:: ഈശ്വര രൂപത്തിൽ ഒരു വാൻ ഡ്രൈവർ ::
{വത്സമ്മയെ കാണാതായ ദിവസം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലീസ് തയ്യാറാകാത്തതിനെക്കുറിച്ചും രണ്ടാം ദിവസം നൽകിയ പരാതിയിൽ മോഹിതിനെക്കുറിച്ചുള്ള സംശയം പറഞ്ഞതും പോലീസ് വീട് പരിശോധിക്കാത്തതിനെക്കുറിച്ചോക്കെ നേരത്തെ പറഞ്ഞതൊന്ന് ഓർക്കുക}
വത്സമ്മയെ കാണാനില്ല എന്ന പരാതി പോലീസിനു സ്വീകരിക്കേണ്ടിവന്നതും അന്വേഷ്ണം നടത്താതിരിക്കാൻ പറ്റാത്തവിധം ഉന്നതതല സമ്മർദ്ദം പോലീസിനുമേൽ ഉണ്ടാവുകയും ചെയ്തു. വത്സമ്മയുടെ മൃതശരീരം എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിച്ച മോഹിതും സംഘവും അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ഒന്നാം ദിവസം കഴിഞ്ഞ് രണ്ടാം ദിവസം ആയപ്പോഴേക്കും കൂടുതൽ ആളുകൾ വത്സമ്മയുടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെ മോഹിതിനും സംഘത്തിനും മാത്രമായി മൃതശരീരം കൊണ്ടുപോകാനും കഴിയാതായി. ആ പ്രദേശത്തു നിന്ന് ഏതെങ്കിലും വാഹനങ്ങൾ വിളിച്ച് പകൽ സമയത്ത് മൃതശരീരം കയറ്റിക്കൊണ്ട് പോകാൻ കഴിയില്ല. വത്സമ്മ മലയാളി ആയതുകൊണ്ട് അവരെ കാണാതെപോയാൽ അന്വേഷ്ണം പതിവുപോലെ മാത്രമെ ഉണ്ടാവുകയുള്ളൂ എന്ന് കരുതിയാണ് അവർ മോഷ്ണവും കൊലപാതകവും നടത്താൻ തയ്യാറായത്. പക്ഷേ കേന്ദ്രആഭ്യന്തര മന്ത്രാലയവും ഉന്നത പോലിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒക്കെ ഇടപെട്ടത് അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ലോക്കൽ പോലീസിൽ നിന്നുള്ള സഹായം നഷ്ടപ്പെടുന്നു എന്നറിഞ്ഞതോടെ മോഹിതിന്റെ സംഘത്തിലുള്ളവർ പിൻവലിഞ്ഞു.
വത്സമ്മയുടെ മൃതശരീരം ആഗ്രയിലോ മഥുരയിലോ ഉപേക്ഷിക്കാൻ തീരുമാനിച്ച മോഹിത് അതിനായി ആഗ്രയിൽ നിന്ന് ഒരു വാൻ വിളിച്ചു. രണ്ടാം ദിവസം (16 ആം തീയതി) സന്ധ്യകഴിഞ്ഞാണ് ആഗ്രയിൽ നിന്ന് വണ്ടി വിളിക്കുന്നത്. തന്റെ ബന്ധുവായ സ്ത്രിക്ക് അസുഖം കൂടുതലാണന്നും അവരെ ആശുപത്രിയിൽ കൊണ്ടു പോകണമെന്നും പറഞ്ഞാണ് വാൻ വിളിക്കുന്നത്. ഹാത്രസിൽ നിന്നുള്ള ആളെ ആശുപത്രിയിൽ എത്തിക്കാനായി ഒരാൾ ആഗ്രയിൽ വന്ന് വാൻ വിളിക്കുന്നതിനെക്കുറിച്ച് ഡ്രൈവർ ചോദിച്ചപ്പോൾ താൻ ആഗ്രയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ വാൻ വിളിച്ച് പോയാൽ പെട്ടന്ന് എത്തുമെന്ന് കരുതിയാണ് ആഗ്രയിൽ നിന്ന് വാൻ വിളിക്കുന്നതെന്ന് പറഞ്ഞു.പോകുന്ന വഴിയിൽ ഇടയ്ക്ക് ബാർ ഹോട്ടലിന്റെ മുന്നിൽ നിർത്തി മോഹിത് മദ്യപിക്കാൻ കയറുകയും ഡ്രൈവറെ ക്ഷണിക്കുകയും ചെയ്തു. വാഹനം ഓടിക്കുമ്പോൾ താൻ മദ്യപിക്കില്ലന്ന് പറഞ്ഞ് ഡ്രൈവർ ഒഴിഞ്ഞുമാറി. ബാറിൽ നിന്ന് തിരികെ വന്ന മോഹിത് സ്പീഡ് കുറച്ച് പോയാൽ മതിയന്ന് ആവശ്യപ്പെട്ടു. അതോടെ ഡ്രൈവർക്ക് സംശയം ആയി. അത്യാസനനിലയിലുള്ള രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടേ എന്ന് ഡ്രൈവർ ചോദിച്ചപ്പോൾ രോഗി മരിച്ചുപോയന്നും ഇനി മൃതശരീരം മോർച്ചറിയിൽ എത്തിച്ചാൽ മതിയന്നും പറഞ്ഞു. വാനിൽ വെച്ചും മോഹിത് മദ്യപിച്ചു. അപ്പോഴും ഡ്രൈവറെ മദ്യപിക്കാൻ നിർബന്ധിച്ചു. അയാൾ ഒഴിഞ്ഞു മാറി. ഇതോടെ അയാൾക്ക് കൂടുതൽ സംശയം ആയി.
മോഹിത് പോലീസ് സ്റ്റേഷനിൽ |
ഇതിനിടയിൽ മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് തുടങ്ങിയ മോഹിത് തനിയെ പറയുന്ന കാര്യങ്ങൾ ഡ്രൈവർ ശ്രദ്ധിച്ചു. ഞാനവരെ കൊന്നു,എല്ലാം മോഷ്ടിച്ചു, ഇനി കത്തിച്ച് കളയും, എല്ലാവനെയും കൊല്ലും,ഞാൻ രക്ഷപ്പെടും എന്നൊക്കെ മോഹിത് പുലമ്പുന്നത് ഡ്രൈവർ കേട്ടു. ഇതിനിടയിൽ ഡ്രൈവർ വാനിന്റെ ഉടമസ്ഥനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എവിടെയെങ്കിലും പോലീസിനെ കണ്ടാൽ വാൻ നിർത്തി അവരോട് കാര്യങ്ങൾ പറയാൻ വാനിന്റെ ഉടമസ്ഥൻ ഡ്രൈവറോട് പറഞ്ഞു. സമയം രാത്രിയായിരുന്നു, വാൻ ഹാത്രസിൽ എത്തിയിരുന്നു. ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് കേട്ടിട്ട് മോഹിത് അയാളെ ആക്രമിക്കാൻ ശ്രമിച്ചു. മദ്യപിച്ച് ബോധം പോയതുകൊണ്ട് ആക്രമണം തടയാൻ ഡ്രൈവർക്കായി. പോലീസ് ഔട്ട്പോസ്റ്റിനു മുന്നിൽ പോലീസ് ജീപ്പും പോലീസുകാരും നിൽക്കുന്നത് ഡ്രൈവർ കണ്ടു. അയാൾ വാൻ പോലീസ് ഔട്ട്പോസ്റ്റിനു മുന്നിൽ നിർത്തി. വാൻ നിർത്തിയത് കണ്ട് മോഹിത് വാൻ തുറന്ന് രക്ഷപെടാൻ ശ്രമിച്ചു എങ്കിലും ഡ്രൈവർ അയാളെ പിടിച്ചു, തന്നെ ഇയാൾ കൊല്ലാൻ ശ്രമിച്ചു എന്നും അയാൾ അബോധാവസ്ഥയിൽ പറഞ്ഞ കാര്യങ്ങളും ഒക്കെ ഡ്രൈവർ ആ പോലീസുകാരോട് പറഞ്ഞു. ആ പോലീസ് സംഘത്തിലുള്ള ചിലർ വത്സമ്മയെ കാണാതായതിനെക്കുറിച്ച് അറിവുള്ളവർ ആയിരുന്നു. അവർ പെട്ടന്ന് തന്നെ അവരുടെ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു.( വത്സമ്മയെ കാണാനില്ല എന്ന പരാതി കൊടുത്ത സ്റ്റേഷനല്ല). അവർ വന്ന് മോഹിതിനെ അവരുടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഹിതിനെ ചോദ്യം ചെയ്തതോടെ മോഷ്ണവും കൊലപാതകവും മൃതശരീരം ഉപേക്ഷിക്കാനുള്ള പദ്ധതിയും ഒക്കെ അയൾ സമ്മതിച്ചു.
ലോക്കൽ പോലീസ് കുറ്റവാളികളുടെ സഹായികൾ ???
വത്സമ്മയെ കാണാതായ ദിവസം മുതൽ ലോക്കൽ പോലീസിൽ നിന്നുണ്ടായ അനുഭവങ്ങൾ അവർ വേട്ടക്കാർക്ക് വേണ്ടി നിൽക്കുന്നതോടൊപ്പം ഇരയ്ക്ക് വേണ്ടി/നീതിക്കു വേണ്ടി വാദിക്കുന്നവരെ ഭയപ്പെടുത്തുന്നു എന്നതായിരുന്നു. ഇതാ ലോക്കല്‍ പോലീസിന്റെ ചില പ്രവൃത്തികൾ
1.ആദ്യം ദിവസം പരാതി നൽകിയപ്പോൾ അത് സ്വീകരിക്കാതിരിക്കുകയും പിന്നീട് രക്തബന്ധമുള്ളവർ നൽകുന്ന പരാതിയേ സ്വീകരികുകയുള്ളൂ എന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ആദ്യം ദിവസം സ്വീകരിച്ച പരാതി പോലീസ് വലിച്ചു കീറി കളയുകയും ചെയ്തു.
2.രണ്ടാം ദിവസം വീണ്ടും നൽകിയ പരാതിയിൽ പോലീസ് തിരുത്തലുകൾ വരുത്താൻ ശ്രമിച്ചു.
3. വത്സമ്മ(യെ) 15 ആം തീയതി വീട്ടിലേക്ക് പോകുന്ന സമയത്ത് കണ്ടു എന്ന് പറഞ്ഞ സ്ത്രിയേയും കച്ചവടക്കാരനയും കുഴപ്പിച്ച് മറ്റൊരു ദിവസമാണ് അവർ വത്സമ്മയെ കണ്ടത് എന്ന് പറയിപ്പിക്കാൻ പോലീസ് ശ്രമിച്ചു.
4. വത്സമ്മയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച വീട്(മോഹിതിന്റെ വീട്) പരിശോധിക്കാനോ അവിടെയുള്ളവരെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. ആ വീട്ടീൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സ്ഥിതിക്ക് സ്വാഭാവികമായി പോലീസ് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ പാടില്ലാത്തതതാണ്. പക്ഷേ പോലീസ് ആ വീട് പരിശോധിച്ചില്ല(ആ വീട്ടിൽ നിന്നു തന്നെയാണ് മണിക്കൂറുകൾ കഴിഞ്ഞ് പോലീസ് മൃതശരീരം എടുത്തത്)
5. 16 ആം തീയതി മറ്റ് വീടുകളിൽ പോലീസ് ചെന്നെങ്കിലും മോഹിതിന്റെ വീട് പോലീസ് ഒഴിവാക്കി. താഴിട്ട് വീട് പൂട്ടിയിരിക്കുകയാണന്നാണ് വീട് പരിശോധിക്കാതിരിക്കാൻ കാരണം പറഞ്ഞത്. അതിനു തൊട്ട്മുമ്പുവരെ ആ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടൂം പോലീസ് വരുന്നത് അറിഞ്ഞ് വീട് പൂട്ടിയെങ്കിൽ ആ വീട് പരിശോധിക്കാതിരിക്കുകയാണോ പോലീസ് ചെയ്യുന്നത്? സംശയകരമായ സാഹചര്യം ഉണ്ടായപ്പോൾ ആ വീടിന്റെ താഴ് തകർത്ത് പരിശോധിക്കാൻ പോലീസിനു കഴിയുമായിരുന്നു. താഴിട്ട് പൂട്ടിയ വീട് പരിശോധിക്കണമെങ്കിൽ 'ഓർഡർ' വേണമെന്നും അത് വാന്ങി പരിശോധന നടത്തുമെന്നും പറഞ്ഞ് പോയ പോലീസ് തിരികെ എത്തുന്നത് രാത്രിയിലാണ്.
7. രാത്രിയിൽ വത്സമ്മയുടെ വീട്ടിൽ എത്തിയ ഇൻസ്പെകടറും സംഘവും പറഞ്ഞത്, ബീന പൗരുഷിന്റെ (മോഹിതിന്റെ) വീട് പരിശോധിച്ചു എന്നും അവിടെ സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല എന്നുമാണ്. എല്ലാമുറിയും പരിശോധിച്ചോ എന്ന് ചോദിച്ചപ്പോൾ എല്ലാ മുറിയും പരിശോധിച്ചന്നും അവിടെ ഒന്നും ഇല്ലന്നും അയൽവാസികളായ നിങ്ങൾ അവരെ സംശയിച്ചത് തെറ്റായിപ്പോയി എന്നും ഇൻസ്പെക്ടർ പറഞ്ഞു. (ഇതിനുശേഷം രണ്ട് മൂന്ന് മണിക്കൂറുകൾക്കകം ആ വീട്ടിൽ നിന്ന് പോലീസ് വത്സമ്മയുടെ മൃതശരീരം എടുത്തു). [പിന്നീട് മൃതശരീരം ഈ വീട്ടിൽ നിന്ന് എടുത്തു കഴിഞ്ഞപ്പോൾ വത്സമ്മയുടെ മകൾ ഇൻസ്പെക്ടറോട് ചോദിച്ചു
8. വത്സമ്മയുടെ ഭർത്താവോ മക്കളോ ബന്ധുക്കളോ ആവശ്യപ്പെടാതെ 'സംരക്ഷണം' എന്ന പേരിൽ രണ്ട് പോലീസുകാരെ വത്സമ്മയുടെ വീടിനു മുന്നിൽ നിർത്തിയിട്ടാണ് ഇൻസ്പെക്ടർ പോയത്. മോഹിതിന്റെ വീടിന്റെ അടുത്തും രണ്ട് പോലീസുകാർ ഈ സമയം തന്നെ ഉണ്ടായിരുന്നു. വത്സമ്മയുടെ ബന്ധുക്കളുടെ നീക്കങ്ങൾ അറിയാൻ വേണ്ടിയുള്ളഇൻസ്പെക്ടറുടെ ഒരു ശ്രമമായിരുന്നു ഇത് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ബന്ധുക്കൾ ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നു എന്നറിഞ്ഞതോടെ 'സംരക്ഷണ'ത്തിനു വന്ന പോലീസ് തിരികെ പോയി.
9. മോഹിതിന്റെ വീട്ടിൽ നിന്ന് വത്സമ്മയുടെ മൃതശരീരം പോലീസ് മാറ്റുന്നത് രാത്രിയിൽ തന്നെയാണ്. സാധാരണ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസിനെ 'സ്പോട്ടിന്' കാവൽ ഏൽപ്പിക്കുകയും പകൽ സമയത്ത് മൃതശരീരം എടുക്കുകയും ആണ് ചെയ്യുന്നത്. പക്ഷേ ആരും അറിയാതെ പോലീസ് മൃതശരീരം മാറ്റി(മോഹിതിന്റെ വീട്ടിൽ നിന്ന് എടുത്തു).- [പകൽ സമയത്ത് മൃതശരീരം എടുത്താൽ ജനങ്ങൾ അക്രമാശക്തരാകുമെന്നും അവർ പോലീസിനെയും പ്രതിയെയും ആക്രമിക്കാൻ സാധ്യതയുള്ളതുകൊണ്ടുമാണ് രാത്രിയിൽ തന്നെ മൃതശരീരം എടുത്തത് എന്നാണ് ലോക്കല്പോലീസിന്റെ വിശദീകരണം]
10.മൃതശരീരം എടുക്കുന്നതിനു മുമ്പ് നൂറുമീറ്റർ ദൂരത്തിൽ മാത്രം താമസിക്കുന്ന വത്സമ്മയുടെ കുടുംബാംഗങ്ങളെ അറിയിച്ചില്ല. പിന്നീടാണ് വത്സമ്മയുടെ കുടുംബാംഗങ്ങളെ പോലീസ് അറിയിക്കുന്നത്.
11. മൃതശരീരം ആ വീട്ടിൽ നിന്ന് മാറ്റുന്നതിനു മുമ്പ് സ്വീകരിക്കേണ്ട നിയമപരമായ ഒരു കാര്യവും ചെയ്യാൻ പോലീസ് ശ്രമിച്ചില്ല. മൃതശരീരം എടുക്കുന്നതിനുമുമ്പ് വ്യക്തമായ ഫോട്ടോകൾ/വീഡിയോ എടുക്കെണ്ടതാണങ്കിലും അതുണ്ടായിട്ടില്ല. {അവ്യക്തമായ ഫോട്ടോകൾ ആണ് പോലീസിന്റെ കൈവശം ഉണ്ടായിരുന്നത്. രാത്രി ആയതുകൊണ്ടാണ് ഫോട്ടോ അവ്യക്തമായി ഇരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞത്.}. പോലീസ് എടുത്ത ഫോട്ടോകളിൽ ഒന്നിൽ പോലും മുഖം വ്യക്തമായിരുന്നില്ല.
12. വത്സമ്മയുടെ മൃതശരീരം എടൂത്തതിനുശേഷം ബീന പൗരുഷിന്റെ(മോഹിതിന്റെ) വീട് പോലീസ് സീൽ ചെയ്തിരുന്നില്ല.
13. ബീന പൗരുഷ് കുറ്റക്കാരിയല്ല എന്ന് പറഞ്ഞുകൊണ്ട് പോലീസ് അവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ല. അതിനെക്കുറിച്ച് പോലീസിനോട് വത്സമ്മയുടെ മകൾ ചോദിച്ചപ്പോൾ മോഹിതിന്റെ വീട്ടിൽ നിന്ന് മൃതശരീരം എടുക്കുന്നത് നിങ്ങൾ കണ്ടോ ആരാ വത്സമ്മയെ കൊലപ്പെടുത്തിയതന്ന് നിങ്ങൾക്ക് പറയേണ്ട കാര്യമില്ല എന്നൊക്കെ പറഞ്ഞ് ഇൻസ്പെക്ടർ തട്ടിക്കയറുകയാണ് ചെയ്തത്.
14. ബീനാ പൗരുഷിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാതെ അവർക്ക് രക്ഷപെടാൻ ആവശ്യത്തിനു സമയം പോലീസ് നൽകി.
15. ജനങ്ങൾ ഉപരോധ സമരവുമായി മുന്നോട്ട് വന്നപ്പോൾ പ്രാദേശിക വികാരം ഇളക്കി നാട്ടുകാരെ പിന്തിരിപ്പിക്കാൻ ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നു.
{ഇതിൽ പോലീസുകാർ എന്ന് പറയുന്നത് വത്സമ്മയുടെ വീട് ഉൾപ്പെടുന്ന സ്ഥലം അധികാരപരധിയായുള്ള പോലീസ് സ്റ്റേഷനിലെ(വത്സ്മ്മയെ കാണാനില്ല എന്ന പരാതി അന്വേഷിക്കുന്ന സ്റ്റേഷനിലെ) ഇൻസ്പെക്ടറും പോലീസുകാരും ആണ്.}
:: അന്വേഷ്ണം പുതിയ പോലീസ് സംഘത്തിന് ::
17 ആം തീയതി രാത്രിയോടെ വത്സമ്മയുടെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ അടക്കം ചെയ്തു. പരാതി നൽകിയപ്പോൾ തന്നെ പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ മൃതശരീരം നാട്ടിൽ എത്തിച്ച് അടക്കം ചെയ്യാൻ കഴിയുമായിരുന്നു. പരാതി നൽകിയിട്ടും അത് സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച ലോക്കൽ പോലീസിനെതിരെ ജനരോഷം ഉയർന്നു. പതിനഞ്ചാം തീയതി ബീന പൗരുഷ് പോലീസ് സ്റ്റേഷനിൽ നിൽക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ബീന പൗരുഷിനെ സഹായിക്കാൻ തന്നെ ആയിരിക്കണം പോലീസ് ആദ്യം പരാതി സ്വീകരിക്കാതിരുന്നത്. ആരോപണ വിധേയനായ പോലീസ് ഇൻസ്പെക്ടർ വിജേന്ദർ സിംഗിനയും മൂന്ന് പോലീസുകരയും സസ്പെൻഡ് ചെയ്യുകയും ബീനാ പൗരുഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു.
ഹാത്രസിലെ എസ്.പി. മലയാളിയായ ഹാപ്പി ഗുപ്തന്‍ ആയിരുന്നു. നിർഭാഗ്യത്തിന് അവർ ആ സമയം അവധിയിലായിരുന്നു. അവർ തിരിച്ചു ചാർജ് എടൂത്തതിനു ശേഷം കേസ് അന്വേഷ്ണത്തിനായി പുതിയ പോലിസ് സംഘത്തെ ചുമതലപ്പെടുത്തി.
:: തെളിവുകൾ നശിപ്പിക്കാൻ വീണ്ടും പോലീസ് സഹായം ::
17 ആം തീയതി ബീനാ പൗരിഷിന്റെ(മോഹിതിന്റെ) വീട്ടിൽ നിന്ന് പോലിസ് വത്സമ്മയുടെ മൃതശരീരം കണ്ടെടുത്തു എങ്കിലും ആ വീട് പൂട്ടി സീൽ ചെയ്തിരുന്നില്ല. 18 ആം തീയതി വൈകുന്നേരം ആയപ്പോഴേക്കും നാട്ടൂകാരിൽ ചിലർ വത്സമ്മയുടെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു, പോലീസുകാരാണന്ന് പറയുന്ന ചിലർ മോഹിതിന്റെ വീട്ടിൽ എത്തി വീടൊക്കെ കഴുകാൻ തുടന്ങുന്നു എന്നും നാട്ടുകാർ ചോദിച്ചപ്പോൾ തെളിവെടുപ്പാണന്ന് പറഞ്ഞ് നാട്ടുകാരെ അവിടെ നിന്ന് മാറ്റി നിർത്തുകയും അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും അവർ ആരും പോലീസ് യൂണിഫോമിൽ അല്ലന്നും. ആ കൂട്ടത്തിലുള്ള ഒരാൾ പോലീസുകാരനാണന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. വത്സമ്മയുടെ മകളും ചില ബന്ധുക്കളും ഉടൻ തന്നെ അവിടേക്ക് പോയി. അവരുടെ ഗലിയിൽ ഉള്ളവരും അവരോടൊപ്പം അവിടേക്ക് പോയി.ജൻസിയും(വത്സമ്മയുടെ മകള്‍) ബന്ധുക്കളും വരുന്നതറിഞ്ഞ ഉടനെ തെളിവെടുപ്പിന് വന്നതാണന്ന് പറഞ്ഞ് നാട്ടുകാരെ മാറ്റി നിർത്തിയ 'പോലീസുകാർ' അവിടെ നിന്ന് ഓടിപ്പോയി.
ജൻസി ഉടൻ തന്നെ എസ്.പിയെ വിളിച്ചു കാര്യം പറഞ്ഞു. അടുത്ത കടയിൽ നിന്ന് ലോക്ക് വാന്ങി ജൻസി ആ വീടിന്റെ വാതിൽ പൂട്ടി. രാത്രിയിൽ എസ്.പിയും പോലീസുകാരും മോഹിതിന്റെ വീട്ടിൽ എത്തുകയും (ജൻസി താക്കൊൽ എസ്പിക്ക് നൽകി)വീട് പരിശോധിക്കുകയും ചെയ്തു. ഒരു മുറിയുടെ ഷേഡിലെ ഇഷ്ടികക്ക് ഇടയിൽ ഒളിപ്പിച്ച നിലയിൽ വത്സമ്മയുടേ മാലയിലെ ലോക്കറ്റ് കണ്ടത്തുകയും ചെയ്തു.നീതി ലഭിക്കാൻ വേണ്ടി കുറ്റവാളികളെ കണ്ടത്തുകയും തെളിവുകൾ നശിക്കപ്പെടാതിരിക്കാൻ അവ സംരക്ഷിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമാണ്???
:: മോഹിതിന്റെ വെളിപ്പെടുത്തലുകൾ ::
വത്സമ്മയെ കൊലപ്പെടുത്താനും മോഷ്ണം നടത്താനും കുറേ നാളായി മോഹിതും സംഘവും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോഷ്ണം നടത്തി കിട്ടൂന്ന പണം കൊണ്ട് ആയുധങ്ങൾ വാങ്ങാനും കൂടുതൽ സംഘാംഗങ്ങളെ കൂട്ടി ഹാത്രസ് പ്രദേശത്തുള്ള പണക്കാരുടെ വീടുകളിൽ കൊള്ളയടിക്കുക എന്നുള്ളതായിരുന്നു പദ്ധതി. ഡൽഹി-ആഗ്ര ഹൈവേയിൽ കൂടി പോകുന്ന വാഹനങൾ കൊള്ളയിട്ട് പണം ഉണ്ടാക്കുക ആയിരുന്നു ആദ്യ പദ്ധതിയെങ്കിലും പിടിക്കാപെടാനുള്ള സാധ്യത കൂടുതലായതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് വത്സ്മ്മയുടെ സ്വർണ്ണാഭരണങ്ങൾ കവരാൻ പദ്ധതി ഉണ്ടാക്കുന്നത്. ഇതിനെല്ലാം മകന് പിന്തുണ നൽകികൊണ്ട് മാതാവായ ബീന പൗരുഷും ഉണ്ടായിരുന്നു.(ഠാക്കൂർ വിഭാഗത്തിൽ പെട്ട ബീന പൗരുഷിന്റെ ആഗ്രഹമായിരുന്നു മകനെ വലിയ ഗുണ്ടയും മകളെ ഗുണ്ടിയും ആക്കുക എന്നുള്ളത്). ആഗസ്റ്റിൽ മോഷ്ണം നടത്തിക്കഴിഞ്ഞ് ആയുധങ്ങൾ വാങ്ങി തണുപ്പുകാലമായ ഡിസംബർ-ഏപ്രിൽ കാലയളവിൽ മറ്റുള്ള വീടുകൾ കൊള്ളചെയ്യാൻ കഴിയും എന്നായിരുന്നു ഇവരുടെ കണക്കു കൂട്ടലുകൾ. അതിനുവേണ്ടി മോഹിതും സംഘവും വത്സമ്മയെ പിന്തുടരുകയായിരുന്നു. വത്സമ്മ ജോലി കഴിഞ്ഞ് വരുന്ന സമയം കണക്കു കൂട്ടി മോഹിതും സംഘവും ഒരുദിവസം കെണി ഒരുക്കി കാത്തിരുന്നെങ്കിലും അന്ന് വത്സമ്മ നടന്നു വരാതെ സൈക്കിൾ റിക്ഷയ്ക്ക് വന്നതുകൊണ്ട് ആ ദിവസം പദ്ധതി നടന്നില്ല. വത്സമ്മ കൊല്ലപ്പെടൂന്നതിനു തലേ ദിവസവും മോഹിതും സംഘവും വത്സമ്മയെ പിന്തുടർന്ന് ജോലിസ്ഥലത്ത് എത്തിയിരുന്നു. ആൾക്കാരുടെ തിരക്കുകാരണം അന്നും 'പദ്ധതികൾ' നടപ്പിലാക്കാൻ കഴിഞ്ഞില്ല. ആഗസ്റ്റ് പതിനഞ്ചിന് മോഹിതിനും സംഘത്തിനും തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ സാധിചു എങ്കിലും രക്ഷപെടാൻ കഴിഞ്ഞില്ല. വത്സമ്മയെ കൊലപ്പെടുത്തിയതിൽ മോഹിതിന്റെ സംഘത്തിൽ തന്നെ ഭിന്നത ഉണ്ടായന്നും സംഘാഗങ്ങളിൽ ചിലരെ ആയിരം രൂപ കൊടൂത്ത് ഒഴിവാക്കിയന്നും (ആയിരം രൂപ വാന്ങി അവർ പോയന്നും) മോഹിത് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റി മോഹിത് പോലീസ് സംഘത്തെ കുഴപ്പിച്ചിരുന്നു. തന്റെ സംഘത്തിൽ ഉള്ളതായി പറഞ്ഞ് ഒരാളുടെ അഡ്രസ് നൽകിയെങ്കിലും ആ അഡ്രസിൽ അന്വേഷിച്ചു പോയ പോലീസിനു അങ്ങനെ ഒരാളെ കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തനിക്ക് വ്യക്തി വൈരാഗ്യം ഉള്ളവരുടെ പേരുകളും തന്റെ സംഘാഗങ്ങളായി മോഹിത് പറഞ്ഞിരുന്നു. അവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു എങ്കിലും പിന്നീട് വിട്ടയിച്ചു.
ആഗസ്റ്റിൽ മോഷ്ണം നടത്താൻ കഴിഞ്ഞില്ലങ്കിൽ തണുപ്പുകാലത്ത് മോഷ്ണം നടത്താന്‍ അവർ തീരുമാനിച്ചിരുന്നു. വെളുപ്പിനെ പാൽ വാങ്ങാൻ പോകുന്ന പതിവ് വത്സമ്മയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാൻ ബുദ്ധിമുട്ടുള്ള തണുപ്പുകാലത്ത് മോഷ്ണം നടത്താൻ ബുദ്ധിമുട്ടേണ്ടിവരില്ലന്ന് അവർക്കറിയാമായിരുന്നു. ഇരുപന്തഞ്ച് വർഷമായി താമസിക്കുന്ന സ്ഥലം ആയതുകൊണ്ടൂം, സ്ഥലവാസികൾക്ക് 'ആശ' അയിരുന്നതുകൊണ്ടും ആരുമായും ഒരു പ്രശ്നവും ഉണ്ടാകാതിരുന്ന ആളായതുകൊണ്ടൂം എല്ലാവർക്കും പരിചിത ആയതുകൊണ്ടും ആർക്കും എന്ത് സഹായവും തേടി എപ്പോൾ ചെല്ലാവുന്നതായതുകൊണ്ട് ഒറ്റയ്ക്കുള്ള താമസവും യാത്രയും വത്സ്മ്മയ്ക്ക് ഭയമുള്ളതായിരുന്നില്ല. എങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ക്വാർട്ടേഴ്സിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയത്തായിരുന്നു ദുരന്തം അവർക്കുണ്ടായത്.
:: ബീനാ പൗരുഷിനായി അന്വേഷ്ണം ::
പതിനാറാം തീയതി വൈകുന്നേരം വരെ അവരുടെ വീട്ടിൽ ഉണ്ടായിരുന്ന ബീനാ പൗരുഷ് അന്നു രാത്രിയിൽ തന്നെ അവിടെ നിന്ന് പോയി. പോലീസിൽ നിന്നും മറ്റും അവർക്ക് അതിനുള്ള സഹായം ലഭിച്ചിരുന്നു എന്നു വേണം കരുതാൻ. മോഹിത് പിടിയിലായാൽ അതുകൊണ്ട് കേസ് അന്വേഷ്ണം അവസാനിപ്പിക്കാൻ കഴിയും എന്ന് ലോക്കൽ
ബീന പൗരുഷിനായി പോലീസ് ഇറക്കിയ നോട്ടീസ് |
പോലീസിൽ നിന്നുള്ള ഉറപ്പ് ബീനയ്ക്ക് ലഭിച്ചിരിക്കണം. ബീനയോ ബീനയ്ക്ക് വേണ്ടി മറ്റാരോ പോലീസ്കാർക്ക് പണം നൽകിയന്ന് ആളുകൾ പറഞ്ഞിരുന്നു. മോഹിതിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ബീനയെ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകൾ കണ്ടിരുന്നു. ഇരുപതോളം കേസുകളിൽ പ്രതിയായ മോഹിത് പിടിക്കപ്പെട്ടാൽ ഉടനെ കേസുകളിൽ നിന്ന് 'ഊരിക്കൊണ്ടു പോകാൻ' ആരോ അവരെ സഹായിച്ചിരുന്നു. ആ ആൾ തന്നെ ആയിരിക്കണം ഇപ്പോഴും ലോക്കൽ പോലീസുമായി 'ഇടപാടുകൾ' നടത്തിയത്. വത്സമ്മ മലയാളി ആയതുകൊണ്ട് കേസും അന്വേഷ്ണവും ഉണ്ടാവില്ലന്നാണ് അവർ കരുതിയത്. ഹാത്രസ് പരിസരങ്ങളിൽ തന്നെ പോലീസിനു കീഴടങ്ങാതെ ബീന കഴിഞ്ഞു എങ്കിലും ലോക്കൽ പോലീസിൽ നിന്ന് അന്വേഷ്ണം അഡീഷ്ണൽ എസ്.പിയുടെ മേൽനോട്ടത്തിലേക്ക് മാറ്റിയത് അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. രണ്ട് ഇൻസ്പെക്ടർമാരെയും പോലീസുകാരയും സസ്പെൻഡു ചെയ്തതോടെ രക്ഷപെടാനുള്ള വഴികളൊക്കെ അടഞ്ഞു എന്ന് മനസിലാക്കിയ ബീന പൗരുഷ് ഒളിവിലായി.{രാഷ്ട്രീയ പാർട്ടികളുമായി അവർക്ക് ബന്ധമുണ്ടന്നും രാഷ്ട്രീയ നേതാക്കളാണ് അവരെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾ പറഞ്ഞു. അവര്ക്ക് വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലന്ന് രാഷ്ട്രീയ നേതാക്കൾ തന്നെ പറഞ്ഞു. കേസ് കൂടുതൽ മാധ്യമ ശ്രദ്ധ നേടിയതും കേരളത്തിൽ നിന്നുള്ള എം.പിമാരും ഭരണകക്ഷിയായ എസ്.പി യുടെ ജനറൽ സെക്രട്ടറി എത്തിയതും ഒക്കെ രാഷ്ട്രീയ നേതാക്കൾ ബീന പൗരുഷിനെ സംരക്ഷിക്കാതിരിക്കാൻ കാരണമായിരിക്കാം}
:: ബീനാ പൗരുഷും പോലീസ് പിടിയിൽ ::
പോലീസ് ബീനാ പൗരുഷിനു വേണ്ടി 'ലുക്ക് ഔട്ട്' നോട്ടീസ് പുറത്തിറക്കി.ഹാത്രസ് ജില്ലയിൽ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രി കുറ്റവാളിക്ക് വേണ്ടി 'ലുക്ക് ഔട്ട്' നോട്ടീസ് പുറത്തിറക്കുന്നത്. ബീനാ പൗരുഷിനെക്കൂറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ₹2500/- രൂപ നൽകുമെന്നുള്ള 'വാണ്ടഡ്' നോട്ടീസ് പോലീസ് എല്ലായിടത്തും പതിപ്പിച്ചു. ബീനാ പൗരുഷിന്റെ മൊബൈൽ ഫോണ് സിഗനലുകൾ പോലീസ് ട്രയിസ് ചെയ്തിരുന്നു,ഇടയ്ക്കിടയ്ക്ക് സിഗനലുകൾ കിട്ടിയിരുന്ന സ്ഥലങ്ങളിലേക്ക് പോലീസ് എത്തുന്നതിനു മുമ്പ് അവർ വിദഗ്ധമായി രക്ഷപെട്ടിരുന്നു. 'വാണ്ടഡ്' നോട്ടീസ് പുറത്തിറങ്ങിയതോടെ ഫോണിൽ നിന്ന് സിഗ്നലുകൾ ഒന്നും ലഭിക്കാതായി.മഥുര ഭാഗത്തേക്ക് അവർ പോയതായി ചില സൂചനകൾ ലഭിച്ചതോടെ
ബീന പൗരുഷിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടൂവരുന്നു |
പോലീസ് തീർത്ഥാടക കേന്ദ്രങ്ങളിലേക്ക് അന്വേഷ്ണം വ്യാപിപ്പിച്ചു. മഥുരയിലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്.ബീനയെ അറസ്റ്റ് ചെയ്ത വിവരം ചോരാതിരിക്കാൻ പോലീസ് ശ്രദ്ധിച്ചു. മറ്റൊരു ഇടപെടലുകളും ഉണ്ടാവാതിരിക്കാൻ രഹസ്യകേന്ദ്രത്തിൽ വെച്ചുള്ള ചോദ്യം ചെയ്യലും അറസ്റ്റ് രേഖപ്പെടുത്തലും കഴിഞ്ഞതിനു ശേഷമാണ് ബീന പോലീസ് പിടിയിലായത് പുറത്ത് അറിഞ്ഞത്. പോലീസ് പിടിയിലാകുമ്പോൾ വത്സ്മ്മയുടെ വെള്ളി പാദസ്വരവും സ്വർണ്ണാ കമ്മലുകളും ബീനയുടെ കൈവശം ഉണ്ടായിരുന്നു.
മോഹിതിന്റെ മൊഴി അനുസരിച്ച് അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് താൻ വത്സമ്മയെ കൊലപ്പെടുത്തിയത്. ആഭരണങ്ങൾ എടുത്തതിനു ശേഷം ജീവനോടെ വിട്ടാൽ വത്സമ്മ പോലീസിൽ പരാതി പറയുകയും തങ്ങൾ പിടിയിലാവുകയും ചെയ്യും എന്നുള്ളതുകൊണ്ട് വത്സമ്മയെ കൊലപ്പെടുത്താൻ നിർദ്ദേശിച്ചതും നിനിര്‍ബന്ധിച്ചതും അമ്മയായ ബീന പൗരുഷ് ആണ്. ബീന പൗരുഷിന്റെ മൊഴി തിരിച്ചായിരുന്നു. മകന്റെ പദ്ധതിയൊന്നും തനിക്കറിയില്ലായിരുന്നുവെന്നും വത്സമ്മയെ താൻ വിളിക്കുകമാത്രമാണ് ചെയ്തതന്നും ബീന പറഞ്ഞു. മകൻ തന്നെ കൊല്ലുമെന്ന് ഭീഷ്ണീപ്പെടുത്തിയന്നും അവരോടൊപ്പം നിന്നില്ലങ്കിൽ മകളെ കൊല്ലുമെന്ന് പറഞ്ഞെന്നും അതുകൊണ്ടാണ് താൻ കൊലപാതകത്തിനു കൂട്ടുനിന്നതെന്നും ബീന പോലീസിനോട് പറഞ്ഞു. രണ്ടു പേരും വ്യക്തമായ കണക്കുകൂട്ടലുകളൊടെ തന്നെയാണ് വത്സമ്മയെ വിളിച്ചതും കൊലപാതകത്തിനു ശേഷം മോഷ്ണം നടത്തിയതും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
വത്സമ്മ തോമസ് രമൺപൂർ നിവാസികൾക്ക് ആരായിരുന്നു?
ഇരുപതാമത്തെ വയസിൽ യുപിയിൽ നഴ്സായി എത്തിയ വത്സമ്മ തോമസ് വിവാഹ ശേഷം കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം കണക്കിലെടൂത്താണ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഒഴിവാക്കി രമൺപൂറിൽ താമസം തുടങ്ങുന്നത്. അന്നുമുതൽ രമൺപൂർ നിവാസികളിൽ ഒരാളായി തന്നെ ആയിരുന്നു അവരുടെ ജീവിതം. അസുഖങ്ങൾ വരുമ്പോൾ പകൽ രാത്രി വെത്യാസം ഇല്ലാതെ അവരാദ്യം എത്തിയിരുന്നത് തങ്ങളുടെ 'ആശ*'യുടെ അടുത്തേക്ക് ആയിരുന്നു. ഏത് പാതിരാത്രിയിൽ ചെന്ന് വിളിച്ചാലും ആശ അവരോടൊപ്പം 'അമ്മയേയും കുഞ്ഞിനേയും' എടുക്കാൻ ചെല്ലുമായിരുന്നു. ഡോക്ടറെക്കാൾ വിശ്വാസമായിരുന്നു അവർക്ക് തങ്ങളുടെ 'ആശ'യെ. രണ്ട് തലമുറയുടെ ജനനം ആണ് വത്സമ്മയുടെ കൈകളിലൂടെ ആ ഗലിയിലും രമൺപൂറിലും നടന്നത്. തന്റെ കൈകളിലേക്ക് ജനിച്ചുവീണ ചില കുട്ടികൾ ഓടിക്കളിക്കുമ്പോൾ വത്സമ്മ അവരോട് പറയുമായിരുന്നു , നിന്റെ അച്ഛനും/അമ്മയും ഈ കൈകളിലേക്ക് തന്നയാ ജനിച്ചു വീണത്. എപ്പോൾ വേണമെങ്കിലും രോഗികളെ നോക്കാൻ 'ആശ' തയ്യാറായിരുന്നു. ആ സഹായ മനസ്ഥിതി തന്നെയായിരുന്നു അവരുടെ ദാരുണ അന്ത്യത്തിന് കൊലപാതകികൾ ചൂഷ്ണം ചെയ്തതും... തങ്ങളുടെ ആശയെ/ വത്സമ്മ ദീദിയെ/ആന്റിയെ കാണാതായത് അറിഞ്ഞപ്പോൾ നാട്ടുകാർ ഒന്നായി അന്വേഷിക്കാൻ ഇറങ്ങിയതും പോലീസ് കൊലപാതകികൾക്ക് പക്ഷം പിടിച്ചപ്പോൾ പോലീസിനെതിരായി നിൽക്കാനും നാട്ടുകാർ തയ്യാറായെങ്കിൽ ആ മനുഷ്യർ എത്രമാത്രം അവരുടെ ദീദിയെ സ്നേഹിച്ചിരുന്നു!!!
പ്രാദേശികവേർതിരിവും, ജാതിയുംമതവും സമുദായവും ഒക്കെ പറഞ്ഞ് ചിലർ നാട്ടുകാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവർ തങ്ങളുടെ ദീദിക്ക് വേണ്ടി /ദീദിയുടെ കുടുംബത്തിനു നീതി കിട്ടാൻ വേണ്ടി ഒരുമിച്ച് നിന്നു. ആശയുടെ/ദീദിയുടെ ആത്മാവിനു വേണ്ടി അവർ തങ്ങളുടെ ക്ഷേത്രങ്ങളിൽ പൂജയും ചടങ്ങുകളും നടത്തിയത് അവർ എത്രമാത്രം ആശയെ സ്നേഹിച്ചിരുന്നു എന്നതിനുദാഹരണം ആയിരുന്നു.
*ആശ- ഗ്രാമങ്ങളിൽ ആരോഗ്യകാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകാനും, സ്ത്രികൾളുടെ ആരോഗ്യസംരക്ഷണത്തിനും മറ്റും സർക്കാർ നിയമിച്ച നഴ്സുമാരെയാണ് ആശ എന്ന് വിളിക്കുന്നത്.
:: നീതി കിട്ടാൻ ഇരകൾ സമരം ചെയ്യണം ::
ഉയർന്ന ജാതിയും താണ ജാതിയും തമ്മിലുള്ള വേർതിരിവ് , ജാതി-മത-സമുദായ-രാഷ്ട്രീയം ഒക്കെയായി കിടക്കുന്ന ഉത്തർപ്രദേശ് സാമൂഹിക പശ്ചാത്തലത്തിൽ പലപ്പോഴും 'നിയമം' കൈയ്യൂക്കുള്ളവന്റേതാണ്. നിയമപാലകർ നിശബ്ദ്ദരാവുകയോ നിശബ്ദ്ദരാക്കപ്പെടുകയോ ചെയ്യുന്നു. വേട്ടക്കാരെക്കാൾ താഴെയാണ് ഇരയുടെ സാമൂഹിക സ്ഥാനം എങ്കിൽ നിയമം വേട്ടക്കാരനുവേണ്ടിയുള്ളതായിരിക്കും. അല്ലങ്കിൽ ഇരയ്ക്ക് നീതി ലഭ്യമാകണമെങ്കിൽ പോരാടാനും നിയമപാലകരെ നിയമവഴിയിലേക്ക് എത്തിക്കാനും ആൾ ഉണ്ടാവണം. നിരക്ഷരും പട്ടണിപാവങ്ങളും നിയമത്തെക്കുറിച്ച് അറിവില്ലാത്തവരും 'ഉയർന്ന'വരെ ഭയവും ഉള്ള 'ഇരപക്ഷം' നിശബദ്ദരാവുകയാണ് പതിവ്. അവർക്കുവേണ്ടി ശബ്ദ്ദിക്കാനും ആരുമുണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോൾ നിയമത്തിന്റെ ആനുകൂല്യം 'ഉയർന്നവർക്ക്' തന്നെയാകും. തങ്ങളുടെ വിധിയെ പഴിച്ച് 'ഇരപക്ഷം' വീണ്ടും ജീവിക്കും...
വത്സമ്മയെ കാണാതായ ദിവസം പോലീസ് പരാതി കാര്യമായി എടുക്കാതിരുന്നതിനും സ്വീകരിക്കാതിരുന്നതിനും കാരണം 'വേട്ടക്കാരുടെ' സ്വാധീനം തന്നെയായിരുന്നു. പോലീസിനെ ചോദ്യം ചെയ്യാനും നിയമത്തിനു വേണ്ടി യാചിക്കാനും നീതി ആവശ്യപ്പെടാനും '
ജനങ്ങളുടെ പ്രതിഷേധം |
ഇരപക്ഷ'ത്തു നിന്നു ഒരാൾ ഉണ്ടാവണമായിരുന്നു. നാട്ടൂകാരോട് നിങ്ങൾക്കിതിൽ എന്താണ് കാര്യം? ബന്ധുക്കൾ പരാതി പറയട്ടെ എന്ന് പറഞ്ഞ പോലീസ് ഉള്ളപ്പോൾ 'ഇരപക്ഷ'ത്തു നിന്നു തന്നെ ഒരാൾ പരാതി പറയാനും നീതിക്കുവേണ്ടി പോരാടാനും ഒരാൾ ഉണ്ടാവണം. അമ്മയെ കാണാതെ തിരഞ്ഞു നടക്കുന്ന മക്കളും മാനസികമായി തളർന്നു പോയ ഭർത്താവും ജീവിക്കാൻ വേണ്ടി ആ നാട്ടിൽ എത്തിയ വിരലി എണ്ണാൻ പോലും ഇല്ലാത്ത മലയാളികളും ആയവർ നീതിക്കുവേണ്ടി പോലീസിനു നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ തയ്യാറാകുമോ?? തങ്ങൾ സംശയിച്ച ആളിന്റെ വീട്ടിൽ നിന്നു തന്നെ വത്സമ്മയുടെ മൃതദേഹം പോലീസ് കണ്ടെടുത്തിട്ടൂം അയാൾ കുറ്റക്കാരനല്ല എന്ന രീതിയിൽ സംസാരിക്കുന്ന പോലീസിൽ നിന്ന് നീതി എങ്ങനെ ലഭിക്കും???
നിസഹായതയും സങ്കടവും ദേഷ്യവും നീതി നിഷേധവും ഒക്കെ ഒരാളെ പ്രതികരിക്കാൻ പ്രാപ്തയാക്കുകയില്ലേ? സ്വന്തം അമ്മയെ കൊന്നവൻ മുന്നിൽ നിൽക്കുമ്പോൾ അവൻ നിന്റെ അമ്മയെ കൊല്ലുന്നത് നീ കണ്ടോ എന്നുള്ള ചോദ്യം നിയമപാലകനിൽ നിന്ന് ഉയരുമ്പോൾ ആ അമ്മയുടെ മൂത്ത മകൾക്ക് എങ്ങനെ സഹിക്കാൻ കഴിയും?? നിസഹായതയും സങ്കടവും ഒക്കെ അവളെ പോലീസിനു നേരെ വിരൽ ചൂണ്ടാൻ പ്രാപ്തയാക്കി. ഒരിക്കല്പോലും പോലീസ് സ്റ്റേഷനിൽ കയറാത്ത ഒരു പെൺകുട്ടി, പോലീസ് യൂണിഫോം ഇട്ടവരെ ഭയത്തോടെ കണ്ട് വഴിമാറിപോയവൾ ,പോലീസ് ഇൻസ്പെക്കടർക്കു നേരെ ശബ്ദ്ദം ഉയർത്തേണ്ടീ വന്നു. അമ്മയെ ജീവനോടെ കാണാൻ കഴിയുമെന്നുള്ള വിശ്വാസം തകർന്നതിലുള്ള നിരാശ, എപ്പോഴും ചിരിച്ചുമാത്രം കാണുന്ന അമ്മയുടെ വികൃതമാക്കപ്പെട്ട മൃതശരീരം കണ്ടതിലുള്ള ഷോക്ക് , നീതി നിഷേധിക്കപ്പെടുന്നതിലുള്ള അമർഷം .... അമ്മ കൊല്ലപ്പെട്ടു എന്ന സത്യം അംഗീകരിക്കുന്നതോടൊപ്പം തങ്ങൾക്ക് നിതി കിട്ടണമെന്നുള്ള ആഗ്രഹം .. തളർന്നു നിൽക്കുന്ന അപ്പനും അനുജത്തിയും... താൻ കൂടി തളർന്നാൽ തങൾക്കും തന്റെ അമ്മയുടെ ആത്മാവിനും നീതി നിഷേധിക്കപ്പെടുമെന്നുള്ള ആശങ്ക... ധാർഷ്ട്യത്തോടെയുള്ള പോലീസിന്റെ പെരുമാറ്റം.... ഒരാൾക്ക് സഹിക്കാവുന്നതിനപ്പുറമാണ്.... നിസഹായതോടെ മാറിനിന്നാൽ നീതി നിഷേധിക്കപ്പെടുമെന്നുള്ള തിരിച്ചറിവ്... അവൾ മറ്റൊരൊരാൾ ആവുകയായിരുന്നു...
ധൈര്യത്തോടെ ജൻസി മുന്നോട്ട് വന്നപ്പോൾ ജനങ്ങളും അവൾക്ക് പിൻബലമായി നിന്നു. കൊലപാതകികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസിനെതിരെ പ്രതിഷേധിച്ച ജനങ്ങളോടും വത്സമ്മയുടെ സഹപ്രവർത്തകരോരും
ജനങ്ങളുടെ പ്രതിഷേധം |
ഒപ്പം ജൻസി മുന്നിൽ നിന്നു. ഒരേ സമയം തന്നെ അപ്പനയും അനുജത്തിയേയും ആശ്വസിപ്പിച്ചും ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞും പ്രതിഷേധക്കാരോടൊപ്പവും അവൾ നിന്നു. വാക്കുകൾ കൊണ്ട് അപമര്യാദയായി പെരുമാറിയ ഇൻസ്പെക്ടർക്ക് അതേപോലെ തന്നെ മറുപിടി നൽകിയും ലാത്തി ചാർജ് എന്ന ഭീഷ്ണിക്കുമുന്നിൽ പതറാതയും അവൾ നീതി ലഭിക്കാനായി നിന്നു. അവസാനം ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ ഉപരോധക്കാരോട് സംസാരിക്കാനും ഉപരോധം പിൻവലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടാനും പോലീസ് അവളുടെ സഹായം തേടി. അധികാര വർഗ്ഗത്തോട് തല ഉയർത്തി സംസാരിക്കാൻ സ്വാധീനം ഇല്ലാത്തവനു നീതി നിഷേധിക്കുന്നതിനെതിരെ സംസാരിക്കാൻ , തങ്ങളുടെ ഇടയിൽ നിന്ന് ഒരാൾക്ക് കഴിഞ്ഞിരിക്കുന്നു എന്നത് പാവപ്പെട്ട നാട്ടുകാർക്ക് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. പക്ഷേ അങ്ങനെയൊരാൾ വന്നപ്പോൾ അതുവരെ അടിച്ചമർത്തപ്പെട്ട ആത്മാഭിമനം അവരിൽ ഉയർന്നു. വേട്ടക്കാരോടൊപ്പം ചേർന്ന് ഇരകളെ വേട്ടയാടുന്ന പോലീസ് അതിക്രമത്തിനെതിരെ ഇനിയും പ്രതിഷേധിച്ചില്ലങ്കിൽ നാളെ തങ്ങൾക്കും ഈ അവസ്ഥ ഉണ്ടായാൽ അപ്പോഴും പോലീസ് വേട്ടക്കാരോടൊപ്പം നിൽക്കുമെന്നുള്ള ബോധം ജനങ്ങളിൽ ഉണ്ടായി. അതിക്രമങ്ങൾക്കെതിരെയും നീതിനിഷേധത്തിനെതിരയും പ്രതികരിക്കാൻ അവർക്ക് കഴിഞ്ഞു. ലോക്കൽ പോലീസിന്റെ സഹായത്തോടെ തെളിവുകൾ നശിപ്പിക്കാനായി മോഹിതിന്റെ വീട്ടിൽ ആളുകൾ എത്തിയപ്പോൾ അവരെ പിന്തിരിപ്പിക്കാനും ജൻസിക്ക് പ്രതികരികേണ്ടിവന്നു, മൃതദേഹം എടുത്തതിനു ശേഷം പോലീസ് സീൽ ചെയ്യാതെപോയ വീട്-അമ്മ കൊല്ലപ്പെട്ട വീട് അവൾക്ക് താഴിട്ട് പൂട്ടേണ്ടി വന്നു.
ജനങ്ങളുടെ സമരത്തിനും പ്രതിഷേധത്തിനും ഫലമുണ്ടായി - പരാതി കിട്ടിയിട്ടൂം അത് സ്വീകരിക്കാതിരിക്കുകയും അന്വേഷ്ണം നടത്താതിരിക്കുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും
ചെയ്ത രണ്ട് ഇൻസ്പെക്ടർമാരെയും പോലീസുകാരയും അന്വേഷ്ണവിധേയമായി സസ്പെൻഡു ചെയ്യുകയും പുതിയ അന്വേഷ്ണ സംഘം കേസ് ഏറ്റെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയുകയും ചെയ്തു. ജനങ്ങളുടെ സമരം കൊണ്ട് മാത്രമല്ല, കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടയും(പി.ടി.തോമസും ആന്റോ ആന്റ്ണിയും ഹാത്രസ് സന്ദർശിച്ചിരുന്നു),കേന്ദ്രആഭ്യന്തരസഹമന്ത്രി-മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസിന്റെയും, എസ്.പിയുടെ മലയാളിയായ ജനറൽ സെക്രട്ടറി ജോ ആന്റ്ണിയും(ഇദ്ദേഹവും ഹാത്രസിൽ എത്തിയിരുന്നു),മതസമുദായ നേതാക്കളുടയും, പേരറിയാത്ത മറ്റ് പലരുടെയും ,മാധ്യമങ്ങളുടയും(പ്രത്യേകിച്ച് മനോരമ -ഡൽഹി) ഒക്കെ ഇടപെടലുകൾകൊണ്ടുകൂടിയാണ് ഇതിനു സാധിച്ചത്.
:: ഒരു സ്വകാര്യ ദുഃഖം കൂടി ::
ഒരു സ്വകാര്യ ദുഃഖം കൂടി രേഖപ്പെടുത്താതെ ഈ കുറിപ്പ് പൂർണ്ണമാവുകയില്ല. നാട്ടിലേക്ക് മടങ്ങി അവിടെ ജീവിക്കണമെന്ന് ആഗ്രഹിച്ച് അവർ നാട്ടിലെ
ഞാനും ജൻസിയും മമ്മിയും (2012 ജനുവരിയിൽ എടുത്ത ഫോട്ടോ) |
വീടിന്റെ പണി പൂർത്തിയാക്കുന്നത് 2010 അവസാനമാണ്. ജീവിതാവസാനവും മരണവും നാട്ടിൽ തന്നെ ആയിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ആഗ്രഹങ്ങൾ പലതും ബാക്കിയാക്കി ആ അമ്മ യാത്രയായി...അമ്മയുടെ ഒരു ആഗ്രഹമായിരുന്നു മരിച്ചാൽ നാട്ടിൽ അടക്കണമെന്ന്.പലപ്പോഴും തമാശയായി അവരത് പറയുമായിരുന്നു.. പക്ഷേ അതിനു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, അമ്മയുടെ മൃതശരീരം അവിടെതന്നെ അടക്കേണ്ടി വന്നു. കുറേ വർഷങ്ങൾ കഴിഞ്ഞ് മൃതശരീരം (ഭൗതികാവശിഷ്ടങ്ങൾ) നാട്ടിൽ തയ്യാറാക്കിയിട്ടൂള്ള കല്ലറയിൽ നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതോടെ ഹാത്രസ് എന്ന നാട്ടിൽ നിന്ന് പൂർണ്ണമായ മടക്കം......
{
സ്വകാര്യ ദൂഃഖങ്ങൾ പങ്കുവയ്ക്കാതെ യു.പി യിൽ (പോലീസിൽ) നിന്ന് ഞങ്ങൾക്ക് നേരിട്ട നീതി നിഷേധത്തെക്കുറിച്ച് മാത്രം പറയാനാണ് ദീർഘമായ ഈ കുറിപ്പ്. യുപി യിൽ രണ്ട് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിത്തൂക്കിയ വാർത്തയെ തുടർന്ന് കുറിപ്പ് ഞാനൊരു ഫേസ്ബുക്ക്/ഗൂഗിൾ പ്ലസിൽ ഇട്ടിരുന്നു. എന്റെ പല സുഹൃത്തുക്കൾക്കും അമ്മ കൊല്ലപ്പെട്ട സംഭവം അറിയാമായിരുന്നെങ്കിലും എന്താണ് സംഭവിച്ചതന്ന് പൂർണ്ണമായി അറിയുകയില്ലായിരുന്നു. ഫേസ്ബുക്ക് / ഗൂഗിൾ പ്ലസ് കുറിപ്പിനു ശേഷം എന്താണ് അന്ന് സംഭവിച്ചതന്ന് പലരും ചോദിച്ചിരുന്നു. പലപ്പോഴും അന്നത്തെ ദുരന്തം എഴുതാൻ ആഗ്രഹിച്ചതാണങ്കിലും പലകാരണങ്ങൾ കൊണ്ട് അത് ഉപേക്ഷിച്ചതായിരുന്നു.യു.പി യിൽ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് എങ്ങനെയെന്ന് നിങ്ങളും കൂടി അറിയാൻ വേണ്ടിമാത്രമാണ് ഈ കുറിപ്പ്.നിയമപരിപാലനത്തിനായി ജനങ്ങളുമായി എപ്പോഴും ഇടപെടുന്നത് ലോക്കൽ പോലീസ് (എസ്.ഐ, സി.ഐ ഓഫീസുകൾ) ആണ്. അവിടെ നിന്നാണ് നീതി നിഷേധത്തിന്റെ തുടക്കം. (ഉയർന്ന ഉഗ്യോഗസ്ഥതലത്തിലേക്ക് പോകുമ്പോൾ നീതി നിഷേധത്തിന്റെ കഥകൾ വളരെ കുറവാണ്.) യു.പിയിലെ നിരക്ഷരായ-ജാതിമതസമുദായ തൊഴിലിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് (ലോക്കൽ)പോലീസിനെ ചോദ്യം ചെയ്യാൻ ഭയമാണ്. അതുകൊണ്ടുകൂടിയാണ് അവർക്ക് നീതി നിഷേധിക്കപ്പെടൂന്നത്. നീതി എല്ലാവർക്കും തുല്യമാണന്നും ഭരണഘടന എല്ലാവർക്കൂം തുല്യതയാണ് കല്പിച്ചിരിക്കുന്നതന്നും ആ പാവങ്ങൾക്ക് അറിയില്ല.ലോക്കൽ പോലീസ് മാഫിയ-പോലീസ് ൂട്ടുകെട്ടൂണ്ടാക്കി ജനങ്ങൾക്ക് നീതിനിഷേധത്തിന് തയ്യാറാകുന്നതിന് പല കാരണങ്ങൾ ഉണ്ടാവും. പക്ഷേ നീതി നിഷേധിക്കപ്പെടൂന്നവന്റെ സങ്കടവും കണ്ണീരും അവനനവനിൽ തന്നെ ഒതുങ്ങുകയാണ് ചെയ്യുന്നത്.....
{
പല ദിവസങ്ങളിൽ പലസമയങ്ങളിൽ പലമാനസികാവസ്ഥയിൽ ആണ് ഇത് എഴുതുന്നത്.ചിലപ്പോൾ ഒരു തുടർച്ച അനുഭവപ്പെടൂന്നില്ലങ്കിൽ ക്ഷമിക്കുക. നീതി നിഷേധിക്കപ്പെടുന്നസാഹചര്യവും ലോക്കൽപോലീസ് എങ്ങനെ 'ഇര'കളോട് പെരുമാറുന്നു എന്നും ചൂണ്ടിക്കാണിക്കുന്നതിനും വേണ്ടിയാണ് ദീർഘമായ ഈ കുറിപ്പ്. ചില അവസ്ഥകൾ പറഞ്ഞോ എഴുതിയോ പങ്കുവയ്ക്കാൻ കഴിയുകയില്ല. നമ്മുടെ ജീവിതത്തിൽ ആ അനുഭവങ്ങൾ കടന്നുവരുമ്പോഴാണ് അതിന്റെ ഭീകരത നമുക്ക് മനസിലാവുന്നത്. ചില മരണങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന ശൂന്യത ഓർമ്മയുടെ മറവിൽ ഒളിപ്പിക്കാൻ സാധിക്കുകയില്ല, അതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമ്മകളിലേക്ക് കയറിവരും.... ചില ഓർമ്മകൾ മറവിയിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതും.......
}
}
No comments:
Post a Comment