Thursday, September 11, 2008

ഉത്രാടപാച്ചില്‍ :

ഇന്ന് ഉത്രാടം.തിരുവോണത്തിന് എത്തുന്ന മാവേലിയെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിയിറങ്ങിയ ദിവസം.അടുക്കളയിലേക്കും,മറ്റും ഓണത്തിന്വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിച്ചതിനുശേഷം ക്ഷീണത്തോടെ തളര്‍ന്ന് ഉറങ്ങിയതിനുശേഷം നാളെ വെളുപ്പിനെ എഴുന്നേറ്റ് അടുക്കളയില്‍കയറേണ്ട അമ്മമാര്‍,കുട്ടികള്‍,കഴിഞ്ഞ ഒരു വര്‍ഷം സ്വരൂപിച്ചതും,മിച്ചംപ്പിടച്ചതുമെല്ലാം ഓണവിപണിയില്‍ ചിലവഴിച്ച ഗൃഹനാഥന്മാര്‍,എല്ലാവരുംഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്.സന്തോഷവും,സമാധാനവും,സംമൃദ്ധിയും നിറഞ്ഞ ഒരുഭൂതകാലത്തിന്റെ ബാക്കിപത്രത്തിന്റെ സമരണകള്‍ ഉയര്‍ത്തി എത്തുന്ന തിരുവോണം.

ഇന്ന് ഉത്രാടമായിരുന്നു.മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം.വിപണിയില്‍ ഇന്ന് നല്ല തിരക്കുതന്നെ ആയിരുന്നു.കൊച്ചു പട്ടണമായ ഞങ്ങളുടെ പത്തനംതിട്ടയില്‍ പോലും ഇന്നത്തെ ഉത്രാടപാച്ചിലിന്റെ തിരക്കില്‍ ഗതാഗതതടസ്സത്തില്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു.ഠൌണില്‍ നിന്ന് പത്തുമിനിട്ട് കൊണ്ട് വീട്ടില്‍ എത്തുന്ന ഞാനിന്ന് ഠൌണ്‍ കടക്കാന്‍ തന്നെ ഇരുപതുമിനിട്ട് എടുത്തു.അപ്പോള്‍ ബാക്കിയുള്ള പട്ടണങ്ങളുടെ തിരക്കിന്റെ കാര്യം പറയണോ ?ഇടവിട്ട് പെയ്യുന്ന കനത്തമഴ തിരക്ക് അല്പം കുറഞ്ഞാലും വെയില്‍ എത്തുമ്പോള്‍ തിരക്ക് ഇരട്ടിയിലധികം ആയി.ചന്തയില്‍ നല്ലതിരക്ക്.പച്ചക്കറിക്ക് തീപിടിച്ച വില.പാവയ്ക്കായോ പയറോ വാങ്ങന്നവര്‍ വിലകേട്ട് ഞെട്ടാതിരിക്കില്ല.അമ്പതുരൂപായുടെ അടുത്തായിരുന്നു വില.എല്ലാ പച്ചക്കറികള്‍ക്കും നല്ല വില.കഴിഞ്ഞവര്‍ഷം അമ്പതുരൂപായ്ക്ക് നല്‍കിയ ഓണപച്ചക്കറികിറ്റ് ഇന്ന് ചന്തയില്‍ നിന്ന് അപ്രത്യക്ഷമായി.അവിയലിനോ സാമ്പാറിനോ പച്ചക്കറിവാങ്ങണമെങ്കില്‍ കുറഞ്ഞത് നൂറു രൂപായെങ്കിലും വേണമായിരുന്നു.

പച്ചക്കറിക്ക് മാത്രമല്ല വില ,ഏത്തക്കുലയ്ക്കും നല്ല വിലതന്നെ.തോന്നിയവിലയായിരുന്നു ഏത്തക്കുലയ്ക്ക്.പതിനഞ്ച് രൂപാമുതല്‍ ഇരുപത്തഞ്ച് രൂപാവരെആയിരുന്നു ശരാശരി വില.ഗവണ്‍‌മെന്റ് എത്രപിടിച്ചു നിര്‍ത്താല്‍ ശ്രമിച്ചുവെങ്കിലും വിലക്കയറ്റത്തിന് യാതൊരു കുറവും ഇല്ല.അരിക്കും കിലോയ്ക്ക്21-24 രൂപാ നിരക്ക്.ഗവണ്‍‌മെന്റ് വിതരണം ചെയ്ത് 14 രൂപായുടെ അരി ഓണച്ചോറിന് പറ്റിയതല്ലന്ന് പറഞ്ഞ് പലരും അരി വാങ്ങുന്നത് കാണാമായിരുന്നു.ആര്‍ക്കും വേണ്ടാത്ത ഓമയ്ക്കായ്ക്ക് വരെ നല്ല വില.ഒരു കഷ്ണം ചേനയ്ക്കും മത്തയങ്ങായ്ക്കും വില 20!!!

വസ്ത്രവിപണിയിലും നല്ല തിരക്ക് തന്നെ ആയിരുന്നു.വഴിവക്കുകളില്‍ ഇട്ട് വില്‍ക്കുന്നവരുടെ അടുത്ത് തന്നെ ആയിരുന്നു നല്ല തിരക്ക്.ഈവഴിക്കച്ചവടക്കാരുടെ മുന്നിലെ തിരക്ക് പലപ്പോഴും ഗതാഗതതടസ്സത്തിനും കാരണമായി.ഗുണനിലവാരം കുറവാണങ്കിലും കളര്‍ഫുള്ളും എടുപ്പുള്ളതുമായതുണിത്തരങ്ങളുടെ വലിയ ശേഖരവുമായിരുന്നു വഴികച്ചവടക്കാരുടെ വരവ്.വിലക്കുറവിനോടൊപ്പം ഗുണനിലവാരം കുറവാണന്ന് ആരും ഓര്‍ക്കാറില്ലഎന്നതുകൊണ്ട് വഴിക്കച്ചവടക്കാര്‍ക്ക് നല്ല വില്പന തന്നെ ആയിരുന്നു.ഓണക്കോടി എന്നത് മലയാളിയുടെ വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ട് ഓണക്കോടി ഇല്ലാതെ വീട്ടില്‍ ചെന്ന് കയറാന്‍ ഒരു മലയാളി ഗൃഹനാഥനും തയ്യാറാവില്ലല്ലോ?

ഉത്രാടദിവസം ഉച്ചയ്ക്കുള്ള ആഹാരത്തിനും ഉണ്ട് പ്രത്യേകത.(ഞങ്ങളുടെ നാട്ടിലെ കാര്യമാണേ.).ഉച്ചയ്ക്ക് കഞ്ഞിയും ചേന‌അസ്ത്രവും.(ചേനകഷ്ണങ്ങളായിമുറിച്ചിട്ട് കുറുക്കി കറിവയ്ക്കുന്നതാണ് അസ്ത്രം.).ഉത്രാടപാച്ചില്‍ കഴിഞ്ഞ് വരുന്നവര്‍ക്ക് ക്ഷീണം മാറാന്‍ കഞ്ഞിയും അസ്ത്രവും അല്ലാതെ എന്താണ്കൊടുക്കേണ്ടത്.മറ്റൊരു സംഗതി ഇതിന്റെ പിന്നിലുണ്ട്.വീട്ടില്‍ പ്രായമായവര്‍ ഓണത്തിന് ആവിശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍വീട്ടില്‍ ബാക്കിയാവുന്നത് കുട്ടികളാണ്.അവര്‍ക്ക് ഏറ്റവുമ്ം പെട്ടന്ന് അധികം അധ്വാനം ഇല്ലാതെ വയ്ക്കാന്‍ പറ്റുന്ന ആഹാരമാണല്ലോ കഞ്ഞിയുംഅസ്ത്രവും.ഉത്രാടപാച്ചില്‍ കഴിഞ്ഞ് വന്ന് കഞ്ഞിയും അസ്ത്രവും കുടിച്ച് അല്പം വിശ്രമം.അതിനുശേഷം നാളത്തേക്കുള്ള തയ്യാറെടുപ്പ്.

ചെറുപയര്‍ വറുത്ത് അലകാക്കണം(പരിപ്പിനാണ്),ഇഞ്ചിക്കറി വയ്ക്കണം,തൈര് ഉടക്കണം,പച്ചടി വയ്ക്കണം ഇങ്ങനെ പോകുന്നകാര്യങ്ങള്‍ സ്ത്രികള്‍ചെയ്യുമ്പോള്‍ പുരുഷന്മാര്‍ പറമ്പിലേക്ക് ഇറങ്ങും.വാഴപ്പിണ്ടി വെട്ടി ഒരുക്കി വീടിനുമുന്നില്‍ സ്ഥാപിച്ച് വിളക്കുകള്‍ (പണ്ട് ഈ വിളക്കൂകള്‍ മാരോട്ടിക്കാകൊണ്ടായിരുന്നു,ഇപ്പോള്‍ അത് മണ്‍ ചട്ടികള്‍ ആയി)വെക്കും.സ്ത്രികള്‍ പണീകള്‍ ഒതുക്കി കുളിച്ചുവരുമ്പോഴേക്കും സന്ധ്യ ആയിട്ടുണ്ടാവും.വീടിനുമുന്നിലെ വിളക്കുകള്‍ തെളിയിക്കുകയാണ് അടുത്തതായി ചെയ്യുന്നത്.ചിലരാണങ്കില്‍ ഈ വിളക്ക് കെടുത്തിയിട്ട് പിറ്റേന്ന്(തിരുവോണനാളില്‍)വെളുപ്പിനെ കത്തിക്കും.ചിലര്‍ ഈ വിളക്ക് ഉത്രാട സന്ധ്യയില്‍ കൊളുത്തിയാല്‍ കെടുത്താറില്ല.മാവേലിയെ വരവേല്‍ക്കാനാണ് ഈ വിളക്ക്കത്തിക്കല്‍.

ഉത്രാടത്തിലെ പണീകളൊക്കെ തീര്‍ത്ത് ഉറങ്ങാന്‍ പോവുകയാണ്.നാളെ തിരുവോണം.പ്രതീക്ഷകളുമായി തിരുവോണം.ഓണം ആഘോഷിക്കാന്‍ഉത്രാടദിനത്തില്‍ സുഖമുറക്കം.നാളെ വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് അടുക്കളയില്‍ കയറാന്‍ ഉള്ളതാണ്.നമുക്ക് ഓണം വെറും ഉത്സവവും ആഘോഷവും മാത്രവുമല്ലല്ലോ..........................

3 comments:

siva // ശിവ said...

തെക്കേടനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

ഷാനവാസ്‌ ഇലിപ്പക്കുളം said...

തെക്കേടാ, ഓണാശംസകൾ :)

Aadhar said...

That's cool!!!
Aadhaar Card Status
Aadhaar for NRI
Aadhaar Complaint