Thursday, December 3, 2009

KSU തമാശകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പ്

പഠിക്കുന്നത് ഒരു കുറ്റമാണോ ?
അല്ല
പഠനത്തിനുള്ള ചിലവ് കണ്ടത്താന്‍ ഒരു ജോലി ചെയ്യുന്നത് കുറ്റമാണോ?
അല്ല
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്നത് കുറ്റമാണോ ?
അതും കുറ്റമല്ല.
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത് കുറ്റമാണോ?
അല്ല.
അതും ചെയ്യുന്ന ജോലി ജനങ്ങള്‍ക്കുവേണ്ടിയുള്ള ‘സേവനം’ ആകുന്നത് കുറ്റമാണോ?
അല്ലേ അല്ല.


ഇത്രയും ചോദ്യങ്ങള്‍ക്കും അല്ല എന്നുതന്നേയല്ലേ നമ്മള്‍ ഉത്തരം പറയൂ.എന്നിട്ട് കെ.എസ്.യു വിന്റെ ഒരു വടക്കന്‍ജില്ലാ പ്രസിഡണ്ടിനെതിരെ ആരക്കയോ ആരോപണം ഉന്നയിക്കുവാണത്രെ.പുള്ളിക്കാരന്‍ മണല്‍മാഫിയാ‍യുടെ ആളാണന്ന് .പഠിക്കാനുള്ള പണം കണ്ടത്താന്‍ മണല്‍ വാരാന്‍ പോകുന്നത് തെറ്റാണോ??


ഇങ്ങനെ എന്തെല്ലാം തമാശകള്‍ ആണ് കുറച്ചു ദിവസമായി നടന്നു കൊണ്ടിരിക്കുന്നത് . ഈ തമാശകള്‍ ആരും നേരത്തെ കണ്ടില്ലേ? ചില തമാശകള്‍ കണ്ടിട്ടും കാണാതയും കെട്ടിട്ടും കേള്‍ക്കാതയും ഇരിക്കുന്നവര്‍ക്കു വേണ്ടി...


പത്തിരുപതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോഴത്തെ കെ.എസ്.യു തിരഞ്ഞെടുപ്പ്. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ ആയിരുന്നു ഇതുവരെ തിരഞ്ഞെടുപ്പ്. നോമിനേറ്റഡ് സ്ഥാനാര്‍ത്ഥികള്‍ അലങ്കരിച്ചിരുന്ന കെ.എസ്.യു പ്രസിഡന്റ് കസേരയില്‍ ഇനി മുതല്‍ ഇരിക്കുന്നത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍.. കെ.സി.വേണുഗോപാലിനുശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന കെ.എസ്.യു പ്രസിഡന്റ് ആയി ഷാഫി പറമ്പില്‍ .. ടാലന്റ് ഹണ്ട് നടത്തി തിരഞ്ഞേടുത്തവരുടെ ടാല്ന്റ് ശരിയാവാഞ്ഞതു കൊണ്ടാ ണോ വീണ്ടും പഴയ ബാലറ്റ് തന്നെ പൊടി തട്ടി എടുത്തതന്ന് ഒരു പിടിയും ഇല്ല. ഓണ്‍ലൈന്‍ വോട്ടെടുപ്പ് വഴി കെ.എസ്.യു പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് ബാലറ്റ് വോട്ടെടുപ്പ് . ഏതായാലും ബാലറ്റ് വോട്ടെടുപ്പ് ആയതുകൊണ്ട് കെ.എസ്.യു പിള്ളാരുടെ വീറും വാശിയും ഒക്കെ കാണാന്‍ കഴിഞ്ഞില്ലേ??

കള്ളവോട്ടിന് കള്ളവോട്ട് , തെറിവിളിക്ക് തെറിവിളി , കൈയ്യങ്കാളിക്ക് കൈയ്യങ്കാളി എന്തിന് നമ്മുടെ ഇടതുപക്ഷഗവണ്മെന്റിന്റെ ‘മെഷ്യനറി’ വരെ കെ.എസ്.യു തിരഞ്ഞെടു പ്പിന് സഹായം ചെയ്തുകൊടുത്തില്ലേ??നമ്മുടെ പോലീസുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മുടെ പല കുട്ടിഖദര്‍ദാരികള്‍ക്കും വിജയാഹ്ലാദം ഏതെങ്കിലും ഒക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താമായിരുന്നു. കെ.എസ്.യു തിരഞ്ഞെടുപ്പ് വിജയികരമായി നടത്താന്‍ സഹായിച്ച കേരളപോലീസിന് ആരെങ്കിലും നന്ദിരേഖപ്പെടുത്തിയതായി ഇഅതുവരെ കേട്ടില്ല.

വിവരാവകാശ നിയമവും കെ.എസ്.യു തിരഞ്ഞെടുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമു ണ്ടോ ?? ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പോഷകസംഘടനാ തിരഞ്ഞെടുപ്പി ല്‍ ‘വിവരാവകാശ നിയമം’ ഉപയോഗിച്ചതായി കേട്ടിട്ടുണ്ടോ? വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ പൂര്‍ത്തിയായ കെ.എസ്.യു തിരഞ്ഞെടുപ്പില്‍ വിവരവകാശ നിയമം മൂലം സംഘടിപ്പിച്ചെടുത്ത ചില രേഖകള്‍ പലരുടേയും സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. വിവരാവകാശനിയമം വഴി ലഭിച്ച കുറിമാനം കൊണ്ട് ശരിക്കും അടികിട്ടിയത് എറണാകുളത്ത് മത്സരിച്ച ബിനോയി അരീക്കലിനാണ്. ബി.എഡ് വിദ്യാര്‍ത്ഥിയാണന്ന് പറഞ്ഞ് മത്സരിച്ച അരീക്കലിനെ പെട്ടിപൊട്ടിക്കുന്നതിനുമുമ്പുതന്നെ പുറത്താക്കി. വ്യാജരേഖ ചമച്ച് ജയിച്ച പലര്‍ക്കും ഇപ്പോള്‍ വിവരാവകാശ നിയമം പെടിസ്വപ്നമാവാനാണ് സാധ്യത. വ്യാജരേഖചമച്ച് മത്സരിച്ചവരെയെല്ലാം നേരിട്ട് യൂത്ത് കോണ്‍ഗ്രസിലോ , ആളും പേരും ഇല്ലാതെ ശുഷ്കിച്ചു പോയ സേവാദളിലേ ഓരോ സ്ഥാനങ്ങള്‍ കൊടുത്ത് ഭാവിയിലേക്ക് വളര്‍ത്തിയാല്‍ അടുത്ത നിയമസഭാ ഇലക്ഷനില്‍ കണ്ണൂരില്‍ ഇവരുടെ സേവനം ഉറപ്പാക്കാവുന്നതാണ്.

കെ.എസ്.യു തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ വന്നവരെ ഓടിച്ചന്നോ പിടിച്ചന്നോ ഒക്കെ കേട്ടു..!! കണ്ണൂരില്‍ സി.പി.എം. കള്ള വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് ചന്ദ്രഹാസം ഇളക്കിയവരാണ് കോണ്‍ഗ്രസുകാര്‍. കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ വരെ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞു. ഇനി എന്നെങ്കിലും കെ.എസ്.യു വില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണങ്കില്‍ കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ മറക്കേണ്ട. അതില്‍ നാണക്കേട് വിചാരിക്കുകയും വേണ്ട.

ഏതായാലും ഈ തിരഞ്ഞെടുപ്പുകൊണ്ട് കെ.എസ്.യു വിന് ഒരു ഗുണമുണ്ടായി. ഇന്നഗ്നെയൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടന്ന് നാലുപേര്‍ അറിഞ്ഞല്ലോ?? കോളേജ് ഇലക്ഷനില്‍ ജയിച്ച് പത്രത്തില്‍ പേര് വരാനുള്ള ശക്തിയൊന്നും ഇന്നത്തെ കെ.എസ്.യു.വിന് ഇല്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. രണ്ട് സമരം നടത്തി അടിവാങ്ങാമെന്ന് വച്ചാല്‍ അടിവാങ്ങാന്‍ ശക്തിയുള്ള ഒരുഅണിയേയും കണ്ടുകിട്ടാന്‍ പോലുമില്ല. കുറെ നേതാക്കന്മാര്‍ മാത്രമുണ്ട്. അല്ല നമ്മള്‍ കെ.എസ്.യു വിനെ കുറ്റം പറയരുത്. തടിയും ആരോഗ്യമുള്ള യൂത്ത് കോണ്‍ഗ്രസിനുപോലും നേരാവണ്ണം ഒരു സമരം നടത്താന്‍ കഴിഞ്ഞിട്ടില്ല. നാഴികയ്ക്ക് നാല്പതുവട്ടം പത്രസമ്മേളനവും ചാനല്‍ ക്യാമറയുടെ മുന്നില്‍നിന്ന് ഗീര്‍വാണം മുഴക്കി യൂത്ത് കോണ്‍ഗ്രസിന്റെ യൌവനത്തിന് കുഴപ്പമൊന്നും വരാതെ പരിപാലിക്കുന്നവരെക്കാള്‍ നമ്മുടെ കെ.എസ്.യു. പിള്ളാരുതന്നെയാണ് ഭേദം. ഒന്നുമല്ലങ്കില്‍ അവര്‍ തങ്ങളുടെ കഴിവുകള്‍ പത്രസമ്മെളനങ്ങള്‍ ഒന്നും നടത്താന്‍ ഉപയോഗിക്കുന്നില്ലല്ലോ???

കോണ്‍‌ഗ്രസില്‍ എത്ര ഗ്രൂപ്പുണ്ട് ? നമ്മുടെ പത്രക്കാര്‍ കെ.എസ്.യു. തിരഞ്ഞെടുപ്പോടെ കുറേ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ കണ്ടുപിടിച്ചു. ഉമ്മഞ്ചാണ്ടിയുടെ എ ഗ്രൂപ്പ് , ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് , മൂന്നാം ഗ്രൂപ്പ് , നാലാം ഗ്രൂപ്പ് . ഐ തന്നെ മൂന്നെണ്ണം ഉണ്ടന്ന് . ചെന്നിത്തല , പത്മജ , പി.സി.ചാക്കോ എന്നിവരാണ് അവര്‍. ഇതില്‍ ചെന്നിത്തല എങ്ങനെയാണ് ഐ ഗ്രൂപ്പ് ആകുന്നതന്ന് ഒരു പിടിയും കിട്ടുന്നില്ല. കോണ്‍ഗ്രസുകാര്‍ക്കു തന്നെ മനസിലാകാത്ത ഗ്രൂപ്പ് കണക്കുകള്‍ നമ്മളെപോലുള്ളവര്‍ക്ക് മനസിലാക്കി എടുക്കാന്‍ അല്പം പാടാണ്. നാലാം ഗ്രൂപ്പ് എ ഗ്രൂപ്പിന് സപ്പോര്‍ട്ട് കൊടുത്തു. മൂന്നാം ഗ്രൂപ്പ് ഐ ഗ്രൂപ്പിനും. ഐ ഗ്രൂപ്പന്ന് പറയുന്ന സാദനം വലിയ ഒരു സംഭവമാണന്ന് മനസിലാക്കിയത് കുറച്ചുമുമ്പാണ് . വിശാലമതേതര മുന്നണി എന്നൊക്കെ പറയുന്നതുപോലെ ‘ഐ ഗ്രൂപ്പ്‘ ‘വിശാല ഐ ഗ്രൂപ്പ് ‘ ആയിട്ടാണത്രെ മത്സരിച്ചത്. പക്ഷേ വോട്ട് ചെയ്തവര്‍ അത്രയ്ക്ക് വിശാലര്‍ അല്ലാത്തതുകൊണ്ട് നാലു ജില്ല കൊണ്ട് തൃപ്തിപെടേണ്ടി വന്നുവെന്ന് മാത്രം. പത്മജ ഇപ്പോള്‍ ഏത് ഗ്രൂപ്പിലാണന്ന് ചോദിക്കാന്‍ പാടില്ലാത്തതാണ് . ആങ്ങളയെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അച്ഛന്‍ ശ്രമിക്കുന്നതിന് ആവും വിധം പാരകള്‍ പണിയാന്‍ മാഡം ശ്രമിക്കുന്നുണ്ട്. മുരളിയെ പാര്‍ട്ടിയില്‍ തിരുച്ചെടുക്കാനുള്ള കത്ത് കരുണാകരന്റെ കൈയ്യില്‍ നിന്ന് വാങ്ങി തിരുവനന്തപുരത്താര്‍ക്കോ കൊണ്ടുപോയി കൊടുത്തന്ന് പറഞ്ഞ് ഒരാളെ ഏതോ സമിതിയില്‍ നിന്ന് മാറ്റിയ ആളാണ് പത്മജ. (ഇത് ശരിക്കങ്ങോട്ട് ഓര്‍മ്മവരുന്നില്ല.) . കരുണാകരന്റെ എഴുത്ത് ഡല്‍ഹിയില്‍ എത്തിച്ച പി.സി.ചാക്കോയെ എം.പി സ്ഥാനത്ത് നിന്ന് പത്മജമാഡത്തിന് മാറ്റാന്‍ കഴിയുമോ എന്തോ??? (ചില പത്രങ്ങളില്‍ വിശാല ഐ ഗ്രൂപ്പ് എന്നതിനു പകരം ഏകീകൃത ഐ ഗ്രൂപ്പ് എന്ന് കണ്ടു... വിശാലമാണോ ഏകീകൃതമാണോ നല്ലതന്ന് ഇനിയും തീരുമേനിക്കേണ്ടിയിരിക്കുന്നു. )

ഉഡായിപ്പും തട്ടിപ്പും എല്ലാം എ ഗ്രൂപ്പിനുമാത്രമാണ് സ്വന്തമെന്ന് കരുതെണ്ട. വിശാല ഐ ഗ്രൂപ്പും തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്.‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന് കെട്ടിട്ടില്ലേ? കണ്ണുരില്‍ ഒരു കെ.എസ്.യു ക്കാരന്റെ വീട് തകര്‍ത്താല്‍ ആരായിരിക്കും അതിന് ഉത്തരവാദി. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന തിയറി അനുസരിച്ച് ആ വീട് തകര്‍ത്തത് സി.പി.എമ്മുകാര്‍ തന്നെ. ഇതുതന്നെയാണ് കണ്ണൂരില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിജിലും ചെയ്തത്. തന്റെ വീട് സി.പി.എമ്മു കാര്‍ തകര്‍ത്തു എന്നായിരുന്നു റിജിലിന്റെ പ്രചാരണം. (കോളേജ് ഇലക്ഷനില്‍ സഹതാപ തരംഗം കിട്ടാന്‍ ഇങ്ങനെയുള്ള തരികടകളൊക്കെ ഉപയോഗിക്കാറില്ലേ??). പക്ഷേ കൂടെയു ള്ളവര്‍ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് പാരയായി. വീട് തകര്‍ത്തതിന് അറസ്റ്റിലായ തെല്ലാം ബിജെപിക്കാരാണന്നും അതിനുപിന്നില്‍ മറ്റ് പലകാരണങ്ങളാണന്നും സഹ’പ്രവര്‍ത്തകര്‍’ തന്നെ അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു.

കെ.മുരളീധരന്‍ കോണ്‍ഗ്രസിന് പുറത്താണങ്കിലും അദ്ദേഹത്തിന്റെ രണ്ട് ‘അനുയായി’കള്‍ കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്ലാവരേയും ഞെട്ടിച്ചത്രെ!! കോണ്‍ഗ്രസിന് പുറത്ത് നിന്നിട്ടും രണ്ട് പേരെ വിജയിപ്പിക്കാന്‍ കെ.മുരളീധരന് കഴിഞ്ഞെങ്കില്‍ പാര്‍ട്ടിക്ക കത്ത് കയറിയാല്‍ എത്രപേരെ വിജയിപ്പിക്കാന്‍ കഴിയും.????

::: ഇലക്ഷന്‍ ഇം‌പാക്റ്റ് :::

കോണ്‍‌ഗ്രസുകാര്‍ പോലീസ് സ്റ്റേഷനില്‍ കയറി ആരെയെങ്കിലും മോചിപ്പിച്ചുകൊണ്ട് പോയി എന്ന് കേട്ടിട്ട് എത്രനാളായി. സി.പി.എം.കാരും , ഡി.വൈ.എഫ്.ഐ.കാരും, എസ്.എഫ്.ഐ. കാരും പോലീസ് സ്റ്റേഷനില്‍ കയറി പോലീസ് പിടിച്ച പലരേയും മോചിപ്പിച്ചോണ്ട് പോകുന്നത് നമ്മുടെ എല്ലാ പ്രചാരണ പത്രങ്ങളും ഒന്നാം പേജില്‍ തന്നെ ജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കെ.എസ്.യു നേതാവിനെ സ്റ്റേഷനില്‍ കയറി മോചിപ്പിച്ചോണ്ട് പോയത് എത്ര പേര്‍ അറിഞ്ഞു. എന്നാല്‍ കേട്ടോളൂ.. ഇങ്ങനെയും ഒരു സംഭവം ഉണ്ടായി. ചൊവ്വാഴ്ച രാത്രി മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കെ.എസ്.യു. നേതാവിനെ മോചിപ്പിച്ചു കൊണ്ടു പോയത്. തിരഞ്ഞെടുപ്പ നടക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടന്നുതുടങ്ങിയെങ്കില്‍ കെ.എസ്.യു.വിന് ആശ്വസിക്കാം. കൈയ്യൂക്കില്‍ തങ്ങളും മറ്റുള്ളവരുടെ പിന്നിലല്ലന്ന് നാലാള്‍ അറിയട്ടെ..

3 comments:

ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ said...

കേരള പൊളിറ്റിക്സ് ഇസ് ബുള്ഷിറ്റ്

ബ്ലാക്ക്+വൈറ്റ് said...

വായിച്ചു ഒന്നും മനസിലായില്ല. ഒരു KSU ശത്രുവിന്റെ കുത്തികുറുപ്പുപോലുണ്ട്. ഒരു തമാശയും തോന്നിയില്ല. ഷമിക്കുക.

ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

AMBUJAKSHAN NAIR said...

വായിച്ചു. കൊള്ളം.