Friday, December 17, 2010

മത്സ്യകന്യക സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

ഹര്‍ജിക്കാരി : ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക.

വിഷയം : എന്റെ മുലകളെ വെറുതെ വിടണം

സങ്കട ഹര്‍ജി
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സമീപം ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പാകയും പ്രത്യേകിച്ച് ചില സ്ത്രി സംഘടനകളുടേയും മുമ്പാകെ സമര്‍പ്പിക്കുന്ന സങ്കട ഹര്‍ജി.

ജനങ്ങളേ/ സംഘടനക്കാരേ...
വളരെ വേദനയോടെയാണ് ഞാന്‍ ഈ സങ്കട ഹര്‍ജി നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. എന്റെ കുടുംബത്തില്‍ പെട്ട ഒരു മൈസൂര്‍ മൈലാഞ്ചി ശില്പത്തിന്റെ മുലകള്‍ കൊച്ചി കുസാറ്റ് വളപ്പില്‍ ഛേദിച്ചതായി ആരക്കയോപറയുന്നത് ഞാന്‍ കേട്ടു. ആരക്കയോ എന്നല്ല രണ്ടു ദിവസം മുമ്പ് എന്റെ ഭംഗി ആസ്വദിക്കാന്‍ വന്നവരില്‍ ചിലര്‍ അടക്കിപ്പിടിച്ച് പറയുന്നത് ഞാന്‍ കേട്ടതാണ്. നിങ്ങള്‍ മലയാളികളുടെ ഇടയില്‍ ഇത്രയും നാളും ജീവിച്ചതുകൊണ്ട് കിട്ടിയ ഒരു ഗുണമാണ് മനുഷ്യര്‍ അടക്കിപ്പിടിച്ച് പറയുന്നത് ചെവി കൂര്‍പ്പിച്ച് കേള്‍ക്കുക എന്നുള്ളത്. അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് ഏകദേശം ഒരു വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ രാത്രികളില്‍ ഞാന്‍ ഉറങ്ങിയിട്ടില്ല. ഉറങ്ങുമ്പോള്‍  ആരക്കയോ എന്റെ മുലകള്‍ കൂടം കൊണ്ട് തല്ലിത്തകര്‍ക്കുന്നതായി സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി ഉണരുകയാണ്. നഗ്നത മറ യ്ക്കാനായി ആരക്കയോ എന്റെ ചുറ്റിലും ചെടികള്‍ നട്ടുപിടിപ്പിക്കുന്നതായി ഞാന്‍ സ്വ‌പ്നം കണ്ടു. ദുഃസ്വപനങ്ങളുടെ വേലിയേറ്റമായിരുന്നു കഴിഞ്ഞ രാത്രികള്‍. ഇനിയുള്ള രാത്രികള്‍ എനിക്ക് ദുഃസ്വപ്നങ്ങളുടേത് ആയിരിക്കും എന്ന് തോന്നുന്നു. ഉറങ്ങാതെ കണ്ണുതുറന്നിരുന്നാലും ആരക്കയോ എന്നെ തകര്‍ക്കാന്‍ വരുമെന്ന് എനിക്ക് തോന്നുന്നു. നെഞ്ചില്‍ കരിങ്കല്ലാണങ്കിലും ഇത്രയും നാളും നിങ്ങളോട് സഹവസിച്ച് കരിങ്കല്ലുകളില്‍ രക്തക്കുഴലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു.

ഇന്നലെ ഒരാള്‍ എന്റെ തണലില്‍ വന്നിരുന്നു പത്രം വായിക്കുന്നത് ഞാന്‍ കേട്ടു. കുസാറ്റില്‍ വെട്ടിമുറിക്കപ്പെട്ട സാഗരകന്യകയുടെ മാറിടത്തില്‍ കലാപരമായ കഴിവു കാണീച്ച ശില്പി മുഖത്തിന്റെ കാര്യത്തില്‍ ഈ പ്രതിഭ കാണീച്ചില്ലന്നുള്ള രീതിയില്‍ പിവിസി റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ആ വാര്‍ത്ത. മാറിടത്തിലെ കലാപരമായ കഴിവ് എന്നതുകൊണ്ട് എന്താണ് പിവിസി അര്‍ത്ഥമാക്കുന്നത്??? മാറിടം  ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന നിലയില്‍ നിര്‍മ്മിച്ച ശില്പത്തിനെതിരെ കുസാറ്റിലെ വനിതാ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുസാറ്റിലെ സാഗരകന്യകയ്ക്ക് മാറിടം നഷ്‌ടമായതെന്ന് ഞാന്‍ മനസിലാക്കുന്നു. ഉയര്‍ന്ന മാറിടം ആയിരുന്നു ആ വനിതകളുടെ പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. ഒരു സ്ത്രി മലര്‍ന്നു കിടക്കൂമ്പോള്‍ മാറിടം ഉയര്‍ന്നല്ലേ നില്‍ക്കുന്നത്? ആ ശില്പം ആ സംഘടനയിലെ സ്ത്രിത്വത്തെ അപമാനിക്കുന്നതായി അവര്‍ക്കു തോന്നിയോ??? നിങ്ങള്‍ ടിവിയില്‍ കുത്തിയിരുന്നു കാണുന്ന കോമഡി ഷോകളില്‍ വേഷം കെട്ടിവരുന്ന സ്ത്രികഥാപാത്രങ്ങളുടെ മാറിടം ഈ സംഘടനയില്‍ പെട്ട സ്ത്രികള്‍ കാണുന്നില്ല എന്നുണ്ടോ? എന്തിന് വഴിവക്കുകളിലെ പോസറ്ററുകളും ഫ്ലകസുകളും ഇവര്‍ക്ക് അശ്ലീലമായി തോന്നുന്നില്ലേ?? പുരുഷന്മാരുടെ അടിവസ്ത്രത്തില്‍ വരെ സ്ത്രികളെ  ഉള്‍പ്പെടൂത്തിയിട്ടൂള്ള പരസ്യങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ ആര്‍ക്കെങ്കിലും പരാതികൊടൂത്തതായോ സമരം നടത്തിയതായോ ഞാന്‍ കേട്ടിട്ടില്ല.

അല്ലങ്കില്‍ തന്നെ ഞങ്ങള്‍ ശില്പങ്ങളോട് നിങ്ങള്‍ക്കൊക്കെ എന്തും ആകാമല്ലോ? കുസാറ്റില്‍ നശിപ്പിക്കപ്പെട്ടത് സ്ത്രിയുടെ നഗ്നശില്പമായതുകൊണ്ടാണ് ഇത് മാധ്യമ ശ്രദ്ധ നേടിയതെന്നും മൃഗങ്ങള്‍ ആയിരുന്നെങ്കില്‍ ഇത് വിവാദം ആവുമായിരുന്നില്ലന്നൊക്കെയും പിവിസിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടന്ന് കേട്ടു. മൃഗങ്ങള്‍ ടിപ്പറിടിച്ച് ചത്താല്‍ വാര്‍ത്ത പത്രത്തില്‍ വരാതിരിക്കുകയും മനുഷ്യന്‍ ടിപ്പറിടിച്ച് മരിച്ചാല്‍ വാര്‍ത്ത പത്രത്തില്‍ വരികയും ചെയ്യുന്ന ലോകത്ത് സ്ത്രി/പുരുഷ ശില്പങ്ങള്‍ മാധ്യമ ശ്രദ്ധനേടും എന്ന് പിവിസിക്ക് അറിയില്ലേ?? സാഗരകന്യക ശില്പം വെട്ടി നശിപ്പിച്ചത് ശരിയായില്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളും ഒക്കെ പറഞ്ഞതായി ഞാന്‍ അറിഞ്ഞു. പിവിസിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ സംഭവങ്ങളേക്കൂറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടൂത്തിയതായി കണ്ടു. ഈ പഠനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ അവര്‍ക്ക് ഒരോ ഡോക്‍ടറേറ്റും കൂടി നല്‍കിയാല്‍ കൊള്ളാമായിരുന്നു. എന്താണ് അശ്ലീലം, എന്തെല്ലാമാണ് ഒരു ശില്പത്തിന്/പ്രതിമയ്ക്ക് വേണ്ടിയത്/വേണ്ടാത്തത് എന്നൊക്കെയുള്ള ഒരു റഫറന്‍സ് ആയി പിവിസിയുടെ ആ റിപ്പോര്‍ട്ട് വരും തലമുറയ്ക്ക് പഠിക്കാന്‍ നല്‍കാമായിരുന്നു.

ഞാനിനി എന്താണ് ചെയ്യേണ്ടത്.?? എനിക്കിവിടെ നിന്ന് ഓടിപ്പോകാന്‍ പറ്റില്ലല്ലോ!! എന്റെ നഗ്നമായ മാറിടം അശ്ലീലമാണന്ന് കരുതി ആരെങ്കിലും മുറിച്ചു കളഞ്ഞാല്‍ ... എനിക്കിനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഇനി മുതല്‍ ഈ നാട്ടില്‍ സാരിയുടത്ത ശില്പങ്ങള്‍ മാത്രം മതി എന്ന് തീരുമാനം എടുക്കുന്ന നാളിലേക്കുള്ള ദൂരം വിദൂരമല്ലന്ന് തോന്നുന്നു.ഞാന്‍ ഒരു ജീന്‍സും ടിഷര്‍ട്ടും ഇട്ടു കിടന്നാല്‍ പ്രശ്നം തീരുമോ?? എങ്കില്‍ ഞാനതിനും തയ്യാറാണ്. എന്നെത്തന്നെ നശിപ്പിക്കണം എന്നുണ്ടങ്കില്‍ ദയവായി എന്നെ അംഗഭം‌ഗം വരുത്തരുത്. എന്നെ ഇളക്കി കടലിലേക്ക് എറിയുക. അംഗ‌ഭംഗം വന്ന് കിടക്കൂന്നതിലും നല്ലത് കടലില്‍ മുങ്ങിക്കിടക്കുന്നതാണ്. ഇതെന്റെ സങ്കടഹര്‍ജിയായി പരിഗണിച്ച് എന്നെ കടലില്‍ തള്ളാന്‍ കനിവുണ്ടാകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.


വിഷാദത്തോടെ,
മത്സ്യകന്യക
ശംഖുമുഖം കടപ്പുറം

Wednesday, December 15, 2010

ക്രൈസ്തവ മെത്രാന്‍ സമതിക്കൊരു വിയോജനക്കുറിപ്പ്

ഇന്നലത്തെ(ഡിസംബര്‍ 14) മനോരമയുടെ അവസാന പേജില്‍ ഒരു വാര്‍ത്ത കണ്ടു. സര്‍ക്കാര്‍ നീക്കം ഒന്നിച്ചു ചെറുക്കും : ക്രൈസ്തവ മെത്രാന്‍ സമതി . ആ വാര്‍ത്തയിലെ ചില സൂചകങ്ങള്‍ക്കുള്ള വിയോജനം രേഖപ്പെടുത്തട്ടെ.

1. DYFI ആരംഭിച്ചിട്ടുള്ള മദ്യ വിരുദ്ധ പോരാട്ടത്തെ സമ്മേളനം പരോക്ഷമായി കുറ്റപ്പെടുത്തി.
ഈ കുറ്റപ്പെടുത്തലിനു കാരണമായി പറയുന്നത് മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥത് ഇല്ലന്നാണ്. ഭരിക്കുന്ന സര്‍ക്കാരിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടന ഒരു സാമൂഹിക വിവത്തിനെതിരെ പ്രതികരിക്കുന്നതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ എന്നോ ഏതെങ്കിലും മെത്രാന്‍ ആ സമതിയോഗത്തില്‍ ചോദിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ അങ്ങനെ ഒരു കുറ്റപ്പെടുത്തലിന്റെ കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം DYFI എന്ന സംഘടനയുടെ സ്ഥാനം കേരളത്തില്‍ എന്താണന്ന് അറിയാത്തവരല്ല ആരും. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു യുവജന സംഘടനയാണത്. ഒരു സമൂഹവിപത്തിനെതിരെ അവര്‍ പോരാട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ധാര്‍മ്മികമായ ഒരു പിന്തുണ നല്‍കാന്‍ മദ്യത്തിനെതിരെ പോരാടൂന്ന എല്ലാവര്‍ക്കും കഴിയും. DYFI യോടൊന്നിച്ച് മദ്യ വിരുദ്ധ പോരാട്ടം നടത്താന്‍ സഭകളിലെ യുവജന സംഘടനകള്‍ക്ക് കഴിയില്ലേ??? ഒരു സാമൂഹിക വിപത്തിനെതിരെ പോരാടൂമ്പോള്‍ അതിലെ മതവും രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.


2. തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട്.
ഈ അധികാരം ആര് എപ്പോള്‍ എന്ന് നല്‍കി? ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട് എന്ന് സമ്മതിക്കാമെങ്കിലും ഒരു സഭാവിശ്വാസി ആര്‍ക്ക് അല്ലങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു അധികാരവും ഇല്ല. ഇല്ലാത്ത അധികാരം തങ്ങള്‍ക്ക് ഉണ്ട് എന്ന് നടക്കുന്നെങ്കില്‍ അതിനാരും വില കല്പിക്കുകയും ഇല്ല. രാഷ്ട്രീയവും ആത്മീയവും സമാന്തരങ്ങളായ രണ്ട് കാര്യങ്ങളാണ്. മതത്തില്‍ രാഷ്ട്രീയം ഇടപെടൂന്നതും രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതും മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും അപചയത്തിനു കാരണമാവും എന്നതില്‍ സംശയം ഇല്ല. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടമാണ് അയാള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്ക്/ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നുള്ളത്.


3. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി.

ഈ പ്രസ്താവനയ്ക്ക് ഉത്തരമായി ഒരു മറു ചോദ്യമാണ് ചോദിക്കേണ്ടത്. ക്രൈസ്തവ മെത്രാന്‍ സമതി വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍/മതകാര്യങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ പോരേ??? തിരഞ്ഞേടുപ്പ് പ്രഖ്യാപിക്കുന്നതുമുതല്‍ അതിന്റെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടികള്‍ കുറ്റമറ്റരീതിയില്‍ നടത്തേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനുതന്നെയാണ്. ന്യാമമായ രീതിക്ക് വിരുദ്ധമായി മറ്റ് ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നതില്‍ എന്താണ് തെറ്റ്. വിശ്വാസികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതില്‍ തെറ്റില്ല എന്നാണ് മെത്രാസ് സമിതി പറയുന്നത്. അത് അംഗീകരിക്കുന്നു എന്നതന്നെ ഇരിക്കട്ടെ. ഒരു വാര്‍ഡ്/ മണ്ഡലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി കത്തോലിക്ക , ഓര്‍ത്തഡോക്സ് , യാക്കോബായ , മര്‍ത്തോമ്മാ , സി‌എസ്‌ഐ സഭകളിലെ വിശ്വാസികള്‍ ആണ് നില്‍ക്കുന്നതെന്ന് കരുതുക. ഇങ്ങനെ ഒരു അവ്സ്ഥയില്‍ ആര്‍ക്ക് വോട്ട് ചെയ്യാനായിരിക്കും മെത്രാസ് സമിതി/ഇടയലേഖനം പറയുന്നത്?? ഇങ്ങനെയൊരു അവസ്ഥയ്ക്കാണല്ലോ വര്‍ഗ്ഗീയത എന്ന് പറയുന്നത്. മതത്തിന്റെ പേരില്‍ വോട്ട് നേടാന്‍ നമ്മുടെ രാജ്യത്ത് നിയമം ഇല്ലാത്തിടത്തോളം കാലം മേല്‍‌പ്പറഞ്ഞ രീതിയിലുള്ള മത/സമുദായ സംഘടനകളുടെ ലേഖനങ്ങള്‍ നിയമ വിരുദ്ധം തന്നെയാണ്. ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാവുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ പാടില്ല.


4. യുഡി‌എഫിന്റെ വിജയം ഇടയലേഖനത്തിന്റെ വിജയമാണന്നുള്ള അഭിപ്രായം കെ‌സി‌ബി‌സിക്ക് ഇല്ല.
തിരഞ്ഞെടൂപ്പ ഫലം പുറത്ത് വന്നപ്പോള്‍ കെ‌സി‌ബി‌സിയുടെ വ്യക്താവായ സ്റ്റീഫന്‍ ആലത്തറ നടത്തിയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് മുകളില്‍ പറഞ്ഞിരിക്കൂന്ന പ്രസ്താവന. യുഡി‌എഫ് വിജയം കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിന്റെ വിജയമാണെന്നായിരുന്നു സ്റ്റീഫന്‍ ആലത്തറയുടെ പ്രസ്‌താവന. അന്ന് ആ വ്യക്താവ് നടത്തിയ പ്രസ്ത്യാവന കെ‌സി‌ബി‌സിയുടെ അഭിപ്രായം അല്ലായിരുന്നു എന്ന് അന്നാരും പറഞ്ഞില്ലായിരുന്നു. രണ്ട് മാ‍സങ്ങള്‍ വേണ്ടിവന്നോ അത് മനസിലാക്കാന്‍ ???

Thursday, December 2, 2010

മൃതദേഹത്തോട് അനാദരവു കാട്ടുമ്പോള്‍

ഇന്നത്തെ (ഡിസംബര്‍ 02/2010) ഒട്ടുമിക്ക മലയാള പത്രങ്ങളിലെല്ലാം ഉള്ള വാര്‍ത്ത ഏതൊരു മനുഷ്യനേയും ദുഃഖിപ്പിക്കുന്ന ഒന്നാണ്. സഭാതര്‍ക്കം: മൃതദേഹവുമായി റോഡ് ഉപരോധിച്ചു  എന്ന വാര്‍ത്തയായിരുന്നു അത്. സഭാതര്‍ക്കങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് കടക്കുക എന്നുള്ളത് ഈ പൊസ്റ്റിന്റെ ലക്ഷ്യമല്ല എന്നുള്ളതുകൊണ്ട് ആ ഭാഗം ഒഴിവാക്കി ഈ സംഭവത്തോടുള്ള പ്രതികരണം കുറിക്കുന്നു.

ഈ വാര്‍ത്ത വന്ന പത്രങ്ങളിലെ ലിങ്ക് :: മാതൃഭൂമി   മംഗളം  കൌമുദി  മാധ്യമം   ദേശാഭിമാനി മനോരമ

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം എന്തിന്റെ പേരിലാണങ്കിലും അത് സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലേക്ക് മാറാതെ നോക്കേണ്ടത് ആ സഭയുടെ നേതൃത്വത്തില്‍ ഉള്ളവരാണ്. ഈ സഭാ തര്‍ക്കത്തില്‍ ഈ സഭകളില്‍ പെട്ട ഭൂരിപക്ഷം പേര്‍ക്കും താല്‌പര്യം ഇല്ല എന്നുള്ളതാണ് സത്യം. കഴിഞ്ഞമാസം പരുമല പള്ളിയുടെ പേരിലാണ് ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുത്തതെങ്കില്‍ ഈ മാസം അതൊരു മൃതദേഹത്തിന്റെയും ശവസംസ്‌ക്കാരത്തിന്റേയും പേരിലാണന്ന് മാത്രം. ഇത് ആദ്യമായിട്ടില്ല ഇരു സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി മൃതശരീരത്തെ വഴിയില്‍ വെച്ച് സമരം ചെയ്യുന്നത്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പോലും നടത്തേണ്ടി വന്നിട്ടൂണ്ട്. വിവേകവും മനുഷ്യത്വവും മതത്തിന്റെ പേരില്‍ നശിപ്പിക്കുന്നത് നന്നല്ല.

ഒരു മനുഷ്യന്റെ ജീവനില്ലാത്ത ശരീരത്തോടെ അനാദരവ് കാണിക്കുന്നത് എന്തിന്റെ പേരിലാണങ്കിലും ശരിയല്ല. മൃതശരീരം അടക്കം ചെയ്യുമ്പോള്‍ മറുപക്ഷം കൂവി എന്നാണ് ഒരു പത്രത്തില്‍ വായിച്ചത്. അങ്ങനെ ഒരു സംഭവം നടന്നു എങ്കില്‍ അങ്ങനെ ചെയ്തവര്‍ കാണിച്ചത് ശുദ്ധ തന്തയില്ലാത്തരം ആണന്ന് പറയുന്നതില്‍ ലജ്ജിക്കുന്നില്ല. എന്തിനു വേണ്ടിയാണ് മൃതശരീരങ്ങളെ വെച്ച് ഇങ്ങനെ വിലപേശുകയും സമരം ചെയ്യുകയും ചെയ്യുന്നത്. ആര്‍ക്കെന്ത് നേടാന്‍ ? ആര്‍ക്കെന്ത് ലഭിക്കാന്‍ ???

നിന്റെ വഴിപാട് യാഗപീഠത്തില്‍ എത്തിക്കുമ്പോള്‍ നിന്റെനേരെ സഹോദരന് എന്തെങ്കിലും പരാതി ഉണ്ടങ്കില്‍ അവനോട് ആദ്യം ആ പരാതി പറഞ്ഞ് തീര്‍ത്തതിനുശേഷം വന്ന് വഴിപാട് കഴിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. സഹോദരനോട് ഏഴല്ല ഏഴ് എഴുപതു വട്ടം ക്ഷമിക്കണം എന്നുമാണ്
ക്രിസ്തുപഠിപ്പിച്ചത്. ആ ക്രിസ്തുവിന്റെ പിന്‍‌ഗാമികള്‍ എന്നോ അനുയായികള്‍ എന്നോ പറയുന്നവര്‍ തന്നെയാണ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മറ്റുള്ള ജനങ്ങളുടെ ഇറ്റയിലും സമൂഹത്തിലും ഇവര്‍ നാണം കെടുത്തുന്നത് ക്രൈസ്തവതയെയാണ്,ഇവരാല്‍ അപമാനിക്കപ്പെടുന്നത് ക്രിസ്തുതന്നെയാണ്. വിശ്വാസപരമായ ഒരു തര്‍ക്കമല്ല ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത്.

കുറേ നാളുകള്‍ക്ക് മുമ്പുവരേയും ഏതെങ്കിലും കുടുംബങ്ങള്‍ പള്ളിയിലെക്ക് നല്‍കേണ്ട പണം നല്‍കാതിരുന്നാ‍ല്‍ ആ കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ശവം അടക്കം ചെയ്യണമെങ്കില്‍ നല്‍കേണ്ട പണം പള്ളി ട്രസ്റ്റില്‍ അടച്ചതിനു ശേഷമേ മൃതശരീരം അടക്കം ചെയ്യുവായിരുന്നുള്ളൂ. മൃതശരീരത്തെവെച്ച് വിലപേശുന്നത് ശരിയല്ലന്നും മരിച്ചവന്റെ ബന്ധുക്കളെ വിളിച്ച് പണം ചോദിക്കുന്നതിലും ശരിയില്ലായ്മയും മനസിലാക്കി പല പള്ളികളിലും അടക്ക സമയത്ത് കുടിശ്ശിഖ ബലമായി വാങ്ങാറില്ല. മനുഷ്യനു വിദ്യാഭ്യാസവും അറിവും ഉയര്‍ന്നിട്ടും മൃതശരീരത്തോട് അനാദരവ് കാണിക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത് നന്നല്ല.

യാക്കോബായ വിഭാഗത്തില്‍ പെട്ട ചിന്നമ്മയുടെ മൃതശരീരം അടക്കാന്‍ വന്ന യാക്കോബായ പക്ഷത്തിനു മുന്നില്‍ സെമിത്തേരിയുടെ ഗെയ്റ്റ് ഓര്‍ത്തഡോക്സ് വിഭാഗം പൂട്ടിയതോടെ ആയിരുന്നത്രെ സംഘര്‍ഷം. ഇന്ന് പ്രതിസ്ഥാനത്ത് നാളെ ഓര്‍ത്തഡോക്സ് വിഭാഗം ആണങ്കില്‍ നാളെ പകരത്തിനുപകരം ചെയ്യുമ്പോള്‍ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരിക്കും. ഒക്‍ടോബര്‍ മാസത്തില്‍ സമാനമായ നടന്ന സംഭവത്തിന്റെ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരുന്നു. അന്ന് മുള്ളരിക്കോട് എന്ന സ്ഥലത്ത് ഓര്‍ത്തഡോക്സ് സഭയിലെ മത്തായി എന്ന ആളിന്റെ മൃതശരീരം സംസ്ക്കരിക്കുന്നതിന് കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്വമടക്ക് പ്രശ്നത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൃതശരീരം അനാഥമായി റോഡില്‍ കിടന്നത് ഒരു ദിവസമാണ്.(എവിടെയായിരുന്നു ആ സംഭവം എന്ന് ഓര്‍ക്കുന്നില്ല). ഓര്‍ത്തഡോക്സ് പക്ഷക്കാരനായോ യാക്കൊബായ പക്ഷക്കാരനായോ ജനിച്ചതുകൊണ്ട് മാത്രം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ ഇങ്ങനെ അപമാനിക്കപ്പെടരരുത്.

യാക്കോബായ വിഭാഗം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ചില വാര്‍ത്തകള്‍ :: ഒന്ന്   രണ്ട്

മരിച്ച ഒരാളുടെ ശവശരീരത്തോടു പോലും എന്തിനിങ്ങനെ അസഹിഷ്ണതയോടെ അക്രൈസ്തവമായി പെരുമാറുന്നു എന്ന് മനസിലാകുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കൂടെ പോകട്ടെ എന്ന് പറയുന്നതോടൊപ്പം ചില മാനുഷികമായ കരുതലുകളും വിട്ടുവീഴചകളും സഭകളില്‍ നിന്ന് ഉണ്ടാകണം. മരണം എപ്പോള്‍ വെണമെങ്കിലും കടന്നുവരാം. സഭാതര്‍ക്കം തീര്‍ന്നിട്ടേ മരിക്കാവൂ എന്നു മനുഷ്യരായ നമുക്ക് ദൈവത്തോട് പറയാന്‍ പറ്റില്ലല്ലോ??? മൃതദേഹത്തോട് അനാദരവുകാണിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ നേതൃത്വം കുടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമ്പോള്‍ മാനുഷികമായ ചില പരിഗണനകള്‍ സഹജീവികളോടു നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നതിലും ക്രൂരമാണ്മരണശേഷം ജീവനില്ലാത്ത ശരീരത്തോട് ചെയ്യുന്ന അനാദരവ്. ഓര്‍ത്തഡോക്സ് / യാക്കൊബായ വിഭാഗത്തില്‍ ജനിച്ചു എന്നൊരു തെറ്റുകൊണ്ട് മാത്രം ഇനി ആരുടേയും മൃതശരീരങ്ങള്‍  വഴിവക്കിലും സെമിത്തേരിക്കു മുമ്പിലും കാത്തുകിടക്കാന്‍ പാടില്ല. മനുഷ്യന്‍ മനുഷ്യനാവുന്നത്  വിവേകപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ യാണല്ലോ ..... ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ ഇനിയെങ്കിലും തെരുവില്‍ മൃതശരീരങ്ങളുമായി സമരം നടത്താന്‍ ഇടയാകരുത്.... കായം‌കുളത്ത് നടന്നത് ഇത്തരം സംഭവങ്ങളിലെ അവസാനത്തേത് ആയിരിക്കട്ടെ .നൂറ്റാണ്ടുകള്‍ക്കുമുമ്പ് യേശുദേവന്‍ യെരുശലേം ദേവാലയത്തില്‍ നടക്കുന്ന കൊള്ളരുതായമകള്‍ക്ക് എതിരെയാണ് ചാട്ടവാറെടുത്തത്. അന്ന് യേശുദേവന്‍ ദേവാലയത്തില്‍ നിന്ന് ചാട്ടകൊണ്ട് അടിച്ച് പുറത്താക്കിയത് ദേവാലയത്തില്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവറെയും ആയിരുന്നു. ദേവാലയത്തെ വാണിഭശാല ആക്കരുതെന്ന് പറഞ്ഞായിരുന്നു അന്ന് യെശുദേവന്‍ ചാട്ടവാറെടുത്തതെങ്കില്‍ ഇനിയും യേശുദേവന്‍ വന്നാല് ‍(വരുമെന്നാണ് ക്രിസ്ത്യാനികളുടെ പ്രത്യാശ)  ചാട്ടവാറെടുക്കുന്നത് തന്റെ അനുയായികള്‍ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ആയിരിക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ഇരു സഭവിഭാഗങ്ങളുടേയും നേതൃത്വത്തിനു കഴിയും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ചിത്രങ്ങള്‍ :: മാതൃഭൂമിartmight

ഈ വിഷയത്തോട് അനുബന്ധിച്ച് വായിക്കാവുന്ന ഒരു കഥ :: വെറോനിക്ക