Friday, December 26, 2008

മദ്യപാനസ്നേഹിയുടെ അപേക്ഷ :

.
വിഷയം :അധികാരികള്‍ വായിച്ചറിയുന്നതിന് ഒരു മദ്യപാനസ്നേഹി നല്‍കുന്ന നീണ്ട അപേക്ഷ

ബഹുമാനപ്പെട്ട സാറുമാരെ ...(സാറുമാരെ എന്ന് ബഹുവചനത്തില്‍ വിളിച്ചതിനുമാപ്പാ ക്കണം, ഏതുസാറിനാണ് അപേക്ഷ നല്‍കേണ്ടതന്ന് അറിയാത്തതുകൊണ്ടാണ് സാറുമാരെ എന്ന് വിളിച്ചത് )

കഴിഞ്ഞ ഡിസംബര്‍ 23,24 തീയതികളില്‍ ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ സര്‍ക്കാരിന് നല്‍കിയത് ഏകദേശം നാല്‍പ്പത്തൊന്ന്കോടി രൂപയാണ്.എന്നു പറഞ്ഞാല്‍ നാല്‍പ്പ ത്തൊന്ന് കോടിരൂപയുടെ മദ്യമാണ് ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ ബിവറേജസ്കോര്‍പ്പ റേഷനില്‍ നിന്ന് വാങ്ങിക്കുടിച്ചത്. സര്‍ക്കാരിന് ഇത്രയേറെ വരുമാനം ഉണ്ടാക്കിത്തരുന്ന ഞങ്ങളെ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. ഞങ്ങളോട് കാണിക്കുന്ന അവഗണനകളിലേക്കുംകൂടിഅധികാരികളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഈ അപേക്ഷ.

കേരളത്തിലെ ഏതെങ്കിലും കോര്‍പ്പറേഷനുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടങ്കില്‍ അത് ബിവറേജസ് കോര്‍പ്പറേഷന്‍ആണന്ന് എല്ലാവര്‍ക്കും അറിയാം. മറുനാടുകളില്‍ കിടക്കുന്ന സായിപ്പിനേയും മാദമ്മയേയും നമ്മുടെ നാട് കാണിക്കാന്‍ കച്ചകെട്ടി ഇറങ്ങി ത്തിരിച്ച ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ടൂറിസം ഡവലപ്പ് ചെയ്യാന്‍ കാശ് കളഞ്ഞ തല്ലാതെ ലാഭം ഉണ്ടാക്കിയിട്ടുണ്ടോ. കണ്ട ഇടവഴികളിലൂടെ കുഴിയില്‍ ചാടിച്ചും ടയര്‍ ഊരി ത്തെറുപ്പിച്ചും ആള്‍ക്കാരെ ഇടിച്ചുത്തെറുപ്പിച്ചും ഒക്കെ നമ്മുടെട്രാന്‍‌സ്പോര്‍ട്സ് മാസത്തിലെ എല്ലാ ദിവസവുംകൂടി ഓടിയാല്‍ കിട്ടുന്നത് എണ്‍പത്തഞ്ച് കോടിരൂപയാണ്. ഇങ്ങനെ എല്ലാ കോര്‍പ്പറേഷനുകളും നഷ്ടക്കണക്ക് പറയുമ്പോള്‍ ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ മനസറിഞ്ഞ് പെരുമാറിയപ്പോള്‍ ബിവറേജസ്കോര്‍പ്പറേഷന്‍ രണ്ടുദിവസം കൊണ്ട് ഉണ്ടാക്കിയത് നാല്‍പ്പത്കോടിയാണ്. ഈ കാശ് ഉണ്ടാക്കിത്തന്ന ഞങ്ങള്‍ മദ്യപാനസ്നേഹി കളോട് സമൂഹവും സര്‍ക്കാരും പുലര്‍ത്തിക്കൊണ്ടുപോരുന്ന അവഗണന അവസാനിപ്പി ക്കണം. ഇത്രയും കാലം മഴയും വെയിലും കാറ്റും തണുപ്പും ഒക്കെകൊണ്ട് ക്യൂ നിന്നതല്ലാതെ ഞങ്ങള്‍ ആരോടും ഒരു പരാതിയും പറഞ്ഞിരുന്നില്ല.

ഇത്രയും കാലം സര്‍ക്കാരിന് ലാഭം മാത്രം ഉണ്ടാക്കികൊടുത്ത ഞങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം എന്താണ് ? ഞങ്ങളെആളുകള്‍ കള്ളുകുടിയന്‍, പാമ്പ് തുടങ്ങിയ പേരുകളിലാണ് വിളിക്കുന്നത്. ഞങ്ങളുടെ ഭാര്യമാരെ കുടിയന്റെ ഭാര്യ എന്നും ഞങ്ങളുടെകുട്ടികളെ കുടിയന്റെ പിള്ളാര് എന്നൊക്കെയാണ് സമുഹം വിളിക്കുന്നത്. കള്ളുകുടിയന്‍, പാമ്പ് തുടങ്ങിയ പേരു കള്‍ ഞങ്ങളെവിളിക്കുന്നത് നിയമപരമായി നിരോധിച്ച് ആ വാക്കുകള്‍ക്ക് പകരം മദ്യസ്നേഹിയെന്നോ മദ്യപാന സ്നേഹിയെന്നോ വിളിക്കാന്‍ഉത്തരവിറക്കണം. ഇങ്ങനെയൊരു ഉത്തരവ് ഇറക്കാത്ത പക്ഷം ഞങ്ങള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നതാണ്. ഞങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ സര്‍ക്കാര്‍ ഖജനാവില്‍ പൂച്ചപോലും പേറാന്‍ കയറത്തില്ലന്ന്ഓര്‍ക്കണം.

ഞങ്ങള്‍ മദ്യപാനസ്നേഹികളെ സമൂഹം പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ചേര, പാമ്പ് , കുടിയന്‍ ,കള്ളുകുടിയന്‍, മുഴുക്കുടിയന്‍,ടാങ്ക്, ... തുടങ്ങിയ ഗ്രേഡുകളാണ് സമൂഹം തന്നിരി ക്കുന്നത്. ഈ ഗ്രേഡ് തിരിക്കലില്‍ ഒരു പ്രത്യേക മാനദണ്ഡം ഇല്ല. സര്‍ക്കാര്‍ഇടപെട്ട് ഞങ്ങള്‍ മദ്യപാനസ്നേഹികള്‍ക്ക് A,B,C,D എന്നീ ഗ്രേഡുകള്‍ ‘കപ്പാസിറ്റി‘ അനുസരിച്ച് നല്‍കണം. (ഞങ്ങളുടെഗ്രേഡ് കണ്ടുപിടിക്കാന്‍ വിദ്യാഭ്യാ വകുപ്പിനെ കൂട്ടുപിടിക്കരുത്. വിദ്യാഭ്യാ വകുപ്പിന്റെ ഗ്രേഡ് കിട്ടിയ പിള്ളാരെല്ലാം ഞങ്ങളെക്കാള്‍പെരുവഴിയിലാണ്.). ഗ്രേഡിന് അനുസരിച്ച് ഞങ്ങള്‍ക്ക് സബ്‌സിഡിയോ , ഡിസ്ക്കൌണ്ടുകളോ , ഒക്കെ നല്‍കണം.

ഞങ്ങളില്‍ പലരും പെമ്പിളമാരുടെ കെട്ടുതാലിയും, പിള്ളാരുടെ മൊട്ടുകമ്മലും ഒക്കെ പണയം വച്ചാണ് സര്‍ക്കാരിന് വരുമാനംഉണ്ടാക്കി തരുന്നത്. കാശ് കടം തന്നവര്‍ കുടുംബ ങ്ങളില്‍ കയറി അലമ്പത്തരം കാണിച്ച് പണം ഈടാക്കാന്‍ നോക്കുകയാണ്. കര്‍ഷകരു ടെ കടങ്ങള്‍ എഴുതിത്തള്ളുന്നതുപോലെ ഞങ്ങള്‍ മദ്യപാനസ്നേഹികളുടെ കടങ്ങളും എഴുതി തള്ളണം. കടം എഴുതിതള്ളിയാല്‍ മാത്രം പോരാ ഞങ്ങളുടെ ഗ്രേഡ് അനുസരിച്ച് പലിശ രഹിതവായ്പകളും അനുവദിക്കണം. സര്‍ക്കാരിന് ജാതിവ്യവസ്ഥിതി കൊണ്ട് ഒരു പ്രയോജ നവും ഇല്ലന്ന് അറിയാമല്ലോ? എന്നിട്ടും ന്യൂനപക്ഷം പിന്നോക്കസമുദായം എന്നോക്കെ പറഞ്ഞ് അവര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാരിന് കോടികളുടെ വരുമാനം ഉണ്ടാക്കിത്തരുന്ന ഞങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണം. ഒന്നുമല്ലങ്കില്‍ സര്‍ക്കാര്‍ തരുന്ന ശമ്പളത്തിന്റെ മുക്കാല്‍‌പങ്കും ഞങ്ങള്‍ ബിവറേജസ്കോര്‍പ്പ റേഷന്‍ വഴിയായി സര്‍ക്കാരിലേക്ക് തന്നെ തിരിച്ചു‌തരുമ്മല്ലോ.!!! ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ മദ്യസ്നേഹികളുടെഎണ്ണം കൂടുകയും സര്‍ക്കാരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ‘പ്രത്യേക ലോട്ടറി’ നടത്താതെ പിടിച്ചു നില്‍ക്കാനുള്ള വരുമാനം കിട്ടുകയും ചെയ്യും.

ഫീസ് കൊടുക്കാത്തതിന്റെ പേരില്‍ മദ്യസ്നേഹികളുടെ മക്കളെ ചിലയിടങ്ങളില്‍ സ്കൂളുകളില്‍ നിന്ന് പുറത്താകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ മദ്യസ്നേഹികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൌജന്യ വിദ്യാഭ്യാസം നല്‍കണം.(സര്‍ക്കാര്‍ സ്കൂളിലെ സൌജന്യ വിദ്യാഭ്യാസം ഞങ്ങ ളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല.). ന്യൂനപക്ഷസമുദായത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് ഞങ്ങളുടെകുട്ടികള്‍ക്കും നല്‍കണം. പട്ടാളക്കാര്‍, വിമുക്തഭടന്മാര്‍, സര്‍ക്കാര്‍‌ ജോലിക്കാര്‍, തുടങ്ങിയവരുടെ മക്കള്‍ക്ക് നല്‍കുന്ന തൊഴില്‍സംവരണം ഞങ്ങള്‍ മദ്യസ്നേ ഹികളുടെ കുട്ടികള്‍ക്കും നല്‍കണം.

ഞങ്ങളില്‍ പലരും അല്പം ഓവറായി കാനക്കുഴിയിലോ, ഓടയിലോ, മരച്ചുവട്ടിലോ , കടത്തിണ്ണയിലോ കിടന്ന് വാളുവച്ചിന്നിരിക്കും.ഈ സമയങ്ങളില്‍ പലരും ഞങ്ങളുടെ ഫോട്ടോകള്‍ മൊബൈലില്‍ എടുത്ത് ഇന്റ്ര്‌നെറ്റ് വഴി പ്രചരിപ്പിക്കാറുണ്ട്.ഇങ്ങനെ എടുത്ത ഫോട്ടോ കണ്ട് നാണക്കേടോര്‍ത്ത് പല മദ്യസ്നേഹികളും കുടി നിര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇങ്ങനെ കുടി നിര്‍ത്തിയവരില്‍ നിന്ന്സര്‍ക്കാരിന് ലഭിക്കാവുന്ന വരുമാനം നഷ്ടമാകുന്നത് കണ്ടില്ലന്ന് നടിക്കരുത്. പത്തടിച്ച് കിടക്കുന്നവന്റെ ഫോട്ടോ എടുക്കുന്നത്നിരോധിക്കണം. മാത്രമല്ല കാന,ഓട,കടത്തിണ്ണ എന്നിവടങ്ങളില്‍ കിടക്കുന്ന മദ്യസ്നേഹികളെ വീടുകളില്‍ സുരക്ഷിതമായിഎത്തിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. അതിനു വേണ്ടി എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കൌണ്ടറുകളിലും കുറഞ്ഞത്ഒരു പെട്ടിയോട്ടോ എങ്കിലും സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയിടണം. തങ്ങളുടെ പൌരന്മാരുടെ സംരക്ഷ്ണം സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണന്ന് മറക്കരുത്.

മദ്യസ്നേഹിയുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സങ്കടം ഇല്ലങ്കിലും സര്‍ക്കാരിന് സങ്കടം വരാതിരിക്കില്ലന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മദ്യസ്നേഹിക ളുടെ ആരോഗ്യപരിപാലനവും സര്‍ക്കാര്‍ ഏറ്റെടുക്കണം. എല്ലാ മദ്യസ്നേഹികള്‍ക്കും സൌജന്യ ചികിത്സ നല്‍കണം. കരളടിച്ചു പോകുന്നവര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിക്കൊടുക്കണം.

പ്രായാധിക്യത്താല്‍ കഷ്ട്പ്പെടുന്ന മദ്യസ്നേഹികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ഞങ്ങള്‍ ആവിശ്യപ്പെടുന്നില്ല. എന്നാലവര്‍ക്ക്സൌജന്യ നിരക്കില്‍ റേഷനായിട്ടെങ്കിലും കുപ്പികള്‍ വീട്ടിലെത്തിച്ചു കൊടുക്കണം. ഞങ്ങളില്‍ പലരും ഒരു കുപ്പി വാങ്ങാന്‍ബിവറേജസ് കൌണ്ടറികളില്‍ എത്തുന്നതിന് ഓട്ടോക്കൂലി ഇനത്തില്‍ നല്ലൊരു തുകചിലവാകുന്നുണ്ട്. ഗ്യാസ് സിലണ്ടറുകള്‍ഗ്യാസ് ഏജന്‍സികള്‍ വീടുകളില്‍ എത്തിക്കുന്നതുപോലെ കുപ്പികള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വീടുകളില്‍ എത്തിച്ചാല്‍നന്നായിരിക്കും. ഇതു അംഗീകരി ക്കാന്‍ ബുദ്ധിമുട്ടാണങ്കില്‍ സഞ്ചിരിക്കുന്ന ബിവറേജസ് കൌണ്ടറുകള്‍ തുടങ്ങാം. ഇതിന് നമ്മുടെട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ സഹായവും തേടാവുന്നതാണ്.

ഈ ക്രിസ്തുമസിന് ഞങ്ങളില്‍ പലരും വീട്ടിലേക്ക് കേക്കോ തുണികളോ പലഹാരങ്ങളോ ഒന്നും വാങ്ങാതെയാണ് കുപ്പിവാങ്ങിഅടിച്ചത്. അതിന് വീടുകളില്‍ എത്തീയപ്പോള്‍ ചില മദ്യസ്നേഹികള്‍ക്ക് ഇടിയും കിട്ടി.ഞങ്ങളെക്കൊണ്ട് ഒരു പ്രയൊജനവുംഇല്ലന്നാണ് വീട്ടുകാ രുടെ പരാതി. ഇപ്പോള്‍ കേരളം മുഴുവന്‍ ഷോപ്പിംങ്ങ് ഫെസ്റ്റുവല്‍ നടക്കുകയാണല്ലോ. അഞ്ഞോറോആയിരമോ കൊടുത്ത് തുണിവാങ്ങാനും സ്വര്‍ണ്ണം വാങ്ങാനും ഞങ്ങളെ ക്കൊണ്ട് പറ്റത്തില്ല.അതുകൊണ്ട് ഞങ്ങള്‍ക്ക് ഷോപ്പിംങ്ങ്ഫെസ്റ്റുവല്ലില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടാന്‍ പറ്റുന്നില്ല. അതുകൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളില്‍ നിന്ന്കുപ്പി വാങ്ങുന്നവര്‍ക്കും ഷോപ്പിംങ്ങ് ഫെസ്റ്റുവല്ലില്‍ പങ്കെടുക്കാന്‍ അവസരം നല്‍ക ണം. എന്നുപറഞ്ഞാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളേയും ഷോപ്പിംങ്ങ് ഫെസ്റ്റുവല്ലിന്റെ ഭാഗമാക്കണം. ഞങ്ങള്‍ മദ്യസ്നേഹികള്‍ക്ക് ആണല്ലോ എല്ല്ലാംഒരു ഫെസ്റ്റിവല്‍!. കൌണ്ടറുകളില്‍ക്കൂടി സമ്മാനക്കൂപ്പണ്‍ വഴിയായി ഏതെങ്കിലും മദ്യപാന സ്‌നേഹിക്ക് സ്വര്‍ണ്ണം കിട്ടിയാല്‍ചാത്തനടിക്കുന്നവരും കൌണ്ടറികളില്‍ക്കൂടിയേ കുപ്പി വാങ്ങുകയുള്ളു. അടുത്ത വര്‍ഷം മുതലെങ്കിലും ബിവറേജസ് കൌണ്ടറുകളേയും കേരള ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റിവല്ലിന്റെ ഭാഗമാക്കണം.

അടിയന്തിരമായി ഇത്രയും കാര്യങ്ങള്‍ ചെയ്യുക.അല്ലാത്തപക്ഷം എല്ലാ മദ്യസ്നേഹികളും ബിവറെജസ് കോര്‍പ്പറേഷന്‍ ബഹിഷ്ക്കരിച്ച് ചാത്തനടിക്കാനായി കൈതക്കാട്ടിലെക്കോ, കരിമ്പിന്‍ കാട്ടിലേക്കൊ ഒക്കെ മാര്‍ച്ച് നടത്തും. സാറുമാരുടെ മുമ്പാകെ ഈഅപേക്ഷയുടെ ചുരുക്കം സമര്‍പ്പിക്കുന്നു.

1. ഞങ്ങളെ ഇനിമുതല്‍ മദ്യസ്നേഹികളെന്നോ മദ്യപാനസ്നേഹികളോ എന്ന് മാത്രം വിളിക്കുക.
2. മദ്യസ്നേഹികള്‍ക്ക് ഗ്രേഡ് തിരിച്ച് സബ്‌സിഡിയോ , ഡിസ്ക്കൌണ്ടുകളോ നല്‍കുക.
3. മദ്യസ്നേഹികള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ സംവരണം നല്‍കുക.
4. മദ്യസ്നേഹികളുടെ മദ്യക്കടങ്ങള്‍ എഴുതിത്തള്ളുക.
5. മദ്യസ്നേഹികളുടെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും തൊഴില്‍ സംവരണവും നല്‍കുക.
6. മദ്യസ്നേഹികളുടെ ഫോട്ടോകള്‍ എടുക്കുന്നത് നിരോധിക്കുക.
7. ഓവറായി വീഴുന്ന മദ്യസ്‌നേഹികളെ സര്‍ക്കാര്‍ ചിലവില്‍ വീട്ടിലെത്തിക്കുക.
8. എല്ലാ മദ്യസ്നേഹികള്‍ക്കും സൌജന്യ ചികിത്സ നല്‍കുക.
9. സഞ്ചിരിക്കുന്ന ബിവറേജസ് കൌണ്ടറുകള്‍ തുടങ്ങുക.
10. ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലില്‍ പങ്കെടുപ്പിക്കുക.

.

5 comments:

ഭൂമിപുത്രി said...

നെഞ്ച്(കുടുംബവും)തകർന്നുള്ള ഈ രോദനം അധികാരപ്പെട്ടവർ കേൾക്കുമെന്ന് പ്രതീക്ഷിയ്ക്കാം

Anonymous said...

ക്രിസ്മസ്സിന് അടിച്ച് വീലായി വഴിയരികില്‍ കിടക്കുന്ന പാമ്പുകളെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുക. അല്ലെങ്കില്‍ പുതുവത്സരത്തിന്റെ കളക്ഷനെ അതു ഗുരുതരമായി ബാധിക്കും. പിന്നെ സര്‍ക്കാരിന് ശമ്പളം കൊടുക്കാന്‍ പോലും കേന്ദ്രത്തിനോട് തെണ്ടേണ്ടി വരും, പറഞ്ഞേക്കാം.

മദ്യകേരളം

ജയകൃഷ്ണന്‍ കാവാലം said...

മദ്യതെ ഒരു .നാണ്യ’വിളയായി പരിഗണിക്കണം.

ഓരോ കുപ്പിക്കള്ളില്‍ നിന്നും
ഒരായിരം പേരിഴയുന്നു
ഇഴയുന്നു അവര്‍ നാടിന്‍ വഴിയില്‍
പാമ്പുകളായ് മാറാടുന്നു

(പാര്‍ട്ടിക്കാര്‍ ക്ഷമിക്കണം)

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.mittayi.com

Aadhar Card said...

Very nice.