Friday, January 16, 2009

എല്ലാവര്‍ക്കും വേണം രാജ്യസഭാ സീറ്റ് :

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിനു‌വേണ്ടി യുഡി‌എഫിലും എല്‍.ഡി.എഫി ലും അവകാശവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എല്‍.ഡി. എഫില്‍ കക്ഷികള്‍ തമ്മിലാണ് സീറ്റിനു‌ വേണ്ടിയുള്ള അവകാശ വാദങ്ങള്‍ എങ്കില്‍ യുഡി‌എഫില്‍പഴയതുപോലെ തന്നെ കക്ഷികള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സീറ്റിനു വേണ്ടി അവകാശം ഉന്നയിച്ചു കഴിഞ്ഞു. ജനങ്ങള്‍ക്ക് വോട്ടവകാശമോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനേ വ്യവസ്ഥ ഇല്ലാത്ത രാജ്യസഭാ തിരഞ്ഞെടുപ്പിലെ ചക്കളത്തി പോരാട്ടങ്ങള്‍മാധ്യമങ്ങളില്‍ വാര്‍ത്തയാകേണ്ടവയല്ലന്നാണ് തോന്നുന്നത്. ജനങ്ങളുടെ സന്മനസു കൊണ്ട് ലോക്‍സഭാ ഇലക്ഷനില്‍ എട്ടുനിലയില്‍ പൊട്ടിയവരെ വരെ രാജ്യസഭാവഴി എം.പികള്‍ ആക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറുകുന്നു എന്നത് ഏറ്റവും വലിയജനാധിപത്യ രാജ്യമെന്ന് മേനി നടിക്കൂന്ന ഭാരതത്തിന് അപമാനമല്ലേ എന്ന് ചിന്തിക്കുക. (ഒ.രാജഗോപാലനെ പോലെയുള്ളവരെഞാന്‍ ഉദ്ദേശിക്കുന്നില്ല. തുറന്നു പറയട്ടെ ഞാന്‍ ഉദ്ദേശിക്കുന്നത് ‘സൂര്യനെല്ലി‘യില്‍ തട്ടി വോട്ട് വീഴാതിരുന്ന പി.ജെ.കുര്യനെ തന്നെയാണ് ).

സാധാരണയുള്ളതുപോലെ യുഡിഫില്‍ രാജ്യസഭാ സീറ്റിന് മാണിസാര്‍ അവകാശം ഉന്നയിച്ചു. ചില പ്രത്യേക സാഹചര്യത്തില്‍ തങ്ങള്‍ വിട്ടു നല്‍കിയ സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്നുള്ള ന്യായമായ ആവിശ്യം അവര്‍ ഉന്നയിക്കൂന്നു. ഒഴിവു വരുന്ന സീറ്റ് തനിക്ക്തന്നെ വേണമെന്ന് വയലാര്‍ രവിയും ആവിശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാനുള്ള വയലാര്‍ രവിയുടെ ത്വര എന്ത് വലുതാണന്ന് വോട്ടവകാ ശമില്ലാത്ത നമ്മള്‍ മനസിലാക്കണം. വയസ് കുറേ ആയി , നിയമസഭയിലും കേന്ദ്രത്തിലും ഒക്കെ വര്‍ഷങ്ങളായിഓടി നടക്കുന്നു , എന്നിട്ടും തനിക്ക് ജനങ്ങളെ സേവിച്ച് തീര്‍ന്നില്ലന്ന് വയലാര്‍ രവിക്ക് തോന്നിയത് എന്തുകൊണ്ടായിരിക്കും. സീറ്റ്മറ്റാര്‍ക്കു‌വേണ്ടിയെങ്കിലും ചോദിച്ചായിരുന്നെങ്കില്‍ അത് മനസിലാക്കാം. കോണ്‍‌ഗ്രസില്‍ ‘സ്വയം’ കഴിഞ്ഞിട്ടേയുള്ളല്ലോ മറ്റുള്ളവര്‍. ചില മത അദ്ധ്യക്ഷന്മാരെ പ്പോലെ മരിക്കുന്നതുവരെ ജനങ്ങളെ സേവിക്കാന്‍ എന്തെങ്കിലും അധികാര കസേര തങ്ങള്‍ക്ക് താങ്ങാവണം എന്ന് വയലാര്‍ രവിയെപ്പോലെ ഒരാള്‍ കരുതുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ അപചയം ആണ് കാണിക്കുന്നത്. വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് അധികാരം നേടിയ വയലാര്‍ രവി യുവതലമുറയ്ക്ക് വഴിമാറുന്നതല്ലേ നല്ലത് ? ഇനി ഒരഞ്ച് വര്‍ഷംകൂടി ജനങ്ങളെ അങ്ങ് സേവിക്കണമെന്നാണ് അതിയായ മോഹമെങ്കില്‍ ദേഹവും തൊണ്ടയും അനക്കി ലോക്‍സഭാ ഇലക്ഷനില്‍ നില്‍ക്കട്ടെ ....

കോണ്‍‌ഗ്രസില്‍ രാജ്യസഭാ സീറ്റിനു മോഹിക്കുന്നത് വയലാര്‍ രവി മാത്രമല്ല. ആ സീറ്റ് കരുണാകരന് ആവിശ്യപ്പെട്ടതാണന്ന്കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടി വിട്ടുപോയിട്ട് ‘ഗതിപിടിച്ച് ‘ തിരിച്ചു കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നവര്‍ പറയുന്നു. ഏതായാലും കരുണാകരനേയും കൂട്ടരേയും നമ്മള്‍ അംഗീകരിച്ചേ മതിയാവൂ. കോണ്‍ഗ്രസിനും ആശ്വസിക്കാം. അടുത്ത ലോക്‍സഭാ ഇലക്ഷനില്‍ കരുണാകരനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടണമെന്ന് അവര്‍ അവകാശപെട്ടില്ലല്ലോ? ഒഴിവുവരുന്ന സീറ്റ് കരുണാകരന്റെ ആണന്നാണ് ഇവരുടെ പക്ഷം. കരുണാകരന്‍ കോണ്‍‌ഗ്രസ് വിട്ടുപോയപ്പോള്‍ ഉപേക്ഷിച്ച രാജ്യസഭാസ്ഥാനം കരുണാകരന് തിരിച്ചു കിട്ടണമെന്ന് . കോടോത്തിനെ വിമത സ്ഥാനാര്‍ത്ഥിയാക്കി കോണ്‍‌ഗ്രസിനെ ഒരു വഴിക്കാക്കുമെന്ന് പ്രതിജ്ജ എടുത്തവര്‍ക്ക് ( പക്ഷേ സ്വയം വഴിയാധാരമായത് ചരിത്രം ) വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രാജ്യസഭാസീറ്റ് തന്നെ നല്‍കേണ്ടത് ഉചിതം തന്നെയാണ്.

നമ്മള്‍ ജനങ്ങള്‍ , രാജ്യസഭാ ഇലക്ഷനില്‍ വെറും കാഴ്ചക്കാരാണ് . ഗാലറിയില്‍പ്പോലും ഇരുന്ന് കളിയുടെ ആവേശത്തില്‍ കൈയ്യടിക്കാന്‍ നമുക്ക് കഴിയത്തില്ല. ജനങ്ങളുടെ ഈ നിസഹായവസ്ഥയെ മുതലെടുക്കാനും ജനങ്ങള്‍ കഴുതകള്‍ തന്നെയാണന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാനും വേണ്ടിയാണന്ന് തോന്നുന്നു ഇടയ്ക്കിടെ രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഒരവകാശവും ഇല്ലാത്ത ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നു തന്നെയാണ് രാജ്യസഭാ അംഗങ്ങള്‍ക്കും ആനുകൂല്യങ്ങളും ശമ്പളവും ‘ഫ്രി ടിക്കറ്റു’കളും നല്‍കുന്നത് . ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പണം എടുത്ത് രാജ്യസഭാ‍അം‌ഗങ്ങള്‍ക്ക് നല്‍കുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ തിരഞ്ഞെടുപ്പില്‍ ഒരു പങ്കും ഇല്ലന്ന് പറയുന്നത് ജനാധി‌പത്യ വ്യവസ്ഥയില്‍ നല്ലതാണോ ????????????

1 comment:

വടക്കൂടന്‍ | Vadakkoodan said...

രവിക്ക് നഷ്ടം എംപി സ്ഥാനം മാത്രമല്ല. കേന്ദ്രമന്ത്രിയില്‍ നിന്ന് വെറും മുന്‍കേന്ദ്രമന്ത്രിയായിത്തീരും എന്നതും കൂടെയുണ്ട് :)

കഴുതകളായ പൊതുജനങ്ങളുടെ പിന്നാലെ വോട്ടിരന്ന് നടക്കാതെ ഭരണത്തിലെത്താന്‍ ആകെക്കൂടെയുള്ള ഒരു കുറുക്ക് വഴിയാണല്ലോ രാജ്യസഭ. തെരഞ്ഞെടുപ്പില്‍ നിന്നാല്‍ തന്റെ ഭാര്യ പോലും തനിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പില്ലാത്തവര്‍ക്കും ജനത്തിനെ സേവിക്കണ്ടേ...