Monday, January 28, 2013

ജനാധിപത്യത്തിലെ സമുദായഭ്രാന്ത് : കേരള മോഡൽ


ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടൂന്ന ജനപ്രതിനിധികൾ ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യം !!! എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം!!! പക്ഷേ ചിലർ ഈ ജനങ്ങളെയും തിരഞ്ഞെടൂക്കപ്പെടൂന്ന ജനപ്രതിനിധികളേയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ വർഗ്ഗീകരിക്കുകയും സ്വന്തം താല്പര്യത്തിനു വേണ്ടി അവരെ ഉപയോഗിക്കുകയും വിലപേശൂകയും ചെയ്യുമ്പോൾ ജനാധിപത്യത്തെ മാതാധിപത്യമെന്നോ സമുദായാധിപത്യമെന്നോ വിളിക്കെണ്ടി വരും, പ്രത്യേകിച്ച് കേരളത്തിൽ. കേരളത്തിലെ ഇന്ന് ഭരിക്കുന്ന യുഡിഎഫ് സർക്കാർ ഒരു ജനാധിപത്യ സർക്കാരാണോ അതോ സമുദായാധിപത്യസർക്കാരാണോ എന്ന് ഓരോ ജനാധിപത്യ വിശ്വാസിയും ചോദിക്കുന്നുണ്ടങ്കിൽ അതിനു ഉത്തരം നൽകേണ്ട ബാധ്യത സർക്കാരിനു നേതൃത്വം നൽകുന്ന കോൺഗ്രസുകൂടി ഉണ്ട്. കോൺഗ്രസ് ഭരിക്കുമ്പോൾ ഇത്രയേറെ സമുദായ/മത സംഘടനകൾ അവകാശങ്ങളും മുന്നറിയിപ്പുകളുമായി ഭരിക്കുന്ന സർക്കാരിനെയും മുഖ്യമന്ത്രിയേയും ഭീക്ഷണിപ്പെടൂത്തുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. അവർ കുഴിച്ച വീഴിയിൽ അവർ തന്നെ വീണുപോയി എന്നു പറയാൻ കഴിയും. ജാതി-മത-സമുദായ കുഴിയിൽ നിന്ന് രക്ഷപെടണമെങ്കിൽ കോൺഗ്രസ് തന്നെ വിചാരിക്കണം അല്ലങ്കിൽ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മരണം അകലെയല്ല.

മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മത-സമുദായ നേതാക്കൾ വിലപേശൽ നടത്തുമ്പോൾ കോൺഗ്രസിനു അതിനെ എതിർക്കാൻ ഒരു ചെറു വിരൽ പോലും അനക്കാൻ കഴിയുന്നില്ല. കാരണം സീറ്റ് മോഹിച്ചവരും അധികാരം വേണ്ടിയവരും എല്ലാം തങ്ങൾ ആഗ്രഹിച്ച സ്ഥാനത്ത് എത്തിയത് ഈ മത-സമുദായത്തിന്റെയും അവരുടെ നേതാക്കളുടേയും ആശിർവാദത്തോടെ ആയിരുന്നു. എന്തിനു പാർട്ടിയിലെ സ്ഥാനങ്ങൾ പോലും മത-സമുദായ പരിഗണനകൾ മാത്രം പരിഗണിച്ച് വിതരണം ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി. അതിൽ നിന്ന് എന്ന് മോചനം നൽകാൻ കോൺഗ്രസ് പാർട്ടിക്കു കഴിയുന്നോ അന്നേ മത-സമുദായ ഭീക്ഷണിയിൽ നിന്ന് രക്ഷപെടാൻ പാർട്ടിക്കു കഴിയൂ. സമുദായ നേതാക്കളെ തൃപതിപ്പെടുത്തിയും വാഗ്ദാനങ്ങൾ നൽകിയും ഭരണം പിടിക്കാൻ ശ്രമിച്ച് വിജയിക്കുമ്പോൾ മത-സമുദായ നേതാക്കൾ കൂടുതൽ കരുത്തുകാട്ടാൻ തുടങ്ങും. അത് തങ്ങളുടെ സമുദായത്തിനു വേണ്ടിയല്ലന്നും സ്വന്തം താല്പര്യത്തിനു വേണ്ടിയാണന്നും ആർക്കാണ് അറിഞ്ഞു കൂടാത്തത് !!!

ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ ഒരു പ്രസ്താവനയാണ്. കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ പ്രധാനസ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ലെന്ന് പറഞ്ഞാണ് അദ്ദേഹം വാർത്തകളിൽ ഇടം തേടിയത്. അതിന് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് മുഖ്യമന്ത്രി ഒരു വാർത്താ ചാനലിൽ നടത്തിയ ഒരു പരാമർശവും. ഇനി മന്ത്രിസഭാ പുനഃസംഘടന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. അങ്ങനെ പറഞ്ഞത് മുഖ്യമന്ത്രിയുടേ ധാര്‍ഷ്‌ട്യവും ഭൂരിപക്ഷത്തോടുള്ള നിന്ദയും ആണന്നാണ് അദ്ദേഹത്തിന്റെ ആരോപണം. താൻ നേതൃത്വം നൽകുന്ന സർക്കാരിൽ പുനഃസംഘടന ഇല്ലന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ധാർഷ്‌ട്യം അകും? അതെങ്ങനെ ഭൂരിപക്ഷത്തോടുള്ള നിന്ദയാകും?? ജനങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഏതെങ്കിലും സ്ഥാനാർത്ഥിയുടെ ജാതിയും മതവും സമുദായവും നോക്കിയാണോ? അങ്ങനെയെങ്കിൽ ജനാധിപത്യത്തിന് മറ്റെന്തെങ്കിലും പേരു വിളിക്കുന്നതല്ലേ നല്ലത്?

സമുദായത്തെക്കാൾ സ്വന്തം താൽപര്യം സംരക്ഷിക്കാൻ വേണ്ടിയല്ലേ ജി. സുകുമാരന്‍ നായര്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.കാരണം അദ്ദേഹം ഇന്നും ഇന്നലും ഒന്നും തുടങ്ങിയതല്ല ഈ ഭീക്ഷ്ണി പരിപാടി. സുകുമാരൻ നായർ എന്തു പറഞ്ഞാലും പിറ്റേന്ന് കെ.പി.സി.സി യിൽ നിന്ന് ചങ്ങനാശ്ശേരിയിൽ ആളെത്തും. പിന്നീട് അവർ ഭായി-ഭായി!!! കോൺഗ്രസ് കഴിഞ്ഞ ലോക്സഭാ ഇലക്ഷനു ശേഷം മന്ത്രിസഭാപ്രഖ്യാപനം നടന്നപ്പോള് നായർക്ക് മന്ത്രി സ്ഥാനം കിട്ടിയില്ലന്ന് പറഞ്ഞ് എന്തായിരുന്നു പ്രസ്താവനകൾ. ശശി തരൂർ നായരല്ലേ എന്ന് ചോദിച്ചപ്പോൾ ,അത് ഡൽഹി നായർ ആണന്നായിരുന്നു മറുപിടി. നായർ സമുദായത്തിൽ തന്നെ പ്രാദേശികാടിസ്ഥാനത്തിലും നായർ സമുദായം ഉണ്ടന്ന് അങ്ങനെ കേരളം അറിഞ്ഞു. സമുദായത്തെക്കാൾ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവരെയാണല്ലോ സമുദായ നേതാക്കൾക്ക് ആവശ്യം. അതു തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ 'താക്കോല് സ്ഥാനത്ത്' എത്തിക്കാൻ ശ്രമിക്കുന്ന സുകുമരൻ നായരോട് ആഭ്യന്തരമന്ത്രി നായർ സമുദായ അംഗമല്ലേ എന്ന് ചോദിച്ചപ്പോൾ നൽകിയ ഉത്തരം തിരുവഞ്ചൂർ മുഖ്യമന്ത്രിയുടേ ഗ്രൂപ്പിൽ പെട്ട അളാണ് എന്നായിരുന്നു. ഇപ്പോൽ മനസിലായില്ലേ സമുദായ അംഗത്തയോ ഭൂരിപക്ഷ അംഗത്തയോ 'താക്കോൽ സ്ഥാനത്ത്' എത്തിക്കുകമാത്രമല്ല ആ സ്ഥാനം തങ്ങൾ പറയുന്നത് മാത്രം കേൾക്കുന്ന ഒരാൾക്ക്  നൽകണം എന്നു കൂടിയാണന്ന്...

കോൺഗ്രസ് 72 സീറ്റിൽ വിജയിച്ച് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയത് രമേശ് ചെന്നിത്തലയെ തങ്ങൾ ആവശ്യപ്പെട്ട് മത്സരിപ്പിച്ചതുകൊണ്ടാണന്നാണ് ജി.സുകുമാരൻ നായരുടെ അവകാശ വാദം. നായന്മാർ മാത്രം വോട്ട് ചെയ്താൽ രമേശ് ചെന്നിത്തലയോ കോൺഗ്രസോ വിജയിക്കുകയോ എൽഡിഎഫ് പരാജയപ്പെടുകയോ ചെയ്യില്ലല്ലോ? മാധ്യമങ്ങൾ ആണ് സ്ഥാനാർത്ഥിയുടേ ജയപരാജയങ്ങളിൽ സമുദായ-മത അംഗങ്ങളുടെ കണക്കെടൂത്ത് പരിശോധിച്ച് ഒരു തീർപ്പ് കൽപ്പിക്കുന്ന പരിപാടി തുടങ്ങിയത്. ഏതെങ്കിലും ഒരു ജനാധിപത്യ വിശ്വാസി മതമോ സമുദായമോ നോക്കി വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല.( സമൂഹത്തിലെ എല്ലാം മതാധിഷ്ഠിതമായി മാറി കൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ വിഭാഗം ആളുകൾ മതം നോക്കി വോട്ടു ച്ചെയ്യുമായിരിക്കും). കോൺഗ്രസിനു വേണ്ടി ഇത്തയേറെ അധ്വാനിച്ച ഒരു സമുദായത്തെ കോൺഗ്രസിനു തള്ളിക്കളയാനും  പറ്റില്ലല്ലോ!!!! സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്ന സമുദായമാണ് നായർ സമുദായം. അതിൽ വലിയ ഭാവി ഇല്ലാതായതുകൊണ്ട് സ്വന്തം താല്പര്യം സംരക്ഷിക്കാൻ (സമുദായത്തിന്റെ അല്ല) വിലപേശൽ തന്ത്രവും സമദൂരവും ശരിയായ ദൂരവും ഒക്കെയായി  പ്രസ്താവനകളിലും ടെലിവിഷൻ ചാനലുകളിലും നേതാക്കൾ എത്തുന്നു എന്നുമാത്രം. ഇനി ഏതായാലും ഒരാഴ്ചത്തേക്ക് ചങ്ങനാശേരിയിലേക്ക് കോൺഗ്രസ് നേതാക്കളുടേയും ചാനൽ റിപ്പോർട്ടർ മാരുടേയും ഒഴുക്കായിരിക്കൂം... ഈ തിരക്ക് ഒന്നടങ്ങിയാൽ അടുത്ത തിരക്ക ആലപ്പുഴയിലേക്ക് ആയിരിക്കൂം... താമസംവിനാ ആ വഴിയിൽ നിന്നു എന്തെങ്കിലും പ്രസ്താവനകൾ ഉടൻ വരും !! അതാണല്ലോ അതിന്റെ ഒരു പോക്ക് !!!

ഇടതുപക്ഷം അധികാരത്തിൽ എത്തുമ്പോൾ അവകാശ വാദങ്ങളുമായി എത്താൻ ഈ സമുദായ നേതാക്കളെ കാണാൻ പറ്റാത്തതു എന്തുകൊണ്ടാണന്ന് കോൺഗ്രസുകാർ തന്നെ ചിന്തിക്കുന്നത് നല്ലതായിരിക്കും.. സമുദായമോ ജാതിയോ പാർട്ടി കാര്യങ്ങളിൽ ഇടപെടേണ്ട അത് പാർട്ടി തീരുമാനിച്ചോളും എന്ന് ഇടതുപക്ഷനേതാക്കളെ പോലെ   പറയാൻ കോൺഗ്രസിൽ ഒരു നേതാവു പോലും ഇല്ലേ?? സമുദായത്തിന്റെ മതത്തിന്റെയോ പേരിൽ മാത്രം നേതാക്കന്മാർ ആയവരാണല്ലോ അവരിൽ പലരും. അതുകൊണ്ട് അവർ മൗനികൾ ആവും. എന്നാലും കോൺഗ്രസേ, നട്ടല്ലുള്ള ഒരുത്തൻ പോലും ആ പാർട്ടിയിൽ ഇല്ലാതായിപ്പോയോ?? ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അഭിമാനം കൊള്ളുന്ന കോൺഗ്രസ് പ്രവർത്തകർ എങ്കിലും ഒന്നു പ്രതികരിക്കരുതോ? ക്ഷമിക്കണം, ഞാൻ ചോദ്യം പിൻവലിച്ചിരിക്കൂന്നു, കോൺഗ്രസിൽ പ്രവർത്തകർ ഇല്ലല്ലോ എല്ലാവരും നേതാക്കൾ ആണന്ന് ഞാൻ ഓർത്തില്ല....

ഏതായാലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കിത് ബെസ്റ്റ് ടൈമാണന്ന് തോന്നുന്നു. ആരുവന്നാലും കോഴിക്ക് കിടക്കപ്പെറുതി ഇല്ലന്ന് പറഞ്ഞതുപോലെയാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ. ഭൂരിപക്ഷം അദ്ദേഹത്തെ ന്യൂനപക്ഷത്തിന്റെ മുഖ്യമന്ത്രിയാക്കുമ്പോൾ, ന്യൂനപക്ഷത്തിലെ പാത്രിയർക്കീസ്(യാക്കോബായ) വിഭാഗം അദ്ദേഹത്തെ ഓർത്തഡോക്സ് മുഖ്യമന്ത്രിയാക്കുന്നു, ഓർത്തഡൊക്സുകാർ ഇത് ഞന്ങടെ മുഖ്യമന്ത്രിയല്ലന്ന് പറഞ്ഞ് വീടിനു മുന്നിൽ ഉപരോധം നടത്തുന്നു.... ജനാധിപത്യ രീതിയിൽ തിരഞ്ഞെടൂക്കപ്പെട്ട ഒരു നിയമസഭയിലെ ,ജനാധിപത്യ സർക്കാരിലെ മുഖ്യമന്ത്രിയാണ് ഇങ്ങനെ ജാതിയുടേയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ തട്ടിക്കളിക്കപ്പെടൂന്നത്. ഇതു തന്നെയാണ് ജനാധിപത്യത്തിന്റെ വെല്ലുവിളിയും. 


മതവും രാഷ്ട്രീയവും സമാന്തരമാണന്നാണ് കുറേക്കാലം മുമ്പുവരെയും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ ഇന്നത് ഡിഎൻഎ പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇഴപിരിയൻ ഗോവേണിപോലെ ആയിരിക്കുന്നു. സമുദായത്തിന്റെയും മതത്തിന്റെയും പേരിൽ വിലപേശാൻ കഴിയുന്നവർ സ്ഥാനങ്ങൾ നേടുമ്പോൾ വിലപേശാൻ കഴിയാത്തവർ ഇപ്പോഴും ജനാധിപത്യത്തിൽ വിശ്വസിച്ച് കഴിയുന്നു. ആ വിലപേശൽ ശക്തി ഇല്ലാത്തവരാണ് ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവും, ജനാധിപത്യത്തെ താങ്ങി നിർത്തുന്നതും!!!!

1 comment:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

സുകുമാരന്‍ നായര്‍ വെള്ളാപള്ളി നടേശന് പഠിക്കുവാണോ എന്ന് തോന്നി പോകുന്നു....
വെള്ളാപള്ളി പറഞ്ഞാല്‍ ഒരു രസം ഉണ്ടായിരുന്നു......
ഇത് ഒരു മാതിരി ഞഞ്ഞ പിഞ്ഞ....

ഇവിടെ വാ തുറന്നു പറയേണ്ടത് ചെന്നിത്തല ആണ്...
അങ്ങേരു കുറുക്കനെ പോലെ ഉരുട്ടി പിരട്ടി പറഞ്ഞു നില്‍ക്കുന്നു....