Thursday, November 19, 2009

മാഡത്തിനുള്ള മാപ്പപേക്ഷ

“അമ്മാ ഞാന്‍ നിന്നോടും നമ്മുടെ തറവാട്ടുകാരോടും പാപം ചെയ്തു. നിന്റെ തറവാട്ടുകാരന്‍ എന്ന് വിളിക്കാന്‍ ഞാന്‍ യോഗ്യനല്ല. പല വീടുകള്‍ ഉണ്ടാക്കി ഗതിയാവാതെ കറങ്ങിത്തിരിഞ്ഞുവന്ന എന്നെ തറവാട്ടില്‍ ചായ വാങ്ങിക്കൊടുക്കുന്ന ഒരുത്തനെപ്പോലെ കൈക്കൊള്ളേളമേ...”


മാഡം.....
ഞാന്‍ ഇനി മാഡമേ എന്നേ വിളിക്കൂ. എന്റെ അറിവില്ലായ്മ കൊണ്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കൊണ്ട് മാദാമ്മ എന്ന് വിളിച്ചിട്ടുണ്ടാവും. അതൊന്നും മനസില്‍ വച്ചുകൊണ്ട്
നടക്കത്തില്ലന്ന എനിക്കറിയാം. അല്ലങ്കില്‍ തന്നെ മാദാമ്മ എന്ന് വിളിക്കുന്നത് ഒരു കുറ്റമാ ണോ? ഞങ്ങളുടെ നാട്ടില്‍ വിദേശത്ത് നിന്ന് വരുന്നവരേയും വന്ന് താമസിക്കുന്ന വരേയും എല്ലാം സ്നേഹത്തോടും വിനയത്തോടും കൂടി വിളിക്കുന്നത് സായിപ്പേ , മാദാമ്മേ എന്നാണ്. അതുപോലെ സ്നേഹത്തോടും വിനയത്തോടും ബഹുമാനത്തോടും ആണ് ഞാന്‍ മാഡത്തേ യും മാദാമ്മേ എന്ന് വിളിച്ചത് . അതില്‍ തെറ്റ് കാണുന്നവര്‍ ഉണ്ടാവും. മാഡത്തിന് അറിയാ ത്ത ഒരു രഹസ്യം പറയാം. പണ്ട് നമ്മുടെ തറവാട്ടിലെ അമ്മച്ചിയെ പണ്ട് ചിലര്‍ `ലേഡീ ഹിറ്റ്‌ലര്‍' എന്നും `ഭാരത യക്ഷി' എന്നൊക്കെ വിളിച്ചിട്ടുണ്ട്. അമ്മച്ചി അവരോട് ക്ഷമിച്ചത് പോലെ മാഡവും എന്നോട് ക്ഷമിക്കണം. അവരെല്ലാം ഇന്ന് മാഡത്തിന്റെ കൂടെ തറവാട്ടില്‍ ഉയര്‍ന്ന നിലയില്‍ ആണ്.


ഞാന്‍ ചെയ്ത തെറ്റുകളെല്ലാം സാഹചര്യങ്ങള്‍ കൊണ്ട് ചെയ്ത് പോയതാണ്. അപ്പന്റെ കൂടെ തറവാട് വിട്ടുപോയതും അപ്പന്‍ തറവാട്ടില്‍ വന്നിട്ടും തിരിച്ചുവരാതെ ഞാന്‍ കറങ്ങി നടന്ന തും എന്റെ തെറ്റു തന്നെയാണ് . ആ തെറ്റുകളെല്ലാം ക്ഷമിക്കാന്‍ വേണ്ടിയാണ് ഞാനെല്ലാം ഏറ്റ് പറയുന്നത്. ഞാന്‍ പണ്ടൊരാളെ അലൂമിനിയം എന്ന് വിളിച്ച് പറഞ്ഞാണല്ലോ പല പുകിലുകളും നടന്നത്. അലൂമിനിയം എന്നത് അത്രക്ക് വെറുക്കപെടേണ്ട വാക്കാണോ ? സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നു എല്ലാവരും വിളിക്കുന്നി ല്ലേ? ആതുപോലെ ഒരു പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിശേഷിപ്പിച്ചത് തെറ്റാ ണോ? അദ്ദേഹത്തെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിന് എന്നെ ആദരിക്കുകയല്ലേ വേണ്ടത്???


ഒരു ഗുണത്തിനും ഗണത്തിനും കൊള്ളാത്ത നമ്മുടെ തറവാട്ടിലെ യൂത്തന്‍ പിള്ളാരെ കൊണ്ട് പണ്ട് ഞാന്‍ തറവാട്ടില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വന്നവരെ അടിച്ച് ഓടിച്ചിട്ടു ണ്ടാവും. അന്ന് എനിക്ക് കടകം, പൂഴിക്കടകം ഒക്കെ പറഞ്ഞുതന്നവര്‍ തറവാട്ടുമുറ്റത്തൂടെ മാന്യന്മാരെപ്പോലെ ഇപ്പോള്‍ നടക്കുന്നില്ലേ? സത്യമായിട്ടും എനിക്ക് മുണ്ട് പറിക്കലുമായി യാതൊരു ബന്ധവും ഇല്ല. അന്ന് മുണ്ട് പറിക്കപെട്ടവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അതിലൊരാള്‍ തറവാട്ട് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചില്ലേ? സ്ത്രികളോട് യുദ്ധം ചെയ്യരുത് എന്ന സാമാന്യമര്യാദപോലും മറന്നുകൊണ്ടാണ് ആ ആള്‍ അങ്കം വെട്ടിയത് . എന്നിട്ട് കാരണവന്മാരെല്ലാം കൂടി അയാളെയും പിടിച്ച് തറവാട്ടില്‍ കയറ്റി. പിന്നെ എന്തു കൊണ്ടാണ് എന്നെമാത്രം വെളിയില്‍ നിര്‍ത്തിയിരിക്കുന്നത് ??


ഞാന്‍ അകത്ത് കയറിയാല്‍ തറവാടിന്റെ ഐക്യം പോകുമെന്നാണല്ലോ പലരും പറയു ന്നത് . പണ്ട് ‘ വലിയ കമാണ്ടിനെ’ ധിക്കരിച്ച് മൂന്നാംഗ്രൂപ്പെന്ന് പറഞ്ഞ് കേരളത്തില്‍ തെക്കോട്ടും വടക്കോട്ടും നടന്ന് നമ്മുടെ തറവാടിനെ നാണംകെടുത്തിയ ആ മൂന്നു പേരുണ്ടല്ലോ അവരെക്കാള്‍ കൂടുതല്‍ തറവാടിന് ഞാന്‍ നാണക്കേട് വരുത്തിയിട്ടുണ്ടോ? അതിലൊരാളാണ് ഇന്ന് നമ്മുടെ കേരളത്തിലെ തറവാട് ഭരിക്കുന്നത് . നമ്മുടെ തറവാട് ഭരിച്ചിട്ടുള്ള ഒരു കാരണവരും ഇത്രയ്ക്ക് കഴിവു‌കെട്ടവര്‍ ആയിരുന്നില്ലന്ന് ഞാന്‍ പറയാതെ തന്നെ മാഡത്തിന് അറിയാമല്ലോ?അതിലെ രണ്ടാമനെതിരെ ഞാന്‍ മത്സരിച്ചു എന്നത് നേരാണ്. അത് നേര്‍ക്ക് നേരെയുള്ള പോരാട്ടമായിരുന്നു. ഞാനതില്‍ തോ‌ല്‍‌വി സമ്മതിക്കു കയും ചെയ്യുന്നു. അദ്ദേഹമാണ് ഞാന്‍ തറവാട്ടില്‍ കയറിയാല്‍ തറവാട്ടിലെ അച്ചടക്കം ഇല്ലാതാവുമെന്ന് പറയുന്നത്. പണ്ട് മൂന്നാം ഗ്രൂപ്പന്ന് പറഞ്ഞ് എല്ലാവരെയും വെല്ല് വിളിച്ച് നടന്നപ്പോള്‍ ഈ അച്ചടക്കവും മനസമാധാനവും ഒന്നും കണ്ടില്ലായിരുന്നു. ടിവി ചാനലിലെ കസേരയില്‍ ചരിഞ്ഞിരുന്ന് നാക്കിട്ടിടിച്ചാല്‍ എല്ലാമായന്നാണ് അയാളുടെ വിചാരം.


ഞാനാരേയും പിന്നില്‍ നിന്ന് കുത്തിയിട്ടില്ല. പിന്നില്‍ നിന്ന് കുത്താന്‍ ഞാന്‍ പഠിച്ചിട്ടും ഇല്ല. മുന്നില്‍ നിന്ന് നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമേ ഞാന്‍ നടത്തിയിട്ടുള്ളു. ഞാനെന്റെ തെറ്റുകള്‍ എല്ലാം തിരിച്ചറിയുന്നു. “പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ“ എന്നു ഞാന്‍ വിലപിക്കുകയും ചെയ്യുന്നു. ഞാന്‍ മാത്രമല്ലല്ലോ വിപ്ലവ പാര്‍ട്ടികളുമായി ചേര്‍ന്നിട്ടുള്ളത്. അവര് ഞങ്ങളെ ചതിക്കുകയും ചെയ്തു. വിപ്ലവ പാര്‍ട്ടികളുമായി ചേര്‍ന്ന് കേരളം ഭരിച്ചവര്‍ ഞാന്‍ വിപ്ലവപാര്‍ട്ടികളുമായി ചേര്‍ന്നതിനെ കുറ്റം പറയുന്നത് ന്യായമാണോ ?? നമ്മുടെ തറവാട്ടില്‍ നിന്ന് കാലാകാലങ്ങളില്‍ ഭാഗം വാങ്ങി പിരിഞ്ഞുപോയിട്ടുള്ളവര്‍ വീണ്ടും തിരിച്ചു വന്നിട്ടില്ലേ? നമ്മുടെ തറവാട്ടില്‍ കാരണവന്മാര്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ ഇരിക്കുന്നവരില്‍ എത്രപേരുണ്ടാവും തറവാട്ടില്‍ നിന്ന് ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ തറവാട്ടില്‍ നിന്ന് കലഹിച്ച് പോകാത്തവരായി....


ഞാന്‍ മാത്രമായിട്ടല്ല പ്രശ്‌നം ഉണ്ടാക്കിയത്. ദേശം ഭരിക്കുന്ന രാജാവ് അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ രാജാധികാരത്തിനായി ഇവിടെ മുട്ടനടി നടന്നില്ലേ? ആ അടി നടത്തിയവരാണ് ഞാന്‍ പ്രശ്‌നക്കാരന്‍ ആണന്ന് പറയുന്നത്. തറവാട് നോക്കി സ്വസ്ഥമായി ഇരുന്ന എന്നെ നാട്ട്മന്ത്രിയാക്കിയിട്ട് ഇലക്ഷനില്‍ നിര്‍ത്തി നാണം കെടുത്തി തോല്‍പ്പിച്ചില്ലേ? എന്നിട്ടും ഞാനാരെയെങ്കിലും കുറ്റപ്പെടുത്തിയോ? എല്ലാം എന്റെ വിധിയാണന്ന് പറഞ്ഞ് സമാധാനിച്ചു. തറവാട്ടില്‍ നിന്ന് പോയി രണ്ട് കുടിലുകള്‍ ഉണ്ടാക്കി എന്നത് സത്യമാണ് . അത് രണ്ടും കൊടുങ്കാറ്റിലും പേമാരിയിലും തകര്‍ന്നു പോയി. വീട് നഷ്ടപെട്ടപ്പോള്‍ കുറച്ചു നാള്‍ വഴിയമ്പലത്തില്‍ കയറി താമസിച്ചു. അവരെന്നെ പിടിച്ച് അതിന്റെ മാനേജരാക്കി. ഞാന്‍ ആ വഴിയമ്പലത്തെ സ്വന്തം വീടുപോലെ കണ്ട് മാനേജ് ചെയ്യാന്‍ നോക്കി. പക്ഷേ അവിടെ ഞാന്‍ പരാജയപ്പെട്ടു.


നമ്മുടെ തറവാടിന്റെ ഇപ്പോഴത്തെ അവസ്ഥ മാഡത്തിനു അറിയാമല്ലോ? നമ്മുടെ നാട് ഭരിക്കുന്നവരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ ഒരു സമരം പോലും നടത്താന്‍ കഴിഞ്ഞി ട്ടില്ലല്ലോ ഇതുവരെ ? നാലു പത്ര സമ്മേളനങ്ങള്‍ നടത്തിയാല്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ തീരുമോ?


ബൈബിളില്‍ ഒരു കഥ ഞന്‍ വായിച്ചിടുണ്ട്. ഒരപ്പന് രണ്ട് മക്കളുണ്ടായിരുന്നു. അതിലിളയ വന്‍ തനിക്ക് കിട്ടിയ ഓഹരികളെല്ലാം വിറ്റുതുലച്ച് തിരിച്ചു വന്നപ്പോള്‍ അപ്പന്‍ മകനെ സ്വീകരിച്ച കഥ. ആ കഥയിലെ പിതാവിനെപോലെ എന്റെ എല്ലാ കുറ്റങ്ങളും ക്ഷമിച്ച് എന്നെ തറവാട്ടില്‍ കയറ്റണം. നമ്മുടെ തറവാട്ടില്‍ കയറാനുള്ള മൂന്നുരൂപയുടെ എന്‍‌ട്രി പാസ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളു. തറവാട്ടിലെ അകത്തെ മുറിയിലെവിടങ്കിലും ഞാന്‍ കിടന്നോളാം. തറവാട് കുളം തോണ്ടിയവര്‍ തറവാട്ടമ്മയുടെ പുക കണ്ടിട്ടേ അടങ്ങുക യുള്ളു എന്നു പറഞ്ഞവര്‍ വരെ തറവാട്ടില്‍ സുഭക്ഷമായി ഉണ്ട് ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം തറവാടിന് വെളിയില്‍ നില്‍ക്കുന്നത് ശരിയാണോ ? എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ് . ഉചിതമായ ഒരു തിരുമാനം അവിടെ നിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷയോടെ ...



പഴയ ഒരു തറവാട്ട് കാരണവര്‍


(ഒരു പണികിട്ടുന്നതുവരെ ഞാനീപണി തുടരും.....)
.

6 comments:

mini//മിനി said...

മുടിയനായ പുത്രന്‍ തറവാട് കുളംതോണ്ടുമോ എന്ന പേടി മാഡത്തിന് കാണും, എന്നാലും പാവമല്ലെ, ഒരു പാസ്സ് കൊടുക്ക്, എത്ര നാളാ ഇങ്ങനെ മഴയും വെയുലും കൊണ്ട് പുറത്ത് നിര്‍ത്തുന്നത്.

ഹരീഷ് തൊടുപുഴ said...

പാവം പാവം പഴേ തറവാട്ടു കാരണവർ..!!

ജോണ്‍ ചാക്കോ, പൂങ്കാവ് said...

പാവം..... കണ്ണടച്ച് പാല് കുടിക്കുന്ന പാവം...
ഒന്ന് അകത്തു കയറ്റി നോക്ക്... അപ്പോള്‍ കാണാം 'കൊണം'

Anil cheleri kumaran said...

നല്ല കത്ത് അല്ല, കുത്ത്ത്.

InnalekaLute OrmmakaL said...

അധികാരത്തിന്റെ ലഹരി തിരിച്ചറിഞ്ഞവര്‍ അതിനുവേണ്ടി എന്തും ചെയ്യും, വിനയംകൊണ്ട് ഒരുപക്ഷെ മറ്റുള്ളവരെ അത്ഭുതപ്പെടുത്തും ! എത്രമാത്രം താഴാന്‍ കഴിയുന്നുവോ അത്രയും താഴാന്‍ ശ്രമിക്കും :)
വെറും മൂന്നു രൂപയുടെ പാസിന്റെ വില മുരളിയ്ക്ക് നല്ലപോലെ അറിയാം ! മുരളി ആരാണെന്നു മറ്റുള്ളവര്‍ക്കും !

ഷൈജൻ കാക്കര said...

തൊന്തരവ്‌ മാപ്പ്‌ അപേഷിച്ചപ്പോൾ കാക്കര ലവ്‌ ലെറ്റർ അയ്യച്ചു.

കിങ്ങിണികുട്ടന്റെ പ്രേമലേഖനവും ലൗവ്‌ ജിഹാദും