Saturday, July 18, 2009

ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 2

ഇംഗ്ലീഷില്‍ ഇന്‍സെന്റീവ് (incentive) എന്നൊരു വാക്കുണ്ട്. ഇതിന്റെ അര്‍ത്ഥം ഡിക്ഷണറിയില്‍ നോക്കിയാല്‍ കാണാന്‍ കഴിയുന്നത്; പ്രേരകമായ , പ്രോത്സാഹകമായ എന്നൊക്കെയാണ്.അതായത് ഏതെങ്കിലും ഒരു പ്രവൃത്തിയോ മറ്റോ ചെയ്യാനോ, ചെയ്തുകഴിയുമ്പോഴോ അത് ചെയ്യാന്‍ പ്രേരകമായോ പ്രോത്സാഹനമായോ എന്തെങ്കിലും കൊടുക്കുക എന്നാണ് നമുക്ക് ‘ഇന്‍സെന്റീവ്’എന്ന പദത്തിന്റെ അര്‍ത്ഥം കൊണ്ട് മനസിലാക്കാവുന്നത്. ഒട്ടുമിക്ക തൊഴില്‍ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. ഐ.റ്റി സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. എന്നാല്‍ ചില ഐ.റ്റി. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് എങ്ങനെയാണന്ന് അറിയുമ്പോഴാണ് ഐറ്റി സ്ഥാപനങ്ങളുടെ തൊഴിലാളി ചൂഷ്ണം എത്രമാത്രമാണന്ന് അറിയാന്‍ കഴിയുന്നത്.

കൊച്ചിയിലെ ഒരു ഐറ്റി കമ്പിനിയിലെ പ്രോഗ്രാമണാണ് ജാവേദ്. ആ കമ്പിനിയില്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കമ്പിനി ഒന്നു മാറിയാല്‍ നന്നായിരിക്കും എന്ന് ജാവേദിന് തോന്നി. തനിക്കിനി ആ കമ്പിനി മാനേജ്‌മെന്റുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന തോന്നല്‍ ശക്തമായപ്പോഴാണ് കമ്പിനി മാറുക എന്ന തീരുമാനം അയാള്‍ എടുത്തത്. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെ കരുതാം. എത്രയും പെട്ടന്ന് തന്നെ തനിക്ക് കമ്പിനിയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന് പറഞ്ഞ് ജാവേദ് കത്ത് നല്‍കുന്നു. ഒരു മാസത്തെ ‘നോട്ടീസ്’ പിരീഡ് ആണ് കമ്പിനിയുടെ നിയമം എന്ന് മാനേജര്‍ ‘ഓര്‍മ്മി’പ്പിച്ചപ്പോള്‍ ആ രീതിയില്‍ ഒരു റിസൈന്‍ ലെറ്റര്‍ എഴുതി നല്‍കി. ഒരു മാ‍സം കഴിഞ്ഞ് ജാവേദ് കമ്പിനിയില്‍ നിന്ന് പോരുമ്പോഴാണ് മാനേജരുടെ ‘നിയമം’ ആണ് കമ്പിനി നിയമം എന്ന് അയാള്‍ അറിഞ്ഞത്. തനിക്ക് കിട്ടാനുള്ള ‘ഇന്‍സെന്റീവിനായി അയാള്‍ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ അത് നല്‍കേണ്ട എന്ന് മാനേജര്‍ പറഞ്ഞിട്ടുണ്ടന്നാണ് എച്ച്.ആര്‍. പറഞ്ഞത്. അതിന് കാരണം തിരക്കിയപ്പോള്‍ വിചിത്രമായ നിയമം ആണ് മാനേജര്‍ പറഞ്ഞത്. കമ്പിനി നിയമം അനുസരിച്ച് വാര്‍ഷിക ഇന്‍‌സെന്റീവ് മാത്രമേ നല്‍കുകയുള്ളൂ എന്ന്. തനിക്ക് ലഭിക്കാനുള്ള തുകയാണ് ഇന്‍‌സെന്റീവ് എന്ന് അയാള്‍ പറഞ്ഞുനോക്കി. താന്‍ ജോലി എടുത്തതിന്റെ പ്രതിഫലമാണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞിട്ടും അയാള്‍ക്ക് ആ തുക ലഭിച്ചില്ല. ഒരു വലിയ തുക ആണ് ജാവേദിന് ലഭിക്കാതെ പോയത്. ആ തുക ലഭിച്ചു ചെയ്തുകഴിയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും അയാള്‍ തയ്യാറാക്കിയിരുന്നു. ഒന്നരവര്‍ഷം ചെയ്ത ജോലിക്ക് ലഭിച്ച വലിയ പ്രതിഫലം!!!!!. ഇനി ഇന്‍‌സ്ന്റീവിന്റെ അകക്കഥ കേള്‍ക്കുക.

കമ്പിനിയില്‍ ജോലിക്ക് കയറുമ്പോള്‍ പറയുന്ന ശമ്പളത്തില്‍ നിന്ന് എല്ലാമാസവും ഒരു നിശ്ചിത സംഖ്യ കമ്പിനി പിടിച്ചു വയ്ക്കും. ആ തുക കഴിച്ചേ ശമ്പളമായി ലഭിക്കൂ. ഇരുപതിനായിരം ശമ്പളം പറയുന്ന ആള്‍ക്ക് പതിനഞ്ചായിരമോ പതിനാറായിരമോ ലഭിക്കൂ.(രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാ വരെ ഇങ്ങനെ കമ്പിനി എല്ലാമാസവും പിടിക്കും.). ആ കമ്പിനിയിലെ ജോലി എപ്പോള്‍ നിര്‍ത്തി പോരുന്നോ , ആ സമയത്ത് ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരിച്ചു നല്‍കും. തൊഴിലാളിയെ സംബന്ധിച്ചും ഇതൊരു അനുഗ്രഹമാണ്. കമ്പിനിയിലെ ജോലി നിര്‍ത്തി ഇറങ്ങുമ്പോള്‍ ഒരു നല്ല തുക കൈയ്യില്‍ ലഭിക്കും. (ചില കമ്പിനികള്‍ ഇങ്ങനെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയോടൊപ്പം തങ്ങളുടെ വിഹിതമായി ഒരു തുകയും നല്‍കാറുണ്ട്.).ഇങ്ങനെ ശമ്പളത്തീല്‍ നിന്ന് പിടിക്കുന്ന തുകയാണ് ജാവേദിന്റെ കമ്പിനി ഇന്‍‌സെന്റീവ് ആയി നല്‍കിയിരുന്നത്. തന്റെ ശമ്പളത്തീല്‍ നിന്ന് മാസം തോറും പിടിച്ചിരുന്ന തുകയാണ് ജാവേദിന് ലഭിക്കാതെ പോയത്.

ഇങ്ങനെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിടിക്കുന്നതുകൊണ്ടുള്ള പ്രയോജനം കമ്പിനിക്ക് തന്നെയാണ്. ഒരു തൊഴിലാളി റിസൈന്‍ ലെറ്റര്‍ കൊടുത്താലും അവന്റെ പിരിഞ്ഞുപോക്ക് നീട്ടികൊണ്ടുപോകാന്‍ ‘ഈ തുകയ്ക്ക് ‘ കഴിയും. തങ്ങള്‍ക്ക് ലഭിക്കാനുള്ള കാശ് കിട്ടാതെ ആരും പോവുകയില്ലല്ലോ?? അല്ലങ്കില്‍ ആ തുക ഉപേക്ഷിച്ച് പോകണം. ഒരു വലിയ തുക കിട്ടാനുള്ള
പ്പോള്‍ ആ ‘തുക’ ഉപേക്ഷിച്ച് ആരും പോവുകയില്ലല്ലോ? ഐറ്റി കമ്പിനിയുടെ ‘ഇന്‍സെന്റീവ് ‘ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ? തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി / പ്രേരകമായി അവരുടെ ശമ്പളത്തീല്‍ നിന്ന് പിടിച്ച തുക തന്നെ നല്‍കുക!!!!! (എല്ലാ ഐറ്റി കമ്പിനികളും ഇങ്ങനെയല്ലന്ന് ഓര്‍മ്മിപ്പിക്കട്ടെ.).

തൊഴിലാളികള്‍ മാത്രമല്ല ഐറ്റി കമ്പിനികളുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെക്കായിട്ടും പണമായിട്ടും വല്ലപ്പോഴും ‘സാലറി’ നല്‍കിയിരുന്ന ഒരു കമ്പിനി സുപ്രഭാതത്തില്‍ എല്ലാവര്‍ക്കും സാലറി അക്കൌണ്ട് എന്നൊരു നിര്‍ദ്ദേശവുമായി ജോലിക്കാരെ സമീപിച്ചു. കമ്പിനിതന്നെ ഫോം പൂരിപ്പിച്ച് എല്ലാ ജോലിക്കാരുടേയും ഒപ്പിട്ടു വാങ്ങി. അക്കൌണ്ട് കിട്ടിക്കഴിഞ്ഞിട്ടും
അക്കൌണ്ട് വഴി സാലറിയൊന്നും ആര്‍ക്കും കിട്ടിയില്ല. ആ സാലറി അക്കൌണ്ടിന്റെ രഹസ്യം തൊഴിലാളികള്‍ അറിയുന്നത് കുറച്ചുനാളുകള്‍ക്ക് ശേഷം കമ്പിനിയുടെ ഒരു ‘ വിശ്വസ്തന്‍’ മാനേജുമെന്റുമായി അകന്നപ്പോഴാണ്. തൊഴിലാളികളുടെ പേരില്‍ സാലറി അക്കൌണ്ട് തുറന്ന് അവരുടെ അക്കൌണ്ടിലേക്ക് ഒരു വലിയ തുക തന്നെ എല്ലാമാസവും സാലറിയായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുക. നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം ഈ സാലറി അക്കൌണ്ട് കാണിച്ചു കൊണ്ട് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുക. ഇതായിരുന്നു ‘എല്ലാവര്‍ക്കും സാലറി അന്നൌണ്ട്’ എന്നതിലെ രഹസ്യ അജണ്ട. പക്ഷേ എന്തുകൊണ്ടോ ഈ തട്ടിപ്പ് നടന്നില്ല. ( ഈ തട്ടിപ്പിന് ആവിശ്യമായ ‘പ്രാഥമിക മൂലധനം’ കിട്ടാന്‍ താമസിച്ചതാണ് തട്ടിപ്പ് നടക്കാതെ പോയത് ).

എന്തുകൊണ്ടാണ് ഐ.റ്റി. മേഖലയില്‍ തട്ടിപ്പ് കൂടുന്നത്. ??? ഏറ്റവും കുറഞ്ഞ മൂലധനത്തില്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ലാഭം നേടാവുന്ന ഒന്നാണ് ഐ.റ്റി. സ്ഥാപനം എന്ന് സമൂഹത്തില്‍ ഉണ്ടായിപ്പോയ ഒരു മിഥ്യാ ധാരണയാണ് ഐ.റ്റി. മേഖലയിലെ തട്ടിപ്പിന്റെ അടിസ്ഥാന കാരണം. ഐറ്റി മേഖലയില്‍ നിന്ന് വിജയിച്ച കമ്പിനികളുടെ കഥ മാധ്യമങ്ങളില്‍ നിന്ന് അറിയുമ്പോള്‍ ഐറ്റി സ്ഥാപനങ്ങള്‍ ‘രത്നനിക്ഷേപ സ്ഥലം’ ആണ് എന്ന് തെറ്റിദ്ധരിച്ച് ആണ് പലരും ഐറ്റി സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. ഇവര്‍ കേട്ടിരിക്കുന്ന വിജയ കഥകളിലെ സ്ഥാപനങ്ങളെല്ലാം ചെറിയ മുതല്‍ മുടക്കില്‍ നിന്ന് വളര്‍ന്ന് വലുതായതാണ് . വലിയ മുതല്‍ മുടക്കില്‍ തുടങ്ങി മാസങ്ങള്‍ക്കകം പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ കഥകളൊന്നും ആരും എവിടേയും റിപ്പോര്‍ട്ട് ചെയ്യാറില്ല.

എല്ലാ അടിസ്ഥാന സൌകര്യങ്ങളും വാടകയ്ക്ക് കിട്ടും എന്നതാണ് ഒരു ഐ.റ്റി. കമ്പിനി തുടങ്ങാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. എവിടെ നിന്നങ്കെലും ഒരു പ്രോജക്ട് കിട്ടിയാല്‍ ഫര്‍ണിഷ് ചെയ്ത് ബില്‍ഡിംങ്ങ് വാടകയ്ക്ക് എടുക്കുക. പത്തുപേര്‍ക്ക് ചെയ്യാവുന്ന പ്രോജക്ട് ആണങ്കില്‍ എക്സ്‌പീരന്‍സ് ഉള്ള പത്തുപേരെ എടുത്ത് ഇരുപതുകമ്പ്യൂട്ടറുകളും വാടകയ്ക്ക് എടുത്ത് കമ്പിനി തുടങ്ങുക. അധികത്തിലുള്ള പത്തു കമ്പ്യൂട്ടറാണ് കമ്പിനിയുടെ കൊള്ള ലാഭം. ഈ പത്തു കമ്പ്യൂട്ടറുകള്‍ ട്രെയിനികള്‍ക്ക് ഉള്ളതാണ് . നല്ലൊരു തുക ട്രെയിനിംങ്ങ് ഫീസായി വാങ്ങികയറ്റുന്ന ട്രെയനികളാണ് അധികത്തിലുള്ള കമ്പ്യൂട്ടറിന്റെ അവകാശികള്‍. വാടകയും പത്തുപേര്‍ക്ക് നല്‍കിയ സാലറിയും പ്രോജക്ടിന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ലാഭമാണ് .. ഈ ലാഭം എത്രനാള്‍ എന്ന് മാത്രമാണ് പ്രശ്‌നം...... ട്രെയിനി കം അപ്രന്റീസുകളായ ട്രെയിനികളെ കൊണ്ട് പലതുണ്ട് ഗുണം... അവരാണ് കമ്പിനിയുടെ പൊ‌ന്‍ മുട്ടയിടുന്ന താറാവ് ..... ഈ താറാവുകളുടെ കഥ അടുത്തതില്‍ (അപ്രന്റീസ് എന്താണന്ന് അറിയണമെങ്കില്‍ സിദ്ദിഖിന്റെ ‘ഫ്രണ്ട്സ്‘ ഒന്നു ഓര്‍ത്തു നോക്കിയാല്‍ മതി. അതില്‍ എളേപ്പന്റെ ഒരു ഡയലോഗുണ്ട്... “നമുക്കെല്ലാവരേയും അപ്രന്റിസുകള്‍ ആക്കിയാലോ????)

1 comment:

vahab said...

ചൂഷണക്കഥകള്‍ തുടരട്ടെ, ആരുടെയും കഞ്ഞികുടി മുട്ടിക്കാനല്ല, ഒരുത്തനും കുരുക്കിലകപ്പെടാതിരിക്കാന്‍....