Thursday, February 5, 2009

സുരക്ഷിത ഇന്ത്യയും 'നവകേരള യാത്രകളും'

എല്ലാ പ്രാവിശ്യവും ഇലക്ഷന്‍ വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങള്‍ തങ്ങളോടൊത്താണന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. അതിനുവേണ്ടി അവര്‍ ഓരോ
മുദ്രാവാക്യങ്ങളും കണ്ടെത്താറുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയുടെ മുദ്രാവാക്യം “സുരക്ഷിത ഇന്ത്യ ഐശ്വര്യ കേരളം“ എന്നാണ് . ഇന്ത്യ സുരക്ഷിതമാണങ്കില്‍ മാത്രമേ കേരളത്തിന് ഐശ്വര്യം ഉണ്ടാവുകയുള്ളൂ എന്നായിരിക്കണം അര്‍ത്ഥമാക്കുന്നത്. അത് എന്തെങ്കിലും ആകട്ടെ. ഈ യാത്രകൊണ്ട് ഇന്ത്യ സുരക്ഷിതം ആകുമോ????




പിണറായിയോ, ചെന്നിത്തലയോ , കുഞ്ഞാലിക്കുട്ടിയോ , കൃഷ്ണദാസോ, സുരേന്ദ്രനോ , ഇസ്മായിലോ യാത്രനടത്തിയതുകൊണ്ടോയാത്രകള്‍ നടത്തുന്നതുകൊണ്ടോ ഇന്ത്യയോ കേരളമോ സുരക്ഷിതമോ ഐശ്വര്യ പൂര്‍ണ്ണമോ ആവുകയില്ലന്ന് എല്ലാവര്‍ക്കും അറിയാ മല്ലോ? ഭാരതത്തിലെ ഓരോ പൌരനും സുരക്ഷിതമായി ഉറങ്ങാന്‍ പറ്റുന്നുണ്ടങ്കില്‍ അതിനു നന്ദി പറയേണ്ടത് ഉറക്കളച്ച് സദാ ജാഗരൂകരായി നിറത്തോക്കുകളുമായി കൊടുംതണു പ്പത്ത് അതിര്‍ത്തികളില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് സൈനികരോടാണ്. അല്ലാതെ സഖാക്കന്മാരും ഖദര്‍ദാരികളും കാവികുപ്പായക്കാരും നടത്തുന്ന യാത്രകള്‍ കൊണ്ടല്ല. ഇന്ത്യയെ സുരക്ഷിതമാക്കാന്‍ യാത്രനടത്തുന്നവര്‍ ഒരു മണിക്കൂറെങ്കിലും അതിര്‍ത്തി കാക്കുന്നവരോടൊപ്പം ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയില്‍ നില്‍ക്കാന്‍ മനസ് കാണിക്കുമോ ? അതിര്‍ത്തിയില്‍ കണ്ണുചിമ്മാതെ നില്‍ക്കുന്ന ആയിരങ്ങളുടെ
ആത്മാഭിമാനത്തിന്റെ മുകളില്‍ക്കൂടി നടത്തുന്ന ‘സുരക്ഷിത ഇന്ത്യ‘ എന്ന മുദ്രാവാക്യ യാത്രയ്ക്ക് ഇന്ത്യന്‍ സുരക്ഷയുമായി ഒരു ബന്ധവുമില്ലന്ന് നമുക്ക് മനസിലായിക്കഴിഞ്ഞല്ലോ ?




സ്വന്തം സ്ഥാനത്തെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരാള്‍ക്കെങ്ങനെയാണ് ഇന്ത്യയെ തന്നെ സംരക്ഷിക്കാന്‍ കഴിയുന്നത് . സുരക്ഷിത ഇന്ത്യ എന്ന മുദ്രാവാക്യം മാറ്റി സ്വയം സുരക്ഷയ്ക്കായി വഴിതേടുന്ന ഒരാളുടെ യാത്ര എന്ന് ‘നവകേരളയാത്രയെ’ വിശേഷിപ്പിക്കേ ണ്ടിവരും. വര്‍ഷങ്ങളായി ഇടതുമുന്നണിയും വലതുമുന്നണിയും മാറിമാറി ഭരിച്ചിട്ടും ഉണ്ടാകാത്ത ഒരു ‘നവ’ കേരളം ഇനിയുണ്ടാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ???



ഭാരതത്തിന്റെ കാവലാളുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് നടന്നിരുന്നവര്‍ പോലും രാജ്യ ത്ത് വര്‍ഗ്ഗീയകലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുക യും അത് നടപ്പിലാക്കുകയും ചെയ്‌തത് ഇന്ത്യയുടെ അഖണ്ഡതയെ ആണ് തകര്‍ക്കുന്നത്. രാഷ്ട്രീയത്തിന്റെ പേരിലും മതവിശ്വാസങ്ങളുടെ പേരിലും ‘മണ്ണിന്‍ മക്കള്‍ വാദ’ത്തിന്റെ പേരിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഒരിക്കലും സുരക്ഷിത ഇന്ത്യ നല്‍കാന്‍ ആവുക യില്ല. എല്ലാവര്‍ക്കും നോട്ടം അധികാരത്തിന്റെ കസേരകളാണ്. രാഷ്ട്രീയകോമരങ്ങള്‍ക്ക് തങ്ങളുടെ സങ്കുചിതമായ താല്പര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയാത്തടത്തോ ളം കാലം ഇന്ത്യയ്ക്ക് രാഷ്ട്രീയക്കാ‍രില്‍ നിന്ന് സുരക്ഷ നേടാന്‍ കഴിയുകയില്ല. അതിര്‍ത്തിയി ലെ പട്ടാളക്കാര്‍ ഉറങ്ങാതിരിക്കുന്നതുകൊണ്ടാണ് നമുക്ക് ഉറങ്ങാന്‍ കഴിയുന്നത്. അതിര്‍ത്തി കാക്കുന്നവരില്‍ ഒരാള്‍ അറിയാതെ കണ്ണടച്ചാല്‍ പോലും ഭീകരര്‍ ഇന്ത്യയിലേക്ക് കടന്ന് നമ്മുടെ സുരക്ഷയ്ക്ക് ഭീക്ഷണി ഉയര്‍ത്തുമന്ന് മറന്നുകൂടാ.....



പ്രകൃതി ദുരന്തങ്ങളും , കലാപങ്ങളും , എല്ലാം തങ്ങളുടെ രാഷ്ടീയത്തിന് വളമാക്കുന്നവരില്‍ നിന്ന് നമ്മള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്. മുംബയിലെ ഭീകരാക്രമണം പോലും തങ്ങ ളുടെ രാഷ്ടീയത്തിനുവേണ്ടി ഉപയോഗിക്കാന്‍ നോക്കിയവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. എന്നാല്‍ മുംബൈക്കാര്‍ അത്തരക്കാരെ തെരുവില്‍ കൂവിയാണ് ഓടിച്ചത്. ഇന്ത്യയുടെ
സുരക്ഷിതത്വത്തിനായി ഏതെങ്കിലും രാഷ്ട്രീയക്കാരന് ജീവന്‍ ഹോമിക്കേണ്ടി വന്നിട്ടു ണ്ടോ ? ഇന്ത്യയ്ക്ക് വേണ്ടി ജീവന്‍ ബലികഴിച്ചവരുടെ ബന്ധുക്കളേയും കുടുംബത്തേയും പോലും അവഹേളിക്കാനല്ലേ ഇവരില്‍ പലരും ശ്രമിച്ചിട്ടുള്ളത് ? വിശുദ്ധരാകാന്‍ ഇറങ്ങി ത്തിരിച്ചവരുടെ കഴിഞ്ഞകാലചരിത്രം അവര്‍ മറന്നാലും നമ്മള്‍ മറന്നുകൂടാ. ഭാരതാംബ യുടെ ജീവനുവേണ്ടി കാര്‍ഗിലില്‍ ജീവന്‍ കൊടുത്ത് വീരമൃത്യം വരിച്ച ജവാന്മാ രുടെ ശവപ്പെട്ടികള്‍ പോലും ലാഭക്കൊതിയുടെ ആര്‍ത്തിയില്‍ വാങ്ങിക്കൂട്ടിയവര്‍ ഇന്നും നമ്മുടെ ഇടയില്‍ തലയുയര്‍ത്തി ദേശസ്‌നേഹത്തിന്റെ കഥകള്‍ പറഞ്ഞ് നടക്കുന്നു....




ഇനിയും നവകേരളയാത്രയിലേക്ക് .... യാത്രകടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്ന് ഇപ്പോള്‍ വരുന്നത് സംഘടനങ്ങളുടെ വാര്‍ത്തകളാണ്. സിപി‌എം പ്രവര്‍ത്തകര്‍ പോലും വെട്ടേറ്റ് ആശുപത്രികളില്‍ ആകുന്നു. തങ്ങളുടെ അണികള്‍ക്ക് പോലും സുരക്ഷിതം നല്‍കാന്‍ കഴിയാത്ത് ഒരു യാത്രയ്ക്ക് എങ്ങനെയാണ് ഇന്ത്യയുടെ സുരക്ഷിതം വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത്?? നവകേരളയാത്ര കടന്നുപോകുന്ന ചില സ്ഥലങ്ങളില്‍ അക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുമ്പോള്‍ ആര്‍ക്കാണ് സുരക്ഷിതത്വം?? ക്രമസമാധാ‍ന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് യാത്രയെക്കുറിച്ച് എതിര്‍കക്ഷികള്‍
നവകേരളയാത്രയെക്കുറിച്ച് ആരോപിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ എതിര്‍ക‌ക്ഷികള്‍ ആക്രമിക്കുന്നു എന്ന് നവകേരളയാത്രക്കാര്‍ ആരോപിക്കുന്നു... ഇങ്ങനെജനങ്ങളുടെ ജീവന് ഭീക്ഷണി ഉണ്ടാക്കുന്ന ഒരു യാത്രയ്ക്ക് ഭാരതത്തിന്റെ സുരക്ഷിതം എങ്ങനെയാണ് ഉറപ്പിക്കാന്‍ കഴിയുന്നത് .....




അല്ലങ്കില്‍ തന്നെ നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണല്ലോ ? “വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ബോംബ് ഉണ്ടാക്കുമെന്ന് “ പറഞ്ഞ ആള്‍ തന്നെ ആഭ്യന്തരമന്ത്രി. തങ്ങള്‍ ഇഷ്ടമല്ലാത്ത വിധികള്‍ പുറപ്പെടുവിക്കുന്ന
കോടതികളേയും എന്തിന് ജഡ്ജിമാരെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്ന മുഖ്യമ ന്ത്രിയും മന്ത്രിമാരും... തങ്ങളുടെ നേതാവിന്റെ കോലം കത്തിക്കുന്നവന്റെ കൈ വെട്ടുമന്ന് പറയുന്ന മന്ത്രി ... കോടതിമുമ്പാകെ എത്തുന്ന ലാവ്‌ലിന്‍ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ .. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ലോക്കപ്പില്‍ കിടക്കുന്നവരെ ഇറക്കികൊണ്ട് പോകുന്ന ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ... മന്ത്രിമാരുടേയും സംഘടനാനേതാക്കളുടെയും പേരിലുള്ള കേസുകള്‍ പിന്‍‌വലിക്കുന്ന സര്‍ക്കാരുകള്‍ .... ഇവരാണോ സുരക്ഷിത ഭാരതത്തിന് വേണ്ടി യാത്രചെയ്യുന്നത്.
തങ്ങളുടെ രാഷ്ടീയമനോഭാവത്തിന് വെത്യാസം വരുത്തുന്നില്ലങ്കില്‍ ഈ രാഷ്ട്രീയ യാത്രകള്‍ 'വെറും യാത്രകള്‍' ആയിമാറും എന്നതില്‍ സംശയമില്ല.




അഴിമതിയും സ്വജനപക്ഷപാതവും നിലനില്‍ക്കുന്ന ഒരു സാമൂഹ്യവ്യവ്സ്ഥിതിയില്‍ എങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുന്നത്. പ്രജാതല്‌പര്യനായ ഒരു രാജാവും , ജനങ്ങളോടും സ്വന്തം നാടിനോടും നിയമവ്യവസ്ഥിതികളോടും വിധേയത്വമുള്ള മന്ത്രിമാരും ഉള്ള ഒരു നാട്ടില്‍മാത്രമേ ഐശ്വര്യം ഉണ്ടാവുകയുള്ളു. നാക്കുകൊണ്ട് മാത്രം വികസനം നടത്തുന്ന നമ്മുടെ കേരളത്തില്‍ ഐശ്വര്യം ഉണ്ടാകേണ്ടത് ജനങ്ങളുടെ ആവിശ്യമാണ് . അത് ഉണ്ടാക്കി നല്‍കേണ്ടത് ഭരണാധികാരികളും. അതിന് ബാധ്യസ്ഥരായവര്‍ തങ്ങളുടെ അധികാരക്കസേര നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ എവിടെയാണ് ഐശ്വര്യം????



സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കായി ജീവിതം ഹോമിച്ചവര്‍ ... കാലുകള്‍ നഷ്ടപെട്ടവര്‍, കൈകള്‍ നഷ്ടപെട്ടവര്‍... കണ്ണുകള്‍ നഷ്ടപെട്ടവര്‍ .... ചലനശേഷി നഷ്ടപെട്ടവര്‍ .... അവര്‍ക്കാണ് നമ്മള്‍ ജയ് വിളിക്കേണ്ടത് ... അവര്‍ക്കുവേണ്ടി യാണ് നമ്മള്‍ പത്രത്താളുകളില്‍ അക്ഷരം നിരത്തേണ്ടത് .... കുടുംബത്തേയും കുട്ടികളേയും വിട്ട് അതിര്‍ത്തിയില്‍ ഭാരതാംബയുടെ മണ്ണ് സംരക്ഷിക്കാന്‍ മരംകോച്ചുന്ന തണുപ്പില്‍ കഴിയുന്ന പട്ടാളക്കാ‍രുടെ മനോവീര്യത്തിനുമുന്നിലാണ് നമ്മള്‍ സുരക്ഷിതരായി കഴിയുന്നതന്നുള്ള ഓര്‍മ്മ ഉണ്ടാവണം എപ്പോഴും .... അവര്‍ക്ക് പിന്നിലാണ് നമ്മള്‍ അണിനിരക്കേണ്ടത് .... അവരാണ് നമ്മുടെ സംരക്ഷിതര്‍ .....