Sunday, October 26, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും 6 : മതില്‍‌കെട്ടുകള്‍

.
നഗരവത്ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ഗ്രാമങ്ങളും വികസിക്കുമ്പോള്‍ നമ്മുടെ മനസുകള്‍ ചുരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ വീടും അതില്‍ പ്രായമായ മാതാപിതാക്കളും വീട്ടുമുറ്റത്ത് ഒരു പട്ടിക്കൂടും വീട് മറയ്ക്കുന്ന ഒരു ‘വലിയ മതിലും’ ഇന്ന് സര്‍വ്വസാധാരണമായ കാഴ്ചയായി മാറിയിരിക്കുകയാണ്. കെട്ടിയുയര്‍ത്തുന്ന മതിലുകള്‍ നമ്മള്‍ മലയാളികള്‍ നമ്മുടെ ഹൃദയങ്ങളിലേക്കുംകൊണ്ടുവന്നു കഴിഞ്ഞു. ഇല്ലായ്‌മകളിലെ കൊടുക്കല്‍ വാങ്ങലുകളീലൂടെ വളര്‍ന്ന നമ്മുടെ ‘ഓള്‍ഡ് ജനറേക്ഷന്‍ ‘ ഇന്ന് ‘ന്യൂ ജനറേക്ഷന് ‘വഴിമാറുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ ഇന്നത്തെ കേരളസമൂഹത്തിലെ മധ്യവര്‍ഗ്ഗസമൂഹത്തില്‍ ആത്മഹത്യകള്‍ കൂടുന്നതന്ന് നിങ്ങള്‍ചിന്തിച്ചിട്ടുണ്ടോ ?? ഏത് വഴി ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലും കിട്ടുന്ന ഉത്തരം ഒന്നു‌തന്നെയാണ്. മനുഷ്യമനസുകളില്‍ സ്വയം കെട്ടിഉയര്‍ത്തിയ മതില്‍‌കെട്ടുകള്‍ !!!!!!!!!!!!!!! ആരേയും ഉള്ളിലേക്ക് കടത്തിവിടാതെ ‘സ്വയം’ അഥവാ ‘ഞാന്‍’ എന്ന് ചിന്തയില്‍ കെട്ടുന്ന മതില്‍കെട്ടില്‍ശ്വാസം മുട്ടി മരിക്കുകയല്ലേ മലയാളികള്‍ ......

കൂട്ടു‌കുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ വിശാലമായ അകത്തളങ്ങളില്‍ നിന്ന് നമ്മള്‍ കയറിക്കൂടിയത് മതില്‍‌കെട്ടുകളില്‍ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഇല്ലായ്‌മ,വല്ലായ്‌മകളിലേക്കും ആണ്. മനസുകള്‍ ചുരുങ്ങിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ഹൃദയം മറ്റുള്ളവര്‍ കാണാതിരിക്കാന്‍വേണ്ടിയാണോ നമ്മള്‍ വലിയ മതിലുകള്‍ പണിയാന്‍ തുടങ്ങിയത്. തങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുക എന്നതില്‍ ഉപരി തങ്ങളുടെ താമസസ്ഥലത്തേക്ക് ആരും കയറി‌വരരുത് എന്നുള്ള ഒരൊറ്റ ലക്ഷ്യത്തില്‍ അധിഷ്ഠിതമായിട്ടാണ് ഈ മതില്‍‌കെട്ടുകള്‍. ഉയര്‍ത്തുന്ന മതിലുകളില്‍ ഞെരിഞ്ഞമരുന്നത് ‘സ്വയം‘ ആണന്നുള്ള ചിന്തകള്‍ വരുമ്പോഴേക്കും ജീവിതം ജീവിതമതില്‍‌കെട്ടിനു പുറത്തായിരിക്കും. കെട്ടിഉയര്‍ത്തുന്ന മതിലുകളും,കെട്ടിയടയ്ക്കപ്പെടുന്ന വഴികളും ,മാന്തുന്ന അതിരുകളും നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ‘ന്യൂ ജനറേക്ഷന്‍’ ഇന്ന്‘ഓള്‍ഡ് ജനറേക്ഷനെ ‘ കെട്ടിയുയര്‍ത്തുന്ന മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ തടവുകാരാക്കി കഴിഞ്ഞു. ഇങ്ങനെ തീര്‍ക്കുന്ന തടവറകള്‍ ഒരു സാമൂഹികവിപത്തായി മാറിയതുകൊണ്ട് സര്‍ക്കാരുകള്‍ പോലും നിയമനിര്‍മ്മാണത്തിന് തയ്യാറാകുന്നത്. വൃദ്ധരായ മാതാപിതാക്കളെ വേണ്ട‌രീതിയില്‍സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെ നിയമനിര്‍മ്മാണം നടത്താന്‍ നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ തയ്യാറെടുക്കുകയാണന്ന് കേട്ട് ഞെട്ടുന്നതിനുമുമ്പ് ഒന്നുകൂടി അറിയുക. ഇന്ന് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, വിദ്യാസമ്പന്നര്‍ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളികളുടെ, ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ഇത്ല് നമുക്ക് ഒരുമിച്ച് അഭിമാനിക്കാം. സര്‍ക്കാര്‍‌പോലും വൃദ്ധസദനങ്ങള്‍തുടങ്ങാന്‍ പോവുകയാണ്. (സാമ്പത്തിക പ്രതിസന്ധി എല്ലാ ബിസിനസ് മേഖലകളീലും ബാധിച്ചുവെങ്കിലും ‘വൃദ്ധസദന‘ ബിസിനസ്സിന്റെഏഴയലോക്കത്ത് പോലും സാമ്പത്തിക പ്രതിസന്ധി എത്തിയിട്ടില്ല.).

മലയാളികളെപ്പോലെ അതിര്‍ മാന്തുന്നവര്‍ മറ്റ് എവിടേയും കാണാന്‍ വഴിയില്ല. വെറുതെ ഇരിക്കുമ്പോള്‍ കൈ കുരുകുരുക്കുമ്പോള്‍ അതിര്‍ മാന്താന്‍പറമ്പില്‍ പോകുന്നവരായി മലയാളികള്‍ എന്നേ മാറിക്കഴിഞ്ഞു. പത്രങ്ങളിലെ ചരമപേജില്‍ ഒട്ടുമിക്ക ദിവസങ്ങളിലും അതിര്‍ത്തി തര്‍ക്കങ്ങളില്‍കൊല്ലപെടുന്നവരെക്കുറിച്ച് നമുക്ക് വായിക്കാന്‍ കഴിയും. പറമ്പിലെ അതിരുകള്‍ മാറ്റി ഇടുന്നതും അപ്രത്യക്ഷമാക്കുന്നതും ഒക്കെ നമുക്ക് ഒരുഹോബിയാണ്.(ഒബജക്ഷന്‍ : ഇതില്‍ ന്യൂജനറേക്ഷന്‍ കുറ്റാരോപിതര്‍ അല്ല). അതിരുമാന്തിയില്ലങ്കില്‍ ഉറക്കം വരാത്ത എത്രയോ ആളുകള്‍ നമ്മുടെഇടയില്‍ ഉണ്ട്..[ അതിരുകള്‍ ഇല്ലാത്ത ഒരു ലോകം എന്ന് സ്വപ്നം കാണാമെന്ന് മാത്രം. രാജ്യങ്ങള്‍ പോലും അതിര്‍ത്തി മാന്തുന്ന ഈ കാലത്ത്നമ്മുടെ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ???]. ഒരുമിച്ച് കളിച്ചുവളര്‍ന്ന സഹോദരങ്ങള്‍ പോലും അതിര്‍ത്തികല്ലുകളുടെ പേരില്‍ വെട്ടിവീഴ്‌ത്തുന്ന കാലമാണിത്. ‘നഗ്നനായി ഞാന്‍ വന്നു നഗ്നനായി തന്നെ തിരിച്ചു പോകും ‘ എന്ന് പ്രമാണങ്ങളില്‍ പറയാം എന്ന് മാത്രം. ചാവുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോകാതെ ശവപ്പറമ്പിലെ ആറടിമണ്ണിന്റെ ജന്മയായി മാത്രം താന്‍ തീരുമെന്ന് അറിയാമെങ്കിലും അതിരുമാന്താതിരിക്കാന്‍ നമുക്കാവില്ല.അണ്ണാന്‍ മൂത്താലും മരക്കയറ്റം മറക്കുമോ?

ഏതായാലും ‘ഫ്ലാറ്റു സംസ്കാരത്തില്‍’ അതിരുമാന്തല്‍ ഇല്ല. നാലുചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ആരുടെ അതിരുമാന്താന്‍ ? അതുകൊണ്ട് ‘ഫ്ലാറ്റു‘കളില്‍അതിരുവഴക്കുകള്‍ ഇല്ല.(!!!). അതിരുകള്‍ മാത്രമല്ല നമുക്ക് പ്രശ്നം. അതിരുകളും അതിര്‍‌വരമ്പുകളും പ്രശ്നങ്ങളാണ്. ‘അതിര്‍വരമ്പുകള്‍‘ ലംഘിക്കു-മ്പോഴാണല്ലോ ‘സദാചാര‘വിശുദ്ധര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. ഭൂമിക്ക് മാത്രമല്ല നമ്മള്‍ മതിലുകള്‍ കെട്ടി ഉയര്‍ത്തുന്നത്. മനുഷ്യ മനസുകളിലുംമതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ നമ്മളെ പലരും നിര്‍ബന്ധിക്കാറുണ്ട്. രാഷ്ട്രീയ-മത-സാമുദായിക നേതാക്കള്‍ തങ്ങളുടെ അണികളിലും / വിശ്വാസികളിലുംഇങ്ങനെയുള്ള മതിലുകള്‍ കെട്ടി ഉയര്‍ത്തി തടവറയില്‍ ആക്കാറൂണ്ട്. മനുഷ്യമനസുകളില്‍ മതിലുകള്‍ പണിയാന്‍ ഇത്തരം നേതാക്കള്‍ ശ്രമിക്കാറുണ്ട്.അതുകൊണ്ടാണ് ചിലയിടങ്ങളില്‍ രാഷ്ട്രീയ-മത-സാമുദായിക വിലക്കുകള്‍ ഉണ്ടാകുന്നത് . മതത്തിന്റെയും സമുദായത്തിന്റെയുംരാഷ്ട്രീയത്തിന്റേയും പേരിലുള്ള മതിലുകള്‍ കെട്ടിഉയര്‍ത്തി മനുഷ്യരെ തമ്മില്‍ അകറ്റുന്നത് അപക്വമായ നേതാക്കളുടെ പ്രവര്‍ത്തികളാണ് . കുട്ടികളില്‍ പോലും ഇത്തരം മതിലുകള്‍ പണിത് അവരെ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരില്‍ വേര്‍തിരിവ് നടത്താറുണ്ട്. ഒരിക്കലുംഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ലാത്തവരില്‍ നിന്നുമാണ് ഇത്തരം മതില്‍‌പണികള്‍ ഉണ്ടാകുന്നത്. (ഞാനിന്ന് സണ്ഡേസ്കൂളില്‍പത്താം ക്ലാസില്‍ മതസൌഹാര്‍ദ്ദം എന്ന ഭാഗം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ എന്നോട് ഒരു കാര്യം പറഞ്ഞു. പള്ളിയിലേക്ക്വരുമ്പോള്‍ അന്യസമുദായത്തില്‍ ഉള്ളവരെ കണ്ടാല്‍ അവരോട് സംസാരിക്കുകപോലും ചെയ്യരുതന്ന് അവരോട് ഒരു അച്ചന്‍ പറഞ്ഞിട്ടുണ്ടത്രെ!!!.ഇങ്ങനെയുള്ള പുരോഹിതരെ എന്തു ചെയ്യാനാണ്.????). കുട്ടികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് മതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ പലരുംശ്രമിക്കൂകയാണ്. തങ്ങളുടെ സമുദായത്തിലെ കുട്ടികളെ സമുദായ സ്കൂളില്‍ മാത്രമെ പഠിപ്പിക്കാവൂ എന്ന രീതിയിലുള്ള ഇടയലേഖനം ഇറക്കാന്‍തക്കവണ്ണമുള്ള മാനസികവിഭ്രാന്തിയിലേക്ക് കേരളസമൂഹം തരംതാണിരിക്കൂകയാണോ ഇപ്പോള്‍ ??????? മനുഷ്യരെ എല്ലാവരേയും ഒരേപോലെ കാണാതെ സമുദായാടിസ്ഥാനത്തില്‍ മാത്രം ‘സഹോദരങ്ങളെ’ തിരിച്ചറിയുന്നതുമാത്രമാണോ വിദ്യാഭ്യാസം ?????

പാര്‍ട്ടി ഗ്രാമങ്ങളും , സമുദായ കുടികളും .. ഒക്കെ മനുഷ്യന്റെയുള്ളില്‍ മതിലുകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ‘പങ്കിടലും‘ ഇന്ന് പാടേമാറിയിരിക്കുന്നു. അയല്‍‌വക്കകാരന്റെ ദുഃഖം സ്വന്തദുഃഖമായികണ്ടിരുന്ന കാലം ഇന്ന് മാറിയിരിക്കുന്നു. അയലല്‍‌വക്കകാരന്റെ സ്വന്തം ഇല്ലായ്മസ്വന്തം ഇല്ലായമയായി കണ്ട് അവനെ സഹായിച്ചിരുന്ന കാലത്തുനിന്ന് അയലല്‍‌വക്കകാരന്റെ ഇല്ലായ്മകളെ കളിയാക്കാനും അവന്റെ ഇല്ലായ്മകളില്‍ സഹതപിക്കാനും മാത്രമാണ് ഇന്ന് എല്ലാവര്‍ക്കും താല്പര്യം. പണ്ട് കാലത്തെ ഒരുവീട്ടില്‍ നടക്കുന്ന വിവാഹം , അയല്‍‌വക്കകാരെല്ലാവരുംകൂടി ജാതിപരമോ, മതപരമോ ആയ ഒരു വെത്യാസവും കൂടാതെ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. ഇന്നോ ????? വീടുകള്‍ക്കു ചുറ്റും കെട്ടിഉയര്‍ത്തുന്ന മതിലുകള്‍ ആ മതിലുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യജന്മങ്ങളെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. ആപത്തുകള്‍വന്നുകഴിയുമ്പോള്‍ എന്നെ എന്തുകൊണ്ട് ആരും സഹായിക്കാന്‍ വന്നില്ലന്ന് പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ല.

വലിയമതില്‍ക്കെട്ടുകള്‍ ഉയര്‍ത്തുന്ന പല വീടുകള്‍ ആണ് മോഷ്ണശ്രമങ്ങള്‍ക്കായി മോഷ്ടാക്കള്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരം വീടുകളില്‍ നടക്കുന്നഅനിഷ്ടസംഭവങ്ങള്‍ പുറം‌ലോകം അറിയാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ എടുത്തന്ന് ഇരിക്കാം. ചില കൊലപാതകവാര്‍ത്തകളില്‍ വായിക്കാറുള്ളത് ഓര്‍മ്മിപ്പിക്കുന്നു. “കൊല്ലപെട്ടവര്‍ക്ക് അയല്‍‌വക്കക്കാരവുമായി ഒരു സഹകരണവും ഇല്ലായിരുന്നു..”. സ്വയം തീര്‍ത്ത മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ഞരിഞ്ഞമരാനായിരുന്നു അവരുടെ വിധി... ഇതു വിധിയല്ല സ്വയം ചെയ്ത പ്രവൃത്തിയുടെ അനന്തരഫലം മാത്രമാണ്. പണിതുയര്‍ത്തുന്ന മതിലുകളില്‍വയ്ക്കുന്ന ഓരോ ഇഷ്ടികയും അവരുടെ മനസുകളില്‍ കൂടിയാണ് വയ്ക്കപ്പെടുന്നത്. ഉയര്‍ത്തില്‍ പണിയുന്ന മതിലുകള്‍ക്ക് മുകളില്‍ കുപ്പിച്ചില്ലുകളും,ആണികളും കൊണ്ട് സംരക്ഷണവലയം ഉണ്ടാവും.... ഒരിക്കലും ആ വീടുകളിലേക്ക് ആരും കയറാന്‍ പാടില്ല എന്നായിരിക്കും അതിലെ ധ്വനി.

ഇത്തരം മതില്‍ സംസ്കാരം വന്നിട്ടില്ല്ലാത്തയിടങ്ങളില്‍ ഗ്രാമ നന്മയും സൌന്ദ്യരവും നശിച്ചിട്ടുണ്ടാവില്ല ... മനുഷ്യരുടെ ഉള്ളില്‍ കെട്ടി ഉയര്‍ത്തുന്നമതിലുകള്‍ പൊളിച്ചുകളഞ്ഞ് മലയാളികള്‍ ഇനിയെന്നാണ് നല്ല മനുഷ്യരായി തീരുന്നത് ????????????‌

.

8 comments:

Joker said...

നല്ല പോസ്റ്റ്. വിശദമായ കംന്റ് പിന്നീട്

ശിവ said...

ഇങ്ങനെ വിലപിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ...

ഗോപക്‌ യു ആര്‍ said...

ശരിയാണ്..പക്ഷെ കാലം
മാറുകയല്ലെ?

Anonymous said...

“നഗരവല്‍ക്കരണം”, “ഫ്ലാറ്റ് സംസ്ക്കാരം”, “അണു കുടുംബം”, എന്നൊക്കെ പുച്ഛസ്വരത്തില്‍ പറയുന്നതും, “മലയാളിക്ക്” നഷ്ടപ്പെടുന്ന “ഗ്രാമ നന്മയും സൌന്ദ്യരവും” എന്നൊക്കെ വിലപിക്കുന്നതും ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിട്ടുണ്ട്.

പക്ഷെ ഈ നഗരവല്‍ക്കരണവും, ആധുനികവല്‍ക്കരണവും, ഈ നാട്ടിലെ ഭൂരിപക്ഷത്തിന്റെയും ജീവിത നിലവാരം ഉയര്‍ത്തിയിരിക്കുന്നു എന്നതും, അത് സമൂഹത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിച്ചിരിക്കുന്നു എന്നതുമാണ് സത്യം

BS Madai said...

ചില നിരീക്ഷണങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം - പക്ഷെ ഇതില്‍ പറഞ്ഞിരിക്കുന്ന നന്മയെ കാണാതിരിക്കരുത്. നല്ല പോസ്റ്റ് - അഭിനന്ദനങ്ങള്‍.

MyDreams said...

മനുഷ്യരുടെ ഉള്ളില്‍ കെട്ടി ഉയര്‍ത്തുന്നമതിലുകള്‍ പൊളിച്ചുകളഞ്ഞ് മലയാളികള്‍ ഇനിയെന്നാണ് നല്ല മനുഷ്യരായി തീരുന്നത്??
ഉയര്‍ത്തുന്നമതിലുകള്‍ കെട്ടി പോക്കിയാലും മനസ്സില്‍ ഒരു മതിലും കെട്ടിപോക്കതിരികട്ടെ എന്ന് പ്രത്യാശിക്കാം

lakshmy said...

ചിന്തിക്കാൻ വക നൽകുന്ന നല്ല പോസ്റ്റ്. മതിലുകൾ പൊളിച്ചു നിരത്തേണ്ടത് മനസ്സുകൾക്കുള്ളിലാണ്

Aadhar said...

Great...