Sunday, January 27, 2008

വാകമരങ്ങള്‍ പൂക്കുമ്പോള്‍ .......

നീളന്‍ സഞ്ചിയും,നീട്ടി വളര്‍ത്തിയ മുടിയും ചുണ്ടില്‍ എരിഞ്ഞുതീരാറായ ബീഡിയുംനരച്ച ജൂബയും ചെരുപ്പില്ലാത്ത കാലുകളും.. ആദര്‍ശതയുടേയും പഴഞ്ചന്‍ സ്വപ്നങ്ങളുടേയും കൂട്ടുകാരന്‍ ..പൂപൊഴിയുന്ന വാകമരങ്ങളുടെ ചുവട്ടില്‍ അവര്‍ നിന്നു.അവന്റെവേഷം നീളന്‍ ജൂബയും മുണ്ടും,അവളുടേത് ഹാഫ് സാരിയും ബ്ലൌസ്സും;വിടര്‍ത്തിയിട്ട തലമുടിയില്‍ തുളാസിക്കതിര്‍,നെറ്റിയില്‍ ചന്ദനക്കുറി... പ്രണയത്തിന്റെ വഴിയേ അവര്‍ നടന്നു.വീടുകളുടെ വാതില്‍ അവരുടെ നേരെ കൊട്ടിയടക്കപ്പേടുന്നു. ഒരുഗതിയുംപരഗതിയും ഇല്ലാത്ത അവന്റെ കൂടെ അവള്‍ ഇറങ്ങിചെല്ലുന്നു..

നമ്മള്‍ ഇപ്പോള്‍ കണ്ടത് പഴയ ഒരു കലാലയരംഗം.അവരെ നമുക്ക് മണ്ടന്മാര്‍ എന്ന്‌വിളിച്ച് ചിരിച്ച് തള്ളാം.പഴഞ്ചന്മാര്‍ !ഇനി ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ മാത്രംകാണാന്‍ കഴിയുന്ന ഒരു രംഗമാണ് ഇത്.വാകമരങ്ങള്‍ പൂക്കാന്‍ തുടങ്ങുന്ന ഈ സമയത്ത്എന്തിനാണ് ഇത് ഓര്‍മ്മിപ്പിച്ച തന്നല്ലേ? ചുമ്മാ ഒരു രസത്തിനു വേണ്ടിമാത്രം.

പ്രണയത്തിന്റെ കുറിപ്പുകള്‍ വഹിച്ച ബാല്യകാലസഖിയും ചെമ്മീനും രമണനുംശാകുന്തളവും എന്നേ എസ്.എം.എസ്സിന്റെ മുന്നില്‍ തോറ്റുമടങ്ങി.പ്രണയങ്ങള്‍ക്ക്പൂ പൊഴിച്ച വാകമരങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ടാവും.പ്രണയത്തിന്റെ തണുപ്പിന് (?)(പ്രണയത്തിന് തണുപ്പാണോ ചൂടാണോ എന്നനിക്കറിയില്ല) ചൂട് പകരാന്‍ ക്യാബിനില്‍സൌകര്യങ്ങള്‍ നല്‍കുന്ന ‘ബ്രൌസിംങ്ങ് ‘ സെന്റെറുകള്‍ ഉള്ളപ്പോള്‍ വാകമരമേ നീ ഇനി എന്തിനാണ് പൂക്കുന്നത് ?ആര്‍ക്കു വേണ്ടിയാണ് പൂക്കള്‍ പൊഴിക്കുന്നത് ?

“പ്രണയം ഒക്കെ എങ്ങനെ മച്ചമ്പി...?”
“ഓ..എന്നാ പറയാനാ..പഴയതുപോലൊന്നും ഇല്ലന്നെ...നിന്റെ കൈയ്യില്‍ ഒരു തേര്‍ട്ടിറുപ്പീസ് എടുക്കാ‍ന്‍ ഉണ്ടോ?”
“എന്തിനാടാ..?”
“അവളിപ്പം വരും..ഒന്നു ബ്രൌസ് ചെയ്തിട്ട് വരാം...”
“നിങ്ങളു രണ്ടുപേരും കൂടിയാണോ മച്ചമ്പീ ബ്രൌസ് ചെയ്യുന്നത്..?”മച്ചമ്പി എന്നെ ആക്കിയൊന്നു ചിരിച്ചു.നീ എവിടെ കിടന്ന കോത്താഴത്തുകാരനാണെന്ന ഭാവത്തിലൊന്നു നോക്കി..
“പിന്നല്ലാതെ...ഒരു മണിക്കൂര്‍ മിണ്ടിയും പറഞ്ഞും തൊട്ടും തലോടിയും ഇരിക്കും..”
പ്രിയപ്പെട്ട മച്ചമ്പീ നീ ബ്രൌസിംങ്ങ് സെന്റെറില്‍ തന്നെയല്ലെ ഇരിക്കുന്നത്?
ബ്രൌസിംങ്ങ് സെന്റെറില്‍ നിന്ന് 500 രൂപയ്ക്ക് കിട്ടുന്ന ചൂടന്‍ സിഡിയില്‍ നിന്റെതലോടലുകളും ഉണ്ടാവില്ലേ?ചോദ്യപേപ്പറുകള്‍ പെന്‍ സ്കാനറുകളില്‍ സ്കാന്‍ ചെയ്ത്കടത്തുന്ന ടെക്‍നോളജിയുടെ കാലത്ത് എവ്വിടെയൊക്കെയാണ് നിങ്ങളെകാത്ത്ക്യാമറകണ്ണുകള്‍ ഉള്ളതെന്ന് ദൈവത്താണെ എനിക്കറിയില്ലെന്റെ മച്ചമ്പീമ്പീമ്പീ!!!

പ്രണയത്തിന്റെ തീവ്രമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റാലി സൈക്കള്‍ ആക്രികച്ചവടക്കാരന്‍ അടിച്ചു പരത്തുമ്പോള്‍ കണ്ണുനിറഞ്ഞില്ലേ?എത്രയെത്ര ഊടുവഴികളിലൂടെ അവളെ കാണാന്‍ റാലിസൈക്കള്‍ ഓടിയതാണ്.അവളെ കാണാന്‍ ചെന്നപ്പോള്‍ അവളുടെ ആങ്ങളമാര്‍ സൈക്കിളിന്റെ കുറ്റി ഊരിക്കൊണ്ടു പോയത് മറക്കാന്‍പറ്റുമോ?ആ റാലിസൈക്കള്‍ കച്ചവടക്കാരന്‍ അടിച്ചു പരത്തി. സൈക്കിളിന് ഇന്ന്പ്രണയത്തില്‍ കാര്യമില്ല.ബൈക്കില്‍ അവന്‍ വന്നിറങ്ങിയപ്പോള്‍ അമ്മച്ചി അത്ഭുതപ്പെട്ടു. ബൈക്കും പെണ്‍കൊച്ചുങ്ങള്‍ ഓടിക്കാറായോ ?എന്റെ അമ്മച്ചീ ഇത് പെണ്‍കൊ ച്ചൊന്നും അല്ല.ആണ്‍ചെറുക്കന്‍ തന്നെയാ ബൈക്ക് ഓടിച്ചത്.നമ്മുടെ സൂസിയുടെ മോന്‍“ബൈക്ക് ഓടിച്ചത് നമ്മുടെ സൂസിയുടെ മോനോ... കണ്ടിട്ട് പെണ്‍കൊച്ചിന്റെ കൂട്ടിരിക്കുന്നുവല്ലോ ?”
അവന്‍ ഒന്നൊന്നരവര്‍ഷം ജിമ്മില്‍ പോയ്യി കസര്‍ത്ത് കാണിച്ച് ഉണ്ടാക്കിയെടുത്തമസില്‍‌സ് ആണ് അമ്മച്ചിയുടെ പ്രശനം.ആ കസര്‍ത്ത് വല്യപ്പച്ചന്റെ കൂടെ പറമ്പില്‍ഇറങ്ങി കാണിച്ചിരുന്നെങ്കില്‍ പൊന്ന് വിളഞ്ഞേനെ !

പ്രണയങ്ങള്‍ തന്റെ തണലില്‍ നിന്ന് മാറിയെങ്കിലും വാകമരങ്ങള്‍ക്ക് പൂക്കാ‍തിരിക്കാന്‍പറ്റുമോ?പൂക്കള്‍ പൊഴിക്കാതിരിക്കാന്‍ പറ്റുമോ?തന്റെ തണലില്‍ ആരും കിടക്കാന്‍ഇല്ലന്ന് പറഞ്ഞ് തണല്‍ നല്‍കാതിരിക്കാന്‍ പറ്റുമോ?വട്ടപ്പറമ്പില്‍ ഗോപിനാദപ്പിള്ളയുടെ മലയാളം ഗൈഡിന്റെ പൊതിച്ചിലില്‍ എഴുത്ത്കടത്താന്‍ പെട്ട പാടൊന്നോര്‍‌ത്തുനോക്കിയേ?ഇന്ന് എന്തിനാണ് പെടാപ്പാട് പെടുന്നത്. ഒരൊറ്റമെസേജില്‍ കാര്യം കഴിഞ്ഞു. തെറിയാണങ്കിലും വിളിയാണങ്കിലും അന്നേരംതന്നെ കാര്യം കഴിയാം.തെറിയാണ് കിട്ടുന്നതെങ്കില്‍ അടുത്ത ആള്‍ക്ക് മെസേജ്അയച്ച് കാത്തിരിക്കാം.പണ്ടൊക്കെ ഒരു മറുപിടി കിട്ടാന്‍ എന്തൊരു താമസം ആയിരുന്നു.ഇന്ന് അതിനും താമസം ഇല്ല.ഗൂഗില്‍ ടോക്കും യാഹൂ മെസഞ്ചറും ഒക്കെയുള്ളപ്പോള്‍എന്തിനാണ് താമസം...

പ്രണയത്തിന്റെ സുഗന്ധം പേറിയ ഇളംകാറ്റ് എവിടയോ മറഞ്ഞു.പൊട്ടിയ വളപ്പൊട്ടുകളും മാനം കാണിക്കാതെ അവളുടെ പുസ്തകത്തില്‍ വളര്‍ത്തിയ മയില്‍പ്പീലിയും അവന്റെ പുസ്തകത്തില്‍ വിരിഞ്ഞിറങ്ങുന്ന പൊണ്ണുരുക്കിയും ഒക്കെ പഴങ്കഥകള്‍ആയി മാറി.കൈതകാട്ടില്‍ ഒളിപ്പിച്ച പ്രണയാക്ഷരങ്ങള്‍ ജിമെയിലിനും റെഡിഫിനുംയാഹുവിനും വഴിമാറിക്കൊടുത്തു.കൈകളില്‍ ഒളിപ്പിച്ച നാരങ്ങമിഠായി പിസായായിമാറിയത് എന്ത് പെട്ടന്നാണ്....

കാലങ്ങള്‍ മാറിയാലും മനുഷ്യര്‍ മാറിയാലും വാകമരങ്ങള്‍ക്ക് പൂക്കാ‍തിരിക്കാന്‍ ആവില്ല.പ്രകൃതിയുടെ നിയമമാണത്.... പ്രണയങ്ങള്‍ ഇന്റെര്‍ നെറ്റില്‍ പൂക്കുമ്പോള്‍ വാകമരങ്ങളും പൂക്കുന്നു... ഗതകാല സ്മരണകള്‍ അയവിറക്കുന്നവര്‍ക്കായി... നൊമ്പരങ്ങള്‍ഓര്‍മ്മിപ്പിക്കാനായി..കൂടി ചേരലുകളെ ഓര്‍മ്മിപ്പിക്കാനായി......വാകമരങ്ങള്‍ പൂക്കട്ടെ....

Saturday, January 12, 2008

പ്രണയ ശില്പി (കവിത)

പ്രണയം ഭക്തിയാണ്
ഞാനവളെ പൂജിച്ചു -
മൊബൈലില്‍ മണിമുഴക്കി
ഞാനവളെ ഉണര്‍ത്തി
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളില്‍
താജ്‌മഹല്‍ പണിയാന്‍ തുടങ്ങി.

പ്രണയത്തിന്‍ നിത്യ സ്‌മാരകമാം
താജ്‌മഹലിന്‍ മുമ്പില്‍
ആലിംഗനബദ്ധരായി നിന്നു ഞങ്ങള്‍
പ്രണയത്തിന്‍ തീക്ഷണത അറിഞ്ഞു ഞാ‍ന്‍
വനജ്യോത്‌സനയായി ഞാനവളില്‍ പടര്‍ന്നു‍.

അകത്തെവിടയോ മുംതാസിന്റെ പ്രസവകരച്ചില്‍
ഷാജഹാന്റെ അട്ടഹാസം മുഴങ്ങുന്നു.
കൈകള്‍ നഷ്‌ടപ്പെട്ട ശില്പിയുടെ തേങ്ങല്‍ കേട്ടുഞാന്‍
ഞാനവളെ എന്റെ മാറില്‍ നിന്നകറ്റി
മറ്റൊരു ഷാജഹാനാകാന്‍‍ ഞാനില്ല.

Saturday, January 5, 2008

ഒരിക്കലും പ്രണിയിക്കില്ലിനി ഞാന്‍...(കവിത)

ഒരിക്കലും പ്രണിയിക്കില്ലിനി ഞാന്‍
ഒരിക്കല്‍ ഞാനും പ്രണയിച്ചിരുന്നു
പ്രണയത്തിന്‍ മധു നുകരുമ്പോള്‍,
ഇതളുകള്‍ കൂമ്പിയടയവേ
ആലിംഗനം എന്നു ധരിച്ചുഞാന്‍.

ഇരുള്‍ പടരവേ...
ശ്വാസത്തിനായി ഞാന്‍ പിടഞ്ഞു
എന്റെ പിടച്ചില്‍ അവളറിഞ്ഞില്ല
പൂവിന്റെ സൌന്ദര്യത്തില്‍ ഭ്രമിച്ച
ഒരു പാവം വണ്ടാണോ ഞാന്‍ ? ‍.

എനിക്കിനി പ്രണയിക്കാന്‍ കഴിയില്ല
ജീവിതം നഷ്ടപ്പെട്ടവനെന്തു പ്രണയം
പ്രണയം ധീരതയാണ്
ജീവിതത്തെ പ്രണയിച്ച്,മരണത്തെ വരിച്ച
എനിക്കിനി എന്ത് പ്രണയം??

ധീരന്മാരെ നിങ്ങള്‍ പ്രണയിക്കുവീന്‍
ടാജ്‌മഹലുകള്‍ ഉയര്‍ത്തുവീന്‍
പ്രണയത്തിന്‍ താഴ്‌വരയില്‍, കുളിര്‍ തെന്നലായി
നിങ്ങളിലേക്ക് ഒഴുകിവരാം ഞാന്‍
ഇതൊരു ആത്മാവിന്റെ അഭിലാഷം