Sunday, August 21, 2011

ഈ പഴഞ്ചൊല്ലുകളും നിരോധിക്കണം

ഒരു ഭാഷയുടെ സൌന്ദര്യവും വാ‌മൊഴിയായി ആ ഭാഷയ്ക്ക് പകര്‍ന്ന് കിട്ടിയ ശൈലികളും/പ്രയോഗങ്ങളും  പഴഞ്ചൊല്ലുകളും ആയിരിക്കും. ഒരു പക്ഷേ വരമൊഴിയില്‍ കൂടി ഭാഷയ്ക്ക് കിട്ടിയ സംഭാവനകളേക്കാള്‍ ഭാഷയുള്ളടത്തോളം നിലനില്‍ക്കുന്നതും വാമൊഴിയായി കൈമാറി കൈമാറി കിട്ടുന്നവ ആ‍യിരിക്കും. നമുക്ക് വാമൊഴിയായി പകര്‍ന്ന് കിട്ടിയ ഒരു ശൈലി ആയിരുന്നു ‘കണ്ട അണ്ടനും അടകോടനും’ , ചെമ്മാനും ചെരുപ്പുകുത്തിയും. ഈ ശൈലി/ഭാഷാ പ്രയോഗം ഇനി മുതല്‍ ഉപയോഗിക്കരുതെന്നാണ് /ഒഴിവാക്കണം എന്ന് സര്‍ക്കാര്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കത്തു നല്‍കി. (ശെമ്മാന്‍ സമാജത്തിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയത് എന്നാണ് വായിച്ചത്)

ഇനി നമ്മുടെ ഇടയില്‍ നിന്ന് ഉപയോഗിക്കാന്‍ പാടില്ലാത്ത ചില പഴഞ്ചൊല്ലുകളും/ശൈലികളും നോക്കാം.

1. കൊല്ലം കണ്ടവന് ഇല്ലം വേണ്ട. കൊച്ചി കണ്ടവന് അച്ചി വേണ്ട
ഇത്  അച്ചിമാരെ കളിയാക്കാനായി ആരോ കരുതിക്കൂടി ഉണ്ടാക്കിയ ഒരു പഴഞ്ചൊല്ലാണ്. അച്ചിമാരുടെ(ഭാര്യമാരുടെ) അപേക്ഷ പ്രകാരം ഈ പഴഞ്ചൊല്ല് ഇനി ഉപയോഗിക്കരുത്.

2. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.
ഇത് പോട്ടന്മാരേയും ചെട്ടിമാരേയും കളിയാക്കാനായി ആരോ ഉപയോഗിച്ചതാണ്. ചെട്ടികളെ മോശമായി ചിത്രീകരിക്കുന്ന ഈ പഴഞ്ചൊല്ലം പിന്‍‌വലിക്കണം.

3. പട്ടരില്‍ പൊട്ടരില്ല. പക്ഷേ പൊട്ടരില്‍ പട്ടരുണ്ട്.
പട്ടന്മാരെ കളിയാക്കാന്‍ വേണ്ടിയുള്ള പഴഞ്ചൊല്ലാണ് ഇതും. അതുകൊണ്ട് ഈ പഴഞ്ചൊല്ലം ഉപയോഗിക്കരുത്.

4. പട്ടി ചന്തയ്ക്ക് പോയതുപോലെ.
പത്തും ഇരുപതിനായിരവും ഒക്കെ വിലയുള്ള പട്ടിയെ വാങ്ങി വളര്‍ത്തുന്നവരുടെ അന്തസ് ഇല്ലാതാക്കാന്‍ വേണ്ടിയുള്‍ല കുത്സിതശ്രമങ്ങളുടെ ഫലമാണ് ഈ പഴഞ്ചൊല്ല്. അതുകൊണ്ട് ഈ പഴഞ്ചൊല്ലും ഇനി ഉപയോഗിക്കരുത്. (പട്ടികള്‍ക്ക് വേണ്ടി മാത്രമായിട്ട് മസാജ് പാര്‍ലറുകള്‍ വരെ ഉണ്ടന്ന് പോലും!!!)

5. ചുണ്ട്യ്ക്ക് കൊടുത്തിട്ട് വഴുതനങ്ങ വാങ്ങുക.
വഴുതന കൃഷി ചെയ്യുന്നവരെ താഴ്ത്തികെട്ടുന്ന ഈ ശൈലിയും പിന്‍‌വലിക്കണം.

6. കിഴങ്ങന്‍
കിഴങ്ങ് (ഉരളകിഴങ്ങും, സാദാ കിഴങ്ങും) കൃഷിക്കാരെ കളിയാക്കാന്‍ വേണ്ടിയല്ലേ ഈ വിളി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

7. ആനമുട്ട
ഇല്ലാത്തമുട്ടയുടെ പേരില്‍ മുട്ടയെ വിശേഷിപ്പിക്കുന്നത് കാട,കോഴി,താറാവ്,പാത്ത... തുടങ്ങിയവ വളര്‍ത്തുന്നവരോടുള്ള അനാദരവ് ആണ് കാണിക്കുന്നത്. അതുകൊണ്ട് ആനമുട്ട എന്ന പദവും നിരോധിക്കണം.

8. കാര്‍ണവര്‍ക്ക് അടുപ്പിലും തൂറാം.
ഇത് കാര്‍ണവന്മാരെ കളിയാക്കുന്നതോടൊപ്പം മലയാളികള്‍ക്ക് വൃത്തിയെക്കുറിച്ച് മോശമായ കാഴ്ചപ്പാടും നല്‍കുന്നത് കൊണ്ട് ഈ ശൈലിയും നിരോധിക്കണം.

9. ആരാന്റെഅമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല്.
അമ്മയെ/സ്ത്രിയെ കളിയാക്കൂന്ന പൂര്‍ണ്ണമായും സ്ത്രിവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം.

10. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലങ്കില്‍ കളരിക്ക് പുറത്ത്.
കളരിക്ക് പുറത്താകാതിരിക്കാന്‍ ആശാന്റെ നെഞ്ചത്ത് കയറണം എന്ന് പറയാതെ പറയുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം. പ്രത്യേകിച്ച് ആശാട്ടിമാരുടെ നെഞ്ചത്തോട്ട് നോക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്നു എന്നെങ്കിലും പേടിച്ച് ഈ പഴഞ്ചൊല്ലും നിരോധിക്കണം.

11. അമ്മ വേലി ചാടിയാല്‍ മോള്‍ മതില്‍ ചാടും.
മറ്റൊരു സ്ത്രി വിരുദ്ധ പഴഞ്ചൊല്ല്. ഈ പഴഞ്ചൊല്ലും നിരോധിക്കണം

12. പട്ടിക്ക് രോമം വളര്‍ന്നാല്‍ അമ്പട്ടനെന്ത് കാര്യം.
ബാര്‍ബര്‍‌മാരെ കളിയാക്കുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം

13. പെണ്‍‌ബുദ്ധി പിന്‍‌ബുദ്ധി.
പെണ്ണുങ്ങള്‍ഊടെ ബുദ്ധിയെ തൊട്ട് കളിക്കുന്ന ഈ പ്ഴഞ്ചൊല്ലും നിരോധിക്കണം.

14. ചക്കിക്കൊത്ത ചങ്കരന്‍.
ചക്കിയേയും ചങ്കരനേയും പേരെടുത്ത് കളീയാക്കുന്ന ഈ പഴഞ്ചൊല്ലും നിരോധിക്കണം

15. മണ്ണും ചാരി നിന്നവന്‍ പെണ്ണിനേയും കൊണ്ട് പോയി.
കാമുകന്റെ കൂട്ടുകാരനെ കളീയാക്കുന്ന ഈ പ്ഴഞ്ചൊല്ല് നിരോധിക്കണമെന്ന് കാമുകന്‍‌മാര്‍ക്ക് സെക്യൂരിറ്റിപോകുന്നവരുടെ സംഘടന ആവിശ്യപ്പെട്ടു

ലേബല്‍ :: വൈകുന്നേര കിറുക്കുകള്‍

2 comments:

ഷൈജൻ കാക്കര said...

-പട്ടിക്ക് രോമം വളര്‍ന്നാല്‍ അമ്പട്ടനെന്ത് കാര്യം-

ഇത് അടുത്തുതന്നെ നിരോധിക്കുന്നതായിരിക്കും...

Anonymous said...

ജാതിയും മതവും തലയ്ക്ക് പിടിച്ചിരിക്കുന്നവര്‍ക്ക് എന്തു വായ്‌മൊഴി? എന്തു വരമൊഴി?പിന്നെ നാലാമത്തേത് പട്ടരില്‍ പൊട്ടനില്ല, പൊട്ടന്‍ മജിസ്‌ട്രേട്ടാ എന്നാണ് ഞങ്ങളുടെ നാട്ടില്‍ കേട്ടിരുന്നത്. അവര്‍ വളരെ ബുദ്ധിയുള്ളവരാണ് എന്നാണേ്രത അതിനര്‍ത്ഥം.