Saturday, November 21, 2009

ഒ.ന്‍‌.വി യും ചന്ദ്രനിലെ വെള്ളവും

അങ്ങനെ അവസാനം നമ്മുടെ ബേബി മന്ത്രി ഒരു കണ്ടുപിടിത്തം കൂടി നടത്തി. രണ്ടാം മുണ്ടശേരി എന്ന് വിശേഷിപ്പിച്ച് വിദ്യഭ്യാസ രംഗത്ത് പുരോഗമനപരമായ പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി അവയെല്ലാം ‘ഇപ്ലിമെന്റ് ‘ ചെയ്ത് എല്ലാം കുളമാക്കി അടുത്ത അദ്ധ്യായന വര്‍ഷത്തിലേക്കുള്ള പുതിയ പരീക്ഷണങ്ങളുടെ ഇടയിലായിരിക്കണം പുതിയ കണ്ടുപിടിത്തം നടത്തിയത്. ആ മഹത്തായ കണ്ടുപിടിത്തം ഇതായിരുന്നു. ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുംമുമ്പ് 'അമ്പിളിയമ്മാവന്റെ താമരക്കുമ്പിളി'നെ ഭാവനയില്‍ കണ്ട കവിയാണ് ഒ.എന്‍.വി. എന്നു വച്ചാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടന്ന് ആദ്യം ഭാവനയില്‍ കണ്ടത് ഒ.എന്‍.വി. ആണന്ന്. പക്ഷേ സാക്ഷാല്‍ ഒ.എന്‍.വി. ഇങ്ങനെയൊരു കാര്യം പറയുമോ എന്നതില്‍ സംശയം ഉണ്ട്. ഇനി ശരിക്ക് അങ്ങനെയൊന്ന് അദ്ദേഹം ഭാവനയില്‍ കണ്ടിട്ടുണ്ടാവുമോ? ഏതായാലും ആ പാട്ടന്ന് കേള്‍ക്കാം എന്ന് വിചാരിച്ചു. കെ.പി.എ.സി.യുടെ ഒരു നാടകത്തില്‍ (പേരെനിക്കറിയില്ല) ഒ.ന്‍.വി. എഴുതി ദേവരാജന്‍ മാഷ് സംഗീതം നല്‍കി കെ.പി.എ.സി സുലോചന പാടിയ പാട്ടാണ് അമ്പിളി അമ്മാവാ...

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (അമ്പിളി...)
താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറുണ്ടാ‍ല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2) ...
( ഈ പാട്ടിന്റെ മുഴുവന്‍ വരികള്‍ കാണാന്‍)


ഇതിലെ താമരക്കുമ്പിളും വെള്ളവുമായി എന്തു ബന്ധം ??? താമരക്കുമ്പിളുമായി താഴോട്ട് പോന്നാല്‍ പായസച്ചോറുതരാമന്നാണ് കവി പറയുന്നത്. (താമരകുമ്പിളില്‍ പായസച്ചോറു കൊടുക്കാം എന്നായിരിക്കണം ). ഞാനീ പാട്ട് നോക്കിയിട്ട് ചന്ദ്രനിലെ വെള്ളവുമായിട്ട് ഒരു ബന്ധവും കണ്ടില്ല. ഇനി താമര വെള്ളത്തില്‍ വളരുന്ന ഒരു സസ്യം ആയതുകൊണ്ട് താമരക്കുമ്പിള്‍ എന്ന പദം വന്നതുകൊണ്ട് ചന്ദ്രനില്‍ ഒരു വലിയ കുളം ഉണ്ടായിരുന്നു എന്നും ആ കുളത്തില്‍ ഒത്തിരിത്താമരകള്‍ ഉണ്ടായിരുന്നു എന്നും അതിലെ ഒരു താമര ഇല പറിച്ച് ചന്ദ്രന്‍ കുമ്പിള്‍ ഉണ്ടാക്കി എന്നൊക്കെ ഒരു വിശദീകരണം നല്‍കാന്‍ ‘കണ്ടുപിടിത്തം‘ നടത്തിയവര്‍ക്ക് കഴിയാതിരിക്കില്ല.



ഈ പുതിയ വെളുപ്പെടുത്തല്‍ നടത്താനുള്ള സാഹചര്യങ്ങളിലേക്ക് ഒരു യാത്ര....

സംഗീത സംവിധായകന്‍ ഇളയരാജ വ്യാഴായ്ച ചെന്നയില്‍ നടത്തിയ ചില പരാമര്‍ശ ങ്ങള്‍ക്ക് നല്‍കുന്ന ‘മറുപിടി‘യില്‍ ആണ് എം.എ. ബേബി മുകളില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. മന്ത്രിയുടെ വാക്കുകളുടെ പത്രവാര്‍ത്ത താഴെ ...(കേരള കൌമുദിയുടെ)
























http://news.keralakaumudi.com/rapture108/news.php?nid=b7e0a5659cdab412fdc73bdfa8647220


ഇനി ഇളയരാജയുടെ വിമര്‍ശനം (കൌമുദി പ്ലസ് )

http://www.kaumudiplus.com/news.php?nid=4c63a38de84c8eb2ad7584bbb274af2d&mcid=14

ഇളയരാജയെ കുറ്റപ്പെടുത്താന്‍ കഴിയുമോ ? കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം മുകളില്‍ ഇല്ല എന്നതു തന്നെ കാരണം. മാതൃഭൂമിയിലെ വാര്‍ത്ത കൂടി കാണുക ... ( സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് ആ വാര്‍ത്ത താഴെ പേസ്റ്റ് ചെയ്യുന്നു.)

പഴശ്ശിരാജ: ഒ.എന്‍.വി.യുടെ വരികളില്‍ തൃപ്തിയില്ലെന്ന് ഇളയരാജ ചെന്നൈ:

പഴശ്ശിരാജ'യുടെ ഗാനരചയിതാവിനുനേരെ സംഗീതസംവിധായകന്‍ വിരല്‍ചൂണ്ടുന്നു. പഴശ്ശിരാജയിലെ മുഖ്യഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജയാണ് പരസ്യമായി രംഗത്തുവന്നത്. പഴശ്ശിരാജയ്ക്കുവേണ്ടി ഒ.എന്‍.വി. എഴുതിയ 'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ' എന്ന ഗാനം നിശിതമായി വിചാരണചെയ്തുകൊണ്ടാണ് ഇളയരാജ സ്വന്തം നിലപാട് വ്യക്തമാക്കിയത്. ''സ്വന്തം വീടു വിട്ട് പിറന്നമണ്ണില്‍ അഭയാര്‍ഥിയായി കഴിയേണ്ടിവന്ന പഴശ്ശിരാജയുടെ ആത്മനൊമ്പരങ്ങള്‍ ഈ പാട്ടിലില്ലാതെ പോയി''-വ്യാഴാഴ്ച ചെന്നൈയില്‍ പഴശ്ശിരാജയുടെ തമിഴ് ഓഡിയോ പ്രകാശനവേളയില്‍ ഇളയരാജ തുറന്നടിച്ചു. ചില കാര്യങ്ങള്‍ എനിക്ക് പത്രപ്രവര്‍ത്തകരോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. എം.ടി.യുടെയും ഹരിഹരന്റെയും കൂട്ടുകെട്ടിലുള്ള ഒരു സിനിമയ്ക്ക് സംഗീതം നല്‍കാന്‍ ലഭിച്ച ക്ഷണം ഒരു ബഹുമതിയായാണ് താന്‍ കണ്ടതെന്ന് ഇളയരാജ പറഞ്ഞു. ''സാധാരണഗതിയില്‍ ആദ്യദിവസംതന്നെ ട്യൂണ്‍ നല്‍കി ജോലി പൂര്‍ത്തിയാക്കുന്ന സ്വഭാവമാണ് എന്‍േറത്. പക്ഷേ, എം.ടി.യോടും ഹരിഹരനോടും വിശദമായി സംസാരിച്ചതിനുശേഷമാണ് പഴശ്ശിരാജയുടെ പണി തുടങ്ങിയത്.'' താന്‍ ആദ്യം നല്‍കിയ അഞ്ചാറ് ട്യൂണുകളില്‍നിന്ന് ഹരിഹരന്‍ തിരഞ്ഞെടുത്ത ട്യൂണിനനുസരിച്ച് പാട്ടെഴുതാന്‍ ഒ.എന്‍.വി.ക്കായില്ലെന്ന് ഇളയരാജ പറഞ്ഞു. ഹരിഹരന്‍ ഒ.എന്‍.വി.യുടെ പാട്ടുമായി തന്റെയടുക്കല്‍ വന്ന് ഈ പാട്ടിന് സംഗീതം നല്‍കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞതായി ഇളയരാജ ചൂണ്ടിക്കാട്ടി. ''സ്വന്തം വീടു വിട്ട് പിറന്ന മണ്ണില്‍ അഭയാര്‍ഥിയെപ്പോലെ കഴിയേണ്ടിവന്നവനാണ് പഴശ്ശി. പക്ഷേ, ഒ.എന്‍.വി.യുടെ വരികളില്‍ പഴശ്ശിയുടെ
ഈ വ്യഥയോ മനഃക്ലേശമോ പ്രതിഫലിച്ചുകണ്ടില്ല''.പഴശ്ശിയുടെ പടപ്പുറപ്പാടിന്റെ ചിത്രമായിരുന്നിരിക്കാം ഈ വരികളെഴുതിയപ്പോള്‍ ഒ.എന്‍.വി.യുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഇളയരാജ പറഞ്ഞു. ''ഒരു മാര്‍ച്ച്പാസ്റ്റിന്റെ താളത്തിലുള്ള വരികളായിരുന്നു അത്. പക്ഷേ, ആ രീതിയിലല്ല ഞാന്‍ അത് കൈകാര്യംചെയ്തത്''.താന്‍ നല്‍കിയ ട്യൂണുകള്‍ക്കനുസരിച്ച് ഇതിനുമുമ്പ് മനോഹരമായി ഒ.എന്‍.വി. പാട്ടെഴുതിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. 'തുമ്പീ വാ.....തുമ്പക്കുടത്തിന്‍, തുഞ്ചത്തായ് ഊഞ്ഞാലിടാം' എന്ന പാട്ട് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. പഴശ്ശിരാജയുടെ കാര്യത്തില്‍ എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും ഇളയരാജ പറഞ്ഞു.പഴശ്ശിരാജ അസാധാരണമായ ചിത്രമാണെന്നും തമിഴ്ജനത ഒന്നടങ്കം ഈ സിനിമ കാണുമെന്നും ഇളയരാജ പറഞ്ഞു. ''എണ്ണൂറോളം പടങ്ങള്‍ക്ക് ഞാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. പക്ഷേ, പഴശ്ശിരാജയ്ക്ക് സംഗീതം നല്‍കുമ്പോള്‍ ഇതെന്റെ ആദ്യചിത്രംപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത്രമാത്രം സവിശേഷ താത്പര്യത്തോടെയാണ് ഞാന്‍ ഈ ദൗത്യം നിറവേറ്റിയത്''.പഴശ്ശിരാജയില്‍ സുപ്രീം സ്റ്റാറോ (ശരത്കുമാര്‍), മെഗാസ്റ്റാറോ (മമ്മൂട്ടി) അല്ല എം.ടി.തന്നെയാണ് താരമെന്ന് ഇളയരാജ പറഞ്ഞു. ''അത്രമാത്രം ഗംഭീരമായ തിരക്കഥയാണിത്. നിശ്ശബ്ദതയ്ക്ക് ചിലയിടങ്ങളില്‍ എം.ടി. വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവിടെയൊക്കെ പശ്ചാത്തലസംഗീതംപോലും ഒഴിവാക്കുകയാണ് ഞാന്‍ ചെയ്തത്''.രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ് എല്ലാ ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയാണ് പഴശ്ശിരാജയുടെ സംഗീതം താന്‍ വാര്‍ത്തെടുത്തതെന്നും ഇളയരാജ പറഞ്ഞു.

(http://frames.mathrubhumi.com/story.php?id=66701)

മുകളില്‍ കൊടുത്തിരിക്കുന്നത് വായിച്ചുവോ? ഇളയരാജ ഒ.ന്‍.വി.യോടുള്ള എല്ലാ ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് മുകളില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നതന്ന് മനസിലാക്കാം.

മലയാള സിനിമാ ഗാനരംഗത്ത് ഒ.ന്‍.വിയെ പോലെ ഭാവഗീതങ്ങള്‍ പാട്ടെഴുത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഒ.ന്‍.വി.യുടെ സിനിമാപാട്ടുകള്‍ ഏതൊരു മലയാളിക്കും അതിലെ ‘കവിത‘ കൊണ്ട് മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. സമകാലിക മലയാള കവിതകളിലും സിനിമാപാട്ടിലും ഒ.ന്‍.വി തന്നെയാണ് തലയുയര്‍ത്തി നില്‍‌ക്കുന്നത് എന്നതിലും സംശയം ഇല്ലാത്ത കാര്യംആണ്. വിലകുറഞ്ഞ വിശകലനവും വിശദീകരണവും നല്‍കി ഒ.ന്‍.വിക്ക് പിന്തുണ നല്‍കാന്‍ എം.എ. ബേബി ശ്രമിച്ചു എങ്കിലും അത് വളരെ അരോചകമായി എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒ.ന്‍.വി എന്ന കവിക്കും സിനിമാപാട്ടെഴുത്തുകാരനും നാടകഗാന രചിയതാവിനും എന്റെയും നിങ്ങളുടേയും മനസിലുള്ള സ്ഥാനം ഒരു പാട്ട് മോശമായി എന്നതുകൊണ്ട് മാറുന്നതല്ല. അത് ഇളയരാജയ്ക്കും അറിയാം. ഒ‌.ന്‍.വിയില്‍ നിന്ന് അദ്ദേഹം കൂടുതല്‍ പ്രതീക്ഷിച്ചിരിക്കാം.

:: പഴശ്ശിരാജയും ചില ആരോപണങ്ങളും പരാതികളും. ::

മലയാളത്തില്‍ നിന്ന് ഒരു ലോകസിനിമ എന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയ പഴശ്ശിരാജ മലയാളം ഒന്നടക്കം കീഴടക്കി അന്യഭാഷകളിലേക്കും മുന്നേറുമ്പോള്‍ ‘പഴശ്ശിരാജ ടീ’മില്‍ നിന്നു തന്നെ ഒഴിവാക്കേണ്ടിയിരുന്ന ചില പരാതി/ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതിലെ അവസാനത്തേത് ആയിരുന്നു ഇളയരാജയുടെ പരാമര്‍ശം. താന്‍ ചെയ്ത ശബ്‌‌ദ്ദമിശ്രണം അതേപോലെ ശ്രവിക്കാന്‍ നമ്മുടെ തിയേറ്ററുകളില്‍ കഴിയുന്നില്ല എന്ന പരാതി ഉന്നയിച്ചത് റസൂല്‍ പൂക്കുട്ടി ആയിരുന്നു. അത് സത്യമാണങ്കിലും നമ്മുടെ തിയേറ്ററുകള്‍ മാറാന്‍ പോകുന്നില്ല എന്ന് നമുക്കറിയാം.

നവംബര്‍ 22-28 ലെ 37 ആം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹരിഹരന്‍ പി.സക്കീര്‍ ഹുസൈനുമായി നടത്തിയ അഭിമുഖത്തില്‍ നിര്‍മ്മാതാവിനോടും ടെക്‍നീഷ്യന്മാരോടും താരങ്ങളോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ടന്ന് പറയുന്നു. (പേജ് 33).തന്റെ മനസില്‍ ചിത്രീകരിച്ചതിന്റെ അമ്പതുശതമാനം മാത്രമേ സിനിമയില്‍ കൊണ്ടുവരാന്‍ തനിക്ക് കഴിഞ്ഞിട്ടുള്ളു എന്നും സ്വയം വിമര്‍ശനമായി ഹരിഹരന്‍ പറയുന്നുണ്ട്.

'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ' എന്ന ഗാനത്തെക്കാള്‍ ഉപരിയായിട്ടുള്ള വരികള്‍ താന്‍ ഒ.ന്‍.വി. യില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഇളയരാജയും പറയുന്നു.

ഈ ആരോപണ/ പരാതികളില്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് ഒന്നു വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത് , തങ്ങള്‍ പ്രതീക്ഷച്ചതിലും വര്‍ക്കും ചെയ്തതിലും, ബുദ്ധിമുട്ടിയതിലും ഉള്ള ഒരു പൂര്‍ണ്ണത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന ഒരു ചിന്ത പഴശ്ശിരാജയുടെ അണിയറയില്‍ ഉള്ളവര്‍ക്ക് ഉണ്ട് എന്നുള്ളതാണ് .


2 comments:

Chau Han said...

ഇദാപ്പ നന്നായേ.
ചന്ദ്രനില്‍ നീല്‍ആംസ്ട്രോങ്ങ് കാല് കുത്തുന്നതിന് മുന്നേ നമ്മുടെ നീലാംബരന്‍ ചേട്ടന്‍ പോയി വീടും വച്ച്, നീലത്തടാകം ഉണ്ടാക്കി ഡെയ്ലി അവിടെ നീലലേസര്‍ ഷോ നടത്തുകയല്ല്യോ. കേട്ടിട്ടില്ലേ - നീലരാവ്, നീലനിലാവ്, നിലാവിന്റെ നീല ഭസ്മക്കുറി, ..
കവികളുടെ ദീര്‍ഘവീക്ഷണം (വര്‍ണ്ണാന്ധത അല്ല) ശ്രദ്ധേയമല്ലേ. :)

mini//മിനി said...

അവിടെ ചന്ദ്രനില്‍ നീല്‍ ആംസ്ട്രോങ്ങ് ഇറങ്ങിയപ്പോള്‍, പെട്ടെന്ന് ഒരു ക്ഷീണം വന്നപ്പോള്‍, നമ്മുടെ രാമന്‍നായരുടെ ചായക്കടയില്‍ നിന്നാണ് ചൂട് വെള്ളം വാങ്ങിക്കുടിച്ചത്. പിന്നെ ഒരു കട്ടന്‍‌ചായയും പരിപ്പ്‌വടയും കഴിച്ചു. അക്കാര്യം മറന്ന് പോയോ?