Thursday, March 14, 2013

ചീഫ് വിപ്പ് ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക്

ചീഫ് വിപ്പ് ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക്

തിരുവനന്തപുരം : മലയാളഭാഷ നശിച്ചു കൊണ്ടിരിക്കുന്നു എന്ന് ഭാഷാ സ്നേഹികൾ വിലപിച്ചു കൊണ്ടിരിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ക്ലാസിക് ഭാഷാ പദവി എല്ലാമലയാളികൾക്കും ഉള്ള കേന്ദ്ര സർക്കാരിന്റെ സമ്മാനമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചീഫ് വിപ്പിനെ ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ അത് പരിഗണിക്കേണ്ട വിഷയമാണന്നും ഗ്രാമീണഭാഷ ഇപ്പോഴും - എപ്പോഴും ഉപയോഗിക്കുന്ന ഏക രാഷ്ട്രീയ നേതാവ് എന്ന് നിലയിൽ ചീഫ് വിപ്പിനു അതിനു അർഹതയുണ്ടന്നും അദ്ദേഹം സമ്മതിച്ചു. ഗ്രാമീണഭാഷ നശിക്കാതിരിക്കാനും ഗ്രാമീണഭാഷയിലെ ഗവേഷ്ണത്തിനുമായി ചീഫ് വിപ്പിന്റെ പേരിൽ മലയാള സർവകലാശാലയിൽ ഒരു ചെയറോ തറയോ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത സർവകലാശാല ചാൻസലറോട് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണിപാട്ടുകളുടെ നിലനിൽപ്പിനായി 'പൂഞ്ഞാർ ഗ്രാമീണ നിഘണ്ടുവിൽ' നിന്ന് വാക്കുകൾ ശേഖരിക്കാനായി ഭരണിപ്പാട്ട് അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്. തെണ്ടി,വേശ്യ,കിഴവി,കുത്തിക്കയറ്റൽ,ബോധവും പൊക്കണവും തുടങ്ങിയ വാക്കുകളെ ക്ലാസിക് പ്രയോഗങ്ങളായി കാണാവുന്നതാണന്ന് പ്രശസ്ത ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. ഗ്രാമീണഭാഷ ഉപയോഗിച്ച് സംസാരിക്കൂമ്പോൾ ചാനലുകൾ ബീപ്പ് ശബ്ദ്ദവും അത് അച്ചടിക്കുമ്പോൾ പത്രങ്ങൾ കുത്തും ഉപയോഗിക്കുന്നത് ക്ലാസിക് മലയാളത്തിനോടുള്ള അവഹേളനമാണന്ന് ഭാഷാ സ്നേഹികൾ പ്രതികരിച്ചു.

സർക്കാർ ചീ(ഫ് വി)പ്പ് ഉപയോഗിക്കുന്ന ക്ലാസിക് മലയാള ഗ്രാമീണഭാഷയോട് രാഷ്ട്രീയക്കാരും വ്യാജ സാംസ്കാരിക നായകന്മാരും പ്രതികരിക്കുന്നത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണന്ന് ഓൾ കേരള ചീ(ഫ് വി)പ്പ് ഫാൻസ് അസോസിയേഷൻ ആരോപിച്ചു. മലയാള ഭാഷയ്ക്ക് വേണ്ടീയും ഗ്രാമീണഭാഷയുടെ നിലനിൽപ്പിനും വേണ്ടി പത്രസമ്മേളനം നടത്തുന്ന ചീഫ് വിപ്പിനു സാംസ്‌കാരിക വകുപ്പ് മന്ത്രിസ്ഥാനം നൽകി ആദരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

അതേ സമയം ചീഫ് വിപ്പിന്റെ വാർത്താ സമ്മേളനത്തിലെ പകുതി സമയവും ബീപ് ബീപ് ശബ്ദ്ദം മാത്രം കേൾപ്പിച്ച ടെലിവിഷൻ ചാനൽ ബഹിഷ്ക്കരിക്കണമെന്ന് 'സേവ് ക്ലാസിക് മലയാളം ഭാഷ' പ്രവർത്തകർ പറഞ്ഞു. ചില വാക്കുകൾക്ക് പകരം കുത്തും നക്ഷത്രചിഹ്നവും ഇട്ട മാധ്യമങ്ങൾ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.മലയാളഭാഷാ പ്രയോഗങ്ങളോടുള്ള അസഹിഷ്ണതമൂലം ഭാഷാ വിരോധികൾ ചീഫ് വിപ്പിന്റെ കോലം കത്തിക്കാനും പ്രകടനം നടത്താനും സാധ്യത ഉണ്ടന്നും അവർ പറഞ്ഞു....

2013ലെ ബഡ്ജറ്റിൽ ക്ലാസിക് മലയാളത്തിന്റെ വികസനത്തിനു ഒരു അഞ്ചുകോടി രൂപയെങ്കിലും മാറ്റിവെക്കുമെന്ന് സൂചനയുണ്ട്. ഇതിനുവേണ്ടി ധനമന്ത്രിക്ക് ഇന്നലെ ചീഫ് വിപ്പിന്റെ കുറിപ്പ് കിട്ടിയിരുന്നു. മലയാളത്തിന്റെ ക്ലാസിക് പദവിക്ക് കിട്ടുന്ന 200 കോടി രൂപയിൽ നിന്ന് കുറച്ച് കോടി ഉപയോഗിച്ച് ചീഫ് വിപ്പിന്റെ പ്രസംഗം/പത്രസമ്മേളനം/ചാനൽ ചർച്ചകൾ എന്നിവ ശേഖരിച്ച് ഭാവി തലമുറയ്ക്ക് പഠനത്തിനായി ഉപയോഗിക്കാനുള്ള പദ്ധതിയും അണിയറയിൽ തയ്യാറാവുന്നുണ്ടുന്നു എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

ചീഫ് വിപ്പ് തങ്ങളുടെ ഐശ്വര്യമായതുകൊണ്ട് ഗ്രാമീണഭാഷാ പ്രയോഗങ്ങളിൽ ചീഫ് വിപ്പിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സർക്കാരിന്റെ ഭാഗമായ നേതാക്കൾ പറഞ്ഞു. പക്ഷേ ഭാഷാവിരോധികളായ ചില നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മലയാള ക്ലാസിക് ഭാഷയുടെ വാമൊഴിവഴക്കങ്ങൾ കണ്ട് തമിഴ് ഭാഷാ സ്നേഹികൾ അന്തംവിട്ടു നിൽക്കുകയാണന്ന് ചെന്നയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജയ് മലയാളം
ജയ് ക്ലാസിക് മലയാളം


ലേബൽ : വ്യാജ വാർത്ത.   

*****************************************

നാക്കിന്റെ പരാതി :: ഒരു കഥ

നാക്കിനെന്നും അങ്ങ് പരാതി ആയിരുന്നു.തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നാക്ക് ഈശ്വരന്റെ അടുക്കല്‍എത്തി.ഈശ്വരനെ കണ്ട് പരാതി ഉണര്‍ത്തിച്ചു.മനുഷ്യരുടെ ശരീരത്തില്‍ താന്‍ മാത്രം ഒറ്റയ്ക്കാണ്.

എല്ലാവര്‍ക്കുംരണ്ട് കണ്ണുണ്ട്,രണ്ട് കാലുണ്ട്,രണ്ടു കൈ ഉണ്ട്,രണ്ട് ചെവിയുണ്ട്,രണ്ട് കിഡ്‌നി ഉണ്ട്..

പക്ഷേ താന്‍ മാത്രംഒറ്റയാണ്.അതുകൊണ്ട് ഇനിമുതല്‍ എല്ലാവര്‍ക്കും രണ്ടു നാക്കും നല്‍കണം.ഈശ്വരന്‍ പരാതി കേട്ടിട്ട് നാക്കിനെഉപദേശിച്ചു നോക്കി.മനുഷ്യന് ഒരു നാക്കിന്റെ ആവശ്യമേ ഉള്ളു എന്ന് പറഞ്ഞു നോക്കി.പക്ഷേ നാക്ക് തന്റെ ആവിശ്യത്തില്‍ തന്നെ ഉറച്ചു നിന്നു. മനുഷ്യന് ഒന്നുകില്‍ രണ്ടു നാക്ക് അല്ലങ്കില്‍ ഒരു നാക്കും വേണ്ട. നാക്കിന്റെ പിടിവാശിയില്‍ ഈശ്വരന്‍ ധര്‍മ്മ സങ്കടത്തിലായി. നാക്കാണങ്കില്‍ കടും‌പിടിത്തത്തില്‍ തന്നെയാണ്.
‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഉറപ്പ് പറഞ്ഞ് ഈശ്വരന്‍ നാക്കിനെ പറഞ്ഞുവിടാന്‍നോക്കി.ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് നാക്ക് പറഞ്ഞപ്പോള്‍ ‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഈശ്വരന്‍ എഴുതികൊടുത്തു.

എല്ലാദിവസവും നാക്ക് ഈശ്വരന്റെ അടുത്ത് ചെല്ലും.ഈശ്വരന്‍ ആ എഴുത്ത് വാങ്ങി വായിക്കും.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘.എന്നിട്ട് നാക്കിനെ പറഞ്ഞുവിടാം.ഈശ്വരന്‍ തന്നെ പറ്റിക്കുകയാണന്ന്നാക്കിന് മനസ്സിലായി.നാക്കിനെ ഇങ്ങനെ നടത്തുന്നതില്‍ ഈശ്വരനും വിഷമം ഉണ്ടായിരുന്നു.പക്ഷേഎന്തു ചെയ്യാം.ഇന്ന് രാവിലെ നാക്ക് വീണ്ടും ഈശ്വരന്റെ അടുത്ത് ചെന്നു.തന്നെ ഇനി പറഞ്ഞ് പറ്റിക്കാന്‍നോക്കേണ്ടാ എന്ന് പറഞ്ഞു.

ഈശ്വരന്‍ ഒന്നും പറയാതെ അകത്തേക്ക് പോയി രണ്ടാഴ്ചത്തെ പത്രം മുഴുവന്‍ എടുത്തോണ്ടു വന്നു. നാക്കിനോട്പത്രം മുഴുവന്‍ വായിക്കാന്‍ പറഞ്ഞു.നാക്ക് പത്രം മുഴുവന്‍ വായിച്ചു. പത്രം തിരിച്ച് വാങ്ങിച്ചിട്ട് ഈശ്വരന്‍ നാക്കിനോട് പറഞ്ഞു.

“ഒരു നാക്കേ ഉള്ളുവെങ്കില്‍തന്നെ കേരളത്തിലെ ഒരു മനുഷ്യനെകൊണ്ട് കിടക്കപൊറുതി ഇല്ല...അപ്പോള്‍ ഒരു നാക്കൂടെ കൊടുത്താല്‍ എന്താവും സ്ഥിതി?”..

നാക്ക് ഒന്നും പറയാതെ തിരിച്ചുനടന്നു...പോരുന്ന വഴിയില്‍ ചില ഗ്രാമീണവാക്കുകള്‍ ഉരവിട്ടുതെണ്ടികൾ,തലയ്ക്ക്‌ വല്ല കുഴപ്പം,ബോധവും പൊക്കണവും, ചത്തില്ലേ? , മാനസിക വൈകല്യം,വേശ്യ,കിഴവി, ഗ്രാമീണൻ...

1 comment:

ajith said...

നല്ല പൂഞ്ഞാറന്‍ ഭാഷ