Sunday, August 3, 2008

മാതൃഭൂമി ആഴ്ചപ്പതിപ്പ് ധാര്‍മ്മികത മറന്നുവോ ?

പ്രിയ സ്നേഹിതരേ തലക്കട്ട് കണ്ട് നിങ്ങള്‍ ഭയക്കേണ്ട.പക്ഷേ ഈ ആഴ്ചയിലെ (ആഗസ്റ്റ് 3-9,ലക്കം 22)മാതൃഭൂമി ആഴ്‌പ്പതിപ്പിലെ ‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘ എന്ന അന്വേഷണം (പേജ് 42-49 ,ഗീത ) വായിച്ചിട്ട് നിങ്ങള്‍ ഭയപ്പെടണം.
നമ്മുടെ സമൂഹ വ്യവസ്ഥകള്‍,നമ്മുടെ കാഴ്ചപ്പാട്ഒക്കെ ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ഓര്‍ത്ത് നമ്മള്‍ ഭയപ്പെടണം.നിങ്ങള്‍ ഭയപ്പെടുന്നില്ലങ്കില്‍ഓര്‍ക്കുക ,എന്തറിഞ്ഞാലും കേട്ടാലും പ്രതികരിക്കാത്ത ഞാനും നിങ്ങളും ആണ് നമ്മുടെ ഇന്നത്തെ കേരള സമൂഹത്തിന്റെ അധപതനത്തിന് കാരണക്കാര്‍ . മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ വളരെനാളുകള്‍ക്ക് ശേഷം വന്ന ശക്തമായ ഒരു ലേഖനമാണ് ഇത്.ലേഖനമെന്നതിലുപരി നമ്മുടെമനസാക്ഷിക്കുനേരെ ഉയര്‍ത്തുന്ന ഒരായിരം ചോദ്യങ്ങളാണ് .. പാഠപുസ്തക വിവാദങ്ങളെക്കാളും, കൈയ്യേറ്റങ്ങളെക്കാളും ഒക്കെ കേരളസമൂഹത്തിനെ ബാധിക്കുന്നത് എന്താണന്ന് ഇത് വായിച്ചാല്‍മനസ്സിലാവും.ഈ ലേഖനം നിശബ്ദ്ദതയില്‍ ഒറ്റക്കിരുന്ന് വായിച്ചാല്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാക്കുന്ന നീറ്റല്‍ കണ്ണീരായി പ്രവഹിക്കും എന്ന് ഉറപ്പാണ് .അത്രമാത്രം ശക്തമാണ് ഇതിലെ ഓരോ വരിയും.ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകള്‍ ... രാജാവ് നഗ്നനാണന്ന് വിളിച്ചുപറയുന്ന ഈ ലേഖനം വായിച്ചില്ലങ്കില്‍ നല്ലത് .മറ്റുള്ളവര്‍ക്ക് സംഭവിച്ചത് എന്താണന്ന് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ ???

വേട്ടനായ്ക്കളാല്‍(നായാല്‍) വേട്ടയാടപെട്ട് , കടിച്ച്കീറി വേദനകള്‍ക്ക് അവസാനം ജീവന്‍ നഷ്ടപെട്ടപെണ്‍കുട്ടികളെക്കുറിച്ച് വായിക്കുമ്പോള്‍ ആരുടെ കണ്ണുകളാണ് നിറയാത്തത് . ലേഖനത്തിന്റെ ആമുഖത്തില്‍പറയുന്നതിങ്ങനെയാണ് ... കശക്കിയെറിയാനും കൊന്നുകളയാനുമുള്ള വെറും ശരീരങ്ങളാണോ നമ്മുടെപെണ്‍കുഞ്ഞുങ്ങള്‍? ’ഉത്തരവാദ’ടൂറിസവും കൌമാര വിദ്യാഭ്യാസ പദ്ധതിയുമെല്ലാം ഒരു വന്‍ മാംസ വിപണിയിലേക്ക് പെണ്ണുടലുകളെ സജ്ജമാക്കാനുള്ള തന്ത്രങ്ങളാണോ ?കാസര്‍ക്കോട്ടെ സഫിയവധത്തിന്റേയും പൂവരണിയിലെ രാജിയുടെ മരണത്തിന്റേയും പശ്ചാത്തലത്തില്‍ ഒരു ഒരു വസ്തുതാന്വേഷണം.പെണ്‍കുട്ടികളുടെ മരണങ്ങളിലെ അദൃശ്യകരങ്ങളെ അന്വേഷിച്ചു പോകുന്ന ഈ ലേഖനം ഞെട്ടിപ്പിക്കുന്നചിലവെളിപ്പെടുത്തലുകള്‍ നടത്തുന്നതോടൊപ്പം ചില നീരിക്ഷണങ്ങളും നടത്തുന്നു.

ഗോവയില്‍ കൊല്ലപ്പെട്ട സഫിയയുടെ മരണത്തിനു പിന്നിലെ നിഗൂഡതകള്‍ അനാവരണം ചെയ്യപെടുന്ന‘ഭാഗം ഒന്നി’ല്‍ ഒരമ്മയുടെ പോരാട്ടകഥ പറയുന്നു.മകള്‍ക്ക് എന്ത് സംഭവിച്ച് എന്നറിയാന്‍ സഫിയയുടെഉമ്മ നടത്തുന്ന പോരാട്ടം ,നിസഹായനായ ബാപ്പ നമ്മുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു.ഉത്തരവാദിത്തബോധം ഉണ്ടന്ന് ചാനലികളിലൂടെ നമ്മളെ ഇടയ്ക്കിടക്ക് ഓര്‍മ്മിപ്പിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിസംഗത,ഇവിടെ പറയുന്നുണ്ട്. അവസാനം ആ ഉമ്മയുടെ പോരാട്ടം വിജയിച്ചുവല്ലോ?എത്രനാളുകള്‍ ഒരു കള്ളം മൂടിവയ്ക്കാന്‍ പറ്റും.(സിസ്റ്റര്‍ അഭയാക്കേസിലും അവസാനം സത്യം തെളിയും എന്ന് നമുക്ക് ആശ്വസിക്കാം.)

‘ഭാഗം രണ്ട് ‘തുടങ്ങുന്നത് ഇങ്ങനെയാണ് ,”രാജിയെന്ന പതിന്നാലുകാരി എയ്‌ഡ്‌സ് ബാധിച്ചു മരിച്ചുവെന്നവാര്‍ത്തയാണ് പൂവരണി സംഭവം .രാജിയെന്ന പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അവളുടെഅച്ഛന്‍ രാജന്‍ ,അമ്മ സൂസമ്മ ,രാജിക്ക് പലസ്ഥല ങ്ങളിലും കൂട്ട് പോകേണ്ടി വന്ന പെണ്‍കുട്ടി, എന്നിവരുടെ വാക്കുകളിലൂടെ രാജിക്ക് എന്ത് സംഭവിച്ചു എന്ന് ഇതില്‍ പറയുന്നു.മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സൂസമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനേക്കുറിച്ച് ഈ ഭാഗത്ത്പറ യുന്നുണ്ട്.(പേജ് 46,കോളം 3 ,പാര 5). സ്ത്രീത്വത്തിന്റെ അപ്പോസ്തലനായി സ്വയം അവരോധിക്കുന്നഒരാളുടെ ചേഷ്ട ഇവിടെ പറയുന്നു.രാജിക്ക് പലസ്ഥലങ്ങളിലും കൂട്ട് പോകേണ്ടി വന്ന പെണ്‍കുട്ടി നടത്തുന്നഒരു വെളിപ്പെടുത്തലില്‍ പറയുന്ന ഒരു കാര്യം ഉണ്ട്.”കൊച്ചുപെമ്പിള്ളാരെ ആവശ്യപ്പെടുന്ന ഒരു സിനിമാനടന്റെപേര് അവള്‍ പറഞ്ഞു.(പേജ് 48,കോളം 1,പാര 3 ,അവസാന വാക്യം).ലേഖനം എഴുതിയ ഗീതയോട്പെണ്‍കുട്ടി സിനിമാനടന്റെ പേര് പറഞ്ഞിട്ടും ഗീത എന്തുകൊണ്ട് ആ സിനിമാനടന്റെ പേര് തന്റെ ലേഖനത്തിലൂടെ പുറത്തുവിട്ടില്ല. അതോ ‘മാതൃഭൂമി‘ ഈ പേരില്‍ കത്തി വച്ചതാണോ ?ഈ പേര് മറച്ചുവയ്ക്കലിലെധാര്‍മ്മികതയാണ് ഈ കുറിപ്പിന്റെ തലക്കെട്ട്.ഗീതയ്ക്ക് മാതൃഭൂമിയുടെ പേജ് നിറയ്ക്കുക എന്ന ഉദ്ദേശം മാത്രമല്ല , കേരളസമൂഹത്തോട് ,പ്രത്യേകിച്ച് വേട്ടയാടപെടുന്ന, വേട്ടയാടപെട്ട, വേട്ടയാടപെടുന്ന സ്ത്രിവര്‍ഗ്ഗത്തോട്കുറച്ചെങ്കിലും അത്മാര്‍ത്ഥതയുണ്ടായിരുന്നു വെങ്കില്‍ ആ സിനിമാനടന്റെ പേരു കൂടി വെളിപ്പെടുത്തണം.ഈ ലേഖനം തുടങ്ങുമ്പോള്‍ തന്നെ (പേജ് 42 ,അവസാന പാരഗ്രാഫ്)വിലപിക്കുന്നുണ്ട് , ”..........ഇവരെപീഡിപ്പിച്ചത് വിദ്യാഭ്യാസവും പണവും അധികാരപദവികളുമുള്ള മാന്യന്മാരാണ് .ഇവരില്‍ ഒറ്റയാള്‍ പോലുംജനങ്ങളാലോ ഭരണകൂടത്താലോ ശിക്ഷിക്കപ്പെടുകയുണ്ടായില്ല .........”

കിളിരൂരിലേ ശാരിയുടേയും പൂവരണിയിലെ രാജിയുടേയും മരണത്തിലെ സമാനതകള്‍ യുക്തിഭദ്രമായിഅവതരിപ്പിക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒരിക്കല്‍ കൂടി സംശയത്തിന്റെ നിഴലില്‍ മറയുന്നു.ഈ രണ്ട് പെണ്‍കുട്ടികളും മരണത്തിലേക്ക് നടന്നുപോകുന്നതിനുമുമ്പ് നാവുകള്‍ നിശബ്ദ്ദമായത് (മാക്കിയത്) കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ്.രാജിക്ക് ആരാണ് ഇഞ്ചക്ഷന്‍ നല്‍കിയത് ???സ്ത്രി പീഡകരെ കൈയ്യാമം വച്ച് നടുറോഡിലൂടെ നടത്തം എന്ന് പറഞ്ഞ് കൈയ്യടിയും വോട്ടും വാങ്ങിയ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ഇതാണ് നമ്മുടെ അവസ്ഥ ....!!!!!

‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘ എന്ന അന്വേഷണം അവസാന ഭാഗത്ത് ഒന്‍പത് ,പതിനൊന്ന്ക്ലാസുകളിലെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കൌമാര വിദ്യാഭ്യാസ പദ്ധതിയുടെ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നു.ഈ വിദ്യാഭ്യാസ പദ്ധതിയിലെ ചില ചോദ്യങ്ങള്‍ ഗീത എടുത്ത് പറയുന്നു.(പേജ് 49 ,കോളം 3 ,പാര 2,3)

ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് .”ബന്ധപ്പെട്ട വിനോദ സഞ്ചാരി കള്‍ക്ക് എച്ച്.ഐ.വി ബാധപകര്‍ന്നുവെന്നതിന്റെ പേരില്‍ രാജിമാരെ മരണാനന്തര കുറ്റവാളികളായി ഭരണകൂടം പ്രഖ്യാപിക്കുന്നകാലം വിദൂരമല്ല “..ഇങ്ങനെയൊരു കാലത്തിലേക്കാണ് നമ്മള്‍ കടക്കുന്നതെന്ന് ഗീത പറയുമ്പോള്‍എതിര്‍ക്കേണ്ട കാര്യമില്ല.

“പെണ്‍‌വാണിഭക്കാരെ കുരുക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടതുഭരണത്തിലും മാംസവേട്ടകള്‍ തുടര്‍ക്കഥയാവുകയാണ്.ഭരണകൂടം ഇപ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് “ .ഭരണകൂടം(ഇടതാണങ്കിലും വലതാണങ്കിലും) മാത്രമല്ലനമ്മളും കാഴ്ചക്കാരുടെ റോളിലാണ്.വേട്ടയാടപ്പെടുന്ന ഇരകളുടെ കണ്ണീരും കഥകളും ചലനങ്ങളും ലൈവായിനമ്മുടെ മുന്നില്‍ എത്തുമ്പോള്‍ നമ്മള്‍ ഒരു സിനിമ കാണുന്നതുപോലെ അവരെ കാണും.അവര്‍ നമുക്കൊരുകാഴ്ചവസ്തുതന്നെ ... കാരണം അവര്‍ നമ്മുടെ ആരും അല്ല എന്നതുതന്നെ.വേട്ടനായ്ക്കള്‍ നമ്മുടെ മക്കളെ വേട്ടയാടുമ്പോള്‍ മാത്രമേ നമ്മള്‍ കാഴ്ചക്കാര്‍ അല്ലാതാവുന്നുള്ളോ??? ‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘വായിച്ചു കഴിയുമ്പോള്‍ നമ്മുടെ കണ്ണില്‍ നനവ് പടരുന്നില്ലങ്കില്‍ ദൈവം എന്തിനുവേണ്ടിയാണ് കണ്ണീര്‍ഗ്രന്ഥികള്‍ സൃഷ്ടിച്ചത് ?????????4 comments:

ശിവ said...

ഇതൊക്കെ ഓരോ പെണ്‍കുട്ടിയും വായിച്ചു മനസ്സിലാക്കട്ടെ....ഇനിയും കുഴപ്പങ്ങളിലൊന്നും ഒരു പെണ്‍കുട്ടിയും അകപ്പെടാതിരിക്കാന്‍ ശ്രമിക്കട്ടെ....

അമ്മു said...

ആഴ്ചപ്പതിപ്പ് വായിച്ചിരുന്നു ഞാന്‍...പേടിയും സങ്കടവും ഒക്കെ തോന്നി..അമ്മ പറഞ്ഞിട്ടാ വായിച്ചേ...എനിക്കല്ലാം പറയാന്‍ അമ്മയുണ്ട്..പക്ഷേ....

അസ്വസ്ഥമാണിപ്പോ മനസ്സ്...പിന്നെ വരാം....

ഏറനാടന്‍ said...

ആരാണാവോ ആ സിനിമാനടന്‍?

Anonymous said...

എന്തെങ്കിലും എഴുതിവെച്ച്‌ സമൂഹത്തില്‍ പേരെടുക്കണം എന്നല്ലാതെ ഗീതക്കൊന്നും ജനങ്ങള്‍ മാറിചിന്തിക്കണം എന്നില്ല. തന്റെ പേരാണ്‌ മുഖ്യം. സിനിമാ നടന്റെ പേര്‌ പറയാന്‍ എന്തുകൊണ്ട്‌ മടിച്ചു എന്ന്‌ ചിന്തിച്ച്‌ നിങ്ങള്‍ തല പുണ്ണാക്കണ്ട. അത്‌ അങ്ങിനെയൊക്കെയാണ്‌. അത്‌ പറഞ്ഞാല്‍ നാളെ ആ നടനില്‍ നിന്നുള്ള ഏതെങ്കിലും ഒരു ഇന്റര്‍വ്യുവോ മറ്റോ നഷ്ടപ്പെട്ടു പോയാലാ. ഇതാവുമ്പോ ഇലക്കും മുള്ളിനും കേടില്ല- പേര്‌ നന്നായിട്ട്‌ കിട്ടുകയും ചെയ്യും. ലജ്ജിക്കുന്നു ഗീതേ നിന്നെയോര്‍ത്തു ഞാന്‍. നീയുമൊരു പെണ്ണായിപ്പോയി മന്ത്രി ശ്രീമതിയെ (ശാരിയെ പേടിപ്പിച്ച) പോലെ.

എന്ന്‌
അഭ്യുതയകാംക്ഷി