Tuesday, December 30, 2008

ചീനിക്ക്(കപ്പ) വിലത്തകര്‍ച്ച :

.

റബറിന്റെ വിലയിടിവിനു പിന്നാലെ കപ്പയ്ക്കും വിലത്തകര്‍ച്ച. റബ്ബറിന്റെ വിലയിടിവിനു ആഗോളപ്രതിസന്ധിയുമായിട്ട ബന്ധമുണ്ടന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടങ്കിലും ചീനിയുടെ വിലത്തകര്‍ച്ചയ്ക്ക് ആഗോളസാമ്പത്തിക മാന്ദ്യവുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോഎന്ന് ആരും ഗവേഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ചീനിയുടെ വിലത്തകര്‍ച്ചയുടെ കാരണം അന്വേഷിച്ച് നമ്മള്‍തന്നെ പോയേ മതിയാകൂ. കാരണം പണ്ട് നമ്മുടെ വീടുകളില്‍ അരിയെക്കാ‍ള്‍ കൂടുതല്‍ ചീനി ആയിരുന്നു അടപ്പത്ത് തിളച്ചിരുന്നത് ... കപ്പയുടെ വിലത്തകര്‍ച്ചയുടെ കാരണം തേടിപ്പോയപ്പോള്‍ കണ്ടെത്തിയത് ...

ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ 10 രൂപവരെ വിലയുണ്ടായിരുന്ന ഒരു കിലോ കപ്പയ്ക്ക് ഇപ്പോള്‍ ആറുരൂപയ്ക്കാണ് കച്ചവടംനടക്കുന്നത്. മൂന്നുമാസത്തിനിടയ്ക്ക് 40 ശതമാനത്തോള മാണ് വിലയിടിവ് ഉണ്ടായത്. വിലകുറഞ്ഞു എങ്കിലും ഇപ്പോള്‍ആവിശ്യക്കാ‍ര്‍ ഇല്ലാത്തതു കൊണ്ട് കപ്പ കണ്ടത്തില്‍ തന്നെക്കിടന്ന് ‘പൊങ്ങന്‍‘ ആവുകയാണ്. (കരിമ്പ് പൂത്തുകഴി ഞ്ഞാല്‍കരിമ്പിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നതുപോലെ ചീനി മണ്ണില്‍ക്കിടന്ന് കൂടുതല്‍ വിളഞ്ഞാല്‍ പൊങ്ങന്‍ ആവും. ചീനിയുടെരുചി,ഗുണം ഒക്കെ നഷ്ടപ്പെടുകയും ചെയ്യും.). കച്ചവടക്കാര്‍ വിലപറഞ്ഞ് എടുക്കാത്തതുകൊണ്ട് കൃഷിഭൂമിയില്‍ തന്നെ ചീനിപിഴാതെ കിടക്കുകയാണ് .). അരിക്ക് വിലകൂടി നിന്ന സമയത്ത് ചീനിക്ക് പത്തുരൂപ വിലയുണ്ടായി രുന്നപ്പോള്‍ പൊട്ടുചീനിവരെ ആളുകള്‍ വാങ്ങിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ അരി വിപണിയില്‍ സുലഭമായതുകൊണ്ട് വിലകുറഞ്ഞിട്ടുംആളുകള്‍ ചീനിവാങ്ങുന്നില്ല.

ചീനി വേവിച്ചോ പുഴുങ്ങിയോ ആണ് സാധാരണയായി കഴിക്കുന്നത്. ചീനിയ്ക്ക് തൊട്ടുകൂട്ടാന്‍ മീന്‍ കറിയോ ഇറച്ചിക്കറിയോഅത്യന്താപേക്ഷിതമാണ്. (ചീനിയും മത്തിക്കറിയുമാണ് അപ്രഖ്യാപിത കോമ്പിനേഷന്‍) . എന്നാല്‍ മീനിന് വിലകൂടിയതോടെആളുകള്‍ മീന്‍ വാങ്ങുന്നത് ചുരുക്കുകയും കപ്പ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തിരിക്കുകയാണ് . ഇപ്പോള്‍ ഷാപ്പുകാര്‍ മാത്രമാണ്കപ്പ വാങ്ങുന്നതെന്ന് തോന്നുന്നു. പൊങ്ങന്‍ കപ്പ (മൂപ്പുകൂടിയ കപ്പ) വില്‍ക്കാനായി പിഴുന്നതുകൊണ്ട് ആളുകള്‍ കപ്പവാങ്ങുന്നതുമില്ല. വെറുതെക്കൊടുക്കാമെന്ന് പറഞ്ഞിട്ടുപോലും ആളുകള്‍ കപ്പ വാങ്ങിക്കൊണ്ടുപോകാന്‍ മടിക്കുകയാണ്.

കപ്പ കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുമത്രെ. ഗ്യാസ് ,നെഞ്ചെരിച്ചില്‍ ഒക്കെ ഉണ്ടാവുന്നുണ്ടത്രെ!! മൂന്നു നേരവും കപ്പ കഴിച്ചിരുന്ന ഒരു തലമുറ നമുക്ക് മുന്നില്‍ ഉണ്ടായിരുന്നു. പത്തും‌പന്ത്രണ്ടും പേര്‍ അടങ്ങിയിരുന്ന കുടുംബം അന്ന വിശപ്പ് അകറ്റിയിരുന്നത് കപ്പകൊണ്ടായിരുന്നു. പഞ്ഞകര്‍ക്കിടകത്തിന്റെ പട്ടിണിമാറ്റാന്‍ ‘കര്‍ക്കടക കപ്പ’ എന്ന പ്രത്യേക ഇനംകപ്പ തന്നെ കൃഷി ചെയ്തിരുന്നു.കപ്പക്കാലാകള്‍(കപ്പ കൃഷിചെയ്യുന്ന സ്ഥലം) ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.മറ്റൊരു കൃഷിയിനം കൂടി നഷ്ടമാകുമ്പോള്‍ ആ കൃഷി നിര്‍ത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരും. അങ്ങനെയെങ്കില്‍നെല്ലിന് സംഭവിച്ചത് തന്നെ കപ്പയ്ക്കും സംഭവിക്കും. വരും കാലങ്ങളില്‍ അരിവരാന്‍ കാത്തിരിക്കുന്നതുപോലെ കപ്പയ്ക്കുവേണ്ടിയുംആന്ധ്രക്കാരനയോ തമിഴനയോ കാത്തിരിക്കേണ്ടിവരാം. നെല്ലിനും റബറിനും താങ്ങുവില താങ്ങുവില എന്ന് നിലവിളിക്കുന്നവര്‍കപ്പയ്ക്ക് താങ്ങുവില എന്ന് നിലവിളിക്കാത്തതെന്തേ???? (കപ്പക്കാലകള്‍ കപ്പ പറിച്ചാല്‍ ഉടന്‍ തന്നെ സജീവമാകും .. എന്തിനെന്നോ സുവിശേഷപ്രസംഗവേദികള്‍ ആകാനായി...).

പണ്ട് ചീനിഉള്ള വീടുകളില്‍ കപ്പ പിഴുത് അരിഞ്ഞുണക്കുമായിരുന്നു. വാട്ടക്കപ്പ, പച്ചയ്ക്കരിഞ്ഞു ണക്കിയത് , ഉപ്പേരിച്ചീനി എന്നിങ്ങനെ ഉണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് അങ്ങനേയും ആരും ചീനി സൂക്ഷിച്ചു വയ്ക്കാറില്ല. എന്ത് കാരണംകൊണ്ടാണങ്കിലും ചീനിക്ക് വിലത്തകര്‍ച്ച ഉണ്ടായി എന്നത് സത്യമാണ് . അതെക്കുറിച്ച് ഓര്‍ത്ത് തല പുണ്ണാക്കേണ്ടതില്ല ... കാരണം കപ്പ തിന്നില്ലങ്കിലും നമുക്ക് ജീവിക്കാന്‍ പറ്റുമല്ലോ !!!!!!!!!!!!!


.

Friday, December 26, 2008

മദ്യപാനസ്നേഹിയുടെ അപേക്ഷ :

.
വിഷയം :അധികാരികള്‍ വായിച്ചറിയുന്നതിന് ഒരു മദ്യപാനസ്നേഹി നല്‍കുന്ന നീണ്ട അപേക്ഷ

ബഹുമാനപ്പെട്ട സാറുമാരെ ...(സാറുമാരെ എന്ന് ബഹുവചനത്തില്‍ വിളിച്ചതിനുമാപ്പാ ക്കണം, ഏതുസാറിനാണ് അപേക്ഷ നല്‍കേണ്ടതന്ന് അറിയാത്തതുകൊണ്ടാണ് സാറുമാരെ എന്ന് വിളിച്ചത് )

കഴിഞ്ഞ ഡിസംബര്‍ 23,24 തീയതികളില്‍ ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ സര്‍ക്കാരിന് നല്‍കിയത് ഏകദേശം നാല്‍പ്പത്തൊന്ന്കോടി രൂപയാണ്.എന്നു പറഞ്ഞാല്‍ നാല്‍പ്പ ത്തൊന്ന് കോടിരൂപയുടെ മദ്യമാണ് ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ ബിവറേജസ്കോര്‍പ്പ റേഷനില്‍ നിന്ന് വാങ്ങിക്കുടിച്ചത്. സര്‍ക്കാരിന് ഇത്രയേറെ വരുമാനം ഉണ്ടാക്കിത്തരുന്ന ഞങ്ങളെ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. ഞങ്ങളോട് കാണിക്കുന്ന അവഗണനകളിലേക്കുംകൂടിഅധികാരികളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഈ അപേക്ഷ.

കേരളത്തിലെ ഏതെങ്കിലും കോര്‍പ്പറേഷനുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടങ്കില്‍ അത് ബിവറേജസ് കോര്‍പ്പറേഷന്‍ആണന്ന് എല്ലാവര്‍ക്കും അറിയാം. മറുനാടുകളില്‍ കിടക്കുന്ന സായിപ്പിനേയും മാദമ്മയേയും നമ്മുടെ നാട് കാണിക്കാന്‍ കച്ചകെട്ടി ഇറങ്ങി ത്തിരിച്ച ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ടൂറിസം ഡവലപ്പ് ചെയ്യാന്‍ കാശ് കളഞ്ഞ തല്ലാതെ ലാഭം ഉണ്ടാക്കിയിട്ടുണ്ടോ. കണ്ട ഇടവഴികളിലൂടെ കുഴിയില്‍ ചാടിച്ചും ടയര്‍ ഊരി ത്തെറുപ്പിച്ചും ആള്‍ക്കാരെ ഇടിച്ചുത്തെറുപ്പിച്ചും ഒക്കെ നമ്മുടെട്രാന്‍‌സ്പോര്‍ട്സ് മാസത്തിലെ എല്ലാ ദിവസവുംകൂടി ഓടിയാല്‍ കിട്ടുന്നത് എണ്‍പത്തഞ്ച് കോടിരൂപയാണ്. ഇങ്ങനെ എല്ലാ കോര്‍പ്പറേഷനുകളും നഷ്ടക്കണക്ക് പറയുമ്പോള്‍ ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ മനസറിഞ്ഞ് പെരുമാറിയപ്പോള്‍ ബിവറേജസ്കോര്‍പ്പറേഷന്‍ രണ്ടുദിവസം കൊണ്ട് ഉണ്ടാക്കിയത് നാല്‍പ്പത്കോടിയാണ്. ഈ കാശ് ഉണ്ടാക്കിത്തന്ന ഞങ്ങള്‍ മദ്യപാനസ്നേഹി കളോട് സമൂഹവും സര്‍ക്കാരും പുലര്‍ത്തിക്കൊണ്ടുപോരുന്ന അവഗണന അവസാനിപ്പി ക്കണം. ഇത്രയും കാലം മഴയും വെയിലും കാറ്റും തണുപ്പും ഒക്കെകൊണ്ട് ക്യൂ നിന്നതല്ലാതെ ഞങ്ങള്‍ ആരോടും ഒരു പരാതിയും പറഞ്ഞിരുന്നില്ല.

ഇത്രയും കാലം സര്‍ക്കാരിന് ലാഭം മാത്രം ഉണ്ടാക്കികൊടുത്ത ഞങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം എന്താണ് ? ഞങ്ങളെആളുകള്‍ കള്ളുകുടിയന്‍, പാമ്പ് തുടങ്ങിയ പേരുകളിലാണ് വിളിക്കുന്നത്. ഞങ്ങളുടെ ഭാര്യമാരെ കുടിയന്റെ ഭാര്യ എന്നും ഞങ്ങളുടെകുട്ടികളെ കുടിയന്റെ പിള്ളാര് എന്നൊക്കെയാണ് സമുഹം വിളിക്കുന്നത്. കള്ളുകുടിയന്‍, പാമ്പ് തുടങ്ങിയ പേരു കള്‍ ഞങ്ങളെവിളിക്കുന്നത് നിയമപരമായി നിരോധിച്ച് ആ വാക്കുകള്‍ക്ക് പകരം മദ്യസ്നേഹിയെന്നോ മദ്യപാന സ്നേഹിയെന്നോ വിളിക്കാന്‍ഉത്തരവിറക്കണം. ഇങ്ങനെയൊരു ഉത്തരവ് ഇറക്കാത്ത പക്ഷം ഞങ്ങള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നതാണ്. ഞങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ സര്‍ക്കാര്‍ ഖജനാവില്‍ പൂച്ചപോലും പേറാന്‍ കയറത്തില്ലന്ന്ഓര്‍ക്കണം.

ഞങ്ങള്‍ മദ്യപാനസ്നേഹികളെ സമൂഹം പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ചേര, പാമ്പ് , കുടിയന്‍ ,കള്ളുകുടിയന്‍, മുഴുക്കുടിയന്‍,ടാങ്ക്, ... തുടങ്ങിയ ഗ്രേഡുകളാണ് സമൂഹം തന്നിരി ക്കുന്നത്. ഈ ഗ്രേഡ് തിരിക്കലില്‍ ഒരു പ്രത്യേക മാനദണ്ഡം ഇല്ല. സര്‍ക്കാര്‍ഇടപെട്ട് ഞങ്ങള്‍ മദ്യപാനസ്നേഹികള്‍ക്ക് A,B,C,D എന്നീ ഗ്രേഡുകള്‍ ‘കപ്പാസിറ്റി‘ അനുസരിച്ച് നല്‍കണം. (ഞങ്ങളുടെഗ്രേഡ് കണ്ടുപിടിക്കാന്‍ വിദ്യാഭ്യാ വകുപ്പിനെ കൂട്ടുപിടിക്കരുത്. വിദ്യാഭ്യാ വകുപ്പിന്റെ ഗ്രേഡ് കിട്ടിയ പിള്ളാരെല്ലാം ഞങ്ങളെക്കാള്‍പെരുവഴിയിലാണ്.). ഗ്രേഡിന് അനുസരിച്ച് ഞങ്ങള്‍ക്ക് സബ്‌സിഡിയോ , ഡിസ്ക്കൌണ്ടുകളോ , ഒക്കെ നല്‍കണം.

ഞങ്ങളില്‍ പലരും പെമ്പിളമാരുടെ കെട്ടുതാലിയും, പിള്ളാരുടെ മൊട്ടുകമ്മലും ഒക്കെ പണയം വച്ചാണ് സര്‍ക്കാരിന് വരുമാനംഉണ്ടാക്കി തരുന്നത്. കാശ് കടം തന്നവര്‍ കുടുംബ ങ്ങളില്‍ കയറി അലമ്പത്തരം കാണിച്ച് പണം ഈടാക്കാന്‍ നോക്കുകയാണ്. കര്‍ഷകരു ടെ കടങ്ങള്‍ എഴുതിത്തള്ളുന്നതുപോലെ ഞങ്ങള്‍ മദ്യപാനസ്നേഹികളുടെ കടങ്ങളും എഴുതി തള്ളണം. കടം എഴുതിതള്ളിയാല്‍ മാത്രം പോരാ ഞങ്ങളുടെ ഗ്രേഡ് അനുസരിച്ച് പലിശ രഹിതവായ്പകളും അനുവദിക്കണം. സര്‍ക്കാരിന് ജാതിവ്യവസ്ഥിതി കൊണ്ട് ഒരു പ്രയോജ നവും ഇല്ലന്ന് അറിയാമല്ലോ? എന്നിട്ടും ന്യൂനപക്ഷം പിന്നോക്കസമുദായം എന്നോക്കെ പറഞ്ഞ് അവര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാരിന് കോടികളുടെ വരുമാനം ഉണ്ടാക്കിത്തരുന്ന ഞങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണം. ഒന്നുമല്ലങ്കില്‍ സര്‍ക്കാര്‍ തരുന്ന ശമ്പളത്തിന്റെ മുക്കാല്‍‌പങ്കും ഞങ്ങള്‍ ബിവറേജസ്കോര്‍പ്പ റേഷന്‍ വഴിയായി സര്‍ക്കാരിലേക്ക് തന്നെ തിരിച്ചു‌തരുമ്മല്ലോ.!!! ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ മദ്യസ്നേഹികളുടെഎണ്ണം കൂടുകയും സര്‍ക്കാരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ‘പ്രത്യേക ലോട്ടറി’ നടത്താതെ പിടിച്ചു നില്‍ക്കാനുള്ള വരുമാനം കിട്ടുകയും ചെയ്യും.

ഫീസ് കൊടുക്കാത്തതിന്റെ പേരില്‍ മദ്യസ്നേഹികളുടെ മക്കളെ ചിലയിടങ്ങളില്‍ സ്കൂളുകളില്‍ നിന്ന് പുറത്താകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ മദ്യസ്നേഹികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൌജന്യ വിദ്യാഭ്യാസം നല്‍കണം.(സര്‍ക്കാര്‍ സ്കൂളിലെ സൌജന്യ വിദ്യാഭ്യാസം ഞങ്ങ ളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല.). ന്യൂനപക്ഷസമുദായത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് ഞങ്ങളുടെകുട്ടികള്‍ക്കും നല്‍കണം. പട്ടാളക്കാര്‍, വിമുക്തഭടന്മാര്‍, സര്‍ക്കാര്‍‌ ജോലിക്കാര്‍, തുടങ്ങിയവരുടെ മക്കള്‍ക്ക് നല്‍കുന്ന തൊഴില്‍സംവരണം ഞങ്ങള്‍ മദ്യസ്നേ ഹികളുടെ കുട്ടികള്‍ക്കും നല്‍കണം.

ഞങ്ങളില്‍ പലരും അല്പം ഓവറായി കാനക്കുഴിയിലോ, ഓടയിലോ, മരച്ചുവട്ടിലോ , കടത്തിണ്ണയിലോ കിടന്ന് വാളുവച്ചിന്നിരിക്കും.ഈ സമയങ്ങളില്‍ പലരും ഞങ്ങളുടെ ഫോട്ടോകള്‍ മൊബൈലില്‍ എടുത്ത് ഇന്റ്ര്‌നെറ്റ് വഴി പ്രചരിപ്പിക്കാറുണ്ട്.ഇങ്ങനെ എടുത്ത ഫോട്ടോ കണ്ട് നാണക്കേടോര്‍ത്ത് പല മദ്യസ്നേഹികളും കുടി നിര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇങ്ങനെ കുടി നിര്‍ത്തിയവരില്‍ നിന്ന്സര്‍ക്കാരിന് ലഭിക്കാവുന്ന വരുമാനം നഷ്ടമാകുന്നത് കണ്ടില്ലന്ന് നടിക്കരുത്. പത്തടിച്ച് കിടക്കുന്നവന്റെ ഫോട്ടോ എടുക്കുന്നത്നിരോധിക്കണം. മാത്രമല്ല കാന,ഓട,കടത്തിണ്ണ എന്നിവടങ്ങളില്‍ കിടക്കുന്ന മദ്യസ്നേഹികളെ വീടുകളില്‍ സുരക്ഷിതമായിഎത്തിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. അതിനു വേണ്ടി എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കൌണ്ടറുകളിലും കുറഞ്ഞത്ഒരു പെട്ടിയോട്ടോ എങ്കിലും സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയിടണം. തങ്ങളുടെ പൌരന്മാരുടെ സംരക്ഷ്ണം സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണന്ന് മറക്കരുത്.

മദ്യസ്നേഹിയുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സങ്കടം ഇല്ലങ്കിലും സര്‍ക്കാരിന് സങ്കടം വരാതിരിക്കില്ലന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മദ്യസ്നേഹിക ളുടെ ആരോഗ്യപരിപാലനവും സര്‍ക്കാര്‍ ഏറ്റെടുക്കണം. എല്ലാ മദ്യസ്നേഹികള്‍ക്കും സൌജന്യ ചികിത്സ നല്‍കണം. കരളടിച്ചു പോകുന്നവര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിക്കൊടുക്കണം.

പ്രായാധിക്യത്താല്‍ കഷ്ട്പ്പെടുന്ന മദ്യസ്നേഹികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ഞങ്ങള്‍ ആവിശ്യപ്പെടുന്നില്ല. എന്നാലവര്‍ക്ക്സൌജന്യ നിരക്കില്‍ റേഷനായിട്ടെങ്കിലും കുപ്പികള്‍ വീട്ടിലെത്തിച്ചു കൊടുക്കണം. ഞങ്ങളില്‍ പലരും ഒരു കുപ്പി വാങ്ങാന്‍ബിവറേജസ് കൌണ്ടറികളില്‍ എത്തുന്നതിന് ഓട്ടോക്കൂലി ഇനത്തില്‍ നല്ലൊരു തുകചിലവാകുന്നുണ്ട്. ഗ്യാസ് സിലണ്ടറുകള്‍ഗ്യാസ് ഏജന്‍സികള്‍ വീടുകളില്‍ എത്തിക്കുന്നതുപോലെ കുപ്പികള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വീടുകളില്‍ എത്തിച്ചാല്‍നന്നായിരിക്കും. ഇതു അംഗീകരി ക്കാന്‍ ബുദ്ധിമുട്ടാണങ്കില്‍ സഞ്ചിരിക്കുന്ന ബിവറേജസ് കൌണ്ടറുകള്‍ തുടങ്ങാം. ഇതിന് നമ്മുടെട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ സഹായവും തേടാവുന്നതാണ്.

ഈ ക്രിസ്തുമസിന് ഞങ്ങളില്‍ പലരും വീട്ടിലേക്ക് കേക്കോ തുണികളോ പലഹാരങ്ങളോ ഒന്നും വാങ്ങാതെയാണ് കുപ്പിവാങ്ങിഅടിച്ചത്. അതിന് വീടുകളില്‍ എത്തീയപ്പോള്‍ ചില മദ്യസ്നേഹികള്‍ക്ക് ഇടിയും കിട്ടി.ഞങ്ങളെക്കൊണ്ട് ഒരു പ്രയൊജനവുംഇല്ലന്നാണ് വീട്ടുകാ രുടെ പരാതി. ഇപ്പോള്‍ കേരളം മുഴുവന്‍ ഷോപ്പിംങ്ങ് ഫെസ്റ്റുവല്‍ നടക്കുകയാണല്ലോ. അഞ്ഞോറോആയിരമോ കൊടുത്ത് തുണിവാങ്ങാനും സ്വര്‍ണ്ണം വാങ്ങാനും ഞങ്ങളെ ക്കൊണ്ട് പറ്റത്തില്ല.അതുകൊണ്ട് ഞങ്ങള്‍ക്ക് ഷോപ്പിംങ്ങ്ഫെസ്റ്റുവല്ലില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടാന്‍ പറ്റുന്നില്ല. അതുകൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളില്‍ നിന്ന്കുപ്പി വാങ്ങുന്നവര്‍ക്കും ഷോപ്പിംങ്ങ് ഫെസ്റ്റുവല്ലില്‍ പങ്കെടുക്കാന്‍ അവസരം നല്‍ക ണം. എന്നുപറഞ്ഞാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളേയും ഷോപ്പിംങ്ങ് ഫെസ്റ്റുവല്ലിന്റെ ഭാഗമാക്കണം. ഞങ്ങള്‍ മദ്യസ്നേഹികള്‍ക്ക് ആണല്ലോ എല്ല്ലാംഒരു ഫെസ്റ്റിവല്‍!. കൌണ്ടറുകളില്‍ക്കൂടി സമ്മാനക്കൂപ്പണ്‍ വഴിയായി ഏതെങ്കിലും മദ്യപാന സ്‌നേഹിക്ക് സ്വര്‍ണ്ണം കിട്ടിയാല്‍ചാത്തനടിക്കുന്നവരും കൌണ്ടറികളില്‍ക്കൂടിയേ കുപ്പി വാങ്ങുകയുള്ളു. അടുത്ത വര്‍ഷം മുതലെങ്കിലും ബിവറേജസ് കൌണ്ടറുകളേയും കേരള ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റിവല്ലിന്റെ ഭാഗമാക്കണം.

അടിയന്തിരമായി ഇത്രയും കാര്യങ്ങള്‍ ചെയ്യുക.അല്ലാത്തപക്ഷം എല്ലാ മദ്യസ്നേഹികളും ബിവറെജസ് കോര്‍പ്പറേഷന്‍ ബഹിഷ്ക്കരിച്ച് ചാത്തനടിക്കാനായി കൈതക്കാട്ടിലെക്കോ, കരിമ്പിന്‍ കാട്ടിലേക്കൊ ഒക്കെ മാര്‍ച്ച് നടത്തും. സാറുമാരുടെ മുമ്പാകെ ഈഅപേക്ഷയുടെ ചുരുക്കം സമര്‍പ്പിക്കുന്നു.

1. ഞങ്ങളെ ഇനിമുതല്‍ മദ്യസ്നേഹികളെന്നോ മദ്യപാനസ്നേഹികളോ എന്ന് മാത്രം വിളിക്കുക.
2. മദ്യസ്നേഹികള്‍ക്ക് ഗ്രേഡ് തിരിച്ച് സബ്‌സിഡിയോ , ഡിസ്ക്കൌണ്ടുകളോ നല്‍കുക.
3. മദ്യസ്നേഹികള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ സംവരണം നല്‍കുക.
4. മദ്യസ്നേഹികളുടെ മദ്യക്കടങ്ങള്‍ എഴുതിത്തള്ളുക.
5. മദ്യസ്നേഹികളുടെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും തൊഴില്‍ സംവരണവും നല്‍കുക.
6. മദ്യസ്നേഹികളുടെ ഫോട്ടോകള്‍ എടുക്കുന്നത് നിരോധിക്കുക.
7. ഓവറായി വീഴുന്ന മദ്യസ്‌നേഹികളെ സര്‍ക്കാര്‍ ചിലവില്‍ വീട്ടിലെത്തിക്കുക.
8. എല്ലാ മദ്യസ്നേഹികള്‍ക്കും സൌജന്യ ചികിത്സ നല്‍കുക.
9. സഞ്ചിരിക്കുന്ന ബിവറേജസ് കൌണ്ടറുകള്‍ തുടങ്ങുക.
10. ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലില്‍ പങ്കെടുപ്പിക്കുക.

.

Thursday, December 25, 2008

കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലേല്ലേല്ലേ.. :

ലോകം മുഴുവന്‍ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ? കേരളത്തിലും പ്രതിസന്ധിയുണ്ടന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞന്നിരിക്കും. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ഏഴയലോക്ക ത്തുകൂടെ പോയിട്ടില്ല.ലോകം മുഴുവന്‍ വാങ്ങാനുള്ള കഴിവ് (ബൈയിംങ്ങ് കപ്പാസിറ്റി) കുത്തനെ താഴോട്ട് പോകുമ്പോള്‍കേരളത്തില്‍ അത് മുകളിലേക്ക് തന്നെയാണ് . സംശയം ഉണ്ടങ്കില്‍ 23,24 തീയതികളില്‍ നമ്മുടെ കൊച്ചുകേരളത്തിലെ ബിവറേജസ് കൌണ്ടറിലെ വരുമാനക്കണക്ക് നോക്കുക.. രണ്ടു ദിവസത്തെ വിറ്റുവരവ് 40 കോടിയിലധികമാണ്. കഴിഞ്ഞവര്‍ഷത്തെക്കാ‍ള്‍ പത്തുകോടിയുടെ വര്‍ദ്ധനവ് !!! എന്നു പറഞ്ഞാല്‍ മലയാളികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികമായി പത്തുകോടിരൂപയുടെ മദ്യമാണ് വാങ്ങി അകത്താക്കിയത്. രണ്ടുദിവസം കൊണ്ട് 40 കോടിയുടെ മദ്യം വാങ്ങിക്കുടിക്കണമെങ്കില്‍ ഈനാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ???

ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റുവലില്‍ ഉള്‍പ്പെടുത്തിയിരുന്നുങ്കെല്‍ എന്താവുമായിരുന്നുഅവസ്ഥ......!!! സ്വര്‍ണ്ണക്കടകളിലും ഇലക്‍ട്രോണിക് കടകളിലും തുണിക്കടകളിലും കിട്ടുന്ന സമ്മാനം ബിവറേജ്സ് കോര്‍പ്പറേഷന്‍ കൌണ്ടറുകളിലൂടെ ‘പാവപ്പെട്ട കുടിയന്മാര്‍ക്ക് ‘ കിട്ടിയേനെ... ഈ നാട്ടില്‍ ‘പാവം പിടിച്ച കുടിയന്മാരുടെ’ പണത്തിന് വിലയില്ലേ?

അടുത്തവര്‍ഷം മുതലെങ്കിലും ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റുവലില്‍ ഉള്‍പ്പെടുത്തി പ്രിയപ്പെട്ടമദ്യസ്‌നേഹികള്‍ക്ക് കൂടി കൈനിറയെ സ്വര്‍ണ്ണം നേടാന്‍ അവസരം ഉണ്ടാക്കി കൊടുക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കട്ടെ.

ഫാദറിന്റെ ധര്‍മ്മസങ്കടങ്ങള്‍ :

.
ക്രിസ്തുമസ് കരോളിനിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം ഒരു ക്രിസ്തുമസ് ഫാദറിനെ ഒപ്പിക്കാനാണ്. ഫാദറിന്റെ കുപ്പായവുംമുഖം‌മൂടിയും ഒക്കെവച്ച് കരോള്‍ തീരുന്നതുവരെ നടക്കാന്‍ അല്പം പ്രയാസം തന്നെയാണ്. (ഇപ്പോള്‍ കൂലിക്ക് ആളെ വിളിച്ചാണ്ക്രിസ്തുമസ് ഫാദറാക്കുന്നത്. ഈ വര്‍ഷത്തെ’ക്രിസ്തുമസ് ഫാദറിന്റെ’ കൂലി 200 രൂപയായിരുന്നു. ഇടയ്ക്കിടെ ‘ഫ്ലക്സിയും’ ചെയ്തുകൊടുക്കണം).ഇപ്പോഴാണങ്കില്‍ ക്രിസ്തുമസ് ഫാദര്‍ ‘മാസ്ക് ‘ കിട്ടുന്നതുപോലെ പണ്ട് ഉണ്ടായിരുന്നത് പേപ്പര്‍ പള്‍പ്പ് കൊണ്ടുള്ളമുഖം മൂടിയായിരുന്നു. താടിമീശ നമ്മള്‍ തന്നെയുണ്ടാക്കണമായിരുന്നു. മുഖം‌മൂടിയില്‍ പേപ്പര്‍ ഒട്ടിച്ച് അതില്‍ പഞ്ഞി ഒട്ടിച്ചായിരുന്നുനീളന്‍ താടിയുണ്ടാക്കിയിരുന്നത്. ഫാദര്‍ വേഷം കെട്ടുന്നവന് ഒരിക്കലും പാകമായ ഫാദര്‍ കുപ്പായവും കിട്ടുകയില്ല. ഒന്നുകില്‍കുപ്പായം ഇറുകിപ്പിടിച്ചതായിരിക്കും ; അല്ലങ്കില്‍ ചേളാവുപോലെ ആയിരിക്കും. വയറിനുമുകളില്‍ ഒരു തലയിണയും കെട്ടിവയ്ക്കും.തീര്‍ന്നില്ല മുഖം മൂടി ഇളകിപ്പോകാതിരിക്കാന്‍ കുപ്പായത്തോട് ചേര്‍ത്ത് സേഫ്റ്റിപിന്നും കുത്തിയിട്ടുണ്ടാവും. ഫാദറിന്റെ വേഷം കെട്ടിക്കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കണമെങ്കില്‍ ബാക്കിയുള്ളവരുടെ സഹായം കൂടി ഉണ്ടാ‍വണം. പിന്നെ ആകെയുള്ള ഒരു ഗുണംഎന്താണന്നുവച്ചാല്‍ ഹാപ്പിക്രിസ്തുമസ് പറഞ്ഞ് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളതുമാത്രമായിരുന്നു. (ഇന്നത്തെപ്പോലെ ടെക്നോളജി പത്തു-പതിനഞ്ച് കൊല്ലം മുമ്പ് വളരാതിരുന്നതുകൊണ്ട് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളഒരൊറ്റ കാരണം കൊണ്ട്മാത്രം ഫാദര്‍ ആകുന്നവര്‍ ഉണ്ടായിരുന്നു.)
കുപ്പായവും മുഖം മൂടിയും ഒക്കെ വച്ച് പത്തുപതിനഞ്ച് വീട്ടില്‍കയറുമ്പോഴേക്കും വിയര്‍ത്തുകുളിച്ചിരിക്കും.അല്പം മിനിങ്ങുന്നവനാണ്ഫാദറാകുന്നതെങ്കില്‍ കാപ്പിയുള്ള വീട്ടിലെത്തുമ്പോള്‍ ഫാദറൊന്ന് മുങ്ങും. ‘സാധനം’ സൂക്ഷിക്കാന്‍ ഏറ്റവും സേയ്ഫ് ആയ സ്ഥലംഫാദറിന്റെ കുപ്പായമാണന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അല്ലങ്കില്‍ മാന്റില്‍,മെഴുകുതിരി, തുടങ്ങിയ അല്ലറചില്ലറസാധനങ്ങള്‍ സൂക്ഷിക്കുന്ന സഞ്ചി എടുക്കാന്‍ ആളുകള്‍ കാഠുനില്‍ക്കുകയായിരിക്കും. ‘സാധനം’ സൂക്ഷിക്കുന്ന മറ്റൊരു സെയ്ഫ്സ്ഥലം ആയിരുന്നു ഈ തുണി സഞ്ചി. മറ്റുള്ളവര്‍ ഇടയ്ക്കിടെ മുങ്ങി ചാര്‍ജ് ആകുന്നതുപോലെ ഫാദറിന് മുങ്ങാന്‍ പറ്റുകയില്ല.സമയക്കുറവ് തന്നെ കാരണം. മുഖം മൂടി ഒക്കെ അഴിച്ച് സാധനം അകത്താക്കുമ്പോഴേക്കും കരോള്‍ രണ്ടുവീട് കഴിയും. ഈസമയകുറവ് പരിഹരിക്കാന്‍ ചില ഫാദേഴ്സ് ഒരു മാര്‍ഗ്ഗം വികസിപ്പിച്ചെടുത്തു. അത്യാവിശ്യമുള്ള സാധനം മിക്സാക്കി കുപ്പിയിലാക്കികുപ്പായത്തില്‍ സൂക്ഷിക്കുക. ഫാദറിന്റെ മുഖം മൂടിയുടെ വായ്ക്ക് ഒരു കിഴിത്ത ഇട്ടിട്ടുണ്ടാവും. ചാര്‍ജ് ചെയ്യണമെന്ന് തോന്നുമ്പോള്‍സ്ട്രോ എടുക്കുക.കുപ്പിയിലേക്ക് ഇടുക.വലിച്ചു കുടിക്കുക. വിജയകരമായി ഈ മാര്‍ഗ്ഗം ഫാദേഴ്സ് നടത്തിവന്നിരുന്നു. (ഇപ്പോഴത്തെമാസ്ക് ഊരാനും ഇടാനും എളുപ്പമായതുകൊണ്ട് ഈ മാര്‍ഗ്ഗം കാലാഹരണപ്പെട്ടുകഴിഞ്ഞു.).
വേഷം കെട്ടിയ ഫാദറിന് മൂത്രശങ്കയുണ്ടായാല്‍ എന്തുചെയ്യും. ഓടിച്ചെന്ന് സിബ്ബ് തുറന്നോ മുണ്ടുപൊക്കിയോ കാര്യം സാധിക്കാന്‍പറ്റുമോ? അതിനും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ.ഒന്നുകില്‍ ആരെങ്കിലും ചുറ്റുപാടുകള്‍ പറഞ്ഞുകൊടുത്ത് പെടുപ്പിക്കണം. അല്ലങ്കില്‍ ആരുടേയും സഹായം ഇല്ലാതെ കാ‍ര്യങ്ങള്‍ നടത്തുകതന്നെ.ചിലപ്പോള്‍ കുറച്ചുമൂത്രം കാലേലോ തുണിയിലോഒക്കെ വീണന്നിരിക്കും.ഒരിക്കല്‍ ഒരു ക്രിസ്തുമസ് ഫാദറിന് വല്ലാത്ത മൂത്രശങ്ക. പാട്ടുപാടുന്നതിനിടയില്‍ നിന്ന് ഫാദര്‍ പിന്‍‌വലിഞ്ഞു. ഫാദര്‍ ചാര്‍ജ് ചെയ്യാന്‍ പോയതായിരിക്കും എന്ന് മറ്റുള്ളവര്‍ വിചാരിച്ചു. ഫാദര്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോയി നിന്നത് എരുത്തിലിന്റെ മുന്നില്‍. പണിപ്പെട്ട് കാര്യങ്ങളൊക്കെ നടത്തിക്കൊണ്ട് നില്‍ക്കുമ്പോള്‍ പെട്രോമാക്സിന്റെ വെളിച്ചം. എരുത്തിലില്‍ ചവച്ചുകൊണ്ട് തമ്പാറിന്റേയും മണിയുടേയും ശബ്ദ്ദത്തില്‍ വിറളിപിടിച്ച് നിന്ന കാള നോല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരുചുവപ്പന്‍. കാളയ്ക്കുണ്ടോ ഫാദറന്നോ ക്രിസ്തുമസന്നോ... കയറുപൊട്ടിച്ച് കാളഒരോട്ടം.കാളയുടെ ആദ്യകുത്ത് മിസായത് ഭാഗ്യം.ഫാദറിന്റെ ചന്തിക്ക് ഒരു പോറല്‍മാത്രം. നേരം വെളുത്തതിനുശേഷമാണ് കാളയെ തിരിച്ച് കിട്ടിയത്.
ക്രിസ്തുമസ് ഫാദര്‍ വേഷം കെട്ടിയവന് ബീഡി വലിക്കണം. കഷ്ടപ്പെട്ട് മുഖം‌മൂടി ഉയര്‍ത്തി വെച്ച് ചുണ്ടില്‍ ബീഡിവച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ച് ബീഡിയുടെ അടുത്ത് എത്തിച്ചു. ബീഡികത്തുന്നതിനുമുമ്പ് തലയിലേക്ക് കയറ്റിവച്ചിരുന്ന മുഖം‌മൂടിയുടെനീണ്ട പഞ്ഞിത്താടിയിലേക്ക് തീ കയറി.ഭാഗ്യത്തിന് ഫാദറിന്റെ അല്പം മുടി കരിഞ്ഞതല്ലാതെ മുഖം പൊള്ളിയില്ല.
ഒരിക്കല്‍ കരോള്‍ സംഘം റബ്ബര്‍ത്തോട്ടത്തിലൂടെ പോവുകയായിരുന്നു. കൂട്ടത്തില്‍ ആരോ ബീഡിക്കുറ്റി തോട്ടത്തിലേക്ക് ഇട്ടു.റബ്ബര്‍ത്തോട്ടം കഴിഞ്ഞ് രണ്ടുവീടിനപ്പുറം പാട്ടുപാടുമ്പോഴേക്കും റബ്ബര്‍ത്തോട്ടം കത്താന്‍ തുടങ്ങിയിരുന്നു.

.

ഫാദറേ ഓടിക്കോ .... അടിവീണേ :

.
ഒരു ക്രിസ്തുമസ് ആകുമ്പോള്‍ കരോളൊക്കെ വേണ്ടേ? കരോളിനിറങ്ങിയാലേ പള്ളിഫണ്ടി ലോട്ട് കാശ് വരത്തുള്ളു. വീട്ടിലോട്ട്കവര്‍ കൊടുത്തയിച്ചാല്‍ കവറൊക്കെ തിരിച്ച് കിട്ടിയാലാ യി. കൊടുക്കുന്ന കവറില്‍ പകുതിയും കുടിശ്ശിഖയായി അവിടെകിടക്കും. അതുകൊണ്ട് ദാരിദ്രരേഖയില്‍ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്ന പള്ളികള്‍ക്കൊന്നും കരോള്‍ മുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. കരോളിനിറങ്ങിപ്പിരിച്ചാല്‍ ആരും കടം പറയത്തില്ലന്ന് മാത്രമല്ല പിടിച്ചപിടിയാലെ പിടിച്ച് വാങ്ങുകയുംചെയ്യാം.ദാരിദ്രരേഖയില്‍ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്ന ഒരു ഓര്‍ത്തഡോക്സ് പള്ളിയാണ് ഞങ്ങളുടേത്. കരോള്‍ എന്ന്പറയുന്നത് ഒരു കൊടുക്കല്‍ വാങ്ങല്‍ക്കൂടിയാണല്ലോ..ക്രിസ്തു ജനിച്ച ദൂത് നമ്മള്‍ വീട്ടിലോട്ട് കൊടുക്കുന്നു വീട്ടിലുള്ളത് നമ്മള്‍തിരിച്ച് വാങ്ങുന്നു. വീട്ടില്‍ നിന്ന് മാത്രമല്ല നമ്മള്‍ വാങ്ങുന്നത്. വീടുകളില്‍ നിന്ന് വാങ്ങാതെ നമ്മള്‍ വാങ്ങിക്കൂട്ടുന്നതാണ് കരോളിന്റെ രസം ... ആ രസങ്ങളിലേക്ക് ......

എല്ലാ വര്‍ഷത്തെപ്പോലെ ആ വര്‍ഷവും കരോളിനിറങ്ങി. മുരുപ്പും കണ്ടവും കുന്നും ഒക്കെ നടന്നു തന്നെപ്പോകണം.( ഇന്ന് ആരുംമുരുപ്പിന് താമസം ഇല്ല; ദൂരെ സ്ഥലങ്ങളിലൊക്കെ വണ്ടിയിലും ആയി യാത്ര). ഇങ്ങനെ നടന്ന് നടന്ന് മുരുപ്പൊക്കെ കയറിയുള്ളപോക്കില്‍ പീക്കിരിപിള്ളാരായ നമ്മളുടെ കൈയ്യില്‍ ഈറ്റവിളക്കുണ്ടാവും. എല്ലാവരേയും വെട്ടം കാണിച്ചുകൊള്ളാം എന്ന മനസുകൊണ്ടൊന്നും അല്ല ഈ വിളക്ക് നമ്മളുടെ കൈയ്യില്‍ ഇരിക്കുന്നത്. വിളക്ക് കത്തിക്കാതെ പള്ളിയില്‍ തിരിച്ചെത്തിച്ചാല്‍ പള്ളിവാര്‍ഷികത്തിന് കിട്ടുന്ന രണ്ട് കുപ്പിഗ്ലാസ് പ്രലോഭിപ്പിക്കുന്നതുകൊണ്ടാണ് വിളക്ക് കൈയ്യിലിരിക്കുന്നത്. (പാട്ടുപാടുന്നവനും സണ്ഡേസ്കൂളില്‍ ഫസ്റ്റ് കിട്ടുന്നവനും,ഓടുന്നവുനും ചാടുന്നവനും ഒക്കെ പള്ളിവാര്‍ഷികത്തിന് സമ്മാനം കിട്ടുമ്പോള്‍ നമ്മള്‍ ഗ്ലാസൊന്നും വാങ്ങാതിരിക്കുന്നത് ശരിയല്ല എന്ന തോന്നല്‍ ഉണ്ടായ അന്നുമുതലാണ് ക്രിസ്തുമസ് വിളക്കെടുത്ത് രണ്ട് ഗ്ലാസ് സമ്മാനം വാങ്ങിത്തുടങ്ങിയത്). ചേട്ടന്മാരും അച്ചായന്മാരും ഒക്കെ ധനുമാസത്തിലെ കുളിരൊക്കെ അകറ്റാന്‍ രണ്ടെണ്ണംവീശിയിട്ട് (അന്ന് ചാരായം നിരോധിച്ചിട്ടില്ലന്ന് മാത്രമല്ല , വാറ്റ് ആഗോളവിപത്തായി ആരും കണ്ടിട്ടുമില്ലായിരുന്നു) നല്ല പാട്ടൊക്കെപാടിയങ്ങനെ നടക്കും.

ഓര്‍ത്തഡോക്സ്കാരായ ഞങ്ങളുടെ ബദ്ധശത്രുക്കളായി മാധ്യമങ്ങള്‍ ഇന്ന് വിശേഷിപ്പി ക്കുന്ന പാത്രിയര്‍ക്കീസ് കാരുടെ പള്ളിയുംഞങ്ങളുടെ അടുത്ത് തന്നെയുണ്ട്. ചായക്കടയില്‍ ചെന്ന ഒരു പരിപ്പുവടവാങ്ങിമുറിച്ചു തിന്നുന്ന ഓര്‍ത്തഡോക്സ്കാരനും പാത്രിയര്‍ക്കീസുകാ രനും കരോളിറങ്ങുന്ന ദിവസം അല്പം സമുദായ സ്നേഹംകൂടും.(കരോള്‍ രാത്രിയില്‍ മാത്രമേ ഈ സമുദായ വികാരമുണ്ടാവൂ... നേരം വെളുത്താല്‍ വിശപ്പിനുള്ള വഴി എന്ന വികാരം ഒന്നു തന്നെ ആയതിനാല്‍ എല്ലാവരും ഒരുമിച്ചാണ് കൊടിക്കും,പയറിനും,പാവലിനും വെള്ളം കോരുന്നത്.). കരോളിനിടയില്‍ വച്ച് രണ്ട് കൂട്ടരും ഒരുമിച്ച് കണ്ടാല്‍ പാമ്പ്-കീരി സൌഹൃദമത്സരംഉണ്ടാവും.(ഇപ്പോള്‍ ഒരു തരത്തിലുള്ള മത്സരവും ഞങ്ങളുടെ നാട്ടിലെ പാത്രിയര്‍ക്കീസ് ഓര്‍ത്തഡോക്സ് കാരുടെ ഇടയില്‍ ഇല്ല.സമുദായ സ്നേഹം മനുഷ്യരുടെ കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ ആണന്ന് ഞങ്ങളുടെ നാട്ടുകാര്‍ മനസിലാക്കി) . ‘സൌഹൃദമത്സരം‘ എന്നത് വെറും കരോള്‍ പാട്ട് മത്സരം മാത്രം അല്ല. ചിലപ്പോഴത് കായിക,നാടന്‍തല്ല് മത്സരമായി മാറാറുണ്ട്.

കരോള്‍ ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് സ്വന്തം കരോള്‍ സംഘ ത്തില്‍ നിന്നു തന്നെ ആയിരിക്കും.പാമ്പുകളുമായി ബന്ധപ്പെട്ടായിരിക്കും ഈ ഉടക്കുകള്‍ ഒക്കെ. മുമ്പ് പറഞ്ഞ ‘സൌഹൃദ മത്സരം‘ നടക്കാന്‍ ഇടയുണ്ടങ്കില്‍ പിള്ളാരൊക്കെ ഓടാനു ള്ള അകലം ഇട്ടേ ആവേശം കാണിക്കാറുള്ളു. ഞങ്ങള്‍ മുരുപ്പിനേക്ക് കയറുന്നതിനുമുമ്പ് തന്നെപാത്രിയര്‍ക്കീസുകാരെ കണ്ടു. മത്സരം പാട്ടില്‍ മാത്രം ഒതുക്കി ചിലകൊടുക്കല്‍ വാങ്ങലുകള്‍ നടത്തി ചേട്ടന്മാര്‍ ചിറിതുടച്ച്പിരിഞ്ഞു.ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മുരുപ്പു ഇറങ്ങി ഞങ്ങള്‍ വരുന്നത്. ക്രിസ്തുമസ് ഫാദര്‍ മുന്നിലുണ്ട്. മുരുപ്പിനെ താഴെയുള്ള കലുങ്കിനടുത്ത് എത്തിയപ്പോള്‍ ഒരു അപ്രതീക്ഷ ആക്രമണം. ആരോ ഒരാള്‍ കലുങ്കിന്റെ മറവില്‍ നിന്ന് ഓടിവന്ന് ഫാദറിന്റെമുഖം മൂടി പൊക്കിനോക്കിയതും അടിവച്ചതും പെട്ടന്നായിരുന്നു... നാട്ടില്‍ ക്രിസ്തുമസ് അവിധിക്ക് വന്ന് വേഷം ഇട്ട ഫാദറിനൊന്നും മനസിലായില്ല.“ഫാദറേ ഓടിക്കോ ....അടിവീണേ“ എന്ന് പറഞ്ഞതും ഫാദര്‍ കുപ്പായം മടക്കിക്കുത്തി ഒരോട്ടം. പിന്നില്‍ നിന്ന ചേട്ടന്മാരൊക്കെ മുന്‍‌നിരയിലെത്തി.അടിവീണാല്‍ ആദ്യം ചെയ്യുന്നത് പെട്രോമാക്സിന്റെ ഗ്യാസ് തിരിച്ചുവിടുകയാണ്. അടിക്കുന്നവന്‍ ആരാണ ന്ന് അറ്റികിട്ടുന്നവന്‍ അറിയാതിരിക്കാനാണിത്. ചിലപ്പോള്‍ പരസ്പരം അടികൊടു ത്തൊന്നും ഇരിക്കും. അതൊന്നും ആരുംകണക്കിടാറില്ല.

അടി എന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി. കലുങ്കിന്റെ മറവില്‍ നിന്ന് അടിക്കാനായി വന്നവരില്‍ നാലുപേരും അടികൊണ്ട് ഓടി.ഒരൊത്തന് ഓടാന്‍ പറ്റിയില്ല. ഒരോടിയും മിസാകാതെ എല്ലാം ഒരുത്തന്‍ വാങ്ങിക്കൂട്ടി. പെരുത്തുനില്‍ക്കുന്ന ഞങ്ങളുടെ ചേട്ടന്മാര്‍അവനെപൊക്കിയെടുത്ത് കലുക്കിന്റെ മുകളിലുടെ താഴേക്ക് ഇട്ടു. നാലഞ്ചാള്‍ താഴ്ചയുള്ള പുരയിടത്തിലേക്ക് അയാള്‍ വീഴുന്നശബ്ദ്ദം കേട്ടപ്പോള്‍ ചേട്ടന്മാര്‍ക്ക് സന്തോ ഷമായി. ഒന്നും സമ്മതിക്കാത്തതുപോലെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അടുത്ത വീട്ടില്‍ചെന്ന്‍ പാട്ടുപാടിതുടങ്ങിയപ്പോഴാണ് ക്രിസ്തുമസ് ഫാദറില്ലന്ന് മനസിലായത്. പാട്ടുപാടുന്നത് നിര്‍ത്തി ക്രിസ്തുമസ് ഫാദറിനെതിരക്കി ഇറങ്ങി.രണ്ട് മണിക്കൂറിനുശേഷം ഫാദറിനെ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെത്തി. അടിവീണയുടനെ ആരോ ഓടാന്‍ പറയുന്നതുകേട്ട് ഫാദര്‍ ഓടിയതാണ്. ഒന്നരമണിക്കൂര്‍ ഓടിയാണ് വീട്ടിലെത്തിയത്. ഫാദറിനെ വീണ്ടും ഒരുക്കിയിറക്കി കരോള്‍ തുടര്‍ന്നു.

പിറ്റേന്നാണ് ആക്രമണത്തിനു പിന്നിലെ കാരണം അറിയുന്നത്. വെള്ളം അടിച്ച് കൂതറ കാണിച്ചതിന് പാത്രിയര്‍ക്കീസുകാര്‍പുറത്താക്കിയ അഞ്ച് പേരാണ് അടിതുടങ്ങിയത്. അഞ്ചും കലുങ്ങിന്റെ കീഴില്‍ കിടന്ന് ഉറങ്ങിപ്പോയി.ഓര്‍ത്തഡോക്സ്കാരുടെകരോള്‍ പാര്‍ട്ടി തിരിച്ച് വരുമ്പോഴാണ് കട്ട് വിട്ട് ഉണരുന്നത്. സമയത്തെക്കുറിച്ച് ബോധമില്ലാതെ പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച് , തങ്ങളുടെ കരോള്‍ പാര്‍ട്ടിക്കാരാണന്ന് വിചാരിച്ച് അടിതുടങ്ങിയതാണ്. പക്ഷേ ആളുമാറിപ്പോയതറിഞ്ഞത് മയമില്ലാതെ അടികിട്ടിയപ്പോഴാണ്.

ഈ അടികൊണ്ട് ഗുണം ഉണ്ടായത്. അടികൊണ്ട് കലുങ്കിന്റെ മുകളിലൂടെ എറിയപ്പെട്ടവ നാണ്. അത്രയും കാലം അരപ്പിരിയുമായിതല്ലുകൊള്ളിത്തരവുമായി നടന്ന അയാള്‍ അന്നത്തെ അടിയോടുകൂടി അയാളുടെ അരപ്പിരി മാറി ആളുനന്നായി. ഇപ്പോള്‍ കല്യാണ മൊക്കെ കഴിഞ്ഞ് കുട്ടികളുമായി കഴിയുന്ന അയാള്‍ ഇടയ്ക്കിടെ ഞങ്ങളുടെ പള്ളിയിലും വരാറുണ്ട്. വഴിപിഴച്ചുപോകാമായിരുന്നഒരു ജീവിതം തിരിച്ചു കൊടുത്ത ദൈവത്തിനു നന്ദിപറയാനായിരിക്കാം അയാള്‍ വരുന്നത് ......
.