Tuesday, February 2, 2010

അമ്മ ഗുണ്ടയാകുമ്പോള്‍

നമ്മുടെ അമ്മമാരെക്കുറിച്ചല്ല പറയുന്നത് ...

നാല് സിനിമയില്‍ അഭിനയിച്ചു കഴിയുമ്പോള്‍ തങ്ങളൊക്കെ ഏതാണ്ടൊക്കെ ആയി എന്ന് കരുതുന്നവരെക്കുറിച്ചാണ്.

നാടകത്തിലൂടെ ‘നടനം‘ സ്‌ഫുടം ചെയ്തെടുത്ത് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തിലകന് രഹസ്യ ഉപരോധം..

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണങ്കില്‍ തിലകന്‍ , മാള , സ്‌ഫടികം ജോര്‍ജ്ജ് , ക്യാപ്‌റ്റന്‍ രാജു എന്നിവര്‍ക്കാണ് ഫെഫ്‌ക , അമ്മ എന്നീ സംഘടനകള്‍ രഹസ്യ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇവര്‍ ചെയ്ത കുറ്റം താരങ്ങളെ വെല്ലുവിളിച്ച വിനയന്റെ ‘യക്ഷിയും ഞാനും‘ എന്ന സിനിമയില്‍ അഭിനയിച്ചു എന്നതാണ് .

തങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ സിനിമയില്‍ മാത്രം അംഗങ്ങള്‍ അഭിനയിച്ചാല്‍ മതി എന്ന് ‘അമ്മ’യ്ക്ക് പറയാന്‍ കഴിയുന്നതെങ്ങനെ????

അമ്മയുടെ രണ്ടാമത്തെ അംഗമായ ഗണേശ് കുമാറിനെ അമ്മയുടെ സ്വന്തം പടമായ ട്വന്റി-ട്വന്റിയില്‍ നിന്ന് ഒഴിവാക്കുകയും അതില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച മീരാജാസ്‌മിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത് ‘അമ്മ’ ശരിക്കും Association of Malayalam Movie Artists തന്നെയാണോ??

കൂടെ നിന്നവരെല്ലാം കാലുവാരിയിട്ടും വിനയന്‍ എന്ന സംവിധായകന് സിനിമ എടുക്കാന്‍ കഴിഞ്ഞു എന്നത് സൂപ്പര്‍‌താരങ്ങളെമാത്രം വലംവച്ച് കറങ്ങുന്ന മലയാളം സിനിമ വ്യവസായത്തിന് ശുഭസൂചനതന്നെയാണ് ... അമ്മയന്നും ഫെഫകയെന്നും പറഞ്ഞ് ഞെളിഞ്ഞു നടക്കുന്നവര്‍ പുറത്തിറങ്ങിയില്ലങ്കിലും മലയാളസിനിമയ്ക്ക് ഒന്നും സംഭവിക്കാനില്ല...

വല്യപ്പനാകാന്‍ തുടങ്ങുന്ന സൂപ്പറുകള്‍ വരെ തലയിലെ വെള്ളിവര കാണിക്കാതെ കോമാളിവേഷം കെട്ടി കളിക്കുമ്പോള്‍ മലയാളസിനിമയുടെ വളര്‍ച്ച പടവലങ്ങപോലെ തന്നെ ......

വിനയന്‍ എന്ന സംവിധായകനെതിരെയുള്ള ‘പോരാട്ടം‘ എന്തിനുവേണ്ടിയാണങ്കിലും അത് മലയാള സിനിമയ്ക്ക് വേണ്ടിയല്ലന്ന് ഉറപ്പ്.

വിനയന്‍ എന്ന ഒരു സംവിധായകന്‍ ഇല്ലായിരുന്നെങ്കില്‍ ദിലീപ് എന്നൊരു താരം ഉണ്ടാവുകയില്ലായിരുന്നു എന്ന് വ്യക്തം. അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുകയും കയറ്റിവിട്ടവനെ തലയില്‍ ചവിട്ടി താഴെ ഇടുന്നതും മറ്റൊരു നാട്ടു നടപ്പ്.

തങ്ങള്‍ പറയുന്നതെല്ലാം മറ്റുള്ളവര്‍ കേട്ട് അനുസരിച്ചു കൊള്ളണമെന്ന് പറയാന്‍ ഇത് രാജവാഴ്ചയുടെ കാലമല്ല. സംവിധാനം ചെയ്ത ഒരു സിനിമ വിജയിച്ചപ്പോള്‍ താന്‍ ‘ഹിറ്റ്‌മേക്കര്‍’ ആയി എന്ന് വിചാരിച്ച് നിഗളിക്കരുത്. സംവിധാനം ചെയ്ത മറ്റ് പടങ്ങളെല്ലാം കൂടി മുപ്പതുദിവസം തിയേറ്ററില്‍ ഓടിയിട്ടില്ലന്ന് മനസിലെപ്പോഴും ഉള്ളത് നല്ലതാണ്...

യൌവനത്തില്‍ ആനപ്പുറത്ത് ചാടികയറി എന്ന് വച്ച് വയസാം കാലത്തും അതിന് ശ്രമിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്? ഈ ആനച്ചാട്ടം ആണ് നമ്മുടെ നായകന്മാര്‍ നടത്തൂന്നത്...

തമ്മില്‍ തല്ലിയും ഉപരോധിച്ചും കളിച്ചു കഴിയുമ്പോള്‍ മലയാള സിനിമ കാണാന്‍ ആളില്ലേ ആളില്ലേ എന്ന് വിളിച്ചു കൂവരുത് ... മലയാള സിനിമയെ രക്ഷിക്കാന്‍ തമിഴ് സിനിമയും ഇംഗ്ലീഷ് സിനിമയും കേരളത്തില്‍ ഓടിക്കരുത് എന്ന് ഇനിയെങ്കിലും പറയരുത്... ചില വലിയ നായകന്മാരുടെ സിനിമാ സിഡി വെറുതെ കൊടുത്താല്‍ പോലും വാങ്ങികോണ്ട് പോയി കാണാന്‍ ആളില്ല..!!!

മലയാള സിനിമതന്നെ കാണണമെന്ന് ഇന്ന് ഏതെങ്കിലും മലയാളി സിനിമാ പ്രേമിക്ക് നിര്‍ബന്ധമുണ്ടന്ന് തോന്നുന്നില്ല. കൊടുക്കൂന്ന കാശിന് മൂല്യം ലഭിക്കുന്ന അന്യഭാഷ സിനിമകള്‍ ഇവിടെ നിന്ന് പണം വാരിക്കൊണ്ട് പോകുമ്പോള്‍ ഞങ്ങളുടെ പടം കാണാന്‍ ആരും വന്നില്ലേ എന്ന് നിലവിളിച്ചിട്ട് കാര്യമില്ല.

:: ഇടവേള ::
നമ്മള്‍ സിനിമാ പ്രേക്ഷകര്‍ക്കും ഒരു സംഘടന രൂപീകരിച്ചാലോ? ഓള്‍ കേരള സിനിമ വ്യൂവേഴ്സ് അസോസിയേഷന്‍ (AKCVA) (അക്‍സ്‌വ) . സിനിമ റിലീസാവുന്ന ദിവസം ഈ സംഘടനയുടെ ഭാരവാഹികള്‍ സിനിമകണ്ടിട്ട് , സിനിമാ കാണാന്‍ കൊള്ളാവുന്നതാണോ എന്ന് അഭിപ്രായം
പറയും. എന്നിട്ട് മാത്രം മറ്റുള്ളവര്‍ സിനിമ കാണുക.


2 comments:

Typist | എഴുത്തുകാരി said...

തലക്കെട്ട് വായിച്ച് ഞെട്ടിപ്പോയി. പിന്നെയല്ലേ മനസ്സിലായതു് അതു മറ്റേ അമ്മയാണെന്നു്.

അമ്മ, ഫെഫ്ക, നിരോധനം, പുറത്താക്കല്‍ ഇതിനൊരു ക്ഷാമവും ഇല്ല. നല്ല സിനിമകള്‍ മാത്രം കാണാനുമില്ല.

തണല്‍ said...

(അക്‍സ്‌വ)യില്‍ ഞാന്‍ ആവണം ചെയര്‍മാന്‍ . അല്ല പിന്നെ!