Thursday, November 12, 2009

മന്ത് ഗുളികയും മന്ത്രിയും :: ഇതാണ് ആരോഗ്യമന്ത്രി


ഇന്നലെ നവംബര്‍ 11...
ദേശീയ മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം രാ‍വിലെ ഒന്‍‌പതുമണിക്ക് തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് .

ഇന്നലത്തെ പത്രങ്ങളിലെ കാല്‍‌പേജ് പരസ്യത്തില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. എറണാകുളത്തെ മാതൃഭൂമി എഡീഷനിലെ 13 ആം പേജിലും ഈ പരസ്യം ഉണ്ടായിരുന്നു. പരസ്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചിരിച്ചുകൊണ്ടുള്ള ഫോട്ടോ . വര്‍ഷത്തില്‍ ഒരു പ്രാവിശ്യം കഴിച്ചാല്‍ നമ്മുടെ നാട്ടില്‍ നിന്ന് മന്ത് രോഗം അറബിക്കടലില്‍ താഴ്ന്നുപോകുമെന്ന് .

നല്ല കാര്യം ...

മന്തില്ലാത്ത കേരളത്തെ സ്വപ്‌നം കണ്ട് ഉറങ്ങി എഴുന്നേറ്റപ്പോള്‍ പത്രങ്ങളെല്ലാം എടുത്തു നോക്കി.

എല്ലാ പത്രങ്ങളിലും വാര്‍ത്തയുണ്ട് . മന്തുനിവാരണഗുളികകള്‍ കഴിച്ചവര്‍ക്ക് പത്തഞ്ഞൂറ് പേര്‍ക്ക് അസ്വസ്ഥതകള്‍ !!!

എന്തുകൊണ്ടാണ് ഈ അസ്വസ്ഥതകള്‍ ഉണ്ടായത് എന്ന് ആരെങ്കിലും പറയുന്നുണ്ടോ ?

ഉണ്ട് ..

നമ്മുടെ ആരോഗ്യവകുപ്പിന്റെ മേലുള്ള ഒരാള്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടത്രെ! അസ്വസ്ഥതകളില്‍ ആശങ്ക വേണ്ട എന്നാണ്

പത്രക്കുറിപ്പ്. തലക്കറക്കവും ഛര്‍ദിയും ഉണ്ടായ സ്ഥലങ്ങളില്‍ അവര്‍ പരിശോധിച്ചത്രെ. ആര്‍ക്കും ഒരു കഴപ്പവും ഇല്ല.

ഹാ‌വൂ !! സമാധാനമായി .

മാതൃഭൂമി അടച്ചു വച്ചു.

എല്ലാ പത്രങ്ങളിലും ഇങ്ങനെതന്നെയാണോ ...

മനോരമ എടുത്തുനോക്കി ... അതില്‍ മറ്റൊരു സംഗതി കിടക്കുന്നു.

മന്തുനിവാരണഗുളികകള്‍ കഴിക്കേണ്ടത് ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നത്രേ !!!

വീണ്ടും ഇന്നലത്തെ പരസ്യം എടുത്തുനോക്കി. അതിലെവിടെയെങ്കിലും ഉച്ച ഭക്ഷണത്തീനുശേഷമാണ് ഗുളിക കഴിക്കേണ്ടത് എന്ന് പറയുന്നുണ്ടോ ? ഇല്ലേ ഇല്ല.. അങ്ങനെ ഒരു വിവരവും ആ പരസ്യത്തില്‍ ഇല്ല. ഗുളികകള്‍ സുരക്ഷിതവും ഫലപ്രദവും ആണന്ന് പറയുന്നുണ്ട്. പിന്നെ ഒരു കാര്യം കൂടി ഉണ്ട് . ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് നല്‍കുന്ന ഗുളികകള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ കഴിക്കുക.

നമ്മുടെ മന്ത്രിക്ക് ഗുളിക കഴിച്ച് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ ? മന്ത്രിക്ക് തലകറക്കമോ ഛര്‍ദിയോ ? മാതൃഭൂമിയിലും ദീപികയിലും മനോരമയിലും മന്ത്രിയെക്കുറിച്ച് ഒന്നും പറയുന്നില്ല.


ഹൊ ടെന്‍ഷന്‍ !
വല്ലാത്ത ടെന്‍‌ഷന്‍ !
നമ്മുടെ ആരോഗ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് വല്ലാത്ത ടെന്‍‌ഷന്‍ . ഗുളിക കഴിച്ച് മന്ത്രി മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം നടത്തുമെന്നായിരുന്ന ത്രെ അറിയിപ്പ്. ഇതറിഞ്ഞപ്പോള്‍ വീണ്ടും ടെന്‍ഷന്‍ !! മന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവു മോ ?

കേരള കൌമുദി ഓണ്‍‌ലൈന്‍ എടുത്തു നോക്കിയപ്പോഴാണ് ആശ്വാസമായത്. മന്ത്രിക്ക് ഒന്നും സഭവിച്ചിട്ടില്ല. ഗുളിക കഴിച്ചവര്‍ക്കേ എന്തെങ്കിലും ഒക്കെ സംഭവിക്കാനുള്ള വഴിയുള്ളു. ഗുളിക കഴിക്കാത്തവര്‍ക്കെന്ത് കുഴപ്പം വരാന്‍ ???????

താഴെ ദാ ആ വാര്‍ത്ത ...........

എന്നാല്‍ പിന്നെ ഈ പരിപാടി ഉച്ചകഴിഞ്ഞിട്ട് നടത്തിയാല്‍ പോരായിരുന്നോ എന്ന് ചോദിക്കരുത് ? ഗുളിക കഴിച്ച് ഉദ്‌ഘാടനം നടത്തേണ്ട മന്ത്രി എന്തെങ്കിലും കഴിച്ചിട്ട് വരേണ്ടിയിരുന്നില്ലേ എന്നും ചോദിക്കരുത് ? ഉച്ചഭക്ഷണത്തിനുശേഷമേ ഈ ഗുളിക കഴിക്കാവൂ എന്ന് പരസ്യത്തിലെങ്കിലും കൊടുക്കരുതായിരുന്നോ എന്നും ചോദിക്കരുത് ? കാരണം ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നവയാണ് . അതായത് ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കും ...


പഴയ ഒരു കഥ ::
പണ്ട് പണ്ട് ഒരു വിദ്യാഭ്യാസമന്ത്രി സ്കൂളിലെ ഉച്ചക്കഞ്ഞി ഉദ്‌ഘാടനം ചെയ്യാന്‍ പോയി. കഞ്ഞികുടിച്ച് മന്ത്രി ഉ‌ദ്‌ഘാടനം ചെയ്യണമെന്ന് ആരോ പറഞ്ഞപ്പോള്‍ മന്ത്രി സമ്മതിച്ചു. പത്രത്തില്‍ പടം വരുന്നതല്ലേ ? കഞ്ഞി കുടിച്ച് മന്ത്രി ഉദ്‌ഘാടനം നടത്തി. പിറ്റേന്ന് രാവിലെ മന്ത്രിയെ നടക്കാന്‍ കാണാഞ്ഞിട്ട് ഒരു സുഹൃത്ത് മന്ത്രിയെത്തിരക്കി വീട്ടില്‍ ചെന്നു. ഉച്ചക്കഞ്ഞി ഉദ്ഘാടനം കഴിഞ്ഞതില്‍ പിന്നെ മന്ത്രിക്ക് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലത്രെ! . സുഹൃത്ത് മന്ത്രിയെക്കണ്ട് പൊട്ടിച്ചിരിച്ചു. തന്നെ കളിയാക്കിയെ സുഹൃത്തിനോട് മന്ത്രി തട്ടിക്കയറി. സുഹൃത്ത് മന്ത്രിയോട് പറഞ്ഞു.
“ ഞാന്‍ താങ്കളെ കളിയാക്കി ചിരിച്ചതല്ല. കുറച്ച് കഞ്ഞി കുടിഞ്ഞ താങ്കളുടെ അവസ്ഥ ഇങ്ങനെയാണങ്കില്‍ എന്നും ആ കഞ്ഞി കുടിക്കുന്ന പിള്ളാരുടെ അവസ്ഥ ഓര്‍ത്ത് ചിരിച്ചു പോയതാ ....”വീണ്ടും ഇന്നലത്തെ പത്രത്തിലെ പരസ്യം നോക്കി... രണ്ട് മന്ത്രിമാര്‍ ചിരിച്ചു കൊണ്ടിരിക്കുന്നു. അത് നമ്മളെ ഒന്ന് ആക്കിച്ചിരിക്കുന്നതല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല ...........


6 comments:

അജീഷ് മത്തായി said...

Vellapally Nadesan Kallu kudikkathathu chummathano?

keralafarmer said...

കേരളകൌമുദി വാര്‍ത്ത കണ്ടപ്പോഴാണെനിക്ക് സമാധാനമായത്.
ഞാന്‍ മാത്രമല്ല മന്തു നിവാരണ ഗുളിക ആരോഗ്യവകുപ്പ് മന്ത്രിയും കഴിച്ചില്ല . എന്റെ കുടുംബാഗങ്ങളോടും പറഞ്ഞിട്ടുണ്ടായിരുന്നു കഴിക്കരുതെന്ന്. ഈ ഗുളിക നിര്‍മാതാക്കള്‍ മന്തിന്റെ വൈറസ് കണ്ടെത്താതിരുന്നാല്‍ രക്ഷപ്പെട്ടു. ഇതേപോലെ പശുക്കള്‍ക്കുള്ള കുളമ്പുരോഗത്തിനുള്ള പ്രതിരോധക്കുത്തിവെയ്പും ഞാന്‍ ബഹിഷ്കരിക്കാറുണ്ട്.

keralafarmer said...

കുറ്റിപ്പുറം: മന്തുരോഗ പ്രതിരോധഗുളിക കഴിച്ച സ്‌ത്രീ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിപ്പുറം പേരശന്നൂരിലെ കഴുത്തല്ലൂര്‍ കൗസല്യ(56)യാണു മരിച്ചത്‌. ഇന്നലെ രാവിലെ മന്തുരോഗ നിര്‍മാര്‍ജനയജ്‌ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്‌ നല്‍കിയ ഗുളിക കഴിച്ച ഇവര്‍ക്ക്‌ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന്‌ ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണം ഹൃദയാഘാതം മൂലമാണെന്ന്‌ ആരോഗ്യവകുപ്പ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

ആലപ്പുഴ, കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും മന്തുരോഗപ്രതിരോധ ഗുളിക കഴിച്ച നിരവധി പേര്‍ അസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. ഈ അസ്വസ്‌ഥതകളില്‍ ആശങ്കപ്പെടാനില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു

keralafarmer said...

കഴിഞ്ഞ കമെന്റ് കഗടപ്പാട് മംഗളം.

കാക്കര said...

എല്ലാവരും മന്ത്‌ പ്രതിരോധ ഗുളിക കഴിച്ചോളു, ഞാൻ വീട്ടിൽ പോയി ഉൽഘടിച്ചൊള്ളാം...

Pd said...

പാവം മലയാളീസ് എന്തൊക്കെ സഹിക്കണം ആരൊയൊക്കെ ചുമക്കണം...!!