Wednesday, October 6, 2010

ഒരമ്മയോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ കഴിയുന്നു

വളരെ യാദൃശ്ചികമായാണ് ഇന്നലെ ഒരു വാര്‍ത്ത കണ്ണില്‍ പെട്ടത്. ആന്ധ്രയില്‍ മാതാപിതാകളുടെ സ്വത്ത് കിട്ടുന്നതിനുവേണ്ടി പെണ്‍‌മക്കള്‍ അമ്മയ്ക്ക് HIV രക്തം കുത്തിവെച്ചന്ന്. പണത്തിനു വേണ്ടി മനുഷ്യര്‍ എത്രയും ക്രൂരന്മാരാകാം എന്നതിന് ഉദാഹരണമായി ഇതിനെക്കാള്‍ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ ഇല്ല. ആന്ധ്രയിലെ ഹൈദരാബാദില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടൂര്‍ പട്ടണത്തിലാണ് സംഭവം. രചകൊണ്ട രംഗ റാവു (62) അദ്ദേഹത്തിന്റെ  ഭാര്യ ഭാരതി(59) എന്നിവരാണ്  ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്....

രചകൊണ്ട രംഗ റാവു തന്റെ ആദ്യ ഭാര്യ മരിച്ചതിനുശേഷമാണ് ഭാരതിയെ വിവാഹം കഴിക്കുന്നത്. രചകൊണ്ടയ്ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത് ആദ്യഭാര്യയിലെ ദുര്‍ഗ്ഗയും(35) ഭാരതിയില്‍ ജനിച്ച കാമേശ്വരിയും(32). ഇദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ പേരായിരുന്നത്രേ കാമേശ്വരി എന്ന്. രചകൊണ്ട രംഗ റാവു , ഭാര്യ ഭാരതി എന്നിവരോട് മക്കള്‍ സ്വത്ത് ചോദിക്കുന്നു. തങ്ങളില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു കഴിഞ്ഞാലേ സ്വത്ത് ഭാഗം വയ്ക്കൂ എന്ന് ഇവര്‍ മക്കളോട് പറയുന്നു. മക്കള്‍ സ്വത്തിനു വേണ്ടി മാതാപിതാക്കളെ നിര്‍ബന്ദിച്ചു കൊണ്ടിരുന്നു. 25 ഏക്കര്‍ പറമ്പും രണ്ട് വീടും സ്വര്‍ണ്ണാഭാരണങ്ങളും ഉള്‍പ്പെടെ ഏകദേശം 50 ലക്ഷം രൂപായുടെ സ്വത്ത് എഴുതി കിട്ടാന്‍ വേണ്ടിയായിരുന്നു മക്കളുടെ ശ്രമം എന്നാണ് രംഗ റാവുവും ഭാരതിയും പറയുന്നത്.  ഒക്‍ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ വെച്ച് ഭാരതിയുടെ രക്തം പരിശോധിച്ചപ്പോഴാണ് താന്‍ HIV ബാധിതയാണന്ന് മനസിലാക്കിയത്. ഇതിനെത്തുടര്‍ന്ന് അവര്‍ മറ്റ് ചില ഡോകടര്‍മാരേയും കൂടി കണ്ടു. കഴിഞ്ഞ വര്‍ഷവും കുറച്ചു മാസങ്ങള്‍ക്ക് മുമ്പും സമാനമായ പരിശോധനകള്‍ നടന്നിരുന്നു എങ്കിലും ഇവരില്‍ HIV വൈറസ് കണ്ടെത്തിയിരുന്നില്ല. വൈറസ് ബാധ അടുത്ത സമയത്താണ് ഉണ്ടായത് എന്ന ഡോക്‍ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തനിക്ക് മക്കള്‍  HIV രക്തം കുത്തിവെച്ചതിനെ തുടര്‍ന്നാണ് ശരീരത്തില്‍ HIV വൈറസ് കടന്ന്ത് എന്ന് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം പനിയും ചുമയും വന്ന ഭാരതിയെ സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സായ മകള്‍ കാമേശ്വരി അമ്മയെ ഡോകടറെ കാണിക്കുകയും അവര്‍ ഏറ്റവും പുതിയ ആന്റി‌ബയോട്ടിക് ആണന്ന് പറഞ്ഞ് ഒരു മരുന്ന് കുത്തിവയ്ക്കുകയും ചെയ്തത്രെ. അതിനു ശേഷം പനി കുറഞ്ഞെങ്കിലും ക്ഷീണവും സന്ധികളില്‍ വേദനയും ഉണ്ടായിരുന്നു എന്നാണ് ഭാരതി പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഒക്‍ടോബര്‍ രണ്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്നതും താന്‍ HIV വൈറസ് ബാധിത ആണന്ന് അറിയുന്നതും. കഴിഞ്ഞ മാസം തനിക്ക് പനിവന്നപ്പോള്‍ ഏറ്റവും പുതിയ ആന്റി‌ബയോട്ടിക് ആണന്ന് പറഞ്ഞ് കുത്തിവെച്ചത് ചുവന്ന മരുന്നാണ് എന്നാണ് ഭാരതി പറയുന്നത്. ഇങ്ങനെയാണ് അവര്‍ പരാതിയും നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ ചുവന്ന നിറത്തിലുള്ള മരുന്ന് എന്ന് പറയുന്നത് HIVവൈറസ് ഉള്ള രക്തം ആയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. രംഗറാവുവും ഭാരതിയും ജില്ലാ കളക്‍ടര്‍ക്കും പൊലീസ് സൂപ്രണ്ടനും പരാതി നല്‍കുകയും  കളക്‍ടര്‍ കാമേശ്വരിയെ സര്‍വീസില്‍ നിന്ന് സ‌സ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. “ഈ സംഭവം ഞങ്ങളേ ഞെട്ടിച്ചു”എന്നാണ് പോലീസ് സൂപ്രണ്ടായ രവിചന്ദ്ര പറഞ്ഞത്. പെണ്‍കുട്ടികള്‍ രണ്ടും ഇപ്പോള്‍ ഒളിവിലാണ്.

ഈ ദമ്പതികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഏറ്റവും നികൃഷ്ടമായ ഒരു ഗൂഡാലോചനയാണ് നടന്നത്. ഒരു എ‌യിഡ്‌സ് രോഗിയോട് സമൂഹം എങ്ങനെയാണ് പെരുമാറുന്നത് എന്നത് നമുക്കറിയാം. സ്വന്തം മകളുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന ആ അമ്മയ്ക്ക് ഇനി മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുകയില്ലന്ന് ഉറപ്പാണ്. പണത്തിനും സ്വത്തിനും വേണ്ടി ചിലര്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കും എന്ന് ഈ സംഭവം ഉദാഹരണമാണ്. 

വൈറസ് പ്രവേശിച്ചിട്ട് ഒരു മാസം കൊണ്ട് HIV വൈറസ് ബാധ ടെസ്റ്റുകളില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റുമോ എന്ന് സംശയമാണ്. പക്ഷേ രചകൊണ്ട രംഗ റാവു- ഭാരതി ദമ്പതികളുടെ പരാതി പോലീസ് സ്വീകരിച്ച് അന്വേഷ്ണം നടക്കുന്നതുകൊണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ സാധിക്കും എന്ന് കരുതാം. സ്വത്തിനു വേണ്ടി മാതാപിതാക്കളെ കൊല്ലുന്നതൊക്കെ നമ്മള്‍ പലപ്പോഴും വായിച്ചിട്ടുണ്ടങ്കിലും ഇതുപോലൊരു ക്രൂരത ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

ഇവിടെനിന്നൊക്കെയാണ് വിവരങ്ങള്‍ കിട്ടിയത് :
http://gatturadha.wordpress.com/2010/10/04/daughters-inject-aged-mother-with-hiv-blood-for-property/
http://expressbuzz.com/cities/hyderabad/daughters-inject-hiv-infected-blood-to-mother/212522.html
http://www.digitaljournal.com/article/298539
http://www.telegraphindia.com/1101005/jsp/nation/story_13019492.jsp
http://thatsmalayalam.oneindia.in/news/2010/10/06/india-daughters-inject-hiv-blood-to-mother.html


ഈ സംഭവം ആണന്ന് തോന്നുന്നു... ഒരു യുട്യൂബ് ലിങ്ക് :