Tuesday, January 8, 2013

കൃഷ്ണപ്രിയയിൽ നിന്ന് ജ്യോതിയിലേക്കുള്ള ദൂരം

2001 ഫെബ്രുവരി 9
മഞ്ചേരിയിൽ കൃഷ്ണപ്രിയ എന്ന ഏഴാം ക്ലാസുകാരി കൊല്ലപ്പെടുന്നു

2010 ഫെബ്രുവരി 1
എറണാകുളം ഷൊർണ്ണൂർ ട്രയിൻ യാത്രക്കിടയിൽ സൗമ്യ എന്ന പെൺകുട്ടി കൊല്ലപ്പെടുന്നു

2012 ഡിസംബർ 16
ഡൽഹിയിലെ ബസിൽ വെച്ചുള്ള അക്രമത്തെ തുടർന്ന് ജ്യോതി എന്ന പെൺകുട്ടി കൊല്ലപ്പെടുന്നു

ഈ മരണങ്ങൾക്ക് മുമ്പും പിമ്പുമായി നൂറുകണക്കിനു പെൺകുട്ടികൾ/സ്ത്രികൾ ലൈംഗീക അത്രിക്രമങ്ങളെ തുടർന്ന് കൊല്ലപ്പെട്ടിരിക്കുന്നു...ചിലർ ആത്മഹത്യയിൽ അഭയം തേടി..ചിലർ ഇന്നും ജീവിക്കുന്നു

പലരും നമ്മുടെ മറവികളിലേക്ക് കൂടുമാറിയിരിക്കുന്നു... ..
മരണപ്പെട്ടവരിൽ ചിലർക്ക് പേരില്ല..........
ചിലർക്ക് സ്ഥലത്തിന്റെ പേർ........
പക്ഷേ അവരുടെ നിലവിളികൾ അവസാനിക്കുന്നില്ല... 
മരണത്തിനു ശേഷവും അവർ നിലവിളിക്കുന്നു...
നീതിക്കായുള്ള നിലവിളി... 
അവരുടെ നിലവിളിയിൽ നമ്മൾ നിശബദ്ദരായിരുന്നു... 
നിശബദ്ദർ ആയിരുന്നു എന്നല്ല ആ നിലവിളി നമ്മൾ മനപൂർവ്വം കേട്ടതായി നടിക്കാതെ ഒഴിഞ്ഞുമാറി...

പക്ഷേ...
ഡിസംബർ 17 മുതൽ നമ്മൾ നിലവിളികൾക്ക് കാതുനൽകാൻ തുടങ്ങി..ഡൽഹിയിൽ ഉയർന്ന നിലവിളി ഇന്ത്യയിലെ യുവജനത ഏറ്റെടുത്തു.. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലെ പലയിടങ്ങളിലും യുവജനത തെരുവിൽ ഇറങ്ങി..അനേകായിരം പെൺകുട്ടികളുടെ നിലവിളിയിൽ കാതു നൽകാതിരുന്നവർ അവളുടെ നിലവിളിക്ക് കാത് നൽകിയെങ്കിൽ അതൊരു പ്രകാശമാണ്...ഒരു പെണ്ണിന്റെ നിലവിളിയിൽ പ്രതികരിക്കാൻ പഠിച്ച(പഠിക്കേണ്ടിവന്ന)യുവത്വത്തിനു അവൾ പ്രകാശമായി മുനിൽ നിൽക്കുന്നു...അതിനവൾക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നെങ്കിലും 'ജ്യോതി'യായി തന്നെ അവൾ ഈ മണ്ണിൽ ഉണ്ടാവും.

കൃഷ്ണപ്രിയ,ശാരി,അനഘ,ജസ്ന,അമ്പിളി,ഖൈറുന്നിസ,ആര്യ,സൗമ്യ,സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന പെൺകുട്ടികൾ; തോപ്പുംപടി, പൂവരണി, സൂര്യനെല്ലി, പറവൂർ, പന്തളം,വരാപ്പുഴ,വിതുര,മരട്... ഓച്ചിറയിൽ ജോലി കഴിഞ്ഞ് തിരികെ വന്ന സ്ത്രി,സിസ്റ്റർ അഭയ(?)..... ഇവരിൽ പലരേയും നമ്മൾ മറന്നു കഴിഞ്ഞു... നമ്മുടെ കേരളത്തിൽ ബലാത്സംഗ/പീഡനത്തിന് ഇരയായാവരുടെ ലിസ്റ്റ് ഇന്ങനെ നീണ്ടു പോവുകയാണ്...പത്രങ്ങളിലെ അകം പേജിലെ പീഡനവാർത്തകൾ നമുക്കീന്ന് 'ഷോക്കിംങ്/(ഹാർട്ട്)ബ്രേക്കിംങ്' ന്യൂസുകൾ ആവുന്നില്ല...നിസംഗതയോടെ ആ വാർത്തകൾ നമ്മൾ വായിച്ചു വിടുന്നു....
പക്ഷേ 'ഡൽഹിയിലെ പെൺകുട്ടി' നമുക്ക് തന്നത് ഷോക്ക് തന്നെ ആയിരുന്നു !!! ആ ഷോക്കിന്റെ പെരുപ്പ് നമ്മുടെ അധികാരികളിലും ജനങ്ങളിലും എത്രനാൾ ഉണ്ടാവും??

ബാലാത്സംഗത്തിനു ശിക്ഷയായി തൂക്കുകയർ എന്ന് ജനവികാരത്തോടൊപ്പം നിന്ന രാഷ്ട്രീയ കക്ഷികൾ ദിവസങ്ങൾ കഴിയുന്തോറും പിന്നോട്ടായി. തൂക്കുകയറിനു പകരം ലൈംഗീക ശേഷി നശിപ്പിക്കലും ജീവിതാവസാനം വരെ തടവും എന്ന നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വയ്ക്കുന്നു. കാരണം തങ്ങളുടെ പാർട്ടിനേതാക്കൾക്ക് കൊലക്കയർ ലഭിക്കുന്ന നിർദ്ദേശങ്ങളൊന്നും അവർ മുന്നോട്ട് വയ്ക്കില്ലല്ലോ!!! സ്ത്രികളുടെ മാനം സംരക്ഷിക്കാനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനും ജനങ്ങളോടൊത്ത് പോരാടുന്ന രാഷ്ട്രീയ പാർട്ടികളുടെ പൊയ്മുഖം നമുക്ക് കേരളത്തിൽനിന്നു തന്നെ കാണാവുന്നതാണല്ലോ!! പെൺവാണിഭകേസിൽ ആരോപണ വിധേയനായ വ്യക്തിയെ ലോക്സഭാതിരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ രാജ്യസഭയിൽ കൂടി എംപിയാക്കുകയും, നേതാവിനെതിരെ അതിക്രമത്തിന് നൽകിയ പരാതി പോലീസിനു കൈമാറാതെ പാർട്ടിതന്നെ 'പുറത്താക്കൽ ശിക്ഷ' വിധിക്കുക്കയും ഒക്കെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്,,,,ബലാത്സംഗക്കേസുകളിൽ പ്രതികൾ ആയിട്ടുള്ളവർ ഇന്ന് ഭാരതത്തിൽ ജനപ്രതിനിധികളായി നിയമ നിർമ്മാണ സഭകളിൽ ഇരിക്കുന്നു.

ഏതായാലും ഡൽഹിയിലെ ദുരന്തം പല രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ ഉള്ളിലിരുപ്പ് പുറത്ത് വരാൻ കാരണമായി.പീഡനങ്ങൾക്ക് കാരണം സ്ത്രിയുടെ വസ്ത്രധാരണം ആണന്നും,സ്ത്രി വീട്ടിൽ ഇരിക്കേണ്ടവളാണന്നും,ഒരുമിച്ചുള്ള വിദ്യാഭ്യാസം പാടില്ലന്നും,വിവാഹം പെട്ടന്നാക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങൾ നേതാക്കൾ പ്രകടിപ്പിക്കാൻ ഇടയായി. ഭാരതവും ഇന്ത്യയും തമ്മിലുള്ള വേർതിരിവും ഒക്കെ അഭിപ്രായങ്ങളായി വന്നു...

ഡൽഹി,യുപി,ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ താപ നില ഇപ്പോൽ പത്ത് ഡിഗ്രിയിലും താഴെയാണ്.
തണുപ്പുകാലം!!
ഇപ്പോൾ ഇവിടങ്ങളിൽ അതി ശൈത്യം..
അതി ശൈത്യം കൊണ്ടുള്ള മരണം നൂറ്റമ്പതു കവിഞ്ഞു
നാലും അഞ്ചും വസ്ത്രങ്ങൾ ഇട്ട് അതിനു പുറത്ത് സ്വെവറ്ററും ജാക്കറ്റും ഇട്ട് കമ്പിളികൊണ്ട് പുതച്ച് ആണ് ആണും പെണ്ണും നടക്കുന്നത്..
കണ്ണ് മറച്ചാൽ സഞ്ചരിക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ട് കണ്ണിനു മാത്രം മറവില്ല....
ഇനി കാര്യത്തിലേക്ക് വരാം...

സ്ത്രികൾക്ക് എതിരെയുള്ള ബലാത്സംഗത്തിനു കാരണം പ്രകോപനമായ വസ്ത്ര ധാരണം ആണന്ന് പറയുന്നു. ഈ അതി ശൈത്യകാലത്ത് കണ്ണുമാത്രം പുറത്ത് കാണുന്ന രീതിയിൽ വസ്ത്രം ധരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രികൾ എങ്ങനെയാണ് പ്രലോഭിപ്പിക്കുന്നത്????

ഇന്നത്തെ പത്രത്തിലെ 'ബലാത്സംഗവാർത്തകൾ' ഒന്നു നോക്കുക.അതിശൈത്യം കൊണ്ട് വിറങ്ങലിച്ചു നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഒറ്റ/കൂട്ട മാനഭംഗ ശ്രമങ്ങളും,ബലാത്സംഗവാർത്തകളും ,തീ കൊളുത്തൽ വാർത്തകളും നിങ്ങൾക്ക് കാണാൻ കഴിയും...

'പ്രകോപനം സൃഷ്ടിക്കുന്ന' വസ്ത്രധാരണം അല്ല ബലാത്സംഗത്തിനു കാരണം എന്നു പറഞ്ഞുകൊണ്ട് മറ്റ് കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം... (ഇനി കണ്ണു പുറത്ത് കാണിക്കുന്നതാണ് പ്രകോപനം എന്നു പറയരുത്)

ഡൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണവും അതിനിടയാക്കിയ സംഭവങ്ങളിലും പ്രതിഷേധിച്ച് നടന്ന/നടക്കുന്ന സമര പരമ്പരകളെ 'ക്ലാസു'മായി ബന്ധിപ്പിച്ച് നടന്ന/നടക്കുന്ന ചർച്ചകളെ അനുകൂലിച്ചു കൊണ്ടല്ല ഇത് എഴുതുന്നത് ....

വടക്കേ ഇന്ത്യയിൽ ഇപ്പോഴും ജാതി/സമുദായ/രാഷ്ട്രീയ/അധികാര/പദവി വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നുള്ളത് ഒരു സത്യമാണ്. ജീവിത നിലവാരത്തെ മാത്രം അടിസ്ഥനമാക്കി ഇവിടങ്ങളിലെ 'ക്ലാസ്' നിർവചിക്കാൻ പറ്റില്ല. ഈ ക്ലാസിൽ ജാതിയും മതവും കൂടി ഉൾപ്പെടും. ഉയർന്ന ജാതിയിൽ പെട്ട ഒരാൾ സാമ്പത്തികമായി പിന്നോക്കമാണങ്കിലും അയാൾ ഉയർന്ന ക്ലാസിൽ തന്നെ ആയിരിക്കും.(നമ്മുടെ നാട്ടിലു ഇതിനു വലിയ വെത്യാസം ഇല്ലല്ലോ). നമ്മുടെ നാട്ടിലേതിനെക്കാൾ ജാതി ഇവിടങ്ങളിൽ വലിയ കാര്യം തന്നെയാണ്. താണ ജാതിക്കാർ താമസിക്കുന്ന സ്ഥലത്ത് വെച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി ലൈൻ വഴിയുള്ള വൈദ്യുതി തങ്ങൾക്ക് വേണ്ടാ എന്ന് പറഞ്ഞ് വേറെ സ്ഥലത്തുനിന്നുള്ള വൈദ്യുതി ലൈൻ തങ്ങളുടെ ഇടങ്ങളിലേക്ക് എത്തിച്ച ഉയർന്ന ജാതിക്കാർ താമസിക്കുന്ന സ്ഥലം ഉണ്ട്.(ജാതിരാഷ്ട്രീയത്തിൽ ജാതി തന്നെയാണ് ജയിക്കുന്നതും). 

ജനങ്ങൾ ഒരു പൊതുവായ കാര്യത്തിനു വേണ്ടി ഒത്തൊരുമിക്കുന്നത് അപൂർവ്വം തന്നെയാണ്. ഒത്തൊരുമിച്ചാൽ തന്നെ ആ ഒരുമ പൊളിക്കാൻ ജാതി/വർഗ്ഗ/'ക്ലാസ്' കാർഡുകൾ 'ആവശ്യക്കാർ'  ഇറക്കുകയും ചെയ്യും...

ഗലികൾ(തെരുവുകൾ) തമ്മിലുള്ള വേർതിരിവും ഇവിടങ്ങളിൽ കാണാം. ഉദാഹരണത്തിനു ഒന്നാം ഗലിയിൽ നിന്നുള്ള ഒരാളെ രണ്ടാം ഗലിയിൽ നിന്നുള്ള ഒരാൾ എന്തെങ്കിലും പറഞ്ഞാൽ രണ്ട് ഗലിയിൽ ഉള്ളവരും രണ്ട് ഭാഗം ആകും. ആര് തെറ്റ് ചെയ്തു എന്നല്ല നോക്കുന്നത്. അതുമാത്രമല്ല തെറ്റ് ചെയ്ത ആളിന്റെ ജാതിയിൽ പെട്ട ആരെങ്കിലും ഒന്നാം ഗലിയിൽ ഉണ്ടങ്കിൽ അവരെ രണ്ടാം ഗലിയിൽ പെട്ടവന്റെ ന്യായത്തിൽ കൊണ്ടു വരുകയും ചെയ്യും. ഇങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യമാണ് ഉത്തരേന്ത്യയിൽ മിക്കയിടത്തും ഉള്ളത്..

ഡൽഹിയിലെ പെൺകുട്ടിക്ക് നേരെയുള്ള അതിക്രമത്തിനെതിരെ മധ്യവർഗ്ഗം സമരത്തിനിറങ്ങിയെങ്കിൽ അതിനവരെ കുറ്റം പറയാൻ പറ്റില്ല. തങ്ങൾക്ക് നേരെ/തങ്ങളെപോലുള്ള ഒരാൾക്കെതിരെ അതിക്രമം ഉണ്ടാകുമ്പോഴാണല്ലോ ആരാണങ്കിലും സമരത്തിനിറങ്ങുന്നത്.(ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ പല സമരങ്ങളേയും കണ്ടതായി നടിക്കാത്ത മധ്യവർഗ്ഗം 'ഗ്യാസ് വില' വർദ്ധനവിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തത്). അതുപോലെയൊന്നാണ് ഡൽഹിയിലും സംഭവിച്ചത്. മാതാപിതാക്കളുടെ കൂടെ നിന്ന കുട്ടികളെ പോലും തട്ടിക്കോണ്ടു പോയി ബലാത്സംഗം ചെയ്യുകയും, ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ താഴ്ന്ന ജീവിത നിലവാരം ഉള്ള വരുടെ പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയ്യും കൊലപ്പെടുത്തുകയും ചെയ്തപ്പോൾ(പ്രതികൾ അധികാരം ഉള്ളവരും ഉയർന്നവരും ആയിരുന്നു) ജനം അവരെ ശിക്ഷിക്കാനായി തെരുവിൽ ഇറങ്ങിയിരുന്നില്ല എന്നത് ഒരു സ്ത്യമാണ്.

പക്ഷേ എപ്പോഴും ജനങ്ങൾ നിശബദ്ദരാവും എന്ന് കരുതുന്നതും ശരിയല്ല.അതിക്രമങ്ങൾക്ക് എതിരെ ജനങ്ങൾ തെരുവിൽ ഇറന്ങി എന്ന് പറയുന്നത് ഭരണ കൂടത്തിൻ മേൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നുള്ളതിനുള്ള തെളിവാണ്. ആ വിശ്വാസം വീണ്ടെടുക്കാൻ ഭരണകൂടത്തിനു കഴിയണം.പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ഭരണകൂടത്തിന്റെ ഭാഗമായവരും പലപ്പോഴും അതിക്രമങ്ങൾക്ക് കൂട്ട് നിൽക്കുന്നു.

ജനവികാരം ഉയരാൻ മാധ്യമങ്ങളും നല്ലൊരു പങ്ക് വഹിച്ചിട്ടൂണ്ട്. സമരം വിജയിക്കണമെങ്കിൽ മാധ്യമങ്ങളുടെ പിന്തുണ വേണമെന്ന് ഡൽഹി സമരം വീണ്ടും ഓർമ്മിപ്പിക്കുന്നു. അണ്ണാഹസാരയുടെ ഡൽഹി സമരം വിജയിച്ചതും മുംബൈ സമരം പൊളിഞ്ഞതും ഓർക്കുക. ഡൽഹിയിലെ യുവാക്കളുടെ സമരത്തിനു മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നു എന്നറിഞ്ഞപ്പോൾ 'പുത്തൻ സമരനേതാക്കൾ'(ബാബാരാംദേവ് പോലുള്ളവർ) സമരത്തിനു നേതൃത്വം ഏറ്റെടുക്കാൻ എത്തിയെങ്കിലും മാധ്യമങ്ങൾ ഡൽഹി ജനതയ്ക്ക് തന്നെ പ്രാധാന്യം നൽകിയതോടെ 'പുത്തൻ സമര നേതാക്കൾ പിൻവലിയുകയും ചെയ്തു....

അവളുടെ ജീവൻ ഒരു പുത്തൻ മുന്നേറ്റത്തിനായി 'ജ്യോതി'യായി നിൽക്കും എന്നതിൽ സംശയം ഇല്ലങ്കിലും ഇന്ത്യൻ ജനതയുടെ ഉള്ളിൽ ചോദ്യം ഉയർത്തുന്ന അവളുടെ ജീവൻ കരിന്തിരിയാകാതെ നോക്കേണ്ടത് നീതിന്യായവ്യവസ്ഥകൾ ആണ്...

വീണ്ടും കൃഷ്ണപ്രിയയിലേക്ക് വരാം....
2001 ഫെബ്രുവരി 9 നു കൃഷ്ണപ്രിയ അയൽവാസിയുടെ ലൈംഗീക അതിക്രമത്തിനു ഇരായി കൊല്ലപ്പെടുന്നു.കോടതി ശിക്ഷിച്ച അയാൾ ശിക്ഷക്കിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയപ്പോള് കൊല്ലപ്പെട്ടു.കൃഷ്ണപ്രിയയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി തെളിവുകളുടെ അഭാവത്താൽ കുറ്റ വിമുക്തനാക്കി. പൊന്നുമകളുടെ ജീവൻ പിച്ചി ചീന്തിയ ഒരു മനുഷ്യമൃഗത്തിന്റെ ജീവൻ ഒരച്ഛൻ എടുത്തെങ്കിൽ തന്നെ മനുഷ്യന്റെ മനസാക്ഷിയുടെ മുന്നിൽ അയാൾ കുറ്റക്കാരനാകുമോ??

പെൺഉടലുകൾ കാമവെറിയിൽ കൊത്തിക്കീറുന്ന മനുഷ്യകഴുകന്മാർക്കു വേണ്ടിയും വക്കാലത്തിനായി ആളുകൾ എത്തുന്നു. സൗമ്യയുടെ കൊലയാളി,ഗോവിന്ദചാമിക്കുവേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാന്ങുന്ന വക്കീലുമാരാണ് കോടതിയിൽ ഹാജരായത്. ഇപ്പോൽ ഡൽഹിയിലെ പെൺകുട്ടിയെ പിച്ചിചീന്തിയവർക്കു വേണ്ടി ഹാജരാകാൻ അഭിഭാഷകൻ എത്തിയെങ്കിലും മറ്റുള്ളവർ തടയുകയും ബഹളം ആവുകയും ചെയ്തപ്പോൾ കേസ് രഹസ്യവാദം നടത്താനായി കോടതി നിർദ്ദേശിക്കുകയും ചെയ്തു ....

തന്റെ മകൾ തെറ്റൊന്നും ചെയ്യാത്തതുകൊണ്ട് അവളുടെ പേര് മറച്ചു വെയ്ക്കേണ്ടതില്ലന്നും തന്റെ മകളുടെ പേര് പുറത്തറിയുന്നത് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടൂള്ളവർക്ക് ഊർജ്ജം പകരുകയും അവരുടെ പോരാട്ടന്ങൾക്ക് ശക്തി നൽകുകയും ചെയ്യും എന്ന് ജ്യോതിയുടെ പിതാവ് വിശ്വസിക്കുന്നു.സ്വയം രക്ഷക്കായി ജീവൻ ബലികഴിച്ച അവളെ ഓർത്ത് ആ പിതാവ് അഭിമാനിക്കുകയും ചെയ്യുന്നു...

 പക്ഷേ അവളുടെ ജീവന്റെ നീതിക്കായി പോരാടുമ്പോഴും സമരം നടത്തുമ്പോഴും അവളോട് നീതി പുലർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?? ഡൽഹിയിലെ തണുപ്പിൽ ഒരു തരി തുണിക്കായി അവളും സുഹൃത്തും നിലവിളിച്ചപ്പോൾ മുഖം തിരിച്ച് കടന്നു പോയത് നമ്മളെപോലുള്ളവരാണ്... ആ നിലവിളി നമ്മുടെ ഉള്ളിൽ എപ്പോഴും നിലനിൽക്കണം.ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം വരാതിരിക്കാൻ ചെവിയും കണ്ണും തുറന്ന് വെയ്ക്കുക തെന്നെ ചെയ്യണം....

ഒരുമിച്ചുള്ള വിദ്യാഭ്യാസം നിരോധിച്ചും ശൈശവ വിവാഹം തിരിച്ചു കൊണ്ടുവന്നും 'ബലാത്സംഗങ്ങളും' പീഡനങ്ങളും ഇല്ലാതാകുന്ന ഒരു ഇന്ത്യയ്ക്കായി അല്ല ഭാരതത്തിനായി കാത്തിരിക്കുന്ന ഒരു ഭാരതീയഇന്ത്യക്കാരൻ ആകരുത് ഞാനും നിങ്ങളും

2 comments:

Anand said...

ഒരുമിച്ചുള്ള വിദ്യാഭ്യാസം നിരോധിച്ചും ശൈശവ വിവാഹം തിരിച്ചു കൊണ്ടുവന്നും 'ബലാത്സംഗങ്ങളും' പീഡനങ്ങളും ഇല്ലാതാകുന്ന ഒരു ഇന്ത്യയ്ക്കായി അല്ല ഭാരതത്തിനായി കാത്തിരിക്കുന്ന ഒരു ഭാരതീയഇന്ത്യക്കാരൻ ആകരുത് ഞാനും നിങ്ങളും

ഉപസംഹാരം അങ്ങട് ശരിയായില്ല

ഒരുമിച്ചുള്ള വിദ്യാഭ്യാസം നിരോധിച്ചും ശൈശവ വിവാഹം തിരിച്ചു കൊണ്ടുവന്നും 'ബലാത്സംഗങ്ങളും' പീഡനങ്ങളും ഇല്ലാതാകുന്ന ഒരു ഇന്ത്യയ്ക്കായി അല്ല മറിച് പുരുഷ കേസരികളെ അച്ചടക്കം പഠിപ്പിച്ചും, ശക്തവും ഫലപ്രഥവുമായ നിയമ സംവിധാനവും കൊണ്ട് സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു രാഷ്ട്രമാവണം ഭാരതം ..

ajith said...

പലവിധ നിവാരണമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു ചെയ്യുന്നു പല പ്രമുഖരും

എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നേര്‍വഴിയും വിവേകവും കരുണയും ദൈവഭയവും ശുദ്ധമന:സ്സാക്ഷിയും പറഞ്ഞുകൊടുത്ത് വളര്‍ത്തുന്ന ഭാരിച്ച ചുമതലയെപ്പറ്റി ആരും ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അതൊന്ന് മാത്രമല്ലേ പരിഹാരം?