Wednesday, September 22, 2010

തൊഴിലുറപ്പ് പദ്ധതിയും കാനവെട്ടും

നമ്മുടെ നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം നടക്കുന്നതില്‍ ഒട്ടുമിക്കതും റോഡ് സൈഡിലെ പോച്ച ചെത്തലും കാനവെട്ടലും ആണന്ന് തോന്നുന്നു. കാന എന്നു പറഞ്ഞാല്‍ ഒന്ന് രണ്ട് തൂമ്പാ താഴ്ചയുള്ള കാന!! ഒരു മഴ കഴിയുമ്പോള്‍ തന്നെ ഈ കാനകള്‍ മണ്ണ് വീണ് നികരുകയും ചെയ്യും. ഒന്നോരണ്ടൊ മാസങ്ങള്‍ കഴിയുമ്പോള്‍ വഴിവക്കില്‍ ആരോടോ വാശി തീര്‍ക്കാന്‍ എന്നവണ്ണം കാട് വളരുകയും ചെയ്യും.. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുക എന്നതോടൊപ്പം സ്ഥിര ആസ്തി സൃഷ്ടിക്കല്‍, ഉത്പാദന വർദ്ധനവ്, പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തല്‍എന്നീ ലക്ഷ്യങ്ങളും ഈ തൊഴില്‍ പദ്ധതിക്ക് ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ എന്തുകൊണ്ടോ 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി എന്ന് വരുത്തി ഫണ്ട് ചിലവഴിക്കുക എന്നതില്‍ കവിഞ്ഞ് ഒട്ടുമിക്ക പഞ്ചായത്തുകള്‍ക്കും താല്‌പര്യമില്ലന്ന് തോന്നുന്നു. ഞങ്ങളുടെ നാട്ടില്‍ തന്നെ റോഡിലെ പോച്ചചെത്തും കനാലിലെ കാടുതെളിക്കലും ആണ് തൊഴിലുറപ്പ് പദ്ധതിയിലെ പരിപാടികള്‍. അവിടെ എന്തെങ്കിലും മറ്റ് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് അദ്ധതിയില്‍ നടക്കുന്നതായി അറിയില്ല. 


നാട്ടിലെ ചില അയല്‍ക്കൂട്ടങ്ങള്‍ നിലം പാട്ടത്തിനെടൂത്ത് നെല്‍‌കൃഷി നടത്തുന്നുണ്ട്. എന്തുകൊണ്ട് പഞ്ചായത്ത് മുന്നിട്ടിറങ്ങി തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നില്ല? തൊഴിലാളികള്‍ക്ക് റോഡിലെ പോച്ച ചെത്തുന്ന പണം നല്‍കി അവര്‍ക്ക്കൃഷി ചെയ്യാനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കുറച്ചൊക്കെ ഭക്ഷ്യ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ കൃഷി വകുപ്പ് എന്നൊരു വകുപ്പുതന്നെ ഉണ്ടന്നൂടെ ഓര്‍ക്കണം. അവര്‍ കൂടി ശ്രമിച്ചാല്‍ നമുക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷി വ്യാപിപ്പിക്കാന്‍ കഴിയും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടത്താനും പ്രയാസമുണ്ടാവില്ല. പല പഞ്ചായത്തുകളിലും നിലങ്ങള്‍ തരിശായി കിടക്കുകയാണ്. 

പല പഞ്ചായത്തുകളിലും അവരുടെ കൈവശം കുറച്ച് ഭൂമികാണും. അവിടെ കൃഷിയോ,കാലിവളര്‍ത്തലോ ഒക്കെ നടത്താവുന്നതാണ്. ഈ ഓണക്കാലത്ത് ഒരു കിലോ നാടന്‍ പയറിന് കിലോയ്ക്ക് 60 രൂപായായിരുന്നു വില. അതുപോലെ മറ്റ് പച്ചക്കറികള്‍ക്കും നല്ല വിലതന്നെ ആയിരുന്നു. പച്ചക്കറി കൃഷിയിലേക്കും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ നല്‍കിയാല്‍ നമുക്കാവിശ്യമുള്ള പച്ചക്കറിയുടെ കാല്‍ ഭാഗമെങ്കിലും നമുക്ക് ഉല്പാദിപ്പിക്കാന്‍ കഴിയും. 

(***ഇത് എന്റെ അഭിപ്രായം മാത്രം) 
(**ചിത്രം: തൊഴിലുറപ്പ് പദ്ധതിപ്രകാരം വഴിവക്കിലെ കാട് തെളിയിക്കുന്നവര്‍. കുടശ്ശനാട് എന്ന സ്ഥലത്ത് നിന്ന് എടുത്തത്)

1 comment:

Anonymous said...

കോട്ടയം എറണാകുളം റോഡ്, തൊഴിലുറപ്പ് പദ്ധതിക്കൊരു മുതല്‍കൂട്ടാണ്‍. :)