Sunday, June 22, 2008

കേരളത്തില്‍ കോണ്‍ഗ്രസ്സ് തകരുകയാണോ ?

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.ഡി‌.എഫിന് വന്‍ പരാജയമാണ് നേരിട്ടത്.എവിടെനിന്നോ(?) തിരഞ്ഞെടുപ്പിനായി കയറിവന്ന പുതിയപാര്‍ട്ടി തിരഞ്ഞെടുപ്പിനു ശേഷംതിരിച്ചിറങ്ങി പോവുകയും ചെയ്തു.ഇല്ലത്തുനിന്ന് പുറപ്പെടുകയും അമ്മാത്ത് ഒട്ടും എത്തുകയും ചെയ്തില്ലഎന്ന രീതിയില്‍ പുറത്തുപോയ ഇന്ദിരാ‌കോണ്‍ഗ്രസ്സ് അവസാനം എന്‍‌.സി.പി. ആവുകയും കരുണാകരന്‍വീണ്ടും കോണ്‍‌ഗ്രസ്സ് പാളയത്തില്‍ വീണ്ടും പഴയപരിപാടികളുമായി തിരിച്ചെത്തുകയും ചെയ്തതോടെകോണ്‍ഗ്രസ്സ് വീണ്ടും പഴയരീതിയിലായി.പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന നിലയിലായികോണ്‍‌ഗ്രസ്സിന്റെ കാര്യങ്ങള്‍.കേരളത്തിന്റെ വര്‍ത്തമാനകാല ചരിത്രം പരിശോധിച്ചാല്‍ ഒരിക്കല്‍ പോലുംകോണ്‍ഗ്രസ്സിന് അതിന്റെ സംഘടനാശക്തികൊണ്ട് ഭരണം പിടിച്ചെടുക്കാ‍ന്‍ സാധിച്ചിട്ടില്ല.

അണികളെക്കാള്‍ നേതാക്കാന്മാരുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയന്ന് ആര്‍ക്കുമറിയാവുന്ന കാര്യമാണ്.കഞ്ഞിമുക്കിഅലക്കിതേച്ച ഒരു ഖദര്‍ഷര്‍ട്ടും മുണ്ടും ഉണ്ടങ്കില്‍ ആര്‍ക്കും കോണ്‍ഗ്രസുകാരനാവാം,മൂടുതാങ്ങാന്‍ കഴിവുണ്ടങ്കില്‍ നേതാവും പൊക്കിവിടാന്‍ ആളുണ്ടങ്കില്‍ പാര്‍ട്ടിയില്‍ എന്തുമാകാം..എഴുത്തുപരീക്ഷയുംഇന്റ്‌ര്‍‌വ്യൂവും നടത്തി ലോകചരിത്രത്തില്‍ ആദ്യമായി നേതാക്കന്മാരെ കണ്ടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്,!യൂത്ത് കോണ്‍ഗ്രസ്സ്!!! ഇതില്‍ക്കൂടുതല്‍ എന്തുവേണം ഒരു പാര്‍ട്ടിയുടെ,അതും ഒരു ദേശീയപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാന്‍.ഒരു പാര്‍ട്ടിയുടെ വിജയം എന്ന് പറയുന്നത് ആപാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ്.സി.പി.എമ്മി.ന്റെ ശക്തി എന്ന് പറയുന്നത് ഡി.വൈ.എഫ്.ഐ. യുടെ സമരശക്തിയാണ്.ബിജെപിയുടെ പ്രവര്‍ത്തനശക്തി എന്ന് പറയുന്നത്യുവമോര്‍ച്ചയും ആണ്.എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സോ?പോലീസ് മൂത്ത് ഹെഡും ഹെഡ് മൂത്ത് എസ്.ഐ.യും ആകുന്നതു പോലെയാണ് കോണ്‍ഗ്രസ്സിന്റെ പോക്ക്.പത്തുമുപ്പത്തഞ്ച് വയസ്സുവരെ കെ.എസ്.യു.വിന്റെ കുപ്പായത്തില്‍ നടക്കും,പിന്നെ യൂത്തായി(?).പിന്നെ മരിക്കുന്നതുവരെ യൂത്താണ്.കെപിസിസിയില്‍ നിന്ന്ആരെങ്കിലും മാറിയിട്ട് വേണ്ടേ അവിടൊന്ന് കയറിപറ്റാന്‍.പത്തുമമ്പതും വയസ്സുള്ളവര്‍ ഇപ്പോഴും യുവാക്കളുടെ പ്രതിനിധിയായി ഇരിക്കുന്ന ഒരേഒരു പാര്‍ട്ടി കോണ്‍ഗ്രസ്സ് അല്ലേ?

മുരളീധരന്‍ കെ.പി.സി.സി പ്രസിഡണ്ടായപ്പോള്‍ ഏറ്റവും മോശപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് എന്നസ്ഥാനം ചിലര്‍ അദ്ദേഹത്തിന് നല്‍കി.എന്നാല്‍ ഇപ്പോള്‍ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായതിനു ശേഷം മുരളീധരന്‍ ഒരു മോശപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് ആയിരുന്നില്ലന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങി.രമേശ് ചെന്നിത്തലയെപ്പോലെ ഒരു മോശപ്പെട്ട കെ.പി.സി.സി പ്രസിഡണ്ടിനെകേരളത്തിലെ കോണ്‍‌ഗ്രസുകാര്‍ കണ്ടുകാണാ‍ന്‍ വഴിയില്ല.കരുണാകരന്റെ തണലില്‍ വളര്‍ന്നപ്പോള്‍ താന്‍വലിയ ഒരു നേതാവായി എന്ന് ചെന്നിത്തലയ്ക്ക് തോന്നിയത് സ്വാഭാവികം.പക്ഷേ ഒരു പാര്‍ട്ടിയെ നയിക്കാന്‍തക്കവണ്ണമുള്ള ഒരു വളര്‍ച്ച തനിക്ക് ഉണ്ടായിട്ടല്ലന്ന് അദ്ദേഹത്തിന് തോന്നാത്തിടത്തോളം കാലം കോണ്‍ഗ്രസ്സ്പച്ചപിടിക്കാന്‍ പോകുന്നില്ല.രാജ്യഭരണവും പാര്‍ട്ടിഭരണവും രണ്ടും‌രണ്ടാണന്ന് മനസിലാക്കാന്‍ ഇത്രയുംതാമസമോ?കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്‍ത്താന്‍ എന്തെങ്കിലും ഇദ്ദേഹം ചെയ്തതായി ആര്‍ക്കെങ്കിലുംഅറിയാമോ?

ഇപ്പോഴെത്തെ പ്രതിപക്ഷവും നിഷ്‌ക്രിയമായിട്ടാണ് ജനകീയപ്രശ്നങ്ങളും മറ്റ്‌പ്രശ്‌നങ്ങളും നോക്കികാണുന്നത്.പത്ര-ദൃശ്യ മാധ്യമങ്ങളാണിപ്പോള്‍ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റുന്നത്.മൂന്നാര്‍ കുടിയൊഴിപ്പിക്കലും,മര്‍ക്കിസ്‌റ്റണ്‍ വിവാദങ്ങളും,ഭരണപക്ഷത്തെ തമ്മിലടിയും,മുതല്‍ അവസാനം ഗോള്‍ഫ്‌ക്ലബ് ഏറ്റെടുക്കല്‍ വരെ എത്രയോ പ്രശ്നങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉണ്ടായി.ഇതിലൊന്നില്‍ പോലും ശക്തമായിഇടപെടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.ഈ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്തത് മാധ്യമങ്ങളാണ്.ഒരു ജനാധിപത്യക്രമത്തില്‍ ഈ രീതി അപകടങ്ങള്‍ വലിച്ചുവയ്ക്കും എന്നതില്‍സംശയമില്ല.വേനല്‍മഴപോലും രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്കുവെങ്കിലും അത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്തത്.കുട്ടനാട്ടില്‍ കോണ്‍‌ഗ്രസ്സ് നേതാക്കള്‍ കൊയ്ത്തു യന്ത്രം ഇറക്കി സമരംതുടങ്ങിയ നിലം എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് കൊയ്തത്.സമരത്തിനു വന്ന ഒരൊറ്റ നേതാവിനെപ്പോലുംപിന്നീട് കുട്ടനാട്ടിലെ കര്‍ഷകര്‍ കണ്ടിട്ടില്ല.ഒറ്റപ്പെട്ട ചില പ്രക്ഷോഭങ്ങള്‍ യൂത്ത് കോണ്‍‌ഗ്രസ്സ് തുടങ്ങിയെങ്കിലുംപാര്‍ട്ടിയുടെ പിന്തുണ അതിനു വേണ്ടവിധത്തില്‍ കിട്ടിയില്ല.തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക്എതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പോലും പ്രതിഷേധിക്കാത്ത നേതൃത്വം ആണ് ഇന്ന്കോണ്‍ഗ്രസ്സിന് ഇന്നിള്ളുത്. കരുണാകരന്‍ ഇടപെട്ടതിനുശേഷമാണ് ഈ പ്രശ്നത്തില്‍ കെ.പി.സി.സി.ഇടപെടുന്നത്.

ലോക്‍സഭാതിരഞ്ഞെടുപ്പിന് കേളികെട്ട് ഉയരുമ്പോള്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ കൂടുതല്‍ അഭ്യന്തര പ്രശ്നങ്ങളിലേക്ക്ആണ്ടുപോവുകയാണ്.യുഡീഎഫിലെ പ്രശ്നങ്ങള്‍ ഒരു വശത്ത് ഒരു വശത്തെ പാര്‍ട്ടിയിലെ ആഭ്യന്തരകലഹങ്ങള്‍..ഇതാണിപ്പോള്‍ കോണ്‍‌ഗ്രസ്സിന്റെ അവസ്ഥ.ഒരു ഉപാധിയും ഇല്ലാതെയാണ് താന്‍ തിരിച്ച്കോണ്‍‌ഗ്രസ്സില്‍ തിരിച്ച് വന്നതെന്ന് പറഞ്ഞ കരുണാകരന്‍ മകള്‍ക്ക് വേണ്ടി ചാലക്കുടി സീറ്റിനും,തന്റെകൂട്വന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനത്തിനും വിലപേശുന്നു.കേരളകോണ്‍ഗ്രസ്സ് കോട്ടയം സീറ്റിനും വാദിക്കുന്നു.കേരളകോണ്‍ഗ്രസ്സിന്റെ ഏകീകരണം വഴി തങ്ങളുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്മാണിയുള്‍പ്പെടെയുള്ള കേരളകോണ്‍ഗ്രസ്സ് നേതാക്കള്‍.തങ്ങളുടെ ഏകീകരണത്തിലേക്ക് ജോസഫിനെക്കൂടിഎത്തിക്കാനുള്ള ചര്‍ച്ചകള്‍ മാണികോണ്‍ഗ്രസ്സ് നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു.തനിക്ക് ഇനി ഒരിക്കലുംഇടതുപക്ഷത്തുനിന്ന് മന്ത്രിയാവാന്‍ പറ്റുകയില്ലന്ന് ജോസഫും മനസ്സിലാക്കിയ സ്ഥിതിക്ക് കേരളകോണ്‍ഗ്രസ്സ് ജെയുംയുഡി‌എഫ് പാളയത്തിലേക്ക് നീങ്ങുകയാണ്.ജനാതാദളിന്റെ ലയനനീക്കത്തിന് ഇടതുപക്ഷം സമ്മതംനല്‍കിയില്ലങ്കില്‍ അവരും യുഡി‌എഫ് പാളയത്തിലേക്ക് വരും.പിന്നെയുള്ളത് എന്‍.സി.പി.ആണ്.എന്‍.സി.പി.നേരത്തെ കേരളത്തിലെ എ‌ല്‍‌ഡി എഫിന്റെ കൂടെ ആയിരുന്നു എന്ന് എന്‍.സി.പി.യുടെ ദേശീയ നേതാക്കളുംമുരളീധരനും പറയുന്നുണ്ടങ്കിലും അത് പിണറായി വിജയനും വൈക്കം വിജയനും കേട്ടതായി നടിക്കുന്നില്ല.പിന്നെ എന്‍.സി.പി.ക്കുള്ള ഏക അഭയ സ്ഥാനം യുഡി‌എഫ് തന്നെയാണ്.കേന്ദ്രമന്ത്രിസ‌ഭയിലെ കക്ഷികള്‍പരസ്പരം മത്സരിക്കുന്നത് ശരിയല്ല എന്ന് ശരത് പവാര്‍ പറഞ്ഞതു വച്ച് നോക്കുമ്പോള്‍ എന്‍.സി.പിയുംയുഡിഎഫ് പാളയത്തില്‍ എത്തും.ഇവര്‍ക്കെല്ലാം മത്സരിക്കാന്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സ് എവിടെ നിന്ന്കണ്ടെത്തും.?????

ഇനിയും വരുന്ന പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിന് സ്വന്തം അക്കൌണ്ടിലുള്ള സീറ്റുകള്‍ നല്‍കേണ്ടി വരും.അധികാരംമാത്രം ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ്സിലെ സീറ്റ് മോഹികള്‍ ഇതിന് ഒരിക്കലുംസമ്മതിക്കുകയില്ല.തൃശൂര്‍ ജില്ലയില്‍ സീറ്റ് ഉറപ്പിക്കാന്‍ ടോം വടക്കന്‍ എന്ന ഡല്‍ഹി നേതാവ് അരയും മുറുക്കി രംഗത്ത് ഇറങ്ങിയിട്ടുണ്ടന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്.ഇദ്ദേഹം അനുയായികളുമായി മാസങ്ങള്‍ക്ക് മുമ്പ് ഒരു രഹസ്യയോഗം തൃശൂരില്‍ കൂടിയന്ന് വരെ പറയുന്നു.എവിടെയെങ്കിലും ഒരു സീറ്റ് കിട്ടാന്‍ പി.ശങ്കരന്‍ശ്രമിക്കും.തന്നെ തള്ളിപ്പറഞ്ഞ ശങ്കരനിട്ട് പണിയാതിരിക്കാന്‍ കരുണാകരന് കഴിയുമോ?തന്നെ ചതിച്ച്അച്ഛന്റെകൂടെ പോയ ആര്‍ക്കെങ്കിലും സീറ്റ് കിട്ടിയാല്‍ അവരെ തോല്‍പ്പിക്കാന്‍ മുരളീധരനും ശ്രമിക്കും.ഇതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എല്ലാം ഒരു കാവ്യ നീതിയാണ്.

എന്തെക്കൊയാണങ്കിലും കോണ്‍ഗ്രസ്സ് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പീനെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തുംഎന്നതില്‍ സംശയമില്ല.(പാതാളത്തോളം താണുകഴിഞ്ഞിട്ട് പിന്നെ താഴാന്‍ പറ്റത്തില്ലല്ലോ?).തൊഴുത്തില്‍കുത്ത് എന്ന് അവസാനിപ്പിക്കുന്നുവോ അന്നു മാത്രമേ കോണ്‍ഗ്രസ്സ് ഇനി കേരളത്തില്‍ രക്ഷപെടത്തുള്ളു.അതിന് ആദ്യം വേണ്ടത് നല്ല ഒരു നേത്രത്വം ആണ്.ജാതി-മത ഘടകങ്ങള്‍ കണക്കാക്കി നേതൃത്വത്തിലേക്ക്ആളുകളെ കയറ്റി ഇരുത്തുന്നടത്തോളം കാലം കോണ്‍ഗ്രസ്സ് ഇങ്ങനെ തന്നെ ആയിരിക്കും.ഒരു പുത്തന്‍യുവനേതൃത്വം കോണ്‍‌ഗ്രസ്സില്‍ ഉദയം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

റിയാലിറ്റി ഷോ :
അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സ് ഇപ്പോഴേ ശ്രമംതുടങ്ങുന്നത് നല്ലതാണ്.ഇപ്പോഴെത്തെ ട്രണ്ട് അനുസരിച്ച് ഇതിനായി ‘ജയ് ഹിന്ദി’ല്‍ ഒരു റിയാലിറ്റി ഷോനടത്താവുന്നതാണ്.യൂത്ത് കോണ്‍‌ഗ്രസ്സ് നേതാക്കളെ കണ്ടെത്താന്‍ എഴുത്തുപരീക്ഷയൊക്കെ നടത്തിപരിചയമുള്ള സ്ഥിതിക്ക് ഇതില്‍ നാണക്കേടൊന്നും വിചാരിക്കേണ്ട കാര്യവുമില്ല.എസ്.എം.എസ്.(?)വഴിജനങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഒരവസരവും ആകുമല്ലോ?തങ്ങളുടെജനപ്രതി‌നിധികളുടെ കഴിവുകള്‍ ജനങ്ങളൂടെ അറിയുന്നത് നല്ലതല്ലേ? വേണമെങ്കില്‍ മുണ്ടുപറിക്കല്‍ഒരു സെഗ്‌മെന്റും ആക്കാം.... ഏത് ??

3 comments:

ഫസല്‍ said...

തകരുകയാണ്, ഇനിയെങ്കിലും താങ്കള്‍ക്കൊന്ന് സന്തോഷിച്ചു കൂടെ? എന്തിനൊരു വിലാപം?

സന്ദേഹം സുഗ്രി said...

ഏത് പാര്‍ടിയാണ് സുഹൃത്തേ ഇവിടെ വളരുന്നത്? എലാം സ്ഥാപനവല്‍കരിക്കപ്പെട്ടു മൂത്ത് മുരടിച്ചു അഴുകാന്‍ തുടങ്ങി. പ്രവര്‍ത്തിച്ചാലും ഇല്ലെങ്ങിലും അഞ്ചു വര്ഷം വീതം ഓരോ കൂട്ടര്‍ക്കും നമ്മള്‍ ഭരണം വെച്ചു നീട്ടും. പിന്നെയെന്തിനാ പ്രവര്തിക്കുന്നെ? ഉദര നിമിത്തം ബഹുകൃത വേഷം, അത്രേ ഉള്ളൂ. അതോണ്ട് അവസരത്തിലും അനവസരത്തിലും കഴിയു‌ന്നത്ര കൈ ഇട്ടു വാരുക, കോക്രി കാണിക്കുക ... അങ്ങനെ തുടരും.
ആര്‍ എന്ത് ചെയ്താലും ഷണ്ടത്വം ബാധിച്ച ഒരു ജനത ഇവിടെ ഒരു ചുക്കും ചോദിയ്ക്കാന്‍ പോകുന്നില്ല.

Anonymous said...

see my friend, congress is mot an ordinary political party. even if it is in a dilapidated state,it has lakhs of followers who are not like in BJP or IUML and who belive in nationalism.