നിന്ന് പുഞ്ചിരിയുടെ സ്വര്‍ണ്ണാഭരണങ്ങളും കാണാതായിട്ടുണ്ട്. അപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് പോയതാണന്ന് തീര്‍ച്ചയായി. പിറ്റേന്ന് രാവിലെ ഒരു സ്ത്രി തന്റെ ഭര്‍ത്താവിനെത്തിരക്കി പുഞ്ചിരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചിത്രം വ്യക്തമായത് .പുഞ്ചിരിക്ക് വിവാഹത്തിനുമുമ്പ് ഒരാളുമായിഅടുപ്പമുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മറ്റൊരു വിവാഹം നടന്നത്. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുമ്പോഴാണ് , ഒരു വര്‍ഷത്തിനുമുമ്പ് പുഞ്ചിരിയും അയാളും വീണ്ടും കണ്ടതും മൊബൈല്‍ നമ്പരുകള്‍ കൈമാറിയതും. ഇതില്‍ ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് പുഞ്ചിരിയുടെ മകളാണ്. ഒരമ്മയുടെ കരുതലും സംരക്ഷണവും വേണ്ട സമയത്താണ് അവള്‍ക്കവളുടെ അമ്മയെ
നഷ്ടമായത്. ആ രണ്ടാംക്ലാസുകാരന്‍ ഇപ്പോഴും അമ്മയെ പ്രതീക്ഷിച്ച് (?) വാതിക്കല്‍ നിന്ന് റോഡിലേക്ക് നോക്കിനില്‍ക്കുന്നത് ഞാനിപ്പോഴുംകാണാറുണ്ട്. അവന്റെ അമ്മ അവനെ കാണാന്‍ തിരിച്ചു വരുമന്ന് ആ കുഞ്ഞ് മനസ് ആഗ്രഹിക്കുന്നുണ്ടാവും.



കഴിഞ്ഞ ആഴ്ച് കോന്നിക്കടുത്ത് ഒരു കൌമാരക്കാരന്‍ ആത്മഹത്യ ചെയ്തത് മൊബൈലി നെ ചൊല്ലി നടന്ന ചെറിയ വഴക്കിനെ തുടര്‍ന്നാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ചേട്ടന്‍ മൊബൈല്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വഴക്കുണ്ടാവുകയും അനുജന്‍ ഫോണ്‍ എടുത്തെറിയുകയും അത് തകരുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അനുജന്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുമ്പോള്‍ ആ ചേട്ടന്റെ മാനസികാവസ്ഥ
എന്തായിരിക്കും.??? ജീവിതാവസാനംവരേയും അവനെയത് വേട്ടയാടിക്കൊണ്ടിരിക്കും.



സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടങ്കിലും സ്കൂളുകളില്‍ ഫോണുമായി എത്തുന്ന കുട്ടികളുടെ എണ്ണം കുറവല്ല. ഇതില്‍ ഒരു നാല്‍പതുശതമാനത്തോളം കുട്ടിക ള്‍ക്കും വീട്ടില്‍ നിന്ന് വാങ്ങികൊടുത്തതായിരിക്കില്ല ഫോണ്‍. പിന്നീട് എവിടെ നിന്ന് ഇവര്‍ക്ക് ഈ ഫോണ്‍ കിട്ടി.ആണ്‍കുട്ടികളില്‍ പലരും സ്കൂളികളില്‍ വരാതെ കേറ്ററിംഗ് പണിക്ക് പോയാണ് ഫോണിനുവേണ്ടി പണം സമ്പാദിക്കുന്നത്. ചിലര്‍ മണല്‍ ലോറിക്ക്‘സെക്യൂരിറ്റി’ പണിക്ക് പോയിട്ടാണ് ഫോണ്‍ വാങ്ങുന്നത്. വീട്ടുകാര്‍ തന്നെ ഫോണ്‍ വാങ്ങിക്കൊടുത്ത കുട്ടികളുടെ കാര്യം എടുക്കുക; വീട്ടില്‍ നിന്ന്അരമണിക്കൂര്‍ യാത്രാദൂരം മാത്രം ഉള്ള കുട്ടികള്‍ക്ക് എന്തിനുവേണ്ടിയാണ് ഫോണ്‍ വാങ്ങി നല്‍കിയിരിക്കുന്നത് ?


പുതുപുത്തന്‍ മോഡല്‍ ഫോണുകള്‍ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ മാതാപിതാ ക്കള്‍ മത്സരിക്കുകയാണോ? ക്യാമറഫോണുകള്‍ വിപണിയില്‍പിടിമുറുക്കി കഴിഞ്ഞി രിക്കുന്ന ഈ സമയത്ത് അവ വരുത്തി വയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്നവര്‍ചിന്തിച്ചിട്ടുണ്ടോ?


സ്കൂളുകളിലും ബസിലും ട്രയിനിലും നിങ്ങള്‍ റോഡില്‍ക്കൂടി നടന്നുപോകുമ്പോള്‍ പോലും നിങ്ങളെ എത്ര ക്യാമറഫോണുകള്‍ ഒപ്പിയെടുക്കുന്നുണ്ടാവും?നിങ്ങളുടെ അടുത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നവന്‍ ഒരു പക്ഷേ നിങ്ങളെ ഫോണില്‍ പകര്‍ത്തുക യായിരിക്കും.. ആ മൊബൈല്‍ക്യാമറക്കണ്ണുകള്‍ നിങ്ങളെ ഒപ്പിയെടുക്കാനായി നിങ്ങളുടെ ബാത്തുറൂമിന്റെ വെന്റിലേറ്ററിലൂടെ കടന്നുവന്നന്നിരിക്കും. ആ കടന്നുവരവിനെക്കുറിച്ച്
അടുത്താഴ്ച പറയാം.