Thursday, April 25, 2013

കിളിത്തട്ടും പൂച്ചക്കണ്ണവും :: നാടൻ കളികൾ -1

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലും അവധിക്കാലത്തും  പലപലകളികൾ കളിച്ചിരുന്നു. അവയിൽ ചിലതൊക്കെ ഓർമ്മയിൽ നിന്ന് എഴുതുകയാണ്.

കിളിത്തട്ട് ,അണ്ടർ ഓവർ , അണ്ടിയേറ് (പറങ്കാണ്ടി ഏറ്) , സാറ്റ് , പൂച്ചക്കണ്ണം , കുട്ടിയും കോലും , കബിടി , കുക്കുടു , ഏറുപന്ത് , കുഴിപ്പന്ത് , സെവന്റീസ് , അടിച്ചോചാട്ടം , പോച്ചേ ചവിട്ട് , പുളിങ്കുരു ഞൊട്ട് , ഈർക്കിലു കളി , പാറകൊത്ത്(കല്ലുകൊത്ത്) , വട്ട്(ഗോലി) കളി , അക്ക് കളി , സെറ്റ്(വളപ്പൊട്ട് കൊണ്ട്) ....... ഇതൊക്കെയായിരുന്നു ആ കളികൾ

1. പൂച്ചക്കണ്ണം
 കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള സ്ഥലമാണ് പൂച്ചക്കണ്ണത്തിനുപയോഗി ക്കുന്നത്. ചതുരം വരച്ച് കോണോടു കോൺ ബന്ധിപ്പിക്കുന്നു. ഇതിന്റെ നാലു കൊണിലും നടുക്കും ഒരു വട്ടം വരയ്ക്കുന്നു. ഈ വട്ടം വരയ്ക്കുന്നത് ഉപ്പൂറ്റി ചതുരത്തിന്റെ കോണിൽ ഉറപ്പിച്ച് കാലിന്റെ പൊത്ത കറക്കിയാണ്. (തള്ളവിരൽ മണ്ണിൽ അമർത്തുകയും ചെയ്യും). ചതുരത്തിന്റെ നടുക്കും ഇങ്ങനെ വരയ്ക്കും. അഞ്ച് പേർക്കാണ് കളിക്കാവുന്നത്. നാലാള്‍ ചതുരത്തിന്റെ കോണിലും(A,B,C,D) ഒരാൾ (E) നടുക്കും നിൽക്കും. നടുക്ക് നിൽക്കുന്ന ആൾ പൂച്ച.(ഇങ്ങനെയാണ് ഓർമ്മ)

കളി
ചതുരത്തിന്റെ വശങ്ങളിൽ നിൽക്കുന്ന ആൾക്കാർ പരസ്പരം കൈ പിടിച്ച് കണ്ണം ചാടി മാറും. ഇങനെ ചാടി മാറുമ്പോൾ  നടുക്ക് നിൽക്കുന്ന ആൾക്ക് പെട്ടന്ന് ഒഴിവായി കിടക്കുന്ന വട്ടത്തിൽ കയറി നിൽക്കാം. നടുക്ക് നിൽക്കൂന്ന ആൾ കയറി നിന്ന കണ്ണത്തിലെ(ചിത്രത്തിലെ പച്ചവട്ടത്തിലെ) ആൾ നടുക്കത്തെ കണ്ണത്തിലേക്ക് മാറും.

A യും B യും കൈപിടിച്ച് കണ്ണം ചാടുമ്പോൾ നടുക്ക് നിൽക്കുന്ന E യ്ക്ക് A യുടയോ B യുടയോ കണ്ണത്തിൽ (പച്ച വട്ടത്തിൽ) ചാടിക്കയറി നിൽക്കാം. കണ്ണത്തിൽ A യുടയോ B യുടയോ കാൽ എത്തുന്നതിനു മുമ്പ് E അവിടെ നിൽക്കണം. നടുക്ക് നിൽക്കുന്ന ആൾക്ക് കോണോടു കോൺ വഴിയുള്ള ചാട്ടങ്ങൾ (ചുവന്ന വരയിൽ കൂടിയുള്ളത്) മാത്രമേ പാടുള്ളൂ. വശങ്ങളിൽ നിൽക്കുന്നവർക്ക് (പച്ചവട്ടത്തിൽ) വശങ്ങളിൽ കൂടിയും (നീല വര) കോണൊടു കോണും(ചുവന്ന വര)ചാടാം.

(ചതുരത്തിന്റെ കുറുകയും നെടുകയും വരവരച്ച്(മങ്ങിയ ചുവന്ന വര) അവിടെ കണ്ണം വരച്ച് കളിക്കാരുടെ എണ്ണം 7,9 എന്നിങ്ങനെ ആക്കാം. അങ്ങനെയാകുമ്പോൾ ചതുരത്തിന്റെ അകത്തെ വരകളിലൂടെ(ചുമപ്പും, മങ്ങിയ ചുമപ്പും വരകളിലൂടെ) നടുക്ക് നിൽക്കുന്ന ആൾക്ക് കണ്ണത്തിൽ കയറാം.)


2. അണ്ടിയേറ്(പറങ്ങാണ്ടിയേറ്)
കളി
മണ്ണിൽ വച്ചിരിക്കുന്ന പറങ്ങാണ്ടി കല്ലുകൊണ്ട് എറിഞ്ഞ്പരന്ന പാറക്കല്ലായിരിക്കും എറിയാനായി ഉപയോഗിക്കുന്നത് വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്ന കളിയാണ് പറങ്ങാണ്ടിയേറ്. എറിഞ്ഞ് എത്ര പറങ്ങാണ്ടി വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്നോ അത്രയും പറങ്ങാണ്ടി എറിയുന്ന ആൾക്കെടുക്കാം.

കളിയ്ക്കുന്നരീതി
കളിയിൽ പങ്കെടുക്കുന്നവർ ഓരോ പറങ്ങാണ്ടി(ഒന്നിൽ കൂടുതലും വയ്ക്കാം) മണ്ണൽപ്പം ഉയർത്തി അതിൽ താഴെ വീഴാത്ത പോലെ ഉറപ്പിച്ച് വയ്ക്കുന്നു. എറിയാനുള്ളവരുടെ ഊഴം (കളിക്കുന്നവരുടെ ക്രമം) ആദ്യം നിശ്ചയിക്കുന്നു. അതിനു ആദ്യം കളിക്കാൻ ഉപയോഗിക്കുന്ന കല്ല് (പറങ്ങാണ്ടി എറിയാനുള്ള കല്ല്) പറങ്ങാണ്ടി വെച്ചിരിക്കുന്നതിന്റെ മുന്നിലുള്ള വരയുടെ (ചിത്രത്തിലെ ചുവന്ന വര) അപ്പുറത്തേക്ക് എറുയുന്ന. വരയോട് അടുത്ത്(ചിത്രത്തിൽ കൈചൂണ്ടിയിരിക്കുന്ന ഭാഗം) കല്ല് വീഴ്ത്തുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. വരയിൽ/വരയുടെ ഇപ്പുറത്ത കല്ല് വീഴുത്തുന്ന ആൾക്കാരുടെ ക്രമം(കല്ലെറിയാനുള്ള ക്രമം) അവസാനം ആയിരിക്കും.  ചുവന്ന വരയുടെ അപ്പുറത്ത് ആദ്യം കല്ല് എറുയുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. കല്ലിന്റെ സ്ഥാനം പുറകോട്ട് മാറുന്തോറും പറങ്ങാണ്ടിയിൽ എറീയാനുള്ള ക്രമവും പുറകോട്ട് മാറും. അവർക്ക് ശേഷമാണ് വരയ്ക്ക് ഇപ്പുറം കല്ലിട്ടവർക്ക് പറങ്ങാണ്ടി എറിയാനുള്ള അവസരം.

ഓരോരുത്തർക്ക് ഓരോ അവസരമേ പറങ്ങാണ്ടി എറിയാൻ കിട്ടൂ. കല്ലെറിഞ്ഞ് മണ്ണിൽ വെച്ചിരിക്കുന്ന പറങ്ങാണ്ടി അതിനു പുറകിലുള്ള വരയുടെ (ചിത്രത്തിലെ നീലവര) പുറകിൽ എത്തിക്കണം. വരയ്ക്ക് അപ്പുറം പോകുന്ന പറങ്ങാണ്ടി എറിയുന്ന ആൾക്ക് കിട്ടൂം. വരയ്ക്ക് ഇപ്പുറം വീഴുന്ന പറങ്ങാണ്ടി വീണ്ടൂം മണ്ണിൽ വെക്കും. ഇങ്ങനെ എല്ലാ പറങ്ങാണ്ടിയും എറിഞ്ഞ് വരയ്ക്ക് അപ്പുറത്ത് എത്തിക്കുമ്പോൾ കളി അവസാനിക്കുന്നു. ചിലപ്പോൾ ആദ്യം എറിയുന്ന രണ്ടോ മൂന്നോ പേരോടെ കളി അവസാനിക്കും.(പിന്നാലെ ഉള്ളവർക്ക് എറിഞ്ഞു വീഴ്ത്താൻ പറങ്ങാണ്ടി ഉണ്ടാവില്ല)


3. കിളിത്തട്ട്

കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള ചതുരക്കളമാണ് 'കിളിക്കണ്ണ'ത്തിനുപയോഗിക്കുന്നത്. ചതുരത്തിന്റെ നടുക്കൂടെ ഒരു വര വരച്ച് അതിനെ രണ്ട് ഭാഗമാക്കുന്നു.(രണ്ട് കൊളം).പിന്നെ കളിക്കാരുടെ എണ്ണത്തിനു അനുസരിച്ച് കളം/തട്ട്(റോ) തിരിക്കുന്നു.(ചിത്രത്തിലെ നീലവരകൾ).ഇതിൽ ആദ്യത്തെ തട്ട്(റോ, ചിത്രത്തിൽ തട്ട് A) മറ്റുള്ള തട്ടിനെക്കാൾ വലുതായിരിക്കും.
കളി
കളിക്കുന്നവരെ തുല്യ അംഗങ്ങളുള്ള രണ്ട് ടീമായി തിരിക്കുന്നു.(ടീം X , Y). കളിക്കാരുടെ എണ്ണത്തിനൂ അനുസരിച്ച് തട്ട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തട്ട് താക്കുന്നവരുടെ(തട്ടിൽ നിൽക്കുന്നവരുടെ) ടീമും , ഉപ്പ് ചാടൂന്നവരുടെ ടീമും എന്നിങ്ങനെ രണ്ട് ടീം ആയിരിക്കും.

കളിതുടങ്ങുമ്പോൾ തട്ട് താക്കുന്നവരുടെ ടീം തട്ടിൽ നിൽക്കും. (നീല വരയും നീല മനുഷ്യരും). ആദ്യത്തെ വരയിൽ നിൽക്കുന്ന ആളെ കിളി എന്നാണ് പറയുന്നത്. മറ്റുള്ളവർ തട്ടിൽ നിൽക്കുന്നവർ. ആ വരകളിൽ കൂടി ചലിക്കാൻ മാത്രമേ വരകളിൽ നിൽക്കുന്നവർക്ക് അവകാശം ഉള്ളൂ. ടീം X ആണ് തട്ട് താക്കുന്നതെങ്കിൽ(നീല വരയിൽ നിൽക്കൂന്നത്) ആടീമിന്റെ കിളി(ചുവന്ന കളർ) 'തട്ട് റെഡിയാണോ' എന്ന് വിളിച്ചു ചോദിക്കും. മറ്റുള്ളവർ വരയിൽ തയ്യാറായി നിൽക്കുകയാണങ്കിൽ 'റെഡി' എന്ന് വിളിച്ചു പറയും. ഈ സമയം ടീം Y യിൽ ഉള്ളവർ ചതുരത്തിന്റെ അകത്ത് കയറാതെ പുറത്ത് കിളിയുടെ മുന്നിൽ വരയ്ക്കു മുന്നിലായി നിൽക്കും. 'തട്ട് റെഡിയെങ്കിൽ പാസ്' എന്ന് കൈ അടിച്ചു കൊണ്ട് കിളി വിളിച്ചു പറയും. ഉടൻ തന്നെ ടീം Y യിൽ ഉള്ളവർ കിളിയുടെ അടികൊള്ളാതെ ആദ്യ കളം ചാടി ചാടി ഓരോ കളത്തിൽ തട്ട് താഴ്ത്തി നിൽക്കുന്നവരുടെ കൈയ്യിൽ നിന്ന് അടി വാന്ങതെ അവരെ വെട്ടിച്ച് അടുത്ത കളത്തിൽ ചാടി അവസാന കളവും കഴിഞ്ഞ് പുറത്ത് 'കിളിക്കണ്ണം' ചാടും. കിളിക്കണ്ണം ചാടാൻ തയ്യാറായി നിൽക്കുന്നവരെ ചപ്പ് എന്നാണ് പറയുന്നത്. കിളിക്കണ്ണം ചാടൂന്ന 'ചപ്പ്' തിരിച്ചു കയറുമ്പോൾ 'ഉപ്പ്' എന്നാണ് വിളിക്കപ്പെടൂന്നത്.
വിശദമായി
തട്ട് റെഡിയാണങ്കിൽ പാസ്' എന്ന് കിളി പറയുന്നടനെ എതിർ ടീമിലുള്ളവർ കളം എറങ്ങാൻ തുടങ്ങും. തട്ട് ഇറക്കുമ്പോൾ തന്നെ തങ്ങൾ ആരെയാണ് പിടിക്കുന്നതന്ന്/നോക്കുന്നതെന്ന് തട്ടിൽ നിൽക്കുന്നവർ പരസ്പരം ഒരു ധാരണയിൽ എത്തിയിരിക്കും. കളം ഇറങ്ങി വരുന്നവരെ അതിനനുസരിച്ച് തട്ടിൽ നിൽക്കുന്നവർ നോക്കും. തട്ടിൽ നിൽക്കുന്നവർക്ക് തങ്ങൾ നിൽക്കുന്ന വരയിൽ (നീല) കൂടി മാത്രമേ ചലിക്കാൻ സാധിക്കൂ. ചപ്പുകൾക്കും(കിളിക്കണ്ണം ചാടാൻ വരുന്നവർക്ക്) ഉപ്പുകൾക്കും(ഉപ്പ് ചാടാൻ വരുന്നവർക്കും) വരയിൽ ചവിട്ടാൻ അവകാശം ഇല്ല. മുന്നിലേക്ക് പോയ കളത്തിൽ നിന്ന് പുറകിലേക്കൂള്ള കളത്തിലേക്കൂം വരാൻ പറ്റില്ല.

കിളിക്കണ്ണം ചാടാൻ പോകുന്ന 'ചപ്പു'കൾക്ക് A,B,C,D,E,.. എന്ന ക്രമത്തിലുള്ള തട്ടും , ഉപ്പ് ചാടാൻ പോകുന്ന 'ഉപ്പു'കൾക്ക് ...,E,D,C,B,A എന്ന ക്രമത്തിലുള്ള തട്ടിലുള്ള കയറ്റവുമോ സാധിക്കൂ.

കിളിയുടെ അടി കിട്ടാതെ വേണം 'ചപ്പു'കൾ തട്ട് ഇറങ്ങേണ്ടത്. കളിക്കളത്തിന്റെ വശങ്ങളിലൂടയും നടുഭാഗത്തൂടയും(ചിത്രത്തിലെ ചുവന്ന വരഭാഗങ്ങൾ) കിളിക്ക് സഞ്ചരിക്കാം. മാത്രമല്ല ഈ ചുവന്ന വരയിൽ നിന്ന് എത്തി മറ്റ് തട്ടുകളിൽ നിൽക്കുന്ന എതിർ ഭാഗത്തെ കളിക്കാരെ(ചപ്പ്/ഉപ്പ്) അടിക്കാൻ കിളിക്ക് അവകാശം ഉണ്ട്. ഇങ്ങനെ അടിച്ചാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം.
കിളിക്കണ്ണം ചാടൽ
ഇങ്ങനെ കിളിയുടെ അടി കിട്ടാതെയും തട്ടിൽ നിൽക്കുന്നവരുടെ(നീല വരയിൽ) അടി കിട്ടാതയും വേണം 'ചപ്പു'കൾ (ഉപ്പുകളും) കളം ചാടാൻ. താൻ പിടിച്ചിരിക്കുന്ന(തന്റെ കളത്തിൽ നിൽക്കുന്ന) ആൾ താൻ നിൽക്കുന്ന വരചാടി അപ്പുറത്തെ കളത്തിലേക്ക് പോകുമ്പോൾ മാത്രമേ വരയിൽ നിൽക്കുന്ന ആൾക്ക് എതിർ ടീമിലെ കളിക്കാരനെ അടിക്കാൻ പറ്റൂ.വര ചാടികഴിഞ്ഞിട്ട് അടിക്കാൻ പറ്റില്ല.
അതായത് B തട്ടിൽ നിൽക്കുന്ന ആൾക്ക് താൻ പിടിച്ചിരിക്കുന്ന ആൾ C തട്ടിലെക്ക് ചാടുന്നടനെ അടിക്കാനെ സാധിക്കൂ. അടികിട്ടിയാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം. വര ക്രോസ് ചെയ്യുമ്പോൾ മാത്രമേ അടിക്കാൻ പാടുള്ളൂ. തട്ടിന്റെ വരയിൽ നിൽക്കുന്ന കളിക്കാരനെ വെട്ടിക്കാൻ തട്ടിൽ നിൽക്കുന്ന 'ചപ്പിനു' ആ തട്ടിൽ ചാടാൻ പൂർണ്ണ അവകാശം ഉണ്ട്. പക്ഷേ ചാട്ടത്തിൽ പുറകിലെ തട്ടിൽ ചവിട്ടിയാൽ ഫൗൾ ആകും. തട്ടിൽ ചാടൂമ്പോൾ കിളി കളത്തിന്റെ വശങ്ങളിലൂടയും നടുവിലൂടയും വന്ന് അടിക്കാതിരിക്കാൻ നോക്കുകയും വേണം.

ഇങ്ങനെ കിളിയുടയും തട്ടിൽ നിൽക്കുന്നവരുടയും അടി കിട്ടാതെ 'ചപ്പ്' 'കിളിക്കണ്ണം' ചാടിയാൽ ആ സമയം കിളി ആരെയെങ്കിലും തട്ടിൽ ഇറക്കാതെ പിടിച്ചു വെച്ചിട്ടൂണ്ടങ്കിൽ  ആളെ തട്ടിലേക്ക് ഇറക്കി വിടണം. (ചപ്പ് അവസാന തട്ടിൽ നിൽക്കുന്ന ആളെയും വെട്ടിച്ച് വെളിയിൽ വരുന്നതാണ് കിളിക്കണ്ണം ചാടൽ. ചപ്പ് കിളിക്കൺനം ചാടിയാൽ ഉടൻ 'കിളിക്കണ്ണം' എന്ന് വിളിച്ചു പറയണം).

ഉപ്പ് ചാടൽ
കിളിക്കണ്ണം ചാടിയ ചപ്പിനെ 'ഉപ്പ്' എന്നാണ് പറയുന്നത്. കിളിക്കണം ചാടിയ ചപ്പ് ഉപ്പായി കളത്തിൽ തിരിച്ചു കയറി ഓരോരോ തട്ടിറക്കി നിൽക്കുന്നവരെയും(നീല ആളുകൾ) വെട്ടിച്ച് അടികിട്ടാതെ കിളിയെയും വെട്ടീച്ച് പുറത്ത് വന്നാൽ ആ ടീം വിജയിക്കും.വെളിയിൽ വരുമ്പോൾ "ഉപ്പേ" എന്ന് വിളിച്ചു പറയണം. തട്ടിറക്കി നിൽക്കുന്ന ടീമിനു ഒരു 'ഉപ്പ്' കടം ആയി. തോൽക്കുന്ന ടിം വിജയിക്കുന്ന ടീമിനു വീണ്ടൂം തട്ടിറക്കി നൽകണം.

ഉപ്പ് ചാടൂമ്പോൾ ഉപ്പും ചപ്പും ഒരു കളത്തിൽ വന്നാൽ ആ ടീം ഫൗളായി പുറത്താകും.(ഫൗളാകുന്നവർ തട്ടിറക്കി  നൽകണം). അതായത് ഉപ്പോ ചപ്പോ ഒരേ കളത്തിൽ (ഒരേ റോ ഒരേ കോളം) വരാൻ പാടില്ല. ചിത്രത്തിൽ ഉപ്പ് ചാടാൻ കിളിക്കണ്ണത്തിൽ നിൽക്കുന്ന ആൾക്ക് E തട്ടിൽ ചപ്പ് നിൽക്കുന്നിടത്തേക്ക്(ചുവന്ന വരയ്ക്ക് അപ്പുറത്തേക്ക്) ചെല്ലാൻ പാടില്ല. D തട്ടിൽ നിൽക്കുന്ന ആൾ തിരിഞ്ഞ് ഉപ്പിനെ പിടിക്കും. ഇയാളെ വെട്ടിച്ച് അടികിട്ടാതെ ഉപ്പ് E തട്ടിൽ നിന്ന് D തട്ടിൽ ചെന്നാൽ ആ തട്ടിലെ രണ്ട് ഭാഗത്തേക്കും ഉപ്പിനു ചലിക്കാം. D യിൽ നിന്ന് ഉപ്പിനു ചപ്പ് നിൽക്കാത്ത ഭാഗത്തേക്ക് കയറാം. C യിൽ നിന്ന് B യിലെക്ക് കയറണമെങ്കിൽ,(ഉപ്പും ചപ്പും ഒരുമിച്ച് വരാതിരിക്കാൻ) മൂലയോട് മൂല ചാടിക്കയറണം. (ചിത്രത്തിലെ മഞ്ഞ ആരോ നോക്കുക)
ഉപ്പും ചപ്പും ഒരുമിച്ച് ഒരു തട്ടിലെ ഒരേ ഭാഗത്ത് വരികയാണങ്കിൽ തട്ടിൽ നിൽക്കുന്ന ആൾക്ക്(തട്ടിറക്കീ നിൽക്കുന്ന ടീമിനു) 'ഉപ്പും ചപ്പും'(ഫൗൾ) വിളിക്കാം.ഫൗൾ ആകുന്ന ടീം എതിർ ടീമിനു തട്ടിറക്കി നൽകണം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
ചുവന്ന വരയിൽ കൂടി വരുന്ന 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടി ഒഴിവാക്കി തട്ട് ചാടി ചാടി 'ചപ്പ്' കിളിക്കണ്ണം ചാടണം.(ചിത്രത്തിലെ കിളിക്കണ്ണം ഭാഗം നോക്കുക) കിളിക്കണ്ണം ചാടുന്ന 'ചപ്പ്/ചപ്പുകൾ' തിരിച്ച് ഉപ്പ് ചാടാനായി കളത്തിൽ കയറുമ്പോൾ ഉപ്പാകും. 'ഉപ്പും ചപ്പും' ഫൗൾ ആകാതെ 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടിയും ഒഴിവാക്കി തട്ട് ചാടി ചാടി കളി തുടങ്ങിയ ഭാഗത്തേക്കൂ തന്നെഇറങ്ങി(ചിത്രത്തിലെ 'ഉപ്പ്'ഭാഗം-മഞ്ഞവര നോക്കുക) തട്ടിൽ നിൽക്കുന്ന ടീമിനു 'ഉപ്പ്' കയറ്റണം.
(ചപ്പിന്റെയും ഉപ്പിന്റെയും സഞ്ചാര പഥമാണ് ചിത്രത്തിന്റെ വശത്ത് അമ്പടയാളം ഇട്ട് കാണീച്ചിരിക്കുന്നത്)

'ഉപ്പും ചപ്പും' ഫൗൾ , കയറിയ തട്ടിൽ നിന്നുള്ള പുറകോട്ടിറക്കം ഫൗൾ, കിളി/തട്ടിൽ നിൽക്കുന്നവരുടെ അടി എന്നിവ സംഭവിച്ചാൽ ഫൗൾ സംഭവിച്ച ടീം ഇപ്പോൾ തട്ടിറക്കിയ ടീമിനു തട്ടിറക്കി നൽകണം. ഈ പറഞ്ഞിരിക്കുന്ന മൂന്നും സംഭവിക്കാതെ 'ഉപ്പ്' ചാടുന്ന ടീം വിജയിക്കും.

4. സാറ്റ്
എത്രപേർക്ക് വേണമെങ്കിലും കളിക്കാവുന്ന കളിയാണിത്. ഒരാൾ ഒരു മരത്തിന്റെയോ ഭിത്തിയുടയോ അടുത്ത്(ചാരി നിന്ന്) നിന്ന് കണ്ണടച്ച് ഒന്നു മുതൽ അമ്പത് / നൂറ് വരെ എണ്ണൂന്നു. എണ്ണൂന്ന ആൾ എണ്ണി തീരുന്നതിനു മുമ്പ് മറ്റുള്ളവർ ഒളിക്കുന്നു. എണ്ണുന്ന ആൾ ഒളിച്ചിരിക്കൂന്ന ആളെ കണ്ടു പിടിക്കുന്നതാണ് സാ കളി.

എണ്ണൂന്ന സ്ഥലത്തിന് (സാറ്റുകുറ്റി) തൊട്ടടൂത്ത് പാത്തിരിക്കാൻ പാടില്ല. എണ്ണുന്ന ആൾ എണ്ണിക്കഴിഞ്ഞാലുടനെ "സാറ്റേ' എന്ന് വിളിച്ചു പറയണം.(അമ്പതുവരെയാണ് എണ്ണൂന്നതെങ്കിൽ 1,2,3....... 47,48,49,50. "സാറ്റേ"). അതിനു ശേഷം ഒളിച്ചിരിക്കൂന്നവരെ കണ്ടുപിടിക്കണം. കണ്ടു പിടിച്ചാലുടനെ അയാളുടെ പേരു വിളിച്ചു പറഞ്ഞ് "സാറ്റേ" എന്നു പറഞ്ഞു കൊണ്ട് സാറ്റുകുറ്റിയിൽ തൊടണം. ഇങ്ങനെ എല്ലാവരയും കണ്ടു പിടിച്ച് കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപ്പെട്ടയാൾ എണ്ണണം.

എണ്ണിയ ആൾ ആളെ കണ്ടു പിടിക്കുമ്പോൾ ആളെ തെറ്റി പറഞ്ഞ് സാറ്റ് അടിച്ചാൽ ഒരു തെറ്റി പറച്ചിലിനു ശിക്ഷയായി 'ഇരുപത്തഞ്ച്' വരെ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം വീണ്ടും എണ്ണണം. ആ സമയത്ത് മറ്റുള്ളവർക്ക് വീണ്ടും പാത്തിരിക്കാം. എണ്ണുന്ന ആൾ വീണ്ടും പാത്തിരിക്കൂന്നവരെ കണ്ടു പിടിക്കണം.

എണ്ണുന്ന ആൾ ആളെ കണ്ടു പിടിക്കുന്ന സമയത്ത് ഒളിച്ചിരുന്ന ആൾ എണ്ണുന്ന ആൾ കാണാതെ വന്ന് 'സാറ്റ്' അടിച്ചാൽ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം ഇരുപത്തഞ്ച് വരെ എണ്ണണ്ണം. ഒന്നിൽ കൂടുതൽ ആളുകൾ വന്ന് സാറ്റ് അടിച്ചാൽ ആളൊന്നിനു ഇരുപത്തഞ്ച് വീത് എണ്ണണം.(രണ്ടാളുകൾ സാറ്റ് എണ്ണിയ ആളിനെ വെട്ടിച്ച് വന്ന് സാറ്റ് അടിച്ചാൽ അമ്പത് വരെ എണ്ണണം. കളി തുടങ്ങുമ്പോൾ എണ്ണിയത് അമ്പതുവരെയാണങ്കിൽ ഇങ്ങനെ രണ്ടാമത് എണ്ണൂന്നത് അമ്പതുവരെ മതി.(മൂന്നു പേർ സാറ്റ് അടിച്ചാലും അമ്പതുവരെ എണ്ണിയാൽ മതി). ഒരാളെ കണ്ടുപിടിച്ചിട്ട് ആളുടെ പേര് പറഞ്ഞ് എണ്ണിയ ആൾ സാറ്റ് അടിക്കുന്നതിനു മുമ്പ് കണ്ടുപിടിക്കപ്പെട്ട ആൾ വന്ന് സാറ്റ് അടിച്ചാലും 'സാറ്റ് എണ്ണിയ ആൾ' വീണ്ടൂം ഇരുപത്തഞ്ച് വരെ എല്ലാവരയും കണ്ടുപിടിച്ചതിനു ശേഷം എണ്ണണം.

ആദ്യം സാറ്റ് എണ്ണുന്ന ആൾ എല്ലാവരയും തെറ്റാതെ കണ്ടുപിടിച്ചാൽ(ആരും വന്ന് സാറ്റ് അടിക്കാതിരുന്നാൽ) ആദ്യം കണ്ടുപിടിക്കപ്പെട്ട ആൾ സാറ്റ് എണ്ണണം. ആരെങ്കിലും വന്ന് സാറ്റ് അടിച്ചാൽ/ സാറ്റ് എണ്ണുന്ന ആൾ തെറ്റായ ആളിന്റെ പേരു പറഞ്ഞ്  'സാറ്റ്' അടിച്ചാൽ ആളൊന്നിന് ഇരുപത്തഞ്ചുവരെ വീണ്ടു എണ്ണണം.

5. അണ്ടർ ഓവർ

കളിക്കളം
ഒരു വട്ടവും അതിനു മുമ്പിൽ കുറച്ച് അകലത്തിൽ ഒരു വരയും വരച്ചാൽ 'അണ്ടർ ഓവർ' കളിക്കാനുള്ള സ്ഥലം തയ്യാറായി.(ചിത്രം നോക്കുക)

കളി
ഈ വട്ടത്തിൽ പുറതിരിഞ്ഞ് നിന്ന് ഒരാൾ ഒരു ചെറിയ കമ്പ് പുറകോട്ട് എറിയുകയും ആ കമ്പ് ഒറ്റക്കാലിൽ ചാടി ചെന്ന് തട്ടി തട്ടി തിരിച്ച് വട്ടത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് 'അണ്ടർ ഓവർ'

കളിയ്ക്കുന്നരീതി
കളിക്കുന്നവർ ആദ്യം കമ്പ് എറിയാനുള്ള ക്രമം നിശ്ചയിക്കുന്നു. കമ്പ് എറിയുന്ന ആൾ കമ്പുമായി വട്ടത്തിൽ മറ്റുള്ളവർക്ക് പുറം തിരിഞ്ഞ് നിൽക്കുന്നു. മറ്റുള്ളവർ വര്യ്ക്ക് പുറകിലായി നിൽക്കുന്നു. വട്ടത്തിൽ നിൽക്കുന്ന ആൾ "അണ്ടർ" എന്ന് പറയുമ്പോൾ മറ്റുള്ളവർ "ഓവർ"എന്ന് പറയും.ഇത് പറഞ്ഞ് കഴിയുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ തന്റെ കൈയ്യിലെ ചെറിയ കമ്പ് പുറകോട്ട് പൊക്കി എറിയുന്നു. എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം പോകണം. അപ്പുറം പോയില്ലങ്കിൽ എറിയുന്ന ആൾ ഔവ്ട്ടാവുകയും അടുത്ത ആൾക്ക് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

വട്ടത്തിൽ നിൽക്കുന്ന ആൾ കമ്പ് പുറകോട്ട് എറിയുമ്പോൾ വരയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് ആ കമ്പ് പിടിക്കാം. ഇങ്ങനെ കമ്പ് വരയ്ക്ക് പിന്നിൽ നിൽക്കൂന്നവർ പിടിച്ചാൽ കമ്പ് എറിയുന്ന ആൾ ഔവ്ട്ടാവുകയും കമ്പ് പിടിച്ച ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും.(ഇങ്ങനെ കമ്പ് പിടിച്ചാൽ, നേരത്തെ നിശ്ചയിച്ച കമ്പ് എറുയാനുള്ള ക്രമം നോക്കാതെ കമ്പ് പിടിച്ച ആൾക്കായിരിക്കും അവസരം). ഔട്ടായ ആൾ വരയ്ക്ക് പിന്നിൽ മറ്റുള്ളവരുടെ കൂടെ കമ്പ് പിടിക്കാനായി നിൽക്കണം.

വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് കമ്പ് എറിയുമ്പോൾ ആരും പിടിക്കാതയും വരയ്ക്ക് അപ്പുറത്തുമാണ് പോയതെങ്കിൽ കമ്പ് എറിഞ്ഞ ആൾ ഒറ്റക്കാലിൽ(ഒരു കാൽ മുട്ടിന്റെ അവിടെവെച്ച് മടക്കി പിടിക്കണം) ചാടി ചാടി ഈ കമ്പിന്റെ അടുത്ത് എത്തണം. എന്നിട്ട് കാലുകൊണ്ട് കമ്പിന്റെ പുറത്ത് ചവിട്ടണം. എന്നിട്ട് ഒറ്റക്കാലുകൊണ്ട് ആ കമ്പ് തട്ടി തട്ടി വട്ടത്തിന്റെകത്ത് എത്തിക്കണം.  കമ്പിൽ ചവിട്ടാൻ വരുമ്പോഴും കമ്പ് തട്ടിക്കൊണ്ട് പോകുമ്പോഴും മടക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ടാകും. അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

കമ്പ് തട്ടി വട്ടത്തിന്റെകത്തേക്ക് കൊണ്ടൂപോകുമ്പോൾ കമ്പ് തട്ടി വീഴ്ത്തുന്നത് വട്ടത്തിന്റെ വരയിൽ ആണങ്കിലും ആൾ ഔട്ടാകും. കമ്പ് വട്ടത്തിന്റെ വരയിൽ വീഴാതെ വേണം വട്ടത്തിന്റെകത്ത് എത്താൻ.

വട്ടത്തിന്റെ വെളിയിൽ നിന്ന് എവിടെ നിന്നാണോ അവസാനം കമ്പ് തട്ടി വട്ടത്തിനകത്തേക്ക് ഇട്ടത്, അവിടെ നിന്ന് വട്ടത്തിന്റെകത്ത് വീണ കമ്പിൽ ഒറ്റക്കാലിൽ തന്നെ ചാടി ചവിട്ടുകയും ചെയ്യണം. ഇങ്ങനെ ചെയ്താലേ പോയിന്റ് (പണം) കിട്ടൂ. ഇങ്ങനെ ചാടി ചവിട്ടാൻ കഴിഞ്ഞില്ലങ്കിലും ആൾക്ക് പോയിന്റൊന്നും കിട്ടാതെ ഔട്ടാവുകയും അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും. പോയിന്റ് നേടികഴിഞ്ഞാൽ അയാൾക്ക് തന്നെ കളി തുടരാം. എന്നുവെച്ചാൽ ഈ ആൾക്ക് തന്നെയാണ് പിന്നയും(ഔട്ട് ആകുന്നതുവരെ) വട്ടത്തില്‍ നിന്ന് കമ്പ് എറിയാനുള്ള അവസരം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറത്ത് ചെന്ന് വീഴുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ ഒറ്റക്കാലിൽ ചാടി വന്ന് ആ കമ്പിൽ ചവിട്ടണം. മറ്റേകാൽ കുത്താതെ തന്നെ കമ്പ് തിരിച്ച് തട്ടി തട്ടി വട്ടത്തിനകത്തെക്ക് കൊണ്ടു പോകണം. വട്ടത്തിനകത്ത് വീഴ്ത്തുന്ന കമ്പിൽ ചാടി ചവിട്ടിക്കഴിയുമ്പോൾ ആൾക്ക് ഒരു പോയിന്റ് കിട്ടും.

കളിയിലെ ഔട്ട്
:: വട്ടത്തിൽ നിന്ന് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം വീണീല്ലങ്കിൽ ഔട്ട്
:: വര്യ്ക്ക് അപ്പുറുത്ത് നിന്ന് കമ്പ് ആരെങ്കിലും പിടിച്ചാൽ ഔട്ട് (കമ്പ് എറിയാനുള്ള അടുത്ത അവസരം കമ്പ് പിടിക്കുന്ന ആൾക്ക്)
:: ഒറ്റക്കാലിൽ ചാടി കമ്പ് തിരികെ വട്ടത്തിൽ എത്തിക്കുന്നതിനു മുമ്പ് മുട്ടുവെച്ച് പൊക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ എത്തിക്കുമ്പോൽ വട്ടത്തിന്റെ വരയിലാണ് വീഴുന്നതെങ്കിൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ വീഴുമ്പോൾ അവസാനം തട്ടിയ സ്ഥലത്ത് നിന്ന് ഒറ്റക്കാലിൽ തന്നെ ചാടി വട്ടത്തിനകത്ത് കിടക്കുന്ന കമ്പിൽ ചവിട്ടാൻ പറ്റിയില്ലങ്കിൽ ഔട്ട്.

കളിയിലെ അപകട സാധ്യത
 കമ്പ് എറിയുമ്പോളും പിടിക്കുമ്പോഴും കണ്ണിൽ കൊള്ളാനുള്ള സാധ്യത.

2 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കിടിലൻ പരിശ്രമം ഷിബൂ.. വളരെ വളരെ വളരെ നന്ദി..

ajith said...

ഞാനും കളിച്ചിട്ടുണ്ടല്ലൊ ഇതൊക്കെ