കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോള്‍ കുറേ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകള്‍ കാണാന്‍ ഇടയായി. എനിക്കറിയാവുന്ന, ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആ സ്കൂളില്‍ പഠിച്ച അഞ്ചാറു പെണ്‍കുട്ടികളുടെ പോസ്‌റ്ററുകളും കണ്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അമ്പതു ശതമാനം സംവരണം ആക്കിയതിന്റെ പ്രതിഫലനമാണ് ആ പെണ്‍കുട്ടികളുടെ സ്ഥാനാര്‍ത്ഥിത്വം. ആ കുട്ടികള്‍ക്ക് ഇന്നുവരെ എന്തെങ്കിലും രാഷ്‌ട്രീയം ഉണ്ടതായിട്ടോ അവറ് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതേയായി ഞാന്‍ അറിഞ്ഞിട്ടേ ഇല്ലേ. പക്ഷേ ഇന്നവര്‍ പഞ്ചായത്ത് ബ്ലോക്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ആണ്. ജയിച്ചുകഴിഞ്ഞാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇരുന്നു കൊണ്ട് നമ്മളെ ഭരിക്കേണ്ടിയവര്‍. പക്ഷേ അവര്‍ അധികാര കസേരയില്‍ ഇരിക്കുമെങ്കിലും ഭരണം മറ്റാരെങ്കിലും ആയിരിക്കുമോ എന്ന് ഉത്തരം നല്‍കേണ്ടത് അവരുടെ ഭരണത്തിന്റെ ദിനങ്ങളാണ്.
ഒരു രാഷ്‌ട്രീയ പാരമ്പര്യമോ, ജനസേവന പാരമ്പര്യമോ എന്തിന് നാലാള്‍ കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാന്‍ തന്നെ മടിക്കുന്ന ആളുകളാണ് സ്ഥാനാര്‍ത്ഥികളായി നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്ന പലരും. “എന്നെ ജയിപ്പിക്കണം” എന്നല്ലാതെ മറ്റെന്തെങ്കിലും പറയാന്‍ ഈ സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും അറിയില്ല. വീട്ടുകാരുടയോ ബന്ധുക്കളുടയോ പാര്‍ട്ടികളുടയോ നിര്‍ബന്ധം കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥി വേഷം കെട്ടേണ്ടി വന്നവരാണ് പലരും. ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ തങ്ങള്‍ക്ക് ഈ വാര്‍ഡില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നോ, തങ്ങളുടെ അധികാരം എന്തായിരിക്കുമെന്നോ എന്നോ ഇവരില്‍ ഭൂരിപക്ഷത്തിനും അറിയില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഓടിച്ചിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥി വേഷം കെട്ടിച്ചവരാണ് ഇവരില്‍ മിക്കവരും. എന്ത് കൊണ്ട് ഞാന്‍ ഈ വാര്‍ഡില്‍ മത്സരിക്കുന്നു എന്ന് പറയാന്‍ ഇവര്‍ക്കിപ്പോഴും കഴിയില്ല.
മത്സരിക്കാത്ത രാഷ്ട്രീയക്കാര്‍.
നിങ്ങളുടെ പഞ്ചായത്തോ ബ്ലോക്കോ ജില്ലാ പഞ്ചായത്തോ സ്ത്രി സംവരണം ആണോ? എങ്കില്‍ ആ പഞ്ചായത്ത് /ബ്ലോക്ക്/ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റ് ഒന്നു പരിശോധിക്കുക. നമ്മള്‍ രാഷ്ട്രീയ നേതാവ് എന്ന് പറയുന്ന വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം എത്രയുണ്ടന്ന് നോക്കുക. വളരെ വളരെ കുറവായിരിക്കും. തന്നിലേക്ക് അധികാരം എത്തില്ല എന്ന് ഉറപ്പായതുകൊണ്ട് ഇല്ലാത്ത അധികാരത്തിന് മത്സരിക്കുന്നതില്‍ കാര്യമില്ല എന്ന് മനസിലാക്കിയിട്ടാണ് അവര്‍ മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. സ്ത്രി സംവരണം ആയ കാലാവധി തീരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കുന്ന പലരും ഞാന്‍ ഈ പ്രാവിശ്യം മത്സരിക്കുന്നില്ല എന്ന് പറഞ്ഞ് സ്വയം ഒഴിയാന്‍ നോക്കിയതും ഒരിക്കല്‍ താന്‍ ഇരുന്ന കസേരയില്‍ ഒരു സ്ത്രി ഇരിക്കുന്നതുകാണാനുള്ള ശക്തിയില്ലായ്മ കൊണ്ടുതന്നെയാണ്. രാഷ്‌ട്രീയം എന്നത് രാഷ്‌ട്രത്തെ സേവിക്കുന്നതിനെക്കാള്‍ സ്വയം സേവനം ആയി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലങ്കിലും ഞാനെന്നും ജനസേവകന്‍ ആയി ഇരുന്നോളാം എന്ന് ഈ ഇലക്ഷന്‍ കാലം മുതല്‍ ആണ്‍രാഷ്ട്രീയക്കാര്‍ പറഞ്ഞു തുടങ്ങി.
ഒരു സ്ഥാനാര്‍ത്ഥിയുടെ ജനനം
സ്ഥാനാര്‍ത്ഥി മോഹികളുടെ മനസില്‍ തീ കോരിയിട്ടാണ് വാര്‍ഡ് പുനര്‍ വിഭജനം നടന്നത്. കണ്ണ്‌വെച്ച വാര്‍ഡ് ഒന്നുകില്‍ സ്ത്രി സംവരണം അല്ലങ്കില്‍ പിന്നോക്ക സംവരണം. മത്സരിക്കാന്‍ പറ്റുന്ന ജനറല്‍ സീറ്റില്‍ അയില്‍വക്ക വാര്‍ഡില്‍ നിന്നുവരെ സീറ്റ് മോഹികള്‍ എത്തുന്നു. ഞാന്‍ ഈ വാര്‍ഡില്‍ നിന്നാല്‍ പുല്ലു പോലെ ജയിക്കും എന്ന് വാര്‍ഡില്‍ കാലുകുത്തിയിട്ടില്ലാത്തവന്മാര്‍ വരെ വലിയ നേതാക്കള്‍ക്ക് എഴുത്തും എഴുതി കാത്തിരുന്നു. ചിലവന്മാര്‍ പത്രിക തന്നെ സമര്‍പ്പിച്ചു. പാറ്ട്ടി മീറ്റിംങ്ങ് കൂടിയപ്പോള്‍ ജനറല്‍ വാര്‍ഡിലേക്ക് പത്തോളം പേരുടെ അവകാശ വാദം. ആകെ ആ വാര്‍ഡില്‍ താമസിക്കുന്നത് പത്ത് സീറ്റു മോഹികളില്‍ ഒരാള്‍ മാത്രം. പറഞ്ഞ് പറഞ്ഞ് അവസാനം സീറ്റിനു മൂന്നു പേരായി.“സൊസൈറ്റി ഇലക്ഷനില്‍ നിന്ന് തോറ്റാല്‍ പഞ്ചായത്ത് ഇലക്ഷനില്‍ നിര്‍ത്തി ജയിപ്പിക്കാം“ എന്ന് നിങ്ങളല്ലേ പറഞ്ഞത് എന്ന് ഒരാള്‍. ഈ വാര്‍ഡില്‍ നമ്മുടെ പാര്‍ട്ടിക്കാരനായി ഷര്‍ട്ടിട്ട് നടക്കുന്നത് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് വേറെ ഒരാള്‍. യുവാക്കള്‍ മത്സരിക്കണമെന്നാ വലിയ നേതാവ് പറഞ്ഞത് എന്ന് മൂന്നാമന്‍. അവസാനം രണ്ടാമന് സീറ്റ് ഉറപ്പിച്ചപ്പോള്‍ മൂന്നാമന്‍ റിബലായി. റിബലായി നില്‍ക്കണ്ടായെങ്കില്‍ ബ്ലോക്ക് സീറ്റ് മൂന്നാമന്റെ ഭാര്യയ്ക്ക് നല്‍കണം. അങ്ങനെ മൂന്നാമന്റെ ഭാര്യ സ്‌ഥാനാര്‍ത്ഥി ആകുന്നു. ആ സ്ത്രിക്ക് രാഷ്ട്രീയം ഇല്ല.. എന്തെങ്കിലും ജനകീയ പ്രശ്നത്തില്‍ ഇടപെട്ട് അറിവില്ല. എന്തിന് തനിക്കെങ്ങനെ സ്ഥാനാര്‍ത്ഥിത്വം കിട്ടിയെന്ന് തന്നെ ആ പെണ്‍കുട്ടിക്ക് അറിയില്ല... ഇനി ആ കുട്ടി ഇലക്ഷനില്‍ ജയിച്ചാല്‍ തന്നെ എന്തായിരിക്കും ഭരണം??? സമൂഹത്തില്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുകയും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റ് സ്ത്രികള്‍ ഉള്ളപ്പോഴാണ് ഇങ്ങനെയൊരു സ്ഥാനര്‍ത്ഥിയെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി കണ്ടെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഇല്ലാതെ സാമൂഹിക സേവനം നടത്തുന്ന സ്ത്രികള്‍ ജയിച്ചു കഴിഞ്ഞാലും പാര്‍ട്ടിയെ ഗൌനിക്കില്ല എന്നതുകൊണ്ടായിരിക്കാം രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെയുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കാന്‍ മടിക്കുന്നത്.
കുടുംബശ്രിയും ജനശ്രിയും
കുടുംബശ്രി/അയല്‍ക്കൂട്ടവും ജനശ്രിയും ഉള്ളതുകൊണ്ട് നമ്മുടെ രണ്ട് പ്രമുഖ രാഷ്ട്രീയ മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ത്ഥികളേ തിരക്കി വിടൂ വീടാന്തരം കയറി ഇറങ്ങേണ്ടി വന്നില്ല. കുടുംബശ്രി/അയല്‍ക്കൂട്ടത്തില്‍ നിന്ന് ഇടതുപക്ഷവും ജനശ്രിയില്‍ നിന്ന്‍ വലതുപക്ഷവും തങ്ങള്‍ക്ക് ആവീശ്യമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ചിലയിടങ്ങളില്‍ ജനശ്രിയില്‍ നിന്ന് ഇടതുപക്ഷവും അയല്‍കൂട്ടത്തില്‍ നിന്ന് വലതുപക്ഷവും സ്ഥാനാര്‍ത്ഥികളെ എടുത്തിട്ടുണ്ട്. അയല്‍ക്കൂട്ടം ജനശ്രിയില്‍ നിന്ന് ഉള്‍ക്കൊണ്ട് നേതൃപാടവും ഭരണപരിശീലനവും അവര്‍ക്ക് എത്രമാത്രം തദ്ദേശഭരണസ്ഥാപനങ്ങളില്‍ പ്രായോഗികമാക്കാന്‍ കഴിയും എന്നത് അവരവരുടെ തന്നെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കും. ഒരു അയല്‍ക്കൂട്ടത്തെ നയിക്കുന്നതുപോലെ എളുപ്പമുള്ള ഒന്നായിരിക്കില്ല പഞ്ചായത്ത് ഭരണം. കുടുംബശ്രിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍ ഉണ്ട് എന്നുള്ളതുകൊണ്ട് തീരുമാനങ്ങളിലേയും അവയുടെ നടപ്പാക്കലുകളുടേയും നയതന്ത്രപരമായ ഒരു അറിവ് അയല്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ അവര്‍ സ്പോണ്‍സര്‍ചെയ്യുന്നത് മാത്രം കൈയ്യടിച്ച് നടപ്പാക്കാന്‍ വിധിക്കപെട്ട ജനശ്രീയില്‍ നിന്ന് പഞ്ചായത്ത് ഭരണ സംവിധാനത്തിലേക്ക് എത്തപ്പെടുന്ന ഒരാള്‍ക്ക് രാഷ്‌ട്രീയ നയതന്ത്രത്തിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വന്തമാക്കാന്‍ കുറേ സമയം എടൂക്കേണ്ടി വരുമായിരിക്കും.
അഴിമതിയും ഭരണവും
സ്ത്രികള്‍ ഭരണത്തില്‍ എത്തിയാല്‍ അഴിമതിക്ക് കുറവുണ്ടാകും എന്ന് പലരും അഭിപ്രായപ്പെട്ട് കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന അഴിമതി ആരോപണങ്ങളി ഉള്ളത് മായാവതി ആണ്. കുമാരി ജയലളിതയ്ക്ക് എതിരേയും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിട്ടുണ്ട്. സ്ത്രികള്‍ ഭരിക്കുന്നതുകൊണ്ട് അഴിമതി ഉണ്ടാകില്ല എന്ന് കരുതുന്നതില്‍ കാര്യമില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്. പക്ഷേ കേരളത്തിലെ സ്ത്രികള്‍ സ്വയം അഴിമതി നടത്തുമെന്ന് കരുതുന്നതില്‍ കാര്യവുമില്ല. പാര്‍ട്ടിക്കോ വീട്ടുകാരോ നിര്‍ബന്ധിച്ചാല്‍ അവര്‍ക്ക് അഴിമതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എത്രകണ്ട് കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അഴിമതിയുടെ അളവ്.
അടുക്കളയില്‍ നിന്ന് ഭരണത്തിലേക്ക്
സ്ത്രി ശാക്തീകരണത്തിന് 50 ശതമാനം സംവരണം ഇടയാക്കുമെന്ന് തന്നെ കരുതുക. പല പുരുഷ നേതാക്കളിലും പെരുന്തച്ചന്‍ കോമ്പ്ലക്സ് ഉണ്ടാകും എന്നതില്‍ സംശയം വേണ്ട. അവര്‍ മാനസികമായി ഭരണം നടത്തുന്ന സ്ത്രികളെ വിഷമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇപ്പോഴുള്ള പഞ്ചായത്ത് ഭരണത്തിലുള്ള സ്ത്രികളില്‍ കുറച്ചാളുകള്‍ തങ്ങള്‍ക്ക് രാഷ്ട്രീയ - ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവരുന്ന നിസഹകരണത്തെക്കുറിച്ച് പരാതിപറഞ്ഞിട്ടുണ്ട്. ഒന്നു രണ്ടു വനിതാ പ്രസിഡണ്ടുമാര്‍ രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ സ്ത്രികള്‍ക്ക് നേരിടേണ്ടി വരുന്ന പല പ്രശ്നനങ്ങള്‍ക്കും വളാരെ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ ഒരു സ്ത്രി പ്രസിഡണ്ടിന് കഴിയും. എന്താണ് സ്ത്രികളുടെ പ്രശ്നം അതിന് എന്താണ് പരിഹാര മാര്‍ഗം എന്നൊക്കെ മനസിലാക്കാന്‍ അയല്‍ക്കൂ പ്രവര്‍ത്തന പരിചയം ഉള്ള ഒരു സ്ത്രിക്ക് പെട്ടന്ന് കഴിയും. ഒരു കുടുംബത്തെ നയിക്കുന്നതുപോലെ എളുപ്പപണിയൊന്നും അല്ല പഞ്ചായത്ത് ഭരണം എന്ന് ആര്‍ക്കും അറിയാം. പ്രതിപക്ഷത്തിന്റേയും ജനങ്ങളുടേയും സഹകരണം ഉണ്ടങ്കില്‍ അവര്‍ക്ക് വികസനത്തിലെക്ക് തന്റെ നാടിനെ ഉയര്‍ത്താന്‍ കഴിയും. സ്ത്രികളുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ക്കെങ്കിലും പ്രതിപക്ഷത്തെ വനിതാംഗങ്ങളും രാഷ്‌ട്രീയ വൈരം മറന്ന് വനിതാ പ്രസിഡണ്ടിനെ പിന്തുണയ്ക്കും എന്ന് നമുക്ക് പ്രതീക്ഷീകാം. ചില പ്രതീക്ഷകള്‍ ആണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.
സംവരണം ചൂതാട്ടം ആകുമോ?
ഭരിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കപെട്ടവര്‍ തന്നെയാണ് നമ്മള്‍ ഭരിക്കുന്നതെങ്കില്‍ ഈ ചൂതാട്ടം വിജയിച്ചു എന്നു തന്നെ പറയാം. അതിനു നമ്മുടെ രാഷ്ട്രീയക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും സമ്മര്‍ദ്ദം ചിലപ്പോള്‍ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ സ്ത്രിക്ക് കഴിയുന്നില്ലങ്കില്‍ സംവരണം എന്ന ചൂതാട്ടം പരാജയമാവും.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായ എല്ലാ സ്ത്രികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും നമ്മളേ ഭരിക്കേണ്ടിയവരെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ ആരും മാറിനില്‍ക്കരുതെന്നും പറഞ്ഞുകൊണ്ടും ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
8 comments:
ഇതൊരു തുടക്കം മാത്രമല്ലേ, ഷിബു.
നമുക്ക് തൽക്കാലം ശുഭാശംസകൾ നേരാം.
സ്ത്രീകൾ വരുന്നതുകൊണ്ട് രാഷ്ട്രീയം അല്പം മെച്ചപ്പെടും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
50%50
എന്തായാലും നമ്മക്കോന്നു നോക്കാം.... കുറേക്കാലം രാഷ്‌ട്രീയ പാരമ്പര്യമോ, ജനസേവന പാരമ്പര്യമോ ഉള്ളവര്‍ ഭരിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലല്ലൊ കുറേ അഴിമതി മാത്രമല്ലെ ഉള്ളൂ....ഇനി എങ്കിലും മാറുമാരിക്കും.........
എന്റെ നിയോജകമണ്ഡലത്തിൽ സ്ത്രീ അല്ലാത്തതിനാലും പട്ടികജാതി അല്ലാത്തതിനാലും എന്റെ മത്സരാവകാശം നിഷേധിക്കപ്പെടുന്നു. എന്തു സ്വാതന്ത്ര്യമാണ് ജനാധിപത്യമതേതര ഇന്ത്യ ഒരു പൌരനു നൽകുന്നതെന്ന് അവകാശപ്പെടുന്നത്..
ജയിച്ച് കസേരയിൽ ഇരിയ്ക്കാമെന്നല്ലാതെ!!!
ഭരണം ‘ആണുങൾ’നടത്തും. അത്ര തന്നെ. അല്ലാതെ നമ്മൾ ഉദ്ദേശിക്കുന്നതുപോലെ വലിയ മാറ്റങൾ ഒന്നും വരില്ല.
ഈശോയുടെ നിരീക്ഷണങൾ നന്നായിട്ടുണ്ട്.
മൈന എഴുതിയ ആ ലേഖനം കണ്ടിരുന്നില്ലേ ഈശോ?
മൈന ഉമൈബാൻ എഴുതുന്നു :
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-132790
Collapse this post
എല്ലാം നല്ലതിനായിരിക്കട്ടെ... സ്ത്രീകളും കഴിവ് തെളിയിക്കട്ടെ... അവസരങ്ങൾ കിട്ടിയാൽ നമ്മളിൽ പലരും കക്ഷിരാഷ്ട്രീയക്കാരേക്കാൾ നന്നായി രാഷ്ട്രീയം കൈകാര്യം ചെയ്യും... അത് ഒരു വശം...
മറ്റൊരു വശം... പഞ്ചായത്ത് ഭരണം പൂർണ്ണമായും പാർട്ടിനേതാക്കൾ നിയന്ത്രിക്കും...
അല്ല ചുമ്മാ ഒന്ന് ചോദിക്കട്ടെ... 33.33% ശതമാനം സ്ത്രീകൾ ഭരണത്തിൽ വന്ന് പഞ്ചായത്ത് ശരിയായി നിയന്ത്രിച്ചതിന് ശേഷമാണോ നാം 50% തീരുമാനിച്ചത്, അതോ ഒരു രാഷ്ട്രീയ അജണ്ടയോ?
ഏതെങ്ങിലും ഒരു പാർട്ടിയിൽ 50% സംവരണമുണ്ടോ? ഇല്ലെങ്ങിൽ പിന്നെ ത്രിതല പഞ്ചായത്തിൽ മാത്രമായി 50% ഏർപ്പെടുത്തി? അതാണ് വോട്ട് ബാങ്ക് രാഷ്ട്രീയം...
കുറെ പീഡന കഥകള്‍ വരുവാന്‍ കിടക്കുന്നു. ഇത്തവണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുമായിരിക്കും. കാത്തിരിക്കാം!
Post a Comment