Monday, July 27, 2009

കുട്ടി പരിധിക്ക് പുറത്താണ് : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 4: mobile tragedy -4

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവിശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കാറുണ്ട്. കുട്ടികള്‍ ഇന്ന് മാതാപിതാക്കളോട് ആവിശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഉള്ള ഫോണുകള്‍. ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാ ക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെ ടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു. സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ????

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളിലണ്ടാണ്ട് പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് കാശ് പതിനഞ്ച് ആയിരമാണ് ചിലവ് ). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയി ക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സിരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറത്തുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാണം പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ. ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ?? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ ...”മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ... “. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം. ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്‌ടി ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷ്ണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിനും ഒരു പങ്കുണ്ടന്ന് മനസിലാക്കാം.

പത്തനംതിട്ട കോഴഞ്ചേരി നിന്നുള്ള ഒരാള്‍ പറഞ്ഞത്. കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച് പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ ( പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു. പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രിഅകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി.” ഞാന്‍ പോയി തൂങ്ങിച്ചാവും”.ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്. അമ്മയുടെ എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയമൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് നമുക്ക് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിക്കാക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസ്നസ് നടത്തുന്നവര്‍ക്ക്എന്ന്ഹനേയും തങ്ങളുടെ ബിസ്‌നസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍‘അഡികറ്റ്’ ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് അടുത്തതില്‍ ....

1 comment:

Pheonix said...

Ban on mobiles is not practical and effective. But Ban on Camera Mobile will be effective until a limit. Let the governement try that..