Friday, March 22, 2013

കേരളത്തിനു മറ്റൊരു ട്രയിൻയാത്രാ ദുരിതം വരുന്നു

**കേരള എക്സ്പ്രസിന്റെ സമയമാറ്റം : നഷ്‌ടം ഡൽഹി/ഉത്തരേന്ത്യൻ മലയാളിക്ക് തന്നെ.
**കേരളത്തിൽ നിന്ന് ഒരു പകൽ തീവണ്ടി കൂടി അപ്രത്യക്ഷമാവും.


ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 12626 കേരള എക്സ്പ്രസിന്റെ സമയം മാറ്റാൻ പോവുകയാണന്ന് 19-3-13 ലെ മലയാള മനോരമയിൽ കണ്ടൂ(വാർത്ത താഴെ). കേരള ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറപ്പെടൂന്ന 11.30 എ.എം എന്നുള്ളത് പന്ത്രണ്ട് മണിക്കൂറിനു ശേഷം രാത്രി 11.30 ആക്കുന്നു എന്നാണ് വാർത്ത. സമയമാറ്റം , ട്രയിൻ പുറപ്പെടുന്ന സമയം രാത്രിയ്യിൽ ആക്കിയാൽ ഡൽഹി മലയാളിക്ക് അത് വളരെ പ്രയോജനകരമാണന്നും മറുനാടൻ മലയാളികളുടേ ദീർഘകാല ആവശ്യമാണ് സമയമാറ്റം എന്നൊക്കെ വാർത്തയിൽ ഉണ്ട്. അത് എത്ര മാത്രം ശരിയാണന്നും ഡൽഹി മലയാളിക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതല്ലേ എന്നും നോക്കാം.

1. ഡൽഹി-കേരള യാത്രയുടെ സമയം ഒരു ദിവസം ലാഭീക്കാം എന്ന് വാർത്തയിൽ ഉണ്ട്. അതെങ്ങനെയാണ് ശരിയാകുന്നത്. റണ്ണിംങ് ടൈം കുറയാക്കത്തപ്പോൾ സമയം കുറയുന്നില്ല. ഡൽഹി-തിരുവനന്തപുരം ദൂരമായ 3036 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പഴയ സമയം തന്നെയെടുക്കും, ( നിലവിലുള്ള യാത്രാ സമയം 51 മണിക്കൂർ 05 മിനിട്ട് ) യാത്ര തുടങ്ങി മൂന്നാം ദിവസമാണ് ട്രയിൻ കേരളത്തിൽ എത്തുന്നത്. പിന്നെയെങ്ങനെയാണ് ഒരു ദിവസം ലാഭിക്കുന്നത്????

2.ട്രയിൻ സമയം മാറ്റുമ്പോൾ വൈകുന്നേരം 6 മണിക്ക് പാലക്കാട്ടൂം രാത്രി ഒൻപതിനു എറണാകുളത്തും പുലർച്ചെ മുന്നു മണിക്ക് തിരുവനന്തപുരത്തും എത്തും. - ഈ രാത്രിവരവാണ് ഏറ്റവും വലിയ പ്രശ്നം. 
ട്രയിനിന്റെ കേരളത്തിലെ സ്റ്റോപ്പും സമയവും
(നിലവിലുള്ള സമയത്തെക്കാൾ 12 മണിക്കൂർ കഴിഞ്ഞ് പുറപ്പെടുമ്പോൾ ഓരോ സ്റ്റേഷനിലും ട്രയിൻ ഇപ്പോള്‍ എത്തുന്ന സമയത്തിനു 12 മണിക്കൂറിനു ശേഷം എത്തുന്നു എന്നുള്ള നിലയിലാണ് പുതുക്കിയാലുള്ള സമയം എഴുതിയിരിക്കുന്നത്)

രാത്രി കാലങ്ങളിൽ കേരളത്തിലെ യാത്രാ സൗകര്യങ്ങൾ എന്തുമാത്രമാണന്ന് നമുക്കറിയാം. അസമയങ്ങളിൽ റയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർ സ്റ്റേഷനിൽ ഇരുന്ന് നേരം വെളുപ്പിക്കണം. എറണാകുളത്തു നിന്നു പോലും രാത്രി 9.30 നു ശേഷം ബസുകളിൽ എവിടോട്ടെങ്കിലും പോകാൻ ബുദ്ധിമുട്ട് തന്നെയാണ്. പിന്നെ ഈ പറയുന്ന ഒരു ദിവസത്തെ ലാഭം എവിടേ? ഉറക്കളപ്പും കൊതുകു കടിയും മിച്ചം. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവരാണങ്കിൽ അവരുടെ ദുരിതം ഇരട്ടിയായതു തന്നെ.

3. ഡൽഹി മലയാളിക്ക് ലീവ് എടുക്കാതെ ജോലി സമയം കഴിഞ്ഞ് പുറപ്പെട്ടാൽ മതി.
ഒരു സംഗതി ഡൽഹി മലയാളികളെ സംബന്ധിച്ച് വാസ്തവം ആണ്. ഒരു ദിവസത്തെ ജോലിയിൽ നിന്ന് അവധി എടുക്കുന്നതാണോ നല്ലത് അതോ ഒരാഴ്ചത്തെ ജോലിയുടെ ശമ്പളം ടാക്സി കൂലിയായി നൽകുന്നതണോ നല്ലത്.?. പുതിയ സമയം വന്നാൽ ആലുവ മുതൽ തെക്കോട്ട് വർക്കല വരെയുള്ളവർ ഒന്നുകിൽ ട്രയിൻ ഇറങ്ങിയിട്ട് സ്റ്റേഷനിൽ ഇരിക്കണം അല്ലങ്കിൽ ടാക്സിയുടെ സഹായം തേടണം. എറണാകുളത്ത് ഇറങ്ങി മൂവാറ്റപുഴയ്ക്കും ചെങ്ങന്നൂരിൽ ഇറങ്ങി പുനലൂരും പോകേണ്ട യാത്രക്കാരൻ ടാകിസ്ക്കൂളി ഇനത്തിൽ അയാളുടെ സ്ലീപ്പർക്ലാസ് ടിക്കരിന്റെ നാലും അഞ്ചും മടങ്ങ് നൽകണം. ഒരു ദിവസത്തെ ജോലിയിലെ അവധി എടുക്കാതിരിക്കുമ്പോൾ ഒരാഴ്ചത്തെ ജോലിക്കാശ് ടാക്സി ഇനത്തിൽ മാറിക്കിട്ടൂം.

മറ്റൊരു സംഗതി കൂടി ഇവിടെയുണ്ട്. ഡൽഹി മലയാളികൾ മാത്രം അല്ല ഈ ട്രയിനെ ആശ്രയിക്കുന്നത്. മധുരയിൽ ഇപ്പോൽ ഈ ട്രയിൻ എത്തുന്നത് ഉച്ചയ്ക്ക് 1.30 നാണ്. 12 മണിക്കൂർ സമയം മാറ്റിയാൽ രാത്രി 1.30 നു ട്രയിൻ എത്തും. അലിഘട്ടിലുള്ള മലയാളികളും ഈ ട്രയിനിലാണ് യാത്ര ചെയ്യുന്നത്. അവർ വൈകുന്നേരം തന്നെ സ്റ്റേഷനിൽ വന്നിരിക്കട്ടെ. ലക്‌നൗവിൽ നിന്നുള്ളവർ ഝാൻസിയിൽ വന്നണ് ഈ ട്രയിനിൽ കയറുന്നത്. ഇപ്പോൾ വൈകുന്നേറം 5.22 നു എത്തുന്ന ട്രയിൻ സമയം മാറ്റിയാൽ വെളുപ്പിനെ 5.22 നു ഝാൻസിയിൽ എത്തും. ഇവിടെ നിന്ന് കയറേണ്ടവർ രാത്രിയിൽ തന്നെ സ്റ്റേഷനിൽ വന്നിരിക്കുകയും നാട്ടിലെത്തിയാൽ അവിടയും ഒരു ദിവസം സ്റ്റേഷനിൽ ഇരിക്കട്ടേ !!! അങ്ങനെ രണ്ടു രാത്രി ട്രയിനിലും രണ്ടു രാത്രി സ്റ്റേഷനിലും !!

ഡൽഹിയിൽ നിന്ന് കയറി തിരുവനന്തപുരത്ത് ഇറങ്ങുന്ന ആൾക്കുമാത്രമുണ്ട് ഈ സമയമാറ്റത്തിന്റെ പ്രയോജനം.

4. ന്യൂഡൽഹിയിൽ നിന്ന് മറ്റുള്ള ദക്ഷണേന്ത്യൻ സംസ്ഥാനത്തേക്കൂള്ള ട്രയിനുകൾ രാത്രിയിൽ പുറപ്പെടുന്നു.
   ഡൽഹിയിൽ നിന്ന് ദിവസേനെ മദ്രാസിലേക്കൂള്ള രണ്ട് ട്രയിനുകളും(12616 GT Express , 12622 Tamil nadu Express ചെന്നൈ സ്റ്റേഷനിൽ എത്തുന്നത് നേരം വെളുത്തതിനു ശേഷമാണ് (6.15am,715am.) ബാംഗ്ലൂർക്കുള്ള ട്രയിൻ(12628 Karnataka Express) ബാംഗ്ലൂരിൽ എത്തുന്നത് ഉച്ചയ്ക്കും (1.40 pm). ഈ സമയങ്ങളിൽ അവിടെ ഇറങ്ങുന്നവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും. അല്ലാതെ കേരളത്തിൽ ട്രയിൻ എത്തുന്നതുപോലെ രാത്രി സമയത്തല്ല ചെന്നയിലും ബാംഗ്ലൂരിലും ട്രയിൻ എത്തുന്നത്.

5. സമയം മാറ്റി ഓടിച്ചാൽ ഒരു റേക്ക് കുറവ് മതി.
ഈ സമയമാറ്റം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടന്ങ്കിൽ അത് റയിൽവേയ്ക്ക് മാത്രം ആണ്. ഇപ്പോൾ തിരുവനന്തപുരത്ത് ഡൽഹിക്ക് രാവിലെ 11.15am  നിന്ന് പുറപ്പുടന്നത്(12625) തലേന്ന് വരുന്ന ട്രയിൻ ആണ്. സമയം മാറ്റം ഉണ്ടായാൽ വെളുപ്പിനെ 2.30 നു ഡൽഹിയിൽ നിന്ന് എത്തുന്ന ട്രയിൻ തന്നെ 11.30 ഡൽഹിക്കു ഓടിക്കാൻ പറ്റും. ഇവിടയും യാത്രക്കാരനു ദുരിതം ഉണ്ട്. ട്രയിൻ വൃത്തിയാക്കാൻ കൃത്യമായ സമയം കിട്ടുമോ? ഡൽഹിയിൽ നിന്ന് ട്രയിൻ തിരുവനന്തപുരത്ത് എത്താൻ താമസിക്കുന്നതിന് അനുസരിച്ച് ഡൽഹിക്കു പോകേണ്ട ട്രയിനും താമസിക്കും.

{ നിലവിൽ എറണാകുളം സൗത്തിൽ നിന്ന് രാവിലെ 5 മണിക്ക് വഞ്ചിനാട് പോയിക്കഴിഞ്ഞാൽ കോട്ടയം വഴിയുള്ള ആദ്യ ട്രയിനാണ് 9.45 നുള്ള  കേരള എക്സ്പ്രസ്. ത്രിശൂരിൽ നിന്ന് എറണാകുളത്തേക്ക് ജോലിക്കായി വരുന്നവരുടെ കാര്യവും കഷ്ടത്തിലാവും. മാത്രമല്ല കേരളത്തിൽ നിന്ന് ഒരു പകൽ വണ്ടി കൂടി അപ്രത്യക്ഷമാവും !!!}

ട്രയിനിന്റെ സമയം മാറുകയാണങ്കിൽ അത് കേരളത്തിലേക്കുള്ള ഭൂരിപക്ഷം യാത്രക്കാർക്കൂം ഗുണത്തേക്കാളേറെ ദോഷം തന്നെ ആയിരിക്കും

Thursday, March 14, 2013

ചീഫ് വിപ്പ് ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക്

ചീഫ് വിപ്പ് ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക്

തിരുവനന്തപുരം : മലയാളഭാഷ നശിച്ചു കൊണ്ടിരിക്കുന്നു എന്ന് ഭാഷാ സ്നേഹികൾ വിലപിച്ചു കൊണ്ടിരിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ക്ലാസിക് ഭാഷാ പദവി എല്ലാമലയാളികൾക്കും ഉള്ള കേന്ദ്ര സർക്കാരിന്റെ സമ്മാനമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചീഫ് വിപ്പിനെ ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ അത് പരിഗണിക്കേണ്ട വിഷയമാണന്നും ഗ്രാമീണഭാഷ ഇപ്പോഴും - എപ്പോഴും ഉപയോഗിക്കുന്ന ഏക രാഷ്ട്രീയ നേതാവ് എന്ന് നിലയിൽ ചീഫ് വിപ്പിനു അതിനു അർഹതയുണ്ടന്നും അദ്ദേഹം സമ്മതിച്ചു. ഗ്രാമീണഭാഷ നശിക്കാതിരിക്കാനും ഗ്രാമീണഭാഷയിലെ ഗവേഷ്ണത്തിനുമായി ചീഫ് വിപ്പിന്റെ പേരിൽ മലയാള സർവകലാശാലയിൽ ഒരു ചെയറോ തറയോ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത സർവകലാശാല ചാൻസലറോട് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണിപാട്ടുകളുടെ നിലനിൽപ്പിനായി 'പൂഞ്ഞാർ ഗ്രാമീണ നിഘണ്ടുവിൽ' നിന്ന് വാക്കുകൾ ശേഖരിക്കാനായി ഭരണിപ്പാട്ട് അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്. തെണ്ടി,വേശ്യ,കിഴവി,കുത്തിക്കയറ്റൽ,ബോധവും പൊക്കണവും തുടങ്ങിയ വാക്കുകളെ ക്ലാസിക് പ്രയോഗങ്ങളായി കാണാവുന്നതാണന്ന് പ്രശസ്ത ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. ഗ്രാമീണഭാഷ ഉപയോഗിച്ച് സംസാരിക്കൂമ്പോൾ ചാനലുകൾ ബീപ്പ് ശബ്ദ്ദവും അത് അച്ചടിക്കുമ്പോൾ പത്രങ്ങൾ കുത്തും ഉപയോഗിക്കുന്നത് ക്ലാസിക് മലയാളത്തിനോടുള്ള അവഹേളനമാണന്ന് ഭാഷാ സ്നേഹികൾ പ്രതികരിച്ചു.

സർക്കാർ ചീ(ഫ് വി)പ്പ് ഉപയോഗിക്കുന്ന ക്ലാസിക് മലയാള ഗ്രാമീണഭാഷയോട് രാഷ്ട്രീയക്കാരും വ്യാജ സാംസ്കാരിക നായകന്മാരും പ്രതികരിക്കുന്നത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണന്ന് ഓൾ കേരള ചീ(ഫ് വി)പ്പ് ഫാൻസ് അസോസിയേഷൻ ആരോപിച്ചു. മലയാള ഭാഷയ്ക്ക് വേണ്ടീയും ഗ്രാമീണഭാഷയുടെ നിലനിൽപ്പിനും വേണ്ടി പത്രസമ്മേളനം നടത്തുന്ന ചീഫ് വിപ്പിനു സാംസ്‌കാരിക വകുപ്പ് മന്ത്രിസ്ഥാനം നൽകി ആദരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

അതേ സമയം ചീഫ് വിപ്പിന്റെ വാർത്താ സമ്മേളനത്തിലെ പകുതി സമയവും ബീപ് ബീപ് ശബ്ദ്ദം മാത്രം കേൾപ്പിച്ച ടെലിവിഷൻ ചാനൽ ബഹിഷ്ക്കരിക്കണമെന്ന് 'സേവ് ക്ലാസിക് മലയാളം ഭാഷ' പ്രവർത്തകർ പറഞ്ഞു. ചില വാക്കുകൾക്ക് പകരം കുത്തും നക്ഷത്രചിഹ്നവും ഇട്ട മാധ്യമങ്ങൾ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.മലയാളഭാഷാ പ്രയോഗങ്ങളോടുള്ള അസഹിഷ്ണതമൂലം ഭാഷാ വിരോധികൾ ചീഫ് വിപ്പിന്റെ കോലം കത്തിക്കാനും പ്രകടനം നടത്താനും സാധ്യത ഉണ്ടന്നും അവർ പറഞ്ഞു....

2013ലെ ബഡ്ജറ്റിൽ ക്ലാസിക് മലയാളത്തിന്റെ വികസനത്തിനു ഒരു അഞ്ചുകോടി രൂപയെങ്കിലും മാറ്റിവെക്കുമെന്ന് സൂചനയുണ്ട്. ഇതിനുവേണ്ടി ധനമന്ത്രിക്ക് ഇന്നലെ ചീഫ് വിപ്പിന്റെ കുറിപ്പ് കിട്ടിയിരുന്നു. മലയാളത്തിന്റെ ക്ലാസിക് പദവിക്ക് കിട്ടുന്ന 200 കോടി രൂപയിൽ നിന്ന് കുറച്ച് കോടി ഉപയോഗിച്ച് ചീഫ് വിപ്പിന്റെ പ്രസംഗം/പത്രസമ്മേളനം/ചാനൽ ചർച്ചകൾ എന്നിവ ശേഖരിച്ച് ഭാവി തലമുറയ്ക്ക് പഠനത്തിനായി ഉപയോഗിക്കാനുള്ള പദ്ധതിയും അണിയറയിൽ തയ്യാറാവുന്നുണ്ടുന്നു എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

ചീഫ് വിപ്പ് തങ്ങളുടെ ഐശ്വര്യമായതുകൊണ്ട് ഗ്രാമീണഭാഷാ പ്രയോഗങ്ങളിൽ ചീഫ് വിപ്പിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സർക്കാരിന്റെ ഭാഗമായ നേതാക്കൾ പറഞ്ഞു. പക്ഷേ ഭാഷാവിരോധികളായ ചില നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മലയാള ക്ലാസിക് ഭാഷയുടെ വാമൊഴിവഴക്കങ്ങൾ കണ്ട് തമിഴ് ഭാഷാ സ്നേഹികൾ അന്തംവിട്ടു നിൽക്കുകയാണന്ന് ചെന്നയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജയ് മലയാളം
ജയ് ക്ലാസിക് മലയാളം


ലേബൽ : വ്യാജ വാർത്ത.   

*****************************************

നാക്കിന്റെ പരാതി :: ഒരു കഥ

നാക്കിനെന്നും അങ്ങ് പരാതി ആയിരുന്നു.തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നാക്ക് ഈശ്വരന്റെ അടുക്കല്‍എത്തി.ഈശ്വരനെ കണ്ട് പരാതി ഉണര്‍ത്തിച്ചു.മനുഷ്യരുടെ ശരീരത്തില്‍ താന്‍ മാത്രം ഒറ്റയ്ക്കാണ്.

എല്ലാവര്‍ക്കുംരണ്ട് കണ്ണുണ്ട്,രണ്ട് കാലുണ്ട്,രണ്ടു കൈ ഉണ്ട്,രണ്ട് ചെവിയുണ്ട്,രണ്ട് കിഡ്‌നി ഉണ്ട്..

പക്ഷേ താന്‍ മാത്രംഒറ്റയാണ്.അതുകൊണ്ട് ഇനിമുതല്‍ എല്ലാവര്‍ക്കും രണ്ടു നാക്കും നല്‍കണം.ഈശ്വരന്‍ പരാതി കേട്ടിട്ട് നാക്കിനെഉപദേശിച്ചു നോക്കി.മനുഷ്യന് ഒരു നാക്കിന്റെ ആവശ്യമേ ഉള്ളു എന്ന് പറഞ്ഞു നോക്കി.പക്ഷേ നാക്ക് തന്റെ ആവിശ്യത്തില്‍ തന്നെ ഉറച്ചു നിന്നു. മനുഷ്യന് ഒന്നുകില്‍ രണ്ടു നാക്ക് അല്ലങ്കില്‍ ഒരു നാക്കും വേണ്ട. നാക്കിന്റെ പിടിവാശിയില്‍ ഈശ്വരന്‍ ധര്‍മ്മ സങ്കടത്തിലായി. നാക്കാണങ്കില്‍ കടും‌പിടിത്തത്തില്‍ തന്നെയാണ്.
‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഉറപ്പ് പറഞ്ഞ് ഈശ്വരന്‍ നാക്കിനെ പറഞ്ഞുവിടാന്‍നോക്കി.ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് നാക്ക് പറഞ്ഞപ്പോള്‍ ‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഈശ്വരന്‍ എഴുതികൊടുത്തു.

എല്ലാദിവസവും നാക്ക് ഈശ്വരന്റെ അടുത്ത് ചെല്ലും.ഈശ്വരന്‍ ആ എഴുത്ത് വാങ്ങി വായിക്കും.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘.എന്നിട്ട് നാക്കിനെ പറഞ്ഞുവിടാം.ഈശ്വരന്‍ തന്നെ പറ്റിക്കുകയാണന്ന്നാക്കിന് മനസ്സിലായി.നാക്കിനെ ഇങ്ങനെ നടത്തുന്നതില്‍ ഈശ്വരനും വിഷമം ഉണ്ടായിരുന്നു.പക്ഷേഎന്തു ചെയ്യാം.ഇന്ന് രാവിലെ നാക്ക് വീണ്ടും ഈശ്വരന്റെ അടുത്ത് ചെന്നു.തന്നെ ഇനി പറഞ്ഞ് പറ്റിക്കാന്‍നോക്കേണ്ടാ എന്ന് പറഞ്ഞു.

ഈശ്വരന്‍ ഒന്നും പറയാതെ അകത്തേക്ക് പോയി രണ്ടാഴ്ചത്തെ പത്രം മുഴുവന്‍ എടുത്തോണ്ടു വന്നു. നാക്കിനോട്പത്രം മുഴുവന്‍ വായിക്കാന്‍ പറഞ്ഞു.നാക്ക് പത്രം മുഴുവന്‍ വായിച്ചു. പത്രം തിരിച്ച് വാങ്ങിച്ചിട്ട് ഈശ്വരന്‍ നാക്കിനോട് പറഞ്ഞു.

“ഒരു നാക്കേ ഉള്ളുവെങ്കില്‍തന്നെ കേരളത്തിലെ ഒരു മനുഷ്യനെകൊണ്ട് കിടക്കപൊറുതി ഇല്ല...അപ്പോള്‍ ഒരു നാക്കൂടെ കൊടുത്താല്‍ എന്താവും സ്ഥിതി?”..

നാക്ക് ഒന്നും പറയാതെ തിരിച്ചുനടന്നു...പോരുന്ന വഴിയില്‍ ചില ഗ്രാമീണവാക്കുകള്‍ ഉരവിട്ടുതെണ്ടികൾ,തലയ്ക്ക്‌ വല്ല കുഴപ്പം,ബോധവും പൊക്കണവും, ചത്തില്ലേ? , മാനസിക വൈകല്യം,വേശ്യ,കിഴവി, ഗ്രാമീണൻ...

Saturday, March 2, 2013

വാർത്തകൾ സ്കാൻ ചെയ്തു നോക്കുമ്പോൾ

*ഒന്ന്*


മംഗളം വാരികയിൽ കെ.എം. റോയ് എഴുതിയ *ഇരുളും വെളിച്ചവും* എന്ന പംക്തി മുടങ്ങാതെ വായിക്കുമായിരുന്നു.പിന്നീട് മംഗളം വാരികയുടെ വായന നിന്നു പോയി.പിന്നീടാണ്  കെ.എം. റോയ് മംഗളം പത്രത്തിൽ തിങ്കളാഴ്ചകളിൽ എഴുതുന്ന തുറന്ന മനസോടെ എന്ന കോളം വായിക്കാൻ തുടങ്ങിയത്. ഫെബ്രുവരി 18 തിങ്കളാഴ്ച തുറന്ന മനസോടെ കോളത്തിൽ കെ.എം. റോയ് എഴുതിയത് *സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും* എന്ന തലക്കെട്ടിൽ ബസന്തിനെ ഇന്ത്യാവിഷൻ റിപ്പോർട്ടർ ഒളിക്യാമറയിൽ കുടുക്കിയതിനെക്കുറിച്ചായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് മാധ്യമം പത്രത്തിന്റെ ഓൺലൈൻ എഡീഷനിൽ കെ.എം. റോയ് തുറന്നിട്ട ജാലകം എന്ന പേരിൽ എഴുതുന്ന കോളം കണ്ടു. അതിൽ *മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം* എന്ന തലക്കെട്ടിലെ വിശകലനം വായിച്ചപ്പോൾ അത് നേരത്തെ എവിടയോ വായിച്ചതായി തോന്നി. നോക്കി നോക്കി ചെന്നപ്പോൾ കെ.എം.റോയ് തന്നെ മംഗളം പത്രത്തിൽ എഴുതിയ *സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും* എന്ന വിശകലനത്തിലെ കുറേ ഭാഗങ്ങൾ ആണ് മാധ്യമത്തിലെ *മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം*ത്തിൽ ഉള്ളത്. രണ്ട് മൂന്ന് വാചകങ്ങൾ അധികത്തിലും ചില വാചകങ്ങളുടെ ഘടനയ്ക്കും വെത്യാസം ഉണ്ടന്നും മാത്രം!!
ലിങ്കുകൾ താഴെ
മാധ്യമം
മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം

മംഗളം
സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും - Page 2


കെ.എം.റോയ് മാധ്യമത്തിൽ എഴുതിയ വേറെ ഒരു വിശ്കലനം കൂടി വായിച്ചു
*മുല്ലപ്പെരിയാര്‍ കഴിഞ്ഞപ്പോള്‍ കൊച്ചിമെട്രോ*

മംഗളത്തിൽ തപ്പിയപ്പോൾ മുകളിലെ വിശ്കലനത്തിന്റെ 'സോഴ്സ്'കിട്ടി. മംഗളത്തിൽ രണ്ടു ദിവസമായി എഴുതിയതിൽ നിന്ന് എടുത്ത് മാധ്യമത്തിൽ കോപ്പി പേസ്റ്റ് എഡിറ്റ് ചെയ്തതാണ്.
ഇതാണ് സോഴ്സ്
മെട്രോ റെയില്‍ ഇല്ലെങ്കില്‍ കേരളം കടലില്‍ മുങ്ങിപ്പോകുമോ
കഥ അറിയാതെ ആട്ടം കാണുന്ന കേരളീയര്‍

മാധ്യമത്തിലെ തുറന്നിട്ട ജാലകത്തിലെ 'മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം' എന്ന വിശകലനം തുടങ്ങുന്നത് ഇങ്ങനെയാണ്
 'സാങ്കേതിക വിപ്ളവത്തെത്തുടര്‍ന്ന് വന്‍ മുതല്‍മുടക്ക് ആവശ്യമായിട്ടുള്ള മാധ്യമ പ്രവര്‍ത്തന രംഗത്ത് സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള കഴുത്തറുപ്പന്‍ മത്സരം നടക്കുമ്പോള്‍ ധാര്‍മികതയും മനുഷ്യ മാന്യതയും ചിലപ്പോള്‍ വിസ്മരിക്കേണ്ടിവരുമെന്ന കച്ചവട മന$സ്ഥിതിയെ ന്യായീകരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?' ഈ ചോദ്യത്തിലെ ഒരു വാക്ക് തന്നെ എടുത്ത് ചോദിക്കട്ടെ , രണ്ട് പത്രങ്ങളിൽ 'പംക്തി' എഴുതുമ്പോൾ ഒന്നു തന്നെ രണ്ടിടത്തും എഴുതുന്നത് ധാർമികത ആണോ??
(ഞാൻ ഒന്നു തന്നെ രണ്ടു പത്രങ്ങളിലും എഴുതൂ എന്ന് പത്രമാനേജ്മെന്റിനോട് കോളമിസ്റ്റ് പറഞ്ഞിട്ടൂണ്ടങ്കില്‍  അദ്ദേഹം ധാർമികത വിട്ടില്ലന്ന് പറയാം, പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ചോദ്യം ചോദ്യമായി തന്നെ അവശേഷിക്കട്ടെ)

*രണ്ട്*
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഫെബ്രുവരി 25 ആം തീയതി ദില്ലിയില്‍ ലൈംഗികാക്രമണം ചെറുത്ത യുവതിയെ വെടിവച്ചു കൊന്നു എന്ന ഒരു വാർത്ത ഉണ്ടായിരുന്നു.

ദില്ലി: രാജ്യ തലസ്ഥാനത്ത് ലൈംഗികാക്രമണം എതിര്‍ത്ത യുവതിയെ വെടിവെച്ചു കൊന്നു. എന്നു പറഞ്ഞാണ് വാർത്ത തുടങ്ങുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഭര്‍ത്താവിനൊപ്പം മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു 25 കാരിയായ യുവതി.പെട്ടെന്ന് ബൈക്കിലെത്തിയ സംഘം യുവതിക്കു നേരെ അശ്ലീലം പറയുകയും കടന്നു പിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘത്തിലൊരാള്‍ യുവതിക്കു നേരെ വെടിവച്ചു. എന്നും ഈ റിപ്പോർട്ടീൽ കാണുന്നുണ്ട്.

പക്ഷേ ഈ വാർത്തയിൽ പറഞ്ഞിരിക്കുന്നതുപോലെയായിരുന്നോ സംഭവം? ഡൽഹിയിൽ നിന്ന് ഇറങ്ങുന്ന പത്രങ്ങൾ നോക്കിയപ്പോൾ യുവതി വെടിയേറ്റ് മരിച്ചിട്ടുണ്ട്. പക്ഷേ  ലൈംഗികാക്രമണം/ബലാത്സംഗം ചെറുക്കുമ്പോഴൊന്നും അല്ലായിരുന്നു വെടിവെയ്പ്.

ആ വെടിവെപ്പും മരണവും ഇങ്ങനെയായിരുന്നു
കൊല്ലപ്പെട്ട പൂജയുടെ കൂട്ടൂകാരിയായ കിരണിന്റെ 'ലിവിംങ് പാർടണർ' ആയിരുന്നു കൊലപാതകിയായ മുൻഷി രാം യാദവ്. ഇയാൾ കിരണിനെ വിവാഹം കഴിച്ച് സ്വന്തം നാടായ ബീഹാറിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു എങ്കിലും പൂജ അതിനെ എതിർത്തിരുന്നുവെത്രെ. കുറെ നാളായി യാദവും പൂജയും ഇതിന്റെ പേരിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും ഒരു ദിവസം വഴക്ക്  ഉണ്ടായപ്പോൾ പൂജ ഇയാളെ അടിക്കുകയും കല്ലെറിയുകയും ചെയ്തുവത്രെ. അന്നുമുതൽ ഇയാൾ പൂജയെ കൊലപ്പെടുത്താൻ ചിന്തിക്കുകയും നാട്ടിൽ നിന്ന് തോക്കു കൊണ്ടൂവരികയും ചെയ്തു. കൊലപാതക ദിവസം കൊല്ലപ്പെട്ട പൂജയും ഭർത്താവും(ഇവരും 'ലിവിംങ് പാർടണർ' ആയി കഴിയുകയായിരുന്നു എന്നും പറയുന്നു) ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മുൻഷി രാം യാദവ് ബൈക്കിൽ എത്തി വെടിവയ്ക്കുകയായിരുന്നു

ചില വാർത്തകളിൽ കാണുന്നത് ഈ രണ്ട് സ്ത്രികളും (കൊല്ലപ്പെട്ട പൂജയും കൂട്ടൂകാരി കിരണും) ലൈംഗീക തൊഴിലാളികൾ ആയിരുന്നു എന്നാണ്.
{ഡൽഹിയിൽ ഒരു സ്ത്രിയെ വെടിവെച്ച് കൊന്നു എന്നുള്ള വാർത്ത തെറ്റാണന്നല്ല , ബലാത്സംഗം/ലൈംഗീക ആക്രമണം ചെറൂത്ത സ്ത്രിയെ വെടിവെച്ചു കൊന്നു എന്നുള്ള വാർത്ത തെറ്റാണന്ന് പറഞ്ഞന്നേ ഉള്ളൂ.} അല്ലങ്കിൽ തന്നെ ഒരു വാർത്തയെ വായനക്കാരന് ആവശ്യമായ രീതിയിൽ നൽകിയെങ്കിൽ മാത്രമേ മത്സരത്തിൽ പിടിച്ചുനിൽക്കാൻ പറ്റൂ

*മൂന്ന്* 

റിപ്പോർട്ടർ ചാനലിന്റെ സിനിമാ നിരൂപണ പരിപാടിയായ റിവേഴ്സ് ക്ലാപ്പിന്റെ ഓൺലൈൻ വായനയിൽ 'റിവേഴ്സ് ക്ലാപ്പില്‍ ഡ്രാക്കുളയുടേയും ബ്ലാക്ക് ബട്ടര്‍ഫ്ലൈയുടേയും വായന' എന്ന തലക്കെട്ടിലെ വിശകലനം വായിച്ച് അവസാന ഭാഗത്തെ കൗബോയി പടത്തിൽ എത്തുമ്പോൾ - ഹോളിവുഡില്‍ കൗബോയ് എന്നു പറഞ്ഞാല്‍ സംഭവം കിടിലനാണ്. ഇവിടെപ്പക്ഷേ, കറവക്കാരന്‍ പയ്യനെന്നു പരിഭാഷപ്പെടുത്താം ആ ഉഗ്രന്‍ വാക്കിനെ. ഒരു കറവക്കാരന്‍ പയ്യന്‍ പോലുമായില്ല, ബാലചന്ദ്രമേനോന്റെയും ആസിഫലിയുടെയും കൗ ബോയ്. പ്രേക്ഷകന്റെ കാശു പോയ്...  ഈ പടത്തിൽ ബാലചന്ദ്രമേനോന്‍ അഭിനയിക്കുന്നുണ്ടോ??? അതോ 'ബാലചന്ദ്രകുമാര്‍ എന്ന നവാഗതസംവിധായകന്‍ എഴുത്തും കൂടി നിര്‍വഹിച്ച് നിരത്തിലിറക്കിയിരിക്കുന്ന' , പ്രേക്ഷകരെ പേടിപ്പിച്ച്, പീഡിപ്പിക്കുകയാണ് ബാലചന്ദ്രകുമാറും അദ്ദേഹത്തിന്റെ സിനിമ കൗബോയിയും-  എന്ന് പറയുന്നതിലെ ബാലചന്ദ്രകുമാര്‍ ബാലചന്ദ്രമേനോന്‍ ആയിപ്പോയതാണോ??

*നാല്* 
മാർച്ച് 1-2013 മലയാള മനോരമയിലെ ഉപതിരഞ്ഞെടൂപ്പ് വാർത്ത , നിയമസഭാ ഉപതിരഞ്ഞെടുപ്പ്: എട്ടു സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് എന്ന തലക്കെട്ടിൽ ഇങ്ങനെയാണ്.
ന്യൂഡൽഹി : ആറു സംസ്ഥാനങ്ങളിലായി എട്ടൂ സീറ്റുകളിലേക്ക് നടന്ന നിയമ സഭാ ഉപതിരഞ്ഞെടൂപ്പിൽ കോൺഗ്രസ് മൂന്നു സീറ്റ് നേടി.ബംഗാളിലും മിസോറാമിലും അസമിലും കോൺഗ്രസ് ഓരോ സീറ്റ് നേടിയപ്പോൾ...... തൃണമൂൽ കോൺഗ്രസും ഇടതുമുന്നണിയും ബംഗാളിൽ ഓരോ സീറ്റ് നേടി.

ഈ വാർത്തയിലെ അവസാന ഖണ്ഡിക ഇങ്ങനെയാണ്.

ബംഗാളിലെ മുൻഷിദാബാദ് ജില്ലയിലെ രജിനഗർ മൺഡലത്തിൽ കോൺഗ്രസ് വിജയത്തിനു ഇരട്ടി മധുരം. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ഹുമയൂൺ കമീറിനെയാണു കോൺഗ്രസ് സ്ഥാനാർത്ഥി റബിയുൽ അലാം ചൗധരി തോൽപ്പിച്ചത്. മുൻ കോൺഗ്രസ് എം.എൽ.എ കൂടിയാണ് ഹുമയൂൺ.

ഈ വാർത്തയിലെ ഉൾവാർത്ത
ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിമ്ങ് സീറ്റുകളാണ്.(തൃണമൂൽ-കോൺഗ്രസ് സഖ്യത്തിൽ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്). ഇതിൽ ഒരു സീറ്റ് മാത്രമേ കോൺഗ്രസിനു നിലനിർത്താൻ കഴിഞ്ഞുള്ളൂ. ആ സീറ്റാണ് ഇരട്ടി മധുരം എന്ന് മനോരമ പറയുന്നത്. എന്നാൽ ഒരു ഇരട്ടി കയ്പിന്റെ വാർത്തകൂടി ഉണ്ട്. രാഷ്ട്രപതിയായപ്പോൾ പ്രണാബ് മുഖർജി ഒഴിഞ്ഞ സീറ്റിൽ ലോക്സഭയിലേക്ക് ആ സീറ്റിൽ മത്സരിച്ചത് പ്രണാബിന്റെ മകൻ അഭിജിത് ആയിരുന്നു. നാൽഹത്തി മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന അഭിജിത് ആ സ്ഥാനം രാജിവെച്ചാണ് എം.പി ആയത്. പക്ഷേ ഉപതിരഞ്ഞെടുപ്പിൽ  നാൽഹത്തി മൺഡലത്തിൽ വിജയിച്ചത് ഫോർവേഡ് ബ്ലോക്കാണ്. രാഷ്ട്രപതിയുടെ മകന്റെ സിറ്റിംങ് സീറ്റാണ് ഇടതുപക്ഷത്തിലെ ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത്. ഏതായാലും മധുരവാർത്ത നൽകിയപ്പോൾ കയ്പ് വാർത്തകൂടി നൽകാമായിരുന്നു.

*അഞ്ച്* 
ഒരു ചാനലിൽ രാജ്യസഭയിലെ നടപടിക്രമങ്ങൾ കാണാൻ ഇടയായി.(അദ്ധ്യക്ഷ കസേരയിൽ പി.ജെ.കുര്യൻ തന്നെ). നമ്മുടെ രാഷ്‌ട്രീയക്കാർ എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതന്ന് ഒരു ചോദ്യം ഇത് കണ്ടപ്പോൾ മനസിൽ തോന്നി. പ്രായത്തിന്റെ എല്ലാം ചുളുവുകളും മുഖത്ത് നിന്നും മനസിലാക്കാൻ പറ്റുന്ന ഒരു നേതാവ് സഭയിൽ സംസാരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മീശയ്ക്കൂം തലയിൽ അവശേഷിക്കുന്ന മുടിക്കും ഭയങ്കര കറുപ്പ്!!!.(ഡൈ അടിക്കുന്നത് അദ്ദേഹത്റ്റിന്റെ വ്യക്തിപരമായ കാര്യം ആണങ്കിലും ) ഈ കറുപ്പീര് അരോചകം തന്നെ !!!!