Saturday, February 21, 2009

ശവമടക്ക് ആഡംബരങ്ങള്‍ :

വിവാഹ ആഡംബരം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ശവമടക്കിനും ആഡംബരമോ എന്ന് ചിന്തിക്കും. പക്ഷേ സംഗതി സത്യമാണ് . ഇന്നത്തെ നമ്മുടെ ക്രിസ്ത്യന്‍ ശവമടക്കുകള്‍ ആഡംബരമായി മാറിയിരിക്കുന്നു. പക്ഷേ ‘ആഡംബരം’ എന്ന വാക്ക് ഉപയോഗിക്കാമോ എന്ന് അല്പം ശങ്കയുണ്ട്. കാരണം പണ്ട് നമ്മുടെ നാടുകളില്‍ ടെലിവിഷന്‍ ഒരു ആഡംബര വസ്തുവായിരുന്നു. ഇന്ന് ടിവി ഒരു ആഡംബര വസ്തുവായി ആരും കണക്കാക്കാറില്ല. അതുപോലെയാണ് ശവമടക്ക് ആഡംബരങ്ങളും. ക്രിസ്ത്യന്‍ ശവമടക്കുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പണ്ട് ,(ഒരു ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് ) ഒരു മരണം ഉണ്ടായാല്‍ ചടങ്ങുകള്‍ക്ക് വേണ്ട നേതൃത്വം നല്‍കിയിരുന്നത് അയല്‍‌വക്കകാരായിരുന്നു. ദൂരെയുള്ള ബന്ധുവീടുകളില്‍ മരണം ചെന്ന് അറിയിക്കുന്നതും അയല്‍‌വക്കകാരായിരുന്നു. അന്ന് മരണം നടന്ന അന്നോ പിറ്റേന്നോ അടക്കം നടത്തിയിരുന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കള്‍ മരണം അറിഞ്ഞ് വരുമ്പോഴേക്കും പതിനാറ് ആകുമായിരുന്നു. ടെലിഫോണ്‍ ഇല്ലാതിരുന്നതുകൊണ്ടും, യാത്രാസൌകര്യം തുലോം കുറവായിരുന്നതുകൊണ്ടും മൃതശരീരം നേരത്തോട് നേരത്തില്‍ കൂടുതല്‍ വയ്ക്കാന്‍
സാധിക്കാത്തതുകൊണ്ടും ബന്ധുജനങ്ങളെ കാത്ത് നില്‍ക്കാതെ ശവമടക്ക് നടത്തുമായിരുന്നു. പള്ളിയില്‍ നിന്ന് എത്ര അകലെ ആയിരുന്നാലും ശവപ്പെട്ടി ചുമന്നുകൊണ്ട് പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. മരണവീട്ടിലെ ഫോട്ടൊ എടുക്കല്‍ അന്ന് കുറവായിരുന്നു. കുറവായിരുന്നു എന്നല്ല ഇല്ലായിരുന്നു എന്ന് തന്നെ പറയാം.വലിയ മുതലാളിമാരുടെ വീടുകളില്‍ മാത്രമായിരുന്നു ഫോട്ടോ എടുപ്പ് . അതും കൂടി വന്നാല്‍ ഒരഞ്ച് ഫോട്ടോകള്‍ മാത്രം .. ഇന്നത്തെ ശവമടക്ക് കാര്യങ്ങളോ ? ഒരു വിവാഹം നടത്താനുള്ള ചിലവിനോട് അടുത്ത് എത്തുന്ന പണച്ചിലവാണ് ചില
ശവമടക്കുകള്‍ക്ക്.!!!!

കല്യാണവീട്ടില്‍ ‘വര്‍ക്ക് ‘ പിടിക്കാന്‍ എത്തിയിരുന്നതുപോലെ വീഡിയോ,ക്യാമറ,ക്വയറുകാര്‍ ഇപ്പോള്‍ മരണവീടുകളിലും എത്തിത്തുടങ്ങി. ക്വയറില്ലാതെ ഇപ്പോള്‍ ഒരൊറ്റ ശവമടക്കും നടക്കാതെയായി. മരണവീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള ദൂരം പത്ത് ചുവട്ടടിയാണങ്കിലും മൃതശരീരം
കൊണ്ടുപോകാന്‍ ആംബുലന്‍സ് തന്നെ വേണം. പണ്ട് വിദൂരസ്ഥലങ്ങളില്‍ നിന്ന് മൃതശരീരം പള്ളിയില്‍ എത്തിക്കാന്‍ മഞ്ചല്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മഞ്ചല്‍ ഒരു പുരാവസ്തുവായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതശരീരം എടുത്തുകൊണ്ട് പള്ളിയിലേക്ക് പോയിരുന്നത് മക്കളോ അടുത്ത ബന്ധുക്കളോ ആയിരുന്നു. വയസായ അപ്പനേയും അമ്മയേയും ചുമക്കാന്‍ ഇന്നാരും തയ്യാറല്ല , പിന്നല്ലേ മരിച്ചു കഴിയുമ്പോള്‍ അപ്പനേയും അമ്മയേയും എടുക്കുന്നത് !!!

പണ്ട് മൃതശരീരവും വഹിച്ച് കൊണ്ട് പള്ളിയിലേക്കുള്ള യാത്രയ്ക്ക് വിലാപയാത്ര എന്നായിരുന്നു പറഞ്ഞിരുന്നത്. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍അച്ചന്മാരുടെ പ്രാര്‍ത്ഥനാഗാനങ്ങള്‍ മുഴങ്ങിയിരുന്ന വിലാപയാത്രയില്‍ ഇന്ന് മുഴങ്ങുന്നത് കാതടപ്പിക്കുന്ന ഇലക്‍ട്രോണിക്സ് സംഗീതം ആണ്.മരണങ്ങളും ശവമടക്കുകളും നമുക്കിന്ന് ആഘോഷമാണ് . ‘വിലാപയാത്ര‘ കടന്ന് പോകുന്ന വഴിയില്‍ മരിച്ചവന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന സാംസ്കാരിക അധപതനത്തിലേക്ക് നമ്മള്‍ തരംതാണിരിക്കുന്നു. നിങ്ങളൊന്ന് റോഡിലേക്കിറങ്ങി നോക്കൂ.
മരിച്ചവന്റെ ഫോട്ടോകള്‍ വച്ച് തയ്യാറാക്കിയിരിക്കുന്ന ഫ്ലക്സുളും ,ബാനറുകളും , വര്‍ണ്ണ പോസ്റ്റ്‌റുകളും എത്രവേണമെങ്കിലും കാണാന്‍ കഴിയും. ഇതിപ്പോള്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. മരിച്ചവരോടുള്ള ആദരവ് സൂചിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഫ്ലക്സ് ബോര്‍ഡുകള്‍
മാറിയെങ്കില്‍ നമ്മുടെ എല്ലാവരുടേയും മാനസികാവസ്ഥയ്ക്ക് എന്തോ കുഴപ്പം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു മരണക്വയറിന് (ഇങ്ങനെ ആരും പറയാറില്ല ഫ്യൂണേറിയല്‍ ക്വയര്‍ എന്നേ പറയൂ) മൂവായരത്തഞ്ചൂറു മുതല്‍ മുകളിലേക്കാണ് റേറ്റ്. റോഡില്‍ക്കൂടിയുള്ള ‘വിലാപയാത്രയില്‍‘ പാടുന്നതിനാണ് ഈ കാശ്. പക്ഷേ ഇപ്പോള്‍ മരണക്വയറില്‍ പാടാനായി ആരേയും വിളിക്കാരില്ല.മൈക്ക് സെറ്റുകാരോട് പറഞ്ഞ് സിഡിപ്ലയറിലൂടെ ‘ഫ്യൂണേറിയല്‍ ക്വയര്‍‘ നടത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതാവുമ്പോള്‍ രണ്ടായിരിത്തഞ്ചൂറ് രൂപയില്‍ നില്‍ക്കും. മരിച്ചവീട്ടില്‍ ബന്ധുക്കളും, അയല്‍‌ വാസികളെല്ലാം കൂടി രാത്രിയില്‍ പാട്ടുപാടുന്ന പതിവ് നമ്മുടെ
നാട്ടിലുണ്ടായിരുന്നു. ഇപ്പോള്‍ ആ പാട്ട് പാടുന്ന പതിവും ചില സ്ഥലങ്ങളില്‍ മൈക്ക് സെറ്റുകാരുന്റെ സിഡിപ്ലയര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ദൂരെയുള്ള മക്കളും ബന്ധുക്കളും വരുന്നതിനായി ഇന്ന് മൃതശരീരം മോര്‍ച്ചറിയില്‍ വയ്‌ക്കുന്നത് സര്‍വ്വ സാധാരണമാണ്. വാഹനങ്ങളുടെ അകമ്പടിയോടെ ബന്ധുക്കള്‍ മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും . അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്തങ്ങളുടെ വിലയും നിലയും സമൂഹത്തില്‍ കൂടുമന്നുള്ള ഒരു തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. മരിച്ചുകിടക്കുന്ന വ്യക്തി വയ്യാതെകിടന്നിരുന്ന സമയത്ത് വണ്ടി വിട്ടുകൊടുക്കാത്തവന്മാരാണ് മരിച്ചവന്റെ വര്‍ണ്ണ ചിത്രം ഗ്ലാസില്‍ ഒട്ടിച്ച് മൃതശരീരത്തിന് ‘അകമ്പടി’ സേവിക്കുന്നത്. ഈ യാത്രയില്‍ ഏറ്റവും മുന്നില്‍ മരിച്ചവന്റെ ‘മേന്മകള്‍’ വിളംബരം ചെയ്തുകൊണ്ട് ഒരു അനൌണ്‍സ്‌മെന്റ് കം ഫ്യൂണേറിയല്‍ ക്വയര്‍ വാഹനം ഉണ്ടായിരിക്കും.

ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറികളുടെ കാലമാണല്ലോ ? അതുകൊണ്ട് മൃതശരീരം മോര്‍ച്ചറിയില്‍ കൊണ്ടുവയ്ക്കേണ്ട കാര്യമില്ല മോര്‍ച്ചറി മൃതശരീരത്തെ തേടി വീട്ടിലേക്ക് വരും.( മമ്മദ് മലയെത്തേടി ചെന്നില്ലങ്കില്‍ മല മമ്മദിനെത്തേടി വരുമെന്ന് പറയുന്നതുപോലെ.!!). പണ്ട് ഒരാള്‍
മരിച്ചു കഴിഞ്ഞാല്‍ നേരത്തോടു നേരത്തില്‍ കൂടുതല്‍ മൃതശരീരം വീടുകളില്‍ വയ്ക്കില്ലായിരുന്നു. ഇപ്പോള്‍ എത്രനേരം വേണമെങ്കിലും മൃതശരീരം വീട്ടില്‍ വയ്ക്കാം. ( അനാവിശ്യമായി ഈ സൌകര്യം ഉപയോഗിക്കുമ്പോള്‍ ഇതും ഒരു ആഡംബരം ആകുന്നു.) .

അടുത്ത സമയം മുതല്‍ ‘വിലാപയാത്രയില്‍‘ ‘ഡ്രസ്സ് കോഡു‘കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടത്രെ!!!. രണ്ടുമാസം മുമ്പ് പത്തനം‌തിട്ടയ്ക്ക് അടുത്തുകിടക്കുന്ന ഒരു സ്ഥലത്ത് നടന്ന് ശവമടക്ക് ചടങ്ങുകളില്‍ മരിച്ചയാളിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുത്തത് പറഞ്ഞ് ജനങ്ങള്‍ ഇപ്പോഴും പരിഹാസത്തോടെ ചിരിക്കാറുണ്ട്. (എല്ലാവര്‍ക്കും കറുത്തഡ്രസ് കിട്ടുന്നതിനു വേണ്ടിശവമടക്ക് ഒരു ദിവസം താമസിപ്പിച്ചന്നും , അതല്ല ഇവന്റ് മാനേജു‌മെന്റ് ഗ്രൂപ്പാണ് വസ്ത്രങ്ങള്‍ നല്‍കിയതെന്നും പറയുന്നുണ്ട്.). മരണചടങ്ങുകളില്‍
പോലും വേഷം കെട്ടി ആടുന്നവരെക്കുറിച്ച് എന്ത് പറയാന്‍. ????

ഇപ്പോള്‍ ഫ്യുണേറിയല്‍ ഇവന്റ് മാനേജു‌മെന്റ് ഗ്രൂപ്പുകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് . ശവമടക്ക് ചടങ്ങുകള്‍ അവരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്നത് മുതല്‍ അടിയന്തരം വരെയുള്ള കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. പണം അല്പം കൂടുതലായാലും
ബന്ധുക്കള്‍ക്ക് ‘സമാധാന‘മായി മരണച്ചടങ്ങുകളില്‍ പങ്കെടുക്കാം.

പണ്ട് നടന്നിട്ടുള്ള ശവമടക്കുകളില്‍ ആഡംബരമായി നമ്മള്‍ കണ്ടിരുന്നത് ‘ബാന്റ്‌മേള’ക്കാരെ യായിരുന്നു. അതും നൂറില്‍ ഒരു ശവമടക്കിനുമാത്രം. ഡിജിറ്റല്‍ യുഗത്തില്‍ ഈ ‘ബാന്റ്‌മേള’ക്കാര്‍ കാലത്തിന്റെ മറവിയില്‍ എവിടേക്കോ പോയിക്കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴുള്ളതൊന്നും ആഡംബരങ്ങള്‍ അല്ലന്ന് നിങ്ങള്‍ക്ക് പറയാം. എന്തിനേയും എതിര്‍ക്കുന്നവന്റെ മനോഭാവം എന്ന് പറഞ്ഞ് നിങ്ങള്‍ക്കിത് തള്ളിക്കളയാം . എന്നാലും ഒന്ന് ഓര്‍ക്കുക ;ഈ ധൂര്‍ത്തിന്റെ ഒരല്പം ഉണ്ടങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ചികിത്സയ്ക്കും വിവാഹത്തിനും കഴിയാതെ കണ്ണീര്‍ പൊഴിക്കുന്ന ഒരാളുടെ എങ്കിലും കണ്ണീരൊപ്പാന്‍ കഴിയും. അതായിരിക്കും മരിച്ചവനുവേണ്ടിയുള്ള നമുക്ക് ചെയ്യാവുന്ന ശരിയായ
ആദരാഞ്ജലി ....

11 comments:

പ്രിയ said...

താന്‍ മരിക്കുമ്പോള്‍ സ്വര്ണകുരിശും വെള്ളിക്കുരിശും കൊണ്ടു വരണംന്ന് പറഞ്ഞിരുന്ന, അതിനായുള്ള പണം ബാങ്കില്‍ താന്‍ ഇട്ടിട്ടുണ്ടെന്ന് ഇടക്കിടെ പറഞ്ഞിരുന്ന ഒരു പ്രായമുള്ള ഒരു പാവപ്പെട്ട പിശുക്കി വല്യമ്മ എന്റെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ മരിച്ചപ്പോ മക്കള്‍ അത് കൊണ്ടു വന്നോ എന്നെനിക്കറിയില്ല. സാദ്ധ്യത കുറവാണ് :)

" ഈ ധൂര്‍ത്തിന്റെ ഒരല്പം ഉണ്ടങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ചികിത്സയ്ക്കും വിവാഹത്തിനും കഴിയാതെ കണ്ണീര്‍ പൊഴിക്കുന്ന ഒരാളുടെ എങ്കിലും കണ്ണീരൊപ്പാന്‍ കഴിയും. അതായിരിക്കും മരിച്ചവനുവേണ്ടിയുള്ള നമുക്ക് ചെയ്യാവുന്ന ശരിയായ
ആദരാഞ്ജലി .... "

ഇതിന് മാത്രം ഉള്ള കമന്റ് ആണിത്.

ചാണക്യന്‍ said...

പണക്കൊഴുപ്പിന്റെയും മേനി പറച്ചിലിന്റേയും
ജാഡകളുടേയും ലോകത്ത്....നമുക്ക് എല്ലാം ആഘോഷമാക്കാം സുഹൃത്തെ...

പോസ്റ്റിനു അഭിവാദ്യങ്ങള്‍....

പാലിശ്ശേരി said...

@ഈ ധൂര്‍ത്തിന്റെ ഒരല്പം ഉണ്ടങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ചികിത്സയ്ക്കും വിവാഹത്തിനും കഴിയാതെ കണ്ണീര്‍ പൊഴിക്കുന്ന ഒരാളുടെ എങ്കിലും കണ്ണീരൊപ്പാന്‍ കഴിയും. അതായിരിക്കും മരിച്ചവനുവേണ്ടിയുള്ള നമുക്ക് ചെയ്യാവുന്ന ശരിയായ
ആദരാഞ്ജലി ....


നല്ല പോസ്റ്റ് ആയിരുന്നു.സത്യസന്ധമായ കാര്യങ്ങളാണ്` പറഞ്ഞിരിക്കുന്നത്.ക്രിസ്ത്യന്‍ മത വിഭാഗക്കാരുടെ ശവസംസ്കാരചടങ്ങുകള്‍ വളരെ ആഡംബരമാണെന്ന് പരക്കെ കേള്ക്കുന്ന ഒരു ആക്ഷേപമാണ്.അപ്പന്റെ ശവസംസ്കാരച്ചടങ്ങുകള്‍ മറ്റ് വീഡിയോക്കാര്‍ക്ക് പുറമെ സ്വന്തം ഹാന്‍ഡികാമില്‍ പകര്‍ത്തി ആഘോഷിച്ച ഒരു മകനെപറ്റി ഒരു തിരുമേനി മനോരമയില്‍ എഴുതിയതാണ് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തത്.ഇതൊക്കെ സ്വയം തോന്നി നിര്‍ത്തേണ്ട അല്‍പത്തരങ്ങള്‍ ആണ്.

M.A Bakar said...

ഞങ്ങള്‍ മുസ്ളിംകള്‍ക്ക്‌, പണ്ട്‌ (വളരെ പണ്ടല്ല) വിഹാഹത്തിനു സ്റ്റില്‍ കാമറ ഉപയോഗിക്കുന്നതു തന്നെ മതപരമായ ഒരു തെറ്റായിരുന്നു... ഇന്ന്‌ അതൊന്നും ഇല്ലെങ്കിലാണു തെറ്റ്‌...

എന്തുകൊണ്ടോ ശവമടക്കിനു ഇതെവരെ ഒരുതരത്തിലുള്ള കാമറയും ഉപയോഗിച്ഛു കാണുന്നില്ല.. അതും ഉടനെ തന്നെ ക്രിസ്ത്യന്‍ ശവമടക്ക്‌ പോലെ ഉണ്ടാകുമെന്ന്‌ ന്യായമായും പ്രതീക്ഷിച്ഛു കഴിയുകയാണു..

ഞങ്ങളും വിട്ടുതരില്ല... !!

ശിവ said...

ഹ ഹ! എന്തു പറയാന്‍, കാലം മാറിയതനുസരിച്ച് നമ്മളൊക്കെ ഒരുപാട് മാറിയില്ലേ? അപ്പോള്‍ ഈ കാര്യത്തിനും കാലത്തിനനുസരിച്ച് മാറ്റം ഉണ്ടായതാവാം....

പിന്നെ ധൂര്‍ത്തിന്റെ കാര്യം. ഇതൊക്കെ മാതൃകാസ്ഥാനത്തിരിക്കുന്നവര്‍ തന്നെ കാണിക്കുമ്പോള്‍ പിന്നെ സാധാരണ ജനം എന്തു ചെയ്യാന്‍.....

ഇതൊക്കെ എന്റെ അഭിപ്രായം മാത്രം....

ഒരു കാര്യം കൂടി, നമുക്ക് ഇങ്ങനെ വിലപിക്കാന്‍ മാത്രം കഴിയും...ഒന്ന് ഓര്‍ത്തു നോക്കൂ താങ്കള്‍ക്ക് പോലും താങ്കളുടെ മരണാനന്തര ചടങ്ങ് തീരുമാനിക്കാന്‍ കഴിയില്ല...ഒരു പക്ഷെ അത് ഇതിനേക്കാള്‍ ആഡംബരപൂര്‍വ്വം ആയിരിക്കും....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കലികാലം എന്നു പറഞ്ഞു സമാധാനിക്കാം. പാലക്കാട്‌ ഇക്കാര്യത്തില്‍ ഇത്രമുന്നേറിയിട്ടില്ല എന്നും സമാധാനമുണ്ട്‌. അതുകൊണ്ട്‌ പുതിയ അറിവ്‌.

നല്ല പോസ്റ്റ്‌. (പക്ഷേ അക്ഷര തെറ്റുകള്‍ അധികമുണ്ട്‌. തലക്കെട്ടില്‍ തന്നെ അക്ഷരത്തെറ്റോ എന്ന കൌതുകമാണ്‌ ഈ പോസ്റ്റിലേക്കു കയറാന്‍ ഇടയാക്കിയത്‌)

ബിനോയ് said...

ശവമടക്ക് ആഘോഷം ഇത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടല്ലേ. എന്നിട്ടാണ് വികസനമില്ല വികസനമില്ല എന്നു വെറുതേ..
ലേഖനം നന്നായീട്ടോ :)

എം.എസ്. രാജ്‌ said...

മരിക്കുന്നതിനെ പേടിക്കണ്ട, അടക്കുന്നതാ പേടിക്കേണ്ട സംഭവം എന്നായിരിക്കും ആത്മാക്കള്‍ ഇപ്പോ പറഞ്ഞു നടക്കുന്നത്.

അപ്പു said...

വളരെ സുന്ദരമായി ഒരു അപ്രിയസത്യം അവതരിപ്പിച്ച പോസ്റ്റ്. ഇത് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്. വളരെ അധപ്പതിച്ചുപോയിരിക്കുന്നു ഇന്നു കേരളത്തിലെ ക്രിസ്ത്യന്‍ ശവസംസ്കാര രീതികള്‍.

“മരിച്ചവരോടുള്ള ആദരവ് സൂചിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഫ്ലക്സ് ബോര്‍ഡുകള്‍
മാറിയെങ്കില്‍ നമ്മുടെ എല്ലാവരുടേയും മാനസികാവസ്ഥയ്ക്ക് എന്തോ കുഴപ്പം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു“. ഇതു മാത്രമല്ല ‘വിലാപ’ യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരേതന്റെ ചിത്രമുള്ള ബാഡ്ജ് അതും ഫാഷനാണ്.

ഈയിടെ ചെങ്ങന്നൂരിലുള്ള ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിക്കുമുമ്പില്‍ ഒരു നോട്ടിസ് കണ്ടു. അതില്‍ എഴുതിയിരുന്നത് “ആശൂപത്രിയില്‍ കഴിയുന്ന രോഗികളെ മാനിച്ച്, ശവമെടുക്കാന്‍ വരുന്നവര്‍ ദയവായി ആശുപത്രി പരിസരത്തുവച്ച് റിക്കോര്‍ഡ് പ്ലയറില്‍ മരണഗീതങ്ങള്‍ ആലപിക്കരുത്” - അല്ലെങ്കില്‍ ആശുപത്രി മുറ്റത്തുനിന്നേ അങ്ങ് തുടങ്ങും!! പാവം രോഗികള്‍.

ബിന്ദു കെ പി said...

പോസ്റ്റ് പകുതി വായിച്ചുവന്നപ്പോൾ ആലോചിച്ചതേയുള്ളൂ, ഇങ്ങനെയാണെങ്കിൽ മരണാനന്തരചടങ്ങുകളും ഇവന്റ് മാനേജ്‌മെന്റ് ടീമിനെ ഏല്‍പ്പിക്കുന്ന കാലം വിദൂരമല്ലല്ലോ എന്ന്. പക്ഷേ അത് തുടങ്ങിക്കഴിഞ്ഞു എന്ന് അവസാനം മനസ്സിലായി. ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു!

Senu Eapen Thomas, Poovathoor said...

നമ്മള്‍ എന്നും പുതുമകളുടെ പുറകെ ഓടുന്നവരാണു. പുതുമകളെ ഒതുക്കത്തില്‍ തെറി പറയുകയും, അതൊക്കെ പിന്നീട്‌ മാറോട്‌ ചേര്‍ത്ത്‌ താലോലിക്കുകയും ചെയ്യും. കല്യാണ ധൂര്‍ത്തിനെതിരെ ധീരധീരം പോരാടിയ ആള്‍ക്കാരുടെ മക്കളുടെ കല്യാണ ചടങ്ങുകള്‍ നമ്മള്‍ ഈ അടുത്ത കാലത്ത്‌ കണ്ടു. പിന്നെ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന ചൊല്ലും പണ്ടേക്ക്‌ പണ്ട്‌ ഉണ്ടായിരുന്നല്ലൊ....

ഏതായാലും ഷിബു ഇത്രയും പറഞ്ഞതല്ലെ..ദേ ഈ സൈറ്റും കൂടി ഒന്ന് നോക്കിക്കോ..

http://www.farewell.com/

നാളെ ഇതായിരിക്കും കേരളത്തിലെ ഹിറ്റ്‌ ബിസിനസ്സ്‌.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌