Friday, May 29, 2009

ക്യാമറ ദുരന്തങ്ങള്‍ : camera tragedy

ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്‍നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാംകൊക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂയൂയൂയൂ... ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.


ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് മൊബൈല്‍ ക്യാമറകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയിക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി. ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് ??? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്‍മാരയോ, കാമുകിയോ , അയല്‍‌വക്കത്തുള്ളവരയോ എന്തിന് സ്വന്തം ഭാര്യയെപ്പോലും തങ്ങളുടെ ‘ഇര’കളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.


[ഇന്റ്ര്‌നെറ്റ് വഴിയുള്ള (മൊബൈല്‍ ഫോണ്‍ ഉളപ്പെടെയുള്ള) കുറ്റകൃത്യങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട്. ] . ഇന്റ്ര്‌നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൈബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ? ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ‘ഹോട്ട് ‘. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെകൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; “ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് സഞ്ചരിക്കുമ്പോള്‍ ആയിരം ഏല്‍ക്കുമ്പോള്‍ പതിനായിരം“. ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .


കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ് . എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയോ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണംഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ ‘ഇര’കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്. പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.


പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.


കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന്ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രിക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.




തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.


കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെമദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലുംമെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.
സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്ക്ടുത്ത് തങ്ങള്‍ ഫോണ്‍ ചെയ്യാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും.(ആ ഫോട്ടോയാണ് താഴെ). കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ????

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്.


എന്താണ് രക്ഷ ???
വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം. ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.


തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍നമ്മുടെ പോലീസ് വളരെ ഗൌരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).
കൊല്ലം Women Cell 0474 2742376
പത്തനംതിട്ട Women Cell 0468 2222927
കോട്ടയം Women Cell 0481 2302977
കൊച്ചിസിറ്റി Vanitha PS 0484 2394250
പാലക്കാട് Women’s Unit 0491 2522340
Anti harassment cell for women : 9947000100
ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക :
The Railway Help Numbers of Kerala Police are: 9846 200 100
The Police Helpline numbers of Kerala state are as follows:
Police Control Rooms of the different districts:
1. Thiruvananthapuram City: 100/0471-2331843
2. Thiruvananthapuram Rural: 100/0471-2316995
3. Kollam: 100/0474-2746000
4. Pathanamthitta: 100/0468-2222226
5. Alappuzha: 100/0477-2251166
6. Kottayam: 100/0481-5550400
7. Idukki: 100/04862-221100
8. Ernakulam City: 100/0484-2359200
9. Ernakulam Rural: 100/0484-2621100
10. Thrissur: 100/0487-2424193
11. Palakkad: 100/0491-2522340
12. Malappuram: 100/0483-2734966
13. Kozhikode City: 100/0495-2721831
14. Kozhikode Rural 100/0496-2523091
15. Wayanad: 100/04936-205808
16. Kannur: 100/0497-2763337
17. Kasargod: 100/04994-222960
The Helpline Numbers of Kerala Police are:
0471-3243000 0471-3244000 0471-3245000
The Highway Help Numbers of Kerala Police are: 9846 100 100
സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :
HTCEC can be contacted over phone
0471 - 2722768,
0471 - 2721547 extension 1274
email :mailto:hitechcell@keralapolice.gov.in
ഓര്‍ഡര്‍ ഓര്‍ഡര്‍ : നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക : അവരെന്തിനുവേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!!

ഇത് മറക്കരുത് :: നിങ്ങളുടെ മൊബൈലില്‍ നിന്ന് ‘ഹോട്ടു’കള്‍ ബ്ലൂടൂത്ത് വഴി മറ്റുള്ളവരുടെ ഫോണിലേക്ക് ട്രാന്‍‌സ്‌ഫര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക.. ഒരു പക്ഷേ നാളെ മറ്റൊരാള്‍ ട്രാന്‍‌സ്ഫര്‍ ചെയ്യുന്ന ‘നീല ക്ലിപ്പിംങ്ങ്‘ നിങ്ങളുടെ ആരുടെയെങ്കിലും ആവാം.....

Thursday, May 21, 2009

എന്നാലും എന്റെ കേരളീയം ഓണ്‍ലൈനേ......

2009 ലെ ലോക്‍സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്യുന്നു. 2009 ലെ ലോക്‍സഭാതിരഞ്ഞെടുപ്പ് ടെക്‍നോളജിയുടെ ആയിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയപ്പെടാനില്ല. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകംതിരഞ്ഞെടുപ്പു ഫലം പുറത്തുവരികയും ചെയ്തു. നമ്മുടെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. നമ്മുടെ കേരളത്തിലും ഓണ്‍ലൈന്‍ മാദ്ധ്യമ മത്സരം ഉണ്ടായിരുന്നു. മനോരമ ഓണ്‍‌ലൈന്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതില്‍ കാണിച്ചത്.

കേരളത്തില്‍ UDF 16 സീറ്റുകളുമായി മുന്നിലെത്തുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുമുമ്പ് നൂറോളം സീറ്റുകള്‍ നല്‍കി ജനങ്ങള്‍ അധികാരത്തില്‍ഏറ്റിയ LDF ന് തങ്ങളുടെ മുപ്പതോളം മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞത് . ഇതായിരുന്നു തിരഞ്ഞെടുപ്പിനുശേഷം പുറത്തിറങ്ങിയഎല്ലാ പത്രങ്ങളുടേയും വിശകലനം. അതായത് നൂറിലധികം നിയമസഭാമണ്ഡലങ്ങളിലേയും ജനങ്ങള്‍ UDF ന് അനുകൂലമായി വോട്ട്ചെയ്തു. UDF അധികാരത്തില്‍ വരണമെന്ന് ഈ മണ്ഡലങ്ങളില്‍ ഉള്ളവര്‍ ആഗ്രഹിക്കുന്നു എന്ന് അര്‍ത്ഥം. കമ്യൂണിസ്റ്റ് മുഖപത്രങ്ങള്‍ ഒഴിച്ചുള്ളഎല്ലാ പത്രങ്ങളുടേയും വിശകലനം ഇങ്ങനെതന്നെ ആയിരുന്നു.

എന്നാല്‍ വിചിത്രമായ കണ്ടുപിടിത്തമാണ് കേരളീയം ഓണ്‍ലൈന്‍ എന്ന പോര്‍ട്ടല്‍ നടത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാദ്ധ്യമ രംഗത്ത്‌ കേരളത്തിലെ സമ്പൂര്‍ണ്ണ തിരഞ്ഞെടുപ്പു ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത്‌ തങ്ങള്‍ ആണന്നാണ് കേരളീയം ഓണ്‍ലൈന്‍പറയുന്നത്. പക്ഷേ കേരളീയം ഓണ്‍ലൈനിലെ തിരഞ്ഞെടുപ്പ് ഫലം വായിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ മുക്കാല്‍ പങ്ക് സീറ്റുകള്‍ നേടിയിട്ടുംയുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് തോന്നും. വായനക്കാരന്റെ വെറും തോന്നലുകള്‍ അല്ല;കേരളീയം ഓണ്‍ലൈന്‍ അങ്ങനെതന്നെയാണ് എഴുതി വച്ചിരിക്കുന്നതും.

ഉദാഹരണമായി എറണാകുളം മണ്ഡലം എടുക്കുക. കെ.വി.തോമസ്‌ 11790 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു . എന്ന് പറയുന്നുണ്ട്. അതോടൊപ്പം പറയുന്നത് ശ്രദ്ധിക്കുക. യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 342845 പേര്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 402024 പേര്‍ . എന്തെങ്കിലും മനസിലായോ?? ഇനിയും ഈ ചിത്രങ്ങള്‍ നോക്കുക. (ചിത്രം1, ചിത്രം2).
ചിത്രം1
ചിത്രം2
കെ.വി.തോമസിന് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) ലഭിച്ച വോട്ടുകളുടെ എണ്ണമാണ് 342845. ഈ വോട്ടുകളുടെ എണ്ണമാണ് യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 342845 പേര്‍ എന്ന് പറയാണ്‍ കേരളീയം ഓണ്‍ലൈന് പ്രേരകം. അപ്പോള്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 402024 പേര്‍ എന്ന് പറയുന്നതെങ്ങനെയെന്ന് അല്ലേ ? ചിത്രം 3 നോക്കിയാല്‍ 402024 ന്റെകണക്ക് മനസിലാകും.

ചിത്രം 3
കെ.വി.തോമസിന് ഒഴികെ മറ്റ് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി കിട്ടിയ വോട്ടാണ്. 402024 !!!

ഇനി പത്തനംതിട്ട മണ്ഡലത്തിന്റെ കണക്ക് നോക്കാം. ആന്റോ ആന്റണി 111206 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്ന് പറയുന്നതിനു താഴെയായി ഇങ്ങനെ പറയുന്നു.യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 408232 പേര്‍യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 388922 പേര്‍ . കണക്കിന്റെ കളി ഇങ്ങനെ. (ചിത്രം 4, ചിത്രം 5).

ചിത്രം 4

ചിത്രം 5
ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) ക്ക് കിട്ടിയ വോട്ട് 408232 . അതുകൊണ്ട് 408232 പേര്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചു. യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 388922 പേരുടെ കണക്കിങ്ങനെ. (ചിത്രം 6).

ചിത്രം 6

ആന്റോ ആന്റണി ഒഴികെയുള്ള മറ്റ് എല്ലാസ്ഥാനര്‍ത്ഥികളുടേയും വോട്ടുകള്‍ കൂട്ടുമ്പോള്‍ 388922 കിട്ടുന്നു. (അതായത് മറ്റ് എല്ലാ സ്ഥാനാര്‍ത്ഥികളുടേയും വോട്ടുകള്‍ തമ്മില്‍ കൂട്ടുമ്പോള്‍ആന്റോ ആന്റണിക്ക് കിട്ടിയ വോട്ടിനെക്കാള്‍ കുറവാണ് എന്ന്.).....
എം.ഐ.ഷാനവാസ്‌ 153439 വോട്ടുകളുടെ റിക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച വയനാട് മണ്ഡലത്തിലും കൂടുതല്‍ ജനങ്ങള്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നാണ് പറയുന്നത്. 412991 പേര്‍ !!! ഇടതുപക്ഷത്തിനുവേണ്ടി 64427 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പി.കരുണാകരന്‍ നിലനിര്‍ത്തിയ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ ഇടതുപക്ഷം വിജയിക്കണമെന്ന്‌ തീരുമാനിച്ചത്‌ 385522 പേരുംഇടതുപക്ഷം ഭരിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്‌ 461574 പേരും ആണ് !!!!. ഇങ്ങനെയാണ് നമ്മുടെ കേരളീയം ഓണ്‍ലൈനിന്റെ വോട്ട് വിശകലനം.
എങ്ങനെയുണ്ട് ഈ വിശകലം ???????????????????
(സ്ക്രീന്‍ ഷോട്ടുകള്‍ : കേരളീയം ഓണ്‍ലൈനില്‍ നിന്നും , മാതൃഭൂമി.കോം മില്‍ നിന്നും)





Wednesday, May 20, 2009

മെയ്‌സിയുടെ അപ്പന്‍ ആല്‍ഫി അല്ലന്ന് !!!! Alfie is not a real father

ലോകത്തിലെ എറ്റവും പ്രായകുറഞ്ഞ പിതാവ് എന്ന സ്ഥാ‍നം 13 കാരന്‍ ആല്ഫിക്ക് മൂന്നുമാസത്തിനുശേഷം നഷ്ടപെട്ടിരിക്കുന്നു. ആല്ഫിയെക്കാ‍ള്‍ഇളയത്തുങ്ങളാരും അപ്പനായതല്ല ആല്ഫിക്ക് ഈ സ്ഥാനം നഷ്ടപെടാന്‍ കാരണം. ഷാന്റില്‍ സ്റ്റെഡ്‌മന്‍ എന്ന പതിനഞ്ചുകാരി പ്രസവിച്ച മെയ്‌സി എന്ന കുഞ്ഞിന്റെ അപ്പന്‍ ആല്‍‌ഫിയല്ലന്ന് ഡി.എന്‍.എ. ടെസ്റ്റില്‍ കണ്ടെത്തിയതുകൊണ്ടാണ് ആല്‍‌ഫിക്ക് സ്ഥാനം നഷ്ടമായത്. (നഷ്‌ടപെട്ടസ്ഥാനം തിരിച്ചുപിടിക്കാന്‍ ആല്‍‌ഫി ശ്രമിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയേ വഴിയുള്ളു.)
ബ്രിട്ടനിലെ ആളുകളുടെ സദാചാരബോധം സടകുടഞ്ഞ് എഴുന്നേറ്റ സംഭവമായിരുന്നു ഷാന്റില്‍ സ്റ്റെഡ്‌മന്‍ എന്ന പതിനഞ്ചുകാരിക്ക് ആല്‍‌ഫി എന്നപതിമൂന്നുകാരനില്‍ ഉണ്ടായ മെയ്സി. ‘ദി സണ്‍ ‘ ആ വാര്‍ത്ത ശരിക്കങ്ങ് ആഘോഷിച്ചു. ഇങ്ങേ തെക്കേ അറ്റത്ത് കിടക്കുന്ന നമ്മുടെ കേരളത്തില്‍വരെ ആ വാര്‍ത്ത എത്തുകയും പലരും നെടുവീര്‍പ്പിടുകയും ചെയ്തതാണ്. (എന്തിനാണ് നെടുവീര്‍പ്പിട്ടത് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ് ). എന്തിന് നമ്മുടെ ബൂലോകം വരെ ആല്‍‌ഫി എന്ന പയ്യന് ഐക്യം പ്രഖ്യാപിച്ചതാണ്. കൊച്ചിന് നാപ്കിന്‍ വാങ്ങാന്‍ എന്റെ കൈയ്യില്‍ നാലണ ഇല്ലന്ന്പറഞ്ഞത് നമ്മുടെ നാട്ടിലെ ‘പിരിവുകാര്‍’ കേള്‍ക്കാതെപോയി. പിരിവുകാരങ്ങാണം കേട്ടിരുന്നെങ്കില്‍ ആല്ഫി സഹായഫണ്ടിലേക്ക് ആയിരങ്ങള്‍ ഒഴുകിഎത്തിയേനെ. അതൊന്നും ഉണ്ടാകാത്തത് നന്നായി. അതൊരു സുനാമി ഫണ്ടുപോലെ ആവുകയും ചെയ്തേനെ...
മെയ്സിയുടെ അപ്പന്‍ ആല്‍‌ഫിതന്നെയാണന്ന നാട്ടുകാരക്കെ ഉറപ്പിച്ചപ്പോഴാണ് “കൊച്ചിന്റെ കണ്ണ് എന്റെ കണ്ണുപോലെയാണ് എന്ന് എന്റെ കൂട്ടുകാര്‍പറയുന്നു“ എന്ന് പറഞ്ഞ് റിച്ചാര്‍ഡ് ഗോഡ്‌സെല്‍ എന്ന പയ്യന്‍ വന്നത്. ഇതെന്താ കഥ എന്ന് നാട്ടുകാര്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ “അവളുടെകൊച്ചിന്റെ അപ്പന്‍ ഞാനാണന്ന് “ പറഞ്ഞ് ടെയ്‌ലര്‍ ബാര്‍കര്‍ എന്ന പയ്യന്‍ എത്തിയതോടെ ഒരു ത്രികോണ അവകാശവാദം ആയി. മെയ്സിയുടെ അപ്പന്‍ ആല്‍‌ഫിതന്നെയാണന്ന് ഷാന്റില്‍ സ്റ്റെഡ്‌മന്‍ ഉറപ്പിച്ചു പറഞ്ഞിട്ടും നാട്ടുകാര്‍ക്ക് അത്രയ്ക്കങ്ങോട്ട് വിശ്വാസമായില്ല. ആളായി, അവകാശവാദമായി കേസായി കോടതിയായി. (കോടതിയില്‍ പോയത് നമ്മുടെ ഷാന്റില്‍ മോളല്ലന്ന് ഓര്‍ക്കുക.). അവസാനം കോടതി ശലോമോനായി. (കുഞ്ഞിന്റെ അമ്മയെ കണ്ടുപിടിക്കാന്‍ പണ്ട് ശലോമോന്‍ നടത്തിയ ‘വാള്‍’ ടെസ്റ്റിന്റെ ആധുനിക രൂപമായിരിക്കും ഡി.എന്‍.എ. ടെസ്റ്റ്.). ലണ്ടന്‍ ഹൈക്കോടതി ഡി.എന്‍.എ. ടെസ്റ്റിന് ഉത്തരവിടുകയും ടെസ്റ്റില്‍ , ടെയ്‌ലര്‍ ബാര്‍കര്‍ ആല്‍‌ഫി പാറ്റനെ പരാജയപ്പെടുത്തുകയുംചെയ്തു. ഇങ്ങനെയാണ് 13 കാരന്‍ ആല്ഫിക്ക് ലോകത്തിലെ എറ്റവും പ്രായകുറഞ്ഞ പിതാവ് എന്ന സ്ഥാ‍നം മൂന്നുമാസത്തിനുശേഷം നഷ്ടപെടുന്നത്.

“I love Alfie. I lost my virginity to him.“ എന്നൊക്കെ ഷാന്റില്‍ മോള്‍ പറഞ്ഞത് കേട്ട് ആല്‍‌ഫി മോന്‍ വിശ്വസിച്ചതാണ് എല്ലാത്തിനും കാരണം.എന്റെ മോന്‍ പണ്ടേ മിടുക്കനാണന്ന് പറഞ്ഞ് ആല്ഫിയുടെ അപ്പനുമമ്മയും (ഡെന്നീസ്, നിക്കോളാ പാറ്റന്‍) രംഗത്തോട് വന്നതോടെ ജനങ്ങള്‍ എല്ലാം വിശ്വസിച്ചതാണ്. “കൊച്ച് ന്റേതാണന്ന്“ പറഞ്ഞ് വന്നവന്മാരെല്ലാം സ്കൂളില്‍ പഠിക്കുന്നവന്മാര്‍ തന്നെയായിരുന്നു. “ഷാന്റിലിന്റെ അമ്മയുടെ അനുവാദത്തോടെയാണ് ഞാന്‍ അവളുടെ കൂടെ കഴിഞ്ഞത് “ എന്നാണ് ഷാന്റിലിന്റെ സഹപാഠികൂടിയായ ടെയ്‌ലര്‍ ബാര്‍കര്‍ പറയുന്നത്.



ഇവനാണ് ലവന്‍ : ടെയ്‌ലര്‍ ബാര്‍കര്‍
ബൂര്‍ഷ്വകോടതിയുടെ ഉത്തരവോ ഡി.എന്‍.എ. ടെസ്റ്റോ ഒന്നും താന്‍ അംഗീകരിക്കുക യില്ലന്ന് ആല്ഫിമോന്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. (ആല്ഫിമോന്‍ബ്രിട്ടനിലെ കമ്യൂണിസ്റ്റാ ണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.). ഡി.എന്‍.എ. ടെസ്റ്റിലൊന്നും ഒരു കാര്യവുമില്ല ന്നാണ് അപ്പന്‍ ആല്‍‌ഫിയുടെ വാദം.(അമ്മ ചൂണ്ടികാണിക്കുന്ന ആളെ അച്ഛന്‍ എന്ന് വിളിക്കണമെന്നാണ് നമ്മുടെ നാട്ടുപക്ഷം. സിനിമാക്കാര്‍ സിനിമയിലൂടെ പഞ്ചിംങ്ങ് ഡയലോഗായി ഇത് ഓര്‍മ്മപെടുത്തുന്നുമുണ്ട്.).

സംഗതി എന്താണങ്കിലും നമ്മുടെ ഷാന്റില്‍ മോള്‍ ദു:ഖത്തിലാണ്. തന്നെ നാട്ടുകാരെല്ലാം മോശക്കാരിയായിട്ട് കാണുന്നു എന്നതാണ് അവളുടെ ദു:ഖം.പക്ഷേ അവളുടെ കണ്ണീര്‍ ഒപ്പാന്‍ ഇപ്പോഴും അവളുടെ കൂടെ ആല്‍‌ഫി മോന്‍ ഉണ്ട്. ഏതായാലും ആല്‍‌ഫി മോന് കോടതി വിധിയില്‍ ആശ്വസിക്കാന്‍ വഴിയുണ്ട്. (ഒരു ലൂപ്പ് ഹോള്‍...!!!!). the High Court has ruled Tyler can be named as the biological father. (ബാക്കി പറഞ്ഞിരിക്കുന്ന തൊന്നും ആല്‍‌ഫി മോന്‍ വായിക്കുന്നില്ല.... ).
തള്ളപറഞ്ഞിട്ടും അപ്പന്‍ സമ്മതിച്ചിട്ടും കോടതി സമ്മതിക്കില്ലാ എന്ന് വച്ചാല്‍ എന്താ ചെയ്യുക ???????????


ഇതൊക്കെ വായിച്ചാല്‍ സംഗതികളുടെ കിടപ്പ് മനസിലാകും :
Baby-faced boy Alfie Patten is father at 13

The regrets of the boy revealed to be the real father in the Alfie Patten case

മലയാളത്തില്‍ തന്നെവായിക്കണമെന്ന് നിര്‍ബന്ധമുണ്ടങ്കില്‍ ഇത് വായിച്ചോ ..
ബ്രിട്ടനിലെ 'കുട്ടിപ്പിതാവ്‌' ആല്‍ഫിയല്ല

Friday, May 15, 2009

രണ്ട് മലയാളിനാക്കുകള്‍ :

മലയാളിക്ക് പേരുദോഷം ഉണ്ടാക്കുന്നത് മലയാളികള്‍’ തന്നെ ആണന്ന് പറയുന്നതില്‍ കാര്യമുണ്ടന്ന് തോന്നുന്നു. അല്ലങ്കില്‍ രണ്ട് മലയാളികള്‍ഇങ്ങനെ ഒരുങ്ങി പുറപ്പെടുമോ? ഒരാള്‍ ഇന്റ്ര് നാഷ്ണല്‍ തലത്തില്‍ മലയാളിക്ക് ‘പേരുണ്ടാക്കുമ്പോള്‍’ മറ്റൊരാള്‍ പ്രാദേശിക തലത്തില്‍ ‘പേരുണ്ടാ ക്കുന്നു’. രണ്ടുപേരുടേയും ‘ആയുധം‘ ഒന്നു തന്നെ... നാക്ക് !!!! ഈ നാക്ക് കൊണ്ട് രണ്ടുപേരും ആവിശ്യ ത്തിന് ഗുലുമാല്‍ പിടിച്ചിട്ടുണ്ടുംഉണ്ട്... പട്ടിയുടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും വാല്‍ നിവരത്തില്ലന്ന് പറയുന്നതുപോലെ രണ്ടുപേരും എത്രകിട്ടിയാലും പഠിക്കില്ല.ഇനി നമുക്കിവരെ പരിചയപ്പെടാം.

ഇന്റ്ര് നാഷ്ണല്‍ തലത്തില്‍ മലയാളിക്ക് ‘പേരുണ്ടാക്കി’ കൊടുക്കുന്ന ആളെതന്നെ ആദ്യം പരിചയ പ്പെടാം. മറ്റാരുമല്ല അത്. നമ്മുടെ ഗോപുമോന്‍ ആണ് ആള്‍.

‘കിട്ടേണ്ടത് കിട്ടിയപ്പോള്‍‘ ആളു നന്നായന്നാണ് വിചാരിച്ചിരുന്നത്. എത്രകിട്ടിയാലും ഞാന്‍ നന്നാവില്ല അമ്മാവാ , എന്നെ അടിക്കേണ്ടാ എന്ന് പറയുന്നതുപോലെയാണ് ഗോപുമോന്റെ കാര്യം. കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അമ്മയും ‘നാട്ടുകാരും’ എല്ലാം കൂടി കാക്കതൊള്ളായിരം ചരടുകളാണ് കൈയ്യില്‍ കെടുത്തത്. വിധിയെ തടുക്കാന്‍ ഈശ്വരന്മാരും ചിന്തിക്കും എന്ന് പറയുന്നതുപോലെ ഭാജിയുടെ അടി ഒരു വിധി ആയിരുന്നുവെന്ന് ആശ്വസിക്കാമായിരുന്നു. ‘വാങ്ങിയേ അടങ്ങൂ’ എന്ന് കല്പിച്ച് ഇറങ്ങിയാല്‍ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും.??? അടിയൊക്കെ വാങ്ങിസ്വസ്ഥമായിട്ട് നാട്ടില്‍ വന്ന് യോഗയും ചിക്തിസയുമൊക്കെ കഴിഞ്ഞ് ഗോപുമോന്‍ ആഫ്രിക്കയ്ക്ക് വണ്ടികയറി. 2008 ഐ.പി.എല്ലില്‍ കൂടുതല്‍ വിക്കറ്റ് ഇട്ടു എന്ന് പറഞ്ഞ് എറിയാന്‍ ഇറങ്ങിയതും എറിയുന്ന പന്തില്‍ പലതും വേലിക്ക് പുറത്തുതന്നെ പോയി വീണു. ഹെയ്‌ഡനാണങ്കില്‍ പണ്ടത്തെകലി തീര്‍ത്തത് പന്തിനോടാണ്. ഗോപുമോന്‍ ഹെയ്‌ഡന് എറിയുന്ന പന്തില്‍ പകുതിയും ബൌണ്ടറി ലൈന്‍ കടന്നു. പിന്നെ ഗോപുമോന്‍ഒട്ടും അമാന്തിച്ചില്ല. നാക്കുകൊണ്ടായി ആക്രമണം.



2008 വരെ ഗോപുമോന്‍ ആരോടൊക്കെ മുട്ടിയിട്ടുണ്ട്?. നാക്കുകൊണ്ടുമാത്രമല്ല ശരീരഭാഷകൊണ്ടും ഗോപുമോന്‍ എല്ലാവരോടും ഉടക്കി. സൈമണ്ട്സിനോടും ഹെയ്‌ഡനോടും കാണുമ്പോഴെല്ലാം മുട്ടി. അവര്‍ക്കിച്ചിരെ വിവരം ഉള്ളതുകൊണ്ട് തിരിച്ചൊന്നും ചെയ്തില്ലാ എന്നേയുള്ളു. അല്ലങ്കില്‍ തന്നെ ഒന്ന് ഓര്‍ക്കണം ഹെയ്‌ഡന്റെയും സൈമണ്ട്സിന്റേയും തുടയുടെ വലുപ്പം പോലും ഇല്ല നമ്മുടെ ഗോപുമോന്. കണ്ണില്‍ ചോരയുള്ളതുകൊണ്ട് അവരൊന്നും കൈവീശി കൊടുത്തില്ലന്നേയുള്ളു. എന്തിന് ശരീരപ്രകൃതത്തില്‍ ഗോപുമോന്റെ പകുതിയുള്ള കൈഫിനോട്വരെ കഴിഞ്ഞ വര്‍ഷം ചൊറിഞ്ഞോട്ട് ചെന്നതാണ്.


വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? തലേക്കെട്ട് കെട്ടിയാണങ്കിലും കൊടുക്കാനുള്ളാതുകൊണ്ട് ആളെത്തും എന്ന് പറഞ്ഞതുപോലെ ആളെത്തികൊടുത്തപ്പോഴാണ് ഗോപുമോന് സമാധാനം ആയത്. ഈ വര്‍ഷം ഗോപുമോനെ ഇനി ഗ്രൌണ്ടില്‍ ഇറക്കില്ലന്നാണ് പഞ്ചാബുകാര്‍ പറയുന്നത്.ഈ വര്‍ഷത്തെ ‘കൈനീട്ടം’ ഗോപുമോന് മിസ്സായി....



**********************





ഇനി നമുക്ക് കേരളത്തില്‍ നിന്നുകൊണ്ട് മലയാളിക്ക് നാക്കിന്റെ നീളം കാണിക്കുന്ന ആളെ പരിചയപ്പെടാം. ആള് നമ്മുടെ സ്വന്തം ആളുതന്നെയാണ്.ശബ്ദ്ദതാരാവലിയില്‍ ഉള്ള പദങ്ങളെക്കാള്‍ കൂടുതല്‍ പദസമ്പാദനം കൈമുതലായുള്ള ആളാണ് ഇദ്ദേഹം. മലയാളത്തിന് പുതിയ പദങ്ങള്‍സംഭാ വനചെയ്യാന്‍ തക്കവണ്ണം കഴിവുള്ളം ഇദ്ദേഹം നിസാരക്കാരനല്ലന്ന് ഉറപ്പാണ്. നല്ല നീരിക്ഷണപാടവും ചരിത്ര അവഗാഹവും ഇദ്ദേഹം പല കണ്ടുപിടിത്തങ്ങളും നടതിയിട്ടുണ്ട്. സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഇദ്ദേഹത്തെ കവിഞ്ഞ് ആരുമില്ല. “കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധനാണ് പിണറായി വിജയനെന്ന് ‘ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇദ്ദേഹം ആരാണന്ന് പറയാതെതന്ന് അറിയാമല്ലോ? (സാറാജോസഫിന് അമേരുക്കന്‍ ഏജന്റ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതും ഇദ്ദേഹമാണ്.). കവിത എഴുത്തും പുത്തരിയൊന്നും അല്ല ഇദ്ദേഹത്തിന്. അമേരിക്കന്‍ പ്രസിഡണ്ടിനെക്കുറിച്ച് വരെ കവിത എഴുതിയ ആളാണ് ഇദ്ദേഹം. ആരെക്കുറിച്ച് വേണമെങ്കിലും കവിത എഴുതും. ഇതാ ഒരു സാമ്പിള്‍..



"ചുടുചോര പൊടിയുന്ന മനസിന്റെ വേദന

മലയാളി മനസിന്റെ മനമുരുകി വേദന

അതുപാടെ മാറ്റാന്‍ നിനവുറ്റ ശക്തിയായി

തവ പിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി".

അര്‍ത്ഥമൊക്കെ വായനക്കാര്‍ തന്നെ മനസിലാക്കി എടുക്കുകയേ നിവൃത്തിയുള്ളു.

ആരേയും ഇന്നതേ പറയൂ എന്നൊന്നും ഇദ്ദേഹത്തിന് നിര്‍ബന്ധമില്ല. ആര്‍ക്കെതിരേയും വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാന്‍ മലയാളനാട്ടില്‍ലൈസന്‍സ് ഉള്ള ഒരേ ഒരു വ്യക്തിയാണ് ഈ മന്ത്രി. ഉമ്മന്‍‌ചാണ്ടിയന്നോ ,സാറാജോസഫെന്നോ, നാരായണപണി ക്കരന്നോ, ഐഎ‌എസ് കാരന്നോ , സത്യന് മൊകേരിയെന്നോ , സുകുമാരന്‍ നായരന്നോ, ചെന്നിത്തലയന്നോ എന്നൊന്നും ഇദ്ദേഹം നോക്കാറില്ല. ആര്‍ക്കെതിരേയും എന്തും പറയും. ഈ പറച്ചില്‍ ഏതെങ്കിലും ഗുലുമാലായാല്‍ അതിനു വിശദീകരണം നല്‍കി തടിതപ്പുകയും ചെയ്യും.“അഞ്ച്‌ കൊല്ലം മന്ത്രിയോ എം.എല്‍.എയോ ആയാല്‍ നിഷ്‌പക്ഷനായെന്ന്‌ കരുതുന്നവര്‍ മാര്‍ക്‌സിസ്റ്റല്ല.“ എന്ന് പറഞ്ഞത് അച്യുതാനന്ദനെയാണന്ന് വ്യക്തമാണ ങ്കിലും താന്‍ഉദ്ദേശിച്ചത് സോമനാഥ് ചാറ്റര്‍ജിയെയാണന്ന് പറഞ്ഞ് ‘വാമൊഴി വഴക്കം’ പ്രകടമാക്കാന്‍ ഇദ്ദേഹത്തിനു കഴിയുന്നു.

സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തണമെന്ന് അഭിപ്രായം പറയാന്‍ ഇദ്ദേഹത്തിനല്ലാതെ ആര്‍ക്ക് കഴിയും.???? “ കൂടിവന്നാല്‍ മുണ്ട്പൊക്കി മറ്റേത് കാണിക്കും” എന്നുള്ള പ്രപഞ്ച സത്യവും ഇദ്ദേഹത്തിനു മാത്രമേ അറിയൂ. സ്വന്തം അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് ഒരു തെറ്റാണോ?



അവാര്‍ഡുകളും ഇദ്ദേഹത്തിനു പുത്തരിയല്ല. എന്തിന്, ‘ഗജരാജപട്ടം’ വരെ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. (ഗുരുവായൂര്‍ ദേവസ്വത്തിലെ കണ്ണന്‍ , ജയറാമിന്റെ കണ്ണന്‍, കുട്ടന്‍ കുളങ്ങര രാമദാസ്, തുടങ്ങിയ ആനകള്‍ക്ക് ‘ഗജരാജപട്ടം’ കിട്ടിയിട്ടുണ്ട്.). ഒരു മനുഷ്യന്‍ ആദ്യമായി ‘ഗജരാജപട്ടം’ നേടിയതില്‍ മനുഷ്യരായ നമ്മളും അഭിമാനിക്കണമല്ലോ???

അവസാനം കേട്ടത് :
പ്രകോപനങ്ങള്‍ ചലനാത്മകത സൃഷ്ടിക്കാന്‍ വേണ്ടിയാണന്ന് മന്ത്രി പറഞ്ഞിരിക്കുന്നു. ഈ പ്രകോപനങ്ങള്‍ ദേവസ്വം വകുപ്പില്‍ കാണിച്ചായിരു ന്നെങ്കില്‍ ദേവസ്വം വകുപ്പ് എന്നേ നന്നാകുമായിരുന്നില്ലേ?എന്ന് ചോദിക്കരുത്. ‘വാമൊഴി വഴക്ക’ങ്ങളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

Monday, May 11, 2009

പുറം പോയ ഗാന്ധിജി


വര്‍ഷങ്ങളായി എല്ലാം കണ്ടും കേട്ടും പത്തനംതിട്ടയുടെ ഹൃദയ ഭാഗത്ത് തന്നെ ഗാന്ധിജി ഉണ്ട്. ഒരു ചെറുപുഞ്ചിരിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഗാന്ധി എന്തെല്ലാം കാഴ്ചകള്‍ കണ്ടിട്ടുണ്ടാവും.? എത്രയോ കോലം കത്തിക്കലുകളുടെ ചൂടും പുകയും ഈ പ്രതിമ ഏറ്റ് വാങ്ങിയിട്ടുണ്ടാവും??എത്രയോ കുത്തിയിരുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവും? പത്തനംതിട്ടയില്‍ നടക്കുന്ന വഴിതടയലുകള്‍ക്ക് ഒട്ടുമിക്കപ്പോഴും വേദിയാകുന്നത് ഗാന്ധിപ്രതിമയുടെ ചുറ്റുവട്ടം തന്നെയാണ്... എത്രയോ നേതാക്കന്മാരുടെ അവകാശ വാദങ്ങളും സമരപ്രഖ്യാപനങ്ങളും വിജയപ്രഖ്യാപനങ്ങളുംഒക്കെ കേട്ട് ഈ ഗാന്ധിപ്രതിമ ‘പ്രതിമയായി’ തന്നെ നിന്നിട്ടുണ്ടാവും......

ഈ പ്രതിമയെ മറച്ച് തൊടിതോരണങ്ങളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു.... വിജയാഹ്ലാദങ്ങളിലും സമരപ്രഖ്യാപനവേളകളിലും മാത്രമല്ലേ പത്തനംതിട്ടക്കാര്‍ ഈ ഗാന്ധിപ്രതിമയെ സ്നേഹിച്ചിരുന്നത് ???. ഏണീവച്ച് കയറി ഗാന്ധികഴുത്തില്‍ ഇടുന്ന പൂമാലകള്‍ വാടിക്കരി ഞ്ഞ് ഉണങ്ങികരിഞ്ഞ് താഴെവീണങ്കില്‍ ആ ‘ഉണക്കമാല’ എത്രകാലം വേണമെങ്കിലും ആ കഴുത്തില്‍ കിടക്കും. ( തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയിട്ടൊരുമാല നിങ്ങള്‍ക്ക് ഇപ്പോഴും ഈ ചിത്രങ്ങളില്‍ കാണാം.. ആരായിരിക്കും ഈ മാല ഇട്ടതെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക... തിരഞ്ഞെടുപ്പ് വേളയിലും സമരങ്ങ ളിലും മാത്രം ‘ഗാന്ധിത്തൊപ്പി’ പൊടിതട്ടിയെടുക്കുന്നവര്‍ തന്നെ.!!!!)

മഴയും വെയിലും ഏറ്റ് നില്‍ക്കുന്ന ഈ ഗാന്ധിപ്രതിമയെ ഒരിക്കല്‍ പോലും കാക്കകള്‍ ആക്രമച്ച് നിറവെത്യാസം വരുത്തിയിട്ടില്ല. എന്നാല്‍ ഈ കഴിഞ്ഞമാസം 14 ആം തീയതി (2009 ഏപ്രില്‍ 14) ഒരു കൂട്ടം മനുഷ്യരുടെ ആവേശത്തില്‍ ഈ ഗാന്ധിപ്രതിമയ്ക്ക് നഷ്ടപ്പെട്ടത് ‘വലതു പുറ‘മാണ്. തിരഞ്ഞെടുപ്പിന്റെകൊട്ടിക്കലാശത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരോ എല്‍.ഡി.എഫ് പ്രവര്‍ത്തകരോ ആവേശത്തോടെ ഉയര്‍ത്തിയ ഫ്ലക്സുകള്‍ ഉറപ്പിച്ച തടിക്കഷ്ണങ്ങള്‍തട്ടിയാണ് പ്രതിമയ്ക്ക് പുറം നഷ്ടപെട്ടത്. (ആണി അടിച്ച പട്ടികഷ്ണ ങ്ങളില്‍ ഒരെണ്ണം കഴിഞ്ഞാഴ്ചവരെ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ കിടപ്പുണ്ടായിരുന്നു.). കമ്യൂണിസ്റ്റ്കാരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കമ്യൂണിസ്റ്റുകാരും പരസ്പരം ആരോപിച്ചതല്ലാതെ ഒന്നും ചെയ്തില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാത്ത ഗാന്ധിപ്രതിമയ്ക്ക് എന്ത് സംഭവിച്ചാലും അവര്‍ക്കെന്ത്??

പത്തനംതിട്ടയില്‍ ഗാന്ധിപ്രതിമയ്ക്ക് കേടുപാടുസംഭവിച്ചതിന്റെ പേരില്‍ പ്രതിഷേധ പ്രകടനങ്ങളോ പ്രതിഷേധസമ്മേളനമോ ഹര്‍ത്താലുകളോ വഴിതടയലുകളോ ഒന്നും നടന്നില്ല. ആരക്കയോ പ്രസ്താവനകള്‍ എഴുതി പത്രഓഫീസുകളില്‍ എത്തിച്ചത് മാത്രമാണ് ആകെ നടന്നത്. ഏതോ മാനസികരോഗി കുരിശുവഞ്ചിയുടെ ചില്ലുകള്‍ തകര്‍ത്തപ്പോള്‍ പ്രതിഷേധസമ്മേളനവും പ്രസംഗങ്ങളും നടന്ന പത്തനംതിട്ടയില്‍ തന്നെയാണ് ഗാന്ധിപ്രതിമതകര്‍ക്കപെട്ടത്. അന്ന് പ്രതിഷേധ പ്രസംഗം നടത്തിയ ഇടതുവലതന്മാരില്‍ ആരും ഗാന്ധിപ്രതിമയ്ക്ക് വേണ്ടി നാവനക്കിയില്ല. പ്രതിമയാക്കപെട്ട ഗാന്ധിജിക്ക് ‘പത്തനംതിട്ടയില്‍’ വോട്ടില്ലല്ലോ?? ജയിംസ് ഓട്ടിസ് ന്യൂയോര്‍ക്കില്‍ ലേലത്തിന് വച്ച ഗാന്ധിജി ഉപയോഗിച്ച വസ്തുക്കള്‍ വിജയ് മല്യലേലത്തില്‍ പിടിച്ചതിനെതിരെ പ്രതികരിച്ച സാംസ്കാരിക നായകന്മാരാരും ഗാന്ധിപ്രതിമ തകര്‍ക്കപെട്ടതില്‍ പ്രതിഷേധിച്ചില്ല.


രണ്ടാഴ്ചകള്‍ക്ക് മുമ്പ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത ഒരു ചര്‍ച്ചയില്‍ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി.തങ്ങള്‍ ഗാന്ധിപ്രതിമ പുനര്‍നിര്‍മ്മിക്കുകയില്ല. (പ്രതിമസ്ഥാപിച്ച് ‘ജേസിസ്‘ തന്നെ പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണന്ന് ഈ യോഗത്തില്‍അറിയിച്ചു... ജേസിസിന് ഒരായിരം പ്രണാമം..). ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തരാന്‍ അഹോരാത്രം പോരാടിയ ഒരു ധീരന്‍ മാത്രമല്ല ഗാന്ധിജി. നമ്മുടെരാഷ്‌ട്രപിതാവു കൂടിയാണ്. രാഷ്‌ട്രത്തോടും ജനങ്ങളോടും ബാധ്യതയുള്ള രാഷ്ട്രീയകക്ഷികള്‍ അപമാനിച്ചിരിക്കുന്നത് രാഷ്ട്രപിതാവിനെയാണ്. തെറ്റുകള്‍ആര്‍ക്കും സംഭവിക്കാം. അത് തിരുത്താന്‍ തയ്യാറാകുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്. മനപൂര്‍വ്വമല്ലായിരിക്കാം ഗാന്ധിപ്രതിമ തകര്‍ക്കപെട്ടത്.അന്ന് (ഏപ്രില്‍ 14) അവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവര്‍ക്കും പ്രതിമ തകര്‍ത്തതില്‍ തുല്യപങ്കാണുള്ളത്. അന്നവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവരും കൂടിയായിരുന്നു ആ പ്രതിമ പുന:നിര്‍മ്മിക്കേണ്ടത്.

ഗാന്ധിതൊപ്പിവച്ച് ഖദര്‍ ഉടുപ്പ് ഇട്ടോ ; സമ്മേളനവേദിയില്‍ ഗാന്ധിയുടെ പടം വച്ചോ അല്ല ആ മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കേണ്ടത്.ഏതെങ്കിലും ആരാധനാലയ ങ്ങളുടെ വസ്തുവകകള്‍ക്കോ മറ്റോ നാശനഷ്ടം വന്നാല്‍ നമ്മുടെ രാഷ്ട്രീയ-സാംസകാരിക നേതാക്കള്‍ എങ്ങനെയാണ്പ്രതികരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ നിയമമുള്ള നാടല്ലേ നമ്മുടേത്? ഗാന്ധിപ്രതിമ ‘പൊതുമുതല്‍‘എന്ന നിര്‍വചനത്തില്‍ വരില്ലേ???


രാഷ്‌ട്രത്തിനുവേണ്ടി തന്റെ ജീവന്‍ നല്‍കിയ ആ മഹാത്മാവിനോട് നമുക്ക് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ? നെഞ്ചില്‍ക്കൂടി തുളച്ചുകയറിയബുള്ളറ്റുകളില്‍ ജീവിതം ഭാരതത്തിനുവേണ്ടി വെടിയേണ്ടിവന്ന അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോടെങ്കിലും അല്പം നീതിപുലര്‍ത്തേണ്ടതല്ലേ??

ഈ ശനിയാഴ്ച (16/05/2009) തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ഈ ഗാന്ധിപ്രതിമയെ ത്തേടിവരും. വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി ‘വിജയയാത്ര‘ നടത്തുന്നതിനുമുമ്പായി ഏണിവച്ച് അവര്‍ ഗാന്ധിപ്രതിമയുടെ കഴുത്തില്‍ ഒരു ഉളുപ്പും ഇല്ലാതെ പൂമാല അണിയിക്കും. പ്രതിമയ്ക്ക് ജീവനില്ലാത്തതുകൊണ്ട് ഇടതുകൈയ്യിലിരിക്കുന്ന ആ വടി തങ്ങളുടെ നേരെ ഒരിക്കലും വീശുകയില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം....

രാഷ്‌ട്രത്തോടും ജനങ്ങളോടും രാഷ്ട്രപിതാവിനോടും അല്പമെങ്കിലും സ്നേഹവും ബാധ്യതയും ഉണ്ടങ്കില്‍ പ്രിയപ്പെട്ട രാഷ്ട്രീയക്കാരേ നിങ്ങള്‍ ആ പ്രതിമയുടെ പുന:നിര്‍മ്മാണം ഏറ്റെടുക്കൂക്കൂക്കൂ....