Thursday, April 18, 2013

നമുക്കിനി മഴവെള്ളം മണ്ണിൽ ശേഖരിച്ച് തുടങ്ങാം

കഴിഞ്ഞ വർഷം കാലവർഷം ചതിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കുകയാണ്. വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന നമ്മുടെ കേരളത്തിൽ മഴവെള്ളം ശേഖരിക്കൂന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ നമുക്കിനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു....

ഈ വർഷം കാലവർഷം നേരത്ത എത്തുമന്നും കൂടുതൽ മഴ ലഭിക്കുമെന്നും പറയപ്പെടുന്നു. എത്ര മഴ ലഭിച്ചാലും നമ്മൾ മാറി ചിന്തിച്ചില്ലങ്കിൽ ആ വെള്ളം വെറുതെ ഒഴുകി കടലിൽ പോവുകയേ ഉള്ളൂ....

കടുത്ത വേനലിൽ നമ്മുടെ ജലസ്രോതസുകൾ വരളുന്നതിനു നമ്മുടെ പങ്ക് കുറവല്ല. മഴവെള്ളം താഴാനും മണ്ണിന്റെ ജലാശം നിലനിർത്താനുമൊക്കെ ചെറിയ ചെടികൾക്കും പങ്കുണ്ട്. ഈ വർഷം വേനലിലെ വരൾച്ചയ്ക്ക് 'തൊഴിലുറപ്പ് പദ്ധതി'ക്കും പങ്കുണ്ടന്ന് ഞാൻ കരുതുന്നു. നമ്മുടെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രധാന തൊഴിൽ വർഷത്തിൽ രണ്ടു പ്രാവിശ്യം എങ്കിൽ വഴിവക്കിലെ സസ്യങ്ങൾ ചെത്തിമാറ്റുന്നതും കാന കോരുന്നതും ആണ്. മഴക്കാലത്തിനു മുമ്പ് സസ്യങ്ങൾ നശിപ്പിക്കുന്നതുകൊണ്ട് വെള്ളത്തെ തടഞ്ഞു നിർത്താനാവാതെ വരികയും മേല്മണ്ണ് ഇളകി ഒലിക്കുകയും വെള്ളം അധികം മണ്ണിൽ താഴാതെ കാനകളിൽ കൂടി ഒഴുകിപ്പോവുകയും ചെയ്തോളും. വെള്ളക്കെട്ടുകൾ ഉണ്ടായി സഞ്ചരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ കാന ഉണ്ടാക്കുന്നത് അംഗീകരിക്കാൻ പറ്റുമെങ്കിലും വെള്ളം താണാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത സ്ഥലങ്ങളിൽ കാന കോരുന്നത് 'തൊഴിൽ ദിനങ്ങൾ' സൃഷ്ടിക്കുന്നതിനു വേണ്ടിമാത്രം ആയിരിക്കും.

നമ്മൾ നമ്മുടെ മുറ്റത്ത് അല്പം പോലും മഴവെള്ളം താഴാൻ സമ്മതിക്കാതെ വീണാലുടനെ പുറത്ത് പോകാൻ മാർഗ്ഗം ഉണ്ടാക്കി നൽകും. മുറ്റത്ത് ടൈലുകൾ പാകുന്നത് കാഴ്ചയ്ക്ക് ഭംഗിയാണങ്കിൽ മഴവെള്ളം ഒരുതുള്ളി പോലും ഇറങ്ങാത്ത രീതിയിൽ ഇന്റർലോക്ക് ടൈൽ പാകിയാൽ വെള്ളം നമുക്ക് അന്യമാകുന്നതിൽ അത്ഭുതപ്പെടെണ്ട കാര്യമില്ല. നമ്മുടെ ആരാധനാലയങ്ങളുടെ വിശാലമായ മുറ്റങ്ങൾ പോലും തറയോട് പാകി മനോഹരമാക്കുന്നത് പുതുക്കാഴ്ചയാണ്. മണ്ണിലേക്ക് വെള്ളം താഴാനുള്ള മാർഗ്ഗങ്ങൾ അടച്ചാണ് ദൈവത്തിന് കാഴ്ച ഭംഗിക്കൂട്ടാന്‍ മനുഷ്യൻ ഓരോന്ന് ചെയ്യുന്നത്. ദൈവത്തിനു വെള്ളത്തിന്റെ ആവശ്യം ഇല്ലങ്കിലും മനുഷ്യന് തൊണ്ട നനയ്ക്കാനെങ്കിലും വെള്ളം വേണമല്ലോ?  

എന്റെ അഭിപ്രായത്തിൽ മഴ സംഭരണത്തിന്റെ പേരിൽ വീടിന്റെയും കിണറിന്റെയും അടുത്ത് നിന്ന് മീറ്ററുകൾ മാറി പറമ്പിൽ മഴസംഭരണ കിണർ എന്ന പേരിൽ ഉണ്ടാക്കുന്ന 'കിണറി'ലേക്ക് പുരമുകളിൽ നിന്ന് വെള്ളം നേരിട്ട് പി.വി.സി പൈപ്പുകളിലൂടെ ഒഴുക്കുന്നതിലും നല്ലത് സ്വാഭാവികരീതിയിൽ വെള്ളം താഴാനുള്ള ക്രമീകരണങ്ങൾ (കൂടി) ചെയ്യുന്നതാണ്. വലിയ പറമ്പുകളിൽ ഇടയ്ക്കിടെ കയ്യാലകൾ കെട്ടി വെള്ളം താഴാനുള്ള ക്രമികരണങ്ങൾ കൂടി ചെയ്യാം.(വാഴപ്പിണ്ടി നിരത്തിയെങ്കിലും വെള്ളം തടയാം.). ഇങ്ങനെ ചെയ്താൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മേല്മണ്ണ് ലിച്ചു പോകുന്നതും തടയാം.

നമ്മൾ  നമ്മുടെ പ്രകൃതിയൊടും സസ്യങ്ങളൊടും മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്. മഴപെയ്ത് പറമ്പിലോ റോഡിലോ പോച്ച കിളിച്ചാൽ ഉടൻ മരുന്ന് തളിച്ച് അതിനെ കരിച്ചു കളയും. സസ്യത്തെ കരിച്ചു കളയാൻ തക്ക പ്രഹരശേഷിയുള്ള വിഷം അടൂത്ത മഴയിൽ വെള്ളത്തിലൂടെ നമ്മുടെ ജലസ്രോതസുകളിൽ കലരുകയും ചെയ്യും. വെള്ളം ഭൂമിയിലെക്ക് ഇറങ്ങാനും മണ്ണ് ഒലിച്ച് പോകാതിരിക്കാനും ഒക്കെ ഈ ചെറിയ സസ്യങ്ങൾ നമുക്ക് എന്തുമാത്രം സഹായങ്ങൾ ചെയ്ത് തന്നിരുന്നു എന്ന് ഈ കടുത്ത വേനലിൽ എങ്കിലും നമുക്ക് മനസിലാക്കാൻ സാധിക്കുമെങ്കിൽ നന്ന്. പ്രകൃതിയുണ്ടങ്കിലേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നു നമുക്ക് മനസിലാക്കാൻ സാധിക്കണം.

വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ ചതുപ്പ് നിലങ്ങൾ നമ്മളെ സഹായീക്കുന്നുണ്ട്. പക്ഷേ ചതിപ്പു നിലങ്ങൾ നികത്തുമ്പോൾ അവിടയും നമ്മൾ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുള്ള മാർഗ്ഗം ഇല്ലാതാക്കുന്നു. ചതുപ്പ് നിലങ്ങൾ ഇല്ലാതാക്കാൻ നമുക്ക് കഴിയുമെങ്കിലും ചതുപ്പുനിലങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയില്ല.

ഇന്ന് വേനൽക്കാലത്ത് ,ആദ്യം കിണറുകൾ പറ്റുന്നത് നദികളൊട് ചേർന്നുള്ള പ്രദേശങ്ങളിലാണ്. മണൽ വാരി നദികൾക്ക് ആഴം കൂടിയതോടെ വേനൽക്കാലത്ത് കിണറുകളിൽ നിന്ന് വെള്ളം നദിയിലെക്ക് വലിയുന്നു. ഓരോ വർഷവും കിണറിന്റെ ആഴം കൂട്ടുക എന്നുള്ളത് നടക്കുന്ന കാര്യവും അല്ല. നമ്മൾ തന്നെ നമ്മുടെ കുടിവെള്ള സ്രോതസുകളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.

വെള്ളം കൂടുതലായി ഊറ്റുന്ന സ്ഥാപനങ്ങൾ നിശ്ചിതശതമാനം മഴവെള്ളം സംഭരിക്കണമെന്നുള്ളത് സർക്കാർ കർശ്നമായി നടപ്പാക്കുക കൂടി ചെയ്യണം. ഇന്ന് ഏറ്റവും കൂടുതൽ ലാഭകരമായി നടത്താവുന്ന ഒരു ബിസ്‌നസായി കുടിവെള്ള വിതരണം മാറിയിരിക്കുന്നു. ഒരുലിറ്റർ വെള്ളത്തിനു 10-15 രൂപ വരെ ഈടാക്കുന്നവർ ഉണ്ട്. ഇരുപതുലിറ്റർ വെള്ളത്തിനു 35 മുതൽ 75 രൂപ വരെയും. കുടിവെള്ളം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന എത്ര സ്ഥാപനങ്ങൾക്ക് സ്വന്തമായി മഴവെള്ള സംഭരണ സംവിധാനം ഉണ്ട്???
 
നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട്.

വെള്ളത്തെ ഒഴുക്കി വിടാതെ ഭൂമിയിലേക്ക് താഴാൻ അനുവദിക്കുക.

മുറ്റത്തെ സുന്ദരമാക്കാൻ തറയോടുകൾ പാകി വെള്ളത്തെ ഭൂമിയിലേക്ക് താഴാൻ അനുവദിക്കാതിരിക്കുന്നത് ഉപേക്ഷിക്കുക

പറമ്പുകളിൽ വീഴുന്ന വെള്ളം ശേഖരിക്കാൻ(മണ്ണിൽ ഇറങ്ങാൻ) ശ്രമിക്കുക.(കയ്യാല കെട്ടുകയോ ചെറിയ മഴക്കുഴികള് കുത്തുകയോ ചെയ്യുക)

കിണർ നിൽക്കുന്ന സ്ഥലത്തിനു ചുറ്റും വെള്ളം താഴാൻ അനുവദിക്കുക

വഴിവക്കിലെ പോച്ചചെത്തലും മരുന്നടിച്ച് കരിക്കലും ഒഴിവാക്കുക

ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക (മരങ്ങൾ എന്നുപറഞ്ഞാൽ റബർ മരം മാത്രം അല്ല).


ഇതൊന്നും നമുക്ക് ചെയ്യാൻ പറ്റുന്നില്ലങ്കിൽ നമുക്ക് പണം മുടക്കി തൊണ്ട നനയ്ക്കാൻ വെള്ളം വാങ്ങാം. അല്ലങ്കിൽ വെള്ളത്തിനായി വെട്ടിമരിക്കാം (വെള്ളത്തിന്റെ പേരിൽ ഉണ്ടായ വാക്കു തർക്കം രണ്ടുപേരുടെ മരണത്തിൽ അവസാനിച്ചത് കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വായിച്ചു)

(ഇതൊക്കെ എന്റെ അഭിപ്രായങ്ങൾ മാത്രം)

2 comments:

Luttu said...

useful article...
Thank You

ajith said...

നല്ല ലേഖനം
ജലം പാഴാക്കാതെ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട