Thursday, December 25, 2008

ഫാദറേ ഓടിക്കോ .... അടിവീണേ :

.
ഒരു ക്രിസ്തുമസ് ആകുമ്പോള്‍ കരോളൊക്കെ വേണ്ടേ? കരോളിനിറങ്ങിയാലേ പള്ളിഫണ്ടി ലോട്ട് കാശ് വരത്തുള്ളു. വീട്ടിലോട്ട്കവര്‍ കൊടുത്തയിച്ചാല്‍ കവറൊക്കെ തിരിച്ച് കിട്ടിയാലാ യി. കൊടുക്കുന്ന കവറില്‍ പകുതിയും കുടിശ്ശിഖയായി അവിടെകിടക്കും. അതുകൊണ്ട് ദാരിദ്രരേഖയില്‍ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്ന പള്ളികള്‍ക്കൊന്നും കരോള്‍ മുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. കരോളിനിറങ്ങിപ്പിരിച്ചാല്‍ ആരും കടം പറയത്തില്ലന്ന് മാത്രമല്ല പിടിച്ചപിടിയാലെ പിടിച്ച് വാങ്ങുകയുംചെയ്യാം.ദാരിദ്രരേഖയില്‍ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്ന ഒരു ഓര്‍ത്തഡോക്സ് പള്ളിയാണ് ഞങ്ങളുടേത്. കരോള്‍ എന്ന്പറയുന്നത് ഒരു കൊടുക്കല്‍ വാങ്ങല്‍ക്കൂടിയാണല്ലോ..ക്രിസ്തു ജനിച്ച ദൂത് നമ്മള്‍ വീട്ടിലോട്ട് കൊടുക്കുന്നു വീട്ടിലുള്ളത് നമ്മള്‍തിരിച്ച് വാങ്ങുന്നു. വീട്ടില്‍ നിന്ന് മാത്രമല്ല നമ്മള്‍ വാങ്ങുന്നത്. വീടുകളില്‍ നിന്ന് വാങ്ങാതെ നമ്മള്‍ വാങ്ങിക്കൂട്ടുന്നതാണ് കരോളിന്റെ രസം ... ആ രസങ്ങളിലേക്ക് ......

എല്ലാ വര്‍ഷത്തെപ്പോലെ ആ വര്‍ഷവും കരോളിനിറങ്ങി. മുരുപ്പും കണ്ടവും കുന്നും ഒക്കെ നടന്നു തന്നെപ്പോകണം.( ഇന്ന് ആരുംമുരുപ്പിന് താമസം ഇല്ല; ദൂരെ സ്ഥലങ്ങളിലൊക്കെ വണ്ടിയിലും ആയി യാത്ര). ഇങ്ങനെ നടന്ന് നടന്ന് മുരുപ്പൊക്കെ കയറിയുള്ളപോക്കില്‍ പീക്കിരിപിള്ളാരായ നമ്മളുടെ കൈയ്യില്‍ ഈറ്റവിളക്കുണ്ടാവും. എല്ലാവരേയും വെട്ടം കാണിച്ചുകൊള്ളാം എന്ന മനസുകൊണ്ടൊന്നും അല്ല ഈ വിളക്ക് നമ്മളുടെ കൈയ്യില്‍ ഇരിക്കുന്നത്. വിളക്ക് കത്തിക്കാതെ പള്ളിയില്‍ തിരിച്ചെത്തിച്ചാല്‍ പള്ളിവാര്‍ഷികത്തിന് കിട്ടുന്ന രണ്ട് കുപ്പിഗ്ലാസ് പ്രലോഭിപ്പിക്കുന്നതുകൊണ്ടാണ് വിളക്ക് കൈയ്യിലിരിക്കുന്നത്. (പാട്ടുപാടുന്നവനും സണ്ഡേസ്കൂളില്‍ ഫസ്റ്റ് കിട്ടുന്നവനും,ഓടുന്നവുനും ചാടുന്നവനും ഒക്കെ പള്ളിവാര്‍ഷികത്തിന് സമ്മാനം കിട്ടുമ്പോള്‍ നമ്മള്‍ ഗ്ലാസൊന്നും വാങ്ങാതിരിക്കുന്നത് ശരിയല്ല എന്ന തോന്നല്‍ ഉണ്ടായ അന്നുമുതലാണ് ക്രിസ്തുമസ് വിളക്കെടുത്ത് രണ്ട് ഗ്ലാസ് സമ്മാനം വാങ്ങിത്തുടങ്ങിയത്). ചേട്ടന്മാരും അച്ചായന്മാരും ഒക്കെ ധനുമാസത്തിലെ കുളിരൊക്കെ അകറ്റാന്‍ രണ്ടെണ്ണംവീശിയിട്ട് (അന്ന് ചാരായം നിരോധിച്ചിട്ടില്ലന്ന് മാത്രമല്ല , വാറ്റ് ആഗോളവിപത്തായി ആരും കണ്ടിട്ടുമില്ലായിരുന്നു) നല്ല പാട്ടൊക്കെപാടിയങ്ങനെ നടക്കും.

ഓര്‍ത്തഡോക്സ്കാരായ ഞങ്ങളുടെ ബദ്ധശത്രുക്കളായി മാധ്യമങ്ങള്‍ ഇന്ന് വിശേഷിപ്പി ക്കുന്ന പാത്രിയര്‍ക്കീസ് കാരുടെ പള്ളിയുംഞങ്ങളുടെ അടുത്ത് തന്നെയുണ്ട്. ചായക്കടയില്‍ ചെന്ന ഒരു പരിപ്പുവടവാങ്ങിമുറിച്ചു തിന്നുന്ന ഓര്‍ത്തഡോക്സ്കാരനും പാത്രിയര്‍ക്കീസുകാ രനും കരോളിറങ്ങുന്ന ദിവസം അല്പം സമുദായ സ്നേഹംകൂടും.(കരോള്‍ രാത്രിയില്‍ മാത്രമേ ഈ സമുദായ വികാരമുണ്ടാവൂ... നേരം വെളുത്താല്‍ വിശപ്പിനുള്ള വഴി എന്ന വികാരം ഒന്നു തന്നെ ആയതിനാല്‍ എല്ലാവരും ഒരുമിച്ചാണ് കൊടിക്കും,പയറിനും,പാവലിനും വെള്ളം കോരുന്നത്.). കരോളിനിടയില്‍ വച്ച് രണ്ട് കൂട്ടരും ഒരുമിച്ച് കണ്ടാല്‍ പാമ്പ്-കീരി സൌഹൃദമത്സരംഉണ്ടാവും.(ഇപ്പോള്‍ ഒരു തരത്തിലുള്ള മത്സരവും ഞങ്ങളുടെ നാട്ടിലെ പാത്രിയര്‍ക്കീസ് ഓര്‍ത്തഡോക്സ് കാരുടെ ഇടയില്‍ ഇല്ല.സമുദായ സ്നേഹം മനുഷ്യരുടെ കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ ആണന്ന് ഞങ്ങളുടെ നാട്ടുകാര്‍ മനസിലാക്കി) . ‘സൌഹൃദമത്സരം‘ എന്നത് വെറും കരോള്‍ പാട്ട് മത്സരം മാത്രം അല്ല. ചിലപ്പോഴത് കായിക,നാടന്‍തല്ല് മത്സരമായി മാറാറുണ്ട്.

കരോള്‍ ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് സ്വന്തം കരോള്‍ സംഘ ത്തില്‍ നിന്നു തന്നെ ആയിരിക്കും.പാമ്പുകളുമായി ബന്ധപ്പെട്ടായിരിക്കും ഈ ഉടക്കുകള്‍ ഒക്കെ. മുമ്പ് പറഞ്ഞ ‘സൌഹൃദ മത്സരം‘ നടക്കാന്‍ ഇടയുണ്ടങ്കില്‍ പിള്ളാരൊക്കെ ഓടാനു ള്ള അകലം ഇട്ടേ ആവേശം കാണിക്കാറുള്ളു. ഞങ്ങള്‍ മുരുപ്പിനേക്ക് കയറുന്നതിനുമുമ്പ് തന്നെപാത്രിയര്‍ക്കീസുകാരെ കണ്ടു. മത്സരം പാട്ടില്‍ മാത്രം ഒതുക്കി ചിലകൊടുക്കല്‍ വാങ്ങലുകള്‍ നടത്തി ചേട്ടന്മാര്‍ ചിറിതുടച്ച്പിരിഞ്ഞു.ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മുരുപ്പു ഇറങ്ങി ഞങ്ങള്‍ വരുന്നത്. ക്രിസ്തുമസ് ഫാദര്‍ മുന്നിലുണ്ട്. മുരുപ്പിനെ താഴെയുള്ള കലുങ്കിനടുത്ത് എത്തിയപ്പോള്‍ ഒരു അപ്രതീക്ഷ ആക്രമണം. ആരോ ഒരാള്‍ കലുങ്കിന്റെ മറവില്‍ നിന്ന് ഓടിവന്ന് ഫാദറിന്റെമുഖം മൂടി പൊക്കിനോക്കിയതും അടിവച്ചതും പെട്ടന്നായിരുന്നു... നാട്ടില്‍ ക്രിസ്തുമസ് അവിധിക്ക് വന്ന് വേഷം ഇട്ട ഫാദറിനൊന്നും മനസിലായില്ല.“ഫാദറേ ഓടിക്കോ ....അടിവീണേ“ എന്ന് പറഞ്ഞതും ഫാദര്‍ കുപ്പായം മടക്കിക്കുത്തി ഒരോട്ടം. പിന്നില്‍ നിന്ന ചേട്ടന്മാരൊക്കെ മുന്‍‌നിരയിലെത്തി.അടിവീണാല്‍ ആദ്യം ചെയ്യുന്നത് പെട്രോമാക്സിന്റെ ഗ്യാസ് തിരിച്ചുവിടുകയാണ്. അടിക്കുന്നവന്‍ ആരാണ ന്ന് അറ്റികിട്ടുന്നവന്‍ അറിയാതിരിക്കാനാണിത്. ചിലപ്പോള്‍ പരസ്പരം അടികൊടു ത്തൊന്നും ഇരിക്കും. അതൊന്നും ആരുംകണക്കിടാറില്ല.

അടി എന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി. കലുങ്കിന്റെ മറവില്‍ നിന്ന് അടിക്കാനായി വന്നവരില്‍ നാലുപേരും അടികൊണ്ട് ഓടി.ഒരൊത്തന് ഓടാന്‍ പറ്റിയില്ല. ഒരോടിയും മിസാകാതെ എല്ലാം ഒരുത്തന്‍ വാങ്ങിക്കൂട്ടി. പെരുത്തുനില്‍ക്കുന്ന ഞങ്ങളുടെ ചേട്ടന്മാര്‍അവനെപൊക്കിയെടുത്ത് കലുക്കിന്റെ മുകളിലുടെ താഴേക്ക് ഇട്ടു. നാലഞ്ചാള്‍ താഴ്ചയുള്ള പുരയിടത്തിലേക്ക് അയാള്‍ വീഴുന്നശബ്ദ്ദം കേട്ടപ്പോള്‍ ചേട്ടന്മാര്‍ക്ക് സന്തോ ഷമായി. ഒന്നും സമ്മതിക്കാത്തതുപോലെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അടുത്ത വീട്ടില്‍ചെന്ന്‍ പാട്ടുപാടിതുടങ്ങിയപ്പോഴാണ് ക്രിസ്തുമസ് ഫാദറില്ലന്ന് മനസിലായത്. പാട്ടുപാടുന്നത് നിര്‍ത്തി ക്രിസ്തുമസ് ഫാദറിനെതിരക്കി ഇറങ്ങി.രണ്ട് മണിക്കൂറിനുശേഷം ഫാദറിനെ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെത്തി. അടിവീണയുടനെ ആരോ ഓടാന്‍ പറയുന്നതുകേട്ട് ഫാദര്‍ ഓടിയതാണ്. ഒന്നരമണിക്കൂര്‍ ഓടിയാണ് വീട്ടിലെത്തിയത്. ഫാദറിനെ വീണ്ടും ഒരുക്കിയിറക്കി കരോള്‍ തുടര്‍ന്നു.

പിറ്റേന്നാണ് ആക്രമണത്തിനു പിന്നിലെ കാരണം അറിയുന്നത്. വെള്ളം അടിച്ച് കൂതറ കാണിച്ചതിന് പാത്രിയര്‍ക്കീസുകാര്‍പുറത്താക്കിയ അഞ്ച് പേരാണ് അടിതുടങ്ങിയത്. അഞ്ചും കലുങ്ങിന്റെ കീഴില്‍ കിടന്ന് ഉറങ്ങിപ്പോയി.ഓര്‍ത്തഡോക്സ്കാരുടെകരോള്‍ പാര്‍ട്ടി തിരിച്ച് വരുമ്പോഴാണ് കട്ട് വിട്ട് ഉണരുന്നത്. സമയത്തെക്കുറിച്ച് ബോധമില്ലാതെ പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച് , തങ്ങളുടെ കരോള്‍ പാര്‍ട്ടിക്കാരാണന്ന് വിചാരിച്ച് അടിതുടങ്ങിയതാണ്. പക്ഷേ ആളുമാറിപ്പോയതറിഞ്ഞത് മയമില്ലാതെ അടികിട്ടിയപ്പോഴാണ്.

ഈ അടികൊണ്ട് ഗുണം ഉണ്ടായത്. അടികൊണ്ട് കലുങ്കിന്റെ മുകളിലൂടെ എറിയപ്പെട്ടവ നാണ്. അത്രയും കാലം അരപ്പിരിയുമായിതല്ലുകൊള്ളിത്തരവുമായി നടന്ന അയാള്‍ അന്നത്തെ അടിയോടുകൂടി അയാളുടെ അരപ്പിരി മാറി ആളുനന്നായി. ഇപ്പോള്‍ കല്യാണ മൊക്കെ കഴിഞ്ഞ് കുട്ടികളുമായി കഴിയുന്ന അയാള്‍ ഇടയ്ക്കിടെ ഞങ്ങളുടെ പള്ളിയിലും വരാറുണ്ട്. വഴിപിഴച്ചുപോകാമായിരുന്നഒരു ജീവിതം തിരിച്ചു കൊടുത്ത ദൈവത്തിനു നന്ദിപറയാനായിരിക്കാം അയാള്‍ വരുന്നത് ......
.

4 comments:

Kaithamullu said...

“അത്രയും കാലം അരപ്പിരിയുമായിതല്ലുകൊള്ളിത്തരവുമായി നടന്ന അയാള്‍ അന്നത്തെ അടിയോടുകൂടി അയാളുടെ അരപ്പിരി മാറി ആളുനന്നായി. ഇപ്പോള്‍ കല്യാണ മൊക്കെ കഴിഞ്ഞ് കുട്ടികളുമായി കഴിയുന്ന അയാള്‍ ഇടയ്ക്കിടെ ഞങ്ങളുടെ പള്ളിയിലും വരാറുണ്ട്.“

-ഫാദറേ, ഓടിക്കോ:
അടി വീണാലും നന്നാവില്ല, നേരും പറയില്ല!

paarppidam said...

സംഗതി ഉഗ്രൻ പുത്തൻപീട്യ പള്ളീലെ വിശേഷം എഴുതാൻ ആലോചിച്ചതണ് .ഇനിയിപ്പോൾ അതിനു പ്രസക്തിയില്ലാന്ന് ഇതുവായിച്ചപ്പോൾ മനസ്സിലായി..

ഉത്സവായാലും പെരുന്നാളായലും ഒരു സൌഹൃദ/ജനകീയ നാടന്തല്ല് അനിവാര്യമാണ്.


അടിപൊളി.....അഭിനന്ദനങ്ങൾക്കൊപ്പം ആശംസകളും

http://kunthraandams.blogspot.com/-ൽ പോയാൽ ചെറിയതോതിൽ ആശംസ വായിക്കാം.

ബാജി ഓടംവേലി said...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

Aadhar said...

Very nice.