Saturday, September 27, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 1


രാവിലത്തെ തിരുവന്തപുരം- ഷെര്‍ണ്ണൂര്‍ വേണാട് എക്സ്‌പ്രസ് ട്രയിന്‍. എല്ലാദിവസവും നല്ല തിരക്കാണ് ട്രയിനില്‍. ചെങ്ങന്നൂരില്‍ എത്തുമ്പോഴേക്കുംസീറ്റുകള്‍ ഒന്നും ബാക്കിയുണ്ടാവാറില്ല. ഇനി തിരക്കൊന്ന് കുറയണമെങ്കില്‍ കോട്ടയം എത്തണം. ബസ് ചാര്‍ജ് കൂട്ടിയതുകൊണ്ട് എല്ലാവരും ദീര്‍ഘദൂരയാത്രയ്ക്ക് ഇപ്പോള്‍ ട്രയിനാണ് ഉപയോഗിക്കുന്നത്. തിരുവല്ലയില്‍നിന്ന് ട്രയിന്‍ വിടുമ്പോള്‍ തിരക്ക് അസഹനീയമാകും.മൂന്ന് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അഞ്ചുപേരൊക്കെ അഡ്‌ജസ്റ്റ് ചെയ്ത് ഇരിക്കും. തിരുവല്ലയില്‍ നിന്ന് ട്രയിനില്‍ കയറിയ ഒരു മധ്യവയസായ ഒരു സ്ത്രിക്ക് ഒന്ന് ഇരിക്കണം.സീറ്റില്‍ ഇരിക്കുന്ന സ്ത്രികളാരും അവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. മൂന്ന് പുരുഷന്മാര്‍ ഇരിക്കുന്ന സീറ്റിന്റെടുത്ത് ചെന്ന് ഒന്ന് ഒതുങ്ങിയിരിക്കാമോഎന്നവര്‍ ചോദിച്ചു. അവര്‍ ഒതുങ്ങി ഇരുന്നപ്പോള്‍ അവരുടെ ഇടയില്‍ ആ സ്ത്രി ഇരുന്നു.ട്രയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ സ്ത്രി ഇറങ്ങി.

ഉച്ചസമയം . കോട്ടയം ട്രാന്‍‌സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് വിട്ടു. മണിപ്പുഴ എത്തിയപ്പോള്‍ ബസില്‍ നിന്ന് ഒരു സ്ത്രിയുടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം. അവര് വായില്‍ വന്നതല്ലാം ആരോടോ പറയുകയാണ്. അവരെ ആരക്കയോതണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരിരിക്കുന്ന സീറ്റിന്റെടുത്ത് ഒരു ചെറുക്കന്‍ ഇപ്പോള്‍ കരയും എന്നമട്ടില്‍ നില്‍പ്പുണ്ട്. കാര്യം ഇതാണ് , സ്ത്രി ഇരിക്കുന്നഡബിള്‍ സീറ്റില്‍ മാത്രമേ ഇരിക്കാന്‍ സ്ഥലം ബാക്കിയുള്ളു. അവനാ സീറ്റില്‍ ഇരുന്നു. വണ്ടി വേഗതയില്‍ കോടിമതയിലെ പാലം ഇറങ്ങിയപ്പോള്‍അവന്റെ ശരീരം അവരുടെ ദേഹത്തൊന്ന് ഇടിച്ചു. അത്രയേയുള്ളു കാര്യം. അവന്റെ ശരീരം തന്റെ ദേഹത്തുമുട്ടി എന്ന് പറഞ്ഞാണ് സ്ത്രി ഉച്ചത്തില്‍സംസാരിക്കുന്നത്. ഞാന്‍ എന്റെ സീറ്റില്‍ നിന്നൊന്ന് എഴുന്നേറ്റ് ഉച്ചത്തില്‍ സംസാരിക്കുന്ന സ്ത്രിയെ നോക്കി. രാവിലെ ട്രയിനില്‍ പുരുഷന്മാര്‍ ഇരിക്കുന്ന സീറ്റില്‍ ഒതുങ്ങിയിരുന്ന് വന്ന സ്ത്രി. ട്രയിനില്‍ വച്ച് തോന്നാത്ത സദാചാര ബോധമാണ് അവര്‍ക്കിപ്പോള്‍ ബസില്‍ വച്ച് ഉണ്ടായിരിക്കുന്നത്.ബസിലോ ട്രയിനിലോ സീറ്റ് കിട്ടിക്കഴിഞ്ഞാല്‍ ആ സീറ്റിന് താന്മാത്രമാണ് അവകാശികള്‍ എന്നാണ് ചിലരുടെ വിചാരം.

ബസ് യാത്രയിലെ ശീലങ്ങള്‍ അവിടെ നില്‍ക്കട്ടെ. നമുക്കാദ്യം ട്രയിന്‍ യാത്രയില്‍ നിന്ന് തുടങ്ങാം. നമ്മള്‍ എന്നും കാറ്റ്കൊണ്ട് യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ട്രയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കുറവല്ല. ട്രയിന്‍ വന്ന് നിന്നാല്‍ ചിലര്‍അതിനകത്തേക്ക് കയറുകയില്ല. ട്രയില്‍ വിട്ടു തുടങ്ങുമ്പോള്‍ ഓടിക്കയറിയാലേ ഇവര്‍ക്ക് തൃപ്തിയാവുകയുള്ളു.പിന്നീട് ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ഇറങ്ങുകയും കയറുകയും ചെയ്തുകൊള്ളും. അകത്ത് സ്ഥലമുണ്ടങ്കിലും അകത്തോട്ട് നോക്കത്തില്ല. ഇവര്‍ ട്രയിനകത്തോട്ട് കയറത്തില്ലന്ന്വാശിയൊന്നും ഇല്ല. ജീന്‍സും ടിഷര്‍ട്ടും ഇട്ട ഒരു പെണ്‍കൊച്ച് വന്ന് നില്‍ക്കട്ടെ , വാതിലിലെ തെള്ള് അപ്പടി പെണ്ണ് നിക്കുന്നടത്ത് ആയിക്കൊള്ളും.( പ്രൈവറ്റ് ബസിന്റെ മുന്‍ഡോറിലും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പിന്‍ വാതിലിലും എന്തുകൊണ്ട് ആളുകള്‍ തിങ്ങിനില്‍ക്കുന്നു എന്ന് മനസിലായില്ലേ ?)

ഇപ്പോഴത്തെ ഒരു ശീലമാണ് , മൊബൈല്‍ പാട്ട്. ട്രയിനിലോട്ട് കയറേണ്ട താമസം മൊബൈല്‍ എടുത്ത് പാട്ട് വയ്ക്കുകയായി. ഹെഡ് ഫോണ്‍ വച്ച്കേള്‍ക്കുകയാണങ്കില്‍ വേണ്ടില്ല , ഭജനപ്പാട്ട് വയ്ക്കുന്നതുപോലെ ഫുള്‍ വോളിയത്തില്‍ . ചിലവന്മാര്‍ ഇംഗ്ലീഷ് പാട്ട് അങ്ങോട്ട് വയ്ക്കും. ട്രയിനില്‍ഇരിക്കുന്നവര്‍ക്ക് വട്ട് പിടിച്ചില്ലങ്കിലേ അതിശയമുള്ളു. ചാവടയന്തരത്തിനോ മറ്റോ പോകുന്നവന്റെ ചെവിപ്പുറകില്‍ ഈ പാട്ട് വച്ച് കേള്‍ക്കുന്നതിന്റെരസം എന്താണന്ന് മനസിലാവുന്നില്ല. പാട്ട് കേള്‍ക്കാന്‍ അത്രയ്ക്ക് മുട്ടി ഇരിക്കുവാണങ്കില്‍ ഇയര്‍ഫോണ്‍ വച്ചങ്ങ് കേട്ടാല്‍ പോരേ? വീട്ടില്‍ വച്ച്ഇവനൊക്കെ ഇങ്ങനെ പാട്ട് വച്ചാല്‍ അമ്മ തുടുപ്പ് പുറത്ത് കയറ്റം. ഇവിടെ ട്രയിനില്‍ ആകുമ്പോള്‍ ആര് ചോദിക്കാന്‍. മോനേ അതൊന്ന് കുറച്ച് വച്ച്കേള്‍ക്കടാ എന്ന് പറഞ്ഞാല്‍ , “ഞങ്ങളിങ്ങനെയൊക്കയാ യാത്രചെയ്യുന്നത് മൂപ്പിലാന്ന് സ്വസ്ഥമായിട്ട് പോകണമെങ്കില്‍ കാറ് പിടിച്ച് പോ “എന്നായിരിക്കും മറുപിടി. പാട്ടിനെക്കാള്‍ അരോചക മാകുന്നത് ചിലരുടെ ഫോണ്‍ സംസാരമാണ്.

ഫോണൊന്ന് വന്നു കഴിഞ്ഞാല്‍ ചിലര്‍ സംസാരിക്കുന്നതുകണ്ടാല്‍ ഇവനെന്തിനു ഫോണില്‍ക്കൂടി പറയുന്നു.ഫോണില്ലാതെ പറഞ്ഞാലും ഫോണ്‍വിളിക്കുന്നവന് കേള്‍ക്കാമല്ലോ എന്ന് നമ്മള്‍ ചിന്തിച്ചുപോകും.അത്രയ്ക്ക് ഉറക്കെയായിരിക്കും സംസാരം. മോനേ ഗെയ്റ്റ് അടയ്ക്കാന്‍ അച്ഛന്‍ മറന്നു,മോളേ ചോറിന്റെ കലത്തിന് അടപ്പ് ശരിക്ക് വയ്ക്കണേ , ഞാനൊരു മണിക്കൂറ് കഴിഞ്ഞിട്ട് അവിടെ എത്തും ... ഇതൊക്കെ ആയിരിക്കും അണ്ടവാകൊട്ടിവിളിച്ചു പറയുന്നത്. ചിലപെണ്‍കുട്ടികള്‍ ഉണ്ട് ട്രയിനില്‍ കയറേണ്ട താമസം ഫോണെടുത്ത് വിളിക്കാന്‍ തുടങ്ങും . താന്‍ മാത്രമേ ട്രയിനില്‍ ഉള്ളുഎന്ന മട്ടിലാണ് ഇവരില്‍ ചിലരുടെ സംസാരം. കുട്ടാ ,മോനേ .... വിശേഷങ്ങളും നാമവിശേഷണങ്ങളുമായിട്ട് പതിഞ്ഞ സ്വരത്തില്‍ ഇവരങ്ങോട്ട്സംസാരിക്കാന്‍ തുടങ്ങും. ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ നാട്ടില്‍ കേള്‍വി ശക്തികുറയുന്നവരുടെ എണ്ണം കൂടും എന്നതില്‍ സംശയംവേണ്ട. ഇരുപത്തിനാല് മണിക്കൂറും പാട്ടും, കാളുമായി കഴിഞ്ഞാല്‍ ചെവിയുടെ ഡയഫ്രം പീസായിപോകത്തില്ലേ???

പിന്നെ, മറ്റ് ചില കൂട്ടരുണ്ട്; ഭക്ഷണപ്രിയര്‍..!! ചുമ്മാതിന്നുകൊണ്ടിരിക്കും... ചവചവാന്നുള്ള ചവകണ്ടാല്‍ ഒരു ചവിട്ടു കൊടുക്കാന്‍ തോന്നിപ്പോകും.വീട്ടില്‍ വച്ചൊങ്ങും ഒന്നും കഴിക്കാത്തതുപോലെയാണ് ഈ കൂട്ടര്‍ ട്രയനില്‍ എത്തിയാല്‍ കഴിക്കുക. ചിലരുണ്ട് കപ്പലണ്ടി തീറ്റക്കാര്‍ , കപ്പലണ്ടിയുടെതൊലി ഇരിക്കുന്നടത്തുതന്നെ ഇടും. മുകളില്‍ ബര്‍ത്തിലിരുന്ന് കപ്പലണ്ടി തിന്നിട്ട് തൊലി ഇങ്ങ് താഴോട്ടിടം.താഴെ സീറ്റിലിരിക്കുന്നവന്‍ ഇവന്റെകപ്പലണ്ടിതൊലി സഹിച്ചോളണം. മറ്റ് ചിലര്‍ കപ്പലണ്ടിയുടെ തൊലി കപ്പലണ്ടിപേപ്പറിലോട്ട് ആദ്യം തന്നെ ഞെരുടി ഇട്ടിട്ട് തിന്നുന്നതിനുമുമ്പ്പേപ്പറിലോട്ട് ഒന്നു ശക്തിയായി ഊതും .

വടക്കാരന്‍ വരുമ്പൊള്‍ വട , ഇഢലിക്കാരന്‍ വരുമ്പോള്‍ ഇഡലി ഇങ്ങനെ എത്രയും വാങ്ങിത്തിന്നാമോ അതെല്ലാം കുറഞ്ഞ സമയയാത്രകൊണ്ട്വാങ്ങികഴിക്കുന്ന ചിലരുണ്ട്. വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെ അങ്ങ് കഴിച്ചുകളയും. കറികള്‍ക്കകത്തെ കറിവേപ്പലയൊക്കെഇരിക്കുന്നടത്ത് തന്നെ ഇടാന്‍ മറക്കുകയും ഇല്ല.ഭക്ഷണം കഴിച്ചിട്ട് ഒരു ശല്യവുമില്ലാതെ ഉറങ്ങിക്കോളും. അടുത്ത സ്റ്റേഷനില്‍ എത്തി വടക്കാരന്റെവിളി വരുമ്പോഴായിരിക്കും പിന്നെ എഴുന്നേല്‍ക്കുന്നത്.

ചിലര്‍ക്ക് ട്രയനില്‍ സീറ്റ് കിട്ടിയാലുടന്‍ ഉറങ്ങണം. അടങ്ങിയിരുന്ന് ഉറങ്ങുകയല്ല. അടുത്തിരിക്കുന്നവന്റെ തോള്‍ തലയിണയാക്കി ആയിരിക്കുംഉറക്കം.ഇറങ്ങാനുള്ള സ്റ്റേഷന്‍ ആകുമ്പോള്‍ ഞെട്ടിയുണര്‍ന്ന് ഇറങ്ങിയൊരു ഓട്ടം. ഹൈഹീല്‍ഡ് ചെരുപ്പ് ,ബൂട്ടുകള്‍ ഇവയുടെ ഒക്കെ ശക്തിഎന്താണന്ന് അറിയണമെങ്കില്‍ തിരക്കുള്ള ട്രയിനിലോട്ട് ഒന്ന് കയറിയാല്‍ മതി. നമ്മുടെ കാലൊക്കൊ ചവിട്ടി മെതിച്ചുകളയും ഈ ചെരുപ്പുകള്‍.അതിവേദനയോടെ ഹൈഹീല്‍ഡ് ഇട്ടവളയോ ,ബൂട്ട് ഇട്ടവനയോ നമ്മളൊന്നു നോക്കിയാല്‍ എന്റെ കാല് , എന്റെ ബൂട്ട് / ഹൈഹീല്‍ഡ് ഇതിന്റെകീഴില്‍ നിങ്ങളുടെ കാലുകൊണ്ടുവന്ന് വയ്ക്കാന്‍ ആര് പറഞ്ഞു ? എന്ന മനോഭാവമായിരിക്കും അവന്റെ / അവളുടെ മുഖത്ത്.

തിരക്കുള്ള ട്രയനില്‍ ഒന്നു ‘അഡജസ്റ്റ് ‘ ചെയ്ത് സീറ്റ് തരപ്പടുത്തുന്ന ചിലരുണ്ട്. ഒട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്തവന്റെ കൂട്ട് ആയിരിക്കുംആ സീറ്റില്‍ ഇരിക്കുന്നവരുടെ അവസ്ഥ. തെള്ളി തെള്ളി സ്ഥലം കൊടുത്തവനെ പുറത്താക്കും. നമ്മള്‍ മലയാളികള്‍ക്ക് മദ്യം ഇല്ലാതെഒരു ആഘോഷവും ഇല്ലന്ന് പറയുന്നത് സത്യമാണ് .ആഘോഷങ്ങള്‍ മാത്രമല്ല , ചിലര്‍ക്ക് ദീര്‍ഘദൂരയാത്ര നടത്തണമെങ്കിലും അല്പം ഒന്നുഅകത്ത് ചെല്ലണം. ട്രയിനില്‍ മാത്രമല്ല ഇത്തരക്കാര്‍ ഉള്ളത് ബസിലും വിമാനത്തിലും ഒക്കെയുണ്ട്. ബസിലും ട്രയിനിലും പാമ്പായിട്ടാണ്യാത്രതുടങ്ങുന്നതെന്നും പ്ലയിനില്‍ പാമ്പായിട്ടാണ് യാത്ര അവസാനിപ്പിക്കുന്നതെന്നുമുള്ള വെത്യാസമേയുള്ളു. ഏതെങ്കിലും ബാറിലിരുന്ന് രണ്ടെണ്ണംഅടിച്ചിട്ട് സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ട്രയിനതിന്റെ പാട്ടിന് പോയിട്ടുണ്ടാവും. ഉടനെ ‘റ്റാസ്കി’ വിളിച്ച് അടുത്ത സ്റ്റേഷനിലേക്ക് വച്ച് പിടിക്കും.ചിലപ്പോള്‍ എവിടെ വച്ചെങ്കിലും ട്രയിന്‍ കിട്ടും. കിട്ടിയില്ലങ്കില്‍ സ്റ്റേഷനില്‍ നിന്ന് വലിയ വായില്‍ ഒരു നിലവിളി നടത്തും.

ട്രയിനില്‍ കയറിക്കഴിഞ്ഞാല്‍ കെട്ട് ഇറങ്ങുന്നതുവരെ അല്ലറചില്ലറ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരിക്കും. ചിലരുണ്ട് വെള്ളമടിച്ചിട്ട്ബര്‍ത്തില്‍ കയറി കിടന്നോളും. എത്രദിവസം കഴിഞ്ഞാണങ്കിലും ഇറങ്ങേണ്ട സ്റ്റേഷന്‍ എത്താറാകുമ്പോഴേ കണ്ണ് തുറന്നു വരൂ. ഭാര്യയും കുട്ടികളുമായി ജോലിസ്ഥലത്തേക്ക് പോകാന്‍ സ്റ്റേഷനില്‍ എത്തിയിട്ട് ട്രയിന്‍ ലേറ്റാണന്ന് അറിഞ്ഞയുടനെ യാത്രയാക്കാന്‍ വന്ന കൂട്ടുകാരോടൊത്ത്ഒരുത്തനൊന്ന് ‘രണ്ടടിക്കാന്‍ ‘ പോയി.ട്രയിന്‍ വന്നപ്പോള്‍ ഭാര്യയും പിള്ളാരും ട്രയിനില്‍ കയറി. പുള്ളിക്കാരന്‍ രണ്ടടിച്ച് വന്നപ്പോഴേക്കും ഭാര്യയേയും പിള്ളാരേയും കൊണ്ട് ട്രയിനങ്ങ് പോയി. ഇങ്ങനെ ഇടയ്ക്കിടെ ചിലര്‍ക്കുണ്ടാവാറൂണ്ട്.

നാടകം, നോവല്‍ ,കഥ ,കവിത തുടങ്ങിയ സാഹിത്യവിഭാഗം പോലെ ഉള്ള മറ്റൊരു സാഹിത്യ വിഭാഗമായിട്ട് നമുക്ക് ‘ട്രയിന്‍ സാഹിത്യ’ത്തെ കാണാന്‍പാടില്ലേ ? ചില ചിത്രകാരന്മാരൊക്കെ അഭിമുഖങ്ങളില്‍ പറയാറുണ്ട് തങ്ങള്‍ വരച്ച് തുടങ്ങിയത് കരിക്കട്ടകൊണ്ട് ഭിത്തീകളില്‍ വരച്ചാണന്ന് . നമ്മുടെനാട്ടിലൂടെ ഓടുന്ന ട്രയനുകളിലെ ലാറ്റിറിനുകളില്‍ ഒന്നു കയറി നോക്കിയാല്‍ മതി മനോഹരങ്ങളായ ചിത്രങ്ങള്‍ കാണാന്‍. ഇത്രയ്ക്ക് വലിയഭാവനയുള്ള ചിത്രകാരന്മാര്‍ നമ്മുടെ നാട്ടിലുണ്ടോ എന്നുപോലും അതിശയിച്ചുപോകും. തങ്ങളുടെ ‘അഭിപ്രായങ്ങളും അറിവുകളും‘ ചിലര്‍ പ്രദര്‍ശിപ്പിക്കുന്നത് ട്രയിന്‍ ലാറ്ററിനുകളില്‍ ആണ് . എന്നെങ്കിലും സ്വന്തം വീട്ടുകാര്‍ ട്രയിനില്‍ യാത്രചെയ്താല്‍ തങ്ങളുടെ സൃഷ്ടികള്‍ കൈയക്ഷരം കൊണ്ട്മനസിലാക്കും എന്ന് ഇവര്‍ ഓര്‍ക്കാറില്ലന്ന് മാത്രം. ഇപ്പോള്‍ ഈ സാഹിത്യസൃഷ്ടികള്‍ അല്പായുസ്സുകളാണ് . കാരണം കേരളത്തിലെ എല്ലാ ട്രയിനുകളിലേയും ലാറ്ററിനുകള്‍ ദിവസവും പെയിന്റ് ചെയ്യുന്നുണ്ടന്നാണ് തോന്നുന്നത് ....

എറണാകുളം സൌത്തില്‍ വേണാട് ചെന്ന് നിന്നു. ഒരു അന്ധനായ മനുഷ്യന്‍ ലോട്ടറി ടിക്കറ്റുമായി കയറി. അയാള്‍ ഓരോരുത്തരേയും സമീപിക്കുന്നുണ്ട്. ചിലരോക്കെ ടിക്കറ്റുകള്‍ എടുക്കുന്നുണ്ട്. ടിക്കറ്റുകളില്‍ നിന്ന് ഇഷ്ടമുള്ളത് എടുക്കാനായി അയാള്‍ എല്ലാവരുടേയും കൈകളിലേക്ക് ടിക്കറ്റുകള്‍നല്‍കുന്നുണ്ട്. തിരികെ വാങ്ങുമ്പോള്‍ അയാള്‍ വിരലുകള്‍ കൊണ്ട് അകക്കണ്ണ് ഉപയോഗിച്ച് എണ്ണുന്നുണ്ട്. സ്പര്‍ശനത്തിലൂടെ നോട്ടുകള്‍ തിരിച്ചറിഞ്ഞ് ബാക്കിയും നല്‍കുന്നുണ്ട്. ഒരുത്തന്‍ ടിക്കറ്റ് നോക്കാന്‍ എന്ന ഭാവത്തില്‍ അന്ധനായ ലോട്ടറിടിക്കറ്റുകാരന്റെ കൈയ്യില്‍ നിന്ന് ടിക്കറ്റ്വാങ്ങി അതില്‍ നിന്ന് ഒരു ടിക്കറ്റ് എടുത്തിട്ട് പോക്കറ്റില്‍ നിന്ന് പഴയ ഒരു ടിക്കറ്റ് എടുത്ത് ടിക്കറ്റുകള്‍ക്കിടയില്‍ വച്ചു. എതിര്‍വശത്തിരുന്ന ചിലപിള്ളാര്‍ ഇയാളുടെ പോക്രിത്തരം കണ്ടു. പിന്നെ ട്രയിനില്‍ കേട്ടത് സ്റ്റണ്ട് മ്യൂസിക് .....................

5 comments:

siva // ശിവ said...

എന്റെ യാത്രകള്‍ എല്ലാം തന്നെ ട്രെയിനില്‍ ആയതിനാല്‍ ഞാന്‍ ഇതൊക്കെ ഏറെ അറിയുന്നുണ്ട്.....

കടവന്‍ said...

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും

ത്രിശ്ശൂക്കാരന്‍ said...

മലയാളിക്കില്ലാതെ പോകുന്നത് സാമൂഹ്യബോധമാണ്, പെരുമാറ്റമര്യാദകളാണ്. സമൂഹവും താനും ഗവര്‍മ്മെന്റും എല്ലാം വേറെയാണെന്ന വിവരക്കേട്..

Appu Adyakshari said...

ഈ പോസ്റ്റ് വായിച്ച് സ്വയം ചിരിച്ചു... തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞതാണ് കാര്യം. എല്ലാവര്‍ക്കും അവനനവന്റെ കാര്യമേ ചിന്തയുള്ളൂ.

ടോട്ടോചാന്‍ said...

എത്ര ശരിയായ നിരീക്ഷണം.
യാത്രയിലെ സദാചാരബോധം നിരീക്ഷണം ഏറ്റവും ശരിയാണ്. ട്രയിന്‍, ജീപ്പ് ഇവയില്‍ ആണ്‍ പെണ്‍ ഭേദമില്ല.എന്നാല്‍ ബസ്സില്‍ കയറിയാല്‍ സ്ഥിതി മാറി. കെ.എസ്.ആര്‍.ടി.സി. ബസ്സ് അത്രയും കുഴപ്പമില്ല. സ്വകാര്യ ബസ്സാണ് ഏറ്റവും വലിയ പ്രശ്നം. ആര്‍ക്കാണ് കുഴപ്പം ആര്‍ക്കറിയാം...?

പിന്നെയുള്ള ഓരോ നിരീക്ഷണവും എത്ര കറക്റ്റ്....